ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം

നൈതിക മണ്ഡലം

അധ്യായം രണ്ട്: അഥീനയും ഉമ്മിണിയും

No one has ever stepped twice into the same river.But did anyone ever step twice into the same book?

ഥീനയെ അറിയില്ലേ? വിഖ്യാതയായ ഫെയ്‌സ്ബുക്ക് ആക്ടിവിസ്റ്റ്. പൗരത്വം, നീതിനിഷേധം, ജാതീയത എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പോസ്റ്റുകൾ അവളുടേതായുണ്ട്. വളരെ ഷാർപ്പാണ് അവളുടെ ഭാഷ. തൃശൂർ - എറണാകുളം ജില്ലകളിലെ നിരവധി ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ടിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് മാഫിയകളുടെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചതിന് നോട്ടപ്പുള്ളിയായവൾ. ആലുവപ്പുഴക്കരയിൽ നടന്ന അനധികൃത ഫ്‌ളാറ്റ് നിർമ്മാണത്തിന്റെ വീഡിയോ ലൈവിട്ടപ്പോഴാണ് അഥീനദളിതയെ കൂടുതൽ പേർ അറിഞ്ഞത്. കേരളത്തിന്റെ പൊതുബോധത്തിൽ ഒരു പൂണൂൽ മറഞ്ഞുകിടപ്പുണ്ടെന്ന് അഥീന പറയും. അത് അറുത്താൽ മാത്രമേ മലയാളികൾ രക്ഷപ്പെടുകയുള്ളൂ എന്നാണവളുടെ നിലപാട്. ആദ്യം പൊട്ടിച്ചെറിയേണ്ടത് മനോഭാവത്തിന്റെ ആ പൂണൂലായിരുന്നു. പക്ഷേ, അതുണ്ടായില്ല. ആഗോളവത്കരണ സന്ദർഭത്തിലും പൂണൂലാണ് മലയാളിയിൽ ദൃശ്യമാവുന്നത്. ഉടുപ്പിലും നടപ്പിലും. തലശ്ശേരി ബ്രണ്ണൻ കോളേജിൽ ബിഎ ഹിസ്റ്ററിക്ക് പഠിക്കുമ്പോൾ അവൾ ശരാശരി കുട്ടിയായിരുന്നു. സാമ്പ്രദായിക ചരിത്രകാരൻമാരുടെ ചിന്തകളെ തൂത്തെറിയാൻ അധ്യാപകർ പറഞ്ഞപ്പോഴാണ് അവൾക്ക് പുതുജീവൻ കിട്ടിയത്. "ചരിത്രത്തിന്റെ കുളമ്പടിയൊച്ച' എന്നൊക്കെയുള്ള പ്രയോഗങ്ങൾ കേട്ടാൽ അവൾക്ക് ഛർദ്ദിക്കാൻ വരും. ഹിസ്റ്ററി എന്നത് ഹിസ് സ്റ്റോറിയാണെന്ന് ആദ്യ ക്ലാസിൽ തന്നെ ക്രിസ്റ്റഫർ സർ പറഞ്ഞപ്പോൾ അവൾക്ക് മാഷിന് കൈ കൊടുക്കാൻ തോന്നി. സ്റ്റാഫ് റൂമിലെത്തി അവൾ മാഷിന് "കൊടുകൈ' എന്നു പറഞ്ഞ് കൈ കൊടുത്തു. ഞെട്ടിപ്പിച്ചുകൊണ്ട് മധ്യവയസ്സു പിന്നിട്ട ആ ക്രോണിക് ബാച്ചിലർ അവളെ ആലിംഗനം ചെയ്തു. ആ സംഭവത്തെക്കുറിച്ച് സ്റ്റാഫുകളിലെ 8 പേർ വിയോജിച്ചു. പരസ്യമായ കെട്ടിപ്പിടിത്തമൊന്നും വേണ്ടിയിരുന്നില്ല എന്ന് മൂന്നുപേർ. രണ്ടു പേർ നിഷ്പക്ഷരായി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ എല്ലാവരുമത് മറന്നു. അന്നുമുതൽ അവളുടെ ചിന്തകളെ പൊളിച്ചടുക്കിക്കൊണ്ട് ക്രിസ്റ്റഫർ മാഷ് അവളെപ്പോലെ നിരവധി വിദ്യാർത്ഥികളുടെ മനസ്സിൽ തീപോലെ പടർന്നു കയറി.

എഡ്വേഡ് സെയ്ദിന്റെ ഓറിയന്റലിസം എന്ന പുസ്തകം ബ്രണ്ണൻ കോളേജ് ലൈബ്രറിയിൽ നിന്ന് അവൾക്ക് കിട്ടി. അത് അവളിൽ വരുത്തിയ മാറ്റം ചില്ലറയല്ല. കേരളത്തിലെ സവർണരും ജന്മികളും എങ്ങനെയാണോ ദളിതരോട് പെരുമാറിയത് അതേപോലെയാണ് യൂറോപ്യൻമാർ പൗരസ്ത്യരോട് കാണിക്കുന്ന വിവേചനം എന്ന് അവൾ വായിച്ചെടുത്തു. സെയ്ദിൽ നിന്നാണവൾ മനു. എസ്. പിള്ളയിലേക്ക് സഞ്ചരിച്ചത്. ചരിത്രത്തെ സൗന്ദര്യയടിയളവുകളിലല്ലാതെ ആഖ്യാനം ചെയ്യുന്ന രീതി അഥീനയെ ആകർഷിച്ചു. ഒപ്പം ആൺകോയ്മയെ അവൾ വെറുത്തു. ലോകത്തിൽ ഒരാണും ഇതുവരെ പെണ്ണിനെ ശരിക്കും മനസ്സിലാക്കിയിട്ടില്ലെന്നവൾ ചരിത്രത്തിന്റെ തെളിവുകളോടെ പറയും. പെണ്ണിന്റെ ചരിത്രവും ദളിതരുടെ ചരിത്രവും ഇനിയും എഴുതപ്പെടാനിരിക്കുന്നതേയുള്ളൂ.

യാദൃച്ഛികമായി ഒരു ദിവസം അവൾ സോവിയറ്റ് കവയിത്രിയും വിവർത്തകയുമായിരുന്ന മറീന സ്വെത്യേവയെക്കുറിച്ച് അറിയാനിടയായി. അതീവ ദാരിദ്ര്യത്തിലും കഷ്ടതയിലുമാണ് സ്വെത്യേവ ജീവിച്ചത്. ക്ഷാമകാലത്ത് മോസ്‌കോ സ്‌കൂളിലെ അനാഥാലയത്തിൽ കുഞ്ഞുങ്ങളെയാക്കി അലഞ്ഞു തിരിയുകയായിരുന്നു, ആ വിവർത്തക. എന്നാൽ അവർ സ്വന്തം ദാരിദ്ര്യത്തെ അതിജീവിച്ചത് അക്കാലത്തെ എഴുത്തുകാരുമായി ദീർഘമായ കത്തിടപാടുകൾ നടത്തിയാണ്. അക്കാലത്തെ വിശ്രുത റഷ്യൻ കവയിത്രിയായ അന്ന അഖ്മത്തോവയുമായി കത്തുകളിലൂടെ നീണ്ട സൗഹൃദം അവർ വളർത്തിയെടുത്തു. അഖ്മത്തോവയെക്കുറിച്ച് സ്വെത്യേവ എഴുതിയ കവിതകൾ എന്നും അഖ്മതോവ കയ്യിൽ കൊണ്ടുനടന്നു. അവരെക്കുറിച്ച് എഴുതിയ ഏറ്റവും മനോഹരമായ വരികൾ ആയിരുന്നു അത്. റിൽക്കേയുമായും നോവലിസ്റ്റ് പാസ്റ്റർനാക്കുമായും അവരെയൊന്നും നേരിൽ കാണാതെ തന്നെ സ്വെത്യേവ നടത്തിയ കത്തിടപാടുകൾ ആരെയും വിസ്മയിപ്പിക്കുന്നതാണ്. അത്രയ്ക്ക് ശക്തിയായിരുന്നു അവരുടെ വാക്കുകൾക്ക്. അത്രയ്ക്ക് ആത്മാർത്ഥതയായിരുന്നു അവരുടെ ആശയവിനിമയത്തിന്. ഈ കത്തുകളിൽ മിക്കതും സ്വെത്യേവ എഴുതിയത് പട്ടിണി കിടന്നുകൊണ്ടാണ്. കത്തെഴുതാൻ ഇരുന്നപ്പോൾ വിശപ്പിന്റെ രാത്രി കടന്നുകിട്ടിയെന്ന് അവർ എഴുതി. റഷ്യയുടെ സംഭവബഹുലമായ രക്തചരിത്രത്തിന്റെ ഉപ്പുനീറ്റലാണ് ആ രചനകൾ. സ്വെത്യേവ അതിജീവനത്തിന് കത്തുകളിലൂടെ സംവദിച്ചു. അഖ്മതോവയാകട്ടെ, കവിത പ്രസിദ്ധീകരിക്കുന്നത് തടഞ്ഞപ്പോൾ ടാഗോറിനേയും ഹ്യൂഗോവിനേയും ദസ്തയേവ്‌സ്‌കിയേയും പരിഭാഷപ്പെടുത്തിക്കൊണ്ട് ജീവിച്ചവളാണ്. രാഹിത്യത്തിന്റെ എതിർവാക്കാണ് സാഹിത്യമെന്ന് തെളിയിക്കുകയായിരുന്നു ഇവർ. ഭർത്താവിനെ സോവിയറ്റ് ചാരനെന്ന് മുദ്രകുത്തി പട്ടാളം വെടിവെച്ചുകൊല്ലുകയായിരുന്നു. ശക്തമായ കവിതകളും ഹൃദ്യമായ കത്തുകളും എഴുതിയിരുന്ന സ്വെത്യേവ ഒരു വരിപോലും എഴുതാൻ പാടില്ലെന്ന് സോവിയറ്റ് സർക്കാർ വിധിച്ചു. അത് അനിവാര്യമായ ആത്മഹത്യയിലേക്ക് അവരെ നയിച്ചു. സ്വെത്യേവയുടെ ഏതൊക്കെയോ തലങ്ങളിൽ അഥീന സ്വയം അവളെകണ്ടെത്തി. ദാരിദ്ര്യത്തിൽ, ഒരിക്കലും പരിചയമില്ലാത്ത ചിലരോടുള്ള ദീർഘമായ കത്തിടപാടുകളിൽ. സ്വെത്യേവ ജനിച്ചതും വളർന്നതും സോവിയറ്റ് റഷ്യയിലാണ് എന്നത് അവളെ ഏറെ ദുഃഖിപ്പിച്ചു. സോവിയറ്റ് യൂണിയനിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല എന്നാണ് അവൾ ആദ്യം വിചാരിച്ചത്. ബ്രണ്ണൻ കോളേജിൽ നിന്ന് തിരിച്ചുപോരുമ്പോൾ അവസാന ദിവസം ഒരു കൂട്ടുകാരന് മാർക്‌സിന്റെ "ദാസ് ക്യാപിറ്റൽ'

പാരിതോഷികമായി കൊടുത്തുകൊണ്ട് ഒന്നാമത്തെ പേജിൽ അവൾ എഴുതിയത് സ്വെത്യേവയുടെ വരികളായിരുന്നു. No one has ever stepped twice into the same river. But did anyone ever step twice into the same book ജയിൽപ്പുള്ളികളുടെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ അറിഞ്ഞതോടെ അവൾ അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യൻ ജയിലുകളിൽ തടവുപുള്ളികൾ അനുഭവിക്കുന്ന പീഡനങ്ങൾ ലോകത്തൊരിടത്തുമില്ലെന്ന് അവൾ കണ്ടെത്തി. നമ്മുടെ ജനാധിപത്യ വ്യവസ്ഥക്കു തന്നെ അത് നാണക്കേടാണെന്ന് വസ്തുതകൾ നിരത്തി അവളെഴുതി.

ഉമ്മിണി കള്ളാർ അനിരുദ്ധന്റെ തൂലികാനാമമാണ്. തൂലികാനാമമെന്ന് ഒരു രീതിക്ക് പറയാമെന്നേ ഉള്ളൂ. ശരിക്കുമത് വ്യാജപ്പേരാണ്. വീട്ടിൽ നിന്നിറങ്ങിയ ശേഷം അനിരുദ്ധൻ എന്ന പേര് അവൻ ഉപേക്ഷിച്ചിരുന്നു. ഉമ്മിണിയിലേക്ക് പരിവർത്തനം ചെയ്തപ്പോൾ അവനനുഭവിച്ച സ്വാതന്ത്ര്യം വലുതാണ്. "കൈകാൽകെട്ടിയ വടം മുറിച്ചുകളഞ്ഞ പ്രതീതി' അവൻ പറഞ്ഞു."അപ്പോൾ നിന്റെ വായ കെട്ടിയിരുന്നില്ലേ'?"നാവറുത്തതിനാൽ അതറിഞ്ഞില്ല'! അവൻ ഉരുളക്കുപ്പേരി പറഞ്ഞു. ഇരവിമംഗലമാണ് സ്വദേശം. അതിനാൽ "ഭ' എന്ന അക്ഷരത്തിന്റെ ഉച്ചാരണം അവന് വഴങ്ങുകയില്ല. ഫൂമി, ഫർത്താവ് എന്നു മാത്രമേ പറയാനറിയൂ. ബുദ്ധിപൂർവ്വം പ്രഭാഷണങ്ങളിൽ ഭ പദങ്ങൾ ഒഴിവാക്കുകയാണ് പതിവ്. മുത്തച്ഛന്റെ കാലത്ത് ഇരവിമംഗലത്തുനിന്ന് കള്ളാറിലേക്ക് കുടിയേറിയതാണ്. അതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും നേട്ടം കുടുംബത്തിനുണ്ടായതായി ഉമ്മിണി കരുതുന്നില്ല. കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതർക്ക് സഹായഹസ്തവുമായി അവനുണ്ടായിരുന്നു, മുമ്പിൽ.

ജെ.എൻ.യുവിൽ പഠിച്ചു. അതികഠിനമായ ചൂടുകാലത്തായിരുന്നു അവൻ അഡ്മിഷൻ നേടിയത്. രാത്രിയിൽ ഹോസ്റ്റലിൽ നനച്ച തുണി ബെഡ്ഡിൽ വിരിച്ചാണ് കിടന്നുറങ്ങിയത്. ആദ്യ രണ്ടാഴ്ച ദില്ലിയിലെങ്ങും കറങ്ങി. റെഡ്‌ഫോർട്ട്, താജ്മഹൽ, കേരള ഹൗസ്, പാർലമെന്റ്. കുറേ പെയിന്റിംഗ് എക്‌സിബിഷനുകൾ പോയി കണ്ടു. പ്രശസ്തരും അപ്രശസ്തരുമായ ചിത്രകാരൻമാരെ പരിചയപ്പെട്ടു. അവരിൽ പലരും ദില്ലിക്കാരായിരുന്നു. ദില്ലിയിൽ ചിത്രകാരൻമാർ കൂടാൻ കാരണമെന്തായിരിക്കുമെന്നവൻ ആലോചിച്ചു. അവന്റെ കൈയിലിപ്പഴും കാണും അഞ്ചോ ആറോ ചിത്രകാരൻമാരുടെ വിസിറ്റിംഗ് കാർഡുകൾ. ദില്ലിയിലെ കടുത്ത ചൂട് താങ്ങാനാവാതെ നിർജ്ജലീകരണവും യൂറിനറി ഇൻഫെക്ഷനുമായി നിരവധി പ്രാവശ്യം ആശുപത്രിയിലാവേണ്ടി വന്നിട്ടുണ്ട്.

ഒരിക്കൽ ഓപ്പൺ മാർക്കറ്റ് സന്ദർശിച്ചു. വൃത്തിയോടും വെടിപ്പോടെയും സാമാനങ്ങൾ നിരത്തിവെച്ചിരിക്കുന്നു. വിലപേശാനുള്ള അവസരമാണ് ആളുകളെ ആകർഷിക്കുന്നത്. പ്രത്യേകിച്ച് വീട്ടമ്മമാരെ. ഓരോ കടയ്ക്കു മുന്നിലും രണ്ടോ മൂന്നോ തടിച്ച സ്ത്രീകൾ ഉറക്കെ സംസാരിച്ചുകൊണ്ട് വിലപേശുന്നു. അവിടെവച്ചാണ് അവൻ സ്ത്രീകളുടെ പാവാടച്ചരടുകൾ അട്ടിയട്ടിയായി വിൽക്കാൻവച്ചിരിക്കുന്നത് കണ്ടത്. മുമ്പ് ചിത്രകാരൻമാരെക്കുറിച്ച് അത്ഭുതപ്പെട്ടതുപോലെ പാവാടയുടുക്കുന്ന പെണ്ണുങ്ങൾ ഇങ്ങനെ ദില്ലിയിൽ ഒത്തുജീവിക്കുന്നതും കൗതുകമായിരുന്നു. മറ്റൊരിടത്തും പാവാടച്ചരടുകൾ വിൽക്കാൻവച്ചത് കണ്ടിട്ടില്ല അവൻ.

അന്തർസർവ്വകലാശാല ഡിബേറ്റിങ് കോംപറ്റീഷനിൽ വച്ചാണ് അഥീനയെ പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം വളർന്നു. അഥീനയുടെ പോസ്റ്റുകളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി അവൻ പേഴ്‌സണൽ മെസേജുകൾ അയച്ചു. ഉമ്മിണിക്ക് പല വിഷയത്തിലും ഗ്രാഹ്യമുണ്ടെന്നറിഞ്ഞതോടെ അഥീന പോസ്റ്റുകൾ ഇടുന്നതിനു മുമ്പെ ഉമ്മിണിക്ക് അയച്ചുകൊടുക്കാൻ തുടങ്ങി. ബുദ്ധിപരമായ സംവാദങ്ങൾ അവർക്കിടയിലെ അകലം കുറച്ചു. വർഗം, ദേശം, ദേശീയത, ഭൂപടം, ഭാവനാനിർമിതി, മാർക്‌സിയൻ വായനകൾ, പോസ്റ്റ് കൊളോണിയലിസം, അംബേദ്കറിസം, ദളിത്, അപരവത്കരണം, അജൻഡ, കൺസ്ട്രക്റ്റ് തുടങ്ങിയ സംജ്ഞകൾ അവരുടെ സംഭാഷണങ്ങളിലെ പൊതുഘടകമായി.

ജെ.എൻ.യു.വിൽ നിന്ന് ഉമ്മിണിക്ക് ഒരു പറ്റുപറ്റി. അഡ്മിഷൻ എടുത്തശേഷം ക്ലാസ്സിൽ കയറുവാൻ അവനെ ആരും നിർബന്ധിക്കുന്നില്ല. സ്വന്തം ക്ലാസ് എവിടെയാണെന്നുപോലും രണ്ട് ദിവസം കഴിഞ്ഞാണവൻ അറിഞ്ഞത്. പ്രഫസർമാർ ക്ലാസിൽ വരികയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഉയർന്ന ചിന്തകൾ അവതരിപ്പിക്കുന്ന ക്ലാസുകളാണെങ്കിലും അവരെല്ലാം കേൾവിക്കാരെ ബഹുമാനിച്ചുകൊണ്ടാണ് ലക്ചറിങ് നടത്തിയിരുന്നത്. അതൊരു നല്ല അനുഭവമായിരുന്നു. കണ്ണുരുട്ടുകയും ഗൗരവം നടിക്കുകയും ചെയ്യുന്ന നാട്ടിലെ പ്രഫസർമാരിൽനിന്നു വ്യത്യസ്തരായിരുന്നു അവർ. പ്രഫസർമാർ ഒന്നിനും നിർബന്ധിക്കുന്നില്ല. ക്ലാസിൽ കയറണമെന്ന് യാതൊരു നിർബന്ധവുമില്ല.

ഉമ്മിണിക്ക് പുറത്തെ കാര്യങ്ങളിൽ വ്യാപൃതനാവാനും യാത്രകൾ നടത്താനും അത് പ്രേരണയായി. ദില്ലിയിലെ ബസ്സുകളിൽ കയറി അവൻ യാത്രചെയ്തു. ഗലികളിലൂടെ നടന്നു. ദരിയാഗഞ്ചിലൂടെ അലഞ്ഞു. ആലുപറാത്തയും പാനീപൂരിയും തണ്ണിമത്തനും വാങ്ങിത്തിന്നു. പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെ സിറ്റി കാണുവാൻ മാത്രമായി അവൻ നിരവധി ദിവസങ്ങളിൽ പുറത്തുപോയി. കാമ്പസിൽ അടുത്ത കൂട്ടുകാർ അവനുണ്ടായിരുന്നില്ല. അതിനാൽ അവരും അവന്റെ ആബ്‌സെന്റ്‌സിനെക്കുറിച്ച് വിചാരപ്പെട്ടില്ല. ഒരു സംഘടനയിലും അവൻ അംഗത്വമെടുത്തില്ല. എന്നാൽ എല്ലാ സംഘടനകളുടെയും മീറ്റിങ്ങുകൾക്ക് പോയി. "ആസാദി ഹോ ആസാദി' എന്ന മുദ്രാവാക്യം അവന് ഏറെ ഇഷ്ടമായിരുന്നു. പരീക്ഷ അടുത്തു. ഒരുവിധത്തിൽ സിലബസും പുസ്തകങ്ങളും തപ്പിപ്പിടിച്ച് തയ്യാറെടുത്തു. പെട്ടെന്നൊരു ദിവസം നോട്ടീസ് ബോർഡിൽ ഹാജർപ്പട്ടിക കുറഞ്ഞവരുടെ കോളത്തിൽ അവന്റെ പേര്. മുഖ്യ പ്രഫസറോട് സംസാരിക്കാൻ പോയെങ്കിലും മുറിക്കകത്തേക്കുപോലും കടത്തിവിട്ടില്ല. കാരണം ബോധിപ്പിച്ച് കത്ത് സമർപ്പിക്കാൻ ഓഫീസിൽനിന്ന് അറിയിപ്പുകിട്ടി. അസുഖമായതിനാൽ ക്ലാസുകൾ മിസ്സായതാണെന്ന് സീനിയർ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചുകൊടുത്തു. എന്നാൽ അവരാരും തന്നെ പ്രഫസറുടെ അടുത്തേക്ക് കൂടെ വരാൻ തയ്യാറായില്ല. ജെ.എൻ.യു.വിൽ ഹാജർ കുറവാകുക എന്നത് ഏറ്റവും മോശം കാര്യമായാണ് പരിഗണിച്ചിരുന്നത്.

ആദ്യ സെമസ്റ്ററിൽതന്നെ കാലിടറിയതിനാൽ ഉമ്മിണി നിരാശയിലായിരുന്നു. നാട്ടിൽ എല്ലാവരോടും വലിയ ഗമയോടെയാണ് ജെ.എൻ.യു. എന്ന് പറഞ്ഞിരുന്നത്. ബുദ്ധിജീവികളുടെ കാമ്പസിൽ പഠിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുകയും ചെയ്തിരുന്നു. സീതാറാം യെച്ചൂരിയും അലിസിദാനും ആദിത്യഝായും യോഗേന്ദ്രയാദവുമൊക്കെ പഠിച്ച ഇടമെന്ന് വീമ്പിളക്കിയത് വെറുതെയായി. ഇത്തരത്തിലാവുമെന്ന് കരുതിയതല്ല. അടുത്ത സെമസ്റ്ററാവുമ്പോഴേയ്ക്കും ജെ.എൻ.യു.വിലെ നിയമങ്ങളോടും ദില്ലിയിലെ കാലാവസ്ഥയോടും ഉമ്മിണി ഒരുവിധം പൊരുത്തപ്പെട്ടു.

ഡിബേറ്റിങ് ചാമ്പ്യൻഷിപ്പ് അശോക യൂണിവേഴ്‌സിറ്റിയിൽ വച്ചായിരുന്നു. അശോകസ്വകാര്യ സർവകലാശാലയാണെന്ന് അതിനകത്ത് ചെന്നപ്പോൾ മാത്രമാണ് മനസ്സിലായത്. അൽപദിവസം മുമ്പാണ് പാകിസ്ഥാനിലെ ബ്ലോഗറും സ്വതന്ത്രമധ്യമപ്രവർത്തകനുമായ മുഹമ്മദ് ബിലാൽഖാന്റെ കൊലപാതകവാർത്ത വന്നത്. അഥീനയോട് ചോദിച്ചു: "പാക്കിസ്ഥാനിൽ ഒരു ബ്ലോഗർ കൂടി കൊല്ലപ്പെട്ടു. അറിഞ്ഞില്ലേ'? :"ങാ പാകിസ്ഥാനിലല്ലേ. അവിടെ ഇതൊക്കെത്തന്നെയല്ലേ, നിത്യവും നടക്കുന്നത്. ഒരു സംഗതികൂടി പറയാം. റിപ്പോർട്ടുചെയ്യുന്നതിന്റെ 75% സമാന സംഭവങ്ങൾ കൂടുതൽ നടക്കുന്ന ഒരേയൊരു രാജ്യമാണത്.'"ഉം അതെ. മതത്തിനാണവിടെ പ്രാധാന്യം. എന്നാൽ മതത്തിന് വല്ല വിലയുമുണ്ടോ, അതില്ല. സൈന്യത്തേയും രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ.യേയും നിരന്തരം വിമർശിച്ചെഴുതുന്ന ബ്ലോഗറായിരുന്നു മുഹമ്മദ് ബിലാൽ.'"അതെ ഞാനും വായിച്ചിരുന്നു.'

"ഞായറാഴ്ച കൂട്ടുകാർക്കൊപ്പം സംസാരിച്ച് നിൽക്കുകയായിരുന്നു; അവൻ. പെട്ടെന്ന് ഫോൺകോൾ വന്നു. റേഞ്ച് കിട്ടാത്തതിനാലും കോൾ ഇടക്കിടെ കട്ടാവുന്നതുകൊണ്ടും അവൻ കൂട്ടുകാരിൽ നിന്ന് അൽപ്പം അകന്ന് മാറിനിന്ന് സംസാരിക്കാൻ പോയി. അപ്പോൾ അടുത്ത കാട്ടിൽനിന്ന് കരച്ചിൽ ശബ്ദം കേട്ടു. അതെന്താണെന്ന് നോക്കാനായി പോയതാ.'"എന്നിട്ട്'? "കാട്ടിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തി, നീളമുള്ള കഠാര ഉപയോഗിച്ച് കഴുത്തറുത്തിരിക്കുന്നു. മൂർച്ചയേറിയ വസ്തുകൊണ്ട് ശരീരം മുഴുവൻ കുത്തിയ പാട് മൃതദേഹത്തിലുണ്ട്. ബ്ലോഗിങിനായി ഉപയോഗിച്ചിരുന്ന രണ്ട് കണ്ണിലും ഓരോ സിഗരറ്റുകുറ്റികൾ തറച്ചുവച്ചിരുന്നു. വലത്തേ കൈയിലെ വിരലുകൾ ഛേദിച്ചിരുന്നു!'"ട്വിറ്ററിൽ 156000 പേരും എഫ്.ബിയിൽ എൺപത്തിനാലായിരവും യുട്യൂബിൽ 3.9 മില്ല്യൺ പേരും പിന്തുണക്കുന്ന ആളാ. ഒരാളുടേയും പിന്തുണയില്ലാതെ പോയി.' "ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടോ'? "വാർത്ത പുറത്തുവിട്ടിട്ടില്ല' "മുഹമ്മദ് ബിലാൽ ചെയ്ത കുറ്റമെന്താണ്? അവനു തോന്നിയ അഭിപ്രായം പറഞ്ഞതോ. ബ്ലോഗിലൂടെ അഭിപ്രായം പങ്കുവെക്കുന്നത് നമ്മൾ തമ്മിൽ ദാ ഇങ്ങനെ സംസാരിക്കുന്നതുപോലെ തന്നെയല്ലേ. അതും പാടില്ലെന്നാണോ.'? "അതാണ് പാകിസ്ഥാൻ.'

"അങ്ങനെ തക്കത്തിന് പാകിസ്ഥാനെ വലിച്ചുകീറി ഒട്ടിക്കാൻ ചിലർക്ക് തോന്നുമായിരിക്കും. ഞാനതിനെ അങ്ങനെയല്ല കാണുന്നത്. എവിടെ നടന്നാലും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നത് നീതീകരിക്കാനാവില്ല. പട്ടികൾ. പാവം മുഹമ്മദ് കൊല്ലപ്പെട്ടിട്ട് 28 മണിക്കൂർ കഴിഞ്ഞിട്ടും ഒരുത്തനും അനുശോചനത്തിന് തയ്യാറായിട്ടില്ല. ആർ ആരെയാണ് പേടിക്കുന്നത്? മതവും പ്രത്യയശാസ്ത്രവും ജനാധിപത്യവും ഭരണഘടനയും ഒന്നും പരിഗണിക്കുകപോലും ചെയ്യാത്ത മരണം. ആർക്കും വേണ്ടാത്ത ഒരു ജീവൻ. കൊല്ലപ്പെട്ട മുഹമ്മദിന് എത്ര വയസ്സായിരുന്നെന്നോ പറഞ്ഞത്?'
"22 തികഞ്ഞതേയുള്ളൂ'
"ശ്ശോ! എന്നെക്കാൾ മൂന്നുവയസ്സിന് ഇളയതാണവൻ. അഥീന സമീപത്തെ ഗെയിറ്റിലെകമ്പികളിൽ പിടിച്ച് കരഞ്ഞു. അവൾ തല ഗെയിറ്റിൽ ഇടിക്കുകയും ചെയ്തു. ഗെയിറ്റ് കുലുങ്ങി. ഉമ്മിണി അവളുടെ ഉടുപ്പിൽ പിടിച്ച് വലിച്ചു. "ഏയ്...' അവൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അഥീന കുറച്ചുനേരം വെറും മണ്ണിൽ ഇരുന്നു. വളരെ നേരം അവൾ സംസാരിച്ചില്ല. അത്രയും സമയം ഉമ്മിണി അവളുടെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു.

നന്നായി വളർന്ന താടിയും നരച്ച ജുബ്ബയും അവനെ കൂടുതൽ വിഷാദവാനാക്കുന്നതായി തോന്നി. അഥീന അവനടുത്തുചെന്ന് തോളിലൂടെ കൈചേർത്തു. പരസ്പരം കെട്ടിപ്പിടിക്കാനൊരുങ്ങിയപ്പോഴാണ് അവർക്ക് സ്ഥലകാലബോധം വന്നത്. രണ്ടാഴ്ചയായി തുടങ്ങിയ യാത്രയിലായിരുന്നു അവർ. ആന്ധ്രയിലെ ശ്രീകാകുളത്തിനടുത്തുള്ള ഗോർലപേട്ട ഗ്രാമത്തിൽ. നാലുദിവസം ശ്രീകാകുളത്തെ ഒരു അച്ചടിശാലയുടെ ഇറയത്തിരുന്ന് കുറേ ലേഖനങ്ങൾ വിവർത്തനം ചെയ്ത് കൊടുത്തു. മലയാളത്തിലെ അപ്രശസ്തരായ ചിലരുടെ ചരിത്രസംബന്ധിയായ വാദങ്ങൾ. ഒപ്പം എം.ജി.എസ്.നാരായണന്റെ കേരളചരിത്രത്തെക്കുറിച്ചുള്ള പത്ത് കള്ളക്കഥകളുമുണ്ടായിരുന്നു. ശ്രീകാകുളത്തെ തില്ലോമസിദ്ധ വിവർത്തനത്തിനായി നൽകിയ മുവായിരം രൂപയുടെ ബലത്തിലാണ് അവർ കൊൽക്കത്തയിലേക്കുള്ള വണ്ടി കയറിയത്.▮

​​​​​​​(തുടരും)


സി. ഗണേഷ്

കഥാകൃത്ത്​, നോവലിസ്​റ്റ്​. തുഞ്ചത്തെഴുത്തച്​ഛൻ മലയാളം സർവകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിംഗ് അധ്യാപകൻ.ക്രിയാത്മക കഥാപാത്രങ്ങൾ, നനഞ്ഞ പതിവുകൾ, ചിങ്ങവെയിലിനെ തൊടാമോ, ചങ്ങാതിപ്പിണർ, കേരള ഭക്ഷണത്തിന്റെ സംസ്​കാര ചരിത്രം, കാണം വിറ്റും ഓണം ഉണ്ണണോ എന്നിവ പ്രധാന കൃതികൾ.

Comments