ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം

നൈതികമണ്ഡലം

അധ്യായം നാല്: ചർക്ക നൂൽ

I am writing this songFrom the pain of women raped before their men,From the agony of the people’s heroesTied to the trees and shot- HRK Telugu poet

സുമയ്ക്കിത് രണ്ടാം ജന്മമാണ്.
സുമയുടെ കഥ വിശദാംശങ്ങൾ സഹിതം അവൾ ഒരാളോടു മാത്രമേ പറഞ്ഞിട്ടുള്ളൂ. കോമ്രേഡ് വറുഗീസിനോട്.
ഒരിക്കലും തിരിച്ചുവരുമെന്നു കരുതിയതല്ല.
പഠനത്തിൽ മിടുക്കിയായിരുന്ന അവൾ മംഗലാപുരത്ത് എം.ബി.ബി.എസിനു ചേർന്നു. കൊലുന്നനെയുള്ള സുന്ദരിയായ ചുറുചുറുക്കുള്ള പെൺകുട്ടി കാണുന്നവർക്കൊക്കെ ആകർഷകമായി. അവളുടെ മിടുക്കിനാൽ പലരും സുഹൃത്തുക്കളായി. ഉയർന്ന അക്കാദമിക് പെർഫോർമൻസ്. അധ്യാപകർ അവളിൽ മികച്ചൊരു ഡോക്ടറെ കണ്ടു.

മഹാമണ്ഡലം വെബ്‌സൈറ്റിൽ അവളുടെ പ്രതികരണങ്ങൾ കണ്ടവർ പലരും അവളുടെ കാഴ്ച്ചപ്പാടിൽ ആവേശംകൊണ്ടു. ഗ്രാമത്തിന്റെ വിശാലതയെക്കുറിച്ച് അവൾ പലപ്പോഴായി എഴുതി. ഓരോ ഗ്രാമത്തെയും ദത്തെടുത്തുകൊണ്ടു മാത്രമേ ഇന്ത്യ സ്വരാജ്യമാവുകയുള്ളൂ എന്നവൾ കരുതി. ഇന്ത്യയിലെ ഓരോ സ്വകാര്യകമ്പനിക്കും ഓരോ ഗ്രാമം സ്വയം പൂർണമാക്കാനുള്ള ഉത്തരവാദിത്തമേൽപ്പിക്കണം. അത് വിലയിരുത്താൻ ജനസഭകൾ വേണം. കമ്പനികളുടേയും കോർപ്പറേറ്റുകളുടേയും ലിസ്റ്റ് അവൾ മഹാമണ്ഡലത്തിലിട്ടു. സജീവമായ പ്രതികരണമായിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകൾ നയപരമായി പരിഹരിക്കാമെങ്കിൽ അതൊരു നല്ല നിർദ്ദേശമായി സ്വീകരിക്കപ്പെട്ടു. സുമയെ ഏവരും ശ്രദ്ധിക്കാൻ തുടങ്ങിയത് അങ്ങനെയാണ്.

അവൾ പിന്നീടും പല ആശയങ്ങൾ മുന്നോട്ടുവച്ചു. മഹാമണ്ഡലത്തിന്റെ വാർഷികത്തിലെ കോർ അജണ്ടയിലെ പൊതു വിഷയങ്ങളിലൊന്ന് സുമയുടെ ഗ്രാമപദ്ധതിയായിരുന്നു. ‘രാജ്യത്തെക്കുറിച്ച് സ്വപ്നം കാണാൻ കഴിയുന്ന പെൺകുട്ടി’ എന്നവൾ വാഴ്ത്തപ്പെട്ടിരുന്നു.

ആരും വിശ്വസിച്ചില്ല. എട്ടുപേരാൽ ക്രൂരമായി ബലാൽത്സംഗം ചെയ്യപ്പെട്ടവളാണ് അവളെന്ന്. അത് കോമ്രേഡ് വറുഗീസിനു മാത്രമറിയാവുന്ന രഹസ്യമായിരുന്നു.

മംഗലാപുരം കാമ്പസ് വളരെ സുരക്ഷിതമായിരുന്നു.
സുമയുടെ സംഭവം നടക്കുന്നതുവരെ.
ഒരു രണ്ടാം ശനിയാഴ്ച പ്രാക്ടിക്കലുമായി ബന്ധപ്പെട്ട് പ്രഫസറെ കാണുവാനായി കാമ്പസിൽ പോയി വരികയായിരുന്ന അവളെ ഗെയിറ്റിനു തൊട്ടരികിൽവെച്ച് കാറിൽ വന്ന ഗുണ്ടകൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന സിറ്റിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽവെച്ച് എട്ടുപേർ അവളെ ചീന്തി. കൊലുന്നനെയുള്ള പെൺകുട്ടിയെ ഒരു തവണ നോക്കിനിന്നിരുന്നെങ്കിൽ അവർ ചെയ്യുമായിരുന്നില്ല. അത്രയ്ക്ക് ലാളിത്യമായിരുന്നു അവളുടെ മുഖത്തിന്. ഇരുട്ടിൽ ചോരവാർന്ന് കിടന്ന അവൾ അർദ്ധരാത്രിയോടെ ജീവനുവേണ്ടി മെട്രോപൊളിറ്റൻ ഹോസ്പിറ്റലിലെ സി.സി.യു.യിൽ കിടന്ന് പോരാടി, പ്രാണൻ ബാക്കിനിന്നു. കുറേ വേദനകൾ വട്ടമിട്ടു പറന്നു. ചിലവ കൊളുത്തി വലിച്ചു.

തട്ടിക്കൊണ്ടുപോയത് പുറത്തുള്ളവരായിരുന്നെങ്കിലും ഒരധ്യാപകന് അതിൽ പങ്കുണ്ടെന്ന് പിന്നീട് വാർത്ത വന്നു. കോളേജിന്റെ പേര് ചീത്തയാകുമെന്നായപ്പോൾ പലരും ഇടപെട്ടു.

ഒരാഴ്ച കഴിഞ്ഞ് ബോധം വന്നപ്പോഴേയ്ക്കും അവൾക്കു സംഭവിച്ചത് സെറിബ്രൽ ഹെമറേജ് കൂടിയാണെന്ന് ഡോക്ടർമാർ എഴുതി. വിശ്ലഥവും അജ്ഞാതവുമായ ഓർമകൾ കെട്ടുപിണഞ്ഞ് സുമ പുതുതായി ജനിക്കണമായിരുന്നു.

ഗുണ്ടകൾ പിടിക്കപ്പെട്ടെങ്കിലും ആർക്കും ചങ്കിൽ കൊള്ളാത്ത വിധത്തിൽ കേസ് മുന്നോട്ടുപോയി.

ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ. പറിഞ്ഞുപോയ പല്ല്. മാംസം കരിഞ്ഞുപോയ മുലക്കണ്ണ്. തുന്നലിൽ വടിവുപോയ കീഴ്ചുണ്ട്. ഇതൊക്കെയാണ് അവളുടെ നഷ്ടങ്ങളെന്നും എല്ലാം മറികടക്കാമെന്നും കൗൺസലിംഗ് ക്ലാസ് അവളെ പറഞ്ഞു പഠിപ്പിച്ചു.

ആറുമാസം മുറിയിൽ നിന്നും പുറത്തിറങ്ങാതെ കഴിയുകയായിരുന്നു അവൾ. ഒരു വെളിച്ചത്തെപ്പോലും കടക്കാൻ അനുവദിച്ചില്ല. തിരികെ പോയി പകവീട്ടുവാൻ അവൾക്ക് താൽപര്യമുണ്ടായിരുന്നില്ല. കൂടുതൽ ശാന്തയാകുവാനാണ് അവളാഗ്രഹിച്ചത്.

ആറുമാസമായി വെളിച്ചം കാണാതെ ഇരുട്ടറയിൽ കഴിയുന്ന പെൺകുട്ടിയെ ഇലക്ട്രീഷ്യനെന്നു പറഞ്ഞ് വീട്ടിലെത്തിയ ഒരു സൈക്കോളജിസ്റ്റ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ദുരൂഹമായ ഒരു അപകടത്തിൽ കൊല്ലപ്പെട്ട സൈക്കോളജിസ്റ്റിന്റെ കേസുമായി ബന്ധപ്പെട്ടാണ് കോമ്രേഡ് വറുഗീസ് സുമയെക്കുറിച്ച് കേട്ടറിയുന്നത്. സുമയുടെ വീട്ടിൽവന്ന് തിരികെ പോകുമ്പോഴായിരുന്നു ആ ഡോക്ടറുടെ കാറപകടം.

സുമയെ തിരിച്ചുകൊണ്ടുവരുവാൻ നൈതികമണ്ഡലം കാരണമായി. കോമ്രേഡ് വറുഗീസാണ് ചെമ്പരത്തി@gmail എന്ന ഫേക് മെയിൽ ഐഡി വെച്ച് നൈതികമണ്ഡലത്തിലേക്ക് സുമയെ ക്ഷണിച്ചത്.

അസാധാരണമായി സുമ മാറിയതാണ് വീട്ടുകാർ കണ്ടത്. അവൾ സ്വന്തമായി പാചകം ചെയ്തു. സ്വയം കഴിച്ചു. ഓൺലൈൻ കോഴ്‌സിന് ചേർന്നു. മൗനംകൊണ്ട് ജീവിക്കാൻ അവൾ ശീലിച്ചു.

കൗൺസിലിംഗിന്റെ ഭാഗമായി സബർമതി ആശ്രമത്തിലേക്കു നടത്തിയ യാത്രയും സുമയെ സ്വാധീനിച്ചു. സബർമതിയിൽ എത്തിയപ്പോൾ അവൾ കൗതുകത്തോടെ പരിസരംകണ്ടു. ‘നർമദേ സർവദേ’ എന്ന് അഭിമാനിക്കുന്നവരുടെ ദേശം. വർഷങ്ങൾക്കുശേഷം അവൾ മനസ്സുകൊണ്ടും ശരീരംകൊണ്ടും കൺവിടർത്തിയത് അവിടെ വച്ചാണ്. ചുമരിലെ വാർളി ചിത്രങ്ങൾ അവൾ തൊട്ടു. ഏറെനേരം വെളുപ്പിൽ മൺനിറത്തിലുള്ള ചിത്രങ്ങൾ നോക്കിനിന്നു. ഒരു നീളൻ വടി പിടിച്ചോടുന്ന കൊച്ചുകുട്ടിയുടെ പുറകേ ഓടാൻ ശ്രമിക്കുന്ന വിഖ്യാതമായ ഗാന്ധിജിയുടെ പടം നോക്കി അതുപോലൊന്ന് വരക്കാൻ ശ്രമിക്കുകയും ചെയ്തു. ചർക്ക നൂൽക്കാൻ അവൾ താൽപര്യം പ്രകടിപ്പിച്ചു. വളരെ ശ്രദ്ധാപൂർവ്വം ചർക്കക്കു മുൻപിൽ അവളിരുന്നു. ധ്യാനപൂർവമായ ഇരുത്തം. നൂൽനൂൽക്കാൻ പറഞ്ഞുകൊടുക്കുന്ന ആശ്രമത്തിലെ അന്തേവാസിയായ ഗുജറാത്തിക്കാരിയുടെ നിർദ്ദേശത്തിൽ സുമ ചർക്ക പതുക്കെ കറക്കി. തെളിഞ്ഞു പിറവിയെടുക്കുന്ന നൂലിൽ കൗതുകത്തോടെ തൊട്ടുകൊണ്ട് അവൾ പുഞ്ചിരിച്ചു.

തിരിച്ചുവരുമ്പോഴേക്കും അവൾ ഒരു ഗാനം കൂടെക്കൂടെ മൂളാൻ തുടങ്ങി. സബ്‌കോ സമ്മതി ദേ ഭഗവാൻ!

കൊൽക്കത്ത നഗരത്തിന്റെ തെക്കേ അറ്റത്തെ കാളിഘട്ട്‌ക്ഷേത്രത്തിനു സമീപത്തുള്ള അരബിന്ദോ ഹോട്ടലിലാണ് മഹാനൈതികമണ്ഡലക്കാർക്കുള്ള താമസം ഏർപ്പാടുചെയ്തിരുന്നത്. അതറിഞ്ഞതും സുമ വിചാരിച്ചു. ‘ഓ നന്നായി കാളിഘട്ടും കാണാം.’ എയർപോർട്ടിലേക്ക് കാൾടാക്‌സി അയക്കാമെന്ന വറുഗീസിന്റെ സന്ദേശം സുമ തിരസ്‌കരിച്ചു. പുറത്തിറങ്ങി ബസ്‌സ്റ്റേഷനിലേക്ക് റിക്ഷ പിടിച്ചു. പിന്നെ ബീഹാറികളും മറാത്തിവ്യാപാരികളും അൽപംമാത്രം ബംഗാളികളുമുള്ള ബസ്സിന്റെ സൈഡ് സീറ്റിലിരുന്ന് നഗരത്തിരക്കിന്റെ ഹോണടികൾ കേട്ടുകൊണ്ട് സുമ കാളിഘട്ടിലെ ഇടത്തരം ഹോട്ടലിലെത്തി. റിസപ്ഷനിസ്റ്റുകളായ യുവതിയും യുവാവും ഐഡികാർഡിലെ ഫോട്ടോയുടെ കുട്ടിത്തത്തിലേക്ക് ചിരിയുതിർത്തിട്ടു. പതിനെട്ടു വയസ്സു പൂർത്തിയായ അന്ന് അച്ഛൻ ജോലികഴിഞ്ഞുവന്ന് ഗ്രാമത്തിലെ രാഘവേട്ടന്റെ സ്റ്റുഡിയോ തുറപ്പിച്ച് എടുത്ത ഫോട്ടോ. അന്നുവരെ ഉപയോഗിക്കാത്ത ചുരുളൻ ചീപ്പ് ഉപയോഗിക്കാൻ കഴിഞ്ഞതിൽ സന്തോഷിച്ചു. സൗജന്യമായി കിട്ടുകയാണെന്നതിനാൽ കുട്ടിക്കൂറ പൗഡർ മുഖത്തു നന്നായി തേച്ചു. മുടിയുടെ ഒരിഴ നെറ്റിയിലൂടെ തൂങ്ങിനിന്നു. ക്ലിക്. ഫോട്ടോ പിറ്റേന്നാണ് കിട്ടിയത്. ഒട്ടും രസമുള്ളതായി തോന്നിയില്ല. തന്റെ ഭംഗികുറച്ചാണ് രാഘവേട്ടൻ പിടിച്ചത്. വലിയ കണ്ണടയുള്ള അയാളോട് അനിഷ്ടംതോന്നി. ഫോട്ടോ ആരെയും കാണിച്ചില്ല. ആപ്ലിക്കേഷൻ ഫോമുകളിൽ നല്ലപോലെ പശചേർത്തൊട്ടിച്ച്, മുഖത്തിനുനേരെ നല്ല കുത്ത് കൊടുത്തു.

കുളി കഴിഞ്ഞപ്പോൾ ശരീരത്തിനൊക്കെ സുഖകരമായ വേദന. അൽപനേരം സെറ്റിയിൽ നിവർന്നു കിടന്നു. സാധാരണ സാനിറ്ററി നാപ്കിനുകൾ സുമക്ക് പറ്റുകയില്ല. രണ്ടെണ്ണം ചേർത്തെടുത്ത് പാളയുടെ ആകൃതിയിൽ പ്രത്യേകമായി യോജിപ്പിച്ച് ഓൺലൈനിൽ വരുത്തിച്ചിട്ടുണ്ട്. അസമയത്തെ ബ്ലീഡിങ്. അത് സുമയുടെ പ്രശ്‌നമാണ്. പുരുഷാക്രമണത്തെ തുടർന്നുള്ള സർജറിയുടെ ബാക്കിപത്രം. വിറ്റമിൻ ബി-12ന്റെ കുറവും ഇടയ്ക്ക് ശല്യമാവും. സാനിറ്ററിയുടെ ഡബിൾറോളെടുത്ത് അടിവയറ്റിൽ വരിഞ്ഞിട്ട് അവൾ ശലഭത്തുന്നലുള്ള കുർത്തീസ് ധരിച്ച് കാളീഘട്ടിലേക്കിറങ്ങി.

കൊൽക്കത്ത വേനൽക്കാലത്തെ വരവേൽക്കാനിരിക്കുന്നതേയുള്ളൂ. ഹോട്ടലിന്റെ ഭിത്തിനിറയെ ഉണ്ടക്കണ്ണുള്ള കാളിയുടെ ചിത്രങ്ങൾ. പുറത്തിറങ്ങി, അവൾ അരബിന്ദോ ഹോട്ടലിനെ ഒന്നു നോക്കി, മൊബൈലിൽ പകർത്തി. നൂറിലധികം മുറികൾ അരബിന്ദോ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് തോന്നുകയേയില്ല. വാഹനങ്ങളുടെ അതേ എണ്ണം ആളുകൾ റോഡിലുണ്ട്. വാഹനങ്ങളെ തള്ളിമാറ്റിയും വേഗത നിയന്ത്രിച്ചും ഭക്തരായ സ്ത്രീപുരുഷൻമാർ മുന്നോട്ട് നടക്കുന്നു.

"ഏശോ മാ'1സുഗന്ധദ്രവ്യങ്ങളും ചന്ദനത്തിരിയും പൂജാദ്രവ്യങ്ങളും വിൽക്കുന്ന കടയിൽനിന്ന് പൂണൂലിട്ട പുരോഹിതൻ വെറ്റിലച്ചോപ്പുള്ള നാവുനീട്ടിക്കൊണ്ട് അവൾക്കടുത്തു വന്നപ്പോൾ സുമ ഞെട്ടി പിന്നോട്ടുമാറി. തൊട്ടടുത്ത് മറ്റൊരു പുരോഹിതനും ഉറക്കെ നിലവിളിക്കുന്നു. പൂമാലകൾ വിൽക്കാനുള്ള തന്ത്രമാണ്. അവൾ വേഗം മുന്നോട്ടു നടന്നു. തെരുവിലെ തിരക്ക്, പക്ഷേ അതിവേഗത്തിൽ നടക്കാൻ സമ്മതിക്കുന്നില്ല. ജനക്കൂട്ടമാണെങ്കിലും വിയർപ്പിന്റെ മണം തീരെയില്ല. എല്ലാം ചന്ദനത്തിരിയും സാമ്പ്രാണിയും തിന്നുതീർക്കുന്നു. തെരുവിലേക്ക് വ്യാപിക്കുന്ന ദീപപ്രഭ വെയിലിന്റെ പ്രകാശത്തിൽ മങ്ങിപ്പോകുന്നു. രാത്രിയിൽ ഈ തെരുവിനെ നിരീക്ഷിക്കാൻ പ്രത്യേക ഭംഗിയായിരിക്കും. ഒറ്റക്കും തെറ്റക്കും അത്തിമരങ്ങൾ.

മുറുക്കാൻകടപോലെയാണ് എല്ലാ കടകളും. എല്ലാറ്റിലും കാളിയുടെ പടവും അതിൽ തെളിയിച്ചിരിക്കുന്ന ചിരാതും. ചിരാതിലെ പ്രഭ പടർത്തുന്ന ചെങ്കൽനിറത്തിൽ കാളി കണ്ണുരുട്ടുന്നതായി തോന്നും. ജ്യോതിഷികളേയും ഉദ്ദിഷ്ടകാര്യം പ്രാർത്ഥിക്കുന്ന ദിവ്യൻമാരേയും കണ്ടു. ഒരിടത്തും അധികനേരം നിൽക്കാതിരിക്കാൻ സുമ പ്രത്യേകം ശ്രദ്ധിച്ചു. കൺതെറ്റിയ ഒരു നിമിഷം മതി അവരുടെ കൈയിലകപ്പെടാൻ. വാക്‌സാമർത്ഥ്യവും ആധികാരികതയും വേണ്ടുവോളമുണ്ടവർക്ക്. ആൾക്കൂട്ടത്തിൽ നിന്ന് ഒരുവൻ ‘ജയ് ജയ് കാളിമാ’ എന്നാർത്തത്തോടെ മറ്റുള്ളവർ അതേറ്റുപിടിച്ചു. സുമക്ക് സ്വൽപ്പം ഭയവും ആൾക്കൂട്ടത്തിലെ ഏകാന്തതയും തോന്നി. കടകൾക്കകത്തു നിന്നും ചിലർ ‘ജയ്ജയ് കാളിമ’ എന്ന് ഉറക്കെപ്പറയുന്നു. ക്ഷേത്രത്തിന്റെ കവാടം എത്തിയതായി അവൾ മനസ്സിലാക്കി. പലരുടേയും കൈയിൽ ചുവന്ന പൂമാലകളുണ്ട്.

കവാടത്തിനടുത്തെത്തിയപ്പോൾ ആൾക്കൂട്ടം നീണ്ട വരിയായി ഒതുങ്ങി. ശരീരങ്ങൾ തമ്മിൽ മുട്ടുന്നു. സുമക്ക് അസ്വസ്ഥത തോന്നി. വരി തനിയെ മുന്നോട്ടു നീങ്ങി. ആചാരങ്ങളൊന്നും തനിക്കറിയില്ലല്ലോ; വല്ല അബദ്ധവും സംഭവിക്കുമോ എന്നവൾക്ക് സംശയമായി. എന്നാൽ മുന്നിൽ നടക്കുന്നവർ കാളീഘട്ടിന്റെ അകത്തേക്ക് നയിച്ചു.

‘ഓം കാളീ.... ജയ്ജയ് കാളീ’ വരി മുന്നോട്ടെത്തുന്തോറും താളത്തിലായി. സുമപോലും താളത്തിൽ തലയാട്ടിക്കൊണ്ടിരുന്നു. മിക്കവാറും ഭക്തർ പൂമാലയും പൂജാത്തട്ടും പിടിച്ചാണ് നടക്കുന്നത്. ഭസ്മത്തിന്റേയും ചന്ദനത്തിന്റേയും മണം.

വരിയിൽ കുറേ സ്ത്രീകളുണ്ടായിരുന്നു. കടുംനിറത്തിലുള്ള സാരിയുടുത്തവർ. ബളസാക്കവളകൾ ധരിച്ചവർ. ശിരസ്സിൽ വലിയ വട്ടപ്പൊട്ടിട്ടവർ. പലരും ഭക്തിയുടെ ലഹരിയിൽ കണ്ണുപാതിയടച്ചാണ് കാളിയെ വിളിക്കുന്ന്. വരി അങ്ങനെ മുന്നോട്ടുപോവുന്നതിനിടയിൽ മൂന്ന് കണ്ണുകളുള്ള നേത്ര തീക്ഷ്ണമായ കാളീവിഗ്രഹം, കാളിമയ്ക്ക് ജയ് വിളിക്കുന്ന നൂറുകണക്കിന് കൈകൾക്കിടയിലൂടെ സുമ കണ്ടു. രൗദ്രഭാവത്തിന്റെ കാളി, സ്ത്രീകൾക്ക് ശാന്തി നൽകുന്നതെങ്ങനെയാവുമെന്ന് അവളാലോചിച്ചു. പ്രാരബ്ധങ്ങളുടെ സ്ത്രീമനസ്സിനെ വിശകലനം ചെയ്യാൻ കുറച്ചുസമയം അവൾ വിനിയോഗിച്ചു.

കാളിയെ തൊഴുതുതീർന്ന പല സ്ത്രീകളും കണ്ണീർവാർക്കുന്നു. പുരുഷൻമാർപോലും നിസ്സംഗഭാവത്തിലെത്തുന്നു. മനുഷ്യൻ നിസ്സാരനായിപ്പോരുന്ന ഭയചകിതമായ അന്തരീക്ഷം.

വെറുതെ കറങ്ങുമ്പോൾ തീവ്രമായ പർപ്പിൾ നിറത്തിലുള്ള സാരിയുടുത്ത തടിച്ച ഒരു മധ്യവയസ്‌ക പൂജത്തട്ടു കാണിച്ച് സുമയോട് ചോദിച്ചു: ‘കാളിയെ നമിച്ചില്ലേ...’?
‘ഉം’

മഹേശ്വരി എന്നായിരുന്നു സ്ത്രീയുടെ പേര്.
‘നിനക്കെന്താ, വലിയ വിശ്വാസമൊന്നും ഇല്ലാത്തതുപോലെ തോന്നുന്നുണ്ടല്ലോ.’
‘ഏയ് ഇല്ല... ഇല്ല’ അനുകൂലമായ മനോഭാവം ഉണ്ടാക്കിയെടുക്കാൻ പാകത്തിൽ സുമ പറഞ്ഞു.
‘എനിക്കെന്തോ അങ്ങനെയൊന്നും തോന്നുന്നില്ല. ആട്ടെ, എന്തിനും പോന്ന പെണ്ണല്ലേ, ഒരു കൂട്ടില്ലാതെയാണോ വന്നിരിക്കുന്നത്’?
‘ഉം... കല്യാണം കഴിഞ്ഞില്ല.’
സുമ മുഖം കുനിച്ചുകൊണ്ട് പറഞ്ഞു.

അതു കേട്ടതോടെ മഹേശ്വരിയുടെ മനസ്സലിഞ്ഞു. അവൾ സുമയുടെ തലയിൽ തൊട്ട് പറഞ്ഞു. ‘നന്നായി പ്രാർത്ഥിച്ച് പോ.' അടുത്ത പ്രാവശ്യം വരുമ്പോഴേയ്ക്കും മാകാളി ഒരുത്തനെ പിടിച്ച് തരും.... നീ ഒരു കാര്യം ചെയ്യ്. കിഴക്കിലെ കാകുകൊണ്ടയിൽ പോയി തല നനയ്ക്ക്, കുറച്ചു കാകുകൊണ്ട ജലം ഒരു കുപ്പിയിൽ എടുത്തിട്ടു പോ, എന്നും രാവിലെ കുളികഴിഞ്ഞ് കുറച്ചെടുത്ത് കുടിക്ക്... മംഗളം നടക്കും.’

തീർത്ഥക്കുളത്തിൽ നിന്ന് ജലമെടുത്ത് പോവാനാണ് അവർ നിർദ്ദേശിക്കുന്നത്. നല്ലതുതന്നെ. അവർ അടുത്തുചേർത്തു നിർത്തി പറഞ്ഞു. ‘പുറത്തെ ചന്തയിൽപോയി ഒരാടിനെ വാങ്ങി നൽക്. നിന്നെ കണ്ടിട്ട് കാശുള്ള വീട്ടിൽ ജനിച്ചതുപോലുണ്ടല്ലോ. നൂറുരൂപയുണ്ടോ; നൂറുരൂപ?’. അവരുടെ കണ്ണു തുറിച്ചുവന്നു. ഭക്തരോടൊപ്പം ആടുകളെ കണ്ടതോർത്തു. ബലി നടക്കുന്നതെവിടെയാവും? കാണണം.

വെള്ളിയാഴ്ചയായതിനാൽ ബലി നടക്കുന്നുണ്ടായിരുന്നു. ഒരു ചതുരക്കൂട്ടിൽ ചെരിഞ്ഞുനിൽക്കുന്ന കല്ല്. ചുറ്റിലും കരിങ്കൽ ഭിത്തി. ആടിനെ പൈപ്പുവെള്ളത്തിൽ കുളിപ്പിച്ച് ഒരു പുരോഹിതൻ തലയിലും കാലിലും പിടിച്ച് കൂട്ടിനകത്തേക്ക് കൊടുക്കും. മറ്റേയാൾ ആടിനെ വാങ്ങി, താഴെ നിർത്തുന്നു. പൊടുന്നനെ ഇരുകാലിലുമായി വൈക്കോൽ നിറത്തിലുള്ള പുല്ലുകൊണ്ട് കുണുക്കിടുന്നു. ഭാരമുള്ള കത്തിയെടുത്ത് കഴുത്തുനോക്കി ശക്തിയായി ചലിപ്പിക്കുന്നു. മൂന്നോ നാലോ വെട്ടുകൾ. ചീറ്റുന്ന രക്തം. പുരോഹിതന്റെ നെഞ്ചിലേക്കും വയറിലേക്കും പടർന്ന ചോര അയാൾ ടവൽകൊണ്ട് തുടച്ചു. തളംകെട്ടി നിൽക്കുന്ന രക്തം. കഴുത്തിലെ മുറിവിലൂടെ പ്രവഹിക്കുന്ന രക്തം മുഴുവൻ കല്ലിലേക്ക് വീഴ്ത്തുന്നു. ഉടൻ രണ്ടുപേർ വലിയൊരു ചാക്കുമായി വന്ന് ആടിനെ പൊതിഞ്ഞ് കൊണ്ടുപോയി.

സുമ ഒരു ടി.വി. ഷോപോലെ അത് നോക്കി നിന്നു. പിന്നീട് തീരെ ചെറിയ ആടുമായി ഒരുപറ്റം സ്ത്രീകൾ വന്നു. അവരിൽ ഒരു ഗർഭിണിയും ഒരു വികലാംഗയുമുണ്ടായിരുന്നു. കുഞ്ഞാടിന്റെ കൊലകാണാൻ വയ്യ. ചുടുചോരയുടെ മണമാകട്ടെ, അലോസരപ്പെടുത്തുന്നുമുണ്ട്. ക്യാമറ പുറത്തുവച്ചതിൽ അവൾക്ക് ഖേദം തോന്നി.

പരമശിവന്റെ വേഷം കെട്ടിയ ഒരാളും ചുറ്റും ആൾക്കൂട്ടവും. അയാൾ ശിവതാണ്ഡവത്തിന്റെ കഥ പറയുന്നു. പാർവ്വതിയുടെ ശവവുമായി പ്രപഞ്ചനാശകാരണമായ താണ്ഡവമാടിയ ശിവൻ, പാർവതീജഡം പലയിടത്തായി ചിതറിത്തെറിപ്പിച്ചു. അതിലൊരിടമാണ് കാളീഘട്ട്. നാടോടി ബംഗാളിയിലാണ് അയാൾ പറയുന്നതെങ്കിലും അത്രയും സുമക്ക് മനസ്സിലായി.

അവൾക്ക് തലവേദനിക്കുന്നുണ്ടായിരുന്നു. തല ചുറ്റുന്നതായി തോന്നി. പുരുഷാരം അലിഞ്ഞുപോവുന്നതുപോലെ തോന്നുന്നു. പടിക്കെട്ടിൽ കണ്ണടച്ചിരുന്ന അവൾക്ക് നേരത്തേ കണ്ട മധ്യവയസ്‌ക കുറച്ചു വെള്ളം കുടിക്കാൻ നൽകി.

‘ഭഗബോൻ ഷിബ ഖൊമോതഅഷിം. ക്യും ഷിം ഖൊമോത ദൊമോൻ കൊർതെ പരേ ന. ഷിബോ കൊർതിത്വ ഭരതേര രാജ്യപാൽ, രാഷ്‌ട്രൊപതി അർ പ്രധാൻമൊന്ത്രിർ ചെയ്യോ ഷക്തിഷാലി... ജൊയ് മാകാളി...’2

ശാരീരികക്ഷീണമുണ്ടെങ്കിലും കാളിഘട്ട് കാണുവാൻ കഴിഞ്ഞതിലെ സന്തോഷത്തിൽ സുമ വീണ്ടും തെരുവിലെത്തി. ഇത്തവണ കുറച്ച് ബലൂൺ വിൽപ്പനക്കാരും ലഘുഭക്ഷണ വണ്ടികളും തിരക്കിനോട് ചേർന്നിട്ടുണ്ട്. തിരിച്ചുപോവുന്ന ഭക്തരോട് പുരോഹിതൻമാർ പ്രസാദം വാങ്ങിപ്പോകുവാൻ നിർബന്ധിക്കുന്നു. ഇരുപതും അമ്പതും നൂറും ഇരുന്നൂറും രൂപകൾക്ക് വ്യത്യസ്ത പ്രസാദങ്ങൾ. എല്ലാറ്റിനോടുമൊപ്പം ചോരനാവു നീട്ടിയ മാകാളിയുടെ പടം ലഭിക്കും. ഭിത്തിയിൽ തൂക്കാവുന്ന ഫ്രെയിം ചെയ്ത പടങ്ങൾക്ക് അമ്പത് രൂപ അധികം നൽകണം.

ക്ലോക്‌റൂമിൽ നിന്ന് ക്യാമറയും ഫോണും ബാഗും കിട്ടിയതോടെ തുരുതുരെ ഫോട്ടോകളെടുത്തു. പെണ്ണുങ്ങൾ ചിരിച്ചുകൊണ്ട് പോയി. ചിലർ ഫോട്ടോക്ക് പോസ്‌ചെയ്തു. കുടവയറുള്ള, ശരീരമാസകലം ഭസ്മം പൂശിയ ഒരു പുരോഹിതൻ, പൂണൂലിൽ ശക്തിയായി പിടിച്ച് പുരാണകഥാപാത്രമായി നിന്നു.

ഒരു റിക്ഷാക്കാരൻ തലചൊറിഞ്ഞ് വന്നു. തിരക്കിലൂടെ എങ്ങനെയാണ് റിക്ഷ ഓടിക്കുക എന്നറിയില്ല. എങ്കിലും അയാൾക്ക് ആത്മവിശ്വാസമുണ്ട്. ‘റിക്ഷാ നഹീ ചാഹിയെ?’ അയാൾ ദയനീയമായ മുഖത്തോടെ മറ്റൊരാൾക്കുനേരെ പോയി.

കാളിഘട്ടിന്റെ ഓർമയ്ക്ക് മാകാളിയുടെ ഒരു പടം വാങ്ങിച്ചാൽ കൊള്ളാം. മുറിയിൽ വെക്കാം. ഇരിക്കട്ടെ, നാവുനീട്ടിപ്പേടിപ്പിക്കുന്ന മാകാളി കൂടെ.

‘മാകാളി മാത്രമായി കൊണ്ടുപോയിട്ടെന്തിനാ... തട്ടും പ്രസാദവും എടുത്തോളൂ’... കടക്കാരിയായ മുത്തശ്ശി പല്ലില്ലാത്ത മോണ കൂട്ടിപ്പിടിച്ച് പറഞ്ഞു.
അപ്പോഴാണ് തലമുടി പറപ്പിച്ച് മുതുകിൽ സഫാരിയുടെ ബാഗും തൂക്കി ഒരാൾ.

‘Hi, Excuse me, Are you Suma?’ ഞെട്ടിപ്പോയി. കാളിഘട്ടിൽ പരിചയമുള്ള ഒരാൾ. ‘യെസ്...’ പെട്ടെന്ന് മൊഴിഞ്ഞുപോയി. അടുത്ത നിമിഷത്തിൽ തിരിച്ചറിഞ്ഞു. ‘oh! Bhairappa?’
‘യ്യാ’ അവർ പരസ്പരം കൈയ്യടിച്ചു. അവന് തിരിച്ചറിയാൻ കഴിഞ്ഞതിൽ അത്ഭുതം തോന്നി.

‘നേരെ വരുന്ന വഴിയാണ്’ ഭൈരപ്പ പറഞ്ഞു.
‘ഹോട്ടലിൽ പോയില്ല’?
‘ഇല്ല’
‘കാളിഘട്ടിൽ കറങ്ങിയശേഷം പോകാമെന്നു കരുതി.’
‘നേരത്തേ വന്നിട്ടുണ്ടോ’?
‘ഉവ്വ്, നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഡാഡിയോടൊപ്പം.’
ഭൈരപ്പ അന്നത്തെ ഓർമകളിലേക്ക് സഞ്ചരിച്ചു.

കലക്ടറായിരുന്നു ഭൈരപ്പയുടെ പിതാവ്. തീർത്ഥനഹള്ളിയിൽനിന്ന് ആദ്യമായി ഐ. എ.എസ്. സ്വന്തമാക്കിയ ആൾ. കച്ചവടം അയാളുടെ രക്തത്തിൽ അലിഞ്ഞുചേർന്നിരുന്നു. ആദ്യം പാട്‌നയിലായിരുന്നെങ്കിലും സ്വാധീനമുപയോഗിച്ച് കർണാടകത്തിലേക്ക് മാറ്റം വാങ്ങി. ഉന്നതരുമായുള്ള സൗഹൃദം. മാഫിയ ബന്ധങ്ങൾ. രാജ്കുമാർ തീർത്ഥനഹള്ളി എന്ന മനുഷ്യൻ വിജയം പൂകിയ മനുഷ്യരുടെ ഉദാഹരണപ്പട്ടികയിൽ ഒന്നാമതായി.

‘ഒരുനാൾ അപ്പ പങ്കെടുത്ത മീറ്റിങ്ങിനെക്കുറിച്ച് വീട്ടിൽ സംസാരിച്ചു. മീറ്റിങ്ങിനിടെ നടന്ന ലഞ്ചിനെക്കുറിച്ചും പായസത്തെക്കുറിച്ചും ഐസ്‌ക്രീമിനെയും ഡാഡി വാഴ്ത്തി. അതോടെ ഞാൻ കരഞ്ഞു. എനിക്കിതൊന്നും കിട്ടിയില്ലെന്നു പറഞ്ഞ്. ദീർഘമായ ഒരു ടൂറിന്റെ ആഗ്രഹം അവതരിപ്പിച്ച് പരാജയപ്പെട്ടിരുന്ന അമ്മയും ചേർന്ന് ഒരു ദീർഘയാത്ര ഒപ്പിച്ചു. മനസ്സില്ലാ മനസ്സോടെ അപ്പ സമ്മതിച്ചു. അങ്ങനെ കൽക്കത്തയിലെ ബാല്യത്തിന്റെ രണ്ടുദിനങ്ങൾ മെയ്ഫ്‌ളവറായി നീലിച്ചുനിൽക്കുന്നു.

ബാഗും തൊപ്പിയും സുമയെ ഏൽപ്പിച്ച് ഭൈരപ്പ കാളീഘട്ടിലേക്കിറങ്ങി. ‘Want to visit maa once more?’ പോകുന്നതിനുമുമ്പ് അവൻ ചോദിച്ചു. ‘No....’ ഇരുകണ്ണുമടച്ച് അനിഷ്ടം പ്രകടമാക്കി അവൾ പറഞ്ഞു. കണ്ണടച്ചപ്പോൾ മൃഗബലിയുടെ രക്തമാണ് കണ്ണുകളിൽ തെളിയുന്നത്. ‘Please do come, you know one thing.... when we visit Kalighat for second time, we will experience altogether new one....’ ▮

1.ശിവന്റെ ശക്തി അപാരമാണ്. ശിവന്റെ ശക്തിയെ തോൽപ്പിക്കാൻ ആർക്കും സാധ്യമല്ല. ഗവർണർക്കും പ്രധാനമന്ത്രിക്കും ഇന്ത്യൻ പ്രസിഡന്റിനും മേലെയാണ് ശിവന്റെ അധികാരം. ജയ് കാളിമാ.....
2. വരൂ മകളേ

​​​​​​​(തുടരും)


സി. ഗണേഷ്

കഥാകൃത്ത്​, നോവലിസ്​റ്റ്​. തുഞ്ചത്തെഴുത്തച്​ഛൻ മലയാളം സർവകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിംഗ് അധ്യാപകൻ.ക്രിയാത്മക കഥാപാത്രങ്ങൾ, നനഞ്ഞ പതിവുകൾ, ചിങ്ങവെയിലിനെ തൊടാമോ, ചങ്ങാതിപ്പിണർ, കേരള ഭക്ഷണത്തിന്റെ സംസ്​കാര ചരിത്രം, കാണം വിറ്റും ഓണം ഉണ്ണണോ എന്നിവ പ്രധാന കൃതികൾ.

Comments