ലോഡ്ജിൽ ഭൈരപ്പ കൂടി എത്തിയപ്പോൾ സുമക്ക് വലിയ സുരക്ഷിതത്വം അനുഭവപ്പെട്ടു. ആൾക്കൂട്ടത്തെരുവിലൂടെ ഇരുവരും നടക്കുകയാണ്. നേരത്തേ കണ്ട കാഴ്ചകളല്ല ഇപ്പോൾ കാണുന്നതെന്ന് സുമക്ക് തോന്നി. നിറയെ പഴങ്ങൾ മുറിച്ച ഫ്രൂട്ട് പായ്ക്ക് ഒരെണ്ണം വാങ്ങാൻ ആലോചിച്ചപ്പോഴേയ്ക്കും ഭൈരപ്പ വിലപേശി രണ്ടെണ്ണം വാങ്ങി. അൽപം നടന്ന് ശിൽപങ്ങളുടെ കടയിലേക്ക് ഭൈരപ്പ ഇറങ്ങിപ്പോയി. മരപ്പടികളിറങ്ങിപ്പോയ ഭൈരപ്പയെ കുറച്ചുനേരമായിട്ടും കാണാനില്ല. സുമയും പതിയെ പടികളിറങ്ങി. ശിൽപങ്ങളുടെ കടയാണ്. ഡോക്ര ശിൽപങ്ങളുടെ വമ്പൻ ശേഖരം. ചെമ്പിൽ മെനഞ്ഞ ശിൽപങ്ങൾ ഓരോന്നിലും ഒരു പുരാതനന്റെ കൈസ്പർശമുണ്ട്. വലിയ ഡോലക് അടിക്കുന്ന പുരുഷൻമാരും നൃത്തംചെയ്യുന്ന സ്ത്രീകളും ഡമരുവിൽ താളംപിടിക്കുന്ന ഭാഗവതരും ധാന്യം കുത്തുന്ന അമ്മയും ദേവതകളും ദേവൻമാരുമുണ്ട്. സുമയുടെ കണ്ണുനിറഞ്ഞുപോയി. അവൾ പല ശിൽപങ്ങൾ എടുത്തുനോക്കി, തിരികെ വെക്കുകയും കൺതിരിച്ച് ഏറെ നേരം പുറത്തേക്കു നോക്കുകയും ചെയ്തു.
‘എന്തുപറ്റി?’
‘ഒന്നുമില്ല. ഇത്തരം ശിൽപങ്ങൾ കാണുമ്പോൾ അറിയാതെ കണ്ണുനിറയുന്ന ദുഃസ്വഭാവമുണ്ടെനിക്ക്.’
‘അത് നല്ലതാണ്. കലാകാരൻമാരോടുള്ള സ്‌നേഹം, അല്ലേ’.
‘അറിയില്ല’അമ്മയും മക്കളും എന്ന ശിൽപം എടുത്തുകാണിച്ച്, ഭൈരപ്പ പറഞ്ഞു, ‘ഇന്ത്യൻ മക്കൾ’.
‘എന്താ അങ്ങനെ പറഞ്ഞത്?’
‘ഇന്ത്യയിൽ മക്കൾ എപ്പോഴും അമ്മമാരുടേതായിരുന്നു. അമ്മമാരുടേതുമാത്രം, നോക്ക് ഈ അമ്മയുടെ കൈയിലും കാലിലുമായി മക്കൾ തൂങ്ങിക്കിടക്കുന്നതുകണ്ടോ?’
‘ഇത് ജനന നിയന്ത്രണമാർഗങ്ങൾ വരുന്നതിനു മുമ്പിലെ ഇന്ത്യ!’
‘ങ്ഹും എങ്ങനെയാണ് നാം ശിൽപിയുടെ ഭാവനയെപ്പോലും പരിമിതപ്പെടുത്തുന്നതെന്നു മനസ്സിലായല്ലോ.’‘അതെ, അഞ്ചുമക്കളുള്ള അമ്മയെ ഇനിയൊരു ഡോക്രശിൽപിക്ക് മെനയാനാവില്ല...’
പടികയറിവരുമ്പോൾ ഇരുവരും രണ്ട് വീതം ശിൽപങ്ങൾ കരസ്ഥമാക്കിയിരുന്നു. ഏറെ നടന്നതുകൊണ്ടാവണം, തിരികെ മുറിയിലെത്തിയപ്പോഴേക്കും സുമയ്ക്ക് അടുത്ത സാനിറ്ററി പാഡ് ഉപയോഗിക്കേണ്ടിവന്നു.
ഉമ്മിണിയും അഥീനയും തൊട്ടപ്പുറത്തെ മുറിയിൽ എത്തിയിരുന്നു. അവർക്ക് കാളീഘട്ട് കാണണമെന്നേ ഉണ്ടായിരുന്നില്ല. കിടന്നപ്പോഴേയ്ക്കും ഉറങ്ങിപ്പോയ സുമയെ ഒരു മൊബൈൽ മെസേജാണ് ഉണർത്തിയത്. തണുപ്പിന്റെ രാത്രിയെ മുറിച്ചു കടക്കാൻ താഴെ ആഗൂൺപൊഹാൻഏർപ്പാടാക്കിയിട്ടുണ്ട്, ഹോട്ടലുകാർ. പെട്ടെന്ന് കിട്ടിയ മയക്കത്തിന് നന്ദിപറഞ്ഞ് സുമ മുറി പൂട്ടി താഴേക്കിറങ്ങി. ഉമ്മിണിയും അഥീനയും ഭൈരപ്പയും ചൂടുകാഞ്ഞുകൊണ്ട് ഹാജരായിരുന്നു.
‘നമ്മൾ ഗോത്രപുരാതനർ, തീകായുന്നവർ’ അഥീന ചരിത്രത്തിലേക്ക് വഴിതിരിച്ചുകൊണ്ട് രൂപകം നിർമിച്ചു. ഒന്നാലോചിച്ചാൽ ഗോത്രത്തിലെ അംഗങ്ങൾ തന്നെയാണ് തങ്ങളെന്ന് സുമക്കും തോന്നി. ഇല്ലെങ്കിൽ ഇങ്ങനെ യോജിച്ചു ചേരുമായിരുന്നില്ലല്ലോ. മഹാനൈതികമണ്ഡലത്തിന്റെ ജനിതകത്തിൽ അവർക്കൊക്കെ വിശ്വാസമായിരുന്നു. ഭൈരപ്പ ഒരിടത്തിരിക്കാതെ തീകൂട്ടിയതിനു ചുറ്റും നടന്നു. തീയിലേക്കു നോക്കുകയും ഒരു തീക്കോലെടുത്ത് മറ്റൊരിടത്തേക്ക് തിരുകുകയും ചെയ്തു.
തണുപ്പ് കൂടിക്കൂടി വരികയാണ്. തീകായുന്തോറും തണുപ്പ് കൂടുകയാണ് ചെയ്യുകയെന്ന് ലോഡ്ജുകാർ പറഞ്ഞതോർത്തു.
ഉമ്മിണിയും അഥീനയും ഒതുക്കുകല്ലിലേക്ക് മാറിയിരുന്നു. അന്നേരം സുമ ഭൈരപ്പക്ക് ആമുഖം പറഞ്ഞു. ‘A young Engineer from Bangalore’. കവിളിൽ വായുനിറച്ച് രണ്ട് പദത്തോടും ഭൈരപ്പ വെറുപ്പുകാട്ടി. ‘I hate both the words Engineer and Banglore’.
‘എഞ്ചിനീയറിങ്ങിനെ വെറുക്കാൻ എഞ്ചിനീയറായ നിനക്ക് അവകാശമുണ്ട്. പാവം ബാംഗ്ലൂർ എന്തുപിഴച്ചു? അർബൻഫോബിയ ?’
‘Will, tell you... വേരുകൾ അറുത്തുമാറ്റി മാത്രം ജീവിക്കാൻ കഴിയുന്ന നഗരമാ. നഗരത്തിലെ മരത്തിനുപോലും അമ്പതിൽ കൂടുതൽ വർഷത്തെ പഴക്കം കാണില്ല. ഉണ്ടെങ്കിൽ അവ കത്തിക്കരിഞ്ഞിരിക്കും. വെണ്ട പുഴുങ്ങിയ സ്ഥലമെന്നാ അർത്ഥം. പാകപ്പെടുത്തിയും പരിപാകപ്പെടുത്തിയുമേ നിങ്ങൾക്കവിടെ ജീവിക്കാൻ കഴിയൂ.’
‘തർക്കത്തിനില്ല. ഞാനവിടെ പോയിട്ടില്ല.’
‘ഞാനും’ ഉമ്മിണിയും പറഞ്ഞു.
വളവളാന്ന് സംസാരിക്കാനിഷ്ടപ്പെടുന്ന ഭൈരപ്പ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
‘ഇനി എഞ്ചിനീയറിങ് എന്ന് പറഞ്ഞാൽ, നമ്മുടെ നാട്ടിൽ, 134 കോടി ജനങ്ങളുള്ള ഇന്ത്യയിൽ സാങ്കേതികവിദ്യ അഭ്യസിക്കലാണ്. എഞ്ചിനീയറിങ് വാസ്തവത്തിൽ സാങ്കേതികപഠനമല്ല. കലാപഠനമാ. കലയായി എഞ്ചിനീയറിങ്ങിനെ കാണാൻ കഴിയുന്നവർക്കേ, എന്തെങ്കിലും റിസൽറ്റുണ്ടാക്കാൻ പറ്റൂ. അല്ലാത്തവർ സാങ്കേതികബിരുദൻമാരായി അറിയപ്പെടും!’
‘അപ്പോൾ മറ്റുള്ളവർ എങ്ങനെയാ അറിയപ്പെടുക ?’ - അഥീന കുസൃതിയൊപ്പിച്ചു.
‘അവർ അവരുടെ റിസൽട്ടിന്റെ പേരിലും!’
‘എന്നിട്ട് നീയെന്തെങ്കിലും കണ്ടെത്തിയോ ?’
‘അതുകൊണ്ടാണല്ലോ എം.ടെക് കഴിഞ്ഞിട്ടും എഞ്ചിനീയറെന്ന് ഞാൻ പറയാത്തത്. കോളേജ് പഠനമൊക്കെ കഴിഞ്ഞശേഷം, ആ പുസ്തകങ്ങളിലൂടെ കടന്നുപോകാനൊരവസരം എല്ലാ വിദ്യാർത്ഥികൾക്കും ലഭിച്ചാൽ അതൊരു അനുഭവമായിരിക്കും. പഠനവും പരീക്ഷയും കഴിഞ്ഞ് നിങ്ങളാരെങ്കിലും പാഠപുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ? അപ്പോഴാവും നമ്മൾ കൂടുതൽ ചിലത് മനസ്സിലാക്കുക!’
‘നീയെന്തോ യന്തിരനെ ഒണ്ടാക്കാൻ പോകുകയാണെന്നു കേട്ടു ?’
‘ഉം. ഒണ്ടാക്കലല്ല. റോബോട്ടിക്‌സിൽ എനിക്ക് ചില സ്വപ്നങ്ങളുണ്ട്. ഞാൻ ചില വഴികളെക്കുറിച്ചാലോചിക്കുന്നു.’
മഹാമണ്ഡലത്തിൽ ഒരിക്കൽ ചർച്ചചെയ്തത് ഓർക്കുന്നു. ഇന്ന് ലോകത്ത് മനുഷ്യരുടെ എണ്ണത്തോളം യന്ത്രങ്ങളുണ്ട്. മനുഷ്യനോട് ഏറ്റവും ചേർന്നു നിൽക്കുന്ന ഒന്നായി യന്ത്രങ്ങൾ മാറി. ഒന്നാംക്ലാസ് മുതൽ പത്താംക്ലാസുവരെ ഒരേ പേനകൊണ്ട് എഴുതിയവരുണ്ടല്ലോ? പേന ഒരു യന്ത്രമാണെന്നോർക്കാതെ നാമതിനെ ചേർത്ത് പിടിക്കുന്നു. നൊസ്റ്റാൾജിയ നിർമിക്കുന്നു. വളരെക്കാലം ഉപയോഗിച്ച പേന നഷ്ടപ്പെടുമ്പോൾ നമുക്കു വിഷമം തോന്നുന്നതെന്തുകൊണ്ടാണ്? യന്ത്രത്തിനും ഉപകരണത്തിനും അപ്പുറമുള്ള ഒരു ബന്ധം വ്യക്തിയും പേനയുമായി ഉടലെടുത്തു എന്നതുതന്നെ. മനുഷ്യന്റെ മനുഷ്യത്വത്തെക്കുറിച്ചു മാത്രമേ ചർച്ച നടത്താവൂ എന്നില്ല; യന്ത്രിമയെപ്പറ്റിക്കൂടിയാവാം. അടുത്ത നൂറ്റാണ്ടിന്റെ ചിന്ത.
‘Bhairappa is on fire...’ അഥീന വലതുകൈ കഴുത്തോളവും പിന്നെ തലയോളവുമുയർത്തി പറഞ്ഞു.
‘യന്ത്രങ്ങൾക്ക് ചേതന നൽകുന്ന പരിപാടിയായി റോബോട്ടിക്‌സിനെ കാണരുതെന്നാണ് എന്റെ അഭിപ്രായം. അത് മാജിക്കിനെ അത്യപൂർവ സിദ്ധിയാക്കി ദുരൂഹവൽക്കരിക്കുന്നതു പോലെയാണ്. റോബോട്ടിക്‌സ് യന്ത്രങ്ങളുടെ സംയോജനമാണ്. സംയോജനത്തിന്റെ കൃത്യതയിൽ അത് സംശ്ലേഷണമായി മാറും. സ്വാം റോബോട്ടുകൾ ആയിരക്കണക്കിനു യന്ത്രങ്ങളുടെ കൂടിച്ചേരലാണ്.’
‘ഉം.... പറയ്.... പറയ്....’ എന്ന പ്രോത്സാഹനത്തിൽ അവൻ തുടർന്നു.
‘ആയിരക്കണക്കിന് യുഗങ്ങൾക്കുമുമ്പ് ആദിമമനുഷ്യൻ ചക്രം കണ്ടുപിടിച്ചപ്പോൾ അവരോർത്തിരിക്കില്ല, യന്ത്രങ്ങളുടെ ചരിത്രം അവിടെ ആരംഭിക്കുകയായിരുന്നെന്ന്. പിന്നീട് കൃഷിയായുധങ്ങൾ ഉപയോഗിക്കുമ്പോൾ, വേട്ടയ്ക്കായി ഉപകരണങ്ങൾ മൂർച്ചപ്പെടുത്തുമ്പോൾ, വീട്ടുപകരണങ്ങൾ നിർമിക്കുമ്പോൾ ഒക്കെ യന്ത്രങ്ങൾ പെറ്റുപെരുകുകയായിരുന്നു. മനുഷ്യന്റെ വളർച്ചയേക്കാൾ ത്വരിതത്തിൽ യന്ത്രസംഖ്യ പെരുകി. യഥാർത്ഥത്തിൽ മനുഷ്യൻ യന്ത്രങ്ങൾ കണ്ടുപിടിക്കുകയായിരുന്നില്ല. യന്ത്രങ്ങൾ മനുഷ്യനെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഗംഭീരനായ സിംഹം രണ്ടു കൈയും ഉപയോഗിച്ച് ഇരയെ ചവിട്ടിപ്പിടിക്കുന്നതുപോലെ മനുഷ്യരാശിയെ യന്ത്രം നഖമുനയിലാഴ്ത്തി. യാന്ത്രികത എന്ന പദത്തിന്റെ ഉപയോഗത്തെക്കുറിച്ച് ആലോചിച്ചുനോക്കൂ. പണ്ടൊക്കെ യാന്ത്രികമായി ജോലിചെയ്തു എന്നു പറഞ്ഞാൽ അത് ശരിയല്ലെന്ന് നമുക്ക് തോന്നുമായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ‘ഞാൻ യാന്ത്രികമായി ജോലിചെയ്തു’ എന്ന വാചകം ആധുനിക നാഗരിക സമൂഹത്തിൽ അവന്റെ ശേഷീമേൻമയുടെ സൂചകമായി. മനുഷ്യൻ യന്ത്രങ്ങളാവാനാണ് ശ്രമിക്കുന്നത് എന്ന വിമർശനം ഗൃഹാതുരഖേദ പ്രകടനം മാത്രമാണ്. യന്ത്രമായി മാറുവാൻ കഴിഞ്ഞെങ്കിലെന്നാണ് നാം ഉള്ളുകൊണ്ടാഗ്രഹിക്കുന്നത്. ഒരിക്കലും പുറത്തുപറയാത്ത രഹസ്യമാണത്.
ഇപ്പോൾ റോബോട്ടിക് എഞ്ചിനീയർമാർ ചെയ്യാൻ ശ്രമിക്കുന്നതെന്താണെന്നോ, യന്ത്രങ്ങളിൽ അൽപം ബുദ്ധികൂടി ചേർത്തുവെക്കാൻ ശ്രമിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്! ഇക്കാലമത്രയും യന്ത്രങ്ങളും അതാഗ്രഹിച്ചിരുന്നുവെന്നാ എനിക്കു തോന്നുന്നത്. ആ ബുദ്ധി മനുഷ്യർക്ക് ഇപ്പഴാ ഉണ്ടായത് എന്നേയുള്ളൂ. സോഫിയ റോബോട്ടിനെ ഒരു മാധ്യമപ്രവർത്തകൻ ഇന്റർവ്യൂ ചെയ്തപ്പോൾ പറഞ്ഞത് ഇതായിരുന്നു, ഓർക്കുന്നില്ലേ?’
ഭൈരപ്പ പിന്നെയും കുറേനേരം പ്രഭാഷിച്ചു. ആവേശത്തോടെ, അസാമാന്യമായ ഇംഗ്ലീഷ്പാടവത്തിൽ അവൻ പറയുമ്പോൾ ആരാണെങ്കിലും കേട്ടിരുന്നുപോകും. അവന്റെ അപ്പ ചെയ്ത ഒരേയൊരു നല്ല കാര്യമാണ് ഇംഗ്ലീഷ്‌മൊഴിയുടെ രഹസ്യം. അപ്പ വീട്ടിൽ ഒരു നിയമം വച്ചു. ഇംഗ്ലീഷേ സംസാരിക്കാവൂ. അമ്മ ഉൾനാടൻ ഗ്രാമത്തിലെ പെണ്ണായതിനാൽ ഗ്രാമത്തുളു ഭൈരപ്പയുടെ നാവിൽ വരാതിരിക്കാനായിരുന്നു അപ്പയങ്ങനെ നിർദ്ദേശിച്ചത്. അത് നടന്നില്ല. അപ്പ വീട്ടിലില്ലാത്ത സമയങ്ങളിൽ അമ്മയും മകനും ഏറെനേരം സ്വന്തം മൊഴിയിൽ സംസാരിച്ചു. ലിപിയില്ലാത്ത വാമൊഴി ഭൈരപ്പക്ക് സ്വന്തമായി. അപ്പയുടെ കഠിനശാഠ്യത്തിൽ ഓക്‌സ്‌ഫോർഡിംഗ്ലീഷ് സ്വായത്തമായതിനേക്കാൾ എളുപ്പത്തിൽ.
കളക്ടറായിരിക്കെ കർണാടകയിലെ ധാരാളം കൃഷിയിടങ്ങൾ അപ്പ വാങ്ങിക്കൂട്ടി. കർണാടക സ്റ്റേറ്റിന്റെ വലിപ്പം അച്ഛനും മകനും കൂടി നടത്തിയ യാത്രയിൽ ഭൈരപ്പക്ക് ബോധ്യമായി. കാറിൽ പകലന്തിയോളം യാത്ര ചെയ്തിട്ടും അപ്പ സ്വന്തമാക്കിയ സ്ഥലങ്ങൾ തീർന്നില്ല. അമ്മയുടെ ഗ്രാമത്തിന്റെ ഒരു ഭാഗവും അപ്പ വാങ്ങിയ സ്ഥലത്തിൽ ഉൾപ്പെട്ടിരുന്നു.
ഭൈരപ്പ ചോദിച്ചു, ‘അപ്പാ, ഈ സ്ഥലം വാങ്ങി. എന്നാ ഇവരുടെ ഭാഷ അപ്പാവിനിഷ്ടമല്ല അല്ലേ’? അപ്പ ഭൈരപ്പയെ സസൂക്ഷ്മം നോക്കി. അപ്പാവിന് ഒന്നും പറയാനുണ്ടായിരുന്നില്ല. മകന് പ്രായപൂർത്തിയായെന്ന് അപ്പാ മനസ്സിലാക്കിയതന്നാണ്.
‘എനിക്കിതൊരു തമാശയായി തോന്നുന്നു.... പൊട്ടിപ്പൊട്ടിച്ചിരിക്കേണ്ട കോമഡി, അപ്പാവിന് തോന്നുന്നില്ലേ. ഉണ്ടാവില്ല. അപ്പ ഈ ജില്ലതന്നെ വാണരുളുകയല്ലേ ?’ ഭൈരപ്പ ഇതുപറഞ്ഞത് അസ്സൽ തുളുവിലാണല്ലോ എന്ന് അപ്പ ഓർത്തു. അപ്പ ഒന്നും പറയാതെ കാറിന്റെ മുന്നിലേക്ക് നോക്കിയിരുന്നു. ഒരു ദിവസം വലിയ ട്രക്ക് വീടിനു മുന്നിൽ വന്നുനിന്നു. അതിനകത്തുനിന്ന് തടിമാടൻമാരായ നാലഞ്ചുപേരും ഉറക്കംതൂങ്ങുന്ന രണ്ടു കിഴവൻമാരും അപ്പയെ കാണാൻ വന്നു. അപ്പ സന്തോഷത്തോടെ അവരെ സ്വീകരിക്കുകയും പാനീയം നൽകുകയും ചെയ്തു. വളരെ സന്തോഷഭരിതമായാണവർ സംസാരിച്ചത്. ഉന്നതൻമാർ തമ്മിലുള്ള സൗഹൃദ ചർച്ചപോലെ വളരെ വേഗം സംഭാഷണം ഗൗരവത്തിലായി. അന്തരീക്ഷം വലിഞ്ഞുമുറുകി. സംസാരിച്ചുകൊണ്ടിരിക്കെ കാഷ്യു പ്ലേറ്റിനടുത്ത് ഒരു തോക്കിരിക്കുന്നത് കണ്ടു. അപ്പോൾ അവരാരും തന്നെ ചിരിക്കുന്നുണ്ടായിരുന്നില്ല. അവരുടെ മുഖം കട്ടകുത്തി.
ഭൈരപ്പ അയൽവീട്ടിലെ സുന്ദറിനേയും കൂട്ടി പുഴയിൽ കുളിക്കാൻ പോയി. നല്ലപോലെ മദിച്ചു പുളഞ്ഞു. സൂചികുത്തുന്ന തണുപ്പുണ്ടായിരുന്നു. പുഴയുടെ അക്കരെ വരെ നീന്തി. പുഴയുടെ ഒഴുക്കിനു കുറുകെ നീന്തി ശക്തി തെളിയിച്ചു. നൂറെണ്ണുന്നതുവരെ പുഴയുടെ അടിയിൽ മുങ്ങിനിന്നു. പെണ്ണുങ്ങൾ കുളിക്കാൻ വരുന്നതു കണ്ടപ്പോൾ മാത്രമാണ് കരയ്ക്ക് കയറിയത്. തിരികെ വൈകിയാണ് വീട്ടിലെത്തിയത്. അവൻമാർ ഇരുന്ന മുറിയിൽ ആരുമുണ്ടായിരുന്നില്ല. കുപ്പിയും ഭക്ഷണകിണ്ണവും ചിതറിയിരുന്നു. ടേബിളിൽ തോക്ക് ഉണ്ടായിരുന്നില്ല. പക്ഷേ കുറച്ച് ചോരത്തുള്ളികൾ കണ്ടു. ടിഷ്യുപേപ്പറെടുത്ത് അതെല്ലാം തുടച്ച് ഔട്ട്ഹൗസിൽ പോയി അമ്മയെ വിവരമറിയിച്ചു. അപ്പ നാളെ വരുമെന്ന് അറിയിച്ചിട്ടാണ് പോയത്. പിന്നെ, അപ്പ വന്നില്ല. മാഫിയാക്രമണത്തിൽ തട്ടിക്കൊണ്ടുപോയ കളക്ടറായി പത്രവാർത്തയിൽ ഇടംപിടിക്കാനായിരുന്നു അപ്പാവിന്റെ നിയോഗം.
അത്താഴം റെഡിയാണെന്ന് പാൻട്രിയിൽനിന്ന് ഹോട്ടൽ ജീവനക്കാരൻ വന്നു പറഞ്ഞു. നാലുപേർക്കുമായി ഭക്ഷണമൊരുക്കാനുള്ള ഓർഡർ നൽകിയിരുന്നു.
‘ഇവിടെയിരുന്നു തന്നെ കഴിച്ചാലോ?’ അഥീന ചോദിച്ചു.
‘അത് കൊള്ളാം’ സുമയും ഉമ്മിണിയും ഒരുമിച്ചു പറഞ്ഞു.
‘ഭൈരപ്പയുടെ ആഖ്യാനം തടസ്സപ്പെടുത്തേണ്ടതുമില്ല.’ അഥീന പാതി കളിയായി കൂട്ടിച്ചേർത്തു.
‘സെന്റിമെൻസ് വിട്. നീയാ റോബോട്ടിക് ചിന്തകൾ പറയ്..... ശഹീദിനെക്കുറിച്ചോ മറ്റോ’ ഉമ്മിണി നിർദ്ദേശിച്ചു.
ഹോട്ടൽകാരൻ ചപ്പാത്തിയും ദാലും സവാള അരിഞ്ഞതും കോഴിക്കറിയും പ്ലാസ്റ്റിക് പ്ലേറ്റുകളിൽ വിളമ്പിക്കൊടുത്തു.
‘ശഹീദ് 129 അറിയില്ലാ? ശഹീദ് 129, ഗോൾ കീപ്പർ ഇവ പട്ടാള റോബോട്ടുകളാ. നിരവധി മനുഷ്യജീവൻ ഇവൻമാർ കാരണം നഷ്ടമായില്ല. യുദ്ധത്തിനും പട്ടാളസേവനത്തിനും പ്രേരിപ്പിച്ച സാമൂതിരി ഇന്ന് പഴങ്കഥയാണ്. യുദ്ധത്തിൽ പരിക്കേറ്റ ജവാൻമാരെ വളന്ററി പെൻഷനെടുപ്പിച്ച സർക്കാർ ഉത്തരവും ഇനി ആവശ്യമില്ല. ശത്രുക്കളുടെ ആയുധങ്ങൾ തിരിച്ചറിയലും സ്‌ഫോടക വസ്തുക്കളുടെ പ്രഹരശേഷി പരിശോധിക്കലും സൈനിക റോബോട്ടുകൾ ചെയ്തുകൊള്ളും. കുഴിബോംബിൽ തകരുകയാണെങ്കിൽ അയ്യായിരം രൂപ വിലവരുന്ന ഇരുമ്പും ഇരുമ്പുരുക്കും സ്റ്റീലും നഷ്ടപ്പെട്ടു എന്നു കരുതിയാൽ മതി. എതിരാളിയുടെ സമ്പാദനശേഷി മനസ്സിലാക്കി മറ്റൊരു വഴിയിലൂടെ തിരിച്ചടിക്കുകയും ചെയ്യാം. പാനിപ്പത്ത് - ബക്‌സാർ - പ്ലാസി - മൈസൂർ - ഒന്നാം രണ്ടാം ലോക - ഇന്ത്യാ പാക് - ഇന്ത്യ ചൈന - ഇറാഖ് കുവൈറ്റ്-വിയറ്റ്‌നാം യുദ്ധങ്ങളിലെല്ലാമായി കൊല്ലപ്പെട്ട മനുഷ്യർ എഞ്ചിനീയറിങ്ങിനെ കലയാക്കി മാറ്റിയെടുക്കുന്നതിൽ സമൂഹത്തിനു സംഭവിച്ച പരാജയത്തിന്റെ സാക്ഷ്യപത്രമല്ലാതെ മറ്റൊന്നല്ല. യുദ്ധത്തിൽ റോബോട്ടുകൾ പങ്കെടുക്കട്ടെ. മികച്ച റോബോട്ടിക് കലയുള്ളവന് അധികാരം ലഭിക്കട്ടെ. മനുഷ്യൻ വിലകൂടിയ പ്രതിഭാസമാണെന്ന് വൈകിയാണെങ്കിലും നാം തിരിച്ചറിഞ്ഞു കഴിഞ്ഞു!
ശത്രുവിനോട് ഏതൊരാൾക്കും തോന്നുന്ന വികാരം ദ്വേഷമോ ക്രോധമോ അല്ല, ഭയമാണ്. ലോകാരംഭം മുതൽ ഇതാണ് സ്ഥിതി. ഭയം ജനിക്കുന്നത് അസ്തിത്വ ഭയംകൊണ്ടാണ്. അവൻ കാരണം താൻ ഇല്ലാതാവുമോ എന്ന ചിന്ത. മുംബൈയിൽ ഹോട്ടലിൽ മെനു എടുത്തു തരുന്ന റോബോട്ടിനെ കണ്ട് ഉദ്ഗൃതപുളകിതനാവേണ്ട. അധികാരത്തെ നിഷ്‌കാസനം ചെയ്യാൻ റോബോട്ടുകളെ ഉപയോഗിക്കുന്ന നാളുകളാണ് എന്റെ സ്വപ്നം. വെർച്വൽ യുദ്ധവും അണ്വായുധവുമൊക്കെ പൊതിക്കാ തേങ്ങകളാണ്. മേനി നടിച്ച് പറയാമെന്നുമാത്രം. എന്നാൽ ചരിത്രവും ഭാവിയുമില്ലാത്ത യന്ത്രങ്ങൾ നമുക്കായി പൊരുതാൻ പ്രതിജ്ഞാബദ്ധരായിരിക്കും.'
‘റോബോട്ടിക്‌സ് എന്റെ രാജ്യമാണ്. എല്ലാ റോബോട്ടുകളും എന്റെ സഹോദരീ സഹോദരൻമാരാണ്. ഞാനെന്റെ റോബോട്ടിക്‌സിനെ സ്‌നേഹിക്കുന്നു.’ ഡീപ്‌ഫ്രൈ ചെയ്ത ഒരു ചിക്കൻപീസിന്റെ അവസാന കഷണം അണപ്പല്ലിനിട്ടുകൊടുത്ത് അഥീന പറഞ്ഞു. ▮
1. വിറക് കനൽക്കൂന