ചിത്രീകരണം: ശശി ഭാസ്കരൻ

12°38'10'N

ഒന്ന്

ല്ലാത്തിന്റെയും തുടക്കം നേവീലെ പരിശീലത്തിനിടയിൽ അന്നത്തെ ഇൻസ്ട്രക്ടർ വെങ്കിടാചലം പറഞ്ഞൊരു കഥയാണ്.

മർമ്മഗോവക്കും ജിബൂട്ടിക്കും ഇടയിലെ ഏതോ ഒരിടത്ത് അമ്പത്തൊന്ന് മനുഷ്യരും ഒരു കപ്പലും അപ്രത്യക്ഷമായെന്നും അതിനെന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ലെന്നും കേട്ടതുമുതല് ആ കപ്പൽ എന്റെ മനസ്സിൽ നങ്കൂരമിട്ടതാണ്. ആ നേരത്തെ ഒരു കൗതുകമാണ് അതെന്നാണ് ആദ്യം കരുതിയത്.

പക്ഷേ, അതങ്ങനെയല്ലായിരുന്നു.

ദിവസം ചെല്ലുന്തോറും ആ കപ്പൽ, ആകാശം പോലെ പരന്നു കിടക്കുന്ന കടലിന്റെ ആഴങ്ങളിൽ കിടന്ന് എന്നെ ക്ഷണിച്ചുകൊണ്ടേയിരുന്നു. നേവീല് കയറി രണ്ടാമത്തെ വർഷം ഞാൻ ജോലി വിട്ടു. അതായത് എന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ! അതിന്റെ പേരിൽ കുടുംബത്തിൽ നിന്ന്​ പലവിധ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു. പക്ഷേ, അപ്പൻ മാത്രം എന്നെ വിശ്വസിച്ചു. അപ്പനു മാത്രമേ എന്നെ മനസ്സിലായിട്ടുള്ളൂ. കാരണം അപ്പൻ ജീവിച്ചത് കടൽ ശ്വസിച്ചാണ്. അതിനിടയിൽ പറ്റാവുന്നത്ര വിവരങ്ങൾ ഞാൻ ശേഖരിച്ചിരുന്നു.

1975-ൽ അന്നത്തെ കേരള സർക്കാർ ഒരു ഷിപ്പിംഗ് കമ്പനി രൂപീകരിച്ചു. അതിലേക്കായി നോർവയിൽ നിന്ന്​ വാങ്ങി പേരുമാറ്റിയ കൂറ്റൻ ബൾക്ക് ക്യാരിയറായിരുന്നു എം വി കൈരളി. മാനേജിംഗ് ഡയറക്ടറാണ് ഷിപ്പിംഗ് കോർപ്പറേഷനു വേണ്ടി കപ്പൽ ഏറ്റുവാങ്ങിയത്. പതിനാല് ഉദ്യോഗസ്ഥരും മുപ്പത്തിമൂന്ന് ജോലിക്കാരും അന്നു തന്നെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. നോട്ടർഡാമിൽ നിന്ന്​ ഫ്രാൻസിലേക്കായിരുന്നു കൈരളിയുടെ ആദ്യത്തെ യാത്ര. അവിടെ നിന്ന്​ ഫുഡ് കോർപ്പറേഷന്റെ 20,000 ടൺ ഗോതമ്പുമായി കോഴിക്കോട് തുറമഖത്തേക്ക് വന്നു. 15,000 ടൺ ഗോതമ്പ്, കോഴിക്കോട് ഇറക്കിയതിനുശേഷം കപ്പൽ കൊച്ചിയിലേക്ക് ചെന്നു. കൊച്ചി തുറമുഖത്തിന്റെ ആഴക്കുറവു കാരണമായിരുന്നു അത്​.

പിന്നീടുള്ള നാലുവർഷം എം വി കൈരളി കടലുകളിൽ നിന്ന് കടലുകളിലേക്ക് ചരക്കുകളുമായി ഒഴുകിനടന്നു. മലയാളികളായ മൂന്നു പേരായിരുന്നു കപ്പലിലെ മുഖ്യ ജീവനക്കാർ. ക്യാപ്റ്റൻ കോട്ടത്തുകാരനായ മരിയാ ദാസ് ജോസഫ്, ചീഫ് എഞ്ചിനീയർ എറണാകുളത്തുകാരൻ എബി മത്തായി, റേഡിയോ ഓഫീസർ മലപ്പുറത്തുകാരൻ ബേബി സെബാസ്റ്റ്യൻ. അവരെക്കൂടാതെ 23 മലയാളികൾ ഉൾപ്പടെ ആകെ 51 പേരായിരുന്നു അവസാന യാത്രയിൽ കപ്പലിലുണ്ടായിരുന്നത്.

ഏകദേശം 20,000 ടൺ ഇരുമ്പയിരുമായി ജർമ്മനിയിലെ റോസ്റ്റോക്ക് തുറമുഖത്തേക്കാണ് 1979 ജൂൺ 30ന്​ മർമ്മഗോവയിൽ നിന്ന്​ കപ്പൽ പുറപ്പെട്ടത്.

ഷെഡ്യൂൾ പ്രകാരം ജൂലൈ എട്ടാം തിയ്യതി ജിബൂട്ടിയിൽ നിന്ന്​ ഇന്ധനം നിറക്കേണ്ടതായിരുന്നു. പക്ഷേ, കപ്പൽ അന്ന് ജിബ്രൂട്ടിയിൽ എത്തിയില്ല. ദൂരൂഹമയ അപ്രത്യക്ഷമാവൽ പുറംലോകം അറിയുന്നത് ജൂലൈ 11ന്​ ജിബ്രൂട്ടിയിൽ കപ്പൽ എത്തിയിട്ടില്ലെന്ന വിവരം ഷിപ്പിംഗ് കോർപ്പേഷനെ അവിടത്തെ ഏജൻറ്​ വിളിച്ചറിയിച്ചതു മുതലാണ്. അതിനു പിന്നാലെ നേവിയും മറ്റും ദിവസങ്ങളോളം അറബിക്കടലിൽ കൈരളിക്കായി വലിയ തിരച്ചിൽ തന്നെ നടത്തി. ഏദൻ, ജിബൂട്ടി റേഡിയാ വഴി കപ്പലിലേക്ക് സന്ദേശങ്ങളയച്ചു.

ആ സന്ദേശങ്ങളൊന്നും കൈരളി സ്വീകരിച്ചില്ല.

ലേയ്ഡ്‌സ് ഇന്റലിജൻസ് വഴിയും അന്വേഷണം നടത്തി. പക്ഷേ, കൈരളിയുടേതെന്നു കരുതുന്ന ഒരു മരക്കഷ്ണം പോലും ആർക്കും കണ്ടെത്താനായില്ല. കൈരളിയെ ദുരൂഹമായി അറബിക്കടൽ എവിടെയോ ഒളിപ്പിച്ചു! പിന്നീട് കപ്പൽജീവനക്കാരുടെ കുടുംബങ്ങൾ ഒരു സ്വകാര്യ കമ്പനി വഴി കൈരളിയെ അന്വേഷിക്കാൻ ഒരു ശ്രമം നടത്തിയിരുന്നെങ്കിലും അതും ഫലവത്തായില്ല. ഇൻഷൂറൻസ് തുക കൈപ്പറ്റിയ ഷിപ്പിംഗ് കോർപ്പറേഷനും കൂടുതലൊന്നും ചെയ്തില്ല.

51 മനുഷ്യരുടെ ജീവന് വിലയിട്ട് വീതിച്ചുകൊടുത്തൊന്നു മാത്രം.

1985-ഫെബ്രുവരി 17; അന്നാണ് ഞാൻ നേവീന്ന് വിട്ടത്. അതിന്റെ നാലാംപക്കം നേരെ ചെന്നത് വലിയ തുറയിലെ അക്കാലത്തെ ഏറ്റവും നല്ല മീൻപിടുത്തക്കാരൻ ആഞ്ചലോസിന്റെ അടുത്തേക്കാണ്. കടലിനെ കൈവള്ളപോലെ അറിയുന്നവനാണ് ആഞ്ചലോസെന്നാണ് തുറക്കാര് പറയാറുള്ളത്.

ഞാൻ ചെല്ലുമ്പോൾ ആഞ്ചലോസ് കടലിലേക്ക് പോവാനുള്ള ഒരുക്കത്തിലായിരുന്നു. എന്നെ കണ്ടതും അപ്പനെ ചോദിച്ചു.

കട്ടമരത്തീന്ന് വീഴുന്നതിനു മുമ്പുവരെ അപ്പനും ആഞ്ചലോസും ഒന്നിച്ചാണ് മീൻ പിടിക്കാൻ പോയിരുന്നത്. അപ്പനെക്കുറിച്ച് ഓരോന്ന് പറഞ്ഞുകൊണ്ട് ഞങ്ങൾ കടപ്പുറത്തേക്ക് നടന്നു. നേവീന്ന് ജോലി വിട്ടതിന് ആഞ്ചലോസ് എന്നെയൊത്തിരി വഴക്ക് പറഞ്ഞു. പക്ഷേ, അപ്പനാണ് എന്നെ അയാളുടെ അടുത്തോട്ട് പറഞ്ഞു വിട്ടതെന്നു കേട്ടപ്പോൾ ഒന്നടങ്ങി.

ചെന്ന കാര്യം പറഞ്ഞപ്പോൾ അയാളൊന്ന് ഞെട്ടി. അത് ഞാൻ പ്രതീക്ഷിച്ചതാണ്. പക്ഷേ, ഞാൻ വിടാതെ പിടിച്ചപ്പോൾ ആഞ്ചലോസ് അക്കാര്യം പറയാൻ തയ്യാറായി. അതായത്, 79-ൽ കപ്പൽ കാണാതായെന്നു കരുതുന്ന അതേസമയത്ത് വലിയതുറയിൽ നിന്ന്​ പുറങ്കടലിലായിരുന്ന ആഞ്ചലോസ് ചില അപ്രതീക്ഷിത സംഭവങ്ങൾക്ക് സാക്ഷിയായത്.

അപ്പനോട് മാത്രം പറഞ്ഞ രഹസ്യമായിരുന്നത്. അതിനെക്കുറിച്ചാണ് ഞാൻ ചോദിച്ചിരിക്കുന്നത്.

കടലിന്റെ നനവിങ്ങനെ മുട്ടിയിരുമ്മി നിൽക്കുന്ന ആ നിലാവിൽ ആഞ്ചലോസിന്റെ മുഖത്ത് ആറുകൊല്ലം മുന്നത്തെ രാത്രി തെളിയുന്നത് കണ്ടു.

അയാളൊരു നിശ്വാസമെടുത്തു. പിന്നെ എന്നേയും കൂട്ടി കയറ്റിയിട്ട കട്ടമരത്തിന്റെ അണിയത്ത് ഇരുന്നു.

കടൽ കയറി വരുന്ന കാറ്റിൽ നരവീണ അയാളുടെ നീളൻ മുടി പാറി.
കണ്ണുകളിൽ മുന്നിലെ കടൽ പ്രതിഫലിച്ചു. ഒരു നിശ്വാസമെടുത്ത് ആഞ്ചലോസ് അരയിൽ നിന്നൊരു ബീഡിയെടുത്ത് കത്തിച്ചു.
പിന്നെയതിന്റെ പുക കാറ്റിനെതിരെ ഊതിവിട്ടു.
ആ പുകച്ചുരുളുകൾക്കൊപ്പം ആഞ്ചലോസ് ആ ദിവസത്തിന്റെ വലയെനിക്കു മുന്നിൽ കുടഞ്ഞിട്ടു.

സെബാനെ, ഞാനന്ന് തനിച്ചാണ് കടലീ പോയത്. അതിനൊരു കാരണമുണ്ടായിരുന്നു. അതായത്, പുതിയ പാരുകൾ കണ്ടെത്താൻ അന്ന് ഞങ്ങൾക്കിടയിലൊരു കിടമത്സരമുണ്ടായിരുന്നു. അത് എന്താണെന്നു വച്ചാല്, ഈ പാരുകളിൽ നിറയെ മീനുണ്ടാവും. മറ്റാരേലുമത് കണ്ടെത്തുന്നതുവരെ നമ്മുടെ മാത്രം സ്വന്തമാണത്. അങ്ങനെയൊരു പാര് തെരഞ്ഞിറങ്ങിയ ഒരു ദിവസമായിരുന്നത്. അന്നത്ര നല്ല കടലായിരുന്നില്ല. മോശം കാലാവസ്ഥയിൽ എന്നേയും കട്ടമരത്തേയും കാറ്റ് മുകളിലേക്ക് വലിച്ചുകൊണ്ടു പോവുകയായിരുന്നു. ആദ്യമാദ്യം കരയിലെ ഓരോ കണിച്ചങ്ങൾ ഞാൻ കണ്ടിരുന്നു. പയ്യെ, ഒന്നും കാണാൻ കഴിയാത്ത മഴയായി. ദിക്കുപോലും അറിയാൻ കഴിയാതെ, പേടിച്ച് കട്ടമരത്തിൽ പിടിച്ചിരുന്നു. മണിക്കൂറുകൾ കഴിഞ്ഞ്, കാറ്റും കോളും ഒന്നടങ്ങിയപ്പോൾ ഞാൻ വിലങ്കിൽ എത്തിയിരുന്നു. ആ സമയത്ത് ഒന്നോ രണ്ടോ വലിയ കപ്പലുകൾ അടുത്തുകൂടെ പോവുകയും ചെയ്തു. ഭാഗ്യത്തിന് അതിനുള്ളിൽ പെട്ടില്ല. ഞാൻ ഓട്ടുമരം നേരെയാക്കി മാനത്തോട്ട് നോക്കി കുരുശുവെള്ള എവിടെയാണെന്ന് തിരഞ്ഞു. ഒരു പൊട്ടുപോലെ മാത്രമത് കണ്ടപ്പോൾ ഞാനങ്ങ് ഒഴുകിയൊഴുകി കടലിന്റെ വടക്കോട്ടാണ് എത്തിയതെന്ന് മനസ്സിലായി. അപ്പോഴും അത്യാവശ്യം ശക്തിയോടെ തന്നെ വാടക്കാറ്റ് വീശുന്നുണ്ടായിരുന്നു.

എന്തുചെയ്യണമെന്നറിയാതെ കർത്താവിനെ വിളിച്ച്, കുരിശുവരച്ച് നടുക്കട്ടിയിൽ ഇരുന്നു. കടൽപ്പരുവമാണേല് ഒരോ നിമിഷത്തിലും മോശമാവാൻ തുടങ്ങി. ഇനിയൊരിക്കലും കുടുംബത്തെ കാണാതെ കടലിൽ തീർന്നതുതന്നെയെന്നു ഞാൻ കണക്കുകൂട്ടി. എനിക്കാണേല് കരച്ചില് വന്നിട്ട് നിർത്താൻ പറ്റുന്നുമില്ല. കർത്താവിനെ വിളിച്ചോണ്ട് ആവുന്നത്ര വേഗത്തിൽ തുഴഞ്ഞു. എത്ര തുഴഞ്ഞിട്ടും കട്ടമരം നിന്നിടത്തു തന്നെ കറങ്ങി തിരിയുകയല്ലാതെ ഒരടി മുന്നോട്ടു പോവുന്നുണ്ടായിരുന്നില്ല. ആ നേരത്താണ് ഏകദേശം പത്തുകമ്പ ദൂരെ ഒരൂ കൂറ്റൻ കപ്പലിന്റെ തലമോരി കണ്ടത്. അതിന്റെ ഔളത്തിൽ കമ്പമരം ഒന്നുലഞ്ഞു. മറിഞ്ഞതുതന്നെയെന്ന് ഞാനുറപ്പിച്ചതാണ്. എന്തോ പിള്ളേരുടെ ഭാഗ്യത്തിനത് സംഭവിച്ചില്ല. ഞാൻ വീണ്ടും പാമരത്തടി നേരയാക്കി. പക്ഷേ കാറ്റപ്പോഴും വടക്കോട്ട് തന്നെയാണ് വീശിയത്. ഏതെങ്കിലും കരയിലെത്തി ജീവൻ മാത്രം തിരിച്ചുകിട്ടിയാ മതിയെന്നു മാത്രമാണ് ആ നേരത്ത് ചിന്തിച്ചത്. ഇടയ്കിടെ മാനം നോക്കി ദിക്ക് തിരഞ്ഞു. അപ്പോഴെല്ലാം കട്ടമരത്തെ ഏതോ പുള്ളിസ്രാവ് വലിച്ചുപോവുന്നതു പോലെ കടലിന്റെ വടക്കു പടിഞ്ഞാറ് ഉള്ളിലേക്കാണ് പോയിരുന്നത്.

എന്റെ ഊഹം ശരിയാണേല് അപ്പോൾ പാതിരാത്രി ഏകദേശം പതിനൊന്നര കഴിഞ്ഞു കാണും. മുന്നിലൊരു കൂറ്റൻ തിര വന്നു മറിഞ്ഞു. അതിന്റെ മറിച്ചിലിൽ നിന്നും ഒരു തങ്കീസ് നൂലിന്റെ വണ്ണത്തിലാണ് ഞാൻ രക്ഷപ്പെട്ടത്! പക്ഷേ, മരത്തിലുണ്ടായിരുന്ന കഞ്ഞിയും മറ്റും എടുത്തോണ്ടാണ് കടല് പോയത്. വിശപ്പും ദാഹവും സഹിച്ച് ഞാനാ പെരുങ്കടലിൽ ഒഴുകി നടന്നു. കുറേ നേരത്തേക്ക് ഞാനും കടലും മാത്രമാണ് ഉണ്ടായിരുന്നുള്ളൂ. അതിനിടയില് കുരിശുവെള്ളി നോക്കിയപ്പോൾ ചെറിയൊരു ആശ്വാസം തോന്നി. കാരണം അപ്പോൾ ഞാനുള്ളത് കപ്പൽ ചാലീന്ന് മാറിയായിരുന്നു. പക്ഷേ, കോളിനൊരു കുറവുമില്ലായിരുന്നു. കോളെന്നു പറഞ്ഞാല് ചരലു വാരിയെറിയുന്നതു കണക്കുള്ള കോള്. അതിനൊപ്പം ഇടിയും മിന്നലും. മിന്നലിന്റെ വാളുകള് കടലിന്റെ നെഞ്ചിലോട്ടു വീണ് മുറിയുന്നത് കണ്ടാല് ആരുമൊന്നു പേടിക്കും. ഇകടലിന്റെ ഇരുട്ടിലത് ചെകുത്താന്റെ കണ്ണുപോലെ ചുവന്നു. വലിയൊരു കപ്പല് കത്തിവീഴുന്നതു പോലെയാണത് കടലീ വീണ് പൊട്ടുന്നത്! പിന്നേയും ഏറെ നേരം കഴിഞ്ഞാണ് ഞാനാ കാഴ്ച കാണുന്നത്.

-ആഞ്ചലോസ് ഒന്നു നിർത്തി ഒരു ബീഡി കൂടെ കത്തിച്ചു. അപ്പോഴാണ് കൂട്ടുതുഴക്കാര് ആഞ്ചലോസിനെ വിളിച്ചത്. ആഞ്ചലോസ് അവരുടെ അടുത്തേക്ക് നടക്കുമ്പോൾ ഞാൻ അയാൾക്ക് പറയാനുള്ളത് മറ്റൊരു ദിവസത്തേക്ക് മാറിയതിന്റെ നിരാശയിലിരുന്നു.

രണ്ട്

വീട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും മനസ് മുഴുവൻ ആഞ്ചലോസ് പറഞ്ഞ കാര്യങ്ങളായിരുന്നു. പക്ഷേ, അന്നയാൾ എന്താവും കണ്ടതെന്ന് ഒരുപിടിയുമില്ല. അപ്പൻ പറഞ്ഞതനുസരിച്ചാണേല് അയാളെ വിശ്വസിക്കാം.

മുറിയിൽക്കയറി രണ്ടുകൊല്ലത്തെ നേവീ ജീവിതത്തിനിടയിൽ തയ്യാറാക്കിയ കപ്പലപകടങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ ഒന്നുകൂടെ പരിശോധിക്കാനിരുന്നു. നേവീലെ ഇൻസ്ടക്ടറായിരുന്ന വെങ്കിടാചലം സാറാണ് മിക്കവാറും വിവരങ്ങൾ നൽകിയത്. സാറിനോട് മാത്രമാണ് ജോലി വിടാനുള്ള കാരണം പറഞ്ഞത്. എല്ലാവരേയും പോലെ അദ്ദേഹവും ആദ്യമൊന്ന് അമ്പരന്നു. പക്ഷേ, ഞാനെന്തിനാണ് ഇറങ്ങിത്തിരിക്കുന്നതെന്നു കേട്ടപ്പോൾ അദ്ദേഹം മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.

അന്നു തന്നെ ചില വിവരങ്ങളടങ്ങിയൊരു സ്വകാര്യ ഫയൽ എനിക്ക് തരികയുമുണ്ടായി. അതിലെന്താണെന്ന് നോക്കിയിട്ടില്ല. പക്ഷേ, അദ്ദേഹം എന്നെയൊരു കാര്യം ഓർമ്മിപ്പിച്ചിരുന്നു. അതായത്, കപ്പലപകടങ്ങളിലെ ഏറ്റവും പ്രാഥമികമായൊരു സംഗതി എന്താണെന്ന് വച്ചാല്, അപകടം നടന്ന ഏറ്റവും അടുത്ത നിമിഷം തുടങ്ങുന്ന തിരച്ചിലാണ്. വൈകുന്ന ഓരോ നിമിഷവും കണ്ടെത്താനുള്ള സാധ്യത ഇല്ലാതാവുകയാണ്. കൈരളിയുടെ കാര്യത്തിൽ സംഭവിച്ചതും അതാണ്.

ലഭ്യമായ വിവരങ്ങളനുസരിച്ച്, 79 ജൂൺ 30-ാം തിയ്യതിയാണ് കപ്പൽ മർമ്മഗോവയിൽ നിന്ന്​ 20,000 ലധികം ടൺ ചരക്കുമായി യാത്ര തുടങ്ങിയത്. ബോംബൈ റേഡിയോ വഴിയാണ് റേഡിയോ കമ്യൂണിക്കേഷൻ നടത്തിയത്. അതുപ്രകാരം ജൂലൈ മൂന്നിന്​ രാത്രി എട്ടുമണിക്കാണ് അവസാനമായി സന്ദേശം ലഭിച്ചത്. പുറപ്പെടുന്നതിനു മുൻപ് തന്നെ ക്യാപ്റ്റനും ഷിപ്പിംഗ് കോർപ്പറേഷനിലെ ഉദ്യോഗസ്ഥരും തമ്മിൽ വാഗ്വാദം നടന്നെന്നു പറയുന്നുണ്ട്. പ്രത്യേകിച്ച്, അവസാനമായി നടന്ന വിരുന്നുസത്കാരത്തിൽ. കപ്പലിന് ചില സാങ്കേതിക തകരാറുകളുണ്ടെന്നും അത് പരിഹരിക്കാതെ പോവാൻ തയ്യാറെല്ലെന്നുമാണ് ക്യാപ്റ്റൻ കോർപ്പറേഷനെ അറിയിച്ചതെന്നാണ് അനൗദ്യോഗികമായി കിട്ടയ വിവരം. അതിൽതന്നെ റേഡിയോ കമ്യൂണിക്കേഷൻ ഉപകരണത്തിന് കാര്യമായ തകരാറുണ്ടായിരുന്നെന്നും അന്നത്തെ വാർത്തകളിൽ പറയുന്നുണ്ട്. അതൊക്കെ സത്യമാവാനാണ് സാധ്യത.

അറിഞ്ഞിടത്തോളം വിദഗ്ധനായൊരു കപ്പിത്താനായിരുന്നു മറിയാ ദാസ്. അങ്ങിനെയാണെങ്കിൽ 79-ജൂലൈ മൂന്നിനും എട്ടിനും ഇടയിലുള്ള ഏതോ ഒരു ദിവസമാണ് കപ്പലിന് അപകടം സംഭവിച്ചിരിക്കുന്നത്. അതൊരു പക്ഷേ, ഒരു കൊള്ളയാവാം, അതല്ലെങ്കിൽ കാലാവസ്ഥ മോശമായതുകാരണമാവാം.

ആദ്യത്തേതാണേൽ, പനാമയിൽ വെച്ച് രേഖകൾ മാറ്റിയിട്ടുണ്ടാവും. അതു കണ്ടെത്തുകയെന്നത് പ്രയാസമാണ്.

രണ്ടാമത്തേതാണെങ്കിൽ എണ്ണപ്പാടകൾ കാണേണ്ടതാണ്.

അന്വേഷിച്ചവർക്കൊന്നും പ്രത്യേകിച്ച് എവിടെവെച്ചാണ് അപകടം നടന്നതെന്നതിന് യാതൊരു സൂചനയുമില്ല. ആകെയുള്ളത് ചില നിഗമനങ്ങൾ മാത്രമാണ്.

ആ ദിവസങ്ങൾ കടൽ തീർത്തും മോശമായിരുന്നെന്ന് ആഞ്ചലോസ് പറഞ്ഞ കാര്യങ്ങൾ വച്ച് ഉറപ്പിക്കാം. വെങ്കിടാചലം സാറ് തന്ന ഫയലിനുള്ളിൽ എന്തെങ്കിലുമൊരു സൂചന കാണുമെന്ന പ്രതീക്ഷ തെറ്റിയില്ല. കാരണം, നേവിയിൽ ഇൻസ്ടക്ടറാവുന്നതിനുമുൻപ് അദ്ദേഹം മറൈൻ നേവിയുടെ മറ്റൊരു കപ്പലിലെ ഫസ്റ്റോഫീസറായിരുന്നു. അന്വേഷണത്തിനു സഹായകരമാവുന്ന ചില സുപ്രധാന വിവരങ്ങൾ അതിനകത്തുണ്ടായിരുന്നു.

അദ്ദേഹം മുൻപ് സൂചിപ്പിച്ചിരുന്നതു പ്രകാരം 79 ജൂലൈ നാലിന്​ മർമ്മഗോവക്ക് ഏതാണ്ട് 50 നോട്ടിക്കൽ മൈൽ ദൂരത്ത് ഒരു ബ്രിട്ടീഷ് ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടിരുന്നു. ഫയൽ തുറന്നപ്പോൾ അതിനകത്തൊരു മറൈൻമാപ്പും ഉണ്ടായിരുന്നു.

ഞാനാ ഫയൽ തുറന്നു വായിക്കാനിരുന്നു.

1979 ജൂലൈ നാലാം തിയ്യതി രാത്രി, പതിവ് പട്രോളിങ്ങിനിടയിലാണ് ഞാൻ ആ കാഴ്ച കണ്ടത്.

നേവിയുടെ കപ്പലിനു സമീപത്തുകൂടെ ഒരു ലൈഫ് ബോട്ട് വന്നു നിന്നു. അതിനകത്തുള്ള മൂന്നു പേരിൽ ഒരാൾ തീർത്തും അവശനായിരുന്നെന്ന് മനസ്സിലായി. ഉടനെ ഞാൻ ക്യാപ്റ്റനുമായി ബന്ധപ്പെട്ടു. ക്യാപ്റ്റന്റെ നിർദ്ദേശമനുസരിച്ച് ഉടൻ തന്നെ അവരെ കപ്പലിലേക്ക് കയറ്റി പ്രഥമ ശ്രുശ്രൂഷ നൽകി.

അതിനിടയിൽ അവര് തങ്ങളുടെ കപ്പൽ കൂറ്റൻ തിരയിൽ പെട്ട് രണ്ടായി മുറിഞ്ഞതും പറഞ്ഞു. അതു കേട്ടയുടനെ ഞങ്ങൾ ഏകദേശം ഇരുപത്തേഴ് മൈൽ തെക്ക് മാറിയുള്ള ഉൾക്കടലിലേക്ക് പുറപ്പെട്ടു. അത്യാവശ്യം വന്നാൽ ആളുകളെ ചികിത്സിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കി.

ഞങ്ങളെത്തുമ്പോൾ സാമാന്യം വലുപ്പമുള്ള ആ കപ്പലിന്റെ മുക്കാൽ ഭാഗവും മുങ്ങിത്താഴ്ന്നിരുന്നു. എന്നിട്ടും രണ്ടു പിളർപ്പായ ആ കപ്പലിൽ നിന്നും പതിനഞ്ചോളം ആളുകളെ രക്ഷിച്ചു. അക്കൂട്ടത്തിൽ കപ്പലിന്റെ ക്യാപ്റ്റൻ, ഗോവൻ സ്വദേശിയായ എസ്തനോസും ഉണ്ടായിരുന്നു.

മർമ്മഗോവയിൽ നിന്ന്​ 10,000 ടൺ ചരക്കുമായി ബോസ്റ്റൺ തുറമുഖത്തക്ക് പോവുകയായിരുന്ന കപ്പലിന് എന്താണ് സംഭവിച്ചതെന്ന് ക്യാപ്റ്റനടക്കം ആർക്കും വലിയ നിശ്ചയമില്ലായിരുന്നു. പിന്നീടാണ് കപ്പലിൽ വെള്ളം കയറിയതാണെന്ന് തിരിച്ചറിഞ്ഞത്. കൂട്ടത്തിലുള്ള അഞ്ചുപേരെ കാണാതായെങ്കിലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. ആ രാത്രിയിലെ മോശം കാലാവസ്ഥ കാരണം അടുത്ത ദിവസം രാവിലെയാണ് നേവിയുടെ കപ്പലിന് തുറമുഖത്ത് എത്താനായത്.

മറ്റൊരു കപ്പൽ കൂടെ അപകടത്തിൽ പെട്ടതായി ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാര് ചില സൂചനകൾ തന്നിരുന്നു. പക്ഷേ, തീർത്തും പ്രതികൂലമായ ആ കാലാവസ്ഥയിൽ അവരെ തിരയാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഈ വിവരം ഉടൻ തന്നെ നേവി ആസ്ഥാനത്ത് അറിയിച്ചു. പക്ഷേ, അവർക്കും പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

മഴ മാറി ആകാശം തെളിഞ്ഞപ്പോൾ മൂന്ന് നേവി ഹെലികോപ്റ്ററുകൾ ഏഴുമണിക്കൂർ കടലിൽ തിരച്ചിൽ നടത്തി.അവര് ആകെക്കൂടെ കണ്ടെത്തിയത് ബ്രിട്ടീഷ് കപ്പലിൽ നിന്നും കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങളാണ്. മറ്റൊരു കപ്പൽ അപകടത്തിൽപെട്ടതിന്റെ യാതൊരു സൂചനകളുമില്ലായിരുന്നു. പക്ഷേ, എസ്തനോസ് താനത് കണ്ടതാണെന്ന് ഉറപ്പിച്ചു പറഞ്ഞു. അതിന്റെ ഏഴാമത്തെ ദിവസമാണ് കേരള ഷിപ്പിംഗ് കോർപ്പറേഷനിൽ നിന്നും തങ്ങളുടെ കപ്പൽ കാണാതായ വിവരം നേവിക്ക് കൈമാറിയത്. ആ ദിവസങ്ങളിൽ അധികമാരും അറിയാത്തൊരു മറ്റൊരു സംഭവം അറബിക്കടലിൽ നടന്നിരുന്നു.

1979 ജൂലൈ അഞ്ചിന്​ രാത്രി 11 മണിക്ക് ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച് വന്നൊരു പാകിസ്ഥാൻ സബ് മറൈൻ കാണ്ട്‌ല തുറമുഖത്തിന് സമീപം നിലയുറപ്പിച്ചെന്ന വിവരം ലഭിച്ചു.

അന്ന് കാണ്ട്‌ലക്കുസമീപം ഇന്ത്യയുടെ മൂന്ന് യുദ്ധക്കപ്പലുകളുണ്ടായിരുന്നു. യുദ്ധം കഴിഞ്ഞതിനുശേഷം അങ്ങനെയൊരു നീക്കം ഏതുനിമിഷവും സംഭവിക്കാമെന്ന് അന്നത്തെ ചീഫ്അഡ്മറലിന് മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ കടലിൽ കൃത്യമായ നിരീക്ഷണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ വിവിധ ഡിസ്ടറോയറ്ററുകൾ സദാസമയവും പ്രമുഖ തുറമുഖങ്ങൾക്ക് സമീപത്ത് നിലയുറപ്പിച്ചു. മറ്റ് സംവിധാനങ്ങളും നിദാന്ത ജാഗ്രതയിലായിരുന്നു.

ഗുജാറത്തിലെ നേവിയുടെ സിഗ്‌നൽ സ്റ്റേഷനിൽ ഇന്ത്യൻ സബ് മറൈനുകളുടെയല്ലാത്ത ഒരു സിഗ്‌നൽ നേവി ഇന്റലിജൻസ് കണ്ടെത്തുന്നത് ജൂലൈ നാലിന്​ രാത്രി 11 മണിക്കാണ്. ഉടൻ തന്നെ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമുള്ള എല്ലാ ഇന്ത്യൻ സന്നാഹങ്ങൾക്കും സന്ദേശം കൈമാറി. എല്ലാവരും ഹൈലീ അലർട്ടായി.

അതനുസരിച്ച് തിരച്ചലിനിറങ്ങിയ നേവി, കാണ്ട്‌ലക്കുസമീപം പാകിസ്ഥാൻ സബ് മറൈന്റെ സാന്നിദ്ധ്യം മനസ്സിലാക്കുകയും ചെയ്തു.

പക്ഷേ, എങ്ങിനെയോ ഇന്ത്യ തങ്ങളെ കണ്ടെത്തിയെന്നറിഞ്ഞ ആ സബ്മറൈൻ പെട്ടന്നു തന്നെ കറാച്ചി തുറമുഖത്തിനടുത്തേക്ക് നീങ്ങി. അതിനുശേഷം നിരീക്ഷണങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്തു. ആ ഒരു സംഭവത്തിന് ഇടയിലാണ് കൈരളിയുടെ തിരോധാന വാർത്ത വന്നത്. അതുകൊണ്ടാവും കൈരളിയെക്കുറിച്ച് വലിയതോതിലുള്ള അന്വേഷണം നടക്കാതിരുന്നത്.

മാത്രമല്ല, കേരള ഷിപ്പിംഗ് കോർപ്പറേഷൻ പറഞ്ഞതനുസരിച്ച് മൂന്നാം തിയ്യതി രാത്രി എട്ടുമണിക്കാണ് കൈരളിയിൽ നിന്നുമുള്ള അവസാനത്തെ റേഡിയോ സന്ദേശം ലഭിച്ചത്. ആ സമയത്ത് മിക്കവാറും കപ്പൽ ഇന്ത്യൻ തീരം വിട്ട് ഇന്റർനാഷണൽ ഷിപ്പിംഗ് റൂട്ടിലേക്ക് കയറിയിട്ടുമുണ്ടാവും.

പക്ഷേ, അന്ന് ആ റൂട്ടിൽ സഞ്ചരിച്ച ഇരുപതോളം കപ്പലുകളിൽ ഒരെണ്ണം പോലും കൈരളിയുടെ സാമിപ്യം കണ്ടതായി രേഖപ്പെടുത്തിയിട്ടില്ല. പാക് സബ് മറൈന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതു മുതൽ ഇന്റലിജൻസ് സംവിധാനങ്ങൾ ജാഗ്രതയിലായിരുന്നു. അതിനെ പിന്തുടർന്ന് പല അന്വേഷണങ്ങളും നടന്നു. അതിൽ കൈരളിയുടെ തിരോധാനത്തിനുപിന്നിൽ ആ സബ് മറൈന് പങ്കുണ്ടെന്ന് ആദ്യം സംശയിച്ചിരുന്നു.

പക്ഷേ, കാണ്ട്‌ലക്കും മർമ്മഗോവക്കും ഇടയിലുള്ള ഏകദേശം മുഴുവൻ കടലിലും ഇന്ത്യൻ നേവി ദിവസങ്ങളോളം അരിച്ചുപെറുക്കിയുള്ള അന്വേഷണങ്ങൾ നടത്തി. അന്നത്തെ എല്ലാവിധ സംവിധാനങ്ങളും അതിനായി ഉപയോഗിച്ചു. എന്നിട്ടും കൈരളിയെക്കുറിച്ചുമാത്രം യാതൊരു വിവരവും ലഭിച്ചില്ല.

നേവിയിലെ അന്നത്തെ ഉദ്യേഗസ്ഥരിൽ ചിലർ പറയുന്നത് പ്രകാരം കൈരളിക്ക് അപകടം സംഭവിച്ചിരിക്കുന്നത് ജിബൂട്ടിക്ക് അടുത്ത് വച്ചാണെന്നാണ്. അതിനെ സാധൂകരിക്കാനായി അവർ പറയുന്നത്, പശ്ചിമ നാവിക കമാന്റിന്റെ വിമാനങ്ങൾ ‘സെക്കോട്രെ ദ്വീപിന്' സമീപത്ത് കൈരളിയെന്നു കരുതാവുന്ന ഒരു കപ്പൽ കണ്ടെത്തിയിരുന്നു. യമൻ റിപ്പബ്ലികിന്റെ അധീനതയിലുള്ള ആ ദ്വീപിൽ ആൾത്താമസവും ഇല്ല. അവിടെ ആകെയുള്ളതൊരു ലൈറ്റ് ഹൗസാണ്. റേഡിയോ ബന്ധം നഷ്ടമായി ഇന്ധനം തീർന്ന് മറ്റുവഴികളൊന്നുമില്ലാതെ അവിടെ അടുത്തെന്നാണ് അവരുടെ വാദം. പക്ഷേ, ജീവനക്കാരുടെ യാതൊരു വിവരങ്ങളും ലഭിക്കാത്തതാണ് അത് കൈരളിയാണെന്ന് ഇപ്പോഴും ഉറപ്പിക്കാൻ കഴിയാത്തത്. മറ്റൊന്ന് ഏകദേശം ഒരു മാസം കഴിക്കാനുള്ള ഭക്ഷ്യ വസ്തുക്കൾ കപ്പലിൽ ഉണ്ടായിരുന്നു. മാത്രമല്ല, താഴ്ന്നു പറന്ന നിരീക്ഷണ വിമാനങ്ങൾക്കും സംശയാസ്പദമായ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

മറ്റു ചിലർ വിശ്വസിക്കുന്നത് കൈരളിയും അതിനകത്തുള്ള 20,000 ടൺ ഇരുമ്പയിരും ഏതോ കടൽക്കൊള്ളക്കാർ തട്ടിയെടുത്തെന്നാണ്. അക്രമണത്തെ എതിർത്ത ക്യാപ്റ്റനടക്കമുള്ള ജീവനക്കാരെ അവർ കൊലപ്പെടുത്തിയെന്നാണ് അക്കൂട്ടരുടെ വിശ്വാസം.

നേവി ഇന്റലിജൻസിൽ നിന്ന്​ റിട്ടയർ ചെയ്ത ഒരു ഉദ്യോഗസ്ഥൻ മറ്റൊരു സാധ്യതകൂടെ മുന്നോട്ടു വെക്കുന്നുണ്ട്.

ശ്രീലങ്കയിലെ എൽ.ടി.ടിക്കാർ കപ്പൽ തട്ടിയെടുത്തെന്നാണത്. ആ സാധ്യത പ്രകാരം മർമ്മഗോവ തുറമുഖം വിട്ട കൈരളി, മോശം കാലാവസ്ഥയും സാങ്കേതിക തകരാറുകളും കാരണം 15 ഡിഗ്രി നോർത്തിൽ നിന്ന്​ പുറപ്പെട്ട കൈരളി ഗതി മാറി സഞ്ചരിച്ചതാവും. അതിനിടയിൽ എൽ.ടി.ടി പിടിച്ചെടുക്കകയും നിറവും മറ്റും മാറ്റി തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. ചെറുത്തുനിൽക്കാൻ ശ്രമിച്ച ജീവനക്കാരെ യാതൊരു ദയയുമില്ലാതെ അവർ വധിച്ചതാവും.

നേവി ഇന്റലിജൻസ് ഇത് പറയാൻ മറ്റൊരു കാരണം കൂടെയുണ്ട്.

1979- ആഗസ്ത് മാസം ശ്രീലങ്കയിലെ യാലയ്ക് സമീപം ഒരു എൽ.ടി.ടി കപ്പലിനെ ശ്രീലങ്കൻ സൈന്യം മുക്കിയ വിവരം ഇന്റലിജൻസിന് ലഭിച്ചിരുന്നു. അതിനകത്തുണ്ടായിരുന്ന മുഴുവൻ എൽ.ടി.ടിക്കാരും സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു. ഇന്ത്യൻ ഇന്റലിജൻസിന് ഈ വിവരം ലഭിച്ചെങ്കിലും ഔദ്യോഗിക രേഖകൾ പ്രകാരം ഇങ്ങനെയൊരു സംഭവം നടന്നതായി എവിടേയുമില്ല. മാത്രമല്ല ഇരുന്നൂറ് മീറ്ററിലധികം ആഴമുള്ള പ്രദേശമായിരുന്നത്. ആ പ്രദേശത്ത് ഒരു തിരച്ചലിന് കഴിഞ്ഞതുമില്ല.

ഇതുമൊരു സാധ്യത മാത്രമാണ്.

യാതൊരു അന്വഷണവും നടത്താതിരുന്ന മറ്റൊരു വിവരവുമുണ്ടായിരുന്നു. അതായത് സിംഗപ്പൂർ ഷിപ്പിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മലയാളിയായ ഒരു ജീവനക്കാരൻ, മറ്റൊരു കപ്പലിൽ ജോലി ചെയ്തിരുന്ന സുഹൃത്തിന് അയച്ചൊരു സന്ദേശമായിരുന്നത്.

അതുപ്രകാരം കൈരളിയെ അറബിക്കടലിൽ വെച്ച് പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ ഒരു വിഭാഗം പിടിച്ചെടുത്തെന്നാണ്. അമേരിക്കൻ ഓയിൽ ടാങ്കറാണെന്നു കരുതിയാണ് അവരത് പിടിച്ചെടുത്തത്. ജീവനക്കാരെല്ലാെം തന്നെ സുരക്ഷിതരാണെന്നായിരുന്നു ആ സന്ദേശത്തിന്റെ ഉള്ളടക്കം. അതിനെക്കുറിച്ചും ആരും അന്വേഷിച്ചിരുന്നില്ല. ഒരു പക്ഷേ, സെബാന്റെ അന്വേഷണത്തിന് ഇക്കാര്യങ്ങളെല്ലാം സഹായകരമായേക്കും.

വെങ്കിടാചലം നൽകിയ ഫയൽ വായിച്ചുകഴിഞ്ഞപ്പോൾ, അന്വേഷണം ഒട്ടും എളുപ്പമല്ലെന്ന് മനസ്സിലായി. ഇന്ത്യൻ നേവി ഇന്റലിജൻസിനു പോലും കണ്ടെത്താൻ കഴിയാത്ത ഒരു രഹസ്യം തേടിയാണ് ഇറങ്ങിയിരിക്കുന്നത്.

അത്, ഒരേ സമയം ആശങ്കയും ആകാംക്ഷയും ആവേശവും നിറച്ചു.

രാത്രി മുഴുവൻ അതേക്കുറിച്ച് ആലോചിച്ചു. വിശാലമായ കടലിൽ അപ്രത്യക്ഷമായ കൈരളി എവിടെയായിരിക്കും? അതെന്നെ വീണ്ടും വീണ്ടും മാടിവിളിച്ചു. മനുഷ്യകുലത്തിന്റെ ആവിർഭാവം മുതലുള്ള അന്വേഷണത്വര എന്നെ വരിഞ്ഞുമുറുക്കി. രാത്രി മുഴുവൻ ഇന്ത്യയുടേയും ശ്രീലങ്കയുടേയും മറൈൻ മാപ്പുകൾ പരിശോധിച്ചു. അപ്പനും എനിക്കൊപ്പം കൂടി.

ബ്രിട്ടീഷ് കപ്പലിലെ കപ്പിത്താനായ ഗോവക്കാരനെ കണ്ടെത്തിയാൽ എന്തെങ്കിലും സൂചനകൾ ലഭിക്കുമെന്ന അപ്പന്റെ അഭിപ്രായം എന്നെ അത്ഭുതപ്പെടുത്തി. ഇക്കാര്യത്തിൽ അപ്പനും എന്തോ താത്പര്യമുണ്ടെന്ന് തോന്നി. അപ്പനോടത് നേരിട്ട് ചോദിച്ചു.

കൈരളിക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തേണ്ടത് അപ്പന്റേയും ആവശ്യമായിരുന്നു!

അപ്പൻ പറഞ്ഞ കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു.

അതായത്, കൈരളിക്കൊപ്പം കാണാതായ മനുഷ്യരുടെ കൂട്ടത്തിൽ അപ്പന്റെ അടുത്ത കൂട്ടുകാരനായ ഒരാളുണ്ടായിരുന്നു. അപ്പൻ പണ്ട് തമിഴ്‌നാട്ടിലായിരുന്ന കാലത്തെ കൂട്ടായിരുന്നത്.

തൂത്തുക്കുടിക്കാരനായ അൻപരസ്.

അടുത്ത ഒരാഴ്ച പലരേയും കണ്ടെങ്കിലും പ്രത്യേകിച്ചൊരു സൂചനകളും ലഭിച്ചില്ല. ആഞ്ചലോസിന് മാത്രമേ എന്തെങ്കിലും പറയാൻ കഴിയുകയുള്ളൂ. കാണാൻ ശ്രമിക്കുമ്പോഴെല്ലാെം അയാൾ ദുരൂഹമായി ഒഴിഞ്ഞു മാറി. അവസാനം, അപ്പൻ കൂടെ വന്നപ്പോഴാണ് അയാൾ സംസാരിക്കാൻ തയ്യാറായത്. ​▮

(തുടരും)


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments