ചിത്രീകരണം: ശശി ഭാസ്കരൻ

12°38’10’’N

എട്ട്

തുറയിലേക്ക് തിരിച്ചെത്തിയ എന്നെ ഒരു ദുരന്തവാർത്ത കാത്തിരിക്കുന്നുണ്ടായിരുന്നു. രണ്ടുദിവസം മുൻപ് അപ്പൻ മരിച്ചെന്ന യാഥാർത്ഥ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഞാൻ ബുദ്ധിഭ്രമം ബാധിച്ചതുപോലെ നിലവിളിച്ചു.

അപ്പന്റെ മരണത്തോടെ കുടുംബത്തിൽ ഞാൻ ശരിക്കും ഒറ്റപ്പെടുമെന്ന് അറിയുന്നതുകൊണ്ടായിരുന്നില്ല അത്. അവസാനമായി അപ്പനെ ഒന്നു കാണാൻ പോലും പറ്റിയില്ലെന്ന സങ്കടവും ദേഷ്യവുമായിരുന്നു.

ഒരാഴ്ചകൊണ്ടുതന്നെ അപ്പന്റെ അസാന്നിദ്ധ്യം എന്നെ ബാധിച്ചു. വീട്ടിൽ നിന്നുള്ള കുറ്റപ്പെടുത്തലുകൾ അസഹ്യമായപ്പോൾ താമസം പൂർണമായും ബോട്ടിലേക്ക് മാറ്റി. എന്റെ പണം കൊണ്ടു നിർമിച്ച വീട്ടിൽ എനിക്കിടമില്ലാതായി. അപ്പൻ മരിച്ചതിന്റെ പതിനാറിന്റന്ന് മദുഗരെയെ തേടി തമിഴ്നാട്ടിൽ നിന്ന്​ പോലീസ് വന്നു. ഭാഗ്യത്തിന് ആ സമയത്ത് അയാൾ അവിടെയില്ലായിരുന്നു. പക്ഷേ, എന്നേയും സെന്തിലിനേയും അവർ രണ്ടു മണിക്കൂർ ചോദ്യം ചെയ്തു. അതിന്റെ പേരിൽ തുറയിൽ അന്നു തന്നെ ചില മുറുമുറുപ്പുകൾ ഉയർന്നു.

എസ്തനോസ് പറഞ്ഞ കപ്പൽ പുറപ്പെടുന്നതിന്റെ ആറുദിവസം മുൻപ് രാത്രി മദുരഗെ ബോട്ടിലേക്ക് വന്നു. താടിയും മുടിയുമെല്ലാം മുറിച്ച അയാളെ ആദ്യം ഞങ്ങൾക്ക് പോലും മനസ്സിലായില്ല. പക്ഷേ, അയാളൊരു ശുഭകരമായ വാർത്തയുമായാണ് വന്നത്. ആന്തമാനിൽ താമസിക്കുന്ന തമിഴ്നാട്ടുകരായ ഒരാൾ അവിടെ ഞങ്ങളെ സഹായിക്കാനുണ്ടാവും എന്നായിരുന്നു അത്​. തമിഴ് എന്നു പേരുള്ള അയാളുടെ മുതുമുത്തച്ഛൻ സ്വാതന്ത്ര്യസമര പോരാളിയായിരുന്നു. തമിഴ് ഇപ്പോൾ പോർട്ട്ബ്ലയർ തുറമുഖത്ത് ചരക്ക് കയറ്റുന്ന ജോലിക്കാരനാണ്. അതറിഞ്ഞതുമുതൽ സെന്തിലിന് ഇരിക്കപ്പെറുതിയില്ലാതായി. തന്റെ അച്ഛനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ അവന്റെ മനസ്സിൽ ഒരു കടൽ ജനിച്ചു.

എസ്തനോസ് പറഞ്ഞ കപ്പൽ പുറപ്പെടുന്നതിന്റെ മൂന്നുദിവസം മുൻപ് ഞങ്ങൾ ഗോവയിലെത്തി. നേരെ എസ്തനോസിന്റെ താവളത്തിലേക്ക് ചെന്നു. ആ ദിവസങ്ങളിലത്രയും സെന്തിൽ സംസാരിച്ചത് അൻപരസിനെക്കുറിച്ച് മാത്രമാണ്. ലോകത്ത് ഒരു അപ്പനും മകനും തമ്മിലാണ് ഏറ്റവും സ്‌നേഹിക്കുന്നതെന്ന് എനിക്കാദ്യമായി തോന്നി. സ്വന്തം അപ്പൻ ഇല്ലാതായതിന്റെ വിഷമത്തിലും അതായിരുന്നൊരു ആശ്വാസം.

പക്ഷേ, ഗോവയിൽ കാര്യങ്ങൾ അത്ര സുഖകരമല്ലായിരുന്നു.

എസ്‌തോനോസ് ഹൃദയാഘാതം വന്ന് ആശുപത്രിയിലാണെന്നു കേട്ടപ്പോൾ ഒരു നിമിഷം സകല പ്രതീക്ഷകളും അസ്തമിച്ചു, ഞങ്ങളുടെ ഹൃദയവും നിലച്ചു. അന്നു തന്നെ എസ്തനോസ് കിടന്നിരുന്ന ആശുപത്രിയിലേക്ക് ചെന്നു. രാത്രി മുഴുവൻ അവിടെ ഇരിക്കേണ്ടിവന്നു. അടുത്ത ദിവസം രാവിലെയാണ് എസ്തനോസിനെ കാണാൻ കഴിഞ്ഞത്. ഒരാളെ മാത്രം അകത്ത് കടത്തുമെന്ന്​ ആശുപത്രിക്കാർ പറഞ്ഞപ്പോൾ ഞാൻ തന്നെ കയറി. എന്നെ കണ്ടപ്പോൾ ആ പഴയ നാവികൻ എഴുന്നേറ്റിരിക്കാനൊരു ശ്രമം നടത്തി. പിളർന്നൊരു കപ്പൽ കെട്ടിവലിക്കുന്നതു പോലെ അയാളുടെ ശരീരത്തിൽ പലതരം ഉപകരണങ്ങൾ ഘടിപ്പിച്ചതുമൂലം അതിന് കഴിഞ്ഞില്ല. രണ്ടു മിനിറ്റ് മാത്രം സംസാരിച്ചാൽ മതിയെന്ന ഡോക്ടറുടെ മുന്നറിയിപ്പ് അനുസരിക്കാൻ എസ്തനോസ് തയ്യാറായതുമില്ല. കടലിനോട് എതിരിട്ട്, നിഷേധിയായ അയാൾക്ക് ആരെയും അനുസരിക്കാൻ കഴിയില്ലായിരുന്നു.

മർമ്മഗോവയിലെ തുറമുഖത്ത് കിടക്കുന്ന ‘സീ മാൻ' എന്ന കപ്പലിന്റെ കപ്പിത്താന് എഴുതിയ ഒരു കത്ത് അദ്ദേഹത്തിന്റെ വീട്ടിലെ വലിയ മേശക്ക് സമീപത്തുണ്ടെന്നും അതെടുത്ത് സീമാന്റെ ക്യാപ്റ്റനെ ഇന്നു തന്നെ കാണാനുമായിരുന്നു എസ്തനോസ് പറഞ്ഞത്. അഞ്ചു മിനിറ്റെടുത്തു അത് പറഞ്ഞുതീരുമ്പോൾ. പിന്നേയും എന്തോ പറയാനുള്ള അയാളുടെ ശ്രമം തൊട്ടരികത്തുണ്ടായിരുന്ന നഴ്‌സ് തടഞ്ഞു. അപരിചിതരായ മനുഷ്യരുടെ ജീവനെക്കുറിച്ച് ഇത്രമേൽ ആശങ്കപ്പെടുന്നവർ അവർ മാത്രമാണ്.

അവിടെ നിന്ന്​ നേരെ എസ്തനോസിന്റെ വീട്ടിലേക്ക് ചെന്നു. ഞങ്ങളവിടെയെത്തുമ്പോൾ അനാഥമായൊരു കപ്പൽ പോലെ ആ വീടിന്റെ വാതിലുകൾ തുറന്നിട്ടിരുന്നു. പൂച്ചയും പട്ടിയും മുറികൾ കയ്യടക്കിയിരുന്നു. ഞാൻ ഓടിച്ചെന്ന് പൂച്ചയോ മറ്റോ തട്ടിയിട്ട മേശയിൽ കത്ത് പരതി. നിരാശയായിരുന്നു ഫലം. ആകെ അലങ്കോലമായിക്കിടന്ന ആ വീട്ടിനുള്ളിൽ ഭ്രാന്തെടുത്ത് നടന്നു. അവസാനം മേശയുടെ താഴെയുള്ള മദ്യക്കുപ്പികൾക്കിടയിൽ നിന്നുമാണ് കത്ത് ലഭിച്ചത്. ഒരു നിധി കിട്ടിയ സന്തോഷമായിരുന്നപ്പോൾ.

കത്തുമായി മർമഗോവ തുറമുഖത്തേക്ക് ചെന്നെങ്കിലും സീമാന്റെ ക്യാപ്റ്റനെ എവിടെ തിരയണം എന്നതിന് യാതൊരു നിശ്ചയവുമില്ലായിരുന്നു. പലരോടും അന്വേഷിച്ചെങ്കിലും ആർക്കും വ്യക്തമായ ഉത്തരമില്ലായിരുന്നു. കപ്പൽ ജീവനക്കാർ എത്താറുള്ള എല്ലാ ബാറുകളിലും സീമാന്റെ കപ്പിത്താനെ തിരഞ്ഞു. ഒരു ദിവസം മുഴുവൻ തിരഞ്ഞിട്ടും അയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ക്ഷീണവും നിരാശയും ഞങ്ങൾ മൂന്നുപേരെയും തളർത്തി. ഞങ്ങൾക്കുമുന്നിൽ ഇനിയൊരു പകുതി രാത്രിയും പകലും മാത്രമേയുള്ളൂവെന്ന ചിന്ത തളർച്ചയുടെ ആക്കം കൂട്ടുകയും ചെയ്തു.

പിറ്റേന്ന് പുലർച്ചെ തുടങ്ങിയ തിരച്ചിൽ ഉച്ചയോടെ തുറമുഖത്തിനടുത്തുള്ള ഒരു ചെറിയ ഹോട്ടലിൽ അവസാനിച്ചു. കാഴ്ചയിൽ ഒരു കപ്പിത്താന്റെ യാതൊരു ലക്ഷണവുമില്ലാത്ത, മെലിഞ്ഞുനീണ്ട ഒരു മനുഷ്യൻ. കത്ത് വായിക്കുമ്പോൾ അദ്ദേഹം ഞങ്ങളെ മൂവരേയും മാറിമാറി നോക്കിക്കൊണ്ടിരുന്നു. കത്ത് മടക്കി കോട്ടിന്റെ കീശയിലേക്ക് വച്ചതിനുശേഷം അദ്ദേഹം സ്വയം പരിചയപ്പെടുത്തി. കൊച്ചിയിൽ വേരുകളുള്ള ഒരു ആംഗ്ലോ ഇന്ത്യൻ വംശജനായാണ് ജനിച്ചതെങ്കിലും പഠനവും മറ്റും ബോംബൈയിലായിരുന്നു. മറൈൻ അക്കാദമയിൽ എസ്തനോസും ജോസഫ് ഡിക്രൂസ് എന്ന അദ്ദേഹവും ഒരുമിച്ച് പഠിച്ചതാണ്. അന്ന് വൈകീട്ടോടെ ക്യാപ്റ്റൻ ഡിക്രൂസിന്റെ പ്രത്യേക താത്പര്യം പ്രകാരം ഞങ്ങൾ കപ്പലിൽ കയറി. ജോലിക്കാരായിട്ടാവും കയറുന്നതെന്നാണ് ഞങ്ങൾ കരുതിയതെങ്കിലും പ്രത്യേകിച്ച് ജോലികളൊന്നും നൽകിയില്ല. മാത്രമല്ല, ക്യാപ്റ്റൻ പ്രത്യേകം പരിഗണനകൾ നൽകുകയും ചെയ്തു. അതിലേറ്റവും പ്രധാനപ്പെട്ടത് അദ്ദേഹത്തിന്റെ സ്റ്റുവാർഡിനോട് ഞങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണം നൽകാൻ പ്രത്യേകം പറഞ്ഞേൽപ്പിച്ചതാണ്.

കപ്പൽ പുറപ്പെടുന്നതിനുമുൻപ് കൈരളിയെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ വിശദാംശങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. അതിനുശേഷം ചില സംശയങ്ങൾ പ്രകടിപ്പിച്ചു. അതിലേറ്റവും പ്രധാനപ്പെട്ടത് കപ്പൽ കാണാതായത് എവിടെ വച്ചാണെന്ന യാതൊരു സൂചനയും ഇല്ലാത്തതാണ്. കൈരളിയിൽ നിന്ന്​ അവസാന സന്ദേശം ലഭിക്കുമ്പോൾ ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്ന്​ അധികം ദൂരെയല്ല. അദ്ദേഹം സൂചിപ്പിച്ച മറ്റൊരു കാര്യം കുറേക്കൂടി ഗൗരവമുള്ളതായിരുന്നു. അതായത് കൈരളി, ആന്തമാൻ ദ്വീപുകൾക്ക് സമീപത്ത് എത്തിയിരുന്നില്ല. മറ്റെവിടയോ വച്ച് അപകടത്തിൽപ്പെട്ട കപ്പലിൽ നിന്ന്​ രക്ഷപ്പെട്ട അൻപരസ് അടക്കമുള്ളവർ കടലിൽ തുണയില്ലാതെ അലയുകയും പലയിടങ്ങളിലേക്ക് ഒഴുകുകയും ചെയ്തതാണ്. കടലിൽ നീന്തുന്നതിൽ അസാമാന്യ വിദഗ്ദനായ അൻപരസ് എങ്ങിനെയെല്ലാമോ ആന്തമാൻ തീരത്ത് എത്തിയതാവും. അങ്ങനെയാണെങ്കിൽ ഒരുപക്ഷേ, കൈരളിയിൽ നിന്ന്​ ജീവനോടെ രക്ഷപ്പെട്ട ഒരേയൊരാളും അൻപരസ് തന്നെയാവും. അതിഭീകരമായ കടലനുഭവങ്ങളിൽ നിന്നാണ് അൻപരസിന് മാനസികാസ്വസ്ഥ്യങ്ങൾ സംഭവിച്ചിരിക്കുക.

ഡിക്രൂസ് പറഞ്ഞ ഓരോ വാക്കും സെന്തിലിനെ സങ്കടപ്പെടുത്തി. അവൻ എന്തിനെന്നില്ലാതെ ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു. സീ മാൻ ഗോവൻ തീരം വിടുമ്പോൾ എനിക്ക് കൈരളിയെ ഓർമ വന്നു. അന്നും ഇതുപോലെ തന്നെയായിരിക്കും. യാത്രക്കു തൊട്ടുമുൻപ് അശുഭസൂചനയെന്നോണം കൈരളിയിലെ രണ്ടു ജീവനക്കാർ കടലിൽ വീണിരുന്നു. അവരെ രക്ഷിച്ചെങ്കിലും സംഭവിക്കാൻ പോവുന്ന ദുരന്തത്തിനു മുന്നേയുള്ള സൂചനയായിരുന്ന് അതെന്ന് ഇപ്പോൾ തോന്നുന്നു.

ഒമ്പത്

യാത്ര പുറപ്പെട്ടപ്പോഴാണ് സീമാൻ നേരിട്ട് പോർട്ട്ബ്ലയറിലേക്കല്ല സഞ്ചരിക്കുന്നതെന്ന് മനസ്സിലായത്. നേരത്തെ ഞങ്ങൾ കണക്കു കൂട്ടിയതിൽ നിന്ന് വ്യത്യസ്തമായി ഏഴ് ദിവസമെങ്കിലും കഴിഞ്ഞാണ് സീമാൻ പോർട്ട്ബ്ലയറിൽ എത്തുകയുള്ളൂ. ഗോവയിൽ നിന്ന്​ നേരെ ബോംബൈ തുറമുഖത്തേക്കായിരുന്നു സീമാന്റെ യാത്ര. അതറിഞ്ഞതുമുതൽ മദുഗരെ അസ്വസ്ഥനായി. ബോംബൈ പോർട്ടിൽ വച്ച് വല്ല പരിശോധനകളും നടന്നാൽ ഞങ്ങൾ പിടിയിലാകുമെന്ന കാരണത്താലായിരുന്നു അത്. മാത്രമല്ല, സീമാനിലെ സെക്കൻറ്​ ഓഫീസർ ഗോവക്കാരന് ഞങ്ങൾ കപ്പലിൽ കയറിയത് അത്ര ഇഷ്ടമായിരുന്നില്ല. കപ്പിത്താനുമായുള്ള എന്തോ വ്യക്തിവൈരാഗ്യം അയാൾ തീർത്തത്​ ഞങ്ങളോടാണ്. സ്റ്റുവാർഡാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ഒരു കപ്പൂച്ചിൻ സന്യാസിയെപ്പോലെയുള്ള ഡിക്രൂസിനോട് എന്താണ് വൈരാഗ്യത്തിന് കാരണമെന്നായിരുന്നു എന്റെ ആലോചന. സെന്തിലും അതു തന്നെ പറഞ്ഞു. ഞങ്ങളോടുള്ള സെക്കൻറ്​ ഓഫീസറുടെ പെരുമാറ്റം തീർത്തും അരോചകമായിരുന്നു. അത് അസഹ്യമായപ്പോൾ മദുരഗെ അയാൾക്ക് നേർക്ക് ദേഷ്യപ്പെട്ടു. അതൊരു വലിയ പ്രശ്‌നമായി തീരുമെന്ന് ഞങ്ങൾ ആരും ആലോചിച്ചില്ല. ബോംബൈ തുറുമുഖത്ത് എത്തിയാൽ ഞങ്ങളെ കപ്പലിൽ നിന്നിറക്കിവിടുമെന്ന് അയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. അവസാനം ഞാനും സെന്തിലും ചെന്ന് അയാളോട് മാപ്പുപറഞ്ഞാണ് ആ പ്രശ്‌നം ഒതുക്കിയത്.

ബോംബൈയിൽ നിന്ന്​ പുറപ്പെട്ടതുമുതൽ ഞങ്ങളുടെ മനസ്സ് പോലെ തന്നെ കടലും പ്രക്ഷുബ്ദമായിരുന്നു. ഉയർന്നുപൊങ്ങുന്ന തിരമാലകളിൽ കപ്പൽ ഉലഞ്ഞു. അതിനിടക്ക്​ ഒരു സൈക്ലോൺ മുന്നറിയിപ്പും വന്നു. 10 ഡിഗ്രി ചാനലിനു സമീപത്ത് രൂപപ്പെട്ട 120 മൈൽ വേഗതയുള്ള ആ കാറ്റിനെ ചെറുകപ്പലായ സീമാൻ അതിജീവിക്കാനുള്ള സാധ്യത കുറവായിരുന്നു. തെളിഞ്ഞുനിന്ന മാനം ഇരുണ്ടുകൂടിയത് പെ​ട്ടെന്നായിരുന്നു. കടലും ആകാശവും ഇരുട്ടായി. ഏതോ ദൂർമന്ത്രവാദി കമ്പിളിപ്പുതപ്പ് പുതച്ചതുപോലെ മാനത്ത് മഴമേഘങ്ങൾ രൂപപ്പെട്ടു. ഇത്രയും നാളത്തെ എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു കാഴ്ച കണ്ടിരുന്നില്ല.

കപ്പലിനെ എടുത്തുയർത്തുന്ന തരത്തിൽ തിരകൾ ആഞ്ഞുപതഞ്ഞു. അതിന്റെ നാവുകൾ കപ്പലിനെ പലവട്ടം വിഴുങ്ങാനായി പാഞ്ഞടുത്തു. അമ്പതടിയോളം ഉയരത്തിൽ പൊങ്ങിയ തിരമാലകൾ സീമാനെ ഏതുനിമിഷവും പിളർത്തിയേക്കുമെന്ന് തോന്നി. കുരിശുവരച്ച് കർത്താവിനെ വിളിച്ചു. ഏതു നിമിഷവും എന്തും സംഭവിക്കുമെന്ന ഭയത്തോടെയുള്ള ആ യാത്രയിൽ കൈരളിയുടെ അതേ ഗതിയാവും ഞങ്ങൾക്കുമെന്ന് ആശങ്കപ്പെട്ടു. ക്യാപ്റ്റൻ ഡിക്രൂസ് കപ്പലിന്റെ വേഗത കുറച്ചു. അപകട മുന്നറിയിപ്പ് മുഴക്കി. ജോലിക്കാരെല്ലാം എന്തും നേരിടാൻ തയ്യാറെടുത്തു. എല്ലാവിധ സുരക്ഷാ മുൻകരുതലുകളും പരിശോധിച്ച് യാതൊരു വീഴ്ചകളുമില്ലെന്ന് ഉറപ്പിച്ചു. മറ്റു കപ്പലുകളിൽ നിന്നും കരയിൽ നിന്നും കാറ്റിന്റെ ഗതിയെക്കുറിച്ച് ഓരോ നിമിഷത്തിലും അറിയിപ്പു ലഭിച്ചു. ഭീതികരമായ മൂന്നര മണിക്കൂറിനുശേഷം കാറ്റിന്റെ ഗതി ഞങ്ങൾ സഞ്ചരിക്കുന്ന പാതയിൽ നിന്ന്​ 50 നോട്ടിക്കൽ മൈൽ മാറിയെന്നറിഞ്ഞപ്പോൾ ആശ്വാസമായി.

ഇതിനിടയിലെല്ലാം സെന്തിൽ തന്റെ അച്ഛനെ കാണാൻ കഴിയുന്നതിന്റെ സംഘർഷഭരിതമായ സന്തോഷത്തിലായിരുന്നു. ബോംബൈയിൽ നിന്ന്​ യാത്ര പുറപ്പട്ടതിന്റെ രണ്ടാമത്തെ ദിവസം, സെന്തിലിന് പനിയും ഛർദ്ദിയും തുടങ്ങിയെങ്കിലും അപ്പനെ കാണാൻ കഴിയുമെന്ന ആഗ്രഹത്തിൽ അവനത് കാര്യമാക്കിയില്ല. നാലാമത്തെ ദിവസം രാത്രിയോടുകൂടെയാണ്, ടഗ്ഗുകൾ വന്ന് കെട്ടിവലിച്ചാണ് പോർട്ട്ബ്ലയർ തുറമുഖത്ത് സീമാൻ നങ്കൂരമിട്ടത്. അന്നു രാത്രി തന്നെ അവിടെ നിന്ന്​ പുറത്തിറങ്ങണമെന്ന് ക്യാപ്റ്റൻ ഡിക്രൂസിന്റെ നിർദ്ദേശമായിരുന്നു. അദ്ദേഹം തന്നെയാണ് ഞങ്ങളെ അതിന് സഹായിച്ചതും.

പോർട്ടിന് പുറത്തുവരെ അദ്ദേഹം ഞങ്ങളെ അനുഗമിച്ചു. അവിടെയുള്ള മിക്കവാറും ആളുകൾക്ക് ഡിക്രൂസിനെ പരിചയമുണ്ടായിരുന്നതുകൊണ്ട് പരിശോധനകൾ ഒന്നുമുണ്ടായില്ല. ഇനിയുള്ള പത്തുദിവസം ഇവിടെത്തന്നെയുണ്ടാവുമെന്നും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ വന്നു കാണാൻ മടിക്കരുതെന്നും പറഞ്ഞാണ് ഡിക്രൂസ് ഞങ്ങളെ യാത്രയാക്കിയത്. അതിനിടയിൽ ഗോവക്കാരൻ സെക്കൻറ്​ ഓഫീസറുടെ അധിക്ഷേപങ്ങൾക്ക് അദ്ദേഹം മാപ്പു ചോദിക്കുകയും ചെയ്തു. ആ മനുഷ്യനോട് എനിക്കപ്പോൾ എന്തെന്നില്ലാത്ത സ്‌നേഹം തോന്നി. കടലോളം സ്‌നേഹമുള്ള അയാൾ നടന്നകലുന്നത് ഒരു നെടുവീർപ്പോടെ ഞാൻ നോക്കി നിന്നു.

പക്ഷേ, പാതിരാത്രി പതിനൊന്നു മണിക്ക് തമിഴനെ എവിടെ തിരയുമെന്ന് ആലോചിച്ചായിരുന്നു മദുഗരയുടെ ആധി. നേരം വെളുക്കുവോളം എവിടെയെങ്കിലും കഴിയാമെന്നുവച്ചാൽ അതത്ര എളുപ്പമായിരുന്നില്ല. പ്രത്യേകിച്ച് പോർട്ടിലും പരിസരത്തും ആ സമയത്ത് എന്തോ സുരക്ഷാപരിശോധനകൾ നടക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണിൽപ്പെട്ടാൽ ആകെ കുഴയും. എന്തു ചെയ്യണമെന്നാലോചിക്കുന്തോറും മനസ്സാകെ കലുഷിതമായി.

പോർട്ടിന് പുറത്തിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു. അപ്രതീക്ഷിതമായി പെയ്ത മഴ ഞങ്ങൾക്ക് ഒരു അനുഗ്രഹമായി. പോർട്ടിൽ നിന്ന്​ ഒരു കിലോമീറ്റർ മാറിയുള്ള ഒരു പലചരക്കുകടയുടെ ഓരത്ത് കയറിനിൽക്കുമ്പോൾ അയാൾ ഞങ്ങളെ ശ്രദ്ധിച്ചു. അയാളുടെ വീടിനോട് ചേർന്നുള്ള കടയായിരുന്നത്. അയാളൊരു മലയാളിയായിരുന്നു. ഒരു ഗ്രാമത്തിൽ വന്നെത്തുന്ന അപരിചിതരെ തിരിച്ചറിയാൻ ആർക്കും വലിയ പ്രയാസമുണ്ടാവില്ലെന്നാണ് അയാൾ അതിനെക്കുറിച്ച് പിന്നീട് പറഞ്ഞത്. അത് ശരിയാണെന്ന് എനിക്കും തോന്നി. അയാൾ ഞങ്ങളെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. പേരും മറ്റും ചോദിച്ചു. കേരളത്തിൽ നിന്നാണന്ന് കേട്ടപ്പോൾ അയാൾ സ്വയം പരിചയപ്പെടുത്തി.

കോഴിക്കോട്ടുകാരനായിരുന്ന മൂസ്സായെന്നു പേരുള്ള അയാൾ മുപ്പത് വർഷമായി പോർട്ട്ബ്ലയറിൽ തന്നെയാണ്. അതിനു മുൻപ് മറ്റൊരു ദ്വീപിലായിരുന്നു. മലബാറിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്തവരെ നാടുകടത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാളുടെ മൂന്നാമത്തെ തലമുറക്കാരൻ ആയിരുന്നത്. ഞങ്ങൾ മൂന്നു പേരും ജോലി തേടി വന്നതാണെന്ന് പറഞ്ഞത് അയാൾക്കത്ര വിശ്വാസം വന്നില്ല. വല്ല കുറ്റകൃത്യവും ചെയ്ത് നാട് വിട്ടതാണോ എന്നായിരുന്നു അയാളുടെ സംശയം. തമിഴിനെക്കുറിച്ച് കേട്ടപ്പോൾ അയാളൊന്ന് അയഞ്ഞു. തമിഴ്, അവിടത്തെ ഒരു പൊതുപ്രവർത്തകൻ കൂടെയാണെന്ന് അയാളുടെ സംസാരത്തിൽ നിന്ന്​ മനസ്സിലായി.

അടുത്ത ദിവസം രാവിലെ തമിഴ് കടയിൽ വരുമെന്നും അതുവരെ അസൗകര്യങ്ങളുടെ സൗകര്യത്തിൽ അവിടെ കിടക്കാമെന്നുമുള്ള അയാളുടെ വാഗ്ദാനം നിരസിച്ചില്ല. അപ്പോൾ മാത്രമാണ് ഞങ്ങൾ മൂവരും ആ വീട് ശരിക്കും ശ്രദ്ധിച്ചത്.

ഒരു മുറിയും അടുക്കളയുമുള്ള ആസ്ബറ്റോസ് മേഞ്ഞ മേൽക്കൂരയുള്ള ചെറിയൊരു കെട്ടിടമായിരുന്നത്. അയാളും ഭാര്യയും രണ്ട് പെൺകുട്ടികളും അതിനകത്താണ് കഴിഞ്ഞുകൂടുന്നത്. അതിനിടയിലാണ് ഞങ്ങൾക്കുകൂടി ഇടം തരാമെന്നു സമ്മതിച്ചത്. ആ അവസ്ഥയിൽ മറ്റൊന്നും ചെയ്യാനില്ലായിരുന്നു. പക്ഷേ, എന്തോ ആ വീടിനുള്ളിൽ കിടക്കാൻ എനിക്ക് തോന്നിയില്ല. അക്കാര്യം അയാളോട് സൂചിപ്പിച്ചപ്പോൾ കടയോട് ചേർന്ന മറ്റൊരു ചെറിയൊരു മുറി തുറന്നു തന്നു.

കാലങ്ങളായി അടച്ചിട്ടതിന്റെ പഴകിയ മണമുള്ള ആ മുറിയും വേണ്ടെന്ന് പറയരുതെന്ന് മദുഗരെ എന്നെ മാറ്റിനിർത്തി അപേക്ഷിച്ചു. സെന്തിലും ശരിക്കും ക്ഷീണിതനായിരുന്നു. പനിയും തൂറ്റലും അവനെ ശരിക്കും കിടപ്പിലാക്കി. മൂസ്സ, ചില മരുന്നുകൾ നൽകിയെങ്കിലും വലിയ വ്യത്യാസമുണ്ടായില്ല. അതിസാരം വന്ന് സെന്തിലിന്റെ ജീവൻ തന്നെ അപകടത്തിലാവുമെന്ന ഭയമായിരുന്നു എനിക്കപ്പോൾ. പക്ഷേ, ഞാനത് പുറത്ത് കാണിച്ചില്ല.

മൂസ്സ വലിയൊരു പാത്രത്തിൽ അരി തിളപ്പിച്ച കഞ്ഞിവെള്ളം തന്നു. അത് ഇടയ്ക്കിടെ സെന്തിലിന് കോരിക്കൊടുത്തു. മദുഗരയും പതിവില്ലാത്ത വിധം ആശങ്കയിലായി. രാത്രി മുഴുവൻ സെന്തിലിന്റെ തൂറ്റലിന് കാവലിരുന്നു. ഒരു പോള ഞങ്ങളാരും കണ്ണടച്ചില്ല. ഇടക്കൊന്നുരണ്ടുതവണ സെന്തിൽ ആ മുറിക്കുള്ളിൽ തന്നെ തൂറ്റി. അത് മുഴുവൻ അപ്പപ്പോൾ മദുഗരെ കഴുകി വൃത്തിയാക്കി. എനിക്കതിന് കഴിയുമായിരുന്നില്ല. ആ സമയത്ത് ഞാൻ പുറത്തിറങ്ങി നിന്നതാണ്. എല്ലാം നഷ്ടമായവനെപ്പോലെ സെന്തിൽ നിലവിളിച്ചത് എന്നെയും സങ്കടപ്പെടുത്തി. താൻ മരിച്ചു പോവുമെന്നാണ് ആ സമയത്ത് അവൻ കരുതിയത്, ഞങ്ങളും.

നേരം വെളുത്താൽ എന്തെങ്കിലും വഴി കാണാമെന്ന് മദുഗരെ ഞങ്ങൾ ഇരുവരേയും ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ, അതുവരെ താൻ ജീവനോടെ ഉണ്ടാവില്ലെന്നായിരുന്നു സെന്തിലിന്റെ സങ്കടം. അപ്പനെ കാണാതെ മരിച്ചുപോയാൽ തന്റെ ശവമെങ്കിലും അദ്ദേഹത്തിന് കാണിച്ചുകൊടുക്കാൻ അവൻ ഞങ്ങളോട് അപേക്ഷിച്ചു. മനുഷ്യനെന്നത് തീർത്തും നിസാരനായ ജീവിയാണെന്ന് മനസ്സിലാവുക ഇത്തരം ചില സന്ദർഭങ്ങളിലാണ്. അപ്പനും കൈരളിയിലെ മനുഷ്യരും അവരുടെ അവസാന നിമിഷങ്ങളിൽ വാവിട്ട് കരഞ്ഞിരിക്കുമെന്ന് ഓർത്തപ്പോൾ നെഞ്ചിനുള്ളിലൊരു കൊടുങ്കാറ്റ് വീശി. അതിന്റെ ഉലച്ചിലിൽ തളർന്നുപോവാതിരിക്കാൻ പണിപ്പെട്ടു.

രാത്രി ഒന്നവസാനിക്കാൻ മാത്രമായിരുന്നു പ്രാർത്ഥന. തമിഴിനെ കാണുന്നത് മാത്രമായിരുന്നു ഏക പ്രതീക്ഷ. ▮

(തുടരും)


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments