ചിത്രീകരണം: ശശി ഭാസ്കരൻ

12°38’10’’N

പത്ത്

ല്ലാ പ്രതീക്ഷകളേയും തകിടം മറിക്കുന്നൊരു വാർത്തയുമായാണ് നേരം പുലർന്നത്.

മൂസ്സയാണ് ആ വാർത്ത ഞങ്ങളോട് പങ്കുവച്ചത്.

തമിഴിനെ പോർട്ട്ബ്‌സയർ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന വാർത്ത കേട്ട മദുഗരെ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു.

കടലുപോലെ അനിശ്ചിത്വം നിറഞ്ഞ ആ പകൽ എല്ലാം തച്ചുടച്ചക്കുന്നൊരു തിരപോലെ ഞങ്ങളെ തകർത്തുകളഞ്ഞു. സെന്തിലിന്റെ അവസ്ഥയും ഒട്ടും ആശാവഹമായിരുന്നില്ല. മൂസ്സയുടെ സഹായത്താൽ അവനെ അടുത്തുള്ളൊരു ആശുപത്രിയിലെത്തിച്ചു. അയാൾ ചില തമിഴ് വംശജരെ പരിചയപ്പെടുത്തിയത് വലിയ ഉപകാരമായി. അവരായിരുന്നു ആശുപത്രിയിൽ ഞങ്ങളെ സഹായിച്ചത്. അവരെല്ലാം തമിഴന്റെ അറസ്റ്റിൽ അസ്വസ്ഥരുമായിരുന്നു. അവരുടെ സംസാരത്തിൽ നിന്ന്​ തമിഴ് ഉടനെ പുറത്തിറങ്ങുമെന്ന് മനസ്സിലാക്കാൻ സാധിച്ചു. പോർട്ടിൽ നടന്ന ഒരു തൊഴിൽ തർക്കത്തിന്റെ പേരിലായിരുന്നു അറസ്റ്റ്.

മൂന്നുദിവസത്തെ ചികിത്സകൊണ്ട് സെന്തിലിന്റെ ആരോഗ്യം ഭേദപ്പെട്ടു. അത്രയും ദിവസം ഞാനും മദുരഗയും ആശുപത്രിയിൽ തന്നെയാണ് കഴിഞ്ഞത്. സെന്തിൽ ആശുപത്രി വിട്ട അതേദിവസം തന്നെ തമിഴ് ജയിലിൽ നിന്ന്​ പുറത്തിറങ്ങി. ഇതിനിടക്ക്​ അവിടത്തെ ഈഴത്തിന്റെ നേതൃത്വത്തിലുള്ളവരുമായി മദുരഗെ ബന്ധപ്പെട്ടിരുന്നു. അവർ വഴി റെഡ്ഡിയെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അത് വിജയിച്ചില്ല. സത്യത്തിൽ അയാളുമായുള്ള ഒരു ഇടപാടിനും അവർക്കത്ര താത്പര്യമില്ലായിരുന്നു.

പോർട്ട്ബ്ലയർ പൊലീസിലെ ഉന്നതോദ്യോഗസ്ഥനാണ് റെഡ്ഡിയുടെ മകനെന്ന് അവരാണ് പറഞ്ഞത്. അയാളാണെങ്കിൽ തീർത്തും മനുഷ്യപ്പറ്റില്ലാത്ത ഒരാളായിരുന്നു. പ്രത്യേകിച്ച് തമിഴരോട് അയാൾക്ക് വലിയ വെറുപ്പാണ്. അതറിഞ്ഞതുമുതൽ ഞങ്ങൾ വീണ്ടും നിസ്സംഗതയിലകപ്പെട്ടു. ജയിലിൽ നിന്നിറങ്ങിയ തമിഴിനെ കാണാനുള്ള ശ്രമങ്ങൾ വിജയിച്ചതുമില്ല. പോർട്ട് ബ്ലയറിലെത്തിയിട്ട് ഏകദേശം ഒരാഴ്ച കഴിഞ്ഞു.

എന്നെയും ആകെയൊരു അസ്വസ്ഥത ബാധിച്ചു.

പിറ്റേന്ന്, ഞാനും മദുഗരയും അബർഡീൻ ബസാറിൽ വച്ച് തമിഴിനെ നേരിട്ട് കണ്ടു. തമിഴരുടെ ഒരുകച്ചവട കേന്ദ്രമായിരുന്നത്. അതിന്റെ മധ്യത്തിലുള്ള ക്ലോക്ല് ടറിന്റെ പടിക്കെട്ടിലിരുന്ന്​ മദുഗരെ കാര്യങ്ങളെല്ലാം അയാളോട് വിശദീകരിച്ചു. പക്ഷേ, പോർട്ട്ബ്ലയർ ജയിലിൽ, റെഡ്ഡി പറഞ്ഞ തരത്തിലുള്ള ഒരാളില്ലെന്ന് തമിഴ് ഉറപ്പിച്ചു പറഞ്ഞത് സങ്കടമായി.

എല്ലാ പ്രതീക്ഷകളും അവിടെ അസ്തമിച്ചു.

സെന്തിലിനോട് ഇക്കാര്യം എങ്ങിനെ പറയുമെന്നതായിരുന്നു എന്നെ അലട്ടിയ ആദ്യത്തെ പ്രശ്‌നം. അക്കാര്യം തമിഴിനോട് സൂചിപ്പിച്ചു. അപ്പോഴാണ് അയാൾ ഞങ്ങളേയും കൊണ്ട് പഴയ സെല്ലുലാർ ജയിലിന് സമീപത്തേക്കുനടന്നത്. ഒരിടത്ത് തന്നെ കൂടുതൽ സമയം ഇരിക്കാൻ തമിഴിന് കഴിയില്ലെന്ന് എനിക്കപ്പോൾ തോന്നി.

വിചിത്രമായ രീതികളാണ് അയാൾക്ക്. എപ്പോഴും കയ്യിലൊരു കത്തിക്കാത്ത ബീഡി പിടിച്ചാണ് ഇരിപ്പും നടപ്പുമെല്ലാം. വായിലാണെങ്കിൽ മുറുക്കാനൊഴിഞ്ഞ നേരവുമില്ല. ആ നടത്തത്തിനിടയിൽ ജയിലിന്റെ ചരിത്രവും മറ്റും ഒരു അദ്ധ്യാപകനെപ്പോലെ ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു. അത് അവസാനിച്ചത് ജയിലിന്റെ വലതുവശത്തേക്കിറങ്ങിച്ചെന്നാണ്. അവിടെ നിന്ന്​ നോക്കുമ്പോൾ അബർദീൻ തുറമുഖവും ജെട്ടിയും കാണുന്നുണ്ടായിരുന്നു. രണ്ടാംലോക മഹായുദ്ധകാലത്ത് ജപ്പാൻ പട്ടാളക്കാരുടെ ക്രൂരതകൾ അരങ്ങേറിയ സ്ഥലമായിരുന്നെതെന്ന് തമിഴ് പറഞ്ഞപ്പോൾ മദുരഗരെ ശ്രീലങ്കൻ സൈന്യം തമിഴരോട് ചെയ്യുന്ന ക്രൂരതകളെക്കുറിച്ച് സങ്കടങ്ങൾ പങ്കുവച്ചു.

ഞാനാണെങ്കിൽ അവർക്കിടയിൽ അപരിചിതനായ അവസ്ഥയിലായിരുന്നു. എങ്ങിനെയെങ്കിലും റെഡ്ഡിയെ കണ്ടെത്തി, വെങ്കിടാചലം സാറ് നൽകിയ കത്ത് കൈമാറുക എന്നത് മാത്രമാണ് ആലോചിച്ചത്. അതുവഴി അയാൾ രക്ഷിച്ചെന്നു പറയുന്ന മനുഷ്യനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയായിരുന്നു. അത് ആദ്യം തന്നെ തമിഴ് കെടുത്തിയെങ്കിലും എന്റെ പ്രതീക്ഷകൾ അവസാനിച്ചിരുന്നില്ല. നിലയില്ലാക്കടലിൽ എവിടെയെങ്കിലും ഒരു വെളിച്ചമുണ്ടാവുമെന്ന് വിശ്വസിച്ചു. സ്വയം ആശ്വസിച്ചു. അവസാന ശ്രമം എന്ന നിലയിൽ റെഡ്ഡിയെ കാണാൻ സഹായിക്കണമെന്ന അഭ്യർത്ഥന തമിഴ് സമ്മതിച്ചു. പക്ഷേ, അതത്ര പെട്ടന്ന് നടക്കില്ലെന്ന മുന്നറിയിപ്പും നൽകി. കൈരളിയെ കാണാതായതിലും ദൂരൂഹമായിരുന്നു റെഡ്ഡിയെക്കുറിച്ച് തമിഴ് നൽകിയ വിവരങ്ങൾ!

ക്യാപ്റ്റൻ ജോലിയിൽ നിന്ന്​ വിരമിച്ചതിനു ശേഷം അയാൾ മായാബന്ദറിൽ ഒരു കോൺട്രാക്ടറായി മാറി. ബ്രിട്ടീഷുകാരാണ് റെഡ്ഡിയെക്കാൾ മെച്ചമെന്നാണ് അവിടത്തെ ജോലിക്കാരുടെ രഹസ്യമായുള്ള മുറുമുറുപ്പ്. പക്ഷേ, ആർക്കും അയാളെ നേരിട്ട് എതിർക്കാനുള്ള ധൈര്യവുമില്ല. ഭരണത്തിൽ മകനുള്ള സ്വാധീനത്തിൽ അയാളാണ് അവിടെത്തെ രാജാവ്. എല്ലാ അർത്ഥത്തിലും അതങ്ങിനെയാണ്. ഒരു നിമിഷം നിർത്തിയ തമിഴ് തന്റെ ഇടത്തെ കയ്യിലെ മുറിവടയാളത്തിൽ തൊട്ടു. മീൻ മുള്ളുപോലെ നീളത്തിലുള്ള തുന്നലടയാളമായിരുന്നത്. ഒരുതവണ റെഡ്ഡിയെ എതിർത്ത് സംസാരിച്ചതിനു തമിഴിനു കിട്ടിയ സമ്മാനം.. ഭാഗ്യത്തിനാണ് അന്ന് ജീവൻ തിരികെ ലഭിച്ചതെന്നാണ് തമിഴ് പറഞ്ഞത്. സാധാരണഗതിയിൽ, തന്നെ എതിർക്കുന്നവരെ മൃതപ്രായനാക്കി സെന്റിനന്റൽ ദ്വീപുകൾക്കടുത്ത് കടലിൽ വലിച്ചെറിയുന്നതാണ് അയാളുടെ പതിവ്. വല്ല അന്വേഷണവും നടന്നാൽ സെന്റിനന്റലുകാര് അമ്പയ്ത് കൊന്നതാണെന്നേ പുറംലോകം അറിയുകയുള്ളൂ. അതിനായി അയാൾക്ക് വലിയൊരു ഗുണ്ടാസംഘവുമുണ്ട്. ബീഹാറിൽ പണ്ട് നാടുകടത്തപ്പെട്ടവരുടെ പിൻതലമുറയാണത്. റെഡ്ഡിയുടെ ആ കൂലിപ്പട്ടാളത്തിനുമുന്നിൽ ആരും വിറക്കും.

അത്രയും കേട്ടപ്പോൾ തന്നെ അയാളെ കണ്ടിട്ടും വലിയ കാര്യമില്ലെന്നുറപ്പായി. ഇനിയെന്തുചെയ്യുമെന്ന ഭാവത്തിൽ മദുഗരെ എന്നെ നോക്കി. വീശിയടിക്കുന്ന ഉപ്പുകാറ്റിന്റെ ഉഷ്ണത്തിൽ അകവും പുറവും ഒരേപോലെ വെന്തു. പക്ഷേ, കൈരളിക്ക് എന്താണ് സംഭവിച്ചതെന്നറിയാനുള്ള ഏക പ്രതീക്ഷയാണ് അയാൾ.

മൂവർക്കുമിടയിൽ മൗനം കടലുപോലെ പരന്നു. ഏറെ നേരത്തെ ആലോചനക്കുശേഷം തമിഴാണ് അതിനൊരു പരിഹാരം കണ്ടത്. അവരുടെ ഈഴത്തിന്റെ മുതിർന്ന നേതാവും രണ്ടാംലോക യുദ്ധകാലത്ത് കപ്പിത്താനുമായിരുന്ന അതികന് ഞങ്ങളെ സഹായിക്കാൻ കഴിയുമെന്നായിരുന്നത്. പക്ഷേ, അദ്ദേഹം ഡിഗ്ഗിപ്പൂരാണ് താമസിക്കുന്നത്. അങ്ങോട്ട് ചെല്ലേണ്ടിവരും. അതിനായി ഒന്നുരണ്ടു ദിവസം കൂടി കാത്തിരിക്കണെമെന്നും തമിഴ് ഓർമിപ്പിച്ചു. അതുവരെ താമസിക്കാൻ അബർഡീൻ ബസാറിനുള്ളിലെ ഒരു ചെറിയ വീട് സംഘടിപ്പിച്ചു തരാമെന്നും ഏറ്റു. ഞാനും മദുഗരയും മൂസയുടെ വീട്ടിലേക്ക് ചെന്ന് സെന്തിലിനേയും കൂട്ടി ബസാറിലേക്ക് വന്നു.

മുള കൊണ്ട് വശങ്ങൾ കെട്ടിയ പഴയൊരു ഓലമേഞ്ഞ വീടായിരുന്നു തമിഴ് ഞങ്ങൾക്ക് താമസിക്കാൻ ഏർപ്പാട് ചെയ്തത്. തമിഴിനൊപ്പം ബസാറിലേക്ക് പോയ മദുഗരെ അത്യാവശ്യം ഭക്ഷണസാധനങ്ങൾ വാങ്ങി വന്നു. ആ സമയത്ത് സെന്തിലിനോട് കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടത് എന്റെ മാത്രം ഉത്തരവാദിത്വമായിരുന്നു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവനൊന്നും മിണ്ടിയില്ല. അതെന്ന കൂടുതൽ ഭയപ്പെടുത്തി.

ശാന്തത കൊടുങ്കാറ്റിനേക്കാൾ ഭീകരമാണ്, കടലായാലും മനുഷ്യനായാലും.

അന്നാവട്ടെ അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തു. ആന്തമാനിൽ നിന്നും വടക്കുമാറി ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ ഫലമായിരുന്നത്. ആ ചുഴലി ഡിഗ്ഗിപ്പൂരേക്കുള്ള ഞങ്ങളുടെ യാത്രയും മുടക്കി. നാലു ദിവസമാണ് ആ മഴ നീണ്ടുനിന്നത്. ഒന്നു പുറത്തേക്കിറങ്ങാൻ പോലും കഴിയാത്ത മഴയിൽ ഞങ്ങൾ പരസ്പരം ആശ്വസിപ്പിച്ച് കഴിഞ്ഞു. ഇടക്ക്​ ഈഴത്തിന്റെ പ്രവർത്തകർ വന്ന് മദുഗരയുമായി എന്തോ രഹസ്യകൂടിക്കാഴ്ചകൾ നടത്തി. ശ്രീലങ്കൻ പട്ടാളത്തിന്റെ ഒരു ബോട്ട് പിടിച്ചെടുത്തെന്നോ മറ്റോ ആയിരുന്നു അവർ സംസാരിച്ചത്.

അവർ തന്നെയാണ് ഞങ്ങൾക്ക് പോർട്ട്‌കോൺവാലീസിലേക്ക് പോവാനുള്ള ബോട്ട് ഏർപ്പാടാക്കിയത്. അതൊരു ഞായറാഴ്ച ദിവസമായിരുന്നു. ഉച്ചയോടെ ബോട്ടിൽ കയറി. ബ്രിട്ടീഷുകാരുടെ പഴയ താവളമായിരുന്ന സ്മിത്ത് ദ്വീപിന് സമീപത്തുകൂടെയായിരുന്നു യാത്ര. ബർമയിലേക്ക് അവിടെ നിന്ന്​ അധിക ദൂരമില്ലെന്ന് അവരുടെ സംസാരത്തിൽ നിന്ന്​ തിരിച്ചറിഞ്ഞു. ബർമയിലേക്ക് പോവണമെന്ന് മദുഗരെ മുൻപ് പറഞ്ഞതിന്റെ പൊരുൾ അപ്പോഴാണ് മനസ്സിലായത്. അവിടെ നിന്ന്​ അയാൾ എങ്ങോട്ട് പോവുമെന്നായിരുന്നു എന്റെ ആലോചന. പക്ഷേ, ഞാനത് ചോദിച്ചുമില്ല, അയാൾ പറഞ്ഞതുമില്ല.

അല്ലെങ്കിലും ഓരോ മനുഷ്യരും ഓരോ ലോകങ്ങൾ പേറുന്നവരാണ്. കടലിനുള്ളിലെ ഒരു കാടാണ് പോർട്ട് കോൺവാലീസും സമീപ ദേശങ്ങളും. ബോട്ടിറങ്ങിയപ്പോൾ കേരളത്തിലെ ഏതോ വൈകുന്നേര ചന്തയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളായിരുന്നവിടെ. തുറമുഖത്തുനിന്ന്​ ഒരു ബസിൽ കയറി. ഏതോ സ്ഥലപ്പേര് ഈഴത്തിന്റെ പ്രവർത്തകർ പറഞ്ഞിരുന്നെങ്കിലും ഓർമയിൽ നിന്നുമത് കടൽത്തിര കൊണ്ടുപോയ തീരത്തെഴുതിയ അക്ഷരങ്ങൾ പോലെ മാഞ്ഞുപോയി.

ബസിറങ്ങിയത് ഒരു ഗ്രാമത്തിലാണ്. കാടിനോടുള്ള ചേർന്നുള്ള ഇടുക്കിയിലെയോ വയനാട്ടിലെയോ വനഗ്രാമം പോലെ. ചുറ്റിലുമുള്ള കൃഷിയിടങ്ങൾ മുള കൊണ്ടുള്ള വേലികെട്ടി തിരിച്ചിട്ടുണ്ട്. അത്തരമൊരു കൃഷിയിടത്തിനിടയിലൂടെ കയറിച്ചെന്നത് ഓലമേഞ്ഞ വീടിനു മുന്നിലാണ്. അവിടെ, മുറ്റത്തുതന്നെ തനത് തമിഴ് വേഷത്തിൽ നിന്ന മനുഷ്യനാണ് ക്യാപ്റ്റൻ അതികൻ എന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി.

രണ്ടാംലോക മഹായുദ്ധത്തിൽ പങ്കെടുത്ത ക്യാപ്റ്റൻ. അദ്ദേഹം ഞങ്ങളെ വീട്ടിനുള്ളിലേക്ക് ആനയിച്ചു. വലിയ ആർഭാടങ്ങളൊന്നുമില്ലാതെ, സാധാരണ ഒരു കർഷകന്റെ വീടിന്റെ ആഢംഭരങ്ങൾ മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ഒരോ കാപ്പിക്കൊപ്പം ഞങ്ങൾ വന്ന കാര്യം അദ്ദേഹം ശ്രദ്ധയോടെ കേട്ടു. കൈരളിയെക്കുറിച്ച് കേട്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങളിൽ നിന്ന്​ അദ്ദേഹം ഞങ്ങളെ കൈവിടില്ലെന്ന പ്രതീക്ഷ കടലോളം വലുതാക്കി. തമിഴൻ പറഞ്ഞതിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു അൻപരസിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായം.

പതിനൊന്ന്

ക്യാപ്റ്റൻ അതിരന് അക്കാര്യത്തിൽ വ്യക്തമായ തെളിവുകളുമുണ്ടായിരുന്നു. അതായത് റെഡ്ഡി, വെങ്കിടാചലത്തിനോട് മദ്യത്തിന്റെ ലഹരിയിൽ പറഞ്ഞതാണെങ്കിലും അങ്ങനെയൊരു സംഭവം നടക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. സെന്റിനൽ ദ്വീപുകൾക്ക് സമീപത്തുനിന്ന്​ തമിഴ് മാത്രം സംസാരിക്കുന്ന ഒരാളെ 1979- ജൂലൈ മാസം നേവിയുടെ ചരക്കുകപ്പൽ രക്ഷിച്ചെന്ന വിവരം അദ്ദേഹവും കേട്ടിരുന്നു. അക്കാലത്ത് ആന്തമാനിൽ ഈഴം രൂപീകരിച്ചിരുന്നില്ല. അതുകൊണ്ട് ഔദ്യോഗികമായി അന്വേഷണം നടത്താനുള്ള വഴികളുമില്ലായിരുന്നു. മാത്രമല്ല, അന്നത് ആരും അത്ര ശ്രദ്ധിച്ചിരുന്നുമില്ല. പ്രത്യേകിച്ച്, ക്യാപ്റ്റനായി ജോലി ചെയ്യുമ്പോഴും റെഡ്ഡിയുടെ സ്വഭാവം വളരെ മോശമായിരുന്നു. തന്റെ കീഴിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരോട് പോലും ക്രൂരമായി പെരുമാറിയിരുന്ന അയാൾ, തനിക്ക് നേട്ടമില്ലാതെ ഒരാളെപ്പോലും രക്ഷിക്കില്ല എന്നായിരുന്നു. കടലിലെ പിശാച് എന്നാണ് അയാളെക്കുറിച്ച് കൂടെ ജോലിചെയ്തിരുന്ന നാവികർ പറയാറുള്ളത്. അങ്ങനെയൊരാൾ സ്വയം താനൊരാളെ രക്ഷിച്ചെന്ന് പറയുന്നത് വിശ്വസിക്കാമെന്നാണ് ക്യാപ്റ്റന്റെ അഭിപ്രായം. ഇപ്പോഴാണെങ്കിൽ ഈഴത്തിന്റെ സ്വാധീനം വച്ച് ജയിൽരേഖകൾ പരിശോധിക്കാൻ കഴിയുമെന്ന് കേട്ടപ്പോൾ നഷ്ടപ്പെട്ട പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ വച്ചു.

അതനുസരിച്ച് അടുത്ത ദിവസം തന്നെ ജയിൽ രേഖകൾ പരിശോധിക്കാനുള്ള ഏർപ്പാടുകൾ ചെയ്യാമെന്ന് അദ്ദേഹം വാക്കുതരികയും ഞങ്ങൾക്കൊപ്പം പോർട്ട്ബ്ലയറിലേക്ക് വരാമെന്ന് സമ്മതിക്കുകയും ചെയ്തു. ഏറ്റവും സന്തോഷം സെന്തിലിനായിരുന്നു. അവൻ ക്ഷീണമെല്ലാം മറന്ന് പഴയ പോലെ ഊർജ്ജസ്വലനായി. ആ രാത്രി മുഴുവൻ ഞങ്ങൾ ക്യാപ്റ്റന്റെ അനുഭവങ്ങൾ കേട്ടു. അപ്പൻ പറയാറുണ്ടായിരുന്ന കടൽക്കഥകൾ കേൾക്കുന്ന അതേ കൗതുകത്തോടെയാണ് ഞാനത് കേട്ടിരുന്നത്. എത്രയോ ദിവസങ്ങൾക്കുശേഷം അന്നാണ് ഞങ്ങൾ നല്ല ഭക്ഷണം കഴിച്ചതും സമാധാനത്തോടെ ഉറങ്ങിയതും.

പിറ്റേദിവസം പുറപ്പെടാൻ നേരത്താണ് ഞങ്ങൾ വന്ന ബോട്ടിന് എന്തോ സാങ്കേതികതകരാറുകൾ ഉണ്ടെന്ന് കണ്ടെത്തിയത്. യാത്ര വീണ്ടും വൈകുമെന്നോർത്തപ്പോൾ ആകെയൊരു മൂകത പടർന്നു. പക്ഷേ, അത് അധികനേരം നീണ്ടുനിന്നില്ല. അതികൻ ഞങ്ങളെ കൃഷിയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയതിനാലണത്. അതിനിടയിലെല്ലാം അദ്ദേഹം യുദ്ധകാലത്തെ അനുഭവങ്ങൾ വിവരിച്ചുകൊണ്ടേയിരുന്നു. അക്കൂട്ടത്തിലാണ്, തെക്കുഭാഗത്ത്, സുമാത്രക്കുസമീപത്ത് മുങ്ങിയൊരു കപ്പലിനെക്കുറിച്ച് പറഞ്ഞത്. അതൊരു അമേരിക്കൻ കപ്പലായിരുന്നു. രണ്ടാംലോകയുദ്ധ കാലത്ത് ജപ്പാൻ നാവികർ മുക്കിയതാണെന്നും അതല്ല അതിന്റെ എഞ്ചിൻ റൂമിൽ നടന്ന പൊട്ടിത്തെറിയിൽ അപകടം സംഭവിച്ചതാണെന്നും പറയുന്നുണ്ട്. രണ്ടായാലും ആ കപ്പലിൽ നിന്നു ആരും ജീവനോടെ രക്ഷപ്പെട്ടിരുന്നില്ല. കൈരളിയെക്കുറിച്ചും അദ്ദേഹം ചിലകാര്യങ്ങൾ സൂചിപ്പിച്ചു. കൈരളി കൊള്ളക്കാരുടെ പിടിയിൽ അകപ്പെട്ടിട്ടുണ്ടെങ്കിൽ ഒന്നുകിൽ ആയുധക്കടത്തിനായി ഉപയോഗിക്കുകയോ അതല്ലെങ്കിൽ മെക്‌സിക്കൻ മാഫിയാ സംഘങ്ങളുടെ കൈവശമോ ആയിരിക്കും. മാത്രമല്ല കപ്പലിന്റെ പേരും രജിസ്‌ട്രേഷനും രൂപവും മാറ്റിയിരിക്കും. ഒരു പക്ഷേ, ആ കപ്പൽ ഇപ്പോഴും കടലിലൂടെ തന്റെ പൂർവ്വകാലത്തെക്കുറിച്ചൊന്നും അറിയാതെ സഞ്ചരിക്കുന്നുണ്ടാവും.

അങ്ങനെയെങ്കിൽ കപ്പൽ കണ്ടുപിടിക്കാൻ ഒരിക്കലും സാധിക്കില്ലേ? സെന്തിലിന്റെ ചോദ്യത്തിന് പനാമരേഖകൾ പരിശോധിച്ചാൽ ഒരുപക്ഷേ കഴിയുമെന്നാണ് അതികൻ ഉത്തരം നൽകിയത്. അതൊരു വലിയ സാധ്യതയാണെന്ന് എനിക്കും തോന്നി.

പക്ഷേ, പനാമയിൽ നിന്നുള്ള രേഖകൾ എങ്ങിനെ ലഭിക്കും? ഈ ചോദ്യം ഞങ്ങൾ പരസ്പരം ചോദിച്ചെങ്കിലും ആർക്കും വ്യക്തമായൊരു ഉത്തരമില്ലായിരുന്നു. എല്ലാത്തിനും മുൻപ് അൻപരസിനെ കണ്ടെത്തുകയാണ് ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ടതെന്ന അതികന്റെ ഓർമപ്പെടുത്തലിനു മുന്നിൽ പനാമയെക്കുറിച്ചുള്ള ആലോചനകൾ തത്കാലം ഉപേക്ഷിച്ചു.

രാത്രിയോടെ ബോട്ടിന്റെ റിപ്പയർ കഴിഞ്ഞത് വലിയ ആശ്വാസമായി. അടുത്ത ദിവസം പുലർച്ചെതന്നെ ഞങ്ങൾ പോർട്ട്ബ്‌സയറിലേക്ക് പുറപ്പെട്ടു. അതികൻ കൂടെയുള്ളതിന്റെ ആത്മവിശ്വാസത്തിലും സന്തോഷത്തിലുമായിരുന്നു ഓരോരുത്തരും. മായാബന്ദറിലെ ജെട്ടിയിലാണ് ബോട്ട് അടുപ്പിച്ചത്. അവിടെനിന്ന്​നേരെ പോർട്ട്ബ്ലയറിലുള്ള ഈഴത്തിന്റെ ഓഫീസിലേക്കാണ് ചെന്നത്. അവിടെ എത്തിയ അതികൻ ആരെയെല്ലാമോ ബന്ധപ്പെട്ടു. ഏതെല്ലാമോ കടലാസുകൾ തയ്യാറാക്കി. അതിലൊന്നിൽ സെന്തിലിനെക്കൊണ്ട് ഒപ്പിടീച്ചു. അവന്റെ കയ്യിലുള്ള അൻപരസിന്റെ ഫോട്ടോയും അതിലൊട്ടിച്ചു.

പിന്നേയും രണ്ടുമൂന്നു മണിക്കൂറുകൾ കഴിഞ്ഞാണ് ജയിലിലേക്ക് പോയത്. ഈഴത്തിന്റെ ഉടമസ്ഥതയിലുള്ളൊരു ജീപ്പിലായിരുന്നു യാത്ര. ആ യാത്രക്കിടയിൽ ആരും പരസ്പരം ഒന്നും മിണ്ടിയില്ല. സത്യത്തിൽ എന്താണ് സംഭവിക്കാൻ പോവുന്നതെന്ന ആകാംക്ഷയും ആധിയുമായിരുന്നു ഓരോരുത്തരുടെ മനസ്സിലും. ജയിൽ കവാടത്തിൽ ഇറങ്ങുമ്പോൾ സെന്തിലിന്റെ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാവുന്നത്ര ഉച്ചത്തിലായിരുന്നു! അവന്റെ മുഖമാകെ ചോരവറ്റിയതു പോലെ വിളർത്തു. കണ്ണുകൾ നിറഞ്ഞൊഴുകി. ആറുവർഷത്തിനു ശേഷം അച്ഛനെ കാണാൻ പോവുന്നതിന്റെ സന്താേഷക്കണ്ണുനീർ. അതോ ജീവനോടെയില്ലെന്ന് വിധിയെഴുതിയ ഒരു മനുഷ്യനെ കാണുന്നതിന്റെ സന്തോഷമോ?

അതികൻ അകത്തേക്ക് കയറിപ്പോയതിനു ശേഷം ഞങ്ങൾ നിമിഷങ്ങൾ എണ്ണിയിരുന്നു. അക്ഷരാർത്ഥത്തിൽ സമയത്തിന് ഭീകരമായ ദൈർഘ്യം അനുഭവിച്ച നിമിഷങ്ങളായിരുന്നു അത്. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാണ് അതികൻ പുറത്തേക്കുവന്നത്. പക്ഷേ, അകത്തേക്ക് കയറുമ്പോഴുള്ള ആവേശമൊന്നും അദ്ദേഹത്തിന്റെ മുഖത്തില്ലായിരുന്നു. എന്തുപറ്റിയെന്ന മദുഗരയുടെ ചോദ്യം ശ്രദ്ധിക്കാതെ അദ്ദേഹം പുറത്തേക്ക് നടന്നു. പിന്നാലെ ഞങ്ങളും അവിടെ നിന്നും ഇറങ്ങി.

ഇവിടെയില്ല, നിരാശയോടെ അതികൻ പറഞ്ഞപ്പോൾ സെന്തിൽ ജീവനറ്റു കുഴഞ്ഞു വീഴുന്നതു പോലെ എന്റെ ചുമലിലേക്ക് ചാഞ്ഞു. അവന്റെ കണ്ണീരിൽ എന്റെ ഇടത്തേചുമൽ നനഞ്ഞു. എന്റെ അവസ്ഥയും സമാനമായിരുന്നു. പിടിച്ചു നിൽക്കാൻ ഒരു ചുമൽ പോലുമില്ലെന്ന യാഥാർത്ഥ്യം മനസ്സിലായതു കൊണ്ടുമാത്രം വീഴാതിരുന്നതാണ്.

‘‘സാർ, നീങ്കൾ കൂറുവതൻ അർത്ഥം എന്നാ?'' മദുഗരെയുടെ ചോദ്യം അദ്ദേഹം പ്രതീക്ഷിച്ചതാവും. ഒരു നിമിഷം തന്റെ കയ്യിലെ കടലാസിലേക്കും പിന്നെ സെന്തിലിനേയും മാറി മാറി നോക്കികൊണ്ട് അതികൻ അക്കാര്യം ഞങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഓരോന്നും കൈരളിയുടെ തിരോധാനത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ അത്ര എളുപ്പമല്ലെന്ന് വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്ന തായിരുന്നു.

അൻപരസ് എന്ന് പേരുള്ള ഒരാൾ പോലും ജയിൽ രേഖകളിൽ ഇല്ലെന്നും സെന്തിൽ നൽകിയ ഫോട്ടോയിൽ കാണുന്ന ആളുടെ രൂപസാദൃശ്യമുള്ള ഒരാൾ കുറച്ചു വർൽങ്ങളായി ഈ ജയിലിലുണ്ടായിരുന്നെന്നും മുതിർന്നൊരു ജയിലുദ്യോഗസ്ഥൻ സംശയം പ്രകടിപ്പിച്ചു. ആ ഉദ്യോഗസ്ഥൻ സംശയം പ്രകടിപ്പിച്ച വ്യക്തിക്ക് മാനസികാസ്വസ്ഥതകൾ ഉണ്ടായിരുന്നെന്നും അറിയാൻ കഴിഞ്ഞു. അതായത് റെഡ്ഡി പറഞ്ഞ കാര്യങ്ങൾ സത്യം തന്നെയാണ്. അതൊരു പ്രതീക്ഷയോ നിരാശയോ ആയിത്തീരാൻ ഇനിയും ഒന്നു രണ്ട് ദിവസങ്ങൾ കൂടെ കാത്തിരിക്കണം അതായിരുന്നു അതികൻ നൽകിയ വിവരങ്ങളുടെ ആകെത്തുക.

ജയിലിൽ നിന്ന്​ തിരികെയെത്തിയതിനുശേഷം അതികൻ എന്നേയും മദുഗരയേയും അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. സെന്തിലിനെ കൂടെ കൂട്ടേണ്ടെന്ന് പ്രത്യേകം ഓർമിപ്പിച്ചിരുന്നു. അപ്പോൾ തന്നെ എന്തോ പന്തികേടുണ്ടെന്ന ആശങ്ക അസ്ഥാനത്തായില്ല.

ആ പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത് പ്രകാരം ഫോട്ടോയിൽ കണ്ട വ്യക്തി കഴിഞ്ഞ മാസം മരിച്ചു പോയി. പോർട്ട് പൊലീസ് ജയിലേക്ക് എത്തിക്കുന്ന സമയത്തുതന്നെ അയാൾക്ക് ഓർമക്കുറവും മാനസികാസ്വസ്ഥതകളും ഉണ്ടായിരുന്നെന്നും അയാൾ മറ്റുള്ള എല്ലാ തടവുകാരുമായി അകന്നാണ് കഴിഞ്ഞതെന്നും അറിയാൻ കഴിഞ്ഞിരുന്നു. മാത്രമല്ല ജയിൽ രേഖകളിൽ unknown എന്നാണ് അയാളുടെ പേര് രേഖപ്പെടുത്തിയത്. ഏതോ സരസനായ ഓഫീസർ അന്നു തൊട്ടുവിളിക്കുന്ന രജേഷ് ഖന്ന എന്ന പേരിലാണ് പിന്നീടയാൾ ജീവിച്ചത്.

പക്ഷേ, കുറച്ചുകാലം കഴിഞ്ഞപ്പോൾ ജയിലിൽ തന്നെയുള്ള ത്യാഗരാജൻ എന്ന് പേരുള്ള തടവുകാരനുമായി മാത്രം അയാൾ വല്ലപ്പോഴും സംസാരിച്ചിരുന്നു. ത്യാഗരാജൻ! ആ പേരു കേട്ടതും എന്റെ ഓർമ്മകളിലേക്കൊരു കപ്പൽ പാഞ്ഞുകയറി. മുത്തുലക്ഷ്മിയുടെ സഹോദരനായ ത്യാഗരാജനാവുമോ അതെന്നായിരുന്നും എനിക്ക് അറിയേണ്ടിയിരുന്നത്. അതപ്പോൾ തന്നെ ഞാൻ അതികനോട് പറയുകയും ചെയ്തു. അതു കേട്ടപ്പോൾ അദ്ദേഹത്തിനും പ്രതീക്ഷകൾ കൈവന്നു. പക്ഷേ, അയാളെ കാണാൻ കഴിയുമോ ഇല്ലയോ എന്നകാര്യത്തിൽ യാതൊരു ഉറപ്പും ഇല്ലായിരുന്നു.

അതിന്റെ ഒന്നാമത്തെ കാരണം പോർട്ട്ബ്ലയറിലെ മുഖ്യ ജയിലിൽ അന്തേവാസികളുടെ എണ്ണം അധികമായപ്പോൾ കുറച്ചു പേരെ മറ്റൊരു ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. അക്കൂട്ടത്തിലെങ്ങാനുമാണ് അയാളെങ്കിൽ അവിടെ ചെന്ന് കാണാൻ പ്രയാസമാവും. ഇനിയഥവാ കണ്ടാൽതന്നെ സംസാരിക്കാൻ കഴിയുമോയെന്ന് യാതൊരു ഉറപ്പുമില്ല. ആന്ധ്രക്കാരനായ ഒരു പുതിയ ഓഫീസർക്കാണ് ആ ജയിലിന്റെ ചുമതല. അയാളാവട്ടെ ഒരു മനുഷ്യപ്പറ്റും ഇല്ലാത്തവനുമാണ്.

പ്രതിസസന്ധികൾ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടേയിരിക്കുന്നു. രാജേഷ് ഖന്നയായി മരിച്ചുപോയ അച്ഛനെക്കുറിച്ച് സെന്തിലിനോട് എങ്ങനെ പറയുമെന്നാലോചിച്ചപ്പോൾ തന്നെ സങ്കടംകൊണ്ട് നെഞ്ചുവിങ്ങി. എന്റെ നിസ്സഹയാവസ്ഥ മനസ്സിലാക്കിയ മദുഗരെ സെന്തിലിനോട് കാര്യങ്ങളെല്ലം പറയുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അതിനിടയിൽ മദുഗരയുടെ യാത്രക്കുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു. പെട്ടെന്നൊന്നും അത് ശരിയാവരുതെന്നാണ് ഞാൻ പ്രാർത്ഥിച്ചത്! അതൊരു വലിയ തെറ്റാണെന്ന് അറിയാമായിരുന്നു. പക്ഷേ, അയാൾ കൂടെയില്ലാതായാൽ കടലിൽ ഒറ്റപ്പെട്ടവനെപ്പോലെ തളർന്നു പോവുമെന്ന് ഓർത്തപ്പോൾ മറ്റൊരു വഴിയുമില്ലായിരുന്നു. ▮

(തുടരും)


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments