ചിത്രീകരണം: ശശി ഭാസ്കരൻ

12°38’10’’N

പതിനേഴ്

നാട്ടിലെത്തിയെങ്കിലും എനിക്കുവേണ്ടി കാത്തിരിക്കാനോ അന്വേഷിക്കാനോ ആരുമില്ലായിരുന്നു.

അപ്പന്റെ കല്ലറയിൽ പോയി കുറച്ചുനേരം ഇരുന്നു. അന്നു തന്നെ ആൽബർട്ടാശനേയും ചെന്നു കണ്ടു.

ഇത്രനാളും എവിടെയാണെന്ന് അങ്ങേര് മാത്രമേ അന്വേഷിച്ചുള്ളൂ. കാര്യങ്ങൾ ഏകദേശം ഞാൻ ചുരുക്കിപ്പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അങ്ങേരെന്നെ അനുകമ്പയോടെ നോക്കി.

ബോട്ടിലിപ്പോഴും ഒരൊഴിവുണ്ട്. ആശാനത് പറഞ്ഞെങ്കിലും എനിക്ക് ബോട്ടിൽ കയറാൻ തോന്നിയില്ല. മനസ്സ് നിറയെ അപ്പോഴും കൈരളി തന്നെയായിരുന്നു. ഞാനൊന്നു മൂളുക മാത്രം ചെയ്തു. അവിടെ നിന്നും വീട്ടിലെത്തെയെങ്കിലും ഞാനൊരു അപരിചിതനായിരുന്നവർക്ക്. ആ രാത്രി എങ്ങിനെയെല്ലാമോ അവിടെ കഴിച്ചുകൂട്ടിയതാണ്. എല്ലാമായിരുന്നിട്ടും ആരുമല്ലാതാവുന്ന വേദന അനുഭവിച്ചു. അപ്പനുണ്ടായിരുന്നെങ്കിൽ..

അതോർത്തപ്പോൾ കണ്ണുനിറഞ്ഞു. ഉറക്കം വരാതായപ്പോൾ കടപ്പുറത്തോട്ട് ഇറങ്ങി. മണലിൽ മലർന്നു കിടന്ന് നക്ഷത്രങ്ങളെ നോക്കി. പക്ഷേ ഭൂതകാലത്തെ തിരിച്ചുവാങ്ങാൻ മാത്രം ഞാൻ ധനികനല്ലായിരുന്നു. അതോർമ്മിക്കാൻ മാത്രമെ എല്ലാ മനുഷ്യർക്കും സാധിക്കുകയുള്ളൂ!

ആകാശം നോക്കികിടക്കെ മാത്യൂസ് പറഞ്ഞ കാര്യങ്ങൾ ഓരോന്നായി മനസിനകത്ത് കടലുപോലെ മറിഞ്ഞു. രാത്രിക്കാണെങ്കിൽ ഒരു കപ്പലിന്റെ രൂപവും ഭാവവുമായിരുന്നന്ന്. അടുത്ത ദിവസം തന്നെ കൃഷ്ണപ്രസാദിനെ ചെന്നുകണ്ടു. മുത്തുലക്ഷ്മിയെ കണ്ടതും മറ്റും അവൻ വിശദമായത്തന്നെ സംസാരിച്ചു. മടങ്ങാൻ നേരം ആന്തമാൻ ജയിലിൽ വച്ചുകണ്ട ത്യാഗരാജൻ ആരായിരുന്നെന്ന അവന്റെ ചോദ്യത്തിന് മുന്നിൽ ഞാൻ നിസ്സഹയനായി. എന്തുചെയ്യണം എന്നകാര്യത്തിൽ എനിക്കു മുൻപിൽ വഴികളൊന്നും ഇല്ലായിരുന്നു. അവനാണ് മാത്യൂസ് പറഞ്ഞ കാര്യങ്ങൾ വച്ച് ഒരിക്കൽ കൂടെ അന്വേഷണം നടത്താനുള്ള പ്രതീക്ഷ പങ്കുവച്ചത്. അവനും കൂടെയുണ്ടാവുമെന്ന വാക്കു തന്നു. അവന്റെ ആ ധൈര്യത്തിനു പുറത്താണ് മാത്യൂസിനെ ചെന്നുകാണാൻ തീരുമാനിച്ചത്.

അയാൾ സൂചിപ്പിച്ചതു പ്രകാരം കൈരളി ഇന്ത്യൻ സമുദ്രാതിർത്തിക്ക് പുറത്താണ് അപകടത്തിൽപെട്ടത്. കൃത്യമായി പറഞ്ഞാൽ ഗൾഫ് ഓഫ് ഏദനിൽ. സുകൂത്രയ്ക് സമീപമുള്ള കിൽമിയ എന്ന ദ്വീപിന് സമീപത്ത്, 52°05'E ചാനലിൽ 1979- ജൂലൈ മൂന്നാം തിയ്യതി രാത്രി പതിനൊന്നു മണിയോടെ മാത്യൂസ് കൈരളിയെ കണ്ടെന്നാണ്. തീർത്തും വേഗത നഷ്ടമായ നിലയിലായിരുന്നതപ്പോൾ. പക്ഷേ, കൈരളിയിൽ നിന്നും അപകട മുന്നറിയിപ്പുകളോ രക്ഷാ സന്ദേശങ്ങളോ ലഭിച്ചിരുന്നില്ല. പക്ഷേ, മത്യൂസ് ഉറപ്പിച്ചു പറഞ്ഞത് ആ സമയത്ത് കൈരളിയുടെ എഞ്ചിൻ പൂർണ്ണമായും പ്രവർത്തനം നിലച്ച അവസ്ഥയിൽ ആയിരുന്നെന്നാണ്. ഇക്കാര്യങ്ങൾ കൈരളിയുടെ ഉടമകളായ ഷിപ്പിംഗ് കോർപ്പറേഷനെ അറിയിച്ചിരുന്നതുമാണ്. അവരത് കാര്യമായെടുത്തില്ല. അതിനെക്കുറിച്ച് അന്വേഷിച്ചതുമില്ല. അങ്ങിനെയാണെങ്കിൽ അൻപരസ് എങ്ങിനെ ആന്തമാനിലെത്തി? കൃഷ്ണപ്രസാദ് എന്നോടു ചോദിച്ച ഇതേ ചോദ്യം ഞാൻ അന്നു തന്നെ മാത്യൂസിനോടും ചോദിച്ചതാണ്.

അയാളതിനു നൽകിയ മറുപടി ഇതായിരുന്നു: മർമ്മഗോവയിൽ നിന്നും പുറപ്പെട്ട കൈരളിക്ക് ആദ്യ ദിവസങ്ങളിൽ വലിയ പ്രശ്‌നങ്ങൾ ഒന്നും തന്നെ നേരിടേണ്ടി വന്നിട്ടില്ല. ഒരു സൈക്ലോൺ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയില്ല. ഉത്ഭവസ്ഥാനത്തു തന്നെയത് ദുർബലമായി. അന്നത്തെ കാലാവസ്ഥാ റിപ്പോർട്ടുകളിൽ അത് രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ജൂലൈ രണ്ടാം തിയ്യതിയോടുകൂടി കപ്പലിന്റെ സാങ്കേതികത്തകരാറുകൾ ഗുരുതരമായിരിക്കും. പ്രത്യേകിച്ച് ഫർണസ് ഓയിലിന്റെ പൈപ്പിൽ ഉണ്ടായിരുന്ന ലീക്ക്. അതവർ പരിഹരിക്കാൻ ശ്രമിച്ചു. പക്ഷേ, പൂർണ്ണമായത് ശരിപ്പെടുത്താൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് മൂന്നാം തിയ്യതി കൂടുതൽ ഡീസൽ ഏർപ്പാടാക്കാൻ കോർപ്പറേഷനോട് ആവശ്യപ്പെട്ടത്.

ഉറക്കം വരാതായപ്പോൾ കടപ്പുറത്തോട്ട് ഇറങ്ങി. മണലിൽ മലർന്നു കിടന്ന് നക്ഷത്രങ്ങളെ നോക്കി.

ഈ സമയത്തെല്ലാം ക്യാപ്റ്റൻ കരുതിയിരിക്കുക എത്രയും പെട്ടന്ന് ജിബൂത്തിയിൽ എത്താനാവും. കാരണം, ഇന്ധനം നിറക്കുന്നതിനൊപ്പം കപ്പലിന്റെ സാങ്കേതിക തകരാറുകളും പരിഹരിക്കാൻ കഴിയും. ഒരു പക്ഷേ, കോർപ്പറേഷനിലെ ഉദ്യോഗസ്ഥരും ഇതുതന്നെയാവും കരുതിയത്. പക്ഷേ, എല്ലാവരുടേയും നിഗമനങ്ങളും ഊഹങ്ങളും അട്ടിമറിക്കാൻ കഴിയുന്ന തരത്തിൽ എഞ്ചിൻ മുറിയിലൊരു തീപ്പിടുത്തമോ പൊട്ടിത്തെറിയോ സംഭവിച്ചുകാണും. അതിനൊപ്പം തന്നെ സകല വാർത്താവിനിമയ സംവിധാനങ്ങളും നിലച്ചതുമാവും. എഞ്ചിൻ നിലച്ചു കഴിഞാൽ കപ്പല് പിന്നെ കടലിന്റെ ഇഷ്ടത്തിനനുസരിച്ചാണ് നീങ്ങുക. അതായത് ആ നേരത്തെ കാറ്റും ഒഴുക്കുമെല്ലാം അതിനെ സ്വാധീനിക്കുമെന്ന്. എന്റെ ഇത്രനാളുള്ള അനുഭവം വച്ചു പറയുകയാണെങ്കിൽ ക്യാപ്റ്റൻ കപ്പലിനെ ഏറ്റവും അടുത്തുള്ള തുറമുഖത്തേക്ക് എത്തിക്കാനുള്ള പ്രയത്‌നത്തിലായിരിക്കുമപ്പോൾ. ഒരുപക്ഷേ, കപ്പലിലുള്ള ലൈഫ് ബോട്ടിൽ ഒന്നോ രണ്ടോ അധിലധികമോ ആളുകളെ കയറ്റി യമൻ തുറമുഖത്തോട്ട് അയച്ചുകാണും. അവര് അവിടെ ചെന്നെത്തിയാൽ മാത്രം മറ്റുള്ളവർക്കും കപ്പലിനും രക്ഷപ്പെടാൻ കഴിയുന്ന ഏറ്റവും അപകടകരമായ തീരുമാനം! ആന്തമാൻ ജയിലിൽ വച്ചു മരണപ്പെട്ട അൻപരസ് അതിലൊരാളായിരിക്കും. കേട്ടിടത്തോളം മറ്റുള്ളവർക്കു വേണ്ടി ജീവിക്കാൻ തയ്യാറുള്ള അയാള് അതിന് സ്വയം സന്നദ്ധനായതാവും. പക്ഷേ, നൂറ്റമ്പത് മൈൽ ദൂരം ആ ലൈഫ് ബോട്ടിന് സഞ്ചരിക്കാൻ കഴിഞ്ഞില്ല. അതിനു മുന്നേയത് കടലിൽ മുങ്ങി. അതിനു പലകാരണങ്ങളുണ്ട്.

ഒന്നാമത്, കടലിന്റെ സ്വഭാവമാണ്. ഏതുനേരത്തും എന്തും സംഭവിക്കുമെന്ന അനിശ്ചിത്വമുള്ള ഒരിടമാണത്. അതിനൊപ്പം എട്ടുമീറ്ററോളം ഉയരത്തിലുള്ള തിരകളും! ലൈഫ് ബോട്ടിനെ മറിച്ചിടാൻ ഒരു സെക്കൻറ്​ മാത്രം മതിയതിന്!

ഇതൊക്കെ ക്യാപ്റ്റനും മറ്റുള്ളവർക്കും അറിയാവുന്നതല്ലേ എന്നാവും താൻ ചിന്തിക്കുന്നത്. അറിയാമായിരുന്നു. പക്ഷേ, രക്ഷപ്പെടാൻ മറ്റുവഴികളൊന്നും ഇല്ലാതാവുമ്പോൾ അപകടമാണെന്ന് അറിഞ്ഞിട്ടും അവസാന ശ്രമം എന്ന നിലയ്ക് എടുത്ത തീരുമാനം ആയിരിക്കുമത്. നൂറിലൊരംശം മാത്രമാണ് രക്ഷപ്പെടുമെന്ന പ്രതീക്ഷയെങ്കിലും ആ സമയത്ത് ആരും അതേ ചെയ്യുകയുള്ളൂ. പ്രത്യേകിച്ച് നാവികര്. അതിന് നൂറുകണക്കിന് ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്. ചിലപ്പോഴവര് പാതി ദൂരം പിന്നിട്ടിരിക്കും. അതിനിടയ്ക്കാവും പ്രതീക്ഷിച്ചിരുന്ന അപകടം സംഭവിച്ചത്. ലൈഫ് ബോട്ട് തലകീഴായി മറിഞ്ഞപ്പോൾ നീന്തി കരപറ്റാൻ ശ്രമിച്ചുകാണും. അതൊട്ടും എളുപ്പമല്ല. കരകാണാത്ത കടലിലവര് വിശന്നും ദാഹിച്ചും തണുത്തും മരണത്തിലേക്ക് ആണ്ടുപോയി. അതിലൊരാളു മാത്രം രക്ഷപ്പെട്ടു. അതായത് അൻപരസ്, അയാൾക്ക് കുറേക്കൂടെ മാനസിക ബലം ഉണ്ടായിരിക്കും. അതല്ലെങ്കിൽ മറിഞ്ഞു പോയ ലൈഫ് ബോട്ട് അയാള് പണിപ്പെട്ട് നേരെയാക്കിയതുമാവും. അതിനിടേല് അയാൾ കൂടെയുള്ളവരെ രക്ഷപ്പെടുത്താൻ ആവതു ശ്രമിക്കുകയും ചെയ്തുകാണും. ഈ അവസ്ഥയിൽ നിൽക്കുന്ന കൈരളിയെയാണ് ഞാനന്ന് സുകൂത്രയ്കടുത്തുള്ള കിൽമിയ ദ്വീപിന് സമീപത്തു വച്ചു കണ്ടത്. അടുത്തെന്നു പറഞ്ഞാൽ തൊട്ടടുത്താണെന്നല്ല. കിൽമിയയിൽ നിന്നും ഏകദേശം ഇരുപത്തഞ്ചു നോട്ടിക്കൽ മൈൽ ദൂരം.

‘‘സാധാരണഗതിയിൽ അങ്ങിനൊരു അവസ്ഥയിൽ മറ്റുകപ്പലുകളോട് സഹായം അഭ്യർത്ഥിക്കില്ലേ?'' എന്റെ ആ ചോദ്യം മാത്യൂസ് പ്രതീക്ഷിച്ചിരുന്നു.

ഉറപ്പായും . അതുതന്നെയാണ് ചെയ്യുക. ഒരുപക്ഷേ അന്നവര് സഹായം അഭ്യർത്ഥിച്ചുകാണും. പക്ഷേ, ശക്തമായ മഴ കാരണം എന്റെ കപ്പലിലുണ്ടായിരുന്നവർ കാണാതെ പോയതാവുമത്. മാത്രമല്ല ആ സമയത്ത് എന്റെ കപ്പലിനും ഗുരുതരമല്ലാത്ത ചില സാങ്കതിക തകരാറുകൾ ഉണ്ടായിരുന്നു. കപ്പലിനകത്തെ ക്രൈൻ പൊട്ടിയതായിരുന്നത്. കപ്പൽ യാത്രകൾ ഇത്തരത്തിലുള്ള അനേകം പ്രതിസന്ധികൾ നിറഞ്ഞതാണ്. ഏതുനിമിഷവും എന്ത് സംഭവിക്കുമെന്നു പ്രവചിക്കാൻ കഴിയില്ല. ഓരോ നാവികനും അവന്റെ മനോധൈര്യത്തിലാണ് ജീവിക്കുന്നത്.

‘‘അൻപരസ് എങ്ങിനെ ആന്തമാനിൽ എത്തി?'' അതറിയാനായിരുന്നു എനിക്ക് തിരക്ക്. ഒരുപക്ഷേ, അൻപരസിന്റേതെന്ന പേരിൽ മറ്റാരെങ്കിലുമാണ് അവിടെ ഉണ്ടായിരുന്നതെന്ന പേടിയും ഉണ്ടായിരുന്നു.

എന്തോ ഓർത്തെടുക്കാനെന്നോണം മാത്യൂസ് പൈപ്പ് ആഞ്ഞുവലിച്ചു. അതിനു മുൻപ് ഞാൻ മറ്റൊരു അനുഭവം പറയാം. മാത്യൂസ് അൽപ്പനേരം കണ്ണടച്ചിരുന്ന് എന്തോ ഓർത്തു, അൽപ്പനേരത്തിനു ശേഷം മാത്യൂസ് മറ്റൊരു കഥ പറഞ്ഞു.

അതായത്, ക്യാപ്റ്റനായതിനു ശേഷമുള്ള മൂന്നാമത്തെ യാത്ര. യെമൻ ആസ്ഥാനമായൊരു കമ്പനിയുടെ യാത്രാക്കപ്പലായിരുന്നത്. 275 യാത്രക്കാരും 70 തൊഴിലാളികളുമുള്ള അബാബീൽ എന്ന കപ്പലിൽ ചെങ്കടലിലൂടെ ഈജിപ്തിലെ പോർട്ട് ഗാലിബിലേക്കുള്ള ആ യാത്ര ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. മരണം കൺപീലിക്കരികിലോളം അടുത്ത ദിവസം! ചെങ്കടലിൽ യമനിന്റെ അധീനതയിലുള്ള ഒരുകൂട്ടം ദ്വീപുകളുണ്ട്. ഹനിഷ് ഗ്രൂപ്പ് എന്നാണ് അതിനെ പൊതുവായി വിളിക്കുന്നത്. അതിൽ തന്നെ പ്രധാനപ്പെട്ട നാലു ദ്വീപുകൾ ചെങ്കടലിന്റെ തെക്കുഭാഗത്തെ പ്രവേശന കവാടമായ മണ്ടേബ് കടലിടുക്കിന് 100 മൈൽ വടക്ക് തന്ത്രപ്രധാനമായ സ്ഥാനത്താണ്. വടക്കു നിന്നും തെക്ക് വരെ 40 മൈൽ നീളമുള്ള ഒരു ചങ്ങലപോലെ വ്യാപിച്ചുകിടക്കുകയാണത്.

യെമൻ തീരത്തിന് പടിഞ്ഞാറ് 20 മുതൽ 45 മൈൽ ദൂരമാണ് ആ ദ്വീപുകളുടെ സ്ഥാനം. 42°45'E ലാണ്. എറിത്രിയയേക്കാൾ യെമനിനോട് അടുത്ത് കിടക്കുകയും ചെയ്യുന്ന ഈ ദ്വീപുകളുടെ അധികാരത്തിനുവേണ്ടി എറിത്രിയയും യെമനും തമ്മിൽ ഓട്ടോമെൻ കാലം മുതൽ തർക്കങ്ങൾ നിലനിന്നിരുന്നു. 1923നും രണ്ടാം ലോകമഹായുദ്ധത്തിനും ഇയടിലുള്ള കാലത്ത് ഇറ്റലിയായിരുന്നു ഈ ദ്വീപുകളുടെ മേൽ അനൗദ്യോഗികമായ നിയന്ത്രണം സ്ഥാപിച്ചത്. അവിടെയെത്തുന്ന മത്സ്യത്തൊഴിലാളികൾക്കു നേരെയും ഇറ്റലിയുടെ നിയന്ത്രണങ്ങളുണ്ടായിരുന്നു. ദ്വീപുകളുടെ പ്രാധാന്യത്തെപ്പറ്റി മനസ്സിലാക്കാൻ പറഞ്ഞെന്നേയുള്ളൂ, അല്ലാതെ ചരിത്രത്തിലുള്ള എന്റെ അറിവ് കാണിച്ചതല്ല.

ക്രമരഹിതമായ ആകൃതിയുള്ള ഈ ദ്വീപസമൂഹം വടക്ക് നിന്ന് തെക്കോട്ട് ഏകദേശം 10 മൈൽ ദൂരവും കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് 8 മൈൽ ദൂരവുമാണ്. അൽ-സാഗിർ, അൽ-ഹനിഷ്, അൽ-കബീർ, സുയൂൽ- ഹനീഷ് എന്നിവയാണ് പ്രധാനപ്പെട്ട നാലെണ്ണം. ഈ ദ്വീപുകൾക്കിടയിൽ ചിതറിക്കിടക്കുന്നതും തെക്ക് പടിഞ്ഞാറ് എറിത്രിയയുടെ തീരത്തേക്ക് വ്യാപിക്കുന്നതുമായ നിരവധി ചെറിയ ദ്വീപുകളും പാറക്കെട്ടുകളുമുണ്ട്; തെക്കൻ ചെങ്കടലിലെ ഒരു പ്രധാന നാവിഗേഷൻ അപകട മേഖലയാണിത്.. നാവികരുടെ പേടിസ്വപ്നം എന്നുതന്നെ പറയാം അതിന്റെ പ്രധാന കാരണം ഈ ദ്വീപുകളിൽ പലതിലും സജീവമായ അഗ്‌നിപർവ്വതങ്ങൾ ഇപ്പോഴും ഉണ്ടെന്നതാണ്. അന്നത്തെ യാത്രയിൽ അബാബീലിനു നേരിടേണ്ടി വന്നതും ഒരു അഗ്‌നിപർവ്വത സ്‌ഫോടനമാണ്!

യെമനിൽ നിന്ന്​ ഞങ്ങൾ പുറപ്പെടുമ്പോൾ തെളിഞ്ഞ, മനോഹരമായ കാലാവസ്ഥയായിരുന്നു.

ആ റൂട്ടിൽ ആദ്യമായി സഞ്ചരിക്കുന്നതുകൊണ്ട്, യാത്രയുടെ മുൻപു തന്നെ കപ്പലിന്റെ സെക്കൻറ്​ ഓഫീസർ ആയിരുന്ന യെമൻ സ്വദേശി ഖാലിദ് എനിക്ക് കാര്യങ്ങളുടെ ഏകദേശ ധാരണ തന്നിരുന്നു. പ്രായംകൊണ്ടും അനുഭവംകൊണ്ടും എന്നെക്കാൾ മുതിർന്നവനായിരുന്നു ഖാലിദ്. അതിലുപരി അയാൾ നല്ലൊരു മനുഷ്യനായിരുന്നു. ഖാലിദ് ഡ്രാഫ്റ്റു ചെയ്തു തന്ന റൂട്ടനുസരിച്ച്, ഹാനീഷ് ദ്വീപുകളിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചാണ് അബാബീൽ സഞ്ചരിച്ചത്. യാത്രക്കാരിൽ പലരും ആ സമയത്ത് ദ്വീപുകളുടെ ദൂരക്കാഴ്ച കാണാൻ ഡക്കിലായിരുന്നു. നാവിഗേഷൻ ബ്രിഡ്ജിൽ നിന്നിരുന്ന ഖാലിദാണ് ആ കാഴ്ച ആദ്യം കണ്ടത്. ഉടൻ തന്നെ ഖാലിദ് ആ വിവരം എന്നെ അറിയിച്ചു. ഞാനും ബ്രിഡ്ജിലേക്ക് ചെന്നു. ഞങ്ങളുടെ കപ്പൽ അപ്പോൾ കടന്നുപോയിക്കൊണ്ടിരുന്നത് ഹാനിഷ് കബീറിന് സമീപത്തുകൂടെയാണ്. ഏകദേശം 42°50'E-ൽ. ഹാനിഷ് കബീറിനോട് ചേർന്നുള്ള ഒരു ദ്വീപിൽ നിന്നും ആകാശത്തേക്ക് ആരോ കത്തിച്ചു വിട്ട മത്താപ്പൂത്തിരി പോലെയാണ് ആദ്യമത് തോന്നിയത്!.ആ കാഴ്ചയുടെ പിന്നിലുള്ള അപകടത്തെക്കുറിച്ച് അറിയാതെ ഡക്കിൽ നിന്ന യാത്രക്കാർ ആർത്തുവിളിച്ച് ആഘോഷിക്കുന്നതിന്റെ ശബ്ദം കേട്ടു. ബൈനോക്കുലറിൽ അത് നിരീക്ഷിച്ചിരുന്ന ഖാലിദ് മറ്റൊരു കാഴ്ച കാണിച്ചു തന്നു.

ഒറ്റ നിമിഷം മാത്രമെ ഞാനത് നോക്കിയുള്ളൂ. ബൈനോക്കുലർ നിലത്തേക്കെറിഞ്ഞ് ഞാൻ സ്റ്റിയറിംഗ് മുറിയിലേക്ക് ഓടി. ആ ഓട്ടത്തിനിടയിൽ തന്നെ എഞ്ചിൻ മുറിയിലേക്കും മറ്റും അപകട മുന്നറിയിപ്പ് നൽകാൻ മറന്നില്ല. മുകളിലേക്കുയർന്ന തീഗോളം പെട്ടന്നാണ് കടലിലേക്ക് പതിച്ചൊഴുകിയത്. അതിന്റെ ആഘാതത്തിൽ വലിയ തിരകളുണ്ടായി. തിരകളെന്നു പറഞ്ഞാൽ കപ്പലിനെക്കാളും ഉയരത്തിലുള്ള പതച്ചൊഴുകുന്ന കടലും ലാവയും കലർന്ന ചുവന്ന വെള്ളം! ശക്തിയോടെ ഒഴുകിവന്ന ലാവയിൽ നിന്നും കപ്പലിനെ രക്ഷിച്ചെടുക്കാൻ കഴിയുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു. എന്നിട്ടും ഞാൻ ശ്രമിച്ചു. ഒറ്റ നിമിഷം കപ്പലൊന്ന് ആടിയുലഞ്ഞു. തൊട്ടടുത്തുള്ള പാറക്കൂട്ടത്തിൽ മുട്ടാതെ ലാവ ഒഴുകുന്ന വഴിയിൽ നിന്നും അൽപ്പം പടിഞ്ഞാറേക്ക് മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ ഞാനടക്കമുള്ള മുഴുവൻ പേരും അതിനകത്തു പെട്ടുപോയെനെ! ഇപ്പോഴും അതോർക്കുമ്പോൾ ഞെട്ടൽ മാറുന്നില്ല. ഭാഗ്യകൊണ്ടോ ദൈവികമായ സാന്നിദ്ധ്യം കൊണ്ടോ മാത്രമാണ് അന്നു രക്ഷപ്പെടാനായത്. ഇതുപോലെ അനേകം അപകടങ്ങൾ കൺമുന്നിൽ കണ്ടുകൊണ്ടാണ് ഓരോ കപ്പലുകളും കടലുകൾ താണ്ടുന്നത്. അതിൽ ചിലത് കൈരളിയെപ്പോലെ എന്നെന്നേക്കുമായി ഇല്ലാതാവും.

അങ്ങനെ സംഭവിക്കുന്നതിൽ വലിയൊരു വിഭാഗം മനുഷ്യർ വരുത്തുന്ന തെറ്റുകൾ മൂലമാണ്. കൈരളിയെക്കുറിച്ച് കേട്ട കാര്യങ്ങളിൽ പരിഹരിക്കാമായിരുന്ന തകരാറുകൾക്ക് പരിഗണന നൽകാതെ യാത്ര തുടരേണ്ടി വന്നതാണ് ആദ്യത്തെ തെറ്റ്. മാത്യൂസ് ഒരു പുക കൂടെ എടുത്തു. എന്റെ മനസ്സിലപ്പോഴും അൻപരസ് എങ്ങിനെ ഇത്രയും ദൂരം താണ്ടി ആന്തമാനിൽ എത്തിയെന്ന സംശയത്തിൽ നങ്കൂരമിട്ടു കിടന്നു. മദ്രാസ് തുറമുഖത്തേക്ക് അടുക്കുകയായിരുന്നു ഞങ്ങളപ്പോൾ. ദൂരെ നിന്നു തന്നെ തുറമുഖം ദൃശ്യമായി. കടലിൽ നിന്നും കരകാണുമ്പോൾ വല്ലാത്തൊരു സുഖമാണ്. മരണത്തിൽ നിന്നും ജീവിതത്തിലേക്ക് കടക്കുന്നൊരു വാതിലുണ്ടെങ്കിൽ അതിന് തുറമുഖങ്ങളുടെ രൂപമായിരിക്കുമെന്ന് ഉറപ്പാണ്!

എന്നിട്ടയാളതു പറഞ്ഞോ? കൃഷ്ണപ്രസാദിനും അതറിയാൻ തിടുക്കമായി.

അപ്പോഴത് പറഞ്ഞില്ല.അതിനു മുൻപ് മാത്യൂസിന്റെ ഏതോ പരിചയക്കാരൻ വന്ന് അയാളെ വിളിച്ചുകൊണ്ടുപോയി. അവരിരുവരും മദ്യം കഴിച്ചു. ടഗ്ഗുബോട്ടുകൾ വന്ന് ഞങ്ങൾ സഞ്ചരിച്ചിരുന്ന കപ്പലിനെ ഡോക്കിലേക്ക് അടുപ്പിച്ചുകഴിഞ്ഞാണ് മാത്യൂസിനെ പിന്നെ ഞാൻ കാണുന്നത്. കുടിച്ച് ലക്കുകെട്ട മാത്യൂസിനെ താങ്ങിപ്പിടിച്ചു പുറത്തേക്ക് ഇറങ്ങി. നേരെ റെയിൽവേസ്റ്റേഷനിലേക്ക് വന്നു. അവിടെയെത്തിയപ്പോൾ തീവണ്ടി വരാൻ ഇനിയും നാലുമണിക്കൂറുകൾ എടുക്കുമെന്നറിഞ്ഞു. ആ നാലുമണിക്കൂറും ഞങ്ങൾ ഉറങ്ങി. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ക്ഷീണം എന്നെയും തളർത്തിയിരുന്നു. തീവണ്ടിയിൽ കയറുമ്പോൾ നല്ല തിരക്കായിരുന്നു. ജനറൽ കംപാർട്ട്‌മെന്റിന്റെ മനുഷ്യമണങ്ങളിൽ ഞാൻ കടലിനേയും കൈരളിയേയും ആലോചിച്ചു. തീവണ്ടിയൊരു കപ്പലായി മാറുന്നത് സങ്കൽപ്പിച്ചു. ആയിരക്കണക്കിനു മനുഷ്യരുള്ള കൂറ്റൻ കപ്പൽ! ഇന്നോളം നിർമ്മിച്ചതിൽ വച്ചേറ്റവും വലുത്. തുരങ്കങ്ങൾ കടക്കുമ്പോൾ അതൊരു കടൽച്ചുഴിയാണെന്നും പാലങ്ങൾ കയറുമ്പോൾ അതൊരു നേർത്ത, ശാന്തമായ കടലൊഴുക്കാണെന്നും തോന്നി. ഓരോ റെയിൽവേ സ്റ്റേഷനുകളും തുറമുഖങ്ങളും! ഇക്കാര്യം ഞാൻ മാത്യൂസിനോട് പറഞ്ഞപ്പോൾ അയാൾ ഉച്ചത്തിൽ ചിരിച്ചു. കൂടെയുള്ള യാത്രക്കാരിൽ പലരും ആ ചിരിയുടെ ഒച്ചകേട്ട് ഞങ്ങളെ അത്ഭുത ജീവികളെപ്പോലെ നോക്കി. പെട്ടന്നയാളുടെ ചിരി മാഞ്ഞു. തീവണ്ടി ഒരു ചെറിയ തുരങ്കത്തിലേക്ക് കയറി.

ഞാനപ്പോൾ അൻപരസിനെക്കുറിച്ച് വീണ്ടും ചോദിച്ചു. ▮

(തുടരും)


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments