ചിത്രീകരണം: ശശി ഭാസ്കരൻ

12°38’10’’N

പതിനെട്ട്

തു ഞാൻ പറഞ്ഞില്ലായിരുന്നോ? മാത്യൂസ് എന്നെ സംശയത്തോടെ നോക്കി. ഇല്ല, പറഞ്ഞില്ലായിരുന്നു. ഞാൻ ഒച്ചയമർത്തിയാണ് മറുപടി പറഞ്ഞത്. ഹ്മ്.. മാത്യൂസൊന്നു മൂളി. എടോ, അക്കാര്യത്തിൽ സംഭവിച്ചിരിക്കാൻ സാധ്യതയുള്ള ഒരേയൊരു കാര്യം ഞാൻ പറയാം. അതായത്, ഞാൻ മുൻപു പറഞ്ഞതു പോലെ കിൽമിയക്കടുത്തു നിന്നും ലൈഫ്‌ബോട്ടിൽ ഒന്നുകിൽ സൂകൂത്ര അല്ലെങ്കിൽ യമനിലെ തുറമുഖം. ഇതുരണ്ടുമല്ലെങ്കിൽ മറ്റേതെങ്കിലും കപ്പലോ നാവിക സേനയോ. ഇതിൽ ഏതെങ്കിലുമൊന്നു ലക്ഷ്യമാക്കി അൻപരസ് കയറിയ ലൈഫ് ബോട്ട് സഞ്ചരിച്ചു. നേരത്തെ സൂചിപ്പിച്ചതു പോലെ ബോട്ട് മറിയുകയും അയാൾ മാത്രം ജീവനോടെ രക്ഷപ്പെടുകയും ചെയ്തു. ക്യാപ്റ്റൻ തന്നെ ഏൽപ്പിച്ച ദൗത്യം പൂർത്തീകരിക്കാൻ അൻപരസ് ആ ബോട്ടിൽ വീണ്ടും കരതേടി യാത്ര തുടർന്നു. പക്ഷേ, ആ സമയത്ത് വീശിയൊരു കാറ്റ് അയാളെയും ബോട്ടിനേയും 55°15'E ഭാഗത്തേക്ക് ദിശതെറ്റി. ഇതു ഞാൻ പറയാൻ കാരണം ജൂലൈ ആറാം തിയ്യതി ഒമാൻ തീരത്ത് രൂപപ്പെട്ട 175 മൈൽ വേഗതയുള്ള ഒരു ചുഴലിക്കാറ്റ് കടലിൽ വീശുന്നതായി ഞാൻ സഞ്ചരിച്ച കപ്പലിൽ വിവരം ലഭിച്ചിരുന്നു. ഈ കാറ്റിലാവും അൻപരസ് പെട്ടത്. അന്നു ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ശ്രീലങ്കൻ തീരത്താണ് ആ കാറ്റ് കരകയറിയത്. അതായത്. ശക്തമായ കാറ്റിൽ അൻപരസ് സഞ്ചരിച്ചിരുന്ന ലൈഫ് ബോട്ട് മാന്നാർ ഉൾക്കടലിലേക്ക് എത്തിയെന്നു കണക്കാക്കാം. ഈ സമയത്തെപ്പെഴോ അൻപരസിന് ബോധം നഷ്ടമായിരിക്കും. മിക്കവാറും മന്നാർ കടലിലൂടെ കടന്നു പോയത് അൻപരസ് അറിഞ്ഞിട്ടു പോലുമുണ്ടാവില്ല. ഒഴുകി ഒഴുകി നേരെ 10ഡിഗ്രീ ചാനല് കടന്ന് ആന്തമാനിലെ സെന്ററിനോസ് ദ്വീപുകൾക്ക് അരികിൽ എത്തി. അതിനിടയിലെപ്പേഴോ ലൈഫ് ബോട്ട് വീണ്ടും മറിഞ്ഞിരിക്കാം. അല്ലെങ്കിൽ സെന്ററീസ് ദ്വീപുകാരുടെ അക്രമണത്തിന് ഇരയായിരിക്കാം. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ ഒരാൾക്ക് മാത്രമെ സാധിക്കുകയുള്ളൂ. ആന്തമാൻ ജയിലിൽ വച്ച് കണ്ടെത്തിയ ത്യാഗരാജനാണത്. കാരണം അയാൾ പറഞ്ഞ എല്ലാ കഥകളും പലസമയങ്ങളിലായി അൻപരസ് അയാളോട് പങ്കുവെച്ചതാണെന്ന് തമിഴ് പറഞ്ഞത് ശരിയാണ്! പ്രത്യേകിച്ച്, കപ്പലിനെ കടൽക്കൊള്ളക്കാര് അക്രമിച്ചിട്ടില്ലെന്ന് ത്യാഗരാജൻ സൂചിപ്പിച്ചത്. പക്ഷേ, കൈരളിയ്ക്ക് എന്തു സംഭവിച്ചെന്നു തിട്ടപ്പെടുത്താൻ ഇതൊന്നും പോര. അതിന് വേണ്ടത് കടലിലുള്ള അന്വേഷണങ്ങളാണ്. തന്നെ അക്കാര്യത്തിൽ എനിക്ക് സഹായിക്കാൻ കഴിയും.

മാത്യൂസിന്റെ ആ വാക്ക് മാത്രമാണ് ഇപ്പോഴുള്ള ഏകപ്രതീക്ഷ. ഞാനും കൃഷ്ണപ്രസാദും അതിനായി മാത്യൂസിനെ ചെന്നുകാണാൻ തീരുമാനിച്ചു. റെയിൽവെസ്റ്റേഷനിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് അയാൾ എഴുതിനൽകിയ അഡ്രസ് അന്വേഷിച്ച് അടുത്ത ദിവസം തന്നെ ഞങ്ങൾ പുറപ്പെട്ടു. മൂവാറ്റുപുഴയിലെ മാത്യൂസിന്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ അയാൾ മുൻവശത്തു തന്നെ ഉണ്ടായിരുന്നു. ചുറ്റിലും നിറയെ മരങ്ങളുള്ള ഒരു പഴയമട്ടിലുള്ള വീട്. നീളമുള്ള ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുന്ന മാത്യൂസിന് ഒരു കഥാകൃത്തിന്റെ രൂപഭാവങ്ങൾ ആയിരുന്നു. കൃഷ്ണപ്രസാദ് അതെന്നോട് സൂചിപ്പിക്കുകയും ചെയ്തു. അവൻ എല്ലാ കാര്യങ്ങളും ഒരു വ്യൂ ഫൈന്റർ ലെൻസിലൂടെയാണ് കാണുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. എന്നെ അപ്രതീക്ഷിതമായി കണ്ടതിന്റെ സന്തോഷം മാത്യൂസിന്റെ മുഖത്തുണ്ടായിരുന്നു. അയാൾ ഞങ്ങളെ സ്വീകരിച്ച് ഇരുത്തി. അകത്തു കയറിയപ്പോൾ വിദേശത്തു നിന്നും കൊണ്ടുവന്നൊരു ടെലിഫോണിലേക്കാണ് കൃഷ്ണപ്രസാദിന്റെ കണ്ണുപാഞ്ഞത്. അവനതിന്റെ രണ്ടുമൂന്നു ഫോട്ടോയും എടുത്തു. മാത്യൂസും പ്രായമായ അമ്മയും മാത്രമാണ് സമാന്യം വലുപ്പമുള്ള ആ വീട്ടിൽ വർഷങ്ങളായി താമസിക്കുന്നത്. അതുവരെ ഞാൻ കണ്ടെത്തിയതും കേട്ടതും അറിഞ്ഞതുമായ എല്ലാ കാര്യങ്ങളും ഒരു പുസ്തകത്തിലേക്ക് പകർത്തി എഴുതാൻ അവിടെവച്ച് മാത്യൂസാണ് ആദ്യം പറഞ്ഞത്. അതനുസരിച്ച് അന്നു രാത്രി തന്നെ ഞാൻ എഴുതാൻ തുടങ്ങുകയും ചെയ്തു.

അടുത്ത ദിവസം മുതൽ ഞങ്ങൾ കൈരളിക്ക് സംഭവിച്ചിരിക്കാവുന്ന കാര്യങ്ങൾ ഓരോന്നായി ചർച്ചനടത്തി. അതിലേറ്റവും പ്രധാനപ്പെട്ടത് എന്തുകൊണ്ട് കടൽക്കൊള്ളക്കാരുടെ പിടിയിൽ അകപ്പെട്ടില്ലെന്നത് സ്ഥിരീകരിക്കൽ ആയിരുന്നു. എന്റെ മനസ്സ് ഇപ്പോഴും പറയുന്നത് കൈരളി കടൽക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ടുവെന്നു തന്നെയാണ്. അതുകൊണ്ടാണ് ഒരു എണ്ണപ്പാടപോലും ബാക്കിയില്ലാതെ കപ്പൽ അപ്രത്യക്ഷമായത്. ഇക്കാര്യം ഞാൻ മാത്യൂസിനോടും സൂചിപ്പിച്ചു. അപ്പോഴാണ് അയാൾ അതിനെക്കുറിച്ച് വിശദമായി പറയാൻ തയ്യാറായത്. ഒരു തരത്തിൽ ഞങ്ങൾ തമ്മിൽ നടന്നൊരു തർക്കമായിരുന്നത്.

എടോ സെബാനെ, ഇങ്ങനെയാണ് മാത്യൂസ് സംസാരിച്ചു തുടങ്ങിയത്...

താനീപ്പറയുന്ന കടൽക്കൊള്ളക്കാര് ഇക്കാലത്തിനിടയ്ക് ആ റൂട്ടിൽ എത്ര കപ്പലുകൾ തട്ടിക്കൊണ്ടു പോയെന്ന് തനിക്ക് വല്ല കണക്കുമുണ്ടോ? ഉണ്ടാവില്ലെന്ന് എനിക്കറിയാം. എന്നാല് എനിക്ക് അറിയാവുന്ന ചില സംഭവങ്ങൾ ഞാൻ പറയാം. ഒരു കപ്പിത്താന് മാത്രം ലഭിക്കുന്ന നേരനുഭവങ്ങളാണത്. എഴുപതിന്റെ അവസാനം മുതല് ചില ഗ്രൂപ്പുകൾ അവിടെ ഉണ്ടായിട്ടുണ്ടെന്നുള്ളത് സത്യമാണ്. രണ്ടാംലോകമഹായുദ്ധവും അതിനു ശേഷം ലോകരാജ്യങ്ങളിൽ സംഭവിച്ച രാഷ്ട്രീയ മാറ്റങ്ങളുമാണ് ഈ ഗ്രൂപ്പുകൾ ഉണ്ടാവാൻ കാരണം. അറബിക്കടലിൽ അവരത്ര സ്വാധീനം ചെലുത്തിയിരുന്നില്ല. എന്നാലും ചില കേസുകൾ പലപ്പോഴായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെ മുതലെടുത്ത ചില ക്യാപ്റ്റന്മാരും ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് കറാച്ചി തുറമുഖത്തു നിന്നും മൊസാംബിക്കിലേക്ക് ചരക്കുകളുമായി പോയ ഒരു കപ്പലും അതിനകത്തുള്ള ചരക്കുകൾ മുഴുവനും യമനിലെ ഒരു കച്ചവടക്കാരന് മറിച്ചു വിറ്റത്. ഒരുപാടു കാലം മുൻപമല്ലയത്. 1969-ലായിരുന്നു ആ സംഭവം നടന്നത്. അതായത്, കറാച്ചിയിൽ നിന്നും പതിനാറായിരം ടൺ ഭക്ഷ്യ വസ്തുക്കളുമായി പുറപ്പെട്ട ഖാസി എന്നു പേരുള്ള ആ കപ്പലിൽ ക്യാപ്റ്റനടക്കം മുപ്പത് ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. മുൻപുതന്നെ മനുഷ്യത്വമില്ലാത്ത പെരുമാറ്റംകൊണ്ട് ജീവനക്കാർക്കിടയിൽ കുപ്രസിദ്ധനായിരുന്നു ആ ക്യാപ്റ്റൻ. ഏകദേശം നമ്മുടെ കൈരളി സഞ്ചരിച്ച അതേ റൂട്ട് തന്നെയായിരുന്ന ഖാസിയുടെയും സഞ്ചാരപഥം. കറാച്ചിയിൽ നിന്നും പുറപ്പെട്ട് ഒമാൻ തീരത്തോടു ചേർന്ന്, സുകൂത്രയുടെ കിഴക്ക് 12°11'N-ലൂടെ 52°56E വഴി.
കപ്പലിൽ നിന്നും കൃത്യമായ റേഡിയോ സന്ദേശങ്ങൾ സമയാസമയം ലഭിച്ചുകൊണ്ടിരുന്നു. തെളിഞ്ഞ കാലാവസ്ഥയും ശാന്തമായ കടലുമായിരുന്നു. കറാച്ചിയിൽ നിന്നും പുറപ്പെട്ട മൂന്നാമത്തെ ദിവസമാണ് കപ്പൽ റാഞ്ചിയതായി ഉടമകൾക്ക് സന്ദേശം ലഭിക്കുന്നത്. അതനുസരിച്ച് കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ സഞ്ചാരപഥം മാറ്റി ഗൾഫ് ഓഫ് ഏദനിലേക്ക് സഞ്ചരിക്കുകയായിരുന്നു. അതിനു ശേഷം ആ കപ്പലിൽ നിന്നും യാതൊരു വിവരങ്ങളും ലഭിച്ചതുമില്ല. പക്ഷേ, ഉടമകൾ ഈ വിവരം ഉടൻ തന്നെ പാക് നാവിക സേനയ്ക് കൈമാറി. അതിനൊരു കാരണം പറയുന്നത് അന്നത്തെ അവരുടെ നാവികസേനാ മേധാവിയുടെ അടുത്ത ബന്ധുവായിരുന്നു ഖാസിയുടെ ഉടമയെന്നാണ്. എന്തുതന്നെ ആയാലും ഖാസിയെ കടൽക്കൊള്ളക്കാർ തട്ടിയെടുത്തെന്ന വിവരമറിഞ്ഞ പാക് നാവിക സേന ഉടൻ തന്നെ തിരച്ചലിനു പുറപ്പെട്ടു. അവരുടെ ഹെലികോപ്റ്ററുകളും ഈ ദൗത്യത്തിൽ പങ്കെടുത്തു. അവസാന സന്ദേശം ലഭിക്കുന്ന സമയത്ത് ഖാസി ഉണ്ടായിരുന്നത് 13°N-49°E-ൽ ആയിരുന്നു. ആ പ്രദേശങ്ങളിൽ അരിച്ചുപെറുക്കിയിട്ടും പാക് നാവികസേനയ്ക് ഖാസിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ സമയങ്ങളിലെല്ലാം ഖാസിയിലേക്ക് സന്ദേശങ്ങൾ അയച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചതുമില്ല. മൂന്നുദിവസത്തെ തിരച്ചലിനു ശേഷം ഖാസിയും അതിലുള്ള ജീവനക്കാരെയും ചരക്കുകളും കൊള്ളക്കാർ തട്ടിയെടുത്തുവെന്നു തന്നെ ഉടമകൾ ഉറപ്പിച്ചു. പക്ഷേ, എല്ലാ കളവുകൾക്കുമെന്ന പോലെ ഖാസിയുടെ കാര്യത്തിലും ഒരു തെളിവ് ബാക്കി കിടന്നിരുന്നു. എല്ലാ കുറ്റകൃത്യങ്ങളിലും സത്യത്തിന്റെ ഒരുകണ്ണ് തുറന്നു തന്നെയിരിക്കും. അത് ഖാസിയുടെ കാര്യത്തിലും സംഭവിച്ചു. ധീരനായ അസ്ലം ഖാൻ! അയാളാണ് ഖാസിക്ക് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞത്.

കറാച്ചിയിൽ നിന്നും ചരക്കുകളുമായി പുറപ്പെടുന്നതിന്റെ നാലുദിവസം മുൻപ് തുറമുഖത്ത് എത്തിയ യെമൻ കച്ചവടക്കാരനായ ഒരാളിൽ നിന്നാണ് എല്ലാം തുടങ്ങുന്നത്. അയാൾ ഖാസിയുടെ കപ്പിത്താനുമായി സൗഹൃദം സ്ഥാപിച്ചു. അവര് മുൻപേ പരിചയക്കാരാണെന്നും പറയുന്നുണ്ട്. അതനുസരിച്ച് കപ്പലിലെ ഇരുപത്തൊമ്പതു ജീവനക്കാരെയും കടലിൽ വച്ചു തന്നെ കൊലപ്പെടുത്താനുള്ള ഒരു പദ്ധതി തയ്യാറാക്കപ്പെട്ടു. അതിനായി ക്യപ്റ്റൻ കണ്ടെത്തിയ വഴി എല്ലാവർക്കും ഭക്ഷണത്തിൽ വിഷം കലർത്തി നൽകുക എന്നതായിരുന്നു.! അതിനായി ക്യാപ്റ്റനെ സഹായിക്കാൻ യെമൻകാരൻ ഏർപ്പാടാക്കിയ അയാളുടെ മൂന്നു വിശ്വസ്തരും കപ്പലിൽ കയറി. ക്യാപ്റ്റന്റെ ബന്ധുക്കൾ എന്ന വ്യാജേനെയാണ് അവരന്ന് ഖാസിയിൽ കയറിപ്പറ്റിയത്. അതിനുള്ള എല്ലാ സഹായങ്ങളും ക്യാപ്റ്റൻ തന്നെ ചെയ്തു. സയനൈഡായിരുന്നു അതിനായി അവർ തിരഞ്ഞെടുത്ത വിഷം! മൂന്നു കേക്കുകളുമായാണ് അവര് കപ്പലിനകത്തു കയറിയത്. കറാച്ചിയിൽ നിന്നും പുറപ്പെട്ട് എഴുപത് നോട്ടിക്കൽ മൈൽ പിന്നിട്ടപ്പോൾ സെക്കന്റ് ഓഫീസറായിരുന്ന അസ്ലം ഖാൻ തയ്യാറാക്കി നൽകിയ ഡ്രാഫ്റ്റിൽ നിന്നും മാറിയാണ് കപ്പൽ സഞ്ചരിച്ചത്. ഇക്കാര്യം അസ്ലം ശ്രദ്ധിക്കുകയും ക്യാപ്റ്റനോട് ചോദിക്കുകയും ചെയ്തു. ആ സമയത്ത് ക്യാപ്റ്റൻ അതിനൊരു വ്യക്തമായ ഉത്തരം നൽകിയതുമില്ല, അസ്ലം ഖാനെ ശകാരിക്കുകയുംചെയ്തു. കടലിൽ സഞ്ചരിക്കുന്ന ഏതുകപ്പലിന്റേയും രാജാവ് ക്യാപ്റ്റനാണ്. ശരിക്കും ഒരു ഏകാധിപതി! അയാള് പറയുന്നതിനപ്പുറം ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.

പക്ഷേ, ഈ സംഭവത്തോടെ അസ്ലംഖാന് ചില സംശയങ്ങൾ ഉടലെടുത്തു. 22°N എത്തിയപ്പോൾ ക്യാപ്റ്റൻ എല്ലാവരേയും നാവിഗേഷൻ ബ്രിഡ്ജിലേക്ക് വിളിച്ചുകൂട്ടി. അസാധാരണമാം വിധം അലാം ബെല്ല് പ്രവർത്തിപ്പിച്ചാണ് അയാളത് ചെയ്തത്. സാധാരണ ഗതിയിൽ കപ്പലിന് അടിയന്തിര സാഹചര്യങ്ങൾ സംഭവിക്കുമ്പോൾ മാത്രം ഏഴ് ചെറിയ ബെല്ലുകൾ, ഒരു നീണ്ട ബെൽ ഇതാണ് ഉപയോഗിക്കുക. ഇതിനൊപ്പം മൂന്ന് തുടർച്ചയായുള്ള നീണ്ട ബെല്ലുകൾ കൂടെ അടിച്ചു. ഉടൻ തന്നെ കപ്പൽ ജീവനക്കാർ അടിയന്തിര സാഹചര്യങ്ങൾ നേരിടാനായി ഒരുങ്ങി. പിന്നാലെ നാവിഗേഷൻ ബ്രിഡ്ജിലേക്ക് എല്ലാവരും എത്താനുള്ള വാക്കിടോക്കിയിലൂടെ ക്യാപ്റ്റന്റെ ഒരു കമാന്റും ലഭിച്ചു. അതനുസരിച്ച് മിനിറ്റുകൾക്കുള്ളിൽ ഇരുപത്തൊമ്പത് ജോലിക്കാരും നാവിഗേഷൻ ബ്രിഡ്ജിൽ ഓടിക്കിതച്ചെത്തി. ക്യാപ്റ്റനും യെമൻകാരായ മൂന്നു പേരും അപ്പോൾ അവിടെ ഉണ്ടായിരുന്നു. അവര് തന്നെ തയ്യാറാക്കിയ ഒരു താത്കാലിക മേശയിൽ മൂന്നു കേക്കുകളും വച്ചിരുന്നു. വലിയൊരു തൂവൽത്തൊപ്പി വച്ച്, ഒരു ബഫൂണിന്റെ രൂപഭാവങ്ങളോടെ നിന്ന ക്യാപ്റ്റനെ കണ്ട് ചിരിയടക്കാൻ പാടുപെട്ടു. പക്ഷേ, അയാളുടെ ക്രൂരസ്വഭാവമറിയുന്ന ആരും ശ്വാസം പോലും എടുത്തില്ല. തന്റെ പിറന്നാൾ ദിവസമാണെന്നും അതിനായി ജോലിക്കാർക്കുള്ള കേക്കുകൾ തയ്യാറാക്കിയതെന്നും അയാൾ വലിയ ആവേശത്തോടെ വിവരിച്ചു. ഈ സമയം കപ്പലിന്റെ സഞ്ചാരം നല്ല ആഴമുള്ള ഭാഗത്തായിരുന്നു. ആഴമെന്നു പറഞ്ഞാൽ 600 മീറ്റർ ആഴം! മാത്രമല്ല ആ ഭാഗത്ത് അക്രമകാരികളായ സ്രാവുകളുടേയും വിഹാരകേന്ദ്രമായിരുന്നു. അസ്ലമാണ് ഈ ചടങ്ങിൽ ഏറ്റവും അവസാനമായി എത്തിയത്. ആദ്യത്തെ കേക് മുറിച്ച് ക്യാപ്റ്റൻ തന്നെ എല്ലാവർക്കും വിതരണം ചെയ്തു. ബാക്കിയുള്ളത് ജോലിക്കാർക്ക് അവരവരുടെ ഡ്യൂട്ടി സ്ഥലങ്ങളിൽ കൊണ്ടുപോയി കഴിക്കാനുള്ള അനുമതിയും നൽകി. തന്നെ ശകാരിച്ചതിൽ അതൃപ്തിയുണ്ടായിരുന്ന അസ്ലം ആദ്യത്തെ കേക്കിൽ നിന്നും പേരിന് മാത്രം ചെറിയൊരു കഷ്ണം കഴിച്ചു. ഉടൻ തന്നെ തന്റെ മുറിയിലേക്ക് മടങ്ങുകയും ചെയ്തു. അരമണിക്കൂറിനകം കപ്പലിലെ മറ്റു ജോലിക്കാര് പലരും രക്തം ഛർദ്ദിച്ച് മരിച്ചു വീണത് അറിഞ്ഞതുമില്ല.! പതിവു സമയമായിട്ടും തനിക്കുള്ള സൂപ്പുമായി എത്താത്ത സ്റ്റുവാർഡിനെ തിരഞ്ഞിറങ്ങിയ അസ്ലം കണ്ടത് ഭീകരമായ കാഴ്ചകളാണ്. കപ്പലിൽ പലയിടത്തായി മരിച്ചു കിടക്കുന്ന തന്റെ സഹപ്രവർത്തകർ! ആ കാഴ്ചയിൽ അയാളാകെ പതറി. വാക്കിടോക്കിയിലൂടെ ക്യാപ്റ്റനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് പ്രവർത്തന രഹിതമായിരുന്നു.!

അപകടം മണത്ത അസ്ലം, ക്യാപ്റ്റന് അരികിലേക്ക് ഓടിച്ചെന്നു. അസ്ലമിനെ കണ്ടതും ക്യപ്റ്റന്റെ കൂടെയുള്ള യെമൻ സ്വദേശികൾ അവരുടെ കയ്യിലുള്ള റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്തു! അപ്രതീക്ഷിതമായ ആ അക്രമത്തിൽ അസ്ലമിന്റെ ഇടത്തെകയ്യിൽ വെടിയേറ്റു. അവരിൽ നിന്നും രക്ഷപ്പെടാനായി അസ്ലം ക്യപ്റ്റന്റെ സഹായം അഭ്യർത്ഥിച്ചു. സഹായിക്കാനെന്നെ വ്യാജേനെ എഴുന്നേറ്റു വന്ന ക്യാപ്റ്റൻ അസ്ലമിനെ ചേർത്തു പിടിച്ചു. അയാൾ തന്നെ സഹായിക്കുകയാണെന്നു കരുതിയ അസ്ലമിന് അത് മറ്റൊരു അപകടമാണെന്നു തിരിച്ചറിയാൻ പോലും കഴിയുന്നതിനു മുൻപ് കടലിലേക്ക് വലിച്ചെറിയപ്പെട്ടിരുന്നു. പക്ഷേ, ഭാഗ്യം ധീരനായ ആ നാവികന് കൂട്ടുണ്ടായിരുന്നു. കടലിലേക്ക് വീണ അസ്ലം കുറേ നേരം നീന്തി. ആ ജീവന്മരണപ്പോരാട്ടത്തിൽ കടലിൽ ഒഴുകി നടക്കുകയായിരുന്ന ഒരു പലകയിൽ പിടികിട്ടി. ജീവിതത്തിലേക്കുള്ള ഒരു മരക്കഷ്ണം എന്നാണ് അസ്ലം പിന്നീടതിനെക്കുറിച്ച് പറഞ്ഞത്. നിലയില്ലാക്കടലിൽ ദിശയോ ദിക്കോ അറിയാതെ നാലു ദിവസമാണ് അയാൾ ഒഴുകി നടന്നത്! അത്ഭുതകരമായ കാര്യം എന്തെന്നാൽ ഈ സമയങ്ങളിലെല്ലാം പാക് നാവികസേന കടലിൽ ഖാസിയെ തിരയുകയായിരുന്നെന്നാണ്.! ക്യാപ്റ്റൻ കരുതിക്കൂട്ടി തെറ്റിദ്ധരിപ്പക്കാനായി അയച്ച റേഡിയോ സന്ദേശത്തിൽ ഖാസി മറ്റൊരു സ്ഥലത്തായിരുന്നു. കൃത്യമായി പറഞ്ഞാൽ യഥാർത്ഥ സംഭവങ്ങൾ നടക്കുന്ന പ്രദേശത്തു നിന്നും നൂറ്റമ്പത് നോട്ടിക്കൽ മൈൽ മാറി 13°N 49°E-ൽ! എന്നിട്ടും ഭാഗ്യം അസ്ലമിനെ കൈവിട്ടില്ല. യെമനിൽ നിന്നും പാകിസ്ഥാനിലെ ബന്ധർ തുറമുഖത്തേക്ക് പോവുന്ന ഒരു ചെറുകപ്പൽ കടലിൽ ഒഴുകി നടക്കുന്ന അസ്ലമിനെ കണ്ടെത്തുകയും രക്ഷിച്ച് പാകിസ്ഥാനിൽ എത്തിക്കുകയും ചെയ്തു. തുറമുഖത്ത് എത്തിയ ഉടനെ അസ്ലം, ഖാസിക്ക് സംഭവിച്ച കാര്യങ്ങൾ ഉടമകളെ അറിയിച്ചു. അതനുസരിച്ച് അവർ നടത്തിയ അന്വേഷണത്തിൽ ചെങ്കടലിലെ യെമൻ ഉടമസ്ഥതയിലുള്ള ജബൽ സുകൂറിനോട് ചേർന്നുള്ള അബുആലി ദ്വീപിൽ ഉപേക്ഷിച്ച നിലയിലുള്ള ഖാസിയെ കണ്ടെത്തുകയും ചെയ്തു. അബു ആലി ദ്വീപിലെ പാറക്കെട്ടിലേക്ക് ഇടിച്ചു തകർത്ത നിലയിലുള്ള കപ്പലിൽ നിന്നും മൂന്നു മൃതദേഹങ്ങൾ ലഭിച്ചു. ആ മൃതദേഹങ്ങളുടെ വിശദമായ പരിശോധനയിൽ നിന്നാണ് മാരകമായ സയനൈഡ് ഉപയോഗിച്ചത് മനസ്സിലായത്. അതിനു പിന്നാലെ നടന്ന അന്വേഷണങ്ങളിലാണ് ക്യാപ്റ്റൻ കപ്പലിലുണ്ടായിരുന്ന ചരക്കുകൾ യെമൻ കച്ചവടക്കാരന് മറിച്ചുവിറ്റത് അറിഞ്ഞത്. മാത്രമല്ല, ഈ കച്ചവടക്കാരനെ യെമൻ മുൻപു തന്നെ കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തതായും അറിയാൻ സാധിച്ചു. അയാളെ യെമൻ അറസ്റ്റുചെയ്‌തെങ്കിലും ക്യാപ്റ്റനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വലിയ തുക കയ്യോടെ വാങ്ങിയ ക്യാപ്റ്റൻ കരവഴി സൗദി അറേബ്യയിലേക്ക് കടന്നതാണ്. മിക്കവാറും മറ്റൊരു പേരിൽ അയാളവിടെ ജീവിക്കുന്നുണ്ടാവും. പക്ഷേ, ഈയൊരു സംഭവത്തോടെ അസ്ലം ഖാൻ ഒരു ഹീറോയായി മാറി. വിദേശ പത്രങ്ങളിലടക്കം അയാളുടെ വാർത്തകൾ വരികയുണ്ടായി.

ഇത്രയും പറഞ്ഞത് കൈരളിക്ക് ഇങ്ങനെ സംഭവിച്ചെന്നു പറയാനല്ല. മറിച്ച് കടൽക്കൊള്ളക്കാര് കൈരളിയെ തട്ടിയെടുത്തിട്ടില്ലെന്നു പറയാനാണ്. പ്രത്യേകിച്ച് കൈരളിയുടെ ക്യാപ്റ്റനും ജോലിക്കാരും ഏറ്റവും മിടുക്കന്മാര് ആയിരുന്നു. സ്വന്തം ജീവൻ പണയംവെച്ചും അവര് കപ്പലിനെ രക്ഷിക്കുമെന്നു ഉറപ്പാണ്. അത് തെളിയിക്കുന്ന ഏറ്റവും വലിയ ഉദാഹരണമാണ് അൻപരസ്. സ്വന്തം ജീവന് വിലകൽപ്പിക്കാതെയാണ് അയാൾ മറ്റുള്ളവരെ രക്ഷിക്കാൻ വേണ്ടി ശ്രമിച്ചത്. ഇക്കാര്യങ്ങൾ കൊണ്ടുമാത്രമല്ല കൈരളിയെ കൊള്ളക്കാര് തട്ടിയെടുത്തതെന്ന വാദം ഞാൻ വിശ്വസിക്കാത്തത്. അതിനു മറ്റു ചില കാരണങ്ങൾ കൂടെയുണ്ട്. മാത്യൂസ് വീണ്ടും എന്നെയും കൃഷ്ണപ്രസാദിനേയും അമ്പരപ്പിച്ചു. അതിനിടയിൽ അമ്മ കൊണ്ടുവന്ന കഞ്ഞി കഴിച്ചു. വീടിനു ചുറ്റുലുമുള്ള ജാതിമരത്തിന്റെ ചില്ലകളിൽ പലതരം ഒച്ചകൾ കേട്ടു. ഏതു നേരത്തും നിലക്കാത്ത ചീവീടുകളുടെ കരച്ചിലാണ് എന്നെ ആകർഷിച്ചത്. അതു കരച്ചില്ല, അവ ഇണയെ ആകർഷിക്കാനും അപായ സൂചന നൽകാനുമാണെന്ന് മാത്യൂസ് തിരുത്തി. നേർത്ത രണ്ടു നാരുപോലുള്ള അവയവങ്ങൾ ഉപയോഗിച്ചാണത് ശബ്ദമുണ്ടാക്കുന്നത്. അവരിലെ ആണുങ്ങൾ മാത്രമാണത് ചെയ്യുന്നത്. പെൺ ചീവീടുകൾ നിശബ്ദരാണെന്നും മാത്യൂസ് വിവരിച്ചു. കടല് മാത്രമല്ല, പ്രകൃതിയുടെ എല്ലാ കാഴ്ചകളിലേക്കും അയാളുടെ കാതും കണ്ണും തുറന്നു വച്ചിരിക്കുകയാണ്. അന്നു രാത്രി ഞങ്ങൾ വീടിന്റെ മുകൾ നിലയിലെ നീളൻ വരാന്തയിൽ ചെന്നിരുന്നു. മരങ്ങൾക്കപ്പുറം ആകാശം തെളിഞ്ഞു കാണാമായിരുന്നു അവിടെയിരുന്നാൽ. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്ത് നോക്കിയിരിക്കെ എനിക്ക് അപ്പനെ ഓർമ്മ വന്നു. ആ നക്ഷത്രക്കൂട്ടങ്ങളിൽ നിന്നും എന്നെ അപ്പൻ നോക്കുന്നതായും എന്തോ പറയുന്നതായും കാണുകയും കേൾക്കുകയും ചെയ്യുന്നൊരു കുട്ടിയായി ഞാൻ പൊടുന്നനെ മാറി. സെബാനെ, കയ്യിലൊരു ഗ്ലാസ് ബ്രാണ്ടിയുമായി വന്നു വിളിച്ച കൃഷ്ണപ്രസാദാണ് ഓർമ്മകളിൽ നിന്നും പിടിച്ചു താഴേക്കിറക്കിയത്. ഞാനുമത് ഒരിറക്കു കുടിച്ചു. ആ നേർത്ത തണുപ്പിൽ രണ്ടു പെഗ് ബ്രാണ്ടിയൊരു സുഖമായിരുന്നു. അതിനൊപ്പം മാത്യൂസിന്റെ പറമ്പിൽ നിന്നും പറിച്ചെടുത്ത മധുരക്കിഴങ്ങും കാന്താരിയരച്ച ചമ്മന്തിയും തൊട്ടു നക്കി. ആ ഇരിപ്പിലാണ് മാത്യൂസ് പുതിയൊരു കഥ പറഞ്ഞത്. ബ്രാണ്ടിയെക്കാളും ലഹരി പിടിപ്പിക്കുന്ന അറബിക്കടലിന്റെ കഥ! ▮

(തുടരും)


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments