ചിത്രീകരണം: ശശി ഭാസ്കരൻ

12°38’10’’N

അധ്യായം: 23

ഞാൻ നാട്ടിലെത്തിയതിന്റെ രണ്ടാമത്തെ ദിവസം ട്രീസയും വന്നു. കത്തിലുണ്ടായിരുന്ന മേൽവിലാസം അന്വേഷിച്ച് അവളാദ്യം എത്തിയത് ആബേലാശാന്റെ മുന്നിലായിരുന്നു. ആശാനാണ് എന്നെ ബോട്ടിൽ നിന്നും വിളിച്ചിറക്കിയത്. അവളെ കണ്ടപ്പോൾ എനിക്കെന്തെന്നില്ലാത്ത സന്തോഷം തോന്നി. കുറച്ചു നേരം കടപ്പുറത്തിരുന്നു സംസാരിച്ചു. ഞാനാകെ ക്ഷീണിച്ചു പോയെന്ന അവളുടെ പരിഭവം പറച്ചിൽ ഒരു ചിരിയോടെ കേട്ടിരുന്നു. വെയിലു മൂത്തപ്പോൾ പുലിമുട്ടിനോട് ചേർത്തിട്ടിരുന്ന ബോട്ടിലേക്ക് കയറി. ബോട്ടിനകത്തും ചൂടിനൊരു കുറവുമില്ലായിരുന്നു. അതിനകത്തുവച്ച് ഇതുവരെയുണ്ടായി എല്ലാം അവളോട് പങ്കുവച്ചു. കേട്ടുകഴിഞ്ഞപ്പോൾ അവൾക്കും വലിയ ആവേശമായി. കരയിലേക്ക് മറിയുന്ന തിരയുടെ തള്ളിച്ചയിൽ ബോട്ടൊരു ഊഞ്ഞാലുപോലെ ആടി. ബോട്ടിലുള്ള സ്റ്റൗവിൽ ചായയിടുമ്പോഴാണ് കൈരളിയെ അന്വേഷിച്ചു പോവുന്ന യാത്രയിൽ അവൾക്കും കൂടെ വരാൻ താത്പര്യമുണ്ടെന്നു പറഞ്ഞത്. ആദ്യം അവളത് തമാശ പറയുകയാണെന്നാണ് കരുതിയത്. ഞാനൊന്നു ചിരിക്കുക മാത്രം ചെയ്തു. മൂന്നോ നാലോ ദിവസത്തെ യാത്രയല്ലെന്ന് അവൾക്ക് മുന്നറിയിപ്പു നൽകുകയും ചെയ്തു. പക്ഷേ, അവള് കാര്യമായി തന്നെ ആയിരുന്നു. മാത്രമല്ല, ആന്തമാനിലെ ജോലി രാജിവച്ചാണ് വന്നതെന്ന് അപ്പോഴാണ് പറഞ്ഞത്. എനിക്കൊറ്റയ്ക്ക് തീരുമാനിക്കാൻ കഴിയില്ലെന്നും സാറിനോടും മാത്യൂസിനോടും ആലോചിച്ചു മാത്രമെ ഒരു തീരുമാനം പറയാൻ കഴിയുകയുള്ളൂവെന്ന വാക്കിൽ ട്രീസ തത്കാലം ശാന്തയായി. ആകാശം നേർത്ത ചുവപ്പണിഞ്ഞു. കടൽപക്ഷികൾ കലപില കൂട്ടി തീരത്തുള്ള മരങ്ങളിലേക്ക് പറക്കുന്നതിന്റെ ബഹളങ്ങൾ ഉയർന്നു. പടിഞ്ഞാറെ മാനം ചുംബനങ്ങളേറ്റു തിണിർത്തൊരു പെണ്ണുടൽ പോലെ ചോന്നുരുളുന്ന കാഴ്ചയിൽ മുഴുകി അവളിരുന്നു. കടലിൽ അങ്ങിങ്ങ് കെട്ടിയിട്ട ബോട്ടുകൾക്ക് മീതെ സൂര്യകിരണങ്ങൾ പലചിത്രങ്ങളായി പതിച്ചു. നോക്കി നിൽക്കെ കടലൊന്നു വാ തുറന്ന് സൂര്യനെ വിഴുങ്ങി. മറ്റേതോ ദേശത്ത് അതിനെ തുപ്പിയിടാൻ കടൽ വേഗതയിൽ പാഞ്ഞു. ഈ നേരമത്രയും ട്രീസയോ ഞാനോ ഒന്നും സംസാരിച്ചില്ല. വാക്കുകൾ വരണ്ടുവറ്റി.

ഇതിനിടയിൽ ബോട്ടിലൊരു പെണ്ണ് കയറി വന്നതറിഞ്ഞ് പലരും ഒളിഞ്ഞും തെളിഞ്ഞും വട്ടമിട്ടു. എനിക്കോ അവൾക്കോ അക്കാര്യത്തിൽ യാതൊരു കൂസലുമില്ലായിരുന്നു. അന്ന് ബോട്ടിനകത്തു തന്നെ താമസിക്കാൻ ആയിരുന്നു ട്രീസയുടെ തീരുമാനം. രാത്രിയായിട്ടും ഞങ്ങൾ ബോട്ടിൽ തന്നെ ഇരിക്കുന്നതുകണ്ട് ചിലരങ്ങോട്ടു കയറി വന്നു. അക്കൂട്ടത്തിൽ ആബേലാശാനും ഉണ്ടായിരുന്നു. ആശാനാണ് മറ്റുള്ളവരെ പറഞ്ഞുവിട്ടത്. അതുമല്ല, രാത്രിയിലേക്കുള്ള ഭക്ഷണവും ആശാൻ തന്നെ വച്ചുണ്ടാക്കാമെന്നേറ്റു. രാത്രി ഒമ്പതുമണിയോടെ ആശാൻ വീട്ടിലേക്ക് മടങ്ങി. ഞാനും ട്രീസയും രാത്രിയെ നോക്കി ബോട്ടിന്റെ പലകയിൽ മലർന്നു കിടന്നു. ആ കിടപ്പിൽ ഞാൻ നക്ഷത്രങ്ങളെക്കുറിച്ചും അപ്പനെക്കുറിച്ചും സംസാരിച്ചു. രാവിരുളുന്നതും നക്ഷത്രങ്ങൾ ഉദിക്കുന്നതും അസ്തമിക്കുന്നതും അവളൊരു കുഞ്ഞിനെയെന്നോണം എന്റെ മടിയിൽ തലവച്ചു കണ്ടു. അവളാവട്ടെ അപ്പോഴും സാറത് സമ്മതിക്കുമോ ഇല്ലയോ എന്ന് ചോദിച്ചുകൊണ്ടിരുന്നു. അവൾ തന്നെ അതിനുള്ള ഉത്തരവും പറയും! അതായത് നഴ്‌സിംഗ് പഠിക്കുകയും കുറേക്കാലം നഴ്‌സായി ജോലി ചെയ്യുകയും ചെയ്ത ഒരാള് അങ്ങനൊരു കപ്പലിൽ ഉണ്ടാവുന്നത് നല്ലതാണെന്ന്. അവളാ പറയുന്നതിൽ കാര്യമില്ലാതില്ല. അത്രയും ദൈർഘ്യമുള്ള യാത്രയിൽ ഒരു ഡോക്ടർ അത്യാവശ്യമാണ്. എപ്പോൾ ആർക്ക് എന്തു സംഭവിക്കുമെന്നു പറയാൻ കഴിയില്ല. എന്നാൽ തീർത്തും സൗജന്യമായി ഇതുപോലൊരു ഭ്രാന്തൻ യാത്രയ്ക് വരാൻ ആരും തയ്യാറാവുകയുമില്ല. അത്തരമൊരു സാഹചര്യത്തിൽ ഒരു നഴ്‌സ് കൂടെയുണ്ടാവുന്നത് എന്തുകൊണ്ടും നല്ലതാണ്. അതു തന്നെയാണ് എന്റെയും പ്രതീക്ഷ. അടുത്തദിവസം രാവിലെ കൃഷ്ണപ്രസാദ് വന്നതിനു ശേഷമാണ് ട്രീസ മടങ്ങിയത്. ബസ് കയറുന്നതിനു മുൻപ് അവൾ അതൊരിക്കൽകൂടെ ഓർമ്മിപ്പിച്ചു.

കാര്യങ്ങൾ കേട്ടുകഴിഞ്ഞപ്പോൾ കൃഷ്ണപ്രസാദിനും എന്റെ അതേ അഭിപ്രായമായിരുന്നു. മാത്രമല്ല ഞങ്ങൾ തമ്മിൽ സ്‌നേഹത്തിലാണോ എന്നാണ് അവന് അറിയേണ്ടിയിരുന്നത്. സത്യത്തിൽ അപ്പോഴാണ് ഞാനുമത് ആലോചിച്ചത്. അവനുദ്ദേശിക്കുന്ന തരത്തിലുള്ള സ്‌നേഹമാണോ അതെന്നും എനിക്കറിയില്ല. പക്ഷേ, അവളുടെ കൂടെ നിൽക്കുമ്പോഴെല്ലാം എനിക്കൊരു സുരക്ഷിതത്വം തോന്നിയിരുന്നു. എന്തുതന്നെ ആയാലും അവൾ കയറിയ ബസ് കണ്ണിൽ നിന്നും മാഞ്ഞുതീർന്നതു മുതൽ എന്തോ ഒന്ന് എന്നെ അലട്ടുന്നുണ്ട്. ഒരു തരം നിശ്ചലാവസ്ഥ. ഇനിയതാണോ കൃഷ്ണപ്രസാദ് പറയുന്ന സ്‌നേഹമെന്ന് അറിയില്ല. അപ്പനൊഴികെ മറ്റാരുമെന്നെ സ്‌നേഹിച്ചിരുന്നില്ല. അപ്പന്റെ സ്‌നേഹം മാത്രമാണ് അനുഭവിക്കാനായതും. പക്ഷേ, അതൊന്നും ആലോചിക്കാനുള്ള സമയം ലഭിച്ചില്ല. അതിനു മുൻപ് മാത്യൂസ് വന്നു കയറി. വെങ്കിടാചലം സാറിനടുത്തേക്ക് ഉടനെ പുറപ്പെടണം എന്നു മാത്രം പറഞ്ഞു. എന്താണെന്നു ഞാൻ ചോദിച്ചതുമില്ല. സാറ് പറഞ്ഞത് അനുസരിച്ചാണേൽ ഇനിയും രണ്ടുദിവസം കൂടെ സമയമുണ്ടായിരുന്നു. കന്യാകുമാരിക്കുള്ള യാത്രക്കിടയിൽ മാത്യൂസിനോട്, ട്രീസയുടെ കാര്യം ചെറുതായി സൂചിപ്പിച്ചു. അവൾക്ക് താത്പര്യമുണ്ടേൽ വരുന്നതിൽ കുഴപ്പമില്ലെന്നായിരുന്നു മറുപടി. കൂടുതലൊന്നും ഞാൻ ചോദിച്ചില്ല. മാത്യൂസ് പറഞ്ഞതുമില്ല.

കത്തുന്ന വെയിലത്താണ് പസന്തിയുടെ വീട്ടിലേക്ക് എത്തിയത്. ഞങ്ങൾ എത്തുമ്പോൾ അയാളെക്കൂടാതെ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും അവിടെ ഉണ്ടായിരുന്നു. അവർ മൂവരും ചേർന്ന് ഏതോ ഒരുപകരണം നിർമ്മിക്കുന്നതിന്റെ തിരക്കിലാണ്. അയാളുടെ ശിഷ്യന്മാരാണ് അതെന്ന കണക്കുകൂട്ടൽ ശരിയായിരുന്നു. കഷ്ടിച്ച് ഇരുപത് വയസ്സുമാത്രമുള്ള അവരിരുവർക്കും പസന്തി ഞങ്ങളെ പരിചയപ്പെടുത്തി. അവർ താഴ്മയോടെ കൈയ്‌കെട്ടിനിന്നപ്പോൾ മാത്യൂസിന് കലി കയറി. മര്യാദയ്ക് മനുഷ്യരെപ്പോലെ നിൽക്കാൻ കൽപ്പിച്ചു. അവരത് അനുസരിച്ചു. മാത്യൂസവരോട് ചിരിച്ചുകൊണ്ട് പേരു ചോദിച്ചു. ആൺകുട്ടിയുടെ പേര് മാരിയെന്നും പെൺകുട്ടിയുടെ പേര് സങ്കിതയെന്നുമായിരുന്നു. അവരെക്കുറിച്ചൊരു ചെറുവിവരണവും പസന്തി നടത്തി. ഈ രണ്ടുപേരും ശ്രീലങ്കൻ വംശജരാണെന്നും ഉടൻ തന്നെ രണ്ടുപേരും ഡൈവിംഗ് ലൈസൻസ് നേടുമെന്നുമായിരുന്നത്. ഇതൊക്കെ കണ്ടുനിൽക്കുമ്പോഴും എന്റെയുള്ളിൽ എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന ചിന്തയായിരുന്നു. രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞാണ് വെങ്കിടാചലം സാറ് അവിടേക്ക് എത്തിയത്. അത്രയും നേരം പസന്തിയുടെ വീരസാഹസിക കഥകൾ കേൾക്കേണ്ടി വന്നു. പതിവില്ലാത്ത വിധം തിരക്കുപിടിച്ചുള്ള സാറിന്റെ വരവു കണ്ടപ്പോൾ എനിക്കാകെ പേടിയായി. പക്ഷേ, അതെല്ലാം ഒറ്റനിമിഷത്തിൽ മാറുകയും ചെയ്തു. സാറ് സംസാരിച്ചു തുടങ്ങിയപ്പോഴാണ്, മാത്യൂസിനെ ടെലിഫോണിൽ വിളിച്ചു പെട്ടന്ന് പുറപ്പെടാൻ ആവശ്യപ്പെട്ടത് അറിഞ്ഞത്.

സാറിനോട്, ഡൽഹിയിലേക്ക് എത്താൻ ആവശ്യപ്പെട്ടുകൊണ്ട് മെഹ്ത്ത ഫോൺ വിളിച്ചിരുന്നു. ഷിപ്പിംഗ് കോർപറേഷനിൽ നിന്നും ഒരു കപ്പൽ തന്റെ സ്വാധീനം ഉപയോഗിച്ച് വാങ്ങിയെടുക്കാമെന്നും അതിനു മുൻപ് ചില കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ടെന്നുമായിരുന്നു ആ ഫോൺ കോളിന്റെ ഉള്ളടക്കം. മെഹ്ത്ത എന്താണ് ഉദ്ദേശിക്കുന്നതെന്നു സാറിനും അറിയില്ല. അക്കാര്യം ഞങ്ങളുമായി സംസാരിക്കാനാണ് പെട്ടന്നു കന്യാകുമാരിക്ക് വിളിച്ചു വരുത്തിയത്. എന്നാൽ, അയാളുടെ മനസ്സിൽ എന്താണെന്നു ഞങ്ങൾക്കാർക്കും വലിയ തിട്ടമില്ല. അയാളത്ര നല്ലവനൊന്നുമല്ല. തനിക്ക് വല്ല നേട്ടവും കിട്ടുന്ന കാര്യത്തിനു മാത്രമെ അയാൾ ഇറങ്ങിപ്പുറപ്പെടുകയുള്ളൂ. ഇതാണ് സാറിനെ കുഴപ്പിച്ചത്. പസന്തിയുടെ അഭിപ്രായത്തിൽ ആർ.എം.എസിൽ നിന്നും ലഭിക്കുന്ന സ്വർണ്ണവും മറ്റുമാണ് മെഹ്ത്തയുടെ ലക്ഷ്യം. അതിന്റെ വലിയൊരു പങ്ക് അയാൾ ആവശ്യപ്പെടുമെന്ന് ഉറപ്പാണ്. അക്കാര്യം മത്യൂസും സമ്മതിച്ചു. പക്ഷേ, ഞങ്ങൾക്ക് ആർ.എം.എസ് വെറുമൊരു മറയാണെന്ന് മെഹ്ത്തയെ അറിയിക്കാനും കഴിയില്ല! അക്കാര്യം അയാൾ മനസ്സിലാക്കാനും പാടില്ല. അന്നു മുഴുവൻ ഞങ്ങൾ ഇക്കാര്യം ചർച്ചചെയ്തു. അവസാനം എന്തു വന്നാലും അയാളെ ഉപയോഗിച്ച് കപ്പൽ സ്വന്തമാക്കാൻ തീരുമാനിച്ചു. അതിനായൊരു പദ്ധതിയും തയ്യാറാക്കി.

അതനുസരിച്ച്, കപ്പലിന്റെ അറ്റകുറ്റപ്പണികളും മറ്റും തീർത്ത്, പസന്തി നിർമ്മിക്കുന്ന ഡൈവിംഗ് ചേംബർ സ്ഥാപിക്കാനുള്ള സൗകര്യം മെഹ്ത്ത തന്നെ ചെയ്യണം. അതുകൂടാതെ മൂന്നു മാസമെങ്കിലും നീണ്ടു നിൽക്കുന്ന പര്യവേഷണത്തിനു ആവശ്യമായി വരുന്ന മറ്റു സഹായങ്ങളും അയാൾ തന്നെ ഏർപ്പാടാക്കണം. ഇന്ധനം, ശുദ്ധജലം, ഭക്ഷണം, ഉപകരണങ്ങൾ, അത്യാവശ്യം ആയുധങ്ങൾ. ആളുകളെ ഞങ്ങൾ തന്നെ തിരഞ്ഞെടുക്കും. പര്യവേഷണം വിജയകരമായി പൂർത്തിയായാൽ ലഭിക്കുന്ന സമ്പത്തിന്റെ അറുപത് ശതമാനം അയാൾക്ക് നൽകും. ഇതായിരുന്നു ഞങ്ങൾ തയ്യാറാക്കിയ പദ്ധതി. അടുത്ത ദിവസം തന്നെ സാറും മാത്യൂസും ഡൽഹിയിലേക്ക് പുറപ്പെട്ടു.

അധ്യായം: 24

വർ ഡൽഹിയിലേക്ക് പോയതിനു ശേഷം പസന്തി ചേംബർ നിർമ്മാണത്തിന്റെ തിരക്കിലായി. ഞാനും മാരിയും സങ്കിതയും അയാളുടെ സഹായികളുമായി. ആദ്യം ഞങ്ങൾ അതിന്റെയൊരു ചെറു മാതൃകയാണ് നിർമ്മിച്ചത്. അതിൽ ചില സാങ്കേതിക തകരാറുകൾ കണ്ടെത്തിയപ്പോൾ അതുമാറ്റി. അവസാനം തന്റെ മനസ്സിലുള്ള ചെറുമാതൃക പസന്തി നിർമ്മിച്ചെടുത്തു. അതായളുടെ ആത്മവിശ്വാസം ഉയർത്തി. അടുത്ത ദിവസം തന്നെ യഥാർത്ഥ ചേംബർ നിർമ്മാണം ആരംഭിച്ചു. എന്നാൽ അതൊട്ടും എളുപ്പമായിരുന്നില്ല. സ്റ്റീല് മുറിക്കാനും അതിനെ കൃത്യമായ അളവിൽ വിളക്കിച്ചേർക്കാനും വലിയ പ്രയാസമായിരുന്നു. പലപ്പോഴും പസന്തി ഉദ്ദേശിക്കുന്ന തരത്തിലത് സാധിച്ചില്ല. അപ്പോഴെല്ലാം പാവം മാരിയും സങ്കിതയും അയാളുടെ വായിൽക്കിടക്കുന്ന പള്ളുവിളി കേൾക്കേണ്ടി വന്നു. നാലാമത്തെ ദിവസം തന്നെക്കൊണ്ട് ഇതുപറ്റില്ലെന്നു പസന്തിക്ക് സ്വയം ബോധ്യമായി. എന്നു കരുതി അയാൾ അതിൽ നിന്നും പിന്മാറിയില്ല. നല്ലൊരു വെൽഡറെ തപ്പിയെടുത്തു. അവൻ വന്നതിനു ശേഷം കാര്യങ്ങൾക്ക് വേഗത കൈവരിച്ചു. ആ ദിവസങ്ങളിലത്രയും ഞാൻ മാരിക്കും സങ്കിതയ്കുമൊപ്പം സംസാരിച്ച് ഇരുന്നു. സത്യത്തിൽ മറ്റൊന്നും ചെയ്യാനില്ലാത്തുകൊണ്ടായിരുന്നത്. ഞങ്ങളുടെ തയ്യാറെടുപ്പുകളെക്കുറിച്ച് അവർക്കും ചിലതെല്ലാം അറിയാമായിരുന്നു. കൈരളിയെക്കുറിച്ച് കേട്ട അവരും വല്ലാത്തൊരു ആവേശത്തിലായി. പോകപ്പോകെ അവരിലൂടെ ഞാൻ സെന്തിലിലേക്ക് എത്തി. മാരിയുടെ അപ്പന്റെ കൂടെയായിരുന്നു മദുഗരയും സെന്തിലും കുളച്ചലിൽ ജോലി ചെയ്തിരുന്നത്.!അതെന്നെ സംബന്ധിച്ച് പുതിയൊരു അറിവായിരുന്നു. രണ്ടാഴ്ച മുൻപ് അവർ ഇവിടേക്ക് എത്തിയെന്നു കേട്ടപ്പോൾ ഞാൻ ശരിക്കും ആശ്ചര്യപ്പെട്ടെങ്കിലും അത് പുറത്തുകാണിച്ചില്ല.

അവർ ഇരുവരും ഇപ്പോഴും കന്യാകുമാരിയിൽ തന്നെയുണ്ടോയൊന്നത് അറിയാനായി എന്റെ അടുത്ത ശ്രമം. അതിന് എന്നെ സാഹായിക്കാമെന്ന് സങ്കിതയും മാരിയും ഉറപ്പു നൽകി. ഇക്കാര്യങ്ങളൊന്നും പസന്തി അറിഞ്ഞിരുന്നില്ല. അയാളോട് പറയരുതെന്ന എന്റെ അപേക്ഷ അവര് അനുസരിച്ചതാണ്. മൂന്നാമത്തെ ദിവസം അവർ അതിനുള്ള ഉത്തരവുമായി വന്നു. അതനുസരിച്ച്, ഇരുവരും കഴിഞ്ഞ ദിവസം വരെ കന്യാകുമാരിയിൽ തന്നെ ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ അവർ എവിടെയാണെന്ന് അറിയില്ല. ഒരു പക്ഷേ, കുളച്ചലിലേക്കു തന്നെ മടങ്ങിക്കാണുമെന്ന് മാരി പറഞ്ഞെങ്കിലും സങ്കിതയത് സമ്മതിച്ചില്ല. അവളുടെ നിഗമനം ഈഴത്തിന്റെ രഹസ്യ കേന്ദ്രങ്ങളിൽ അവർ താമസിക്കുന്നെന്നാണ്. അവളുടെ അപ്പയും ഈഴത്തിന്റെ പ്രവർത്തകനാണ്. അവൾക്ക് 13 വയസ്സുള്ളപ്പോഴാണ് കന്യാകുമാരിയിലേക്ക് വന്നത്. അമ്മയെ ശ്രീലങ്കൻ സൈന്യം വധിച്ചതിനു പ്രതികാരം ചെയ്യാനാണ് അപ്പ ഈഴത്തിന്റെ കൂടെ ചേർന്നത്. അപ്പയ്കതിനു സാധിച്ചില്ലെങ്കിൽ താനതു ചെയ്യുമെന്നു പറയുമ്പോൾ ആ പെൺകുട്ടിയുടെ കണ്ണിലുള്ള കനലെന്നെ ഭയപ്പെടുത്തി. അതിനു വേണ്ടിയാണ് അവൾ പസന്തിയുടെ അടുത്ത് പരിശീലനത്തിനു വന്നതുപോലും. എല്ലാ മനുഷ്യർക്കും അവരവർ മാത്രം വഹിക്കുന്ന അനേകം ഭാരങ്ങളുണ്ടെന്നു തോന്നുന്നു. മറ്റാർക്കും അതിലൊരു വിരൽ തൊട്ടുപോലും സഹായിക്കാൻ കഴിയില്ല! കടലിനാണോ മനുഷ്യർക്കാണോ കൂടുതൽ ദുരൂഹതയെന്ന ചോദ്യം എന്റെയുള്ളിൽ കിടന്ന് അലയടിച്ചു. ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങളിൽ ഒന്നായത് തിരപോലെ വന്നും പോയുമിരുന്നു. ചിലപ്പോൾ ഓർമ്മകളെ തഴുകി. മറ്റുചിലപ്പോൾ ഓർമ്മകൾ നിക്ഷേപിച്ചു.

എന്തുതന്നെയായാലും അവരെ കണ്ടെത്താമെന്നൊരു പ്രതീക്ഷ എനിക്കും തോന്നിത്തുടങ്ങി. മൂന്നാലുദിവസം അതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടത്തി. സങ്കിതയ്കും മാരിയ്കുമൊപ്പം പലസ്ഥലങ്ങളിലും ചെന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടയിൽ ചേംബറിന്റെ പണി തകൃതിയായി നടക്കുന്നുണ്ടായിരുന്നു. സ്റ്റീലിന്റെ ചട്ടക്കൂട് പൂർണ്ണമായപ്പോൾ എന്റെ മനസ്സിലുണ്ടായിരുന്ന രൂപത്തെക്കാളും വലുതായിരുന്നത്. ജാലകങ്ങളിൽ കട്ടിയുള്ള ചില്ലുകൾ ഘടിപ്പിക്കേണ്ട ജോലിയും തുടങ്ങിയതോടെ പസന്തി കൂടുതൽ തിരക്കായി. കോയമ്പത്തൂര് നിന്നാണ് ചില്ലുകൾ കൊണ്ടുവരേണ്ടിയിരുന്നത്. അതിനായി പസന്തി അങ്ങോട്ടേക്ക് യാത്ര തിരിച്ചു. ഡൽഹിയിൽ പോയ സാറിന്റെയും മാത്യൂസിന്റേയും വിവരം അറിയാഞ്ഞിട്ട് ചെറുതല്ലാത്ത ആധിയുമുണ്ടായിരുന്നു. തനിച്ചായ ഞാൻ സെന്തിലിനെ അന്വേഷിക്കുന്നത് തുടർന്നു. അവസാനം സങ്കിതയുടെ അപ്പ വഴി ഞങ്ങൾ അവരെ കണ്ടെത്തി. കന്യാകുമാരിയിൽ തന്നെയുള്ള ഈഴത്തിന്റെ ഒരു കേന്ദ്രത്തിലാണ് അവരുണ്ടായിരുന്നത്. അദ്ദേഹം തന്നെയാണ് അവിടെവച്ച് ഞാൻ തിരഞ്ഞുനടക്കുന്നത് അവരെ അറിയിച്ചത്. അതനുസരിച്ച്, അന്നു രാത്രി സങ്കിതയുടെ വീട്ടിൽ വച്ചു കാണാമെന്നു തീരുമാനിച്ചു. എന്റെ മനസ്സിൽ അനേകം ചോദ്യങ്ങളായിരുന്നു. പ്രത്യേകിച്ച് ബർമ്മയിലേക്ക് പോയ അവരെങ്ങിനെ വീണ്ടും ഇവിടെ എത്തിയെന്നതിനെക്കുറിച്ചുള്ള സംശയം. സങ്കിതയുടെ കൂടെ അവളുടെ വീട്ടിലേക്ക് സൈക്കിളിൽ പോവുമ്പോൾ എന്റെ ചങ്കിടിപ്പുയർന്നു. അകലെ നിന്നും തന്നെ ചെറിയ വീടിന്റെ മുറ്റത്തെ കയറുകട്ടിലിൽ ഇരിക്കുന്ന സെന്തിലിനേയും മദുഗരെയേയും കണ്ടു. ഞാൻ മുന്നിലെത്തിയതും സെന്തിൽ ഓടിവന്നെന്നെ കെട്ടിപ്പിടിച്ചു. അത്രനേരവും ഉണ്ടായിരുന്ന സങ്കടങ്ങളും ഭയങ്ങളും ആ ഒറ്റ നിമിഷത്തെ ആലിംഗനത്തിൽ ഉരുകിത്തീർന്നു.

ശീതനിദ്രയിൽ നിന്നും എഴുന്നേറ്റിരിക്കുന്ന മൂന്നു മനുഷ്യരെപ്പോലെ അൽപ്പനേരം ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല. ഞങ്ങൾക്കിടയിലെ മൗനത്തെ ഭേദിച്ചത് എന്നത്തേയും പോലെ മദുരഗെ തന്നെയാണ്. കഴിഞ്ഞ ആറുമാസം അവർ എവിടെയായിരുന്നെന്ന് ഞാൻ ചോദിക്കാതെ തന്നെ പറഞ്ഞു.

മായാബന്ദറിൽ നിന്നും ബർമ്മയിലേക്ക് പോവുന്ന ഒരു ബോട്ടിൽ കയറി അവിടെ എത്തിയെങ്കിലും കാര്യങ്ങൾ മദുഗരെ കരുതിയത്ര എളുപ്പമായിരുന്നില്ല. അവിടെ അവരെ സഹായിക്കുമെന്നു കരുതിയ ആൾ പെട്ടന്ന് മരണപ്പെട്ടതു കാരണമായിരുന്നത്. എന്നിട്ടും രണ്ടുമാസം അവരവിടെ കഴിഞ്ഞുകൂടി. മൂന്നുനേരം പട്ടിണി കിടന്ന് മടുത്തപ്പോൾ ഉടൻ മറ്റെന്തെങ്കിലും ചെയ്തില്ലെങ്കിൽ മരിച്ചുപോവുമെന്നു തോന്നിയെന്നാണ് ആ ദിവസങ്ങളെക്കുറിച്ച് സെന്തിൽ പറഞ്ഞത്. അവസാനം കരവഴി വഴി ഇന്ത്യയിലേക്ക് കടക്കാൻ തീരുമാനിച്ചു. കിലോമീറ്ററുകളോളം നടന്നും കുതിരവണ്ടികളിൽ സഞ്ചരിച്ചുമാണ് മിസോറാമിലേക്ക് എത്തിയത്. അവിടംകൊണ്ടും അവരുടെ ദുരിതം അവസാനിച്ചില്ല. കയ്യിൽ പണമില്ലാത്തതുകൊണ്ട ഇരന്നാണ് പലപ്പോഴും ഭക്ഷണം കഴിച്ചത്. വിശപ്പിനു മുന്നിൽ മറ്റെല്ലാം മുട്ടുകുത്തിയെന്നാണ് മദുഗരെ അതിനെക്കുറിച്ച് ഗദ്ഗദത്തോടെ സംസാരിച്ചത്. എന്തുവന്നാലും മരിക്കില്ലെന്ന് അയാൾ തീരുമാനിച്ചിരുന്നു! മരിക്കാതിരിക്കാൻ മദുഗരയ്ക് വ്യക്തമായ കാരണം ഉണ്ടായിരുന്നെന്ന് അപ്പോഴാണ് തുറന്നു പറയാൻ തയ്യാറായത്. 1983-ൽ ജാഫ്‌നയിലെ സൈനികക്യാമ്പ് അക്രമണത്തിനെ തുടർന്ന് സിംഹളർ നടത്തിയ വംശീയ അതിക്രമത്തിൽ തന്റെ ഭാര്യയേയും രണ്ടു പെൺകുഞ്ഞുങ്ങളേയും ക്രൂരമായി കൊലപ്പെടുത്തുന്നത് കണ്ടുനിന്നത് മദുഗരെ വിവരിക്കുമ്പോൾ എന്റെ കണ്ണിലും കടലുകയറി. ആ കറുത്ത ജൂലൈയ്ക് പകരം വീട്ടാൻ മാത്രമാണ് അയാൾ ഇപ്പോഴും ജീവിച്ചിരിക്കുന്നത്!

അവർക്ക് മിസോറാമിൽ തമിഴ് നാട്ടിലെത്താൻ നീണ്ട രണ്ടു മാസങ്ങൾ വേണ്ടിവന്നു. കുളച്ചലിൽ എത്തിയതിനു ശേഷം വീണ്ടും ഈഴത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിക്കുന്ന ചുമതല ഏറ്റെടുത്തു. ഇപ്പോൾ ഈഴത്തിന്റെ അതിപ്രധാനമായ ഒരു 'ആക്ഷന്റെ' ആസൂത്രണവും മറ്റും ചെയ്യുന്നതിന്റെ തിരക്കിലാണ്. അതെന്താണെന്നു മാത്രം അയാൾ പറഞ്ഞില്ല. പക്ഷേ, ലോകം മുഴുവൻ ഞെട്ടുന്ന ഒരു ദിവസം ഉടൻ സംഭവിക്കുമെന്നു മാത്രം സൂചന നൽകി. അതിനു ശേഷം കൈരളിയെക്കുറിച്ചുള്ള കാര്യങ്ങൾ അന്വേഷിച്ചു. സാറും മാത്യൂസും ഡൽഹിയിലേക്ക് പോയതുവരേയുള്ള സംഭവങ്ങൾ ഞാൻ വിശദമായിത്തന്നെ പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവർക്കും പ്രതീക്ഷകളുണ്ട്. പക്ഷേ, ഈ അന്വേഷണത്തിൽ അവരിരുവരും കൂടെയുണ്ടാവില്ലെന്ന് എനിക്ക് മനസ്സിലായി. എന്നാലും അവരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി.വീണ്ടും ഒരിക്കൽക്കൂടെ കാണാൻ കഴിയില്ലെന്നു കരുതുന്ന മനുഷ്യരെ കാണുമ്പോഴുള്ള ആഹ്‌ളാദമായിരുന്നത്. മടങ്ങുന്നതിനു മുൻപ് സെന്തിൽ എനിക്കരികിൽ വന്ന് ആന്തമാനിൽ വച്ചു നടന്നതിനെല്ലാം മാപ്പുപറഞ്ഞു. അവനെന്തോ ആകെ അസ്വസ്ഥനായിരുന്നപ്പോൾ..

സങ്കിതയും മാരിയും എന്നെ അവരുടെ സൈക്കിളിൽ പസന്തിയുടെ വീടുവരെ അനുഗമിച്ചു. നേർത്ത നിലാവു വീഴുന്ന രാത്രിയിൽ നക്ഷത്രങ്ങളെ നോക്കി ഞാൻ നെടുവീർപ്പിട്ടു. പസന്തിയുടെ വീട്ടിൽ തനിച്ചു കിടക്കുമ്പോൾ അപ്പനെന്നെ വിളിക്കുന്നതായി പലവട്ടം തോന്നി. നേവിയിൽ നിന്നും ജോലി രാജിവച്ചതിന്റെ നാലാം വാർഷികമാണ് ആ ദിവസമെന്നറിഞ്ഞത് ഡയറി തുറന്നപ്പോഴാണ്! എത്ര പെട്ടന്നാണ് നാലു വർഷങ്ങൾ ഒഴുകിത്തീർന്നിരിക്കുന്നത്. പിറ്റേന്നു പുലർച്ചെ പസന്തിയുടെ ശബ്ദം കേട്ടാണ് ഉണർന്നത്. കോയമ്പത്തൂര് നിന്നും ഒരു ചെറിയ ലോറിയിൽ കുറച്ചധികം സാധനങ്ങളുമായാണ് അയാൾ വന്നിരിക്കുന്നത്. രണ്ടു ജോലിക്കാർ ഉണ്ടായിരുന്നതുകൊണ്ട് അതെല്ലം പെട്ടന്നു തന്നെ ഇറക്കിവച്ചു. എല്ലാെംകൂടെ വച്ചപ്പോൾ വീടു നിറഞ്ഞു. വലിയൊരു കപ്പൽ മ്യൂസിയമായി വീടു മാറിയെന്ന പസന്തി സ്വയം പറഞ്ഞുതുകേട്ട് എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. അന്നു വൈകുന്നേരം സാറും മാത്യൂസും ഡൽഹിയിൽ നിന്നും തിരികെ എത്തി. ▮

(തുടരും)


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments