ചിത്രീകരണം: ശശി ഭാസ്കരൻ

12°38’10’’N

അധ്യായം: 27

റേഡിയോ ഓഫിസറായി സാറ് നിർദ്ദേശിച്ച ആളെ പസന്തി കോയമ്പത്തൂരു പോയി കണ്ടെങ്കിലും സൗജന്യയാത്രക്ക്​ അയാൾക്ക് താത്പര്യമില്ലായിരുന്നു. മാത്രമല്ല അയാൾ വലിയ പ്രതിഫലവും ചോദിച്ചു. മറ്റൊരാളെ കണ്ടെത്താമെന്നു പറഞ്ഞെങ്കിലും അക്കാര്യത്തിൽ സാറിനു പോലും വലിയ ഉറപ്പില്ലായിരുന്നു.

അതിനിടയിൽ മെഹ്ത്ത മദ്രാസിലേക്ക് വരുന്നുണ്ടെന്ന വിവരം ലഭിച്ചു. ട്രീസയേയും ആശാനേയും പസന്തിയുടെ വീട്ടിൽ നിറുത്തി ഞങ്ങൾ നാലുപേരും മദ്രാസിലേക്ക് ചെന്നു. അവിടെ മെഹ്ത്ത താമസിച്ച ഹോട്ടലിലേക്ക് അവര് മൂന്നുപേരാണ് കയറിയത്. ഞാനും പസന്തിയും ആ വലിയ ഹോട്ടലിനു പുറത്തു നിന്നു. അവിടെ നിറയെ പോലീസുകാരേയും മറ്റും കണ്ടപ്പോൾ എന്തോ പരിശോധന നടക്കുന്നുണ്ടെന്നു തോന്നി. ഒന്നുരണ്ടു മണിക്കൂർ കഴിഞ്ഞാണ് അകത്തേക്ക് പോയ സാറും മാത്യൂസും വിക്രമും പുറത്തേക്കിറങ്ങിയത്. ഹോട്ടലിന്റെ മുറ്റത്തു നിൽക്കുന്ന ഞങ്ങളുമത് കണ്ടു. അവരുടെ കൂട്ടത്തിലുള്ള ഉയരം കൂടിയ ആളാണ് മെഹ്ത്തയെന്ന ഉറപ്പിച്ചു.

പുറത്തിറങ്ങിയതിനു ശേഷവും അവർ വീണ്ടും എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. സാറിന്റെ മുഖത്ത് പടരുന്ന അസ്വസ്ഥതകൾ എന്നെ ഭയപ്പെടുത്തി. വിക്രമിന്റേയും മാത്യൂസിന്റേയും മുഖത്തും ഗൗരവമായിരുന്നു. ഇതെല്ലാം കണ്ടു നിൽക്കുന്ന പസന്തി നഖം കടിച്ചു കടിച്ച് അയാളുടെ വിരലുവരെ വിഴുങ്ങുമെന്ന പരുവത്തിലായിരുന്നു. വീണ്ടും ഒരു മണിക്കൂർ കഴിഞ്ഞാണ് അവർ അവിടെ നിന്നും ഇറങ്ങിയത്. ആ സമയം മൂവരുടേയും മുഖത്തെ ഗൗരവം അൽപം അയഞ്ഞിരുന്നു. അതുകണ്ടപ്പോൾ എനിക്കും പസന്തിക്കും സമാധാനമായി.

രണ്ടോ മൂന്നോ മാസങ്ങൾക്കകം മാത്രമാണ് മദ്രാസ് ഡോക്കിലുള്ള കപ്പൽ വിട്ടുകിട്ടുകയുള്ളൂ എന്നായിരുന്നു മെഹ്ത്ത അറിയിച്ചത്. മാത്രമല്ല, ഹോട്ടലിൽ മെഹ്ത്തയെക്കൂടാതെ ആ കേന്ദ്ര മന്ത്രിയുമുണ്ടായിരുന്നെന്നു കേട്ടപ്പോൾ അത്ഭുതം തോന്നി. ആദ്യത്തെ ഒരുമണിക്കൂർ അയാൾക്ക് മുന്നിൽ കാര്യങ്ങളെല്ലാം വിശദീകരിക്കേണ്ടി വന്നെന്ന് പറയുമ്പോൾ സാറിന്റെ മുഖത്ത് കണ്ട ഭാവത്തിൽ നിന്നും അതെത്രമാത്രം ഗൗരവമായിരുന്ന കാര്യമായിരുന്നെന്നു വായിച്ചെടുക്കാൻ കഴിഞ്ഞു.

മന്ത്രിയുടെ നിർബന്ധത്തിനു വഴങ്ങി ഒരാളെക്കൂടെ ഞങ്ങളുടെ യാത്രയിൽ ചേർക്കേണ്ടിയും വന്നു. മറ്റാർക്കും അയാൾ വരുന്നതിൽ താത്പര്യമില്ലായിരുന്നു. പ്രത്യേകിച്ച് വിക്രമിന്. മന്ത്രിയുടെ അടുത്ത ബന്ധുവും ഇപ്പോൾ മറ്റൊരു കപ്പലിൽ റേഡിയോ ഓഫീസറായി ജോലി നോക്കുകയും ചെയ്യുന്ന ബോംബൈ സ്വദേശിയായ സഞ്ജയ് റാവത്ത് ആയിരുന്നു അത്​. അതിന്റെ പേരിലാണ് മെഹ്ത്തയയുമായി അവർ തർക്കിച്ചത്. അവസാനം അയാളെ ഉൾപ്പെടുത്താൻ കഴിയില്ലെങ്കിൽ താൻ മറ്റാരെയെങ്കിലും വച്ച് ആർ.എം.എസ് കണ്ടെത്തുമെന്ന് മെഹത്ത ഭീഷണിപ്പെടുത്തി. ആ ഭീഷണിക്കു മുൻപിൽ ഗത്യന്തരമില്ലാതെ കീഴടങ്ങേണ്ടി വന്നതിന്റെ നിരാശ മൂവരുടെയും ശബ്ദത്തിലുണ്ടായിരുന്നു. ആകെയുള്ള ആശ്വാസം യാത്ര പുറപ്പെടുന്നതിനു രണ്ടുദിവസം മുൻപു മാത്രമാണ് അയാൾ ഞങ്ങൾക്കൊപ്പം ചേരുകയുള്ളൂ എന്നതു മാത്രമാണ്.

അവിടെ നിന്ന്​ മടങ്ങുന്നതിനു മുൻപ് ഒരിക്കൽകൂടെ ഡോക്കിലുള്ള കപ്പൽ പരിശോധിക്കാനുള്ള അനുമതിക്കായി കാത്തുനിന്നു. വിക്രമിന്റെ അപേക്ഷ അനുസരിച്ചായിരുന്നത്. അന്നുച്ചയോടെയാണ് അതിനുള്ള അനുമതി ലഭിച്ചത്. ഡോക്കിലേക്കുള്ള ആ യാത്രയിൽ മെഹ്ത്തയും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. വിക്രം മുൻപു പറഞ്ഞതു പോലെ എലികളുടെ കോട്ട തന്നെയായിരുന്നു ആശയെന്നു പേരുള്ള ആ കപ്പൽ. മാത്രമല്ല അതിന്റെ അകത്തേയും പുറത്തേയും പെയിന്റ് ഇളകി മാറിയിട്ടുണ്ടായിരുന്നു. ഒരു നിത്യശ്മശാനമാണ് മുപ്പത്തഞ്ചുമീറ്റർ നീളവും ഏഴുമീറ്റർ വീതയും പതിനാലുമീറ്റർ ഉയരവുമുള്ള ആശയെന്നാണ് ആദ്യ നോട്ടത്തിൽ എനിക്കു തോന്നിയത്. കപ്പലിനകത്തേക്കു കയറിയപ്പോൾ തലങ്ങും വിലങ്ങും എലികൾ പാഞ്ഞു. ഓരോ ഭാഗങ്ങളും ഞങ്ങൾ നടന്നു കാണുക മാത്രമായിരുന്നില്ല. വിക്രം ആവശ്യപ്പെട്ടതനുസരിച്ച് ഓരോരുത്തരും കപ്പലിനകത്തു കാണുന്ന തകരാറുകൾ ഒരു നോട്ട്ബുക്കിൽ എഴുതിയെടുത്തു. മൂന്നു മണിക്കൂറാണ് അതിനായി ചെലവഴിച്ചത്. എഴുതിയെടുത്ത നോട്ടുകൾ പ്രകാരം അവിടെ വച്ചു തന്നെ കപ്പലിനാവശ്യമുള്ള അറ്റകുറ്റപ്പണികളെക്കുറിച്ച് സാറ് മെഹ്ത്തയോട് വിവരിച്ചു. അടുത്ത തവണ കാണുമ്പോൾ മറ്റൊരു കപ്പലിനെയാവും കാണുകയെന്നു മാത്രമാണ് അതിന് അയാൾ മറുപടി നൽകിയത്. എനിക്ക് അതിലത്ര വിശ്വാസം തോന്നിയില്ല. ആദ്യം കണ്ടതുമുതൽ അയാളൊരു കുബുദ്ധിക്കാരനാണെന്നു തോന്നിയതുകൊണ്ടായിരുന്നു അത്​. അതിനുശേഷം കപ്പലിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന്​ മേൽനോട്ടം വഹിക്കുന്ന ആളുമായും കൂടിക്കാഴ്ച നടത്തി.

ഞങ്ങൾ ഓരോരുത്തരും എഴുതിയെടുത്ത കാര്യങ്ങൾ അയാളുടെ സഹായി അപ്പോൾ തന്നെ പകർത്തിയെഴുതി. അടുത്ത ആഴ്ച തന്നെ അറ്റകുറ്റപ്പണികൾ തുടങ്ങുമെന്നാണ് അയാൾ പറഞ്ഞത്. നിർമ്മാണത്തിലിരിക്കുന്ന ഡൈവിംഗ് ബെല്ലിനെക്കുറിച്ചും അയാൾ പസന്തിയോട് ചോദിച്ചറിഞ്ഞു. ഉടൻ തന്നെയതിന്റെ നിർമാണം പൂർത്തീകരിച്ച് ഡോക്കിലേക്ക് എത്തിക്കാൻ ഓർമപ്പെടുത്തുകയുമുണ്ടായി. അതുകൂടാതെ ഞങ്ങൾക്ക് മറ്റെന്തെങ്കിലും പ്രത്യേക ആവശ്യങ്ങളുണ്ടോ എന്നും അയാൾ അന്വേഷിച്ചറിഞ്ഞു.

വിക്രം ചില നിർദ്ദേശങ്ങൾ എഴുതി നൽകി. അധികമാവശ്യത്തിനു വരുന്ന ഇന്ധനം സൂക്ഷിക്കാൻ സാമാന്യം വലുപ്പമുള്ള ബാരലുകൾ, ഉറപ്പുള്ള പുതിയ ഇരുമ്പു വടങ്ങൾ, 500കിലോ ഭാരം വരുന്നതും അഞ്ചടി ഉയരവും മൂന്നടി വീതിയുമുള്ള ഇരുപതോളം കോൺക്രീറ്റ് തൂണുകൾ. അതിനെ എടുത്തുയർത്താൻ പറ്റുന്ന തരത്തിലുള്ള രണ്ടു ക്രൈനുകൾ. കപ്പികളും അതു സ്ഥാപിക്കാനുള്ള കാര്യങ്ങളെക്കുറിച്ചും പസന്തിയും പറഞ്ഞു. അതെല്ലാം അയാൾ ശ്രദ്ധയോടെ കേട്ടു. ചിലതെല്ലാം കുറിച്ചു വയ്ക്കുകയും ചെയ്തു. അവിടെ നിന്നുള്ള മടക്കയാത്രയിൽ മാത്യൂസാണ് കപ്പലിനൊരു പുതിയ പേരുവേണമെന്ന അഭിപ്രായം ആദ്യം പ്രകടിപ്പിച്ചത്. മെഹ്ത്തയ്കും അതേ അഭിപ്രായം തന്നെയായിരുന്നു. പക്ഷേ, പെട്ടന്നൊരു പേര് കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല.ഞങ്ങൾ മടങ്ങുന്നതിനു മുൻപ് മെഹ്ത്ത ചെറുതല്ലാത്തൊരു തുകയുടെ ചെക്ക് സാറിനെ ഏൽപ്പിച്ചു. സത്യത്തിൽ അതൊരു വലിയ ഉപകാരമായി. യാത്രക്കൊരുങ്ങാനുള്ള ചെലവുകൾക്ക് ഞങ്ങൾ ബുദ്ധിമുട്ടിലായിരുന്നു. ആരുമത് പരസ്പരം തുറന്നു പറഞ്ഞില്ലെന്നേയുള്ളൂ.

അധ്യായം 28

ന്യാകുമാരിയിലെത്തിയതിന്റെ അടുത്ത ദിവസം മുതൽ വിക്രമിന്റെ നേതൃത്തിൽ ഞങ്ങൾ പരിശീലനത്തിന് ഇറങ്ങി. ആദ്യ ദിവസങ്ങളിൽ ബോട്ടിൽ ഉൾക്കടലിലേക്ക് ചെന്ന്​ തിരികെ വരികയായിരുന്നു. ഒരു ഉല്ലാസയാത്രയായിട്ടാണ് എല്ലാവരുമത് ആസ്വദിച്ചത്. അതിനിടയിൽ സങ്കിതയും മാരിയും ഡൈവിംഗ് നടത്തി. ഡൈവിംഗ് സ്യൂട്ട് ധരിച്ചും അതില്ലാതെയും അവർ പലവട്ടം കടലിൽ ചാടി. നീന്തലറിയാത്ത ട്രീസ ഇതെല്ലാം കണ്ട് പേടിച്ചു വിറച്ചാണ് ഇരുന്നത്.

ഒന്നു രണ്ടു തവണ എന്നെയും വിക്രം കടലിലേക്ക് ഇറക്കി. ആശാനാവട്ടെ ഇതൊക്കെ ഞാനെത്ര കണ്ടതെന്ന മട്ടിലായിരുന്നു. കൂട്ടത്തിൽ ഏറ്റവും നല്ല നീന്തൽക്കാരൻ ആശാനാണെന്നു വൈകാതെ മനസ്സിലായി. ദിവസങ്ങൾ കഴിയുന്തോറും പരിശീലനം കൂടുതൽ കടുപ്പമായി. കൂടുതൽ ദൂരം ഉള്ളിലേക്ക് കയറാൻ തുടങ്ങി. പകൽ മാത്രമായിരുന്നില്ല, രാത്രിയിലും പരിശീലനം തുടർന്നു. പെട്ടന്നൊരു അപകടം സംഭവിച്ചാൽ എന്തെല്ലാം ചെയ്യണമെന്ന് ഞങ്ങൾ ഓരോരുത്തർക്കും വിക്രം പഠിപ്പിച്ചു തന്നു. ഒരു ദിവസം തീരത്തു നിന്നും ഏകദേശം ഇരുപതു മൈൽ ദൂരത്തുള്ള ഒരു ചെറുദ്വീപിൽ ഞങ്ങളെ ഒരു രാത്രി മുഴുവൻ തനിച്ചാക്കി. ദ്വീപെന്നു പറയാൻ പറ്റില്ല. ഉണങ്ങിക്കരിഞ്ഞ് അവിടെയിവിടെയായി നിൽക്കുന്ന അടിക്കാടുകൾ പോലെയുള്ള ചെറിയ സസ്യങ്ങൾ മാത്രമുള്ള ഒന്നര ചതുരശ്ര കിലോമീറ്റർ വലുപ്പമുള്ള കരിമ്പാറക്കൂട്ടമായിരുന്നത്! കുത്തനെയുള്ള പാറകൾ ഏതു നിമിഷവും കടലിലേക്ക് പതിക്കാനായി ആഞ്ഞാണു നിൽപ്പ്. കാണുമ്പോൾ തന്നെ പേടി തോന്നുന്ന അതിന്റെ ഉച്ചിയിൽ ചില കടൽപ്പക്ഷികൾ വന്നിരിക്കുകയും പറന്നു പോവുകയും ചെയ്യുന്നുണ്ടായിരുന്നു.

അന്നുരാവിലെ രണ്ടേ രണ്ടു പഴം മാത്രമാണ് കഴിച്ചിരുന്നത്. ഉച്ചയോടെ അവിടെ ഞങ്ങളെ ഇറക്കി വിട്ട് ഒന്നും പറയാതെയാണ് വിക്രം മടങ്ങിയത്. ആദ്യത്തെ കുറച്ചു മണിക്കൂറുകൾ ഞങ്ങളവിടത്തെ കാഴ്ചകൾ കണ്ടും മിണ്ടിയും പറഞ്ഞുമിരുന്നു. നേരം ചെല്ലുന്തോറും വല്ലാത്തൊരു ഭയം മനസ്സിൽ പടർന്നു. ഞാനയിട്ടത് പുറത്തു കാണിച്ചതുമില്ല. വിശപ്പും ദാഹവും ഓരോ നിമിഷവും പിടിച്ചു നിർത്താൻ കഴിയാത്ത രീതിയിൽ അധികരിച്ചു. ആകാശം ചുവക്കുന്നതും കടലിങ്ങനെ ആർത്തലച്ചു തുടുക്കുന്നതും കൺമുന്നിൽ കണ്ടു. ആകാശത്തുള്ള ഓരോ മാറ്റങ്ങളെക്കുറിച്ചും ആശാന് മനപ്പാഠമായിരുന്നു. മാനം പതിവില്ലാത്ത വിധം ചുവന്നു വണ്ണം വച്ചപ്പോൾ രാത്രി മഴ പെയ്യുമെന്ന് ആശാൻ പറഞ്ഞതാരും കാര്യമായെടുത്തില്ല. ആശാനൊഴികെ മറ്റുള്ളവരുടെ മനസിൽ ആധി കയറി. ഞങ്ങളെ ഇറക്കി തിരികെ പോയ ബോട്ട് അപകടത്തിൽ പെട്ടന്നാണ് മാരി വിശ്വസിച്ചത്. സങ്കിതയും ട്രീസയയും ഒരു ചെറിയ പാറപ്പൊത്തിൽ കയറി ഇരിപ്പാണ്. പാമ്പോ മറ്റോ ഉണ്ടാവുമെന്നു പറഞ്ഞപ്പോൾ അതിനകത്തു നിന്നും ഇറങ്ങിയോടി. സൂര്യാസ്തമനത്തിനുമുൻപ് ആശാനൊരു പാറയുടെ ചരിവു കണ്ടെത്തി ഞങ്ങളെ അവിടെ ഇരുത്തി. ആശാനു മാത്രം ഇതൊന്നും ഒരു പ്രശ്‌നമേയല്ലായിരുന്നു. ഉടുണ്ടഴിച്ച് പാറപ്പുറത്തു കിടന്നു. രാത്രിയായപ്പോൾ കടലിന്റേയും ആകാശത്തിന്റേയും മട്ടു മാറി.

കിഴക്കു പടിഞ്ഞാറു നിന്നായി വീശിയ കാറ്റിനാപ്പം വലിയ മഴ പെയ്തു. ആശാൻ നേരത്തെയത് എങ്ങനെ പ്രവചിച്ചെന്നായിരുന്നു സങ്കിതക്കും ട്രീസക്കും അറിയേണ്ടിയിരുന്നത്.

‘അനുഭവങ്ങളാണ് കൊച്ചുങ്ങളെ', ആശാൻ അത്രയേ അതിനു മറുപടി പറഞ്ഞുള്ളൂ. അതിലെല്ലാമുണ്ടായിരുന്നു.

മഴ പെയ്തപ്പോൾ എല്ലാവരുടേയും ദാഹം മാറി. സങ്കിതയുടെ ദുപ്പട്ട മഴയിലേക്ക് നീട്ടിപ്പിടിച്ച് അതുപിഴിഞ്ഞു കുടിക്കുകയായിരുന്നു. ആശാൻ പറഞ്ഞതനുസരിച്ചാണ് അങ്ങിനെ ചെയ്തത്. ദൂരെ ചില ബോട്ടുകൾ പോവുന്നതു കണ്ടു, ഞങ്ങൾ ഒച്ച വച്ചെങ്കിലും മഴയുടേയും കടലിന്റേയും ശബ്ദത്തിലത് അലിഞ്ഞു പോയി. ദാഹം ശമിച്ചെങ്കിലും വിശപ്പ് മിക്കവരേയും തളർത്തി. കുറേ നേരം കഴിഞ്ഞപ്പോൾ ആർക്കും ഒന്നും മിണ്ടാനില്ലാതായി. ആ നിശ്ശബ്ദയാണ് എന്നെയേറ്റവും ഭയപ്പെടുത്തിയത്. പരസ്പരം മിണ്ടാനൊന്നുമില്ലാത്ത ഒരു കൂട്ടം മനുഷ്യരെന്നാൽ അവരെ മരണഭയം വിഴുങ്ങിയെന്ന് അപ്പൻ പറയാറുള്ളത് ഞനോർത്തു. അതു മാറ്റാനായി ഞാൻ അവരോട് എന്തെല്ലാമോ ചോദിച്ചെങ്കിലും മൂളലിലും ഞരങ്ങലിലും മാത്രമായി അതും ഒടുങ്ങി. ആശാനൊഴികെ ആരും ഉറങ്ങിയതുമില്ല. നക്ഷത്രങ്ങളില്ലാത്ത ആ രാത്രി ഭീകരമായൊരു കടൽസ്വത്വതം പോലെ ഞങ്ങളെ നോക്കി. പാറക്കെട്ടിനു മുകളിലെ പക്ഷികളുടെ ഒച്ചകേട്ടപ്പോഴാണ് സൂര്യോദയത്തിനു സമയമായെന്നു തിരിച്ചറിഞ്ഞത്. ഉദയത്തിന്റെ നേർത്ത വെട്ടം വന്നപ്പോൾ അൽപ്പം സമാധാനമായി. മരിച്ചു പോയിട്ടില്ലെന്ന് പരസ്പരം ആശ്വസിപ്പിച്ചു.

പക്ഷേ, വിക്രമിന് എന്താവും പറ്റിയെന്ന ആധി എന്നെ വീണ്ടും പിടികൂടി. ഞാനൊരു പാറക്കെട്ടിനു മുകളിലേക്ക് വലിഞ്ഞു കയറി ചുറ്റിലും നോക്കി. അപ്പോൾ മാത്രമാണ് കരിമ്പാറക്കെട്ടിന്റെ ആകൃതിയും വലുപ്പവും മനസ്സിലായത്. പാതി കടിച്ചു വച്ചൊരു അപ്പത്തിന്റെ രൂപമായിരുന്നു അതിന്​. മാത്രല്ല, ആ പാറക്കെട്ടിന്റെ തെക്കുവശത്താണ് ഞങ്ങളുള്ളതെന്നും കടലിൽ നിന്ന്​ അവിടേക്ക് വ്യക്തമായ കാഴ്ചയില്ലെന്നും തിരിച്ചറിഞ്ഞു. അതുമല്ല, ഞങ്ങൾ ഇരിക്കുന്ന ഭാഗത്തൊഴികെ മറ്റൊല്ലായിടത്തും ഉയർന്നു നിൽക്കുന്ന പാറക്കെട്ടുകൾ മാത്രമാണ്. കിഴാക്കാംതൂക്കായി നിൽക്കുന്ന അതിന്റെ വശങ്ങൾ കാരണം ഒരു ബോട്ടിനു പോലും അടുക്കാൻ കഴിയയുകയുമില്ല! ആശാനോടു പോലും ഇക്കാര്യം പറഞ്ഞില്ല.

വീണ്ടും കാത്തിരിപ്പിന്റെ നേരങ്ങൾ. പ്രാഥമിക കാര്യങ്ങൾക്കായി ആശാനൊരു പാറയുടെ മറവു കണ്ടു പിടിച്ചു. പാറക്കെട്ടിലേക്ക് അടിച്ചുകയറുന്ന തിര കുറച്ചധികനേരം തങ്ങി നിൽക്കുന്ന ഒരു ചെറിയ കുഴിയായിരുന്നത്. ട്രീസയും സങ്കിതയും ആദ്യമൊന്നു മടിച്ചെങ്കിലും മറ്റൊരു വഴിയും ഇല്ലെന്ന യഥാർത്യം തിരിച്ചറിഞ്ഞു. ദാഹവും വിശപ്പും വീണ്ടും തളർത്തി. അതിനും ആശാൻ തന്നെയാണ് വഴി കണ്ടെത്തിയത്. അൽപ്പം ഉയരം കുറഞ്ഞൊരു പാറയുടെ മുകളിലുള്ള പക്ഷിക്കൂടുകളിൽ നിന്നും മുട്ടകൾ എടുത്തു. മാരിയാണ് അതെടുക്കാൻ കയറിയത്. അതെടുക്കാൻ അവനാദ്യം മടിച്ചു.

""എന്നാൽ വെശന്നു ചത്തേര്'' എന്ന് ആശാൻ ദേഷ്യപ്പെട്ടപ്പോഴാണ് അവനാ മുട്ടകൾ എടുത്തു വന്നത്. ഞാനും ആശാനും പണിപ്പെട്ട് കുറച്ച് ഉണങ്ങിയ ചെടികൾ പറിച്ചെടുത്തു. പാറകൾക്കുള്ളിലേക്ക് വേരാഴ്‌നന്നതു കൊണ്ടായിരുന്നത്. തത്കാലമത് ചുട്ടു കഴിച്ചു. എനിക്കാണെങ്കിൽ അതിന്റെ രുചിയൊട്ടും പിടിച്ചില്ല. കഴിച്ചതിലും വേഗതയിൽ ഓക്കാനിച്ചു. മറ്റുള്ളവർഅതെങ്ങിനെ കഴിച്ചെന്നുള്ള എനിക്കറിയില്ല. ഒരു പക്ഷേ, വിശപ്പിന്റെ കാഠിന്യത്താലാവും. വിശപ്പിനോളം വിശപ്പ് മറ്റൊന്നിനുമില്ലല്ലോ?

രാത്രി മഴയായിരുന്നെങ്കിൽ പകൽ അസഹ്യമായ ഉഷ്ണമായിരുന്നു. ചുട്ടുപൊള്ളുന്ന പാറയുടെ മുകളിൽ ഇരിക്കാനോ നിൽക്കാനോ പറ്റാത്ത അവസ്ഥയായി. ദൂരെ ബോട്ടുകൾ പോവുന്നതു കാണാമായിരുന്നു. പക്ഷേ, അവരൊന്നും ഞങ്ങളെ കാണാനുള്ള യാതൊരു സാധ്യതയുമില്ല. നേരം കഴിയുന്തോറും തളർച്ചയും ക്ഷീണവും കൂടിക്കൂടി വന്നു. ഒന്നര ദിവസം യാതൊരു കുഴപ്പവുമില്ലാതിരുന്ന ആശാനും കാര്യങ്ങൾ പന്തിയല്ലെന്നു തോന്നിത്തുടങ്ങി. എന്നോടു മാത്രമത് രഹസ്യമായി പറയുകയും ചെയ്തു. മറ്റുള്ളവരെ അപ്പോഴും ആശ്വസിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ അത്രകണ്ട് വിജയിച്ചതുമില്ല. രക്ഷപ്പെടാൻ പലവഴികൾ ആലോചിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. ആരെങ്കിലും ഒരാൾ കടലിലേക്ക് ചാടി നീന്തി ബോട്ടുകാരുടെ ശ്രദ്ധ ആകർഷിക്കാമെന്നു ആലോചിച്ചു. പക്ഷേ, ശരീരമാകെ തളർന്നുനിൽക്കുമ്പോൾ അത് കൂടുതൽ അപകടത്തിലേക്കാവും നയിക്കുമെന്നതുകൊണ്ട് ഉപേക്ഷിച്ചു. വിശാലമായ കടലിലേക്ക് കണ്ണുനട്ടിരിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലായിരുന്നു.

ഉച്ചയാവുന്നതും സൂര്യൻ തലക്കുമുകളിലൂടെ പടിഞ്ഞാറേക്ക് സഞ്ചരിക്കുന്നതും ഒരു നെടുവീർപ്പോടെ നോക്കി. അതിനിടയിൽ മാരി പൂർണമായും തളർന്നുവീണു. അവന്റെ നാഡിമിടിപ്പ് പരിശോധിച്ച ട്രീസ വലിയ കുഴപ്പമില്ലെന്നു പറഞ്ഞത് ആശ്വാസമായി. പേടിച്ചു ബോധം പോയതായിരുന്നത്. പക്ഷേ, അധിക നേരം അതങ്ങിനെ തുടരില്ലെന്ന ട്രീസയുടെ മുന്നറിയിപ്പ് എന്റെ ഭയത്തെ ഇരട്ടിപ്പിച്ചു. അപ്പോഴും ഞങ്ങൾ രക്ഷപ്പെടുമെന്ന പ്രതീക്ഷ കൈവിടാതിരുന്നത് സങ്കിത മാത്രമാണ്. ആശാൻ തളർന്നതോടെ എന്റെ പ്രതീക്ഷ ഏതാണ്ട് അവസാനിച്ച മട്ടിലായി.

വീണ്ടും ഇരുട്ടുതൂവി.

കടൽ ശാന്തമായിരുന്ന ആ രാത്രിയ്ക്ക് കാറ്റുപോലുമില്ലാത്ത നിഗൂഢനിശ്ചലാവസ്ഥയായിരുന്നു.

ഭയം സകല സീമകളും ലംഘിച്ചു. നേർത്തൊരു ചാറ്റൽ മഴ മാത്രമായിരുന്നു ആകെയുള്ള ആശ്വാസം. മഴവെള്ളം മുഖത്തു വീണപ്പോൾ മാരിക്ക്​ ബോധം തിരികെ കിട്ടി. പക്ഷേ, അതിലും മോശമായ അവസ്ഥയിലേക്കാണ് അതവനെ എത്തിച്ചത്. സ്ഥലകാല വിഭ്രമം ബാധിച്ചതുപോലെയുള്ള അവന്റെ പെരുമാറ്റം എല്ലാവരേയും സങ്കടപ്പെടുത്തി. ഒറ്റപ്പെട്ടൊരിടത്ത് അകപ്പെട്ടതിന്റെ വിഭ്രാന്തിയായിരുന്നത്. കടലിലേക്ക് എടുത്തു ചാടാനൊരുങ്ങിയ അവനെ ഒരുവിധം പണിപ്പെട്ടാണ് ആശ്വസിപ്പിച്ചത്. സങ്കിതയവനെ തന്നോട് ചേർത്തു പിടിച്ചു. അവളുടെ ബലവത്തായ കൈകൾക്കുള്ളിൽ നിന്നും അവൻ പിടഞ്ഞു മാറില്ലെന്ന് എനിക്കുറപ്പായിരുന്നു.

ഞാൻ ആകാശം നോക്കി. കുരിശുവെള്ളി ഉദിച്ച് ഏകദേശം ഞങ്ങളുടെ തലക്കുമുകളിൽ നിൽക്കുമ്പോൾ ഒരു ബോട്ടിന്റെ വെളിച്ചം അടുത്തടുത്തു വരുന്നതു കണ്ടു. ഒച്ചവെച്ചും ഇട്ടിരുന്ന ഉടുപ്പൂരി വീശിയും ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചു. അത് ഞങ്ങളുടെ നേർക്ക് തന്നെയായിരുന്നു വന്നു കൊണ്ടിരുന്നത്.

അതുകണ്ട് എല്ലാവരും കൂടെ എഴുന്നേറ്റ് ബോട്ട് അടുപ്പിക്കാൻ കഴിയുന്ന പാറയുടെ അറ്റത്തേക്ക് കയറി നിന്നു.അപ്പോഴാണ് അത് ഞങ്ങളുടെ ബോട്ടു തന്നെയാണെന്നു മനസ്സിലായത്. ജീവൻ തിരികെ കിട്ടിയ ആശ്വാസത്തിൽ എല്ലാവരും പരസ്പരം ആലിംഗനം ചെയ്തു. ബോട്ട് പാറയിലേക്ക് അടുപ്പിക്കുന്നതിനു മുൻപു തന്നെ മാത്യൂസ് അതിനകത്തു നിന്നും ചാടിയിറങ്ങി. അയാളുടെ കയ്യിൽ കുടിവെള്ളത്തിന്റെ വലിയൊരു ക്യാൻ ഉണ്ടായിരുന്നു. വിക്രമിന് അപകടം പറ്റിയതാണെന്ന് ഞാനുറപ്പിച്ചു. പക്ഷേ, അതിനൊരു നിമിഷത്തെ ആയുസ്സ് പോലുമില്ലായിരുന്നു. പാറയോടടുപ്പിച്ച് ബോട്ട് ചേർത്തുനിർത്തി ഒരു വലിയ കയറുമായി അയാളും ബോട്ടിന്റെ മുൻവശത്തു പ്രത്യക്ഷപ്പെട്ടു. വിക്രം എറിഞ്ഞു തന്ന കയർ ഞാനും മാത്യൂസും ചേർന്ന് കഴുത്തുപോലെ വളഞ്ഞു നിൽക്കുന്നൊരു പാറയിൽ കെട്ടിയിട്ടു. പിന്നാലെ വെങ്കിടാചലം സാറും പസന്തിയും ഇറങ്ങി വന്നു. അവർ ഞങ്ങൾക്കുള്ള ഭക്ഷണവുമായാണ് വന്നത്. ദേഷ്യം തോന്നിയെങ്കിലും ആരുമൊന്നും മിണ്ടിയില്ല. അവർ കൊണ്ടുവന്ന ഭക്ഷണവും വെള്ളവും ആർത്തിയോടെ കഴിച്ചു. വിശപ്പൊന്നടങ്ങിയപ്പോൾ എന്തിനായിരുന്നു ഞങ്ങളെ ഇവിടെ കൊണ്ടിട്ട് കഷ്ടപ്പെടുത്തിയതെന്നു ചോദിച്ച് ട്രീസ വിക്രമിനു നേർക്ക് ചീറി. സാറാണ് അതിനുള്ള മറുപടി പറഞ്ഞത്.

ഒറ്റപ്പെട്ടൊരു ദ്വീപിലകപ്പെട്ടാൽ എന്തുചെയ്യണമെന്നു പരിശീലിപ്പിച്ചതായിരുന്നു അത്​. മാത്രമല്ല ഞങ്ങളെ ഇറക്കിവിട്ടതിനുശേഷം കരയിലേക്കുപോയ വിക്രമിനൊപ്പം അപ്പോൾ തന്നെ മാത്യൂസും സാറും പസന്തിയും ബോട്ടിൽ കയറി വന്നതാണ്. അതിനു ശേഷമവർ ആ കരിമ്പാറക്കെട്ടിന്റെ വടക്കു ഭാഗത്ത് നിലയുറപ്പിച്ചു. അതായത് ഉയരം കൂടിയ പാറക്കെട്ടുകൾക്ക് പുറകിൽ അവരും ഉണ്ടായിരുന്നെന്ന്. ഞങ്ങൾ അനുഭവിച്ച മഴയും വെയിലും അവരും അനുഭവിച്ചിരുന്നെന്ന്. എനിക്കതു കേട്ട് കലികയറിയെങ്കിലും ഒന്നും പ്രതികരിച്ചില്ല. ക്യാപ്റ്റന്റെ തീരുമാനങ്ങൾ അനുസരിക്കുകയെന്നത് നാവികന്റെ ഉത്തരവാദിത്വമാണ്. മാരിയുടെ അവസ്ഥ അപ്പോഴും മാറിയില്ല. കടലിൽ നിലച്ചുപോയൊരു തോണി പോലെ അവൻ പകച്ചു നിന്നു. ഒരുതരം വിഭ്രാന്തി. നടക്കാൻ പോലും കൂട്ടാക്കാതെ ഒരിടത്ത് ചുരുണ്ടുകൂടിയ അവനെ പസന്തി ചുമലിൽ എടുത്താണ് ബോട്ടിൽ കയറ്റിയത്. പിന്നാലെ ഞങ്ങളും കയറി. രണ്ടു പകലും രാത്രികളും ഭീതിവിതച്ച കരിമ്പാറ അപ്പോഴും ഒരു വിചിത്രജീവിയെപ്പോലെ ഞങ്ങളെ നോക്കി. അന്നത്തെ ദിവസം എല്ലാവരും തളർന്നുറങ്ങി.

അടുത്ത ദിവസം ഞങ്ങളാരും പുറത്തിറങ്ങിയില്ല. അന്നു വൈകുന്നരം സാറ് എല്ലാവരേയും വിളിച്ചുകൂട്ടി. നിർണായകമായൊരു യാത്ര പുറപ്പെടാൻ ഒരുങ്ങുന്ന കപ്പലിൽ ക്യാപ്റ്റന്റെ നേതൃത്വത്തിൽ നടക്കുന്ന കൂടിക്കാഴ്ചയുടെ അതേ മട്ടും ഭാവവുമായിരുന്നതിന്. പസന്തിയുടെ വീട്ടിലെ വലിയ മേശയ്ക് ചുറ്റും ഞങ്ങൾ ഇരുന്നു. പുതിയ ചില തീരുമാനങ്ങൾ അറിയിക്കാനായിരുന്നു ആ കൂടിക്കാഴ്ച. അതനുസരിച്ച് യാത്രക്കുവേണ്ടി മാനസികമായും ശാരീരികമായും പൂർണമായും സജ്ജരാവനാണ് ആദ്യം ആവശ്യപ്പെട്ടത്. രണ്ടാമതായി ഞങ്ങൾക്ക് ആവശ്യമുള്ള വസ്തുക്കളുടെ ഒരു പട്ടിക തയ്യാറാക്കലായിരുന്നു. മെഡിക്കൽ ആവശ്യത്തിനുള്ള അത്യാവശ്യം ഉപകരണങ്ങളുടേയും മരുന്നുകളുടേയും പട്ടിക തയ്യാറാക്കാൻ ട്രീസയെ ഉത്തരവാദിത്വപ്പെടുത്തി.

അത്രയും നാളത്തെ യാത്രയിൽ മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കാത്ത ഭക്ഷണക്രമം സാറ് തന്നെയാണ് അവതരിപ്പിച്ചത്. പച്ചക്കറികളും ഉണക്കയിറച്ചിയും പയർ വർഗ്ഗങ്ങളും അടങ്ങിയൊരു പട്ടികയായിരുന്നത്. അതേ ഭക്ഷണക്രമം ആയിരിക്കും നാളെ മുതൽ പാലിക്കേണ്ടതെന്നും സാറ് ഓർമപ്പെടുത്തി. പാചകത്തിന് ആവശ്യമുള്ള പാത്രങ്ങളും മറ്റും തയ്യാറാക്കാനുള്ള ചുമതല ആശാനാണ് ഏറ്റെടുത്തത്. ഡൈവിംഗ് ബൈല്ലിന്റേയും ഡൈവിംഗ് സ്യൂട്ടുകളുടേയും ചുമതല പസന്തിയെ ഏൽപ്പിച്ചു. മാരിയും സങ്കിതയും അതിനയാളെ സഹായിക്കും. ഇതൊന്നും കൂടാതെ അടുത്ത ദിവസം മുതൽ എല്ലാവരും രാവിലെ ആറുമണിയാവുമ്പോൾ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നത് നിർബന്ധമാക്കി. വിക്രമിനാണ് അതിനുള്ള ചുമതല നൽകിയത്.

മദ്രാസ് ഡോക്കിൽ കിടക്കുന്ന കപ്പലിന്റെ അറ്റകുറ്റപ്പണികൾ സമയാസമയം വിലയിരുത്തേണ്ടത് മാത്യൂസിന്റെ ഉത്തരവാദിത്തമായിരുന്നു. ഇതിന്റെയെല്ലാം ഏകോപനം സാറ് തന്നെ ചെയ്യും. സാറിനെ സഹായിയായിട്ടായിരുന്നു എന്റെ നിയമനം. ▮

(തുടരും)


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments