ഇതെല്ലാം മുറയ്ക്കു നടക്കുന്നതിനിടയിലും വിക്രം ബോംബൈയിൽ നിന്നും കണ്ടെടുത്ത പഴയ ചില ജേണലുകളുടെ പരിശോധനകൾ നടത്തുകയും അതനുസരിച്ച് പുതിയ ഡ്രാഫ്റ്റുകൾ തയ്യാറാക്കുകയും ചെയ്തു. മാത്യൂസൊരു ഡ്രാഫ്റ്റ് വരച്ചുണ്ടാക്കി. ആ പരിശോധനകൾക്കിടയിലാണ് വളരെ പ്രധാനപ്പെട്ടൊരു സംഗതി മാത്യൂസിന്റെ കണ്ണിൽതടഞ്ഞത്. സുകൂത്രക്ക് ഏകദേശം ഇരുപത്തേഴ് മൈൽ തെക്കുമാറി ഒരു പാറക്കെട്ടിന്റെ സാമീപ്യമായിരുന്നു അത്. ഇരുന്നുറു വർഷം പഴക്കമുള്ളൊരു ജേണലിനകത്തു മാത്രമാണ് അതിനെക്കുറിച്ചുള്ള സൂചനയുള്ളൂ.
ഒരു ബ്രിട്ടീഷ് കപ്പിത്താൻ രേഖപ്പെടുത്തിയതനുസരിച്ച്, നാൽപ്പത്തിയേഴ് മൈൽ ചുറ്റളവുള്ള കൂറ്റൻ പാറക്കൂട്ടം! കടൽപ്പരപ്പിൽ നിന്നും അൽപം ആഴത്തിൽ കിടക്കുന്ന ആ പാറക്കൂട്ടം സാധാരണഗതിയിൽ ആരുടേയും കണ്ണിൽപ്പെടില്ല. മാത്രമല്ല പൂർണമായും ഒറ്റപ്പാറയല്ലയത്. മറിച്ച്, ഈ പാറകൾക്കിടയിൽ കൂറ്റൻ കപ്പലുകളെ വിഴുങ്ങാൻ തക്ക ആഴമുള്ള കിടങ്ങുകളുമുണ്ട്. ആ ഭാഗത്തെ കടലിന്റെ സ്വഭാവവും തീർത്തും പ്രവചാനതീതമാണ്. അന്റാർട്ടിക്ക് പ്രദേശത്തുള്ള ഓക്ലാൻറ് ദ്വീപുകളോടാണ് ബ്രിട്ടീഷ് കപ്പിത്താൻ ആ പ്രദേശത്തെ ഉപമിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി വീശുന്ന കനത്ത കാറ്റ്, തണുപ്പുകാലത്ത് യെമന്റെ ഉയർന്ന പ്രദേശങ്ങളിൽ നിന്നും വരുന്ന മൂടൽമഞ്ഞ്, എല്ലാ കാലാവസ്ഥയിലും അലയടിക്കുന്ന രാക്ഷസത്തിരമാലകൾ. ആ പ്രദേശത്തിന്റെ ഏറ്റവും വലിയ അപകടം അവിടേക്ക് വഴിതെറ്റി എത്തിപ്പെടുന്ന കപ്പലുകൾ ജലോപരിതലത്തിനു കീഴെ മറഞ്ഞു നിൽക്കുന്ന പാറക്കൂട്ടങ്ങളിലേക്ക് ഇടിച്ചു കയറും. വാ തുറന്നു വച്ച സിംഹത്തിന്റെ ഉളിപ്പല്ലുകൾ കണക്കേ കൂർത്ത പാറകൾ എത്ര വലിയ കപ്പലിനേയും ഒറ്റ നിമിഷംകൊണ്ട് പിളർക്കും! തകർന്ന കപ്പലുകൾ ഈ പാറക്കൂട്ടങ്ങൾക്കുള്ളിൽ ഒളിഞ്ഞുകിടക്കുന്ന വലിയ ഗർത്തങ്ങളിലേക്ക് ആണ്ടുപോവുകയും ചെയ്യും! ഒരു പക്ഷേ കൈരളിയും?
എന്റെ സംശയം അതായിരുന്നു. അവരുമതേ സംശയത്തിന്റെ പിറകെ തന്നെയായിരുന്നു. മാത്യൂസ് വരച്ചുവച്ച ഡ്രാഫ്റ്റുകൾ ഉപയോഗിച്ച് ഞങ്ങൾ ആ പ്രദേശം ഏകദേശം കണ്ടെത്തി അടയാളപ്പെടുത്തി. അതനുസരിച്ച് മറ്റു ചില ജേണലുകൾ കൂടെ പരിശോധിച്ചപ്പോൾ ആ റൂട്ടിൽ ഇക്കഴിഞ്ഞ ഇരുന്നൂറ് വർഷങ്ങളിൽ മറ്റു കപ്പലുകളൊന്നും സഞ്ചരിച്ചിട്ടില്ലെന്നു തീർച്ചപ്പെടുത്തി. ജേണലുകൾ പരിശോധിച്ച സാറാണ് പ്രധാനപ്പെട്ടൊരു സംഗതി തിരിച്ചറിഞ്ഞത്. അതായത്, ഇപ്പറയുന്ന ബ്രിട്ടീഷ് കപ്പിത്താൻ തന്റെ ജേണലിൽ അടയാളപ്പെടുത്തിയ പ്രദേശമുള്ളത് പലകപ്പിത്താന്മാർക്കും അറിയാമായിരുന്നു. നിർഭാഗ്യവശാൽ അവരെല്ലാം അത് തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്! കൃത്യമായി പറഞ്ഞാൽ സുകൂത്രക്കും കിൽമിക്കും ഇടയിലുള്ള സമാഹ് ദ്വീപിനു സമീപത്തായി 22°26'30N-52°08E-ൽ! യഥാർത്ഥ പ്രദേശത്തു നിന്നും മൈലുകൾ മാറിയാണത്. അതുമാത്രമല്ല, ഇക്കാലത്തിനിടക്ക് ഇരുപതോളം കപ്പലുകൾ ആ പ്രദേശത്ത് കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇന്നോളം ആരുമത് കണ്ടെത്തിയിട്ടുമില്ല! നിരന്തരം കപ്പലുകൾ അപകടത്തിൽ പെടുന്ന ആ പ്രദേശത്ത് ജിന്നുകളുടെ ഉപദ്രവമുണ്ടെന്നാണ് ഇപ്പോഴും യെമനിലുള്ളവർ വിശ്വസിക്കുന്നത്. അതറിയാവുന്ന മറ്റു കപ്പിത്താന്മാരും ആ വഴി സഞ്ചരിക്കാറില്ല. എല്ലാ കടൽയാത്രികർക്കും ഇത്തരം ചില അന്ധവിശ്വാസങ്ങൾ നൂറ്റാണ്ടുകൾക്കു മുൻപുതന്നെയുണ്ട്. അൽപ്പം ദൂരം കൂടുമെങ്കിലും അവിടെ നിന്നും പത്തുമൈൽ കിഴക്ക് മാറിയാണ് കപ്പലുകൾ സഞ്ചരിക്കുന്നത്. യന്തത്തകരാറ് കാരണം കടലിലൊഴുകി കൈരളി ഈ പ്രദേശത്ത് എത്തിപ്പെട്ടിട്ടുണ്ടെങ്കിൽ ഒരു എണ്ണപ്പാട പോലും അവശേഷിപ്പിക്കാതെ പാറക്കൂട്ടങ്ങൾക്കുള്ളിലെ അഗാത ഗർത്തങ്ങളിൽ ഏതോ ഒന്നിൽ തലകുത്തി കിടക്കുന്നുണ്ടാവും.
പിടഞ്ഞുപിടഞ്ഞു മരിച്ച അതിനകത്തുള്ള മനുഷ്യരുടെ നിലവിളികൾ കടലുപോലും കേട്ടില്ല. ഇതെല്ലാം ഓർത്തപ്പോൾ തന്നെ ഞാനാകെ തളർന്നു. ഇത്രനാളത്തേയും പ്രയത്‌നങ്ങൾ വെറുതെയാവുമെന്ന ചിന്ത എന്നെയാകെ ഉലച്ചു കളഞ്ഞു. ഒറ്റ രാത്രി കൊണ്ട് വറ്റിയ കടലുപോലെ ഇരുളടഞ്ഞു. എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ ഞാനാ മുറിക്കുള്ളിലിരുന്ന് നിലവിളിച്ചു. ട്രീസയും സാറും ആശ്വസിപ്പിച്ചെങ്കിലും അവരുടെ വാക്കുകൾ എന്നെയൊന്നു തൊട്ടതുപോലുമില്ല. ആ രാത്രി ജീവിതം അവസാനിപ്പിക്കാൻ തോന്നി. ഒറ്റക്ക് പുറത്തേക്കിററങ്ങി. കുറേ നേരം നടന്ന് കടലിനു സമീപത്ത് ചെന്നിരുന്നു. ശാന്തമായി തീരത്തേക്ക് കയറി വരുന്ന തിരയിങ്ങനെ മേലാകെ നനച്ചപ്പോൾ മനസിനൊരു ആശ്വാസം തോന്നി. അപ്പന്റെ മടിയിൽ കിടക്കുന്നതു പോലെ അവിടെ മലർന്നു കിടന്നു. ഓരോ തിരകളും എന്നെ ചുംബിച്ചും ആലിംഗനം ചെയ്തും മടങ്ങി. തിരക്കുഴിൽ പുളച്ചു കയറിവരുന്ന മഞ്ഞനിറത്തിലുള്ള ചെറിയ ഞണ്ടുകളും മറ്റും എന്നെ കടലിലേക്ക് വിളിക്കാൻ എത്തിയവരായിരുണെന്നു മനസ് പറഞ്ഞുകൊണ്ടേയിരുന്നു.
പക്ഷേ മാനം നോക്കി കിടക്കുന്ന എനിക്ക് എഴുന്നേൽക്കാനെ തോന്നിയില്ല. ആകാശത്തെ നക്ഷത്രക്കൂട്ടത്തിൽ നിന്നും അപ്പനെന്നെ വിളിച്ചുണർത്തും വരെ ആ കിടപ്പു കിടന്നു! ഞെട്ടിയുണരുമ്പോൾ പസന്തിയുടെ വീടിന്റെ മുൻവശത്തിട്ട കയറുകട്ടിലിൽ നനഞ്ഞു കുതിർന്നു കിടക്കുകയായിരുന്നു. കണ്ണുതുറന്ന് ചുറ്റിലും നോക്കിയപ്പോൾ തൊട്ടടുത്ത് തന്നെയിരിക്കുന്ന ട്രീസയുടെ കണ്ണിലെ കടലിലേക്കാണ് വീണത്. വീട്ടിൽ നിന്നും ഇറങ്ങിപ്പോയ എന്നെ കാണാതായപ്പോൾ എല്ലാവരും കൂടെ അന്വേഷിച്ച് ഇറങ്ങിയെന്നും അവസാനം തിരക്കുഴിൽ ബോധമില്ലാതെ കിടന്ന എന്നെ സങ്കിതയാണ് കണ്ടെത്തിയതെന്നും ട്രീസ പറഞ്ഞാണ് അറിഞ്ഞത്. എനിക്കാകെ, വിഷമം തോന്നി. ഒരുനിമിഷത്തെ തോന്നലിൽ ചെയ്ത ബുദ്ധിമോശമായിരുന്നത്. എല്ലാവരോടും രാത്രി തന്നെ ക്ഷമചോദിച്ചു. പക്ഷേ സാറ് മാത്രം ക്ഷമിച്ചില്ല. മൂന്നു ദിവസത്തെ തനിച്ചുള്ള അടുക്കളപ്പണിയായിരുന്നു അതിനുള്ള ശിക്ഷ.
അതിനു ശേഷമാണ് സാറ് മറ്റൊരു കാര്യം സൂചിപ്പിച്ചത്. അതായത് ഇപ്പറയുന്ന പാറകൾക്ക് സമീപത്തുകൂടെ കൈരളി സഞ്ചരിച്ചിരുന്നെങ്കിൽ മാത്യൂസ് കൈരളിയെ കാണുകയില്ലായിരുന്നെന്ന്. അതു വെറുതെ പറയുക മാത്രമായിരുന്നില്ല. കൃത്യമായി വിശദീകരിച്ചു തന്നതാണ്. അതുപ്രകാരം ബ്രിട്ടീഷ് കപ്പിത്താന്റെ ജേണലിൽ അടയാളപ്പെടുത്തിയ പ്രദേശത്തു നിന്നും മൈലുകൾ വടക്കോട്ടു മാറിയാണ് മാത്യൂസ് കൈരളിയെ കാണുന്നത്. ആ നേരത്തെ കടലിന്റെ ഒഴുക്ക് പടിഞ്ഞാറേക്കായിരുന്നു. ഒരു കാരണവശാലും കൈരളി അവിടേക്ക് എത്തില്ലെന്നു തന്നെയാണ് വിക്രമും ഉറപ്പു പറഞ്ഞത്. മാത്യൂസ് അക്കാര്യങ്ങൾ കുറച്ചുകൂടെ വ്യക്തമാക്കി. നേരത്തെ സാറ് സൂചിപ്പിച്ചതനുസരിച്ച് പാറക്കൂട്ടങ്ങളുണ്ടെന്ന് കൈരളിയുടെ ക്യാപ്റ്റനും അറിയാമായിരുന്നു. അതുകൊണ്ടു തന്നെ കപ്പലിന് ഗുരുതരമായ പ്രശ്‌നങ്ങൾ കണ്ടു തുടങ്ങിയതു മുതൽ അദ്ദേഹം കപ്പൽ ഇത്തരം അപകടങ്ങളിലേക്ക് എത്തിപ്പെടാതിരിക്കാൻ മുൻകരുതലുകൾ എടുത്തിരിക്കാം. അക്കാരണത്താലാണ് കൈരളിയെ അയാൾക്ക് കാണാൻ സാധിച്ചതും. മറ്റൊരു തരത്തിൽ പറഞ്ഞാൽ യെമൻ തീരത്തോട് ചേർന്നാണ് കൈരളി ആ സമയത്ത് സഞ്ചരിച്ചിരുന്നതെന്ന്. അതുകേട്ടതോടെ എന്റെ സംശയങ്ങൾ തീർന്നു. ദിശതെറ്റാതെ കാറ്റിനൊപ്പം നീങ്ങുന്നൊരു കപ്പലിന്റെ ശാന്തതയിലേക്ക് മാറി.
ഇതിനിടയിൽ ഒന്നു രണ്ടുതവണ മദുരഗരേയും സെന്തിലിനെയും വീണ്ടും കണ്ടു. യാത്രയുടെ പുരോഗതി കേട്ടപ്പോൾ അവർ സന്തോഷിച്ചു. വ്യക്തിപരമായി അവരത്ര ആഹ്ലാദത്തിൽ ആയിരുന്നുമില്ല. അവരുടെ കൂട്ടത്തിലുള്ള രണ്ടു പേർ പോലീസിന്റെ പിടിയലകപ്പെട്ടതായിരുന്നു അവരുടെ പ്രശ്‌നം. അതുമല്ല, സങ്കിതയുടെ വീട്ടിൽ വച്ച് അവർ സൂചിപ്പിച്ച പ്രധാനപ്പെട്ട ആക്ഷൻ പരാജയപ്പെട്ടതിന്റെ വിഷമവും പങ്കുവച്ചു. പക്ഷേ, അവരത് ഉപേക്ഷിച്ചിട്ടില്ല. എത്ര കാത്തിരുന്നാലും അതുനടപ്പാവുമെന്നു തന്നെയാണ് മദുരഗെ അതിനെക്കുറിച്ച് പറഞ്ഞത്. അത് എന്താണെന്ന് സെന്തിലിനോടും പോലും അയാൾ പങ്കുവച്ചിട്ടില്ല. അവനതിൽ പരിഭവവുമില്ല. ആലോചനകളും പരിശീലനങ്ങളുമായി ദിവസങ്ങൾ അതിവേഗത്തിൽ ഓടിത്തീർന്നു.
മെഹ്ത്ത പറഞ്ഞ രണ്ടു മാസം കഴിഞ്ഞെങ്കിലും ആശയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായില്ല. അക്കാര്യം വൈകുന്നതിൽ സാറിനുള്ള അനിഷ്ടം പലതവണ അയാളെ നേരിട്ടറിയിച്ചതാണ്. എന്നിട്ടും വലിയ മാറ്റമൊന്നുമില്ല. രാജ്യത്ത ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പ്രഖ്യാപിച്ചതോടെ മെഹ്ത്ത അതിന്റെ തിരക്കിലായി. അറ്റകുറ്റപ്പണികളുടെ മേനോട്ടത്തിനു ചെന്ന മാത്യൂസും അതിന്റെ ചുമതലക്കാരനും തമ്മിൽ പലതവണ വാക്കേറ്റം നടന്നതോടെ മാത്യൂസിനെ ഡോക്കിൽ കയറ്റാതെയായി. അക്കാര്യത്തിൽ മാത്യൂസിന്റെ എതിർപ്പുകൾക്ക് അവിടെ വിലയില്ലായിരുന്നു. അവസാനം സാറ് തന്നെ അതിന് ഇറങ്ങിപ്പുറപ്പെട്ടു. കൂടെ ഞാനും ചെല്ലേണ്ടിവന്നു. ആദ്യദിവസം തന്നെ ഇനിയും ഒരു മാസമെങ്കിലും കഴിയാതെ പണികൾ തീർത്ത് ആശയെ നീറ്റിലിറക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടു. ഡൈവിംഗ് ബെൽ സ്ഥാപിക്കാനുള്ളതു കൊണ്ടാണ് പണികൾ വൈകുന്നതെന്നാണ് ചുമതലക്കാരന്റെ വാദം. അതിൽ കുറച്ചെങ്കിലും സത്യമുണ്ടായിരുന്നു. ഡൈവിംഗ് ബൈൽ മദ്രാസിലേക്ക് എത്തിക്കുന്ന കാര്യത്തിൽ എന്തുകൊണ്ടോ പസന്തി അലസത കാണിച്ചിരുന്നു. മറ്റ് തിരക്കുകൾക്കിടയിൽ സാറും അക്കാര്യത്തിൽ ശ്രദ്ധിച്ചില്ല.
മടങ്ങിയെത്തിയ ഉടനെ സാറ് ഇക്കാര്യത്തിൽ പസന്തിയെ ശാസിച്ചു. അതു ഫലിക്കുകയും ചെയ്തു. അടുത്ത ആഴ്ചയിൽ തന്നെ ഡൈവിംഗ് ബെൽ മദ്രാസിലെത്തിച്ചു. ഞാനും പസന്തിയും സാറുമാണ് അതിനെ അനുഗമിച്ചത്. അവിടെ എത്തിയപ്പോൾ അടുത്ത പ്രശ്‌നം തലപൊക്കി. ലോറിയിൽ നിന്നും ബെല്ല് ഇറക്കേണ്ട തൊഴിലാളികൾ സമരത്തിലായിരുന്നു! അതറിഞ്ഞ സാറ് അന്നുതന്നെ അവിടെ നിന്നും കന്യാകുമാരിക്ക് മടങ്ങി. മൂന്നു ദിവസമാണ് അതിന്റെ പേരിൽ ഞാനും പസന്തിയും അവിടെ നിൽക്കേണ്ടി വന്നത്. ആ ദിവസങ്ങളിലാണ് മദ്രാസ് തുറമുഖത്തിന്റേയും ഡോക്കിന്റേയും വലുപ്പം ഞാൻ ശരിക്കും കണ്ടത്. ഒരേ സമയം പത്തിലധികം കപ്പലുകൾ അറ്റകുറ്റപ്പണികൾ നടത്താൻ സൗകര്യമുണ്ടായിരുന്നു. ഒമ്പതാം നമ്പർ ഡോക്കിലായിരുന്നു ആശ. അറ്റകുറ്റപ്പണികൾ നടത്തുന്നതിന് മേൽനോട്ടം വഹിക്കുന്ന ആളുടെ സമ്മതം വാങ്ങി ഞാനും പസന്തിയും കപ്പലിനകത്ത് കടന്നു. ആദ്യമായി കണ്ടതിൽ നിന്നും വ്യത്യസ്തമായി കപ്പലാകെ മാറിയിരുന്നു. എല്ലാ തട്ടുകളും വൃത്തിയാക്കി വെച്ചിട്ടുണ്ട്. നാവിഗേഷൻ ബ്രിഡ്ജിന്റേയും മറ്റും പണികളാണ് ആ സമയത്ത് നടന്നുകൊണ്ടിരുന്നത്. അതെല്ലാം ചുറ്റിക്കണ്ടതിനു ശേഷം ഡൈവിംഗ് ബെൽ സ്ഥാപിക്കുന്ന കപ്പലിന്റെ പിൻവശത്തേക്ക് ഞങ്ങളെത്തി.
കപ്പികൾ സ്ഥാപിക്കാനുള്ള ഉരുക്കുതൂണുകളുടെ പണി ഏകദേശം കഴിഞ്ഞിട്ടുണ്ട്. ക്രൈനുകൾ രണ്ടും അതിനടുത്തു തന്നെയുണ്ട്. അതിലൊരെണ്ണം ഞങ്ങൾ ഉദ്ദേശിച്ചതിലും അൽപ്പം വലുപ്പക്കൂടുതൽ ഉള്ളതായിരുന്നു. എല്ലാം കണ്ട് പസന്തിയ്കും തൃപ്തിയായി. മൂന്നാമത്തെ ദിവസം ഡൈവിംഗ് ബെൽ ലോറിയിൽ നിന്നും ഇറക്കി, കപ്പലിനകത്ത് എത്തിക്കുന്നതു വരെ ഞങ്ങൾ അവിടെയുണ്ടായിരുന്നു. ഉടൻ തന്നെ അതുസ്ഥാപിക്കാനുള്ള പണികൾ തുടങ്ങുമെന്ന് ചുമതലക്കാരൻ അറിയിച്ചു. മാത്രമല്ല അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചൊരു ചെറുവിവരണവും അയാൾ നടത്തി.
അധ്യായം: 30
രാത്രികളും പകലുകളും മഴയും മഞ്ഞും വെയിലും കാറ്റും ഋതുക്കളുടെ മാറ്റങ്ങൾക്കനുസൃതമായി വന്നും പോയുമിരുന്നു. അവസാനം 1990-മെയ് പതിമൂന്നാം തിയ്യതി ആശയുടെ മുഴുവൻ ജോലികളും കഴിഞ്ഞെന്ന അറിയിപ്പു ലഭിച്ചു. അതുകൊണ്ടും പ്രതിബന്ധങ്ങൾ തീർന്നില്ല. കപ്പൽ സഞ്ചാരയോഗ്യമാണെന്ന സർട്ടിഫിക്കറ്റ് കിട്ടാൻ വേണ്ടിയുള്ള കാത്തിരിപ്പ് വീണ്ടും പതിനഞ്ചു ദിവസം നീണ്ടു. ഈ സമയത്തിനകം മറ്റുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിവച്ചു. ഈ ദിവസങ്ങളിലത്രയും മെഹ്ത്തയും മദ്രാസിൽ തന്നെ ഉണ്ടായിരുന്നു. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ മദ്രാസ് സംസ്ഥാനത്തിന്റെ ചുമതലയുള്ള സംഘത്തിൽ ഒരാളായിരുന്നു മെഹ്ത്തയും. അയാൾ അവിടെയുള്ളതുകൊണ്ട് കാര്യങ്ങൾ വേഗത്തിൽ നടന്നു. അവസാനം ജൂൺ അഞ്ചാംതിയ്യതി മദ്രാസ് തുറമുഖത്തു നിന്നും യാത്ര പുറപ്പെടാൻ തീരുമാനിച്ചു. ഇതിനിടയിൽ ഞങ്ങളെല്ലാവരം മദ്രാസിലേക്ക് ചെന്നിരുന്നു. തുറമുഖത്തിനു സമീപത്തുള്ള ഒരു ലോഡ്ജിൽ മുറിയെടുത്താണ് താമസിച്ചത്. മെഹ്ത്തയാണ് അതെല്ലാെം ഏർപ്പാടാക്കിയത്. യാത്രയ്കുള്ള ദിവസങ്ങൾ അടുക്കുന്തോറും എനിക്കെന്തോ വല്ലാത്ത പിരിമുറുക്കമായിരുന്നു. ഉറങ്ങാൻ പോലും കഴിയാത്ത രാത്രികളായിരുന്നത്. മുൻപു തീരുമാനിച്ചത് അനുസരിച്ച് ഒന്നാം തിയ്യതി സഞ്ജയും ഞങ്ങൾക്കൊപ്പം ചേർന്നു. ഒറ്റ നോട്ടത്തിൽ തന്നെ അയാളൊരു സുഖിയനാണെന്നു മനസ്സിലായി. നീളൻ മുടി പിന്നിലേക്ക് കെട്ടിവെച്ച്, അതിനു മുകളിലൊരു വട്ടത്തൊപ്പിയും വച്ചാണ് വന്നു കയറിയത്. ഒരു ഉല്ലാസയാത്രയുടെ ലാഘവത്തോടെയാണ് അയാൾ വന്നിരിക്കുന്നതെന്ന് മാത്യൂസും വിക്രമും സാറിനോട് സൂചിപ്പിച്ചെങ്കിലും അയാളെ ഒഴിവാക്കാനുള്ള യാതൊരു വഴിയുമില്ലായിരുന്നു. എല്ലാ കാര്യങ്ങളും ഞാൻ വിശദമായി എഴുതി അറിയിച്ചതനുസരിച്ച് കൃഷ്ണപ്രസാദും ഞങ്ങൾ താമസിക്കുന്ന ലോഡ്ജിൽ എത്തി. ആശയുടെ പേര് ''ഇന്ദിര'' എന്നാക്കിയതും ആ ദിവസങ്ങളിലാണ്. തന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവിന്റെ പേര് തന്നെ കപ്പലിന് ഇടണമെന്നത് മെഹത്തയുടെ നിർബന്ധമായിരുന്നു.
അവസാന ശ്രമം എന്ന നിലക്ക് ഞാൻ ഒരിക്കൽകൂടെ കൃഷ്ണപ്രസാദിന്റെ കാര്യം സാറുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇനിയൊരിക്കൽ കൂടി അക്കാര്യം പറഞ്ഞു വന്നാൽ എന്നെയും ഈ യാത്രയിൽ നിന്നും ഒഴിവാക്കുമെന്നാണ് മറുപടി കിട്ടിയത്. അതിനു ശേഷം ഞാൻ മറ്റൊന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല. ഒരു തീരുമാനം എടുത്താൽ എന്തു തന്നെ സംഭവിച്ചാലും അത് മാറ്റില്ലെന്ന സാറിന്റെ പ്രകൃതം മറ്റാരെക്കാളും നന്നായി എനിക്കറിയാമായിരുന്നു. കൃഷ്ണപ്രസാദിനോട് ഇക്കാര്യം പറഞ്ഞു മനസ്സിലാക്കാൻ മാത്യൂസാണ് സഹായിച്ചത്. മനസ്സില്ലാ മനസ്സോടെയാണ് അവനത് കേട്ടത്. ആഗ്രഹിച്ചിട്ടും നടക്കാതെ പോവുന്നതിന്റെ ദുഃഖം അവന്റെ മുഖത്തുണ്ടായിരുന്നു. സത്യത്തിൽ അവനോട് എന്തു പറയുമെന്നോർത്തതു കൊണ്ടാണ് മാത്യൂസിനോട് സഹായം ചോദിച്ചത്. കപ്പൽ പുറപ്പെടുന്നതു വരെ ഞങ്ങളുടെ കൂടെ നിൽക്കണമെന്ന അവന്റെ അപേക്ഷ മാത്യൂസ് സമ്മതിക്കുകയും ചെയ്തു.
മൂന്നും നാലും തിയ്യതികളിൽ ഒരോ ട്രയൽ റൺ നടത്തി. കപ്പലിന് തകരാറുകൾ ഒന്നുമില്ലെന്ന് ഉറപ്പാക്കി. ഈ സമയങ്ങളിലെല്ലാം ഞങ്ങൾ കപ്പൽ ജോലിക്കാരുടെ വേഷത്തിലായിരുന്നു. അതും സാറിന്റെ നിർബന്ധമായിരുന്നു. എല്ലാ ഭാഗങ്ങളിലും സാറ് നേരിട്ടു തന്നെ പരിശോധിച്ചു. കപ്പലിനകത്തു കയറിയതു മുതൽ സാറ് കൂടുതൽ ഗൗരവക്കാരനായി. എല്ലാകാര്യത്തിലും കൃത്യനിഷ്ടയുള്ള കപ്പിത്താൻ! ഒരേ സമയം സന്തോഷവും പിരിമുറുക്കങ്ങളും എല്ലാവരുടേയും മുഖത്ത് ദൃശ്യമായിരുന്നു. നാലാം തിയ്യതി രാവിലെ സാറിനോട് അനുവാദം വാങ്ങി ഞാനും ട്രീസയും ആശാനും തുറമുഖത്തിന് സമീപത്തുള്ള പള്ളിയിൽ ചെന്നു പ്രാർത്ഥിച്ചു. പ്രാർത്ഥിക്കുമ്പോൾ എന്തിനെന്നില്ലാതെ ഞാൻ കരഞ്ഞു. കരഞ്ഞെന്നു പറഞ്ഞാൽ കണ്ണിലൂടൊരു കടലിറങ്ങി വരുന്ന പോലെ നിലവിളിച്ചു. അപ്പനെന്റെ അരികിലുള്ളതു പോലൊരു തോന്നൽ. അവിടെ നിന്നും മടങ്ങുമ്പോൾ ആശാൻ, ഈശോ പിതാവും കന്യാമറിയവുമെല്ലാം അടങ്ങിയൊരു ചെറിയ രൂപക്കൂട് വാങ്ങിച്ചു. കപ്പലിൽ ആശാന് നൽകിയ മുറിയിലാണത് വച്ചത്. അന്നു രാത്രി ആരും ഉറങ്ങിയില്ല. അഞ്ചാം തിയ്യതി രാവിലെ ആറുമണിയോടെ ടഗ്ഗുകൾ വന്ന് ഇന്ദിരയെ തുറമുഖത്തു നിന്നും പുറത്തേക്ക് ഇറക്കി. ഈ കാഴ്ചകളെല്ലാം കൃഷ്ണപ്രസാദ് തന്റെ ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു. പുറപ്പെടുന്നത് സൂചിപ്പിച്ച് ഇന്ദിരയുടെ ഹോൺ മുഴങ്ങിയപ്പോൾ എന്റെ നെഞ്ചിടിപ്പ് എണ്ണാൻ കഴിയാത്തത്രയും വേഗതയിലേക്ക് ഉയർന്നു. നാവിഗേഷൻ ബ്രിഡ്ജിൽ നിന്നുകൊണ്ട് ഞാൻ മദ്രാസ് തുറമുഖത്തെ നോക്കി. നേർത്ത സൂര്യകിരണങ്ങൾ കപ്പലിനെ പൊതിഞ്ഞു. പതിയെ ഇന്ദിര കടലിന്റെ മാറിലേക്ക് ചേർന്നൊഴുകി. കൃഷ്ണപ്രസാദും തുറമുഖവും കരയും മരങ്ങളും കെട്ടിടങ്ങളും ഓരോന്നായി മാഞ്ഞു. കപ്പലിന്റെ പരമാവധി വേഗതയായ എട്ടുനോട്ടിക്കൽ മൈൽ വേഗതയാർജ്ജിച്ചു. ചുറ്റിലും കടൽ മാത്രമായി. ആകാശം പോലെ തിളങ്ങുന്ന നീലക്കടൽ! കടലും ആകാശവും ശാന്തമായിരുന്നെങ്കിലും എന്റെ മനസ്സിൽ ഭീതിയുടെ കാർമ്മേഘങ്ങൾ കൂടുവച്ചു. മാരിയും സങ്കിതയും ആദ്യകപ്പൽയാത്രയുടെ ആവേശത്തിലും സന്തോഷത്തിലുമായിരുന്നു. 13°03'N-ലൂടെ ഇന്ദിര സഞ്ചരിച്ചു. മാത്യൂസും വിക്രമും ചേർന്നു തയ്യാറാക്കിയ ഡ്രാഫ്റ്റ് അനുസരിച്ച് 9°ചാനൽ വഴി ശ്രീലങ്കയെ ചുറ്റി, മർമ്മ ഗോവയ്ക് സമീപത്ത് എത്തുക എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം. ചെറിയ കപ്പലായിരുന്നെങ്കിൽ ഇത്രയും ദൂരം ചുറ്റാതെ മാന്നാർ ഉൾക്കടൽ വഴി കേരള തീരത്തേക്ക് കടക്കാമായിരുന്നു. പക്ഷേ, സാമാന്യം വലുപ്പമുള്ള ഇന്ദിരയ്ക് ആ വഴി സഞ്ചരിക്കാൻ കഴിയില്ല. ഒരു മീറ്റർ മുതൽ പത്തുമീറ്റർ വരെയാണ് രാമസേതുവിന്റെ ശരാശരി ആഴം.
നല്ല കാലവസ്ഥയാണെങ്കിൽ 1100 നോട്ടിക്കൽ മൈൽ താണ്ടി നാലു ദിവസംകൊണ്ട് ഗോവയിൽ എത്താം അല്ലെങ്കിൽ അഞ്ചോ ആറോ ദിവസം വേണ്ടി വരും. ഈ സമയമെല്ലാം സഞ്ജയ് തന്റെ മുറിക്കുള്ളിൽ മദ്യപിച്ച് ഇരിക്കുകയായിരുന്നു. അതൊരു കണക്കിനു നന്നായെന്നാണ് വിക്രമിന്റെ അഭിപ്രായം. ഒന്നിനോടും ഉത്തരവാദിത്വമില്ലാത്ത ഒരാൾ. ഈ യാത്രയിൽ യാതൊരു ആധിയുമില്ലാത്തതും അവന് മാത്രമായിരുന്നു!
ഞങ്ങളുടെ യാത്രക്കുതൊട്ടുമുൻപ് ശ്രീലങ്കയിലെ ബട്ടിക്കോലക്കു സമീപത്തുവച്ചു ഒരു കപ്പലിനുനേർക്ക് ഈഴത്തിന്റെ ആക്രമണം നടന്ന വാർത്ത പുറപ്പെടുന്നതിനു മുൻപ് മെഹ്ത്ത ക്യാപ്റ്റനെ അറിയിച്ചിരുന്നു. മാത്രമല്ല ശ്രീലങ്കൻ തീരം ആകെ കലുഷിതമായ അവസ്ഥയിലായിരുന്നു. പ്രത്യേകിച്ച് ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനെത്തിയ ഇന്ത്യൻ സമാധാന സേന തമിഴർക്കുനേർക്ക് അക്രമം നടത്തിയെന്നും അതിനവർ പ്രതികാരം ചെയ്യാൻ തുനിഞ്ഞിറങ്ങിയിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകൾ വന്നിരുന്നു. അതുകൊണ്ടാണ് മെഹ്ത്ത മുൻകയ്യെടുത്ത് അവസാന നിമിഷം ഞങ്ങളുടെ കപ്പലിൽ ഒരു ലൈറ്റ് മെഷ്യൻഗൺ സൂക്ഷിച്ചത്. M2 വിഭാഗത്തിൽ പെടുന്ന ആ യന്ത്രത്തോക്ക് ഉപയോഗിക്കാൻ പരിശീലനം ലഭിച്ച വിക്രമിനായിരുന്നു അതിന്റെ ചുമതല.
ഇതെല്ലാം എന്നെ കൂടുതൽ അസ്വസ്ഥതപ്പെടുത്തി. ഇന്ത്യൻ തീരം വിട്ടതോടെ ഞങ്ങൾ കൂടുതൽ ജാഗ്രതയിലായി. കപ്പലിന്റെ മുകൾത്തട്ടിൽ നിന്നും ബൈനോക്കുലർ ഉപയോഗിച്ചുള്ള നിരീക്ഷണത്തിന് സാറ് എന്നെയും സങ്കിതയേയുമാണ് നിയോഗിച്ചത്. കണ്ണടയ്ക്കാതെ ചുറ്റിലും നിരീക്ഷിക്കാൻ മനസ്സാന്നിദ്ധ്യം അത്യാവശ്യമാണ്. എനിക്കപ്പോൾ ഇല്ലാതിരുന്നതും അതായിരുന്നു! മനസ്സ് മുഴുവൻ കൈരളിയായിരുന്നു. ഈ യാത്രയിൽ കൈരളിയെക്കുറിച്ചുള്ള എന്തെങ്കിലും വിവരം കണ്ടെത്താൻ കഴിയുമോ എന്ന ആശങ്ക. പക്ഷേ, ഇതൊന്നും സാറിനോട് പറയാൻ കഴിയാല്ലായിരുന്നു.! സാറ് അറിഞ്ഞാലുള്ള പ്രതികരണം എന്താവുമെന്നു ഊഹിക്കാൻ പോലും കഴിയില്ല. ട്രീസ അഭിപ്രായപ്പെട്ടതു പോലെ കപ്പലിനകത്തു കയറിയത് മറ്റൊരു വെങ്കിടാചലമാണ്!
ശ്രീലങ്കൻ തീരത്ത് എത്തിയതോടെ കാലാവസ്ഥയും ആകെ മാറി. ആകാശം നിറയെ മഴമേഘങ്ങൾ നിറഞ്ഞു. മുന്നിലൊരു ഇരുളൻ മല വന്നു നിൽക്കുന്ന പോലെ മേഘങ്ങൾ. ആഞ്ഞടിക്കുന്ന തിരമാലകൾ. അതിങ്ങനെ കപ്പലിന്റെ മുകൾത്തട്ടു വരെ കയറി. കടലിൽ നിന്നും മഴക്കാലത്തെ മാനം കാണുന്നത് വല്ലാത്തൊരു ഭയമാണ്. അതൊരിക്കലും കാണാത്തവർക്കത് കാൽപ്പനിക സൗന്ദര്യവും! കാഴ്ചയും ഭാവനയും തമ്മിലുള്ള കടൽദൂരം. മാരിയാവട്ടെ കടൽച്ചൊരുക്കിൽ വലഞ്ഞു. ഓരോ തിരയിലും കപ്പൽ ആടുന്നതിന് അനുസരിച്ച് ശർദ്ധിച്ചു ശർദ്ധിച്ച് അവൻ തളർന്നു. ഒന്നു രണ്ടു വള്ളങ്ങളും ബോട്ടുകളും അരികിലൂടെ കടന്നു പോയന്നെല്ലാതെ അന്നു പകൽ ഞങ്ങൾ ഭയപ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും സംഭവിച്ചില്ല. ശ്രീലങ്കയിലെ കൊമാരിയ്ക് സമീപം 81°53'E -ൽ ഒരു ചെറിയ കൊടുങ്കാറ്റ് രൂപപ്പെടുന്നുണ്ടെന്ന സന്ദേശം ലഭിച്ചത് സഞ്ജയ് അറിയിച്ചതനുസരിച്ച്,ക്യാപ്റ്റൻ കപ്പലിന്റെ വേഗത അൽപ്പം കുറച്ചു. കണ്ണുകാണാൻ പറ്റാത്തത്ര മഴയായിരുന്നു ആ അറിയിപ്പു ലഭിച്ച് അരമണിക്കൂറിനകം ആരംഭിച്ചത്. കടലും ഇരുട്ടും മഴയും കാറ്റും കൂടിക്കലർന്ന ഭീതികരമായ ഒരു രാത്രിയുടെ തുടക്കമായിരുന്നത്. തെക്കോട്ടു വീശിയ കാറ്റ് കപ്പലിനെ ഏതുനിമിഷവും കടലിലേക്ക് ആഴ്ത്തുമെന്നു തോന്നി.
മുകൾത്തട്ടിൽ നിൽക്കാൻ പോലും മഴ സമ്മതിച്ചില്ല. ആകാശത്തു നിന്നാരോ എറിഞ്ഞിടുന്ന ചില്ലുകഷ്ണ്ങ്ങൾ പോലെ പേമാരി വന്നു വീണ് മേലാകെ വേദനിച്ചപ്പോൾ ഞാനും സങ്കിതയും അവിടെ നിന്നും മാറി. അതേ സമത്താണ് കപ്പലിനു നേർക്കൊരു ബോട്ടു പാഞ്ഞു വന്നത്. ഒറ്റ നിമിഷം ഞാനും സങ്കിതയും എന്തു ചെയ്യണമെന്നറിയാതെ പകച്ചു. കപ്പലിനെ തൊട്ടുതൊട്ടില്ലെന്ന മട്ടിലത് അടുത്തേക്ക് എത്തിയതും ഉയർന്നു പൊങ്ങിയൊരു തിരയതിനെ വിഴുങ്ങിയതും ഒരുമിച്ചായിരുന്നു. വിഴുങ്ങിയതായിരുന്നില്ലയത്. ഒന്നുയർത്തി, ആകാശത്തിനും കടൽപ്പരപ്പിനും മധ്യേ വട്ടംചുഴറ്റി കടലിലേക്ക് വലിച്ചെടുത്തതാണ്. ആ കാഴ്ച കണ്ട് സങ്കിത ഉച്ചത്തിൽ നിലവിളിച്ചു. ഞാനപ്പോൾ കൈരളിയെക്കുറിച്ചാണ് ആലോചിച്ചത്. ഇതുപോലൊരു രാക്ഷസത്തിരയിൽ നടുപിളർന്ന് കടലിലേക്ക് ആണ്ടു പോവുന്ന കൈരളി! അതിനകത്തെ മനുഷ്യരുടെ നിലവിളികൾ.. ഓർക്കുമ്പോൾ പോലും വേദനിക്കുന്നു. നേരം വെളുക്കുവോളം ആ മഴ തുടർന്നു. ഈ സമയത്തിനകം ഞങ്ങൾ കൊടുങ്കാറ്റിന്റെ പ്രഭവ കേന്ദ്രം കടന്നു. കൊളംബോയ്ക് സമീപത്തുകൂടെ ലക്ഷദ്വീപ് കടലിലേക്ക് പ്രവേശിച്ചു. അടുത്ത ദിവസത്തെ നിരീക്ഷണ ഡ്യൂട്ടി മാരിയും പസന്തിയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. മാരിയുടെ ആരോഗ്യനില മോശമായതുകൊണ്ട് പസന്തി തനിച്ചാണത് ചെയ്തത്. ▮
(തുടരും)