രാത്രിയിലെ ക്ഷീണം മാറുന്നതുവരെ ഞാനൊന്നു മയങ്ങി.
ഉച്ചയോടെ എഴുന്നേറ്റ് മാത്യൂസിനരികിലേക്ക് ചെന്നു. അയാൾ അപ്പോഴും എന്തോ വരക്കുകയായിരുന്നു. ഒരുപക്ഷേ കപ്പിത്താനായിരുന്നില്ലെങ്കിൽ മികച്ചൊരു ചിത്രകാരനായി മാത്യൂസ് മാറിയേനെ. അതു ഞാൻ സൂചിപ്പിച്ചപ്പോൾ മാത്യൂസെന്നെ നോക്കിയൊന്നു ചിരിച്ചു. പിന്നെ അയാൾ അപ്പോൾ വരച്ചുകൊണ്ടിരുന്ന ചിത്രം എന്റെ കയ്യിലേക്ക് തന്നു. ഞാനത് നോക്കിയപ്പോൾ അത്ഭുതപ്പെട്ടു. ഞങ്ങൾ ഇപ്പോൾ സഞ്ചരിക്കുന്ന ഇന്ദിരയുടെ രേഖാ ചിത്രമായിരുന്നത്. മാത്രമല്ല, അതിന്റെ പൂർണവിവരങ്ങളും അതിലെഴുതി ചേർത്തിരുന്നു. എന്നെങ്കിലും ഈ ചരിത്രദൗത്യം ലോകം അറിയുമെന്നാണ് മാത്യൂസ് അതിനെക്കുറിച്ച് പറഞ്ഞത്. അതു സത്യമാണെന്ന് എനിക്കും തോന്നി. കാരണം ഈ യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ച് വളരെക്കുറച്ചു പേർക്കു മാത്രമെ അറിവുള്ളൂ. കേന്ദ്രമന്തിയുടെ പ്രത്യേക നിർദ്ദേശമായിരുന്നത്. ആർ.എം.എസ് കണ്ടെത്താൻ കഴിയുമെന്നു തന്നെയാണ് വിക്രം വിശ്വസിക്കുന്നത്. എനിക്കാണെങ്കിൽ കൈരളിയെക്കുറിച്ചു മാത്രം അറിഞ്ഞാൽ മതിയായിരുന്നു. അതു കണ്ടെത്തുമെന്നതിൽ യാതൊരു ഉറപ്പും ആരും തരുന്നില്ല. സാറിനു പോലും അക്കാര്യത്തിൽ വ്യക്തമായൊരു ഉത്തരം നൽകാനില്ലാത്തത് എന്നെ ചെടിപ്പിച്ചു.
ലക്ഷദ്വീപ് തീരത്തേക്ക് കടന്നതോടെ കാറ്റിന്റേയും കടലിന്റേയും സ്വഭാവത്തിൽ നേരിയ മാറ്റങ്ങൾ കണ്ടുതുടങ്ങി. കടലിന്റെ ഗന്ധത്തിനുപോലും ആ മാറ്റമുണ്ടെന്ന് മാത്യൂസ് പറഞ്ഞെങ്കിലും എനിക്കത് അനുഭവിക്കാൻ കഴിഞ്ഞില്ല. ഓരേ കടലാണെന്നും ഒറ്റ നിറമാണെന്നും മാത്രമാണ് തോന്നിയത്. ലോകത്തുള്ള എല്ലാ കടലുകളും ഒന്നാണെന്നാണ് അപ്പൻ പറഞ്ഞുതന്നതാണ് മറ്റാരുപറയുന്നതിലും എനിക്ക് വിശ്വാസം. അതിനി മാറ്റാൻ കഴിയില്ല. കടലിന്റെ അടിത്തട്ടിലുറച്ചുപോയൊരു നങ്കൂരം കണക്കെ അതെന്റെ ഹൃദയത്തിൽ ഉറച്ചതാണ്.
പക്ഷേ, തിരകളുടെ സ്വഭാവം മാറിയിട്ടുണ്ട്. ഉയർച്ചകളില്ലാത്ത ആ തിരകൾ കാണുമ്പോൾ, നിലാവത്ത് കടലിൽ നീന്താനിറങ്ങുന്ന ഒരു പെണ്ണാണ് അതെന്നാണ് തോന്നിയത്. നീളൻ മുടിയഴിച്ചിട്ട് മലർന്നു കിടന്നു നീന്തുന്നൊരു സ്ത്രീ. അവളുടെ ഉടലളവുകളിലെ നിമ്‌നോന്നതങ്ങൾ ഓളങ്ങളായി മുറിഞ്ഞും ചേർന്നും ഒഴുകുന്നു. ആ നേരത്ത് അവിടേക്ക് വന്ന ആശാൻ പാരുകളുടെ സ്ഥാനം കാണിച്ചു തന്നു. അതിനു ചുറ്റിലും മീനുകൾ പുളയ്കുന്നുണ്ടായിരുന്നു. ഉയർന്നു പൊങ്ങുന്ന പറവമീനുകൾ കപ്പലിനു ചുറ്റിലും വട്ടമിട്ടു. തിരയിളക്കങ്ങൾക്കനുസരിച്ച് അവയിങ്ങനെ ജലപ്പരപ്പിനുമുകളിലേക്ക് ആരോ എയ്യുന്നൊരു അമ്പുപോലെ പറന്നുവീഴുന്ന കാഴ്ച മനോഹരമായിരുന്നു. പ്രകൃതി നിയന്ത്രിക്കുന്നൊരു താളം അവയുടെ ഉയരലിനും പറക്കലിനുമുണ്ട്. ഒരു പൂവ് വിരിയുന്നതും വിത്തുമുളയ്ക്കുന്നതും നദി ജനിക്കുന്നതും മഴപെയ്യുന്നതും തിരകളുണ്ടാവുന്നതിലും ഇതേ താളമുണ്ട്. ഇടക്ക് വന്നും പോയുമിരിക്കുന്ന ഡോൾഫിനുകളും കടൽക്കാഴ്ച സമ്പന്നമാക്കി. അവയുടെ ഉയർച്ചകൾക്കും തങ്ങിനിൽക്കലുകൾക്കും മറ്റൊരു താളമായിരുന്നു. ഒരു പക്ഷേ ഈ വഴിയാവും അൻപരസ് ഒഴുകിപ്പോയിരിക്കുക യെന്ന മാത്യൂസിന്റെ ശബ്ദം എന്റെ എല്ലാ ആനന്ദങ്ങളേയും ഒറ്റനിമിഷത്തിൽ ആഴ്ത്തിക്കളഞ്ഞു.
കപ്പൽ അധികം വൈകാതെ മർമ്മഗോവക്കു സമീപത്തേക്ക് അടുക്കുമെന്ന ചിന്തിച്ചപ്പോൾ മനസ്സാകെ കലങ്ങിമറിഞ്ഞു. രണ്ടു കാര്യങ്ങളായിരുന്നു അതിനു പിന്നിൽ. ആർ.എം.എസ് സഞ്ചരിച്ചിരുന്ന പാതയിൽ നിന്ന് ഏകദേശം 50 നോട്ടിക്കൽ മൈൽമാറിയാവും ആ സമയത്ത് ഞങ്ങൾ സഞ്ചരിക്കുക. സഞ്ജയ് അതിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. രണ്ട്, കാലാവസ്ഥ തീർത്തും മോശമായതാണ്. കൈരളി യാത്ര ചെയ്ത അതേ രീതിയിലുള്ള കാലവസ്ഥയാണെന്നാണ് വിക്രം അതിനെക്കുറിച്ച് പറഞ്ഞത്. കൈരളിയുടെ അതേ ഗതിയാവുമോ ഞങ്ങളെയും കാത്തിരിക്കുന്നതെന്ന ഭയം കപ്പലിനകത്ത് നിറഞ്ഞു. ആരുമൊന്നും പരസ്പരം പങ്കുവച്ചില്ലെന്നു മാത്രം. അവശനായിരുന്ന മാരി ആരോഗ്യം വീണ്ടെടുത്തതു മാത്രമാണ് ആകെയുള്ള സന്തോഷം. അത്രയും ദിവസത്തെ ട്രീസയുടെ പരിചരണമാണ് അവനെ നേരെ നിർത്തിയത്. നിശബ്ദതയോട് എനിക്കെന്തോ വല്ലാത്ത ഭയമാണ്. പ്രതീക്ഷിച്ചതു പോലെ ഒമ്പതാം തിയ്യതി രാത്രിയോടെ ഞങ്ങൾ മർമ്മഗോവക്കടുത്ത്, ജിബൂട്ടിയിലേക്കുള്ള പാതയിൽ നങ്കൂരമിട്ടു.
അധികനേരം അവിടെ നങ്കൂരമിട്ടു കിടക്കാൻ കഴിയുമായിരുന്നില്ല. മഴ അടങ്ങിയിരുന്നെങ്കിലും കാറ്റിന്റെ ശക്തി കുറഞ്ഞിരുന്നില്ല. 70 നോട്ടിക്കൽ മൈൽ വേഗതയിൽ അപ്പോഴും കാറ്റു വീശി. നങ്കൂരം വലിച്ചിടാൻ ചെന്ന ഞാനും പസന്തിയും ഇപ്പോൾ എന്തിനാണ് നങ്കൂരമിടുന്നതെന്ന് പരസ്പരം ചോദിച്ചെങ്കിലും രണ്ടുപേർക്കും ഉത്തരമില്ലായിരുന്നു. നങ്കൂരം പൂർണമായും ഉറച്ചെന്ന വിവരം ക്യാപ്റ്റനു കൈമാറി. അതിന്റെ തൊട്ടടുത്ത നിമിഷത്തിൽ കപ്പലിൽ അലാം മുഴങ്ങി. ഉടൻ തന്നെ എല്ലാവരും നാവിഗേഷൻ ബ്രിഡ്ജിലേക്ക് എത്താനുള്ള ക്യാപ്റ്റന്റെ ശബ്ദം വോക്കിടോക്കിയിൽ ചിലമ്പിച്ചു. അതനുസരിച്ച് എല്ലാവരും ഉടൻ തന്നെ ബ്രിഡ്ജിലേക്ക് ഹാജരായി. കുടിച്ചു പാതി ബോധത്തിലുള്ള സഞ്ജയിനെ കണ്ടതും ക്യാപ്റ്റന്റെ മുഖം ചുളിയുന്നത് ഞാൻ ശ്രദ്ധിച്ചു. ആടിയാടി നിൽക്കുന്ന അയാളെ ചൂഴ്ന്നു നോക്കികൊണ്ട് ക്യാപ്റ്റൻ എല്ലാവരേയും അഭിവാദ്യം ചെയ്തു.
വളരെ പ്രധാനപ്പെട്ട എന്തോ ഉടൻ സംഭവിക്കാൻ പോവുകയാണെന്ന് മനസ് മന്ത്രിച്ചു. നേർത്ത ചാറ്റൽ മഴ കടലിൽ ചാഞ്ഞുവീഴുന്നതും കപ്പലിന്റെ വശങ്ങളിലേക്ക് അടിച്ചു ചിതറുന്ന തിരകളുടേയും കാറ്റിന്റെ മൂളക്കങ്ങളും എഞ്ചിന്റെ ഇരമ്പലും മാത്രമായിരുന്നു അപ്പോൾ കപ്പലിനകത്തുള്ള ശബ്ദങ്ങൾ. മനുഷ്യരുടെ ശബ്ദങ്ങളെല്ലാം അസ്തമിച്ചുപോയ രണ്ടുമൂന്നു നിമിഷങ്ങൾ. ഘനഗംഭീരമായ ക്യാപ്റ്റന്റെ ശബ്ദമാണ് ആ നശിച്ച നിശ്ശബ്ദതയെ എറിഞ്ഞുടച്ചത്. ഇനിയാണ് യഥാർത്ഥ പരീക്ഷണങ്ങൾ നേരിടാൻ പോവുന്നതെന്നു പറഞ്ഞാണ് ക്യാപ്റ്റൻ സംസാരിച്ചു തുടങ്ങിയത്. ഒരു ബാഡ് വെതർ ഇൻഫർമേഷൻ ആയിരുന്നത്. അടുത്ത 72 മണിക്കൂറിനകം മർമ്മഗോവക്കും ഒമാനും ഇടയിൽ വീശിയടിക്കുന്ന ഒരു കൊടുങ്കാറ്റ്. മൂന്നു ദിവസമെങ്കിലും അത് നീണ്ടുനിൽക്കുമെന്നാണ് ആ സമയത്തെ കാലാവസ്ഥാപ്രവചനം.
ഇത്തരം സമയങ്ങളിൽ മൂന്നു വഴികളാണ് ഏതൊരു ക്യാപ്റ്റനും മുന്നിലുണ്ടാവുക. ആദ്യത്തേത് ഏറ്റവും അടുത്ത തുറമുഖത്തേക്ക് കപ്പലിനെ കൊണ്ടെത്തിക്കുക. രണ്ടാമതായി ചെയ്യാനുള്ളത് തൊട്ടടുത്തുള്ള ഏതെങ്കിലും ദ്വീപിന്റെ മറവിലേക്കോ ഉൾക്കടലിലേക്കോ മാറുകയാണ്. മൂന്നാമത്തേതാവട്ടെ കാറ്റിനെ മുഖാമുഖം നേരിടുകയെന്ന ഏറ്റവും അപകടകരമായ തീരുമാനമാണ്. അനുഭവപരിജ്ഞാനവും വൈദഗ്ദവുമുള്ള ഒരു കപ്പിത്താനു മാത്രമേ അതിന് കഴിയുകയുള്ളു. കാരണം കാറ്റിനെ പ്രതിരോധിക്കാൻ ഒരു ZicZac രീതിയിൽ കപ്പലിനെ മുന്നോട്ടുകൊണ്ടു പോവണം. അങ്ങനെ ചെയ്യുമ്പോൾ കപ്പലിന്റെ നേർക്കുവരുന്ന കാറ്റിൽ നിന്നും തിരകളിൽ നിന്നും ഒരുപരിധിവരെ രക്ഷപ്പെടാം. പക്ഷേ, വളയുന്ന സമയത്ത് കപ്പലിന്റെ പുറംഭാഗത്ത് കാറ്റും തിരമാലകളും വന്നടിച്ച് അപകടം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. ആ സമയത്തെ കാറ്റും തിരകളുമാണ് അതിനെ സ്വാധീനിക്കുക.
ഗോവൻ തീരത്തേക്ക് മാറുന്നതാണ് ഉചിതമെന്നാണ് സഞ്ജയ് കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞെങ്കിലും മാത്യൂസും വിക്രമും അതിനോട് വിയോജിച്ചു. കാരണം ഇനിയുള്ള മൂന്നു ദിവസങ്ങൾ വെറുതെ തീരത്തോട് ചേർന്നു കിടക്കേണ്ടി വരും. മാത്രമല്ല, ഈ പറയുന്ന കാറ്റ് ഗോവൻ തീരത്ത് കരകയറാനും സാധ്യതയുണ്ടായിരുന്നു. അതായത് രക്ഷപ്പെടാൻ വേണ്ടി തീരത്ത് നങ്കൂരമിട്ടാലും കരകയറുന്ന സമയത്തെ കാറ്റിന്റെ ശക്തിയിൽ കപ്പലിന് അപകടം സംഭവിച്ചേക്കാം. അടുത്ത വഴി ഏതെങ്കിലും ദ്വീപുകൾക്ക് സമീപം മറഞ്ഞിരിക്കുകയെന്നതാണ്. അതിനു വേണ്ടി ചാർട്ടുകൾ പരിശോധിച്ചു. അതനുസരിച്ച് സുകൂത്രക്കു സമീപത്തെ ദ്വീപിലേക്ക് മൂന്നു ദിവസത്തെ യാത്രയുണ്ട്.
സാറിന്റെ നിർദ്ദേശമനുസരിച്ച സഞ്ജയ് അപ്പോൾ തന്നെ റേഡിയോ സ്റ്റേഷനുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ കാലാവസ്ഥാറിപ്പോർട്ട് അന്വേഷിച്ചു. അതനുസരിച്ച് യെമൻ തീരത്ത് ആ കാറ്റിന്റെ ഭീഷണികൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. മാത്രമല്ല, ഈയൊരു കാരണത്തിന്റെ മറപിടിച്ച് കൈരളി സഞ്ചരിച്ച അതേ വഴിയിലൂടെ തന്നെ ചെല്ലാം എന്നതായിരുന്നു സാറിന്റെ കണക്കുകൂട്ടൽ. അതറിഞ്ഞാൽ സഞ്ജയ് എതിർപ്പു പ്രകടിപ്പിക്കുമെന്നും ഉറപ്പായിരുന്നു. രാത്രി തന്നെ ഞങ്ങൾ വീണ്ടും യാത്ര പുറപ്പെട്ടു. അത്രനേരവും പെയ്തിരുന്ന മഴ മാറിയെങ്കിലും കടലിനത്ര തെളിച്ചമുണ്ടായിരുന്നില്ല. ദുഃഭങ്ങളുടെ കേവുഭാരവും പേറി കണ്ണീരണിഞ്ഞുള്ള നേർത്ത ഒഴുക്ക് മാത്രമായിരുന്നു ആ സമയത്ത് കടലിനുണ്ടായിരുന്നുള്ളൂ. പക്ഷേ, ദുരിതങ്ങളുടെ ശുഭാരംഭമായിരുന്നതെന്ന് ആരുമറിഞ്ഞില്ല.
എല്ലാ കലാവാസ്ഥ പ്രവചനങ്ങളേയും തകിടം മറിച്ച് പന്ത്രണ്ടാം മണിക്കൂറിൽ അപ്രതീക്ഷിതമായി സുകൂത്രക്കു തെക്കുഭാഗത്തു നിന്ന് കാറ്റുവീശിത്തുടങ്ങി. നൂറുനോട്ടിക്കൽ മൈൽ വേഗതയെങ്കിലും ആ കാറ്റിനുണ്ടായിരുന്നു. ഈ സമയം കൈരളിയിൽ നിന്ന് അവസാനത്തെ സന്ദേശം ലഭിച്ച അതേ സ്ഥലത്തായിരുന്നു ഇന്ദിരയും. കൃത്യമായിപ്പറഞ്ഞാൽ 17°40'N 65°30'E-ൽ. അതാണ് സാറിനെയടക്കം ഭയപ്പെടുത്തുയത്. സാറത് പുറത്തുകാണിച്ചില്ലെന്നു മാത്രം. കൈരളി വീണ്ടും ആവർത്തിക്കുകയാണെന്ന് മാത്യൂസ് എന്നോട് സ്വകാര്യം പറഞ്ഞു. കപ്പലിനകത്തുള്ളവരിൽ മുഴുവൻ ആ പരിഭ്രമത്തിന്റെ ഇരുളിമ പരന്നു.
പക്ഷേ, തോറ്റുകൊടുക്കാൻ ഞങ്ങൾ തയ്യാറായില്ല. കാറ്റിനെ അഭിമുഖീകരിക്കാൻ തന്നെ തീരുമാനിച്ചു. എല്ലാവർക്കും ജാഗ്രതാ നിർദ്ദേശം ലഭിച്ചു. ഉയർന്നു പൊങ്ങുന്ന തിരമാലകൾ ഇന്ദിരയെ വിഴുങ്ങാനെന്നോണം പാഞ്ഞടുത്തു. ഏതുനിമിഷവും കപ്പലിനയത് കടലിലേക്ക് മറിച്ചിടുമെന്നു തോന്നി. മുൻപ് സൂചിപ്പിച്ചതുപോലെ കാറ്റിൽ നിന്ന് പരമാവധി മാറുന്ന തരത്തിൽ ക്യാപ്റ്റൻ കപ്പലിനെ നയിച്ചു. ഉയർന്നു പൊങ്ങുന്ന തിരകളെ വകഞ്ഞു മാറ്റി സാഹസികമായി മുന്നോട്ടു നീങ്ങി. സങ്കിതയും മാരിയും ആശാനും ട്രീസയും ഈ സമയങ്ങളിലത്രയും രൂപക്കൂടിനു മുന്നിൽ പ്രാർത്ഥനയിലായിരുന്നു. കടൽ അതൊന്നും കേട്ടതേയില്ല. എണ്ണമില്ലാത്തത്രയും മനുഷ്യരെ പലകാലങ്ങളിലായി വിഴുങ്ങിയ കടലിനോടാണ് വെറും പത്തു മനുഷ്യർ അപേക്ഷിക്കുന്നത്. പ്രാർത്ഥിക്കുന്തോറും കൂടുതൽ രൗദ്രതയോടെ തിരമാലകൾ ഉയർന്നു. അടുത്തെങ്ങും മറ്റു കപ്പലുകളോ ഒരു ദ്വീപോ ഇല്ലായിരുന്നു. അതെന്നെ കൂടുതൽ ആകുലപ്പെടുത്തി.
ഇതിനിടയിൽ കുടിച്ച് ലക്കുകെട്ട് നാവിഗേഷൻ ബ്രിഡ്ജിലേക്ക് കയറി നിന്ന സഞ്ജയ് വലിയ അപകടത്തിൽ നിന്ന് ഒരു കൈപ്പാട് അകലത്തിലാണ് രക്ഷപ്പെട്ടത്. ആ സമയത്ത് പസന്തി അവിടെ ഇല്ലായിരുന്നെങ്കിൽ അലറിയടുക്കുന്ന അറബിക്കടലിന്റെ ആഴങ്ങളിലേക്ക് അയാൾ എന്നെന്നേക്കുമായി വീണു പോയേനെ. മദ്യത്തിന്റെ ലഹരിയിൽ ആടിയുലയുന്ന കപ്പലിന്റെ ബ്രിഡ്ജിൽ കയറി നിന്നുകൊണ്ട് ചൂണ്ടയിടുകയായിരുന്ന സഞ്ജയ്. ആ സമയത്ത് അവിടെ ഡ്യൂട്ടി ചെയ്യുകയായിരുന്ന പസന്തിയുടെ അവസോരിചിതമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ... അവനെ രക്ഷിച്ചെടുത്ത സമാധാനത്തിൽ ഇരിക്കുമ്പോഴാണ് കപ്പലിനോളം ഉയരമുള്ളൊരു തിര കപ്പലിന്റെ വലതുവശത്ത് ആഞ്ഞു പതിച്ചത്. അതിന്റെ ആഘാതത്തിൽ കപ്പലൊന്നാകെ ചരിഞ്ഞു. ചരിഞ്ഞെന്നു മാത്രമല്ല. ഒരു നിമിഷം ഞങ്ങളെയെല്ലാം മരണത്തിന്റെ വാതിലനടുത്തുവരെയത് കൊണ്ടെത്തിച്ചിരുന്നു. കപ്പലിനകത്തെ ഇളകുന്ന എല്ലാ വസ്തുക്കളേയുമത് നിലത്തെറിഞ്ഞു. അടുക്കളയിലായിരുന്ന ആശാൻ ആരോ എടുത്തെറിഞ്ഞതു പോലെ നിലത്തേക്ക് വീണു. ആ വീഴ്ചയിൽ ആശാന്റെ മുൻവശത്തെ രണ്ടു പല്ലുകൾ ഇളകിപ്പറിഞ്ഞു. ചോരയൊലിപ്പിച്ച് ഓടിവന്ന ആശാനെ കണ്ട് ഞാനാകെ ഭയപ്പെട്ടുങ്കിലും ഉടൻ തന്നെ മെഡിക്കൽ റൂമിലേക്ക് എത്തിച്ചു. ഞാൻ കരുതിയത് ആശാന്റെ മുഖത്ത് പരുക്ക് പറ്റിയെന്നാണ്. ട്രീസ പരിശോധിച്ചപ്പോഴാണ് പല്ലു മാത്രമാണ് ഇളകിയതെന്നു മനസ്സിലായത്. അന്നത്തേയും അടുത്ത മൂന്നു ദിവസത്തേയും ഭക്ഷണം ഞാൻ തന്നെയാണ് തയ്യാറാക്കിയത്. ഇതുകൊണ്ടൊന്നും ദുരിതങ്ങളുടെ വേട്ടയാടൽ അവസാനിച്ചില്ല. കടൽ, ഞങ്ങളെ വേട്ടയാടുന്നതിനു മുന്നോടിയായുള്ള സൂചനകൾ മാത്രമായിരുന്നതെല്ലാം.
രണ്ടാമത്തെ ദിവസം കടലിന്റെ വന്യതയൊന്നടങ്ങി. ആ സമയം ഞങ്ങൾ കിൽമിയയിൽ നിന്ന് വെറും നൂറ്റിപ്പത്ത് മൈൽ അകലെയായിരുന്നു. ഞങ്ങൾ നിൽക്കുന്നതിന്റെ അഞ്ചുമൈൽ ചുറ്റളവിൽ എവിടെയോ ഒരു കപ്പൽ ആഴ്ന്നു പോയെന്നത് വിക്രം അപ്പോഴാണ് സൂചിപ്പിച്ചത്. ബോംബൈയിലെ നേവീ ലൈബ്രറിയിൽ നിന്നും ലഭിച്ച ജേണലിലായിരുന്നു അതിനെക്കുറിച്ചുള്ള വിവരണം ഉണ്ടായിരുന്നത്.
അതായത്, 1934 ആഗസ്റ്റ് മൂന്നാം തിയ്യതി കാണ്ട്‌ല തുറമുഖത്തു നിന്ന് ഗ്രേറ്റ് ബ്രിട്ടനിലേക്ക് നാനൂറോളം ആളുകളുമായി പോയ അലാസ്‌കയെന്ന യാത്രാ കപ്പൽ. ഈ യാത്രയിൽ കപ്പലിലുണ്ടായിരുന്നവരിൽ ഭൂരിഭാഗം പേരും ഇന്ത്യയിൽ നിന്നും സ്വദേശത്തേക്ക് മടങ്ങുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരായിരുന്നു. യാത്രക്കാരെക്കൂടാതെ അവരുടെ കുറെ ചരക്കുകളും ഈ കപ്പലിനത്ത് സൂക്ഷിച്ചിരുന്നു. സാവധാനം നീങ്ങിയ ആ കപ്പലിനുസമീപത്ത് മറ്റു രണ്ടു ബ്രിട്ടീഷ് കപ്പലുകൾ കൂടെ ആ സമയത്ത് ഉണ്ടായിരുന്നു. അതിലൊരു കപ്പലിലെ കപ്പിത്താൻ എഴുതിയ രേഖയിൽ നിന്നാണ് ഈ വിവരം വിക്രം കണ്ടെത്തിയത്. അതിൽപ്പറയുന്നത് അനുസരിച്ച്, ഇപ്പോൾ ഞങ്ങൾ നിൽക്കുന്ന 11°35'N-55°45'E ൽ വെച്ചാണ് അപകടം സംഭവിച്ചത്.
കാണ്ട്‌ലയിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ നേരിയ മഴയുണ്ടായിരുന്നു. ശാന്തമായ കടലിൽ, അനുകൂലമായ കാലാവസ്ഥയായിരുന്നതുകൊണ്ട് സാമാന്യം വേഗതയിലായിരുന്നു അലാസ്‌കയുടെ സഞ്ചാരം. പക്ഷേ, പെട്ടന്നാണ് കടലിന്റെ മട്ടുമാറിയത്. യെമൻ ഭാഗത്തു നിന്ന് വീശിയടിച്ച കൊടുങ്കാറ്റിൽ കടൽ കലിയിളകി മറിഞ്ഞു. കപ്പലിനെക്കാളും ഉയരത്തിൽ തിരമാലകൾ ഒന്നിനു പുറകെ ഒന്നായി പാഞ്ഞടുത്തു. അലാസ്‌കയുടെ കപ്പിത്താന് എന്തുചെയ്യണമെന്നു ചിന്തിക്കാൻ പോലും കടൽ അനുവദിച്ചില്ല. എല്ലാം വിഴുങ്ങുന്ന ഭീകരവ്യാളിയായി കടലൊന്നു മേൽപ്പോട്ടുയർന്നു. തിരകളുടെ ഒരു കൂട്ടം പൊടുന്നനെ അലാസ്‌കയുടെ ഇടതുവശത്ത് ശക്തമായി വന്നിടിച്ചു. കപ്പൽ ഒരു മരം വേരോടെ മണ്ണിലേക്ക് വീഴുന്നതു കണക്കെ ചിരിഞ്ഞു വീണതും ഒരുമിച്ചാണ്.
ആ വീഴ്ചയിൽ കപ്പലിനകത്തുള്ളവരിൽ ഭൂരിഭാഗം പേരും കടലിലേക്ക് പറന്നു പോയി. ഒരു ഗുഹയിൽ നിന്ന് അനേകം കടവാവലുകൾ ഒരുമിച്ച് പുറത്തേക്ക് പറക്കുന്നതുപോലെയായിരുന്നു ആ കാഴ്ചയെന്നാണ് ജേണലിൽ അതിനെക്കുറിച്ച് എഴുതിയിരിക്കുന്നത്. പക്ഷേ, അവരിൽ മിക്കവർക്കും ഭാഗ്യമുണ്ടായിരുന്നു. കൃത്യമായിപ്പറഞ്ഞാൽ മുന്നൂറ്റി എൺപത്തിരണ്ടു പേർക്ക്. കപ്പൽ പൂർണമായും മുങ്ങുന്നതിനു മുൻപ് അതിനകത്തുള്ളവർ എങ്ങിനെയെല്ലാമോ പുറത്തേക്ക് ഇറങ്ങി. കുറച്ചുപേർ ലൈഫ് ബോട്ടിൽ കയറിപ്പറ്റി. അപകടത്തിൽപ്പെട്ട കപ്പലിന്റെ കപ്പിത്താനാണ് അതിനവരെ സഹായിച്ചത്. പിന്നാലെ വന്ന രണ്ടു കപ്പലിലുളളവരാണ് അവരെ രക്ഷപ്പെടുത്തിയത്. പക്ഷേ, മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ അലാസ്‌കയുടെ കപ്പിത്താനടക്കമുള്ള പതിനെട്ടു പേരെ മരണം പിന്തുടർന്നാക്രമിച്ചു. വെറും പതിനഞ്ചു മിനിറ്റിനുള്ളിലാണ് അലാസ്‌ക കടലിനടിലേക്ക് മൂക്കുകുത്തിയത്. കൃത്യമായി പറയുകയാണെങ്കിൽ, 203 മീറ്റർ താഴ്ചയിലായിരുന്നു അലാസ്‌കയുടെ മുൻവശം കടലിന്റെ അടിത്തട്ടിൽ കുത്തിനിന്നത്. 45.ഡിഗ്രി ചരിഞ്ഞായിരുന്നു ആ വലിയ കപ്പലിന്റെ ജലവിശ്രമം. വിക്രമത് പൂർത്തീകരിക്കുന്നതിനു മുൻപു തന്നെ ഇന്ദിരയിൽ അപായമണി മുഴങ്ങി. വലിയൊരു അപകടത്തിലേക്കുള്ള ജലജാലകമായിരുന്നു അതെന്ന എന്റെ ആശങ്ക തെറ്റിയില്ല.
അധ്യായം 32
ഗുരുതരമായ അപകടമുന്നറിയിപ്പ് നൽകുന്ന അലാം കേട്ടതും വിക്രമും മാത്യൂസും എഞ്ചിൻ മുറിയിലേക്ക് ഓടി. ഒരു നിമിഷം എന്തുചെയ്യണം എന്നറിയാതെ നിന്ന ഞാനും അവരുടെ പിന്നലെ ചെന്നു.
എഞ്ചിൻ മുറിയിൽ നിന്നുയരുന്ന പുകയിൽ നിന്ന് ഒരു പ്രേതത്തെപ്പോലെ പുറത്തേക്കുവരുന്ന പസന്തിയെ കണ്ട് ഞങ്ങൾ മൂവരും സ്തംഭിച്ചു. ദേഹമാസകലം പൊള്ളേറ്റ പസന്തിക്ക് നിലവിളിക്കാൻ പോലും ശേഷിയില്ലായിരുന്നു. അകത്തേക്ക് കൈചൂണ്ടി എന്തോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ പുക മൂടി. ഒറ്റക്കുതിപ്പിന് വിക്രം എഞ്ചിൻ മുറിയിലേക്ക് കയറി. നിലത്തു വീണുകിടന്ന പസന്തിയെ എടുത്തുയർത്താനുള്ള എന്റെ ശ്രമം സാറ് തടഞ്ഞു. പൊള്ളിയ ശരീരഭാഗങ്ങൾക്ക് കൂടുതൽ ക്ഷതമേൽക്കാൻ സാധ്യതയുള്ളതു കൊണ്ടായിരുന്നത്. തൊട്ടടുത്തുണ്ടായിരുന്ന സ്ട്ക്ചറിലേക്ക് പസന്തിയെ സൂക്ഷിച്ചു കിടത്തി. അതിനിടയിൽ വാക്കിടോക്കിയിലൂടെ നിർദ്ദേശം ലഭിച്ച ട്രീസയും മാരിയും സങ്കിതയും ആശാനും അവിടേക്ക് എത്തിയിരുന്നു.
എഞ്ചിൻ മുറിയിലെ പുക അൽപ്പമൊന്നടങ്ങിയപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നത്. ബോയിലറിലെ പ്രധാനപ്പെട്ട പൈപ്പ് പൊട്ടിത്തെറിച്ചതായിരുന്നത്. കൈരളിക്ക് സംഭവിച്ചതെന്നു കരുതുന്ന അതേ അപകടം. മാരിയും സങ്കിതയും ചേർന്ന് പസന്തിയെ മെഡിക്കൽ റൂമിലേക്ക് എത്തിച്ചു. മാത്യൂസും വിക്രമും ബോയ്‌ലർ പൈപ്പിന്റെ തകരാറ് പരിഹരിക്കാൻ കഠിനപ്രയത്‌നം തന്നെ നടത്തി. മൂന്നു മണിക്കൂറുകൾ കൊണ്ടാണ് അവരത് പരിഹരിച്ചത്. പക്ഷേ, അതുപൂർണമായും പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ വിവരങ്ങളെല്ലാം സഞ്ജയ് കരയിലേക്ക് സമയാസമയം അറിയിച്ചു. അതനുസരിച്ച് അടുത്ത തുറമുഖത്തേക്ക് ചെല്ലാനായിരുന്നു മെഹ്ത്ത ആവശ്യപ്പെട്ടത്. പക്ഷേ, തൊട്ടടുത്തുള്ള സുകൂത്ര ദ്വീപിനു സമീപത്ത് കപ്പൽ താത്കാലികമായി നങ്കൂരമിടാനായിരുന്നു ക്യാപ്റ്റൻ തീരുമാനിച്ചത്. 12°12N-53°32'E ആയിരുന്നു ലക്ഷ്യം. സാവധാനം ഞങ്ങൾ അവിടേക്ക് എത്തുമ്പോൾ കാറ്റും കോളും പൂർണ്ണമായും അടങ്ങിയിരുന്നു.
മദ്രാസിൽ നിന്ന് യാത്ര പുറപ്പെട്ടിട്ട് പതിമൂന്നു ദിവസങ്ങൾ കഴിഞ്ഞു. പ്രത്യേകിച്ചൊന്നും ചെയ്തിട്ടുമില്ല. ഒരു തടവറക്കുള്ളിൽ അടച്ചിടപ്പെട്ട അവസ്ഥായിരുന്നത്. ഒരു തരം നിസ്സംഗത. എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ ആരുമൊന്നും പറയുന്നുമില്ല. മൂന്നു ദിവസമാണ് അവിടെ ദുസ്സഹമായ നിശ്ചലാവസ്ഥയിൽ കിടന്നത്. ആ സമയമത്രയും ബോയിലർ പൈപ്പിനു സംഭവിച്ച കുഴപ്പങ്ങൾ പരിഹരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. അവസാനം ഡീസൽ ഉപയോഗിച്ച് ദൗത്യം പൂർത്തിയാക്കാൻ തീരുമാനിച്ചു. കരുതൽ ശേഖരമടക്കം നാൽപ്പത്തഞ്ച് ദിവസം സഞ്ചരിക്കാനുള്ള ഇന്ധനം കപ്പലിനകത്തുണ്ടായിരുന്നു.
അന്നുച്ചയോടെ ക്യാപ്റ്റൻ ഒരു യോഗം വിളിച്ചുകൂട്ടി. ആർ.എം.എസിനെ തിരയാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു. കാലാസ്ഥ അനുകൂലമാണെന്ന് ഉറപ്പായപ്പോൾ വിക്രം ആവേശത്തിലായി. കാരണം ഞങ്ങൾ നങ്കൂരമിട്ട പ്രദേശം മുതലുള്ള ഇരുപത്തിയേഴ് മൈൽ ചുറ്റളവിലായിരുന്നു ആർ.എം.എസിനെ തിരയേണ്ടിയിരുന്നത്. ഗുരുതമായി പൊള്ളലേറ്റ പസന്തിയുടെ സഹായം ലഭിക്കില്ലെന്നതു മാത്രമായിരുന്നു ആശങ്ക. പക്ഷേ, സ്വയം മുന്നോട്ടു വന്ന സങ്കിത ഞങ്ങളെ അത്ഭുതപ്പെടുത്തി. രേഖകളും മറ്റും പരിശോധിച്ച് കടലിന്റെ ആഴം മാത്യൂസ് ഏകദേശം തിട്ടപ്പെടുത്തി. അതുപ്രകാരം 170 മീറ്റർ മുതൽ 235 മീറ്റർ വരെയായിരുന്നു ആ പ്രദേശത്തെ ആഴം. മാത്യൂസ് മുൻപ് തയ്യാറാക്കിയ മാപ്പുകൾ പ്രകാരം ആ ഭാഗങ്ങൾ തിരച്ചലിനായി വീണ്ടും നാലായി വിഭജിച്ചു. ഇന്ദിരയിലുണ്ടായിരുന്ന ചെറിയ ബോട്ട് ഉപയോഗിച്ചാണ് തിരച്ചലിന് ഇറങ്ങിയത്. വിക്രം, മാരി, പസന്തി, ആശാൻ. അവർ നാലുപേരെയാണ് ക്യാപ്റ്റൻ അതിനായി തിരഞ്ഞെടുത്തത്. മാരിയും സങ്കിതയും ഡൈവിംഗ് സ്യൂട്ട് ധരിച്ച് പസന്തിയുടെ മുന്നിൽ നിന്നപ്പോൾ അയാളുടെ കണ്ണുകൾ കടലുപോലെ നിറഞ്ഞു. ഇരുവരേയും തന്നിലേക്ക് ചേർത്തുപിടിച്ച് നെറുകയിൽ ചുംബിച്ചു. ആ കാഴ്ച കണ്ടുനിന്ന ഞങ്ങളെല്ലാവരുടേയും കണ്ണുകളിലും ഉപ്പുകയറി. കടലുതു കണ്ട് ശാന്തമായി. നേർത്ത കാറ്റ് അവരെ ആലിംഗനം ചെയ്തു. മാത്രമല്ല. അത്രയും വയ്യാതെ കിടന്ന പസന്തി കപ്പലിന്റെ ഡക്കിലേക്ക് വരാൻ നിർബന്ധം പിടിച്ചു. ആദ്യമത് എതിർത്തെങ്കിലും ആര് എതിർത്താലും പസന്തി തന്റെ കുട്ടികളെ ഒറ്റയ്ക് കടലിലേക്ക് ഇറക്കില്ലെന്ന് അറിയാമായിരുന്ന സാറ് അതിനു വഴങ്ങിയതാണ്. സ്‌നേഹം എല്ലാ വേദനകളേയും ഭയങ്ങളേയും മായ്ച്ചു കളയുമെന്നത് പസന്തിയിലൂടെ വീണ്ടും അറിഞ്ഞു.
ഒരു മുരൾച്ചയോടെ ബോട്ട് പുക തുപ്പി, ആശാനാണ് ബോട്ട് നിയന്ത്രിച്ചത്. പിന്നെയത് കടൽപ്പരപ്പിനു താഴെ ഒളിഞ്ഞിരിക്കുന്ന ആർ.എം.എസിനെ തിരയാൻ ആരംഭിച്ചു. സംശയം തോന്നിയ ഭാഗങ്ങളിൽ ഡൈവ് ചെയ്യുക എന്നതു മാത്രമായിരുന്നു ആകെയുള്ള വഴി. അതിനായി തയ്യാറാക്കിയ ചാർട്ട് പ്രകാരം ഒരോ മൂന്നു നോട്ടിക്കൽ മൈൽ പ്രദേശത്തേയും ഒൻപത് ഭാഗങ്ങളായി തിരിച്ചിരുന്നു. ഒമ്പത് ഗ്രഹങ്ങളുടെ പേരുകളാണ് അതിനു നൽകിയത്. ആദ്യത്തെ ഭാഗത്ത് ബോട്ട് നിർത്തി. എഴുന്നേറ്റു നിന്ന സങ്കിത ഒരു നിമിഷം പ്രാർത്ഥിക്കാനെന്നോണം മേൽപ്പോട്ട് നോക്കി. അധികം അകലത്തല്ലാതെ നിന്ന പസന്തിയെ നോക്കി കൈവീശിക്കാണിച്ചു. അവൾ യാത്ര ചോദിക്കുകയാണ് അതെന്നാണ് എനിക്ക് തോന്നിയത്. അടുത്ത നിമിഷമവൾ ഒരു പറവ മത്സ്യത്തെപ്പോലെ കടലിലേക്ക് ഊളിയിട്ടു. അവളാണ് കടലിനടിയിലേക്ക് ചാടിയതെങ്കിലും പസന്തിയുടെ മനസ്സും അവളുടെ കൂടെ ആഴങ്ങളിലേക്ക് ആണ്ടുപോവുകയായിരുന്നു.
കണ്ണുകളടച്ച് അയാൾ നിമിഷങ്ങൾ എണ്ണി.
ആകാംക്ഷകൊണ്ട് എന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിച്ചു.
എല്ലാ കണ്ണുകളും കടൽപ്പരപ്പിലേക്ക് മാത്രമായി.
നിമിഷങ്ങൾക്ക് നൂറ്റാണ്ടുകളുടെ ദൈർഘ്യമായിരുന്നപ്പോൾ.
അഞ്ചോ ആറോ മിനുറ്റുകൾക്കുള്ളിൽ സങ്കിത ജലോപരിതലത്തിലേക്ക് പ്രത്യക്ഷപ്പെട്ടു. ദൂരെ നിന്നു കണ്ടപ്പോൾ വലിയൊരു വർണമത്സ്യമാണ് അവളെന്നാണ് തോന്നിയത്. ബോട്ടിലേക്ക് കയറിയ അവൾ കിതച്ചു. ഒന്നും കാണാൻ കഴിയാത്ത നിരാശയായിരുന്നവൾക്ക്. അതിനുശേഷം മാരിയും ഇതെല്ലാം ആവർത്തിച്ചു. അന്ന് വെളിച്ചം മങ്ങുന്നതുവരെ പലതവണ അവരിരുവരും ഡൈവ് ചെയ്തു. പ്രത്യേകിച്ചൊന്നും ലഭിച്ചില്ലെന്നു മാത്രം. പക്ഷേ, അവർക്കിരുവർക്കും അതൊരു പുതിയ അനുഭവമായിരുന്നു. പ്രത്യേകിച്ച് അതിനു മുൻപ് അവർ അത്രയും ആഴത്തിൽ ഡൈവ് ചെയ്തിരുന്നില്ല. അടുത്ത മൂന്നു ദിവസങ്ങളും ഇതുതന്നെ തുടർന്നു.
മൂന്നാമത്തെ ദിവസം പഴയൊരു കപ്പലിന്റെ അവശിഷ്ടമെന്നു കരുതാവുന്ന രണ്ടു പലകക്കഷ്ണങ്ങൾ ലഭിച്ചു. മാരിയാണത് കണ്ടെത്തിയതും മുകളിലേക്ക് എത്തിച്ചതും. കഷ്ടിച്ച് നാലടി നീളവും ഒന്നരയടി വീതിയുമുള്ള അതുകൊണ്ട് പ്രത്യേകിച്ച് കാര്യങ്ങൾ ഒന്നുമില്ലെന്നാണ് ഞാൻ കരുതിയത്. പക്ഷേ, ക്യാപ്റ്റനും മാത്യൂസും വിക്രമും ചേർന്ന് ആ പലക സൂക്ഷ്മമായി പരിശോധിച്ചു. പസന്തിയും സഞ്ജയും അവർക്കൊപ്പം കൂടി. ആർ.എം.എസിന്റെ ഒരുഭാഗമായിരുന്നത്. പലകയുടെ ഒരുഭാഗത്ത് ഇരുമ്പുപയോഗിച്ച് അടയാളപ്പെടുത്തിയ അക്ഷരങ്ങൾ ലെൻസ് ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് അതു മനസ്സിലായത്. പുതിയൊരു ചരിത്രത്തിലേക്കുള്ള ആദ്യത്തെ കാൽവെപ്പാണെന്നാണ് അതിനെക്കുറിച്ച് സഞ്ജയ് അഭിപ്രായപ്പട്ടത്. അതോടുകൂടെ അയാളും കൂടുതൽ ഉത്തരവാദിത്വങ്ങൾ കാണിച്ചു തുടങ്ങി. പ്രതീക്ഷയുടെ നേർത്തൊരു ജലക്കാഴ്ച ലഭിച്ചതിന്റെ ആവേശം ഞങ്ങൾക്കെല്ലാവർക്കുമുണ്ടായിരുന്നു. അടുത്ത രണ്ടുദിവസങ്ങൾ അതേ സ്ഥലത്ത് കൂടുതൽ പര്യവേഷണങ്ങൾ ചെയ്‌തെങ്കിലും മറ്റൊന്നും ലഭിച്ചില്ല. കാലാവസ്ഥ വീണ്ടും മോശമായിത്തുടങ്ങി. ആകാശത്ത് മേഘങ്ങളുടെ കനത്ത പാളികൾ പ്രത്യക്ഷമായതും ശക്തമായ അടിയൊഴുക്കും കാരണം കടലിലേക്ക് ഇറങ്ങാൻ കഴിയുമായിരുന്നില്ല. എന്നിട്ടും മാരി രണ്ടു തവണ ഡൈവ് ചെയ്തു.
രണ്ടാമത്തെ തവണ ബോട്ടിൽ നിന്ന് അവന്റെ ശരീരത്തോട് ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടിമാറിയത് ആശങ്കയ്ക് വകവച്ചു. പതിവു സമയത്തിനു ശേഷവും മാരി ജലോപരിതലത്തിലേക്ക് ഉയർന്നില്ല. സ്വതേ ഒന്നിനേയും കൂസാത്ത പ്രകൃതമുള്ള വിക്രമിന്റെ മുഖത്തെ രക്തം വറ്റി. കടലൊരു മണൽമരഭൂവായി. വെറും ഇരുട്ടു മാത്രമുള്ള കടലിലേക്ക് വിക്രം എടുത്തു ചാടി. അയാളുടെ അരയിൽ ബന്ധിച്ച വടം മാത്രമായിരുന്നു ആകെയുള്ള പ്രതീക്ഷ! ഒരു വടത്തിന്റെ രണ്ടറ്റങ്ങളിൽ ജീവിതവും കടലും തമ്മിലുള്ള വിടവ് കാണക്കാണെ നീണ്ടു പോയി.
ആശങ്കയുടെയും ഭീതിയുടേയും നിമിഷങ്ങൾ കടലുപോലെ അനിശ്ചിത്വമായി നീണ്ടു. ആർക്കും ഒന്നും മിണ്ടാൻ കഴിയുന്നില്ല, വാക്കുകൾ നിശ്ചലമാക്കപ്പെട്ടു. വെളിച്ചത്തിന്റെ നേർത്ത പാട പോലും അവശേഷിപ്പിക്കാതെ ഇരുൾ കടലിനെയൊന്നാകെ മൂടി. വീർപ്പുമുട്ടലിന്റെ നിമിഷങ്ങൾ. അൽപ്പം അകലെയായൊരു അനക്കം ആദ്യം കണ്ടത് സഞ്ജയാണ്. ഏകദേശം ഇരുന്നൂറ് മീറ്റർ വടക്കു മാറി രണ്ടു മനുഷ്യർ. ഒരു പൊങ്ങുതടിപോലെ അവരങ്ങനെ താഴ്ന്നും പൊങ്ങിയും നീങ്ങുന്ന ആ കാഴ്ച കണ്ടതും ആശാൻ ഉടൻ തന്നെ ബോട്ട് ആ ദിശയിലേക്ക് തിരിച്ചു. രണ്ടു പേരെയും ബോട്ടിലേക്ക് പിടിച്ചു കയറ്റി. അന്നത്തെ തിരച്ചിൽ അവസാനിപ്പിച്ച് കപ്പലിലേക്ക് കയറി. തിരിച്ചെത്തിയ മാരിക്ക്പറയാനുണ്ടായിരുന്നത് തന്നെ ആരോ വലിച്ചകൊണ്ടു പോയെന്നൊരു കഥയായിരുന്നു! പക്ഷേ, അതവന്റെ തോന്നലാണെന്നാണ് വിക്രമിന്റെ അഭിപ്രായം.
ആ ഭാഗത്ത് കടലിന്റെ നൂറ്റമ്പതു മീറ്റർ താഴ്ചയിൽ ചുരുണ്ട മുടിയുള്ളൊരു സന്യാസിയുടെ രൂപമുള്ള പാറയുണ്ടായിരുന്നു. അതിൽ കുരുങ്ങിയാണ് ബോട്ടിലേക്ക് ബന്ധിച്ചിരുന്ന വടം മുറിഞ്ഞു പോയത്. മാത്രമല്ല, ശക്തമായ അടിയൊഴുക്കുമുണ്ടായിരുന്നു. ആ ഒഴുക്കിലാണ് മാരിയകപ്പെട്ടത്. പക്ഷേ, യഥാർത്ഥത്തിൽ മാരി തലനാരിഴക്കാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് പിന്നീടാണ് മനസ്സിലായത്. ഞാനും മാത്യൂസും സഞ്ജയും മാത്രമാണ് അതിനെക്കുറിച്ച് അറിഞ്ഞത്. വിക്രം ഞങ്ങളോട് സ്വകാര്യം പറഞ്ഞതായിരുന്നത്.
അതായത്, മാരിയകപ്പെട്ടത് സാധാരണയൊരു പാറക്കൂട്ടത്തിലോ പാറയിലോ ആയിരുന്നില്ല. മറിച്ചതൊരു ഗുഹാശൃംഖലയുടെ പ്രവേശന കവാടമായിരുന്നു. ആ ഗുഹാശൃംഖലയെക്കുറിച്ച് ബ്രിട്ടീഷ് ഇന്ത്യയിലുണ്ടായിരുന്ന ഒരു പര്യവേഷകൻ തന്റെ ജേണലിൽ വിശേഷിപ്പിച്ചിരിക്കുന്നത്, നൂറുകണക്കിന് മൈൽ വിസ്താരമുള്ള അനേകം ഗുഹകളടങ്ങിയൊരു നരകമെന്നാണ്. അത്തരമൊരു അപകടം മുൻകൂട്ടി കണ്ടതുകൊണ്ടായിരുന്നു ബോട്ടുമായി ബന്ധിക്കുന്ന വടം കെട്ടി മാത്രം ഡൈവിംഗ് ചെയ്താൽ മതിയെന്ന് വിക്രം അവരോട് നിഷ്‌കർശിച്ചത്. വിക്രം എത്താൻ ഒന്നോ രണ്ടോ നിമിഷം വൈകിയിരുന്നെങ്കിൽ മാരി അതിനകത്ത് അകപ്പെട്ടേനെ.
ഒരിക്കലും ജീവനോടെയോ അല്ലാതെയോ പുറത്തു കടക്കാൻ സാധ്യമല്ലാത്തത്രയും സങ്കീർണമാണത്. കടലിൽ നിറഞ്ഞു നിൽക്കുന്ന ഞരമ്പുകൾ പോലെ അതങ്ങിനെ പരന്നും ഇടുങ്ങിയും കിടക്കുകയാണ്. എത്ര സുരക്ഷാ മാർഗ്ഗങ്ങളുണ്ടെങ്കിലും അതിന്റെ കവാടത്തിൽ നിന്ന് ഒന്നോ രണ്ടോ അടി മുന്നോട്ടു കയറിയാൽപ്പോലും പിന്നീടൊരു തിരിച്ചു വരവുണ്ടാവില്ല. ഒരു നിശ്വാസത്തോടെയാണ് വിക്രമത് പറഞ്ഞു തീർത്തത്.
കടൽ ഒന്നും അനായാസമായി നൽകുന്നില്ലെന്ന് സഞ്ജയ് പറഞ്ഞതിന്റെ പൊരുൾ അപ്പോഴാണ് എനിക്ക് കൃത്യമായി മനസ്സിലായത്. അന്നു രാത്രി മുഴുവൻ ഞങ്ങൾ അതേപ്പറ്റി സംസാരിച്ച് ഇരുന്നു. അതിനിടയിലാണ് മുൻപ് ജോലി ചെയ്തിരുന്ന കപ്പലിൽ തനിക്കും മറ്റ് എഴുപത്തിമൂന്നു പേർക്കും നേരിട്ട സമാനമായ അനുഭവത്തെക്കുറിച്ച് സഞ്ജയ് വികാരധീനനായി വിവരിച്ചത്. ▮
(തുടരും)