ചിത്രീകരണം: ശശി ഭാസ്കരൻ

12°38’10’’N

അധ്യായം 33

1984 ഒക്ടോബർ 31ന്​ ബോംബൈയിൽ നിന്ന്​ ചരക്കുകളുമായി ഒമാനിലേക്ക് പോവുകയായിരുന്ന നിത്യ എന്ന കപ്പലിലായിരുന്ന സഞ്ജയ് അടക്കം 71 പേരുണ്ടായിരുന്നത്.

ശാന്തമായ കടലും സ്വസ്ഥമായ കാലാവസ്ഥയിലും പ്രത്യേകിച്ച് ഭീഷണികളൊന്നും ഉണ്ടായിരുന്നില്ല. ബോംബൈയിൽ നിന്ന്​ 350 നോട്ടിക്കൽ മൈൽ ദൂരം എത്തുന്നതു വരെ മാത്രമായിരുന്നു അത്​. അവിടെ എത്തിയതു മുതലാണ് ഭീകരമായ സംഭവങ്ങളുടെ തുടക്കം.

നക്ഷത്രങ്ങൾ വിരിഞ്ഞു നിൽക്കുന്ന മനോഹരമായൊരു പാതിരാത്രിയായിരുന്നു അതെന്നാണ് സഞ്ജയ് ഓർക്കുന്നത്. തെളിഞ്ഞ ആകാശവും അതിലേറെ തെളിഞ്ഞ കടലും. രണ്ടും പരസ്പരം ഒരു കണ്ണാടി പോല പ്രതിഫലിപ്പിക്കുന്ന നേരം. പക്ഷേ, ആ നിലാവിന്റെ മറവിൽ മറ്റൊരു ദുരന്തം അവരുടെ കപ്പലിനു കീഴ്‌പ്പെടുത്തുന്നത് ആരും അറിഞ്ഞിരുന്നില്ല. കപ്പലിലെ കള്ളികളിൽ ശരിയായ രീതിയിൽ ചരക്കുകൾ നിറക്കാതിരുന്നതായിരുന്നു അത്​. യാത്രക്കിടയിൽ എപ്പഴോ ആ കള്ളികളിലൊന്നിന് വിള്ളൽ സംഭവിച്ചു. പതിയെ ആ വിള്ളലിന്റെ വിടവ് കൂടിക്കൂടി വന്നു. ഏതു നിമിഷവും അത് കപ്പലിനെയാകെ മുക്കുമെന്ന് ചരക്കുകളുടെ സുരക്ഷ കൈകാര്യം ചെയ്യുന്ന ഉദ്യേഗസ്ഥൻ ക്യാപ്റ്റനെ അറിയിക്കുമ്പോൾ സമയമേറെ വൈകിയിരുന്നു.

ഉടൻ തന്നെ കരയിലേക്ക് അപകട സന്ദേശം നൽകി.

മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിൽ രക്ഷകരുടെ വരവും കാത്ത് അവരിരുന്നു. പക്ഷേ, അതൊരു കറുത്ത ബുധനാഴ്ചയായിരുന്നു. ബോംബൈ തീരത്തെ അപകടകരമായ കാലാവസ്ഥ കാരണം അവരെ രക്ഷിക്കാൻ എത്തേണ്ടിയിരുന്ന ഇന്ത്യൻ നേവിയുടെ വിമാനങ്ങൾ വൈകി. വൈകിയെന്നു പറഞ്ഞാൽ ഇരുപതു മണിക്കൂറോളമാണ് അവർ ജീവിതത്തിനും മരണത്തിനുമിടയിലെ നേർത്ത വിടവിൽ കാത്തിരിക്കേണ്ടിവന്നത്.

പക്ഷേ, ആ ഇരുപതു മണിക്കൂറിൽ പതിനേഴ് മണിക്കൂറും അവർ കടലിന്റെ കനിവിൽ ജീവനുവേണ്ടി പേരാടുകയായിരുന്നു. ആകെ 117 പേരുണ്ടായിരുന്നവരിൽ 46 പേർക്ക് മാത്രമാണ് ലൈഫ് ബോട്ടിൽ കയറാൻ കഴിഞ്ഞിരുന്നുള്ളൂ. മറ്റുള്ളവർ കടലിൽ ഒഴുകിനടന്നു. കടൽ വെള്ളത്തിന്റെ കനത്ത തണുപ്പിൽ അതിൽ അഞ്ചു പേരെ എന്നെന്നേക്കുമായി കടൽ കൊണ്ടുപോയി. പലരും നീന്തി രക്ഷപ്പെടാനായി ശ്രമിച്ചെങ്കിലും വിദൂരത്തുപോലും ഒരു പ്രതീക്ഷയുടെ തുരുത്തു പോലുമില്ലായിരുന്നു.

എങ്ങും കടൽ മാത്രം. നിലാവ് വീണു കരിനീലിച്ചു കിടക്കുന്ന കടൽ.

പലരും നീന്തി നീന്തി തളർന്നു തുടങ്ങി. ചുറ്റിലും പലതരം കൂറ്റൻ മത്സ്യങ്ങൾ. അതിനിടയിൽ കൺമുന്നിലൂടെ പിളർന്നു മുങ്ങിപ്പോയ കപ്പലിന്റെ സാമാന്യം വലിയൊരു ഭാഗം ഒഴുകി വന്നതിൽ അവരെല്ലാവരും അള്ളിപ്പിടിച്ചു. ചിലരതിന്റെ മുകൾ ഭാഗത്ത് കയറിയിരുന്നു. കപ്പൽ മുങ്ങിയിട്ട് ഏകദേശം പതിനഞ്ചു മണിക്കൂറുകൾ കഴിഞ്ഞിരുന്നപ്പോൾ. കനത്ത ചൂടിൽ പലരും വാടിത്തളർന്നു. കിഴക്കോട്ടുള്ള ഒഴുക്കിന് അനുസരിച്ച് ആ പലക നീങ്ങി.

ആ സമയത്താണ് ഭയാനകമായൊരു കാഴ്ച അവർ കണ്ടത്. ദൂരെയായി ഒരു വലിയ വൃത്തമായിട്ടാണത് ആരംഭിച്ചത്. സാവധാനം ആ വൃത്തം തങ്ങളുടെ നേർക്ക് ചെറുതായി വരുന്നത് ആദ്യം ശ്രദ്ധിച്ചത് നിത്യുടെ ക്യാപ്റ്റനാണ്. അദ്ദേഹം ഒച്ചയും ബഹളവും വച്ച് മറ്റുള്ളവരേയും ആ കാഴ്ച കാണിച്ചുകൊടുത്തു. പലർക്കും അതെന്താണെന്നു പിടികിട്ടിയിരുന്നില്ല. ചിലർ കരുതിയത് അതൊരു കടൽച്ചുഴിയാണെന്നാണ്. നിമിഷങ്ങൾക്കകം തങ്ങളെ വലിച്ചെടുക്കാൻ പാഞ്ഞടുക്കുന്ന ചുഴി.

പക്ഷേ, അതൊരു ചുഴിയല്ലെന്നു സഞ്ജയിനും മറ്റു ചിലർക്കും മാത്രമാണ് മനസ്സിലായത്. അതൊരു സ്രാവിൻ കൂട്ടമായിരുന്നു. ഇരയെ കണ്ടെത്തിക്കഴിഞ്ഞാൽ വളഞ്ഞിട്ടാക്രമിക്കുന്ന രീതിയാണ് അവർ അപ്പോൾ കണ്ടുകൊണ്ടിരുന്നത്. നിമിഷങ്ങൾക്കകം ആ സ്രാവിൻ കൂട്ടത്തിന്റെ അക്രമത്തിൽ തങ്ങൾ മരണപ്പെടുമെന്നു തോന്നിയ ക്യാപ്റ്റൻ ഏതു വിധേനയും അതിൽ നിന്നും തന്റെ കൂടെയുള്ളവരെ രക്ഷപ്പെടുത്താൻ തീരുമാനിച്ചു. അദ്ദേഹം നിർദ്ദേശിച്ചതനുസരിച്ച് ഷൂസുകൾ ഊരിയെടുത്ത് തുഴ പോലെ മുറിച്ചെടുത്തു. സഞ്ജയിന്റെ അരയിൽ എപ്പോഴും സൂക്ഷിക്കുന്നൊരു കത്തി ഉപയോഗിച്ചാണത് മുറിച്ചെടുത്തത്. മുറിച്ച ഷൂസുപയോഗിച്ച് അവർ ആവും വിധം തുഴഞ്ഞു. വിശാലമായ കടലിൽ മനുഷ്യൻ നിസ്സാരമായൊരു ജീവിയായി മാറുന്നത് ഇത്തരം സന്ദർഭങ്ങളിലാണെന്ന് സഞ്ജയ് പറഞ്ഞത് സത്യമാണ്. മുങ്ങിയ കപ്പലിൽ നിന്ന്​ പരന്ന എണ്ണ അവരുടെ ആ തുഴച്ചലിന് പ്രതിബന്ധം സൃഷ്ടിച്ചു. വഴുക്കലുള്ള കടൽച്ചെടിപോലെ അതവരെ തടഞ്ഞു.

ജീവൻ രക്ഷിക്കാൻ മറ്റൊരു മാർഗ്ഗവും മുന്നിലില്ലാതെ പലരും നിലവിളിച്ചു. ആ കരച്ചിലുകളെല്ലാം തന്നെ കടലിന്റെ ശബ്ദങ്ങളിൽ ഒരനക്കവും സൃഷ്ടിക്കാതൊടുങ്ങി. പക്ഷേ, കൂട്ടായ പരിശ്രമം സ്രാവിൻ കൂട്ടത്തിൽ നിന്ന്​ രക്ഷിച്ചു.

ആകാശം വീണ്ടും ഇരുണ്ടു തുടങ്ങി. ഒരു രക്ഷാ വിമാനമോ കപ്പലോ തിരഞ്ഞു വരുമെന്ന പ്രതീക്ഷ പൂർണമായും അസ്തമിച്ചു. പലരും സ്വയം പരിതപിച്ചു. വിശപ്പും ദാഹവും മറന്നു. മരണത്തിലേക്കുള്ള ദൂരം മാത്രം കാത്തു കിടന്നു. പക്ഷേ, കടലിനവരെ വേണ്ടായിരുന്നു! വൈകുന്നേരം അഞ്ചു മണിയോടടുത്ത് ആകാശത്ത് ഇന്ത്യൻ നേവിയുടെ ഹെലിക്കോപ്റ്റർ പ്രത്യക്ഷപ്പെട്ടു. അപകടം നടന്നിടത്തു നിന്നും മൈലുകൾ മാറിയായിരുന്നു അവരപ്പോൾ ഉണ്ടായിരുന്നത്. വ്യക്തമായി പറഞ്ഞാൽ ഒമാൻ തീരത്തു നിന്ന്​ 421 തെക്കുപടിഞ്ഞാറായി. പിന്നാലെ നേവിയുടെ കപ്പലും എത്തി എല്ലാവരേയും രക്ഷിച്ചു.

തിരികെ വരുമ്പോൾ തങ്ങളുടെ കപ്പൽ മുങ്ങിയ ഭാഗത്ത് പടർന്ന എണ്ണപ്പാടപോലെ പലരുടെയും മനസ്സിലും സന്തോഷത്തിനുമേൽ കഴിഞ്ഞുപോയ ഭീകര മണിക്കൂറുകളുടെ ഓർമകൾ പരന്നു പടർന്നു കിടന്നിരുന്നു.

സഞ്ജയ് ഇതു പറഞ്ഞു തീർക്കുമ്പോൾ എന്റെയുള്ളിൽ കൈരളിയായിരുന്നു. ഒരു പക്ഷേ, അതിലുണ്ടായിരുന്ന മനുഷ്യരും ഇതുപോലെ തങ്ങളെ ആരെങ്കിലും രക്ഷപ്പെടുത്തുമെന്നോർത്ത് എത്ര നേരം ആകാശത്തിലും കടലിലും കണ്ണു നട്ടിരുന്നിരിക്കും? വേദനകളുടെ വേലിയേറ്റങ്ങളേറ്റ് കണ്ണുകൾ കുതിർന്നു.

അധ്യായം 34

കാലാവസ്ഥ ഭേദപ്പെട്ടിട്ടാവാം ഇനിയുള്ള തിരച്ചിലുകളെന്നു ക്യാപ്റ്റൻ തീരുമാനിച്ചു. ദ്വീപിന്റെ മറവുള്ളതുകൊണ്ട് തത്കാലം കപ്പൽ സുരക്ഷിതമാണ്. മഴ പെയ്യുന്നുണ്ടായിരുന്നെങ്കിലും വലിയ തിരകളുമില്ല. പക്ഷേ, കലങ്ങി, തവിട്ടു നിറമാർന്ന കടൽ വല്ലാത്തൊരു വിഷാദച്ഛായ സൃഷ്ടിച്ചു.

ദ്വീപിനെ നോക്കുമ്പോൾ മഴതീർത്ത ജാലകക്കമ്പികൾക്കപ്പുറത്തെ വിചിത്രമായൊരു ജീവിയാണതെന്നു തോന്നി. രാത്രി മുഴുവൻ ഞാൻ കപ്പൽത്തട്ടിൽത്തന്നെ ചെലവഴിച്ചു. രാത്രി കനക്കുന്തോറും മഴയുടെ ഇരമ്പലുകൾ അധികരിച്ചു. കടന്നൽക്കൂട്ടം അലച്ചെത്തുന്നതു കണക്കേയത് ചെവിക്കുള്ളിലേക്ക് കയറി. ശാന്തമായിരുന്ന കടലിന്റെ സ്വഭാവവും മാറിത്തുടങ്ങി. തട്ടുകളായി, ഒന്നിേനോടൊന്നും ചേർന്നു വന്ന തിരകൾ കപ്പലിനെ ചെറുതായി കുലുക്കി. തിരശ്ചീനമായി, പ്രത്യേകമായൊരു താളത്തിൽ അവയിങ്ങനെ കപ്പലിനെ മുകളിലേക്കും വശങ്ങളിലേക്കുമായി ഊഞ്ഞാലു പോലെ ആട്ടി. അതൊരു അപകടകരമായ അവസ്ഥയല്ലായിരുന്നു. പക്ഷേ, മറ്റൊരു ദുരന്തത്തിന്റെ മുന്നോടിയായുള്ളള സൂചനകളായിരുന്നു അതത്രയും. കപ്പലിനോട് ചേർത്തുകെട്ടിവച്ചിരുന്ന ബോട്ട് തകർന്നതായിരുന്നു അത്​.

പസന്തി നിർമ്മിച്ച ഡൈവിംഗ് ബെൽ ഉപയോഗിക്കാൻ തീരുമാനിച്ചു. പക്ഷേ, രണ്ടു ദിവസം കണ്ണുകാണാൻ പോലും പറ്റാത്ത രീതിയിലുള്ള മഴയായിരുന്നു.

കനത്ത കാറ്റിൽ ബോട്ട് തലകുത്തി മറിഞ്ഞു. ഞാനും സഞ്ജയും മാത്രമാണ് ആ ദുരന്തത്തിനു സാക്ഷികളായി ഉണ്ടായിരുന്നുള്ളൂ. രാത്രി ഏകദേശം ഒരുമണിയോടെ വീശിയടിച്ച അപ്രതീക്ഷിതമായ കാറ്റിലായിരുന്നു ആ അനർത്ഥം സംഭവിച്ചത്. കാറ്റെടുത്തുയർത്തിയ ബോട്ട് കടലിലേക്ക് വീണ് ചിഹ്നിച്ചിതറുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കുകയല്ലാതെ ഞങ്ങൾ രണ്ടുപേർക്കും മറ്റൊന്നും ചെയ്യാനില്ലായിരുന്നു. കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്തോറും കടലൊരു വലിയ രഹസ്യമാണ്. കടലോളം വലുപ്പമുള്ള രഹസ്യം. മനുഷ്യനത് എക്കാലവും പിന്തുടരുന്നുണ്ട്. അതോ മനുഷ്യനെ കടലോ?

ബോട്ട് നഷ്ടമായതോടെ അടുത്ത ദിവസങ്ങളിലെ തിരച്ചിൽ ദുഷ്‌കരമാവുമെന്ന് ഉറപ്പായെങ്കിലും വിട്ടുകൊടുക്കാൻ ഞങ്ങൾ തയ്യാറല്ലായിരുന്നു. പസന്തി നിർമ്മിച്ച ഡൈവിംഗ് ബെൽ ഉപയോഗിക്കാൻ തീരുമാനിച്ചു. പക്ഷേ, രണ്ടു ദിവസം കണ്ണുകാണാൻ പോലും പറ്റാത്ത രീതിയിലുള്ള മഴയായിരുന്നു. കടലിന്റെ പരുവവും മാറിത്തുടങ്ങി. ഇളകിമറിഞ്ഞ കൂറ്റൻ തിരകൾ ഞങ്ങളുടെ കപ്പലിനെ ഉലയ്കാൻ ആരംഭിച്ചു. കുറച്ചുകൂടെ സുരക്ഷിതമായ ഒരിടത്തേക്ക് കപ്പലിനെ മാറ്റുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലായിരുന്നു. വടക്കോട്ട് പതിനൊന്നു മൈൽ മാറി പവിഴപ്പുറ്റുകൾക്ക് സമീപം കപ്പൽ നങ്കൂരമിട്ടു. കടൽയാത്രയുടെ അനിശ്ചിതത്വങ്ങൾ അവിടംകൊണ്ടും അവസാനിച്ചില്ല.

കപ്പലിന്റെ നങ്കൂരം ഇളകി മാറി പവിഴപ്പുറ്റിനു നേർക്ക് നീങ്ങിയ കപ്പലിനെ ക്യാപ്റ്റൻ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. വൈകിയിരുന്നെങ്കിൽ ആ പവിഴപ്പുറ്റിലേക്ക് കപ്പൽ ഇടിച്ചു കയറിയേനെ. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇന്ദിര അവിടെ ഉറച്ചു പോവുമെന്ന് ഉറപ്പാണ്. ഈ സമയങ്ങളിലെല്ലാം തന്നെ ഒന്നും സംഭവിക്കില്ലെന്ന് മറ്റുള്ളവർക്ക് ധൈര്യം നൽകാൻ മുന്നിലുണ്ടായിരുന്നത് സഞ്ജയ് ആയിരുന്നു.

മഴ ശമിക്കുവോളം ഞങ്ങൾ അവിടെ വിശ്രമിച്ചു. ഓരേ കാഴ്ചയുടെ മടുപ്പ് എല്ലാവരേയും ബാധിച്ചത് മനസ്സിലായ അയാൾ ഓരോരുത്തരേയും ഉത്തേജിപ്പിക്കാൻ ശ്രമിച്ചു. കപ്പൽ സഞ്ചാരത്തിനിടയിൽ തനിക്കു സംഭവിച്ച അമളികളും മറ്റും അയാൾ പൊടിപ്പും തൊങ്ങലും ചേർത്തു പറയുമ്പോൾ വിരസതയിൽ നിന്നും കുറച്ചെങ്കിലും ആശ്വാസം ലഭിച്ചെന്നത് സത്യമാണ്. ഞങ്ങൾ കരുതിയിരുന്നതിലും നല്ലൊരു മനുഷ്യനാണ് അവനെന്ന് പതിയെ എല്ലാവരും തിരിച്ചറിഞ്ഞു. സാഹചര്യങ്ങളാണ് ഒരുവനിലെ നന്മകളേയും തിന്മകളേയും വേർതിരിക്കുന്നതെന്നാണ് മാത്യൂസ് അതിനെക്കുറിച്ച് പറഞ്ഞത്. അതു പറയുമ്പോൾ ദീർഘ ധ്യാനത്തിൽ നിന്ന്​ കൺതുറന്ന സൂഫിയുടെ പതിഞ്ഞ ശബ്ദമായിരുന്നയാൾക്ക്.

കടലിനുമപ്പോൾ അതേ ശാന്തതായിരുന്നു.

അന്നു പകൽ മഴയും കാറ്റും പൂർണമായും പിന്മാറി. കടൽ അതിന്റെ പ്രവചാനാതീതമായ സ്വഭാവം വീണ്ടും തെളിയിച്ചു. പസന്തിയുടെ ആരോഗ്യ കാര്യത്തിലും പുരോഗതിയുണ്ടായി. അയാൾ എന്തിനും തയ്യാറെടുത്തു. വീണ്ടും ഞങ്ങൾ ആർ.എം.എസിനെ തിരയാൻ ആരംഭിച്ചു. കരയിൽ നിന്ന്​ അക്കാര്യത്തിൽ മെഹ്ത്തയുടെ അന്വേഷണങ്ങൾ മുറക്ക്​ ലഭിച്ചുകൊണ്ടിരുന്നു.

കഴിഞ്ഞ ദിവസം മാരി അകപ്പെട്ട ഗുഹാമുഖം ഒഴിവാക്കിയാണ് തിരച്ചലിനുള്ള ഭാഗം അടയാളപ്പെടുത്തിയത്. അതുമാത്രമല്ല, ഡൈവിംഗ് ബെൽ ഞങ്ങൾ ആദ്യമായി കടലിൽ ഉപയോഗിക്കുന്നതിന്റെ ആകാംക്ഷയിലായിരുന്നു കപ്പലിലുണ്ടായിരുന്നവർ മുഴുവൻ. പ്രത്യേകിച്ച് ട്രീസയും സങ്കിതയും മാരിയും ആശാനും. ഇന്ദിരയുടെ പിൻവശത്ത് ഉറപ്പിച്ചു നിർത്തിയ ഡൈവിംഗ് ബെല്ലിന്റെ പരിശോധനകൾ ക്യാപ്റ്റൻ നേരിട്ടു തന്നെയാണ് നടത്തിയത്. കപ്പികളിലും മറ്റും ഞാനും മാരിയും ചേർന്ന് എണ്ണയിട്ടു. വടങ്ങളുടെ ബലവും മറ്റും മാത്യൂസും വിക്രമും ചേർന്നാണ് കുഴപ്പങ്ങളൊന്നുമില്ലെന്നു പരിശോധിച്ച് ഉറപ്പാക്കിയത്. കടലിനടിയിലേക്ക് എത്തിയാൽ കപ്പലിലുള്ളവരുമായി പസന്തിക്ക് ബന്ധപ്പെടാനുള്ള കമ്യൂണിക്കേഷൻ ഉപകരണത്തിന്റേയും മറ്റും പ്രവർത്തന ക്ഷമത സഞ്ജയ് പരിശോധിച്ച് തൃപ്തിവരുത്തി. കപ്പലിന് ഒട്ടും ഇളക്കമില്ലാതിരിക്കാൻ കോൺക്രീറ്റ് തൂണുകൾ കട്ടിയുള്ള ഇരുമ്പുവടത്തിൽ ബന്ധിച്ച് നാലുഭാഗത്തും നങ്കൂരമായി ഇട്ടുവച്ചു. അഥവാ ജലോപരിതലത്തിൽ വല്ല ഇളക്കവും സംഭവിച്ചാൽ ബൈല്ലിനുള്ളിലുള്ള പസന്തിക്ക്​ സാരമായ പരുക്കുകൾ ഏൽക്കുന്നത് ഒഴിവാക്കാനായിരുന്നു അങ്ങനെ ചെയ്തത്. വല്ല അപകടവും പറ്റിയാൽ ഉടൻ തന്നെ ചികിത്സിക്കാനുള്ള സംവിധാനങ്ങളുമായി ട്രീസയും തയ്യാറെടുത്തു. എല്ലാം പൂർണമായും സജ്ജമാക്കിയതിനു ശേഷം ആശാന്റെ നേതൃത്വത്തിൽ ഒരു പ്രാർത്ഥന നടത്തി. വിശുദ്ധ പുണ്യാളൻ അന്തോണീസിന്റെ പേരിലുള്ള പ്രാർത്ഥനക്കുശേഷം ആശാൻ തന്നെ എല്ലവരുടേയും നെറ്റിയിൽ കുരിശുവരച്ചു. അതിനായി പ്രത്യേകമായി ഉണ്ടാക്കിയ അപ്പവുമുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞ് പസന്തി ഞങ്ങൾ ഓരോരുത്തരോയും അടുത്തുവന്നു കെട്ടിപ്പിടിച്ചു. വിക്രമും സഞ്ജയും ചേർന്ന് തുറന്നു വച്ച ബൈല്ലിനുള്ളിലേക്ക് പസന്തിയെ എടുത്തു കയറ്റി.

സൂര്യപ്രകാശം കടൽപ്പരപ്പിൽ വീണു സ്ഫടികസമാനമായി തിളങ്ങിയത് ശുഭസൂചകമായിരുന്നു. കപ്പികൾ ഒരാഹ്‌ളാദ ഞരക്കത്തോടെ ഇരുമ്പു വടങ്ങളിൽ ഉരഞ്ഞു. ഭീമൻ മത്സ്യം കടലിലേക്ക് ഊളിയിടുന്നതു കണക്കെ ബൈൽ അടിത്തട്ടിലേക്ക് കുതിച്ചു. കടൽപ്പരിനെ മുറിച്ചത് ആഴങ്ങളിലേക്ക് പോവുന്നത് ഞങ്ങൾ എല്ലാവരും ഒരേ ഹൃദയമിടിപ്പോടെയാണ് നോക്കി നിന്നത്. ഇരൂന്നൂറ്റിയമ്പത് മീറ്ററോളം ആഴത്തിലേക്കാണ് പസന്തിയപ്പോൾ എത്തിയതെന്ന് വടത്തിൽ അടയാളപ്പെടുത്തിയ മാർക്കുകളിൽ നിന്നും വ്യക്തമായി. നിമിഷങ്ങളെണ്ണി ഞങ്ങൾ കാത്തിരുന്നു. കാറ്റിന്റേയും കടലിന്റേയും ഒച്ച മാത്രമായിരുന്നു ആ സമയത്ത്. മാരിയും സങ്കിതയും കപ്പലിന്റെ മുകൾത്തട്ടിലെ ഇരുമ്പു വേലിക്കരികിൽ പ്രാർത്ഥനയോടെ നിന്നു. അവരിരുവരുടേയും ഹൃദയമപ്പോൾ പസന്തിയൂടെ കൂടെ ആഴത്തിലേക്ക് ആണ്ടു പോയിരിക്കാം! .

‘Safe land..' ഒരു ഗുഹക്കുള്ളിൽ നിന്നോണം പസന്തിയുടെ ശബ്ദം കപ്പലിലെ കമ്യൂണിക്കഷൻ ഉപകരണത്തിൽ കേട്ടപ്പോഴാണ് സമാധാനമായത്. വീണ്ടുമൊരു എട്ടുമിനിറ്റിനു ശേഷമാണ് പസന്തി തന്നെ മുകളിലേക്ക് വലിച്ചെടുക്കാനുള്ള നിർദ്ദേശം നൽകിയത്. അതനുസരിച്ച് ഞങ്ങൾ അയാളെ പതിയെ മുകളിലേക്ക് വലിച്ചുയർത്തി. മുകളിലെത്തിയ പസന്തിയുടെ മുഖത്ത് തെളിച്ചമില്ലായിരുന്നു. കാരണം, അവിടെ അയാൾ പ്രതീക്ഷിച്ചതൊന്നും കണ്ടെത്താൻ കഴിഞില്ലെന്ന നിരാശയായിരുന്നു. അരമണിക്കൂറിനു ശേഷം വീണ്ടും മറ്റൊരു ഭാഗത്ത് തിരച്ചിൽ നടത്തി. അങ്ങനെ ഏകദേശം അഞ്ചുതവണ തിരഞ്ഞിട്ടും കടലിന്റെ ഇരുട്ടുമാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്.

രാത്രിയായപ്പോൾ കാലാവസ്ഥ വീണ്ടും തകിടം മറിഞ്ഞു. കനത്ത മഴ തന്നെ പെയ്തു. കൂടാതെ ആ ഭാഗത്ത് അപൂർവ്വമായി സംഭവിക്കുന്ന കോടമഞ്ഞും പ്രത്യക്ഷപ്പെട്ടു. കോൺക്രീറ്റ് തൂണുകൾ ക്രെയിനുപയോഗിച്ച് വലിച്ചെടുക്കാൻ ശ്രമപ്പെട്ടു. ആറു തൂണുകൾ നിക്ഷേപിച്ചതിൽ ഒരെണ്ണം എന്തിലോ കുരുങ്ങിക്കിടന്നതാണ്. രണ്ടു മണിക്കൂർ നേരത്തെ കഠിനപ്രയത്‌നത്തിന് ഒടുക്കമാണത് തിരികെ എടുക്കാൻ കഴിഞ്ഞത്. പക്ഷേ, അതിന്റെ വടം കെട്ടാൻ നിർമ്മിച്ചിരുന്ന കൊളുത്തിൽ മറ്റൊരു പ്രതീക്ഷയുടെ തിരയിളക്കമുണ്ടായിരുന്നു. ആദ്യ നോട്ടത്തിൽ ഒരു കപ്പലിന്റേതെന്നു കരുതാവുന്ന ചെറിയൊരു ഉരുക്കു കഷ്ണമായിരുന്നത്.

കൂടുതൽ പരിശോധനകൾക്കുശേഷം കൈരളിയുടെ ഒരു ഭാഗമാണ് അതെന്ന മാത്യൂസിന്റെ വെളിപ്പെടുത്തൽ എന്നെയാകെ അത്ഭുതപ്പെടുത്തി. കൈരളിയുടെ സൈൻ നമ്പറായിരുന്നു അത്​. സന്തോഷം കൊണ്ടോ ആ നിമിഷത്തെ വെപ്രാളംകൊണ്ടോ എനിക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.

ആശാൻ ഓടിച്ചെന്ന് രൂപക്കൂട്ടിനു മുന്നിലൊരു മെഴുകുതിരി കത്തിച്ചു വച്ചു. മാരിയും സങ്കിതയും ട്രീസയും ആശാൻ കത്തിച്ചുവച്ച വെഴുകുതിരിക്ക് മുന്നിൽ മുട്ടുകുത്തിയിരുന്ന് പ്രാർത്ഥിച്ചു.

കടൽ പൊട്ടുന്നതു കണക്കെ ഞാൻ നിലവിളിച്ചു. എനിക്കപ്പോൾ അപ്പനെ കാണാൻ തോന്നി. ആകാശത്തോട്ട് നോക്കി. ആറാം മീൻ ഉദിച്ചു നിൽക്കുന്നത് കണ്ടു. അതിനകത്തിരുന്നു അപ്പനെന്നെ നോക്കുന്നുണ്ടെന്നു സമാധാനിച്ചു. ഇത്രയുംകാലത്തെ പ്രയത്‌നങ്ങൾ വെറുതെയാവില്ലെന്ന് ഉറപ്പായതിന്റെ ആവേശം ഇന്ദിരക്കുള്ളിൽ നിറഞ്ഞു. ആശാൻ ഓടിച്ചെന്ന് രൂപക്കൂട്ടിനു മുന്നിലൊരു മെഴുകുതിരി കത്തിച്ചു വച്ചു. മാരിയും സങ്കിതയും ട്രീസയും ആശാൻ കത്തിച്ചുവച്ച വെഴുകുതിരിക്ക് മുന്നിൽ മുട്ടുകുത്തിയിരുന്ന് പ്രാർത്ഥിച്ചു. ക്യാപ്റ്റനും വിക്രമും പരസ്പരം ആലിംഗനം ചെയ്താണ് ആ സന്തോഷം പങ്കിട്ടത്. ഇത്രമാത്രം സന്തോഷിക്കാൻ എന്താണ് സംഭവിച്ചതെന്ന ആകാംക്ഷയിലായിരുന്നു സഞ്ജയ്. അവസാനം ഞാൻ തന്നെയാണ് കൈരളിയെക്കുറിച്ച് പറഞ്ഞത്. കേട്ടുകഴിഞ്ഞപ്പോൾ അയാളൊന്നും മിണ്ടാതെ എഴുന്നേറ്റ് സ്വന്തം മുറിയിലേക്ക് ചെന്നത് എന്നെ ആശങ്കപ്പെടുത്തി.

മെഹ്ത്ത ഇക്കാര്യങ്ങൾ അറിഞ്ഞാലുള്ള പുകിലോർത്ത് എല്ലാ സന്തോഷങ്ങളും ആ നിമിഷത്തിൽ ഇല്ലാതായി. എഴുന്നേറ്റുപോയ സഞ്ജയിന്റെ പിന്നാലെ അയാളുടെ മുറിയിലേക്ക് ചെന്നു. ഞാനവിടെ എത്തുമ്പോൾ അയാൾ ഒരു ഗ്ലാസിൽ മദ്യവുമായി കടലിന്റെ വിശാലതയിലേക്ക് നോക്കി നിൽക്കുകയായിരുന്നു. സൂര്യാസ്തമനത്തിന്റെ ചെഞ്ചോപ്പുകൾ കടലിൽ തട്ടി തുറന്നിട്ട ജാലകത്തിലൂടെ മുറിക്കുള്ളിൽ അലസമായി വീണുകിടന്നു. ദുഃഖാർത്തമായ നിഴലുകളായത് എന്നെയും തൊട്ടു. ഞാനൊന്നു മുരടനക്കിയപ്പോഴാണ് സഞ്ജയ് തിരിഞ്ഞു നോക്കിയത്. കണ്ണുകൊണ്ട് അകത്തേക്ക് കയറാൻ അനുവാദം തന്നു. അയാൾ ആവശ്യപ്പെട്ടിട്ടും മുറിക്കുളളിലെ കസേരയിൽ ഇരിക്കാൻ തോന്നിയില്ല. മനസ്സാകെ മെഹ്ത്ത ഇക്കാര്യം അറിഞ്ഞാൽ സംഭവിക്കാൻ പോവുന്ന പ്രശ്‌നങ്ങളുടെ തിളച്ചുമറിയലായിരുന്നു. ഒരഗ്‌നി പർവ്വതം നെഞ്ചിൽ പേറുന്നത്രയും പൊള്ളൽ. അതയാൾക്കും മനസ്സിലായിരിക്കും. അതുകൊണ്ടാണ് എന്റെ ചുമലിൽ കൈചേർത്തു പിടിച്ചത്. വേദനകൾക്ക് ശമനം നൽകുന്ന മഹാമാന്ത്രികതയാണ് ഒരോ ആലിംഗനങ്ങളും. അറിഞ്ഞ കാര്യങ്ങളൊന്നും മെഹ്ത്തയെ അറിയിക്കരുതെന്നു മാത്രം പറഞ്ഞു. പറഞ്ഞതായിരുന്നില്ല. കരഞ്ഞു തീർക്കുന്നതിനിടയിൽ വാക്കുകൾ ഉതിർന്നു വീണതാണ്. പക്ഷേ, സഞ്ജയാവട്ടെ അയാളെ ഞങ്ങൾ മാറ്റി നിർത്തിയതിന്റെ അഗാധ സങ്കടത്തിലായിരുന്നു. അയാളതിന്റെ വേദനകൾ എനിക്കു മുന്നിൽ കൊഴിച്ചിട്ടു. വെറുമൊരു കുഞ്ഞിനെയെന്നോണം നിലവിളിച്ചു. സഞ്ജയിന്റെ ദുഃഖങ്ങളെ കേട്ടിരിക്കുകയല്ലാതെ മറ്റൊന്നു ചെയ്യാനില്ലായിരുന്നു. ഒരിക്കലും തന്നിലൂടെ ഇക്കാര്യങ്ങൾ മെഹ്ത്ത അറിയില്ലെന്ന് ഉറപ്പു തന്ന അയാൾ ഉറങ്ങുന്നതുവരെ നോവുകൾക്ക് കാവലിരുന്നു. ഉപ്പളങ്ങളിലെ ക്ഷീണിതനായ ജോലിക്കാരനെപ്പോലെ ആ രാത്രി തളർന്നു. വൈകി മാത്രം മാനത്തു പ്രത്യക്ഷപ്പെട്ട ചന്ദ്രനു പോലും ആ വേവിന്റെ ആലസ്യമുണ്ടായിരുന്നു.

അടുത്ത ദിവസം സൂര്യനെ കണ്ടതേയില്ല.

പുലർച്ചെ തുടങ്ങിയ പേമാരി കനിവില്ലതെ ആർത്തട്ടഹസിച്ചു. കടലാകെ കലങ്ങിമറിഞ്ഞു. ഇന്ദിരയെ എടുത്തെറിയാൻ തക്കവണ്ണമുള്ള തിരകൾ ആഞ്ഞടിച്ചു. ആകാശമാകെ ഇരുട്ടുതൂവിത്തെറിച്ചു. എങ്ങും ഇരുട്ടിന്റെ കണ്ണുകൾ മാത്രം. ഭയം പതിയെ ഞങ്ങളെയൊന്നാകെ വിഴുങ്ങി. ഉടൻ തന്നെ ഇന്ദിരയെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയില്ലെങ്കിൽ ഒന്നുകിൽ പവിഴപ്പുറ്റിലേക്ക് ഇടിച്ചു കയറുകയോ അതല്ലെങ്കിൽ തിരവിഴുങ്ങുകയോ ചെയ്യുമെന്ന് ഉറപ്പായി. പക്ഷേ, എവിടയൊണ് ഇപ്പോഴുള്ളതിലും സുരക്ഷിതമായ മറ്റൊരിടമെന്നതിനെക്കുറിച്ച് ആർക്കുമറിയില്ലായിരുന്നു. ചുറ്റിലും അലറിക്കുതിക്കുന്ന കടലും ഇരുട്ടും മാത്രം. അതിനിടയിൽ കപ്പലിലെ വൈദ്യുതിയും അണഞ്ഞു.

ആശാൻ കത്തിച്ചുവച്ച രൂപക്കൂടിനു മുന്നിലെ മെഴുതിരിയിലെ മങ്ങിനരച്ച്, മഞ്ഞയും ചുവപ്പും കലർന്ന നേർത്ത പ്രകാശം മാത്രമായിരുന്നു ആ നേരത്തെ ആകെയുള്ള വെളിച്ചം! അതിനു പോലും അൽപ്പായുസ്സ് മാത്രമായിരുന്നു. കാറ്റതിനേയും ദയയില്ലാതെ വധിച്ചു. ഭയമതിന്റെ സകല സീമകളേയും ലംഘിച്ചു. എങ്ങും കൂറ്റാകൂരിരിട്ട്. പരസ്പരം കാണാൻ പോലും കഴിയാത്ത നിമിഷങ്ങൾ. ഈ പ്രതിസന്ധി അതിജീവിക്കില്ലെന്ന് മനസ് പറഞ്ഞു. ആദ്യമാദ്യം പ്രാർത്ഥനകളായി കേട്ട ട്രീസയുടെ ശബ്ദം കരച്ചിലായി മാറി. പസന്തിയും മാത്യൂസും ഒരു ടോർച്ചുമായി വൈദ്യുത തകരാറുകൾ പരിഹരിക്കാൻ ശ്രമം ആരംഭിച്ചു. മൂന്നാലു മണിക്കൂറുകൾ കഴിഞ്ഞാണത് ശരിയാക്കാൻ കഴിഞ്ഞത്. വൈദ്യുതി കടന്നുവരുന്ന മുഖ്യ വയറുകളിലൊന്ന് എലി കടിച്ചു മുറിച്ചതു കാരണമാണ് അന്നത്രയും നേരം ഇരുട്ടിലായത്. മനുഷ്യൻ മാത്രമാണ് ഈ പ്രപഞ്ചത്തിന്റെ ഉടമയെന്നു കരുതുന്നത്. എന്നാൽ അവനാണ് യഥാർത്ഥത്തിൽ ഏറ്റവും നിസ്സാരൻ.

ഓരോ നിമിഷം കഴിയുന്തോറും അപകടസാധ്യത പല മടങ്ങായി. ക്യപ്റ്റനും വിക്രമും മാത്യൂസ് ഒരുമിച്ചാലോചിച്ച് ഇന്ദിരയെ കുറച്ചകലേക്ക് മാറ്റാൻ തീരുമാനിച്ചു. ആ സമയത്ത് ലഭിച്ച വെതർ റിപ്പോർട്ട് പ്രകാരം ഞങ്ങൾ നിൽക്കുന്നിടത്തു നിന്ന്​ 40 മൈൽ കിഴക്കോട്ട് മാറിയാൽ സമാന്യം ഭേദപ്പെട്ട കാലാവസ്ഥയാണെന്ന് അറിഞ്ഞു. പക്ഷേ, ആ സമയത്ത് അത്രയും ദൂരം ചെല്ലുന്നതുപോലും വലിയ വെല്ലുവിളിയായിരുന്നു. മറ്റൊരു വഴിയുമില്ല.

അവസാനം പതിയെ ഞങ്ങൾ പുറപ്പട്ടു. ആർത്തുയരുന്ന തിരകൾ ഇന്ദിരയുടെ മുകളറ്റം വരെ പതച്ചു കയറി. കാതടപ്പിക്കുന്ന തരത്തിൽ ഇടിവാളുകൾ കടലിൽ വീണു ചിതറുന്നത് ആപൽക്കരമായൊരു കാഴ്ചയായിരുന്നു. ക്യാപ്റ്റന്റെ വൈദഗ്ദ്യവും ധൈര്യവുമാണ് ആ സമയത്ത് ഞങ്ങളെ രക്ഷപ്പെടുത്തിയത്. ഏകദേശം നാലര മണിക്കൂർ സമയെടുത്താണ് അത്രയും ദൂരം പിന്നിട്ടത്.

അവിടെയെത്തിയെങ്കിലും ഞങ്ങളുടെ സഹനപരീക്ഷണം അവസാനിച്ചില്ല. ആകസ്മികമായി കപ്പലും കരയുമായുള്ള കമ്യൂണിക്കേഷൻ ബന്ധം വിഛേദിക്കപ്പെട്ടു. കൈരളിക്ക് നാലാമത്തെ ദിവസം സംഭവിച്ച അതേ ദുരനുഭവും പതിനേഴാമത്തെ ദിവസത്തിലാണ് ഞങ്ങളെ പിടികൂടിയതെന്നു മാത്രം. വരാനിരിക്കുന്ന നരകയാതനകളുടെ മുന്നൊരുക്കമായിരുന്നത്.സഞ്ജയ് കിണഞ്ഞു പരിശ്രമിച്ചിട്ടും അതിന്റെ തകരാറുകൾ പരിഹരിക്കാൻ കഴിഞ്ഞില്ല. ബോംബയിലേക്ക് അയച്ച അവസാന സന്ദേശത്തിൽ കാലാവസ്ഥയെക്കുറിച്ചും ഞങ്ങൾ നങ്കൂരമിട്ടത് 12°05N-53°10Eൽ ആണെന്ന വിവരം കൈമാറിയിരുന്നു കാലവസ്ഥ തീർത്തും മോശമായതും വാർത്താവിനിമയ സംവിധാനത്തിലെ തകരാറുകൾ പരിഹരിക്കാൻ കഴിയാത്തതും ദൗത്യം താത്കാലികമായി അവസാനിപ്പിക്കാനുള്ള തീരുമാനെടുക്കാൻ ക്യാപ്റ്റനെ നിർബന്ധിതനാക്കി. അന്നു വൈകുന്നേരത്തൊടെ ഒരു യോഗം വിളിച്ചുകൂട്ടിയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.

അത്രയും വികാരധീനനായി അതിനു മുൻപ് ക്യാപ്റ്റൻ സംസാരിക്കുന്നത് ഞങ്ങളാരും കണ്ടിരുന്നില്ല. എല്ലാം നഷ്ടപ്പെട്ട് അനാഥനായൊരു കുഞ്ഞിനെപ്പോലെ എല്ലാവരും ആ ദുഃഖവാർത്തയിൽ മുറിവേറ്റു. ജലമുറിവുകളുടെ കനത്ത വേദനയിൽ കണ്ണുകൾ ഉപ്പുതടാകമായി. കടൽപ്പരപ്പിൽ ഒഴുകുന്നൊരു ശ്മശാനം പോലെ കപ്പലിനകം നിശബ്ദമായി. കാലാവസ്ഥ അനുകൂലമായാൽ ഉടൻ തന്നെ ബോംബൈ തുറമുഖത്തേക്ക് എത്താനായിരുന്നു തീരുമാനം. പക്ഷേ, മനുഷ്യന്റെ എല്ലാ ആഗ്രഹങ്ങളേയും അട്ടിമറിക്കുന്ന പ്രകൃതിയുടെ തീരുമാനം മറ്റൊന്നായിരുന്നു. ▮

(തുടരും)


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments