ചിത്രീകരണം: ശശി ഭാസ്കരൻ

12°38’10’N

മൂന്ന്

അങ്ങനെ ഞാൻ കട്ടമരത്തിൽ കിടന്നും ഇരുന്നും ഒഴുകി നടക്കുമ്പോൾ, ദൂരെ ഏകദേശം പത്തുകമ്പ ദൂരത്തൊരു കപ്പലിനെ ഒരു കൂറ്റൻ തിര വന്ന് എടുത്തുയർത്തുന്നത് കണ്ടു. പക്ഷേ, അങ്ങനെയുള്ളൊരു തിര അതിനു മുൻപോ പിൻപോ ഞാൻ കണ്ടിട്ടില്ല.

അതൊരു തിരയല്ലെന്ന് എനിക്കുറപ്പാണ്. അതൊരു ചുഴിയായിരിക്കും. ആ സമയത്ത് കടലിനാകെയൊരു ചാമ്പ നിറമായിരുന്നു. എന്തായാലും നാലഞ്ച് മിനിറ്റിനുള്ളിൽ കപ്പല് രണ്ടായി പിളർന്നു. അതിനകത്തുനിന്നും ആളുകൾ കടലിലോട്ട് വീഴുന്നതും ബോട്ടെറക്കുന്നതും ഞാൻ കണ്ടതാണ്. പക്ഷേ, തൊട്ടടുത്ത നിമിഷം മറ്റൊരു വലിയ കപ്പല് എന്റെ അടുത്തോട്ട് പാഞ്ഞുകയറി വന്നു. അതിന്റെ ഉലച്ചലിൽ കട്ടമരം മറിഞ്ഞു. ചത്തെന്നുറപ്പിച്ച് ഞാൻ കട്ടമരത്തിൽ അള്ളിപ്പിടിച്ചു കിടന്നു. മഴയും തണുപ്പും ഒരോ നിമിഷത്തിലും കൂടിക്കൂടി വന്നു. മഴയെന്നു പറഞ്ഞാല് കണ്ണുതുറക്കാൻ പോലും പറ്റാത്ത മഴ. ഭാഗ്യത്തിന് ആ നേരത്തെ വലിച്ചിൽ കിഴക്കോട്ടായിരുന്നു.

ബോധം വീണപ്പോൾ ഞാനൊരു കപ്പലിനുള്ളിലായിരുന്നു. ഗോവയിൽ നിന്ന്​പുറപ്പെട്ട ആ കപ്പലിലുള്ളവർ കട്ടമരത്തിന്റെ പുറത്ത് ഒഴുകി നടന്ന എന്നെ രക്ഷിച്ചതാണ്. മലയാളികളായ ചിലരായിരുന്നു ആ ചരക്കുകപ്പലിൽ ഉണ്ടായിരുന്നത്. അവര് പറഞ്ഞാണ് ഞാൻ ഒറ്റ ദിവസം കൊണ്ട് അത്രയും ദൂരം എത്തിയെന്ന് അറിഞ്ഞത്. അതെനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല! അതൊരു കപ്പൽ ചാലായിരുന്നു. അവരാണേല് ശ്രീലങ്ക വഴിയാണ് പോവുന്നതെന്നും അവിടത്തെ ഏതെങ്കിലും തുറമുഖത്ത് ഇറക്കാമെന്നും പറഞ്ഞു. അതത്ര എളുപ്പമായിരുന്നില്ല. അവിടെ എത്തിയാല് മിക്കവാറും അവര് ജയിലിലടക്കും. അതോർത്തപ്പോൾ തന്നെ എനിക്ക് പേടിയായി. അവിടെ ചെല്ലാതെ എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന് ഞാൻ ക്യാപ്റ്റനോട് കരഞ്ഞു പറഞ്ഞു. എന്റെ ഭാഗ്യത്തിന് ക്യാപ്റ്റനും ഒരു മലയാളിയായിരുന്നു.

അന്നാണേല് കോളൊഴിഞ്ഞൊരു ദിവസമായിരുന്നു. എന്റെ കരച്ചില് കണ്ടിട്ടാണോ അതോ മറ്റെന്തെങ്കിലും കാരണത്താലോ എന്നറിയില്ല, ആ കപ്പല് തീരത്തോട് ചേർന്ന് സഞ്ചരിച്ചു. ഏകദേശം പൊളുതടയുന്ന നേരത്ത് തമിഴ്‌നാട്ടുകാരുടെ ഒരു ബോട്ട് കണ്ടു. തൂത്തുക്കൂടീന്ന് മീൻ പിടിക്കാൻ വന്നവരായിരുന്നത്. ക്യാപ്റ്റൻ അറിയിച്ചതനുസരിച്ച് കപ്പലിലെ ജോലിക്കാരിൽ ഒരാൾ എന്നെ ആ ബോട്ടിൽ കയറ്റിവിട്ടു. തൂത്തുക്കൂടിയിൽ എത്തിയതിനു ശേഷം അവിടെ നിന്നും പൂന്തുറയിലേക്ക് പുറപ്പെട്ട മറ്റൊരു ബോട്ടിൽ കയറിയാണ് കരപിടിച്ചത്. അപ്പോഴേക്കും എന്നെക്കാണാതെ തുറക്കാര് മൊത്തം തിരഞ്ഞിറങ്ങിയിരുന്നു. അക്കൂട്ടത്തിൽ ആൽബർട്ടും ഉണ്ടായിരുന്നു. പക്ഷേ, ഒരാഴ്ച കഴിഞ്ഞ് പത്രത്തിൽ വാർത്ത വന്നപ്പോഴാണ് അന്ന് എന്നെ രക്ഷിച്ച കപ്പലും ക്യാപ്റ്റനുമാണ് കാണാതായതെന്ന് അറിഞ്ഞത്.

ആഞ്ചലോസ് ഒരു ബീഡി കത്തിച്ച് എന്നേയും അപ്പനേയും മാറി മാറി നോക്കി. അയാൾക്കിനി കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം. പക്ഷേ, അയാളുടെയുള്ളിൽ ആ ദിവസത്തിന്റെയൊരു കടൽ മറിയുന്നുണ്ടെന്ന് എനിക്കുറപ്പായിരുന്നു. എന്നെങ്കിലും അയാളത് എന്നോട് പറയുമെന്ന് മനസ് മന്ത്രിച്ചു. കൂടുതലൊന്നം ചോദിക്കാതെ അപ്പനയാളോട് ഒരു ബീഡി വാങ്ങി, യാത്ര പറഞ്ഞിറങ്ങി. തീരത്തെ മണലിലൂടെ നടക്കുമ്പോൾ എന്റെയുള്ളിൽ സംശയങ്ങളുടെ മണ്ടലടികൾ ഉയർന്നു.

നടക്കുമ്പോൾ അപ്പനാണ്, വെങ്കിടാചലം പറഞ്ഞ ബ്രിട്ടീഷ് കപ്പലാവും ആഞ്ചലോസ് അന്നു കണ്ടതെന്ന് സൂചിപ്പിച്ചത്. അതു മാത്രമല്ല. അയാൾ പറഞ്ഞതുവച്ചു നോക്കിയാൽ അന്നയാളെ രക്ഷിച്ച കപ്പൽ കൈരളി ആയേക്കാം.

പക്ഷേ, മർമ്മഗോവയിൽ നിന്ന്​ ജിബൂട്ടിയിലേക്ക് പുറപ്പെട്ട കപ്പൽ എന്തിനാവും കിഴക്കോട്ട് സഞ്ചരിച്ചത്?

ആകെ കുഴഞ്ഞു മറിയുകയാണ്.

അന്നു രാത്രി ഞാനും അപ്പനും കടപ്പുറത്താണ് കിടന്നത്. ചെറുപ്പകാലത്ത് അപ്പന്റെ കൂടെ അങ്ങനെ കിടക്കുമ്പോൾ അപ്പൻ നക്ഷത്രങ്ങളെ കാണിച്ചുതരും. ഓരോ നക്ഷത്രങ്ങൾക്കും കടലുമായി ബന്ധമുണ്ടായിരുന്നു. ഒരു തരത്തിൽ ആ നക്ഷത്രങ്ങളാണ് കടലിൽ അവരുടെ വഴികാട്ടികൾ. കപ്പൽ വെള്ളിയും കുരിശുവെള്ളിയും ഉളിയും ഉളിക്കാലും അങ്ങനെയാണ് ഞാനാദ്യമായി കാണുന്നത്. അന്നും അപ്പൻ നക്ഷത്രങ്ങളെക്കുറിച്ച് വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു.

‘സെബാനേ, ആരെങ്കിലുമൊരാള് ജീവനോടെ രക്ഷപ്പെട്ടുകാണില്ലേ?' പെ​ട്ടെന്നുള്ള അപ്പന്റെ ആ ചോദ്യം എന്റെ നെഞ്ചിൽതന്നെ തറച്ചു.

അതിനും സാധ്യതയുണ്ട്. പക്ഷേ, അങ്ങനയൊരാള് രക്ഷപ്പെട്ടാല് അയാളാദ്യം സ്വന്തം വീട്ടിലേക്ക് എത്താനാവും ശ്രമിക്കുകയെന്ന് ഉറപ്പാണ്. കൈരളിയിൽ ജോലി ചെയ്തിരുന്ന ആരും അങ്ങനെ എത്തിയതായി യാതൊരു രേഖകളുമില്ല. ഞാൻ പറഞ്ഞ ഉത്തരം അപ്പന് ഒട്ടും തൃപ്തിയായില്ല.

‘അങ്ങനൊരാള് മറ്റേതെങ്കിലും കരയിൽ ജീവനോടെ ഇല്ലെന്ന് ഉറപ്പ് പറയാൻ പറ്റുമോ?' അപ്പനെന്നെ വിടാൻ ഒരുക്കമല്ലായിരുന്നു. ഒരു വിദൂര സാധ്യത മാത്രമാണതെന്നു പറഞ്ഞപ്പോൾ അപ്പനൊന്നെയൊന്നു ഇരുത്തിനോക്കി. പിന്നെ മാനത്തെ കുരിശുവെള്ളിയെ ചൂണ്ടിക്കാണിച്ചു. അതപ്പന്റെയൊരു ശീലമാണ്. കടലിൽ തനിക്കുണ്ടായ ഏതെങ്കിലും ഒരു അനുഭവം പറയുന്നതിനു മുന്നെ കുരിശുവെള്ളിയെ നോക്കുന്നത്.

അന്നൊരു മഴക്കോളുള്ള വെള്ളിയാഴ്ചയായിരുന്നു. ഞങ്ങള് മൂന്നുപേര് ഒരു കട്ടമരത്തിൽ കയറി കുരിശുപാരിലേക്ക് ചെന്നു. ഈ കുരിശുപാരിന്റെ കണിച്ചം അന്ന് ഞങ്ങൾ മൂന്നു പേർക്കല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു. അവിടെയെത്തുമ്പോൾ കടലിൽ കന്യാകുമാരിക്കാരുടെ ബോട്ടുകൾ കുറച്ച് ദൂരെയായി ഉണ്ടായിരുന്നു. ഞങ്ങൾ മത്സരിച്ച് മീൻ പിടിക്കാൻ തുടങ്ങി. കട്ടമരത്തിനുള്ളിൽ മീൻ നിറഞ്ഞപ്പോൾ ഞങ്ങൾ തിരികെ കരയിലേക്കോടി. പക്ഷേ, കരയിലേക്കെത്താൻ സമ്മതിക്കാതെ കോടക്കാറ്റ് ഞങ്ങളെ പടിഞ്ഞാറ്റേക്ക് വലിച്ചു. പടാലടിച്ച് തുഴഞ്ഞെങ്കിലും ഒരു നിവൃത്തിയുമില്ലായിരുന്നു. അങ്ങനൊരു കാറ്റ് അന്നോളം ഞങ്ങളാരും കണ്ടിട്ടുണ്ടായിരുന്നില്ല. പക്ഷേ, ഞങ്ങള് തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു. പ്രത്യേകിച്ച് സേവറിയാസ്. പക്ഷേ, എനിക്കും അന്തോണിക്കും നല്ല പേടിയുണ്ടായിരുന്നു. അത് പുറത്തുകാണിച്ചില്ലന്നേയുള്ളൂ. അധികനേരം കഴിയുന്നതിനു മുൻപ് ഞങ്ങൾ പേടിച്ചത് സംഭവിച്ചു. എന്നു പറഞാല് കട്ടമരം മറിഞ്ഞെന്ന്. ആരോ മറിച്ചിട്ടതു പോലെയായിരുന്നത്. ഒന്നു മുങ്ങി നിവർന്നപ്പോൾ എനിക്ക് മരത്തിൽ പിടികിട്ടി. ഞാനത് നേരയാക്കാൻ ശ്രമിക്കുമ്പോൾ അന്തോണിക്കും മരത്തിൽ എങ്ങിനെയോ പിടികിട്ടിയിരുന്നു.. സോവറിയാസിനെ തിരഞ്ഞ് കണ്ണുപാഞ്ഞെങ്കിലും പരന്ന്, കലങ്ങി മറിഞ്ഞ കടലിൽ അവൻ എവിടേക്ക് പോയെന്ന് യാതൊരു തിട്ടവുമില്ലായിരുന്നു. ഞാനും അന്തോണിയും ചേർന്ന് എങ്ങിനെയെല്ലാമോ കട്ടമരം നേരയാക്കി. പിടിച്ച മീൻ മുഴുവൻ കടലിലേക്ക് പോയെങ്കിലും ജീവൻ തിരികെ കിട്ടിയ ആശ്വസമായിരുന്നു. പക്ഷേ, കൂട്ടത്തിലൊരുത്തനെ കാണാതായതിന്റെ സങ്കടത്തിൽ ഞങ്ങക്ക് കുറേ നേരത്തേക്ക് പരസ്പരം ഒന്നു മിണ്ടാൻ പോലും കഴിഞ്ഞില്ല. പറ്റാവുന്നപോലെ തിരച്ചില് നടത്തി. അറ്റം കാണാത്ത കടലിൽ ഒരു മനുഷ്യനെ തിരയുകയെന്നത് എളുപ്പമല്ല. കാറ്റും കോളും കൂടിയപ്പോൾ കരനോക്കി തുഴഞ്ഞു. ആ നേരത്ത് വീശിയ കാറ്റ് കരയിലേക്ക് അനുകൂലമായതുകൊണ്ട് പെട്ടെന്ന് കര കണ്ടു.

കടലും കണ്ണും ഒരുപോലെ കലങ്ങിയാണ് കരകയറിയത്. തീരത്തോട് അടുക്കുമ്പോൾ ദൂരെ നിന്നുതന്നെ തുറയാകെ കാറ്റുപിടിച്ചത് കണ്ടു. കുടിലുകളിൽ പലതും കാറ്റിന്റെ ചിറകിലിൽ തൂങ്ങിയിളകി മാറി. പല വീടുകളുടെയും അവശിഷ്ടങ്ങൾ കടലിലൂടൊഴുകിനടക്കുന്നുണ്ടായിരുന്നു. അന്തോണിയുടെ വീട് മുഴുവനായും ഇല്ലാതായി. അതറിഞ്ഞ അന്തോണി സോവറിയാസിനെ മറന്നു. അതിലവനെ കുറ്റം പറയാൻ പറ്റില്ല. കാരണം എല്ലാ മനുഷ്യനും അവനവനുശേഷം മാത്രമാണ് മറ്റുള്ളവരെക്കുറിച്ച് ഓർക്കുകയുള്ളൂ.! മാത്രമല്ല അടിയന്തിരാവസ്ഥകാലമായിരുന്നത്. ആ മഴയും കാറ്റും നിന്നത് മൂന്നു ദിവസം കഴിഞ്ഞാണ്. സേവറീസാണേല് അന്നും പാർട്ടിക്കാനായിരുന്നു. പാർട്ടിക്കാരനെന്നു പറഞ്ഞാല് കടപ്പുറത്തൂന്ന് ഇന്ദിരയെ പള്ളുപറയുന്ന പാർട്ടിക്കാരൻ. കട്ടമരം മറിഞ്ഞ് അവനെ കാണാതായെന്ന് തുറയിലാരും വിശ്വസിച്ചില്ല. കാരണം ഏത് നടുക്കടലിലും മൂട്ടാനെപോലെ നീന്താൻ കഴിവുള്ളവനായിരുന്നവൻ. പക്ഷേ, തുറക്കാരിലാരോ മറ്റൊരു കഥയുണ്ടാക്കി. അതായത് കട്ടമരം മറിഞ്ഞ് നീന്തിക്കയറിയ അവനെ പോലീസ് കൊണ്ടുപോയെന്നായിരുന്നത്. കുറച്ചുനാള് കഴിഞ്ഞപ്പോൾ അന്തോണിയും അതുതന്നെ വിശ്വസിച്ചു.! അവര് തമ്മിലുള്ളൊരു കുടുംബ വഴക്കിന്റെ പേരിൽ സേവറിയാസിന്റെ കുടുംബം അന്തോണി അവനെ കടലിൽ തള്ളിയിട്ടെന്നാണ് കരുതിയത്. പക്ഷേ, കൺമുന്നിൽ നിന്നും കാണാതായ സേവറിയാസിനെ കടല് വിഴുങ്ങിയെന്നാണ് ഞാനുറപ്പിച്ചത്. ഇക്കാര്യത്തിൽ തർക്കിച്ചാണ് അന്തോണി ഞാനുമായുള്ള കൂട്ട് വിട്ടത്. പിന്നെ മരിക്കുവോളം അവൻ എന്നോട് മിണ്ടിയിട്ടില്ല. പക്ഷേ, ആ സംഭവം നടന്ന് നാലാമത്തെ കൊല്ലം, ഒരു വേനക്കാലത്ത് ഞങ്ങള് കുറച്ചുപേര് വേളാങ്കണ്ണിക്ക് പോയി. അന്നവിടെ തങ്ങി. ഞാനും ഒന്നു രണ്ടുപേരും മാതാവിനെകണ്ട് ചുറ്റുപാടും നടക്കാനിറങ്ങി.

കുറച്ചുദൂരം നടന്നേയുള്ളൂ. ഒരാൾക്കൂട്ടം കണ്ട് എന്താണെന്നു ചെന്നു നോക്കുമ്പോൾ ഒരാള് നിന്ന് സുവിശേഷം പറയുന്നു. മുടിയൊക്കെ നീട്ടി, താടിവച്ച അയാളെ ഞാനെവിടെയോ കണ്ടതുപോലെ തോന്നി. അടുത്തു ചെന്ന് സൂക്ഷിച്ചു നോക്കിയപ്പോഴത് സേവറിയാസായിരുന്നു! എന്നെകണ്ടതും അവനൊന്നു ചിരിച്ചു. പിന്നെ സുവിശേഷം നിർത്തി അടുത്തോട്ട് വന്നു. അപ്പോഴേക്കും കൂടെയുള്ളവര് മറ്റെവിടയോ പോയിരുന്നു. അതൊരു കണക്കിന് നന്നായി. ഞാൻ പറയാതെ തന്നെ സേവറിയാസ് തുറേല് നടന്ന സംഭവങ്ങൾ മുഴുവൻ അറിഞ്ഞിരുന്നു. അതെങ്ങിനെയെന്നു ചോദിച്ചപ്പോഴവൻ ചിരിച്ചു. പിന്നെ എന്നേയുംകൊണ്ട് അടുത്തുള്ളൊരു ചായക്കടേല് പോയി. അവിടെയിരുന്ന് അവൻ പറഞ്ഞതു കേട്ടപ്പോൾ എനിക്കാകെ അത്ഭുതം തോന്നി.

‘അതെന്തായിരുന്നപ്പാ’, ഒറ്റ നിമിഷം ഞാനൊരു അഞ്ചുവയസ്സുകാരനായി. അപ്പന് അന്നത്തെ പോലെ എന്റെ ചുമലിൽ കയ്യിട്ടു. പിന്നെയൊന്നുകൂടെ മാനത്തോട്ട് നോക്കി. നക്ഷത്രങ്ങള് നിരന്നു നിക്കുന്ന മാനത്തൂന്നപ്പോൾ എന്നെയൊരു കപ്പല് വിളിക്കുന്നതു പോലെയെനിക്ക് തോന്നി.

സെബാനേ, അക്കാണുന്നതാണ് കുതിരക്കാലൻ. പണ്ട് അപ്പൻ അങ്ങിനാണ് പറയാറുള്ളത്. അന്നത് പറഞ്ഞില്ല.

സെബാനെ, സേവറിയാസ് കരുതിക്കൂട്ടിയാണ് അന്ന് കട്ടമരം മറിച്ചത്! അന്തോണിയുമായിയുള്ളൊരു കുടുബവഴക്കിന്റെ പകതീർത്തതാണ്. പക്ഷേ, ഞാനന്ന് അക്കൂട്ടത്തിൽ വരുമെന്നവൻ കരുതിയിരുന്നില്ല. എന്നിട്ടും അവനത് ചെയ്തു. അല്ലേലും പക മനുഷ്യരെ മനുഷ്യനല്ലാതാക്കി മാറ്റും. കട്ടമരം മറിച്ചിട്ടതിനു ശേഷമവൻ നേരെ കന്യാകുമാരിക്കാരുടെ ബോട്ടിനടുത്തോട്ട് നീന്തി. അവര് അവനെ രക്ഷപ്പെടുത്തി. അവരുടെ കൂടെ കന്യാകുമാരീലേക്ക് എത്തിയതിനു ശേഷം അവൻ നാട്ടിലേക്ക് വന്നില്ല. അവിടെയുള്ള ബന്ധക്കാരുടെ അടുത്തോട്ട് ചെന്നു. അവരാണേല് ആയടുത്ത കാലത്ത് പൊന്തക്കോസ് വിശ്വാസത്തിലേക്ക് മാറിയവരായിരുന്നു. അതിന്റെയൊരു പ്രർത്ഥനയും മാറ്റും അവർർക്കുണ്ടായിരുന്നു. കുറച്ചുനാള് കഴിഞ്ഞപ്പോൾ താൻ ചെയ്തത് വലിയ പാപമാണെന്ന് സേവറിയാസിന് തോന്നലുണ്ടായി. അതുമാറ്റാൻ പ്രാർത്ഥനകളിലേക്ക് മാറി. പിന്നെയതൊരു ലഹരിപോലെയായി. അതുറപ്പായും കർത്താവിന്റെ തീരുമാനമായിരിക്കും. തന്നെ തള്ളിപ്പറഞ്ഞവനെകൊണ്ട് തന്നെ തന്റെ സുവിശേഷം പ്രസംഗിക്കാൻ തിരഞ്ഞെടുത്തു! സെബാനേ, ഞാനീ പറഞ്ഞതിന്റെ അർത്ഥം ദൈവം എന്താണ് തീരുമാനിച്ചതെന്ന് ഒരു മനുഷ്യനും അറിയാൻ പറ്റത്തില്ലെന്നാണ്. കാണാതായ കപ്പലിനും ദൈവത്തിന്റെയൊരു തീരുമാനമുണ്ടാവും. അത് കണ്ടെത്താനുള്ള വഴിയാണ് ഇനി ആലോചിക്കേണ്ടത്. ഒരു പക്ഷേ, അതിനകത്തുള്ള ആരെങ്കിലും എവിടെയെങ്കിലും ജീവനോടെയുണ്ടാവും.​​​​​​​

അപ്പനത് പറഞ്ഞു തീർത്തപ്പോഴാണ് കപ്പൽ ജീവനക്കാരെക്കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചത്. പക്ഷേ, ആരിൽ നിന്ന് എങ്ങിനെ തുടങ്ങണമെന്ന് യാതൊരു അറിവുമില്ലായിരുന്നു.

ഒരുമാസം കപ്പലിലെ ജീവനക്കാരെക്കുറിച്ചുള്ള സർക്കാർ രേഖകൾ ലഭിക്കാൻ ശ്രമിച്ചു. ഏറ്റവും മടുപ്പിക്കുന്ന പ്രതികരണമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ആർക്കുമതിനെക്കുറിച്ച് സംസാരിക്കാൻ പോലും താത്പര്യമില്ലായിരുന്നു. അവരുടെ ആ പ്രതികരണം ദുരൂഹമായി തോന്നി. അന്നത്തെ പത്രവാർത്തകളിൽ നിന്നും ലഭിച്ച് വിവരങ്ങൾ അനുസരിച്ചായി പിന്നീടുള്ള അന്വേഷങ്ങൾ. അതുമത്ര എളുപ്പമല്ലായിരുന്നു. പക്ഷേ, തോറ്റുപിന്മാറാൻ തോന്നിയില്ല. ആദ്യം ചെന്നുകണ്ടത് ക്യാപ്റ്റന്റെ കുടുംബത്തെയാണ്.

കോട്ടയത്തുള്ള ക്യാപ്റ്റന്റെ വീടുകണ്ടെത്താൻ സഹായിച്ചത് വലിയതുറയിലെ ആദ്യത്തെ ജേർണലിസ്റ്റും നേവിയിൽ എന്റെ കൂടെയുണ്ടായിരുന്ന അർജുന്റെ ചേട്ടനുമായ കൃഷ്ണദാസാണ്. പത്രക്കാരുടെ ചിലബന്ധങ്ങൾ വച്ചാണ് അതു സാധിച്ചത്.

ഒരു ഞായറാഴ്ച ഉച്ചക്കുശേഷം ഞാനവിടെയെത്തി. അദ്ദേഹത്തിന്റെ ഭാര്യ മേരിക്കുട്ടിയെ കണ്ടു. കാര്യങ്ങളെല്ലാം വിശദമായി കേട്ടപ്പോൾ അവർ ഒരുനിമിഷം കണ്ണടച്ചിരുന്നു. കണ്ണുതുറന്നപ്പോൾ, അവരുടെ കണ്ണിൽ ഓർമ്മകളുടെ കപ്പലോട്ടത്തിന്റെ തിരയടിച്ചു കുതിർന്നു. നോർവ്വയിൽ നിന്ന്​ വാങ്ങിയ കപ്പലിനെ ഫ്രാൻസ് വഴി കേരളത്തിലേക്ക് കൊണ്ടുവന്ന യാത്രയിൽ ക്യാപ്റ്റന്റെ കൂടെ മേരിക്കുട്ടിയുമുണ്ടായിരുന്നു. ആ ദൗത്യം വലിയ അഭിമാനത്തോടെയാണ് അദ്ദേഹം കണ്ടിരുന്നത്.

അവസാനമായി അവർ തമ്മിൽ കണ്ടത് ബോംബൈയിൽ വച്ചായിരുന്നു. അവരുടെ സംസാരത്തിൽ നിന്നു്​ കപ്പൽ പുറപ്പെടുന്നതിന്റെ കുറച്ചു ദിവസം മുൻപ് ക്യാപ്റ്റന്റെ ഒരു കത്തു വന്നിരുന്നെന്ന് മനസ്സിലായി. ജൂൺ 26നു ലഭിച്ച ആ കത്തിൽ കപ്പലിന് ചില സാങ്കേതിക തകരാറുണ്ടെന്നും അതുടനെ പരിഹരിച്ച്, ജൂലൈ നാലിന്​ മാത്രമേ യാത്ര തുടങ്ങുകയെന്നുമാണ് പറഞ്ഞത്. മാത്രമല്ല, ഈ യാത്രകഴിഞ്ഞ് തിരിച്ചെത്തിയാൽ മറ്റൊരു ഷിപ്പിംഗ് കമ്പനിയിലേക്ക് മാറണമെന്നും അതിനു മുൻപ് ഒരുമിച്ചൊരു യാത്ര പോവാമെന്നും സൂചിപ്പിച്ചിരുന്നു.

പക്ഷേ, പിന്നീട് ക്യാപ്റ്റന്റെ യാതൊരു വിവരവുമില്ല.

കപ്പൽ കാണാതായി കുറച്ചു നാളുകൾക്ക് ശേഷം ഒരു സ്വകാര്യ കമ്പനിയുമായി കപ്പലിനെക്കുറിച്ചുള്ള അന്വേഷണത്തിനു വേണ്ടി ബന്ധപ്പെട്ടതും ഷിപ്പിംഗ് കോർപ്പറേഷന്റെ ഭാഗത്തുനിന്ന്​ പിന്തുണ ലഭിക്കാത്തതിലുള്ള അമർഷവും സങ്കടവും ആ സംസാരത്തിലുണ്ടായിരുന്നു.

പക്ഷേ, ആറു വർഷം കഴിഞ്ഞെങ്കിലും എന്നെങ്കിലുമൊരിക്കൽ ക്യാപ്റ്റൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണവർ. കാരണം തന്റെ ജോലിയിൽ ക്യാപ്റ്റൻ ഏറ്റവും മികച്ചവനും ധീരനുമാണെന്ന് മേരിക്കുട്ടി ഉറച്ചുവിശ്വസിക്കുന്നുണ്ട്. അക്കാര്യം പറയുമ്പോൾ അവരുടെ മുഖത്തുണ്ടായ ആത്മവിശ്വാസം മാത്രം മതിയായിരുന്നു ഞാൻ നടത്തുന്ന അന്വേഷണം വെറുതയാവില്ലെന്നുറപ്പിക്കാൻ.

ഏകദേശം ഒന്നരമണിക്കൂർ കഴിഞ്ഞ് അവിടെ നിന്ന്​ മടങ്ങുമ്പോൾ പുതിയ ചില വിവരങ്ങൾ ലഭിച്ചിരുന്നു. അതിലേറ്റവും പ്രാധാനപ്പെട്ടത് കപ്പൽഛേദം സംഭവിച്ചിട്ടില്ലെന്ന് തന്നെയാണ്. കപ്പൽ അപകടത്തിൽ പെട്ടതാണെങ്കിൽ തീർച്ചയായും കടലിൽ എണ്ണപ്പാട കാണേണ്ടതായിരുന്നു.

ആകെയുള്ളത്, കൊച്ചി തീരത്തിനടുത്ത് കണ്ടെത്തിയ ഒരു ലൈഫ് ബോട്ടാണ്. കൈരളിയിൽ രണ്ട് ലൈഫ് ബോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. അറുപത് പേർക്ക് കയറാവുന്നവ.

കൈരളി കാണാതായതിന്റെ 19-ാമത്തെ ദിവസമാണ് കൊച്ചിയിൽ നിന്ന്​ 55 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറായി ഒഴുകി നടക്കുന്നൊരു ലൈഫ് ബോട്ട് കണ്ടെന്ന് ജാപ്പനീസ് കപ്പലായ റയിട്ടോക്കോമർ വിവരം നൽകിയത്. ബോംബൈ റേഡിയോ, കേരള ഷിപ്പിംഗ് കോർപ്പറേഷന് ആ വിവരം ഉടൻ തന്നെ കൈമാറി. അതനുസരിച്ച് കൊച്ചിൻ നാവിക ആസ്ഥാനത്തുനിന്ന്​ പുറപ്പെട്ട ഒരു വിമാനം ആ ഭാഗത്ത് തിരച്ചിൽ നടത്തി. പക്ഷേ, ഇരുട്ടും പ്രതികൂലകാലാവസ്ഥയും കാരണം സന്ധ്യയോടെ വിമാനം മടങ്ങേണ്ടി വന്നു. അടുത്ത ദിവസവും തിരഞ്ഞെങ്കിലും സൂചനകളൊന്നും ലഭിച്ചതുമില്ല.

മേരിക്കുട്ടി നൽകിയ സൂചനയും നേവി ഇന്റലിജൻസിന്റെ അനൗദ്യോഗികമായ വിലയിരുത്തലും ആഞ്ചലോസ് പറഞ്ഞതും കൂട്ടിവായിക്കുമ്പോൾ കപ്പൽ എൽ.ടി.ടിയുടെ പിടിയിലകപ്പെട്ടെന്നു സംശയിക്കാം.

പക്ഷേ, അതുവെറും സംശയം മാത്രമാണ്. യാതൊരു തെളിവുകളുമില്ലാത്ത നിഗമനം. അതുമാത്രം വെച്ചുള്ള അന്വേഷണം ശരിയായ ദിശയിലേക്ക് എത്തിക്കില്ല. കപ്പലിൽ ജീവനക്കാരായിരുന്ന എല്ലാവരുടെയും കുടുംബത്തെ കാണാൻ തീരുമാനിച്ചു. കൃഷ്ണപ്രസാദ് വഴി അവരുടെ മേൽവിലാസം സങ്കടിപ്പിച്ചു. നേവിയിൽ നിന്നും പിരിഞ്ഞു വന്നിട്ട് മൂന്നു മാസം കഴിഞ്ഞിരിക്കുന്നു.

മുന്നോട്ടുള്ള യാത്രക്ക്​ ഇനിയും കടമ്പകളേറെയുണ്ട്. പ്രത്യേകിച്ച് യാത്രകൾക്കുള്ള പണം കണ്ടെത്തണം. കയ്യിലുണ്ടായിരുന്നതിൽ വലിയൊരു പങ്കും വീടുപണിക്ക് ചിലവഴിച്ചതാണ്. കൂടാതെ അപ്പനൊഴികെയുള്ളവരുടെ കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും ദിനേനെ കൂടിവന്നു. മനസ്സാകെ കൈവിട്ടു പോവുമെന്നു തോന്നിയപ്പോൾ അപ്പൻ തന്നെയാണ് അതിനുമൊരു വഴി പറഞ്ഞു തന്നത്. കടലിനെക്കുറിച്ചറിയാൻ കടലിലേക്ക് തന്നെ ഇറങ്ങണം. അപ്പൻ പറഞ്ഞതിന്റെ പൊരുൾ ആദ്യമെനിക്ക് മനസ്സിലായില്ല.

വൈകുന്നേരം അപ്പന്റെ ഏറ്റവുമടുത്ത സുഹൃത്ത് ആബേലാശാൻ വീട്ടിലേക്ക് വന്നു. അപ്പോഴാണ് അപ്പൻ പറഞ്ഞതിന്റെ പൊരുൾ എന്തായിരുന്നെന്ന് മനസ്സിലായത്. അടുത്ത ദിവസം തൊട്ട് ഞാനും ആശാന്റെ കൂടെ ബോട്ടിൽ പോകണം. അതായിരുന്നത്. ആദ്യമൊന്ന് അമ്പരന്നെങ്കിലും രണ്ടുകാര്യങ്ങൾക്ക് അതെന്നെ സഹായിക്കുമെന്ന് ഉറപ്പായിരുന്നു. ആദ്യത്തേത് കടലിനെ കൂടുതൽ അടുത്തറിയാം. രണ്ടാമത്തേത് മുന്നോട്ടുള്ള അന്വേഷണങ്ങൾക്ക് മറ്റാരേയും സാമ്പത്തികമായി ആശ്രയിക്കേണ്ട ആവശ്യം വരില്ല. മാത്രവുമല്ല, ആൽബർട്ടാശാൻ ഈയിടക്കാണ് പുതിയൊരു ബോട്ടു വാങ്ങിയത്. കുളച്ചലിലും മംഗലാപുരത്തുമൊക്കെ പോയാണ് മീൻപിടുത്തം. ദിവസങ്ങളോളം കടലിൽ തന്നെയാവും. എന്തുകൊണ്ടും എനിക്ക് സഹായകരമാവുന്ന കാര്യമായിരുന്നത്.

‘ഇച്ചരെ ബുദ്ധിമുട്ടുകള് കാണും’, ആബേലാശാൻ എന്നെ ഒന്നിരുത്തി നോക്കി പറഞ്ഞതിന് അപ്പനാണ് മറുപടി പറഞ്ഞത്; ‘ആബേലെ, അവന്റെപ്പൻ ഞാനാണ്. ഈ ആൽബർട്ട്. താനത് മറക്കണ്ട.'

അതോടെ ആശാൻ പിന്നെ അതിനെക്കുറിച്ചൊന്നും സംസാരിച്ചില്ല. അടുത്ത ദിവസം തന്നെ ഹാർബറിലോട്ട് ചെല്ലാൻ പറഞ്ഞു. അതനുസരിച്ച് പിറ്റേന്ന് രാവിലെതന്നെ ഹാർബറിലേക്ക് ചെന്നു. കൂടെപണിക്കു വരുന്ന ആളുകളെ പരിചയപ്പെട്ടു. ഞാനും ആശാനുമടക്കം ഇരുപത് പേരായിരുന്നു പണിക്ക്. ഞാനൊഴികെ മറ്റെല്ലാവർക്കും കടൽപ്പണിയിൽ വർഷങ്ങളോളം പരിചയമുണ്ടായിരുന്നു. ആശാന് ദക്ഷിണ വച്ച് ഞാനും ബോട്ടിൽ കയറി.

അന്ന് കുളച്ചലിലേക്കായിരുന്നു പോയത്. ഒരാഴ്ച കഴിഞ്ഞാണ് തിരിച്ചെത്തിയത്. ഈ ദിവസങ്ങളിലാണ് ആബേലാശാൻ നല്ലൊരു പാചകക്കാരനാണെന്നു മനസ്സിലായത്. കടൽപ്പണികഴിഞ്ഞാൽ ആഹാരമുണ്ടാക്കി മറ്റുള്ളവരെ തീറ്റിക്കുന്നത് ആശാനൊരു സന്തോഷമായിരുന്നു.

അതൊരു സീസണിന്റെ തുടക്കമായിരുന്നു. പിന്നീടുള്ള മൂന്നു മാസക്കാലം മിക്ക ദിവസവും കടലിൽ തന്നെയായിരുന്നു. കൂടെയുള്ളവരിൽ നിന്നും അത്യാവശ്യം കാര്യങ്ങൾ പെട്ടന്നു പഠിച്ചെടുത്തു. മോശമല്ലാത്ത കൂലിയും കിട്ടി. പണിയില്ലാത്ത ദിവസങ്ങളിൽ കൈരളിയെക്കുറിച്ചുള്ള അന്വേഷണങ്ങൾ തുടർന്നു.

അതിനിടയിൽ കുളച്ചലുകാരനായ സെന്തിലിനെ പരിചയപ്പെട്ടു. ആഴക്കടലിൽ മുങ്ങുന്നതിന് ലൈസൻസ് ഉള്ളവനായിരുന്നു സെന്തിൽ. ഏകദേശം എന്റെയതേ പ്രായം. മാത്രമല്ല, അവനാണേല് കടലിന്റെ സകല സ്വഭാവങ്ങളെക്കുറിച്ചും എന്നക്കാളും വ്യക്തമായ അറിവുണ്ടായിരുന്നു. കൈരളിയെക്കുറിച്ചുള്ള അന്വേഷണത്തെക്കുറിച്ച് കേട്ടപ്പോൾ അവനും വലിയ ആവേശമായി. ഇക്കാര്യം കേട്ടിട്ട് ആവേശത്തോടെ സംസാരിച്ച ഒരാളെ ആദ്യമായാണ് കണ്ടത്. എന്തിനും അവനും കൂടെയുണ്ടാവുമെന്ന് വാക്കുതന്നു. അതുമാത്രമല്ല, അവന്റെ കയ്യിൽ കടലിനെക്കുറിച്ചുള്ള കൂടുതൽ വ്യക്തമായ വിവരങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ചും ഒരോ പ്രദേശത്തേയും ആഴവും സ്വഭാവവും വിവരിക്കുന്ന രേഖകൾ മനഃപ്പാഠമായിരുന്നു. ജനിച്ചതേ കടലിലേക്കെന്നാണ് അവനതിനെക്കുറിച്ചു പറഞ്ഞത്.

പക്ഷേ, സെന്തിൽ എന്തോ ദുരൂഹത പേറുന്നുണ്ടായിരുന്നു. അവന്റെ പെരുമാറ്റങ്ങളിൽ നിന്നാണത് തോന്നിയത്.

അതിനിടയിൽ അൻപരസിന്റെ കുടുംബത്തെ ഒഴികെ കപ്പൽ ജീവനക്കാരിൽ പറ്റാവുന്നത്രയും പേരുടെ കുടുംബാംഗങ്ങളെ നേരിട്ടുകണ്ടു. അൻപരസിന്റെ കുടുംബത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി എവിടെ നിന്നും ലഭിച്ചില്ല. അയാൾക്കൊരു മകനുണ്ടെന്ന് മാത്രം അറിയാനായി. അയാൾ എവിടെയാണെന്ന് ആർക്കും അറിവില്ല. പക്ഷേ, മേരിക്കുട്ടി പറഞ്ഞതിൽ കൂടുതലൊന്നും അവർക്കാർക്കും പറയാനില്ലായിരുന്നു. എന്നെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവർ മടങ്ങിയെത്തുമെന്ന് അവരിൽ ചിലർക്ക് മാത്രം പ്രതീക്ഷയുണ്ട്. മറ്റു ചിലർ അവരൊരിക്കലും മടങ്ങിവരില്ലെന്ന് ഉറപ്പിച്ചു.

അതിലേറ്റവവും സങ്കടം തോന്നിയത് കൈരളിയിലെ റേഡിയോ ഓപ്പറേറ്റർ ആയിരുന്ന ബേബിയുടെ അമ്മയെ കണ്ടപ്പോഴാണ്.കാണാതായ മകൻ വരുമെന്ന പ്രതീക്ഷയിൽ അന്ത്യകർമ്മങ്ങൾ പോലും ചെയ്യാതെ ഒരച്ഛനും അമ്മയും ഇപ്പോഴും കാത്തിരിക്കുകയാണ്. മറ്റൊരാൾ കപ്പലിലെ ജോലിക്കാരനായിരുന്ന ത്യാഗരാജന്റെ സഹോദരി മുത്തുലക്ഷ്മിയാണ്. എല്ലാ യാത്രകളിലും സഹോദരിക്ക് ഒരു കത്തും ഗ്രീറ്റിംഗ് കാർഡും അയക്കുന്നത് ത്യാഗരാജന്റെ പതിവായിരുന്നു. 1979-ജൂലെ അവസാന വാരത്തിൽ ഒരു ഗ്രീറ്റിംഗ് കാർഡ് തപാലിൽ ലഭിച്ചിരുന്നു. അത് തന്റെ സഹോദരൻ അയച്ചത് തന്നെയാണെന്നാണ് മുത്തുലക്ഷ്മി കരുതുന്നത്. പക്ഷേ, കത്ത് ലഭിക്കാത്തതിൽ ദുരൂഹതയുണ്ട്. അതിനെക്കുറിച്ചും യാതൊരു അന്വേഷണങ്ങളും നടന്നില്ല. പക്ഷേ, എല്ലാവരും ഒരേ പോലെ കുറ്റപ്പെടുത്തിയത് ഷിപ്പിംഗ് കോർപ്പറേഷനെയാണ്. അതിനവരെ പഴി പറഞ്ഞിട്ട് കാര്യമില്ല. അത്രയും നിരുത്തരവാദത്തോടെയാണ് അവരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങൾ. ▮

(തുടരും)


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments