ചിത്രീകരണം : ജാസില ലുലു

ശ്ലീലം

അധ്യായം ഏഴ് : ഒച്ച്

രിച്ചുപോയവർ ഒരു വിത്തിനോളം ചുരുങ്ങി ജീവിക്കാൻ പഠിച്ചവരാണ്. ജീവിച്ചിരിക്കുന്നവരുടെ വെളളവും വെയിലും അവർ വലിച്ചുകൊണ്ടേയിരിക്കും.
എന്നിരുന്നാലും ഒരു മുളയായ് പുറത്തു വരാനോ, അന്തം വിട്ട് ഉറങ്ങാനോ അവർ ഒരുക്കമല്ല. ജീവിച്ചിരിക്കുന്നവരുടെ കാലടികളിൽ ചിലപ്പോൾ അവർ പറ്റിപ്പിടിക്കും. പുറത്താരുമറിയാത്ത ദുരന്തങ്ങളിൽ അവർ കൂട്ടുകിടക്കും.
വിചിത്രവീര്യൻ സ്വന്തം കാലടികളിലേക്ക് ചികഞ്ഞു. വിത്തായ് മറിഞ്ഞിരിക്കുന്നുണ്ടോ?

അയാൾക്കൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. താൻ കണ്ടു തീർന്ന ഒരു സിനിമയാണെന്ന് വിചിത്രവീര്യനു തോന്നി. ഇനി അതിലെ കഥാപാത്രങ്ങൾ ഒരു കാര്യത്തിനും കൊളളില്ല. അവരുടെ ജീവിതം തീർത്തും അവസാനിച്ചിരിക്കുന്നു. കാണിച്ചതിൽ കൂടുതലൊന്നും ഒരു കാലത്തും ചെയ്യാനുളള ത്രാണി അവർക്കില്ല. എങ്ങനെയൊക്കെ വായിച്ചെടുത്താലും അവർ ചെയ്തു കഴിഞ്ഞതിൽ കൂടുതലായോ കുറഞ്ഞോ ഒന്നും സംഭവിക്കാനില്ല.
മൊബൈൽ കണ്ണു ചിമ്മി
പരിചയമില്ലാത്ത നമ്പറാണ്.
ജൂലിയുടെ മുഖം. അവളെ കണ്ടോ? മനസ്സിൽ മിന്നി. അവൾ ഒരു മറുപടി അർഹിക്കുന്നുണ്ടെന്ന് വിചിത്രവീര്യന് തോന്നി.
ഇല്ല.
ഒറ്റവാക്കിൽ അവളുടെ വിരലുകളെ നിർത്തി വെക്കാൻ തോന്നി. വീണ്ടും ഒരു ചോദ്യവുമായി ജൂലി വരുമെന്ന് വിചിത്രവീര്യനു തോന്നി. പക്ഷെ അപ്പോഴേക്കും മൊബൈൽ ഇനി, വിളിക്കല്ലേ എന്ന് പറഞ്ഞ് വെളിച്ചം കെടുത്തി.

സുമയ്യയെക്കുറിച്ചോർത്തപ്പോൾ തന്റെ ശരീരത്തിന്റെ പുറംതോൽ ഉരുകി പോയിരിക്കുന്നു എന്ന് വിചിത്രവീര്യന് തോന്നി. അവൾ ബാക്കിയാക്കിയ നോട്ടങ്ങളെ പിൻവലിക്കാൻ ഇനി ആർക്കും കഴിയില്ലെന്ന് അയാൾ ഉറപ്പിച്ചു. എല്ലാം കുഴഞ്ഞു മറിയുകയാണ്.
ഒരിടത്തും ഇനി എത്തിപ്പെടാനാവില്ല. ലോകത്തോടുളള മുഴുവൻ നൂൽബന്ധങ്ങളും അറ്റു പോയിരിക്കുന്നു.
ഓരോന്തിനെ ജനൽകമ്പിയിൽ കണ്ടിരുന്നെങ്കിൽ എന്നയാൾ ആഗ്രഹിച്ചു.
നല്ല ഇരുട്ടാണ്. ഒരു ഓന്ത് വന്ന് നിന്നാൽ പോലും കാണാൻ കഴിയാത്ത ഇരുട്ടുണ്ട്.
പിറ്റേന്ന് ഉണർന്നതും ജനവാതിലിലൂടെ നോക്കിയപ്പോൾ ചുവപ്പും വെളുപ്പുമുളള ഒരു ഷാൾ ആ കറുത്ത അരുവിയിൽ അയാൾ കണ്ടു. ആ കറുപ്പിനിടയിൽ ഒരു പെൺകുട്ടി ആണ്ടുപോയിട്ടുണ്ടെന്ന് ഒരു നിമിഷം വിചിത്രവീര്യനു തോന്നി. കാലുകൾ ഈ വാതിലൂടെ പുറത്തിട്ട് മേശയിൽ തലയമർത്തിക്കിടന്ന് അയാൾ താണുപോയ നിലവിളി മനസ്സിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. തീർത്തും പരാജയപ്പെട്ടിരിക്കുന്നു.

ഇങ്ങനെ അവസാനിക്കാൻ മാത്രം എന്തു തെറ്റാണ് ചെയ്തതെന്ന് അയാൾ തന്നോട് തന്നെ ചോദിച്ചു. പുലർന്നു കഴിഞ്ഞ ദിവസത്തിലേക്ക് ചെയ്യാനായി വിചിത്രവീര്യൻ ചിലതു കരുതി വെച്ചിരുന്നു.
പുറത്തിറങ്ങാൻ വാതിൽ തുറന്നതും മുറിയുടമ മുന്നിൽ നിൽക്കുന്നു.
ജോലിയൊക്കെ ആയില്ലേ... അയാൾ കാര്യത്തിലേക്ക് കടന്നു.
ഇന്ന് വൈകീട്ട് തരാം... മുഖത്ത് നോക്കാതെ വിചിത്രവീര്യൻ ഒപ്പിട്ടു.
ബസ്സുകേറി ടൗണിൽ ഇറങ്ങി വിചിത്രവീര്യൻ മൊബൈലിലേക്ക് നോക്കി.
പത്തരയാവുന്നു.
തൊട്ടടുത്തുളള കാരുണ്യ ഹോസ്പിറ്റലിലേക്ക് കേറുമ്പോൾ ഒരു ചെറിയ സമാധാനം ഇഴഞ്ഞു വരുന്നത് വിചിത്രവീര്യൻ അറിഞ്ഞു.
റിസപ്ഷനിൽ നിന്ന് പൂരിപ്പിക്കാൻ തന്ന വലിയ ഫോമിൽ നോക്കിയപ്പോൾ താൻ ആജീവനാന്ത രോഗിയാണെന്ന് ഹോസ്പിറ്റലുകാർ ഉറപ്പിച്ചിരിക്കുന്നതായി വിചിത്രവീര്യൻ തിരിച്ചറിഞ്ഞു. അൽപ്പസമയത്തെ കാത്തിരിപ്പിനു ശേഷം പേരും വയസ്സും രേഖപ്പെടുത്തിയ കാർഡ് തരുമ്പോൾ ഒരു പെൺകുട്ടി ചിരിച്ചുകൊണ്ട് ചോദിച്ചു.
ആരെയാണ് കാണിക്കേണ്ടത്
സൈക്കാട്രിസ്റ്റ്...
മൂന്ന് നാല് ഡോക്ടർമാരുടെ പേരുകൾ അവൾ പറഞ്ഞൊപ്പിച്ചു.
ആരായാലും മതി.
മുകളിലെഴുതിയ ബോഡുകളിലേക്ക് നോക്കി നോക്കി അധികം നടക്കാതെ തന്നെ തന്റെ ഡോക്ടറുടെ പേര് കണ്ടുപിടിക്കാൻ വിചിത്രവീര്യന് സാധിച്ചു. ജനങ്ങൾക്ക് ഇത്രയും ആവശ്യമുളള ഡോക്ടർ ആയതുകൊണ്ടാവും താഴെ നിലയിൽ തന്നെ ഇവരെ പ്രതിഷ്ഠിച്ചതെന്ന് വിചിത്രവീര്യൻ കരുതി. വളരെ നേരത്തെ വന്ന് കാത്തിരുന്ന് മടുത്ത മൂന്നു ചെറുപ്പക്കാർ ഉലാത്തി കൊണ്ടിരിക്കുന്നു. നാൽപതു മേലെ പ്രായം തോന്നിക്കുന്ന ഒന്നു രണ്ടു സ്ത്രീകൾ അനന്തയിലേക്ക് നോക്കി പ്രതീക്ഷ കോരുന്നുണ്ട്.

പത്തു പതിനഞ്ച് മിനിറ്റുനുളളിൽ തന്നെ ആളുകൾ പെറ്റു പെരുകി.
നിങ്ങളെന്താണ് ഇവിടെയെന്ന് എല്ലാവരും പരസ്പരം ചോദിക്കുന്നുണ്ടെന്ന് അയാൾക്ക് തോന്നി. ഞാൻ ഇവിടെ വരേണ്ടവനല്ല. പിന്നെ കാര്യങ്ങൾ മനസ്സിലാക്കാൻ വന്നു കളഞ്ഞു എന്നു മാത്രം. ചിലർ ചുറ്റുമുളള വായുവിലേക്ക് എഴുതി കൊണ്ടിരിക്കുന്നു.
വിചിത്രവീര്യന്റെ തല പെരുത്തു. എന്താണ് താൻ പറയാൻ പോകുന്നത്. എങ്ങനെയാണ് തന്റെ രോഗം പരിഹരിക്കപ്പെടാൻ പോകുന്നത് എങ്ങനെയാണ്
വിചിത്രവീര്യൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റതും ഒരു ചെറുപ്പക്കാരി വന്ന് അവിടെ ഇരുന്നു. തനിക്ക് പരിചയമുളള ആരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് അസാധാരണമായി ചിന്തിക്കാൻ അയാൾക്കപ്പോൾ സാധിച്ചു. ഒന്നും പരിഹരിക്കപ്പെടാൻ പോകുന്നില്ലെന്ന ഒരു തിളച്ചു മറിയൽ ഉളളിലേക്ക് കയറിയതും വിചിത്രവീര്യൻ തിരികെ നടന്നു.

ആളുകൾക്കിടയിലൂടെ നിലംപറ്റി പോകുന്ന ഒരൊച്ചു പോലെ വിചിത്രവീര്യൻ കാണപ്പെട്ടു. തന്റെ വിരലുകൾ ചുരുങ്ങി ചുരുങ്ങി ചെറുതാവുന്നതായി അയാൾ തിരിച്ചറിഞ്ഞു.
പൊടുന്നനെ ശരീരം മുഴുവനും കത്തിപ്പിടിച്ച ഒരു ശരീരം ആശുപത്രിയിലേക്ക് ഓടിക്കേറി. ആ ശരീരവും ആളുകളും നിലവിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കത്തിക്കൊണ്ടിരിക്കുന്ന ശരീരത്തിന്റെ മണം അവിടമാകെ പരന്നു. ആളുകൾ പേടിച്ച് മാറി നിന്നു. എവിടെ കേറി കിടക്കണമെന്നറിയാതെ അകത്തേക്ക് കേറിയതും ആ ശരീരം നിലത്ത് വീണു ഉരുണ്ടു.
നിന്ന നിൽപിൽ താനും പുകയുന്നതായി വിചിത്രവീര്യൻ അറിഞ്ഞു. എന്താണ് സംഭവിച്ചത്? കത്തിക്കൊണ്ടിരിക്കുന്ന ഒരു നിലവിളി വിചിത്രവീര്യന്റെ ഉളളു പൊളളിച്ചു.

തിരിച്ച് വീട്ടിലേക്ക് വന്ന് കേറുമ്പോൾ ശരീരത്തിന്റെ ഒരു ഭാഗം കത്തിക്കരിഞ്ഞതിന്റെ മണം വിചിത്രവീര്യൻ അനുഭവിച്ചു.
അന്ന് വൈകുന്നേരം ചെറിയ ഒരുറക്കത്തിൽ നിന്ന് എഴുന്നേറ്റ് ഒരു ചായക്കായി നിരത്തു വക്കിലെ ചായപ്പീടികയിലേക്ക് നടന്ന വിചിത്രവീര്യൻ ശരിക്കും അത്ഭുതപ്പെട്ടു.
ജൂലി തിരക്കി തിരക്കി നടന്നു വരുന്നു. തന്നെ കണ്ടതും അവൾ ഒന്നു നിന്നു.
ഒരു ചായ കൂടി പറഞ്ഞ് വിചിത്രവീര്യൻ നിശബ്ദനായി.
അവളെ അന്വേഷിക്കേണ്ടിയിരുന്നു.
ജൂലി ചായ ഊതി ഒരിറക്ക് കുടിച്ചു.
നാളെ നിനക്ക് പകരം വേറെ ആളുവരുമെന്ന് ദീപൻ പറഞ്ഞു.
കൈയിൽ കിടന്ന ഗ്ലാസിലെ ചായ ഉരുകി മറിയുന്നത് വിചിത്രവീര്യൻ അറിഞ്ഞു.
ഇനി എന്താണ് പറയേണ്ടത്.
തങ്ങൾ തീർത്തും അപരിചിതരായതുപോലെ അയാൾക്കു തോന്നി.
എനിക്കാകെ ഒരമ്മയാ ഉളളത്. ഇപ്പം തീരെ വയ്യ.
വിചിത്രവീര്യന് ജൂലിയെ നോക്കാൻ കഴിഞ്ഞു.
ഡിഗ്രി കഴിഞ്ഞ് ഒന്ന് രണ്ടു കൊല്ലം ശരിക്കും കഷ്ടപ്പെട്ടു. ടെക്‌സറ്റയിസിൽ വന്നതേ ഉണ്ടായിരുന്നുളളൂ. ഒരു ദിവസം ജോസഫേട്ടൻ വൈകീട്ട് വീട്ടിൽ വന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ വല്ലായ്മയെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു.
ഭാര്യയ്ക്ക് കുറച്ച് കൂടുതലാണെന്നും ഇന്ന് രാത്രി ഒന്ന് വന്ന് നിൽക്കാമോന്ന് ചോദിച്ചു.
എന്റെ അമ്മയുടെ കിടപ്പ് അറിയാവുന്നത് കൊണ്ട് അടുത്ത ഒരു ചേച്ചിയോട് പറഞ്ഞ് ഞാൻ ചെന്നു.
ഭാര്യ കിടക്കുകയായിരുന്നു. രാത്രി അയാൾ എന്നെ ശരിക്കും ഉപദ്രവിച്ചു. എന്റെ ചുണ്ടു കടിച്ചു മുറിച്ചു. ഒന്നും ചെയ്യാനാവാതെ ഞാൻ നിലവിളിച്ചു.
രാവിലെ ഇറങ്ങാൻ നേരത്ത് ഒരു ഗുളിക എടുത്ത് തന്ന് അയാൾ വീണ്ടും ഉറങ്ങാൻ കിടന്നു. അതുകൊണ്ട് ഇപ്പഴും ഒരു ജോലിയുണ്ട്. വീഴാൻ വേണ്ടി മാത്രം എണീറ്റു നിൽക്കുകയാണ്.

ജൂലിയുടെ കണ്ണുകൾ നിറയുന്നത് വാക്കുകളിൽ വിചിത്രവീര്യൻ അറിഞ്ഞു.
നീ ശരിക്കും പാവമാ... നിയൊന്നും ഒരാളുടെ അടുത്തും കുമ്പസരിക്കേണ്ടതില്ല.
ജൂലി നടന്നു പോകുന്നത് വിചിത്രവീര്യൻ കണ്ടു. അവളുടെ കണ്ണുകൾ തുടച്ചുകൊടുക്കാമായിരുന്നെന്ന് വിചിത്രവീര്യൻ ആശിച്ചു.
വീട്ടിലേക്ക് കേറാൻ തുടങ്ങിയെങ്കിലും വീട്ടുടമയെ നേരിടേണ്ടി വരുമെന്നോർത്ത് നേരെ നടക്കാൻ അയാൾ തീരുമാനിച്ചു.
വൈകുന്നേരത്തിന്റെ തണുത്ത കാറ്റ് ഓടി വന്ന് വിചിത്രവീര്യന്റെ മുന്നിൽ നിന്നു. ഓണത്തിരക്കിലേക്ക് നഗരം ഓടിക്കേറുകയാണെന്ന് വിചിത്രവീര്യൻ തിരിച്ചറിഞ്ഞു.

അധ്യായം എട്ട്: സാരി

സാരി ആണുങ്ങൾ കണ്ടുപിടിച്ചതാവും.
അല്ലെങ്കിൽ പത്തു മുപ്പതു പേർക്കുടുക്കാവുന്ന ഒരു തുണി കൊണ്ട് ഒറ്റൊരാളെ പൊതിയുന്നതെന്തിനാണ്. തന്റെ പെണ്ണ് തുളളിത്തെറിച്ച് പോകുമോ എന്ന പേടി ഏത് കാലത്തിലാണ് ഏത് ആണിനാണ് ഇല്ലാത്തത് ?

ഒരു ദിവസത്തിന്റെ ആയുസ്സുളള ചരിത്ര പുസ്തകങ്ങളാണ് പത്രങ്ങൾ. ജീവിച്ചിരിക്കുന്നവരെ കുറിച്ച് അവർ രസകരമായ കഥകൾ ഉണ്ടാക്കുന്നു. അവരുടെ കഥകളിൽ നിന്ന് രക്ഷപ്പെടുന്നത് അത്ര ദൗർഭാഗ്യകരമാണ്. അങ്ങനെയൊരു ദൗർഭാഗ്യമാണ് വല്ലപ്പോഴും മാത്രം പത്രങ്ങൾ മറിച്ചു നോക്കുന്ന വിചിത്രവീര്യനെ കാത്തിരുന്നത്.

ഇത്തവണ പുലർച്ചെ അഞ്ചരയോടെ എഴുന്നേറ്റ് അയാൾ വാതിൽ പൂട്ടി പുറത്തിറങ്ങുകയായിരുന്നു. ഒരു ഗ്ലാസ് ചായയും ഒരു പത്രവും അയാളുടെ മനസ്സിൽ ഉണ്ടായിരുന്നു. അതു കൂടാതെ മറ്റൊന്ന് കൂടി ഉണ്ടായിരുന്നെങ്കിലും അതേക്കുറിച്ച് ഇപ്പോൾ ഓർക്കേണ്ടതില്ലെന്ന് അയാൾ ഉറപ്പിച്ചിരുന്നു.

കുറച്ചധികം നടന്നതിനുശേഷമാണ് ഒരു മിൽമ ബൂത്തിനോട് ചേർന്ന കടയിൽ നിന്ന് ചായയും പത്രവും അയാൾക്ക് കിട്ടിയത്. ചെറിയ തണുത്ത കാറ്റ് അവിടെയവിടെയായ് തെരുവ് പട്ടികളെപ്പോലെ അലഞ്ഞ് നടക്കുന്നുണ്ട്. താൻ ഉണർന്നെണീറ്റ ദിവസം ഒരു മോശം പുലരിയാണെന്ന് ഓർത്തു കിട്ടാൻ പത്രം തുറക്കേണ്ടിയിരുന്നു.

പക്ഷെ ആദ്യമേ രണ്ടാമത്തെ പേജിലേക്ക് കണ്ണുകളെറിഞ്ഞ് വിചിത്രവീര്യൻ തിരഞ്ഞു തുടങ്ങി. പ്രതീക്ഷിച്ച ഒരു വാർത്ത കാണാഞ്ഞ് ബാക്കിയുളള മുഴുവൻ പേജുകളിലും അതേ പോലെ തിരയാൻ അയാൾ പണിപ്പെട്ടു.

എത്ര അനാവശ്യമായ സംഭവങ്ങളാണ് ഒരു ദിവസം ലോകത്തിൽ നടക്കുന്നത്. ലോകത്തെ പിന്നെയും പിന്നെയും വൃത്തികേടാക്കുന്നതിൽ പത്രങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് അയാൾ ഊഹിച്ചു. ഒരു തവണ എല്ലാം അരിച്ചു കഴിഞ്ഞപ്പോൾ പത്രം വാങ്ങേണ്ടിയിരുന്നില്ലെന്ന് അയാൾക്ക് തോന്നി.

എങ്ങനെയാണ് തീ പിടിച്ചോടിയ ഒരാളെ ലോകത്തിന് അവഗണിക്കാനാകുക. അതത്രയും നിസ്സാരമായ കാര്യമാണോ? അതൊരാത്മഹത്യ ശ്രമമായിരുന്നെങ്കിൽ, കൊലപാതക ശ്രമമായിരുന്നെങ്കിൽ കൂടിയും ചുട്ടുപൊളളിയവരുടെ കഥ കേൾക്കാൻ താൽപര്യമില്ലാത്തവരാവുമോ ഈ ലോകത്തിലുളളത്.

വിചിത്രവീര്യന് സുനിൽ വാടമ്പളളി എന്നൊരു കവിയെ ഓർമ്മ വന്നു. ഒരു മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റിൽ കുറച്ചു ദിവസം അയാൾക്കൊപ്പം ജോലി ചെയ്തത് അയാൾ ഓർത്തു. രാത്രി രണ്ടു നിലവീടിന്റെ ഏറ്റവും മുകളിലെ ആസ്പറ്റോസ് ഷീറ്റിനു കീഴിൽ ഉറങ്ങാതെ കിടക്കുമ്പോൾ അയാൾ പറയും.

ഞാൻ മരിച്ചാൽ എന്റെ പടം ജില്ലാ പേജിൽ വരും. നിനക്ക് അറിയാഞ്ഞിട്ടാണ്. ഞാൻ പ്രശസ്തനായ കവിയാണ്. എന്റെ കവിതകൾ പല മാസികകളിലും വന്നിട്ടുണ്ട്.
അതൊക്കെ കേൾക്കുമ്പോൾ എങ്ങനെയെങ്കിലും പെട്ടെന്ന് ഉറക്കിതരണേ എന്നല്ലാതെ കവിതകളെ പൊതുവിധ ഇഷ്ടമില്ലാതിരുന്ന എനിക്ക് മറ്റൊരു പ്രാർത്ഥനയും ഉണ്ടായിരുന്നില്ല.

ഒരു ദിവസം അയാൾ നാട്ടിൽ പോയിട്ട് തിരികെ വന്നില്ല. ആത്മഹത്യാപരമായിരുന്നു. അന്നത്തെ പത്രം മുഴുവൻ വിചിത്രവീര്യൻ അരിച്ചുപെറുക്കി. അയാളെക്കുറിച്ച് അന്നത്തെ ലോകം നിശബ്ദമായിരുന്നത് വിചിത്രവീര്യൻ ഓർത്തു.

പത്രം ആദ്യം ഓടയിലേക്ക് എറിയണമെന്ന് അയാൾക്ക് തോന്നി. പക്ഷെ തൊട്ടടുത്തായിരുന്ന മീൻമാർക്കറ്റിലേക്ക് നടക്കാൻ തോന്നി വിചിത്രവീര്യൻ അത് കൈയ്യിൽ തന്നെ പിടിച്ചു.
ഉടനെ മൊബൈൽ പ്രകാശിച്ചു.Ee Ulsavam season win cheyyu jeep compass car, bike pinne akarshiakamaya prizes. Dial cheyuga 573736 Toll free

ആരും വിളിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും തന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്യണമെന്ന് അയാൾക്ക് തോന്നി. അവിടുന്ന് കടൽക്കരയിലേക്ക് കടക്കുന്നതിനു മുമ്പ് തന്റെ കൈയ്യിലെ പത്രം ഒരു മീൻകാരന് കൊടുത്തപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം അയാൾ അനുഭവിച്ചു.
വെളിച്ചം കനത്ത് വരുന്നതേ ഉണ്ടായിരുന്നുളളൂ.
​കാക്കകൾ പലയിടങ്ങളിലായ് ഇരുന്ന് അടക്കം പറയുന്നുണ്ടായിരുന്നു. കടൽക്കരയിലേക്ക് വന്നിട്ട് വർഷങ്ങളായെന്ന് വിചിത്രവീര്യന് തോന്നി. ഒന്ന് രണ്ടു തെരുവ് നായകൾ ഓടി വരുന്നത് കണ്ടപ്പോൾ ചെറിയൊരു പേടി അയാളെ വളഞ്ഞു. പക്ഷെ അതൊരു പതിവുപോലെ മോശം ദിവസമായതുകൊണ്ട് എന്തും സംഭവിക്കാമെന്ന് അയാൾ ഉറപ്പിച്ചിരുന്നു.

ഇന്നത്തെ ദിവസം എങ്ങനെ കഴിച്ചു കൂട്ടാമെന്നും താൻ തിരികെ ചെല്ലുമ്പോൾ വീട്ടുടമ അവിടെ ഉണ്ടാകുമോ എന്നും വിചിത്രവീര്യൻ ചിന്തിക്കാതിരുന്നില്ല.
മനസ്സിലേക്ക് ദീപൻ കയറി വന്നത് പെട്ടെന്നായിരുന്നു. അതയാൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
സാരി ആണുങ്ങൾ കണ്ടുപിടിച്ചതാവും. അല്ലെങ്കിൽ പത്തു മുപ്പതു പേർക്കുടുക്കാവുന്ന ഒരു തുണി കൊണ്ട് ഒറ്റൊരാളെ പൊതിയുന്നതെന്തിനാണ്. തന്റെ പെണ്ണ് തുളളിത്തെറിച്ച് പോകുമോ എന്ന പേടി ഏത് കാലത്തിലാണ് ഏത് ആണിനാണ് ഇല്ലാത്തത് ? പക്ഷെ അപ്പോഴും അവൾ സുന്ദരിയാണെന്ന് ലോകം പറയണമെന്ന് ആണുങ്ങൾ ആഗ്രഹിച്ചു. അവിടെയാണ് കുഴപ്പമായത്.
ഒരു സാരിയുമായ് മുന്നിലൂടെ കടന്നു പോയവളെ നോക്കി ദീപൻ പറഞ്ഞു നിർത്തി.

ഭാര്യമാർ ശരിക്കും ഒരുപഗ്രഹമാണ്. പേരിന്നൊരു ഗുരുത്വാകർഷണം ഉണ്ടെന്നേയുളളൂ. താലിയുടെ, നിയമത്തിന്റെ പലരും പറയും പോലെ സ്‌നേഹത്തിന്റെ, അവർ എപ്പോൾ വേണമെങ്കിലും പരിക്രമണം മാറ്റാവുന്നതേയുളളൂ. അതുകൊണ്ട് അവരെ ഒരു കാലത്തും പൂർണ്ണമായും വിശ്വസിക്കരുത്. സ്‌നേഹിക്കുകയുമരുത്. അവരെ അഴിപ്പിക്കുകയും ഉടുപ്പിക്കുകയും ചെയ്യുക. അത്രമാത്രം.

വിചിത്രവീര്യന് അപ്പോൾ ദീപന് ഉണ്ടായേക്കാവുന്ന ഭാര്യയെ കാണണമെന്നു തോന്നി. പിന്നെ വേണ്ടെന്ന് വെച്ചു.
ഒരുപാട് അലച്ചിലുകൾക്കു ശേഷം ടൗണിൽ നിന്നുളള ബസിൽ ഇരിക്കുമ്പോൾ ഒന്ന് രണ്ട് സ്റ്റേജ് കഴിഞ്ഞ് തന്റെ അടുത്ത സീറ്റിൽ ദീപൻ വന്നിരുന്നത് ശരിക്കും അത്ഭുതമായി.
എന്താ, ഞങ്ങളെയൊക്കെ വിട്ടോ... ദീപൻ കാര്യമായി ചോദിച്ചു.
എയ്, അങ്ങനെയൊന്നുമില്ല.
തനിക്ക് ഞാനൊരു വഴി പറഞ്ഞു തരാം.
മറുത്തൊന്നും പറയാൻ പറ്റാത്ത രീതിയിൽ ദീപൻ തന്നെ തളച്ചിടുമെന്ന് വിചിത്രവീര്യൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തന്റെ സ്റ്റോപ്പും കഴിഞ്ഞ് ഏതാണ്ട് അരമുക്കാൽ മണിക്കൂർ കൂടി അതേ ബസ്സിൽ ഇരിക്കേണ്ടി വന്നു. പിന്നെയും ഒന്നു രണ്ട് ഓട്ടോയിൽ കുലുങ്ങി കുലുങ്ങി ഒരിടത്ത് ഇറങ്ങുമ്പോൾ ഒരു തട്ടുകട കണ്ണടക്കാൻ തുടങ്ങുകയായിരുന്നു.

ദീപൻ ഒരു ചായ നീട്ടി
ഇന്ന് സർവ്വതും എന്റെ വകയാണ്.
ദീപന്റെ മുഖത്ത് തെളിച്ചമുണ്ടായി. എന്താണ് കാരണമെന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും അയാളെ പൂർണ്ണമായി അനുസരിച്ചാൽ മതിയെന്ന് വിചിത്രവീര്യന് തോന്നി.

അതൊരു ഇടവഴിയായിരുന്നു. വലിയ സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ഞാനിവിടെ വരും. നിന്റെ പ്രശ്‌നങ്ങളൊക്കെ പറയാൻ ഇതിലും നല്ല സ്ഥലമില്ല. പക്ഷെ നീയും മനസ്സ് വെക്കണം.
ഒരു വാർപ്പിട്ട വീട്ടിലേക്ക് കേറിച്ചെന്ന് ദീപൻ ബെല്ലടിച്ചു. ഒരു കൊഴുത്തുരുണ്ട സ്ത്രീ അകത്തേക്ക് വിളിച്ചിരുത്തി ചിരിച്ചു.

ദീപൻ പറഞ്ഞു. ഇന്ന് ഞാൻ വരുന്നില്ല. ഇയാളെ ഒന്നും തണുപ്പിക്കണം.
ആ സ്ത്രീ ടി വി യുടെ റിമോട്ട് ദീപന് കൊടുത്ത് സ്വിച്ചിട്ടു. വിചിത്രവീര്യനോട് തൊട്ടടുത്ത മുറിയിൽ കേറാൻ പറഞ്ഞ് ദീപൻ വാർത്തകളിലേക്ക് ശ്രദ്ധിച്ചു.

ഇരുണ്ട വെളിച്ചമുളള മുറിയിലേക്ക് വിചിത്രവീര്യൻ നടന്നു. കാര്യങ്ങൾ ഏതാണ്ട് വ്യക്തമാവാൻ തുടങ്ങുകയായിരുന്നു. പക്ഷെ പെട്ടെന്ന് അരണ്ട വെളിച്ചത്തിൽ കണ്ട സായാഹ്ന പത്രത്തിലെ വാർത്ത വിചിത്രവീര്യൻ ഒറ്റനോട്ടത്തിൽ വായിച്ചെടുത്തു.

ഒന്നുമാലോചിക്കാതെ പുറത്തേക്ക് വേഗത്തിലിറങ്ങുമ്പോൾ തീയാളി കൊണ്ടിരുന്ന ഒരു രൂപം മനസ്സിലേക്ക് ഓടിക്കയറിയിരുന്നു. മനസ്സിൽ ആരോ വന്ന് പറയുന്നു ""അവൾ മരിച്ചിട്ടില്ല.'' ▮

(തുടരും)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വിമീഷ്‌ മണിയൂർ

നോവലിസ്​റ്റ്​, കവി. റേഷൻ കാർഡ്, ആനയുടെ വളർത്തു മൃഗമാണ് പാപ്പാൻ, എന്റെ നാമത്തിൽ ദൈവം, ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി, യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു (കവിത സമാഹാരങ്ങൾ), സാധാരണം (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. കവിതകൾ തമിഴ്, കന്നട, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments