ഒരു ദിവസം കൂടി അതിന്റെ മരണം കാത്ത് കിടക്കുകയാണ്.
ജീവിക്കാൻ ഒരു പ്രയാസവുമില്ലാത്തവർക്കുമാത്രമാണ് അതിന്റെ അടയാളങ്ങൾ ഉണ്ടാക്കേണ്ടതിന്റെ ബാധ്യത ഉളളൂ.
ഒരാളെ തന്നെ കാത്തിരിക്കുമ്പോൾ ചുറ്റുമുളള ലോകത്തിന് പെട്ടെന്ന് വയസ്സായി പോകും. നമ്മൾ അപ്പോൾ ഓരോ വേഗതയിൽ വിരിഞ്ഞു കൊണ്ടിരിക്കുന്ന പൂവുകളിൽ വെവ്വേറെ മരങ്ങളിൽ ആയിരിക്കും. നമുക്ക് വേണ്ടി മാത്രം ഒരു കാറ്റ് വീശേണ്ടിയിരിക്കുന്നു. അപ്പോൾ മാത്രമേ നമ്മുടെ മണങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യുകയുളളൂ.
രാവിലെ എട്ടുമണിയോടെ ടൗണിൽ വന്നിറങ്ങുന്ന ജിമിക്കി കമ്മൽ എന്ന ബസ് നോക്കിയിരിക്കുമ്പോൾ മനസ്സിലൂടെ ഏതൊക്കെയോ വാചകങ്ങൾ കടന്നു പോകുന്നത് വിചിത്രവീര്യൻ അറിഞ്ഞു. കുറഞ്ഞ ദിവസങ്ങളിലെ പരിചയത്തിനിടയിൽ എന്നും വന്നിറങ്ങുന്ന ആ ബസ്സിന്റെ പേര് പറഞ്ഞതല്ലാതെ അതിന്റെ സമയം എത്ര ശ്രമിച്ചിട്ടും വിചിത്രവീര്യന് ഓർമ്മിച്ചെടുക്കാനായില്ല. അതുകൊണ്ട് തന്നെ വളരെ നേരത്തെ ടൗണിൽ ചെന്ന് കാത്ത് നിൽക്കാമെന്ന് വിചിത്രവീര്യൻ കരുതി. ടൗൺ ബസ് സ്റ്റാന്റിൽ ഇറങ്ങി മാത്രമേ ടെക്സ്റ്റയിൽസിലേക്ക് ജൂലി നടക്കുളളൂ എന്നത് ഒരു വിശ്വാസമായിരുന്നു. വളരെ നേരത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ജിമ്മിക്കി കമ്മൽ സ്റ്റാന്റിലേക്ക് കേറി. അതിൽ നിന്ന് ഇറങ്ങി വരുന്നവരെ വിചിത്രവീര്യൻ സൂക്ഷിച്ചു നോക്കി. ഇറങ്ങി തീർന്നതും നിരാശനായി. ഇനി ചിലപ്പോൾ ഏതോ കഥയിൽ വായിച്ചപോലെ മറ്റൊരു രൂപത്തിൽ, മറ്റൊരു മുഖവുമായി ജീവിക്കുന്ന പെൺകുട്ടിയാവുമോ അവൾ.
കാത്തിരുന്ന് മടുത്ത് അയാൾ ഹോസ്പിറ്റലിലേക്ക് നടന്നു തുടങ്ങി.
പൊടുന്നനെ കണ്ണു ചിമ്മിയ ഫോൺ തുറന്നതും സോറി എന്നൊരു വാക്ക് കണ്ടു വിചിത്രവീര്യൻ അന്തിച്ചു.
ലോകത്ത് ആരോ തന്നോട് തെറ്റ് ചെയ്തതായ് വിശ്വസിക്കുന്നുണ്ടെന്ന തമാശ വിചിത്രവീര്യനെ രസം കൊളളിച്ചു. പക്ഷെ വെറും നമ്പർ മാത്രമായ ആ മെസ്സേജ് ആരോടോ മാറിപ്പോയതാവുമെന്ന് അയാൾ ഉറപ്പിച്ചു.
ഐ.സി.യുവിന്റെ മുമ്പിൽ ആ വൃദ്ധർ കൂടുതൽ അവശരായതു പോലെ അയാൾക്കു തോന്നി. ഒരു കടയിൽ നിന്ന് വാങ്ങിച്ച വെളളയപ്പവും കറിയും ഒരു കുപ്പിവെളളവും അയാൾ വൃദ്ധന് കൊടുത്തു. മടിച്ചു മടിച്ചാണെങ്കിലും ഇങ്ങനെയൊന്നും ഒരു ചെറിയ പരിചയത്തിന്റെ പേരിൽ നിങ്ങൾ ചെയ്യേണ്ടതില്ലെന്ന് വൃദ്ധൻ പറയുന്നതായ് വിചിത്രവീര്യൻ മനസ്സിലാക്കി.
അപ്പോഴേക്കും യൂണിഫോമിട്ട ഒരാൾ ഓടി വന്ന് ഭക്ഷണം ഇവിടെ നിന്ന് കഴിക്കരുതെന്നും കേന്റീനിൽ നിന്ന് മാത്രമേ ആകാവൂ എന്ന് അൽപം കനത്ത ശബ്ദത്തിൽ പറഞ്ഞു.
അയാൾ പോകുമ്പോൾ എന്തോ പിറുപിറുക്കുന്നത് വിചിത്രവീര്യൻ കണ്ടു.
അതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു തുടങ്ങിയാൽ ആ വൃദ്ധർക്ക് ചിലപ്പോൾ വീണ്ടും അസ്വസ്ഥതയുണ്ടാകുമെന്ന് കണ്ട് വിചിത്രവീര്യൻ ചുറ്റും വെറുതെ നോക്കി.
കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം തൂങ്ങിയാടുന്ന ഒട്ടും ത്രാണിയില്ലാത്ത ശബ്ദത്തിൽ വൃദ്ധൻ ചോദിച്ചു.
"നിങ്ങൾക്ക് ആരിഫയെ അറിയാമോ ?'
അവളുടെ പേര് അറിഞ്ഞതിനേക്കാൾ പെട്ടെന്ന് മറ്റൊരു കളളമുണ്ടാക്കേണ്ടതിന്റെ ധൃതിയിൽ കൂടുതൽ നിശബ്ദമാകാമെന്ന് വിചിത്രവീര്യൻ തീരുമാനിച്ചു.ഉടനെ ഒന്ന് തലയാട്ടി. അതൊരു നല്ല തീരുമാനമായി വിചിത്രവീര്യന് അനുഭവപ്പെട്ടു.
"പത്ത് നാൽപ്പത് കൊല്ലം നാട്ടിലെ മദ്രസ്സയിൽ പഠിപ്പിച്ച് . അതുകൊണ്ട് തിന്നാൻ ഉളളത് അളള തന്ന്ക്ക്ണ്. ഇവളെ കെട്ടിക്കേണ്ടി വന്നപ്പം ഉളള വീടും പറമ്പും കൊടുത്ത്, ഓളെ ഉമ്മാനെ തൊട്ടടുത്തുളള യത്തീഖാനേല് കൊണ്ടാക്കി.
ആ വീട് ഓര് വിറ്റ്ക്ക്ണ്, ഓളെയും' ആ വൃദ്ധൻ പറഞ്ഞു നിർത്തി കണ്ണ് തുടച്ചു.
"ഒരെറച്ചി വെന്ത മണം ഇപ്പഴും ഇവിടെയുണ്ട്. എനിക്കത് പോയി കാണാമ്പറ്റൂല്ല.'
വിചിത്രവീര്യൻ വൃദ്ധനെ പിടിച്ച് കസാരയിൽ ഇരുത്തി. നേരത്തെ വന്ന് പറഞ്ഞ സെക്യൂരിറ്റി ദൂരെ നിന്ന് നോക്കി കടന്നു പോയി.
"നിങ്ങൾ കേന്റീനിൽ പോയി ഇത് കഴിച്ച് വരൂ. ഇവിടെ ഞാൻ ഇരുന്നോളാം....'
വൃദ്ധൻ ദയനീയമായി നോക്കി.
വിചിത്രവീര്യൻ നിർബന്ധിച്ചു.
"എനിക്കൊന്നും ഇപ്പം എറങ്ങൂല. പക്ഷെ ഇപ്പം ഞാൻ എണിറ്റിക്കില്ലേ, ഓളെ ഉമ്മ ചത്തു പോവും.'
"പത്ത് നൂറ്റാണ്ടിന്റെ കരച്ചിൽ കരഞ്ഞ ഹൂറിയാ...'
തന്റെ ഭാര്യയെയും കൂട്ടി ആ വൃദ്ധൻ ഇറങ്ങുമ്പോൾ നിലത്ത് വീണ ഒരു തുളളി പതച്ചു ഉരുകുന്നത് വിചിത്രവീര്യൻ അറിഞ്ഞു.
സെക്യൂരിറ്റി വീണ്ടും വന്ന് നോക്കിയപ്പോൾ വൃദ്ധരെ കാണാത്തതിൽ സന്തോഷിക്കുന്നുണ്ടെന്ന് തോന്നി. അയാൾ അടുത്തേക്ക് വന്നു.
"നിങ്ങൾ കുടുംബക്കാരാണോ....' അയാൾ ചോദിച്ചു.
"അതെ....' വിചിത്രവീര്യൻ മറുപടി കൊടുത്തു.
"കൊറേ മരുന്നും മറ്റും വാങ്ങാനുളള ഷീട്ട് കൊടുത്തിട്ട് തന്നെ ഒരു ദിവസമായി. കൈയ്യിൽ കാശില്ലെന്നാ പറയുന്നത്.'
ചങ്കിലെവിടെയോ മണ്ണിടിയുന്നതിന്റെ ശബ്ദം വിചിത്രവീര്യൻ കേട്ടു.
താൻ വളരെ ഭാഗ്യവാനാണെന്നും തന്റേതു ഒരു പ്രശ്‌നമല്ലെന്നും അയാൾക്ക് തോന്നി.
അൽപസമയം കഴിഞ്ഞ് ആ വൃദ്ധ ദമ്പതിമാർ വന്നു.
"അവരോട് പറഞ്ഞാൽ വേണമെങ്കിൽ കാണാം.' വൃദ്ധൻ ഓർമ്മിപ്പിച്ചു.
"ഇപ്പോൾ വേണ്ട.' വിചിത്രവീര്യൻ മറുപടി പറഞ്ഞു.
"അവള് ജീവനോടെ എനി പുറത്ത് വരില്ല മോനെ. അവള് മരിച്ചു പോട്ടെ എന്ന് എല്ലാ ദിവസവും ഞാൻ പ്രാർത്ഥിക്കുന്നുണ്ട്. പക്ഷെ ആ നിക്കുന്ന പെണ്ണുങ്ങളുടെ കണ്ണീര് എനിക്ക് പേടിയാ..........'
വൃദ്ധയുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി അയാൾ പറഞ്ഞു.
കീശയിലുണ്ടായിരുന്ന മുഴുവൻ പൈസയും ആ വൃദ്ധന്റെ കൈയ്യിൽ വെച്ച് തിരിച്ചു നടക്കുമ്പോൾ വിചിത്രവീര്യന്റെ ഉളളിൽ നിൽക്കാത്ത ഒരു കരകരപ്പ് ഉണ്ടായി. അയാൾ ഒരു നിമിഷം ആശുപത്രിക്ക് മുൻവശത്തെ കസാരയിൽ ഇരുന്നു.
ശോഭിക ടെക്സ്റ്റയിൽസിന്റെ എതിർവശത്ത് ജൂലി ജോലി കഴിഞ്ഞ് ഇറങ്ങുന്നതും കാത്ത് പിന്നെയും കുറേ നേരം വിചിത്രവീര്യൻ പലതുമാലോചിച്ച് നിന്നു. ഏതാണ്ട് ഒമ്പതു മണിയായതും ജോസഫേട്ടൻ ഇറങ്ങുന്നതും പാർക്കിങ്ങിൽ നിർത്തിയിട്ടിരിക്കുന്ന സ്‌കൂട്ടർ എടുക്കുന്നതും പിന്നാലെ ജൂലി വന്ന് വണ്ടിയിൽ കേറുന്നതും കണ്ട് വിചിത്രവീര്യൻ ശരിക്കും അസ്വസ്ഥനായി.
റോഡിലേക്ക് ഇറങ്ങി നിന്ന തന്നെ ജൂലി കണ്ടെന്ന് അയാൾക്ക് തോന്നി.
തെരുവുവിളക്കുകൾ വെളിച്ചം ഒഴുക്കിക്കൊണ്ടിരുന്നു.
തെരുവിലൂടെ നടക്കാമെന്നയാൾക്ക് തോന്നി.
തിരക്കിട്ടു പോകുന്നവരുടെ മുഖങ്ങൾ അയാൾക്കു മുന്നിലൂടെ മിന്നി കടന്നു പോയി. താൻ ഒന്നിലും ശ്രദ്ധിക്കുന്നില്ലെന്ന് അയാൾക്കുറപ്പായിരുന്നു. കൂടുതലെന്തെങ്കിലും ശ്രദ്ധിക്കാൻ താനും നിലവിളിച്ച് ആ രാത്രിയിലൂടെ ഓടേണ്ടി വരുമെന്ന് അയാൾ ഉറപ്പിച്ചു.
റൂമിലെത്തിയതും നേരെ കട്ടിലിലേക്ക് അമർന്നു.
ഒരു ദിവസം കൂടി അതിന്റെ മരണം കാത്ത് കിടക്കുകയാണ്. ജീവിക്കാൻ ഒരു പ്രയാസവുമില്ലാത്തവർക്കുമാത്രമാണ് അതിന്റെ അടയാളങ്ങൾ ഉണ്ടാക്കേണ്ടതിന്റെ ബാധ്യത ഉളളൂ. തന്റേത് ഒരു ചെറിയ വെയിലിൽ ആറി ഉണങ്ങി പോകുന്ന ഒരു നനവാണെന്ന് അയാൾ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
വാതിലിൽ മുട്ടു കേട്ടപ്പോൾ വീട്ടുടമസ്ഥനാവും എന്ന് വിചിത്രവീര്യൻ ഏതാണ്ട് തീരുമാനിച്ചു.
ഒരു പ്ലെയിറ്റ് ചോറും, കറിയും നീട്ടി ഒരു ബംഗാളി പറഞ്ഞു.
"സാമ്പാറാ... കക്കുവോ'
വിചിത്രവീര്യന് നല്ല വിശപ്പ് തോന്നി. അയാൾ കൈ കൂടി കഴുകാതെ വാരി വലിച്ചു തിന്നു തുടങ്ങി.
തിന്നു കഴിഞ്ഞ് വിചിത്രവീര്യൻ കാൽ ജനൽ വഴി പുറത്തേക്കിട്ട് മേശയിൽ കിടന്നു. മുമ്പെപ്പഴോ പുറപ്പെട്ട ഒരു നക്ഷത്ര വെളിച്ചം അയാളെ മുന്നിൽ പെട്ടു. പണ്ടെങ്ങോ ജീവിച്ചു മരിച്ച ഒരാൾ മാത്രമായിരിക്കുമോ താനെന്ന് അയാൾ സംശയിച്ചു.
ഈ രാത്രിയെ എങ്ങനെ ഞെക്കിക്കൊല്ലാനാവുമെന്ന് അയാൾ ചിന്തിച്ചു.
ഉറക്കം വരാത്തവരുടെ ദൈവം ആരാണ്? ഉറങ്ങാൻ കൂടി കഴിവില്ലായിരുന്നെങ്കിൽ മനുഷ്യന്റെ ആയുസ്സ് എത്രയോ മുമ്പേ അവസാനിച്ചേനെ എന്നയാൾ തിരിച്ചറിഞ്ഞു.
ഉറക്കം അന്ധനായ ഒരു കുട്ടിയാണ്. ഒരു ഞെട്ടൽ മതി മരിച്ചു വീഴാൻ
അധ്യായം പന്ത്രണ്ട് : അടുപ്പ്
ചില മനുഷ്യർ കാട്ടിലെ മൃഗങ്ങളെ പോലെയാണ്. അങ്ങനെ ചിലർ ജീവിച്ചിരുപ്പുണ്ടെന്ന് ജനം മറന്ന് പോവും, ഒരു കാട് കാണും വരെ.
ഓരോ അവയവവും ഓരോ മനുഷ്യരാണ്. എപ്പോഴും പറ്റിച്ചേർന്ന് ഒട്ടും സ്വതന്ത്രരല്ലാതെ ജീവിക്കേണ്ടി വരുന്നതിന്റെ അസ്വസ്ഥത എത്രകാലം മറച്ചു പിടിക്കാനാവും. ഒരിക്കലും ഒരുപോലെ ചിന്തിച്ചിട്ടില്ലാത്ത ഒരു കൂട്ടം ആളുകളുടെ ആവാസ വ്യവസ്ഥയാണ് ഓരോ ശരീരവും. അതിന്റെ നിയമങ്ങൾ ഒരിക്കൽ തെറ്റിയാൽ മുറിച്ചൊട്ടിക്കാൻ ഒരു കൂട്ട മരണം തന്നെ വേണ്ടി വന്നേക്കും. അതുമല്ലെങ്കിൽ ഇലകൾ പോലെ ഒന്നൊന്നായ് കൊഴിഞ്ഞു പോകുന്നത് നോക്കി നിൽക്കാനേ ഏതൊരാൾക്കും സാധിക്കുകയുളളൂ. ഒരിക്കലും ചേരാത്ത മുദ്രാവാക്യങ്ങൾ വിളിച്ചുളള ഒരു ജാഥ.
ഒന്നു രണ്ടു ദിവസത്തെ തകൃതിയായ അലച്ചിലുകൾക്കു ശേഷം വിചിത്രവീര്യനെ തേടി ഒരു ഫോൺ കോൾ വരികയായിരുന്നു. വളരെ കുറഞ്ഞ വാക്കുകൾക്കിടയിൽ അതൊരു പ്ലയിസ്‌മെന്റ് സെല്ലിൽ നിന്നുളള വിളിയാണെന്ന് വിചിത്രവീര്യൻ മനസ്സിലാക്കിയിരുന്നു.
"ഡെയ്‌ലി വേജാണ്. ആദ്യ ഒരാഴ്ചത്തെ 50 പെർസന്റേജ് ഞങ്ങൾക്ക് കമ്മീഷനായി തരേണ്ടി വരും. പണി സുഖമുളളതാണ്. അത് നിങ്ങളുടെ ഭാഗ്യം.'
പിറ്റേന്ന് ഏഴ് മണിയോടെ കടയിൽ ചെല്ലുമ്പോൾ ഒരു കണ്ണടയും പുറത്തെടുത്തു വെച്ച ചിരിയുമുളള ഒരാൾ തന്നെ കാത്തിരിക്കുകയായിരുന്നു. അയാൾ തൊട്ടു മുന്നിലുണ്ടായിരുന്ന സ്റ്റൂളിൽ ഇരിക്കാൻ ധൈര്യപ്പെട്ടില്ല. ആ കസേര നിറയെ പച്ചക്കായയുടെ കറ പിടിച്ചിരിക്കുന്നതു അയാൾ കണ്ടിരിക്കണം.
വിചിത്രവീര്യൻ "അതെ...'
അയാൾ കട മൊതലാളിയെ പരിചയപ്പെടുത്തി.
വറുത്തകായ മാത്രം ഉണ്ടാക്കുന്ന ഒരു കടയായിരുന്നു അത്. കടയോടു ചേർന്ന മുറിയിൽ എപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന ഒരു വലിയ അടുപ്പും ചട്ടിയുമുണ്ടായിരുന്നു. അതിന്റെ തൊട്ടപ്പുറത്ത് പുകയോടു കൂടി വൃദ്ധനായ ഒരാളെ വിചിത്രവീര്യൻ കണ്ടു.
ഈ കട താൻ പലവട്ടം കണ്ടിട്ടുണ്ട്. ഈ കടയുടെ പടിയിൽ ഒരു കസാരയിൽ സദാ സമയം പച്ചക്കായ ചെത്തിയിട്ടിരുന്ന ഒരു മനുഷ്യനെ വിചിത്രവീര്യൻ ഓർത്തു.
അയാൾ മരിച്ചു. പിന്നെ ഓണമല്ലേ. ഒരുപാട് ഓർഡറുണ്ട്. അതാണ് പെട്ടെന്ന് തന്നെ വേണമെന്ന് പറഞ്ഞത്.
പെട്ടിയിൽ നിന്ന് രണ്ടു മൂന്ന് നോട്ടുകൾ കടയുടമ ഏജന്റിന് കൊടുക്കുന്നത്വിചിത്രവീര്യൻ കണ്ടു.
പുറത്തേക്കിറങ്ങി അയാൾ വിചിത്രവീര്യനോട് ചിരിച്ചു. "നിങ്ങളുടെ പണി മനസ്സിലായിക്കാണുമല്ലോ. ഇത്ര അദ്ധ്വാനം കുറവുളള പണി ഈ നാട്ടിൽ വേറെയില്ല. പിന്നെ ഒരാഴ്ചയെങ്കിലും കുറഞ്ഞത് നിങ്ങൾ ഇവിടെ നിൽക്കണം. അല്ലെങ്കിൽ ഈ കമ്മീഷൻ പോലും തിരിച്ചു കോടുക്കേണ്ടി വരും.'
അയാൾ പോയികഴിഞ്ഞപ്പോൾ കടയുടമ സ്റ്റൂൾ ചൂണ്ടിക്കാണിച്ചു. രണ്ടു മൂന്ന് പച്ച നേന്ത്രവാഴക്കുലയും അരിഞ്ഞിടാനുളള ഉപകരണവും പാത്രവും മുന്നിൽ വെച്ചു കൊടുത്തു. ചെയ്യാനുളള വിധം വിശദമായി പറഞ്ഞു കൊടുക്കുന്നതിനിടയിൽ കടയുടമ പതിനൊന്ന് മണിയോടു കൂടി ഫ്രീയായ് കിട്ടുന്ന ചായയുടെയും ഉച്ചയ്ക്ക് അതേ പോലെ കിട്ടുന്ന പാതി ചോറിന്റെ കാര്യവും സൂചിപ്പിച്ചു.
വിചിത്രവീര്യൻ തിരിഞ്ഞ് അടുപ്പിന് പുറത്ത് നിൽക്കുന്ന വൃദ്ധനിലേക്ക് നോക്കി. അയാളുടെ മുടിക്കു പകരം പുകയുടെ വെളുത്ത വേരുകൾ വിചിത്രവീര്യൻ കണ്ടു.
പന്ത്രണ്ടരയോടെ ഒരു ചായ വിചിത്രവീര്യന്റെ തൊട്ടടുത്ത് വന്ന് നിന്നു. വിചിത്രവീര്യൻ അടുപ്പ് മുറിയിലേക്ക് നോക്കി.
അയാളു കുടിക്കില്ല. കടയുടമ വിളിച്ചു പറഞ്ഞു.
ഇടതു കൈ കൊണ്ട് ഒരിറക്ക് കുടിച്ചതും തന്റെ കൈയ്യിലെ വാഴക്കറ ഗ്ലാസിൽ പറ്റിപ്പിടിച്ചതു പോലെ വിചിത്രവീര്യനു തോന്നി.
പണ്ട് താൻ അച്ഛനോട് വളരെ ചെറുപ്പത്തിൽ ചോദിച്ച സംശയം അയാളുടെ മനസ്സിൽ വന്നു.
"ഏത് കൈ കൊണ്ടാ അച്ഛാ ചന്തി കഴുകുന്നത്?'
"ഇടത് കൈ............'
"ഏത് കൈയ്യാ ഇടത്തേ കൈയ്യ്'
അച്ഛൻ ഒന്നു സംശയിച്ചു
"നീ ചോറു വാരി തിന്നുന്ന കൈ അല്ലാത്തത്'
"അച്ഛനല്ലേ വാരിതരുന്നത്......'
അന്നു മുതൽ സ്വന്തമായി വാരി തിന്നേണ്ടി വന്നത് വിചിത്രവീര്യൻ ഓർത്തു. പിന്നെയും ഇടത്തും വലത്തും പലപ്പോഴും മനസ്സിൽ നിന്നില്ല
ഉച്ചയോടെ കൈ നീറി പുകഞ്ഞു തുടങ്ങിയിരുന്നു. ശരീരമാകെ ഒരു മരക്കട്ടയെ പോലെ അനങ്ങാൻ വിസമ്മതിച്ചു നിന്നു.
രണ്ടു മണിയോടെ ചോറ് കൊണ്ടു വരപ്പെട്ടു. അതിൽ രണ്ടു പൊതിയാണുളളതെന്ന് വിചിത്രവീര്യൻ കണ്ടു.
ഒരു പൊതി വിചിത്രവീര്യന്റെ മുമ്പിൽ വെച്ച് കടയുടമ പറഞ്ഞു.
"ചേട്ടനെ കൂടി വിളിച്ചോ...'
അൽപ്പനിമിഷങ്ങൾക്കുളളിൽ അടുപ്പുകാരനെ മുഴുവനായ് വിചിത്രവീര്യൻ കണ്ടു. അയാൾ മനുഷ്യൻ തന്നെയാണെന്ന് വിചിത്രവീര്യന് ഉറപ്പ് വന്നു
ഒന്നിലെ ഒരു പൊതി അഴിച്ചതും ഇലയുടെ ഒരരികിലേക്ക് ഒരു കൈ ചോറ് മാറ്റി വെച്ച് ആ വൃദ്ധൻ ചിരിക്കാൻ ശ്രമിച്ചു. കൃത്യമായ അകലത്തിൽ നട്ട മരങ്ങൾ പോലെ മൂന്നു പല്ലുകൾ വശങ്ങളിലായ് തെളിഞ്ഞു.
രണ്ടു ഹാഫ് വെവ്വേറെ വാങ്ങിയാൽ ഇരുപത് രൂപ കൂടുതൽ കൊടുക്കണം.
കഴിക്കുന്നതിനിടെ ആ വൃദ്ധൻ ഒന്നും മിണ്ടിയില്ല. രണ്ടു മൂന്നു മിനുറ്റ് കൊണ്ട് വേഗം കഴിച്ച് കഴിഞ്ഞ് അയാൾ വേഗം അടുപ്പിനടുത്തേക്ക് പോയി.
അയാൾക്ക് പുകയിലല്ലാതെ ജീവിക്കാൻ ആവില്ലെന്ന് വിചിത്രവീര്യൻ മനസ്സിലാക്കി.
മുന്നിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലേക്കും ആൾക്കാരിലേക്കും വിചിത്രവീര്യൻ മാറി മാറി നോക്കി. പുതിയൊരാളെ കണ്ടതിനാൽ ചിലർ അസ്വസ്ഥരായതുപോലെ വിചിത്രവീര്യനെ തോന്നി.
വിചിത്രവീര്യൻ അയാളുടെ മുഖമോർമ്മിക്കാൻ ശ്രമിച്ചു. അതൊരു മഞ്ഞച്ചമുഖമായിരുന്നു. വെയിൻ മഞ്ഞളോടു കൂടി ഒലിക്കുന്ന ആ കാഴ്ച വിചിത്രവീര്യൻ പലതവണ കണ്ടിട്ടുണ്ട്. പക്ഷെ അയാൾ ചിരിക്കാൻ ശ്രമിക്കുകയോ പല്ലുകൾ വെറുതെയെങ്കിലും പുറത്ത് കാട്ടുകയോ ചെയ്തില്ല. അയാൾ മണ്ണിൽ വേരുകളുളള ഒരു ചില്ലയെയോ വളഞ്ഞ മരമോ ആണെന്ന് തോന്നി. അയാൾ ദൈവത്തോട് ചലിക്കുന്ന കൈകൾ ചോദിച്ച് വാങ്ങിയിരിക്കാമെന്ന് അന്നൊക്കെ വിചിത്രവീര്യൻ വിചാരിച്ചു. ആൾ മരിച്ചു പോകുമെന്ന ചിന്ത ഒരിക്കലും ആലോചിച്ചിരുന്നേയില്ല.
സൂക്കേടുകാരനായിരുന്നു. ഒരാളും ജോലിക്ക് വിളിക്കാഞ്ഞപ്പോ വന്നു കേറിയതാണ്. പിന്നെയിവിടെയായ് കടയുടമ ഇടയ്ക്ക് പറഞ്ഞു.
അയാളൊരു നല്ല മനുഷ്യനായിരുന്നു. കടയുടമ ഓർമ്മിപ്പിച്ചു. ചായയും ചോറും കൂടാതെ രാത്രിയിലേക്ക് 50 രൂപയെ അയാൾ വാങ്ങുകയുളളൂ. രാവിലെ ആറരയോടെ വന്ന് കടയുടെ മുന്നിരിക്കും
കടയുടമ ഇപ്പം വരാമെന്ന് പുറത്തിറങ്ങി.
അയാൾ നല്ല മനുഷ്യനായതിൽ വിചിത്രവീര്യന് അത്ഭുതം തോന്നിയില്ല.
പൊടുന്നനെ ആശുപത്രിയിൽ കുന്നിക്കൂടിയിരിക്കുന്ന വൃദ്ധദമ്പതികളെ വിചിത്രവീര്യന് ഓർമ്മ വന്നു. അവർ എന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ?
രാത്രി ഏഴരയോടെ അസഹ്യമായ കൈവേദനയിൽ "പണി മതിയാക്കി എഴുന്നേൽക്കാൻ' കടയുടമ പറഞ്ഞു.
നിങ്ങൾക്ക് വേഗതയില്ല. അയാൾ ഉച്ചയോടെ ഇത്രകം ചെയ്തു തീർക്കുമായിരുന്നു, കടയുടമ പറഞ്ഞു.
വിചിത്രവീര്യൻ ഒന്നും മിണ്ടിയില്ല. നിശബ്ദത എന്നതാണ് ഇവിടെ ഏറ്റവും വേഗത്തിൽ പ്രവർത്തിക്കേണ്ട യന്ത്രമെന്ന് വിചിത്രവീരന് തോന്നി. അടുപ്പു മുറിയിൽ നിന്ന് മടിച്ച് മടിച്ച് വൃദ്ധൻ ഇറങ്ങി. കൈകൾ കൈകിയെന്ന് വരുത്തി അയാൾ പുറത്തിറങ്ങി നിന്നു.
പുറത്തിറങ്ങുന്നതിനു മുമ്പ് അടുപ്പുകാരനെ വിളിച്ച് നൂറു രൂപ വെച്ചു കൊടുത്തു.
അടുത്ത ഊഴം വിചിത്രവീര്യന്റെതായിരുന്നു. നൂറ്റമ്പത് രൂപയാണ് നിങ്ങൾക്ക്. കമ്മീഷൻ കുറച്ച് എഴുപതേ ഒരാഴ്ച തരുളളൂ.
ടൗണിലേക്ക് നടന്ന് ബസ്സ് സ്റ്റാന്റിൽ വിചിത്രവീര്യൻ കുറെ നിന്ന നിൽപ് നിന്നു. താൻ ആളാകെ മാറിയെന്നും ഇനിയൊരാൾക്കും തന്നെ കണ്ടുപിടിക്കാനാവില്ലെന്നും അയാൾക്ക് തോന്നി. ഒരു പക്ഷെ തന്റെ വീട്ടുടമസ്ഥൻ പോലും തന്നെ ഒരപരിചിതനെ പോലെയേ ഇനി മുതൽ നോക്കൂ.
ചില മനുഷ്യർ കാട്ടിലെ മൃഗങ്ങളെ പോലെയാണ്. അങ്ങനെ ചിലർ ജീവിച്ചിരുപ്പുണ്ടെന്ന് ജനം മറന്നുപോവും, ഒരു കാട് കാണും വരെ. ▮
(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.