ചിത്രീകരണം : ജാസില ലുലു

ശ്ലീലം

അധ്യായം പതിമൂന്ന് : മുല

ഴിഞ്ഞുപോയ ദിവസങ്ങളോളം വിശ്വസിക്കാൻ കൊളളാവുന്നതായി ഒന്നുമില്ല. അവ പറ്റാവുന്നത് ചെയ്തു. ഒരുണർവ് കൊണ്ടും ഉറക്കം കൊണ്ടും ഇല്ലാതായി.
ഒരുറപ്പുമില്ലാത്ത ദിവസങ്ങൾക്കു വേണ്ടി കലണ്ടറിൽ നോക്കുന്നവരാണ് മനുഷ്യർ. വരാനിരിക്കുന്ന ഒരു ദിവസം പോലും തൊടാനാവാതെ അവരിൽ പലരും മുറിഞ്ഞുവീഴും. അവർ അടയാളപ്പെടുത്തി വച്ച ഓരോന്നും അടർന്നു വീണു തുടങ്ങും.
കഴിഞ്ഞു പോയ ദിവസങ്ങളോളം വിശ്വസിക്കാൻ കൊളളാവുന്നതായി ഒന്നുമില്ല. അവ പറ്റാവുന്നത് ചെയ്തു. ഒരുണർവ്വ് കൊണ്ടും ഉറക്കം കൊണ്ടും ഇല്ലാതായി.

പിറ്റേന്ന് തിരുവോണമാണെന്ന വാർത്തയെ ഒരു ഞായറാഴ്ചയുടെ മുഖത്ത് നോക്കുന്നതുപോലെ മാത്രം വിചിത്രവീര്യൻ കണ്ടു. വളരെ നേരത്തെ കിടക്കാൻ ശ്രമിച്ചെങ്കിലും ആ ദിവസം അവസാനിക്കാൻ പിന്നെയും വൈകി.
ആദ്യമായി ഉത്തേജനം ഉണ്ടായ നിമിഷത്തെ കുറിച്ച് വിചിത്രവീര്യൻ ഉറക്കം വരുന്നതിനു മുമ്പെ ആലോചിച്ചു.

ഒരു രാത്രി കാവിയിട്ട നിലത്ത് കമിഴ്ന്ന് കിടക്കുകയായിരുന്നു. എന്തെന്നില്ലാത്ത സുഖം വന്നു കേറിയതും തന്റെ അര അതേ നിലയിൽ പതിയെ കാവിയോട് ചേർത്ത് ഉരച്ചു കൊണ്ടിരുന്നു. തരിതരിയായ് സുഖം കയറിക്കൊണ്ടിരുന്നു. ഒടുക്കം പ്രളയമുണ്ടായി. താൻ മുതിർന്നു കഴിഞ്ഞത് കാണാതെ ലോകം കണ്ണടച്ച് കിടക്കുകയാണെന്ന തോന്നലുണ്ടായി.

ഫോൺ കരയുന്നത് കേട്ടാണ് വിചിത്രവീര്യൻ എഴുന്നേറ്റത്.
ദീപനാണ്.
അതൊരു മിസ്‌ഡ് കോൾ ആണെന്ന് കരുതി കാത്തു നിന്നു. പക്ഷെ അങ്ങനെ അല്ലെന്ന് തോന്നിയെങ്കിലും എടുക്കാതെ ഒരു മിസ്‌ഡ് കോളായി അവസാനിക്കാനായിരുന്നു അതിന്റെ വിധി.

എഴുന്നേറ്റ് വേഗം കുളിച്ച് പല്ലുതേച്ച് കക്കൂസിൽ പോയി വിചിത്രവീര്യൻ മുറിപൂട്ടി ഇറങ്ങി. തന്റെ കൈയിലേക്ക് നോക്കിയ അയാൾക്ക് മതിപ്പ് തോന്നി. കൈകൾ ഇല്ലായിരുന്നെങ്കിൽ ഈ ജോലി എങ്ങനെ ചെയ്യുമായിരുന്നെന്ന് അയാൾ വ്യാകുലപ്പെട്ടു.

അയാൾ എത്തുമ്പോഴേക്കും കട തുറന്ന് കഴിഞ്ഞിരുന്നു. കൂടുതലൊന്നും പറയാതെ വിചിത്രവീര്യൻ പണി തുടങ്ങി കഴിഞ്ഞിരുന്നു. തൊട്ടപ്പുറത്തുളള കടകളൊന്നും തുറക്കാതിരുന്നത് വിചിത്രവീര്യന് ഒട്ടും അത്ഭുതം ഉണ്ടാക്കിയില്ല. ഇന്ന് രാത്രി തനിക്ക് കിട്ടാനിരിക്കുന്ന എഴുപത് രൂപയിലേക്ക് മാത്രം അയാൾ ശ്രദ്ധിച്ചു. പുകയുടെ പുറകിൽ നിൽക്കുന്ന ഒരു വൃദ്ധന്റെ പതിഞ്ഞ ശ്വാസം അയാൾക്കിപ്പോൾ തിരിഞ്ഞു നോക്കാതെ മനസ്സിലാക്കാമെന്നായിരുന്നു.

ഒന്നു രണ്ടു ബൈക്കുകാർ വണ്ടി നിർത്തി വർത്തകായ പാക്കുകൾ വാങ്ങിപോകുന്നത് അയാൾ കണ്ടു. കുറച്ചു കഴിഞ്ഞതും ഒരു ഓട്ടോ വന്ന് തൊട്ടുമുന്നിൽ നിന്നു. പത്ത് രണ്ടായിരം കവറുകൾ അതിൽ കടയുടമ ഒറ്റയ്ക്ക് നിറച്ചു. പതിയെ ഒട്ടും ഉത്സാഹമില്ലാതെ ആ വണ്ടി ഓടി തുടങ്ങി.

ഉച്ചയോടെ ചുറ്റുപാടുളള റോഡിൽ വിജനമാവുന്നത് വിചിത്രവീര്യൻ നോക്കിക്കണ്ടു. ഇപ്പോൾ വീടുകളിൽ എന്താണ് സംഭവിക്കുന്നുണ്ടാവുക. പറഞ്ഞു കേട്ടതുപോലെ ഊഞ്ഞാലുകളും പൂക്കളങ്ങളും ഇപ്പോഴും ആളുകൾ ഒരുക്കുന്നുണ്ടാവുമോ. സ്വന്തം വീടിനെ കുറിച്ച് ആലോചിക്കുമ്പോഴൊക്കെ കടന്നു വരാറുളള മരുഭൂമിയുടെ ചിത്രം അയാൾ തൽക്കാലത്തേയ്ക്ക് മറച്ചു പിടിച്ചു.

കുറച്ചു കഴിഞ്ഞ് ഇപ്പോൾ വരാമെന്ന് പറഞ്ഞ് കടയുടമ തൊട്ടു സൈഡിൽ നിർത്തിയിട്ടിരുന്ന ബൈക്ക് ചവിട്ടി. അതൊരു വൃദ്ധനായ ബൈക്കാണെന്ന് ശബ്ദം ഓർമ്മപ്പെടുത്തി. അതിനിടെ പെട്ടെന്ന് ശ്രദ്ധിക്കാനാവാതെ കടന്നു പോയ ബൈക്കിന്റെ പുറകിൽ ഇരുന്നത് ജൂലിയാണോ എന്നയാൾ സംശയിച്ചു. അഥവാ ആണെങ്കിൽ കൂടി അവൾ തന്നെ തിരിച്ചറിയരുതെന്ന് അയാൾ ആഗ്രഹിച്ചു. ഇന്ന് വൈകുന്നേരമാവുമ്പോഴേയ്ക്ക് അടുപ്പുകാരനെപ്പോലെ പകുതിയോളം പല്ലുകൾ കൊഴിഞ്ഞ നരച്ച് മെല്ലിച്ച ഒരാളായി തീരണം എന്നയാൾ ആഗ്രഹിച്ചു.

വൈകീട്ട് നാലു മണിയോടു കൂടി ഒരു ചോറുമായി കടയുടമ വന്നു. പണി ഇനിയും വേഗത കൈവരിക്കുന്നില്ലെന്ന് കണ്ട് അയാൾ അസ്വസ്ഥനാവുന്നുണ്ടെന്ന് വിചിത്രവീര്യൻ തിരിച്ചറിഞ്ഞു.

ഇത്തവണ സാമ്പാറുപോലെ ഒരു കറി കണ്ട് അയാൾ ശരിക്കും അന്തിച്ചു. ആ കറിക്ക് ഇന്നലെയിൽ കവിഞ്ഞ ഉപ്പും എരിവും പുളിയുമുണ്ടായിരുന്നു. ഈ കറി ചിലപ്പോൾ വച്ചത് കടയുടമയുടെ ഭാര്യയാവുമെന്ന് ഉണ്ണുമ്പോൾ വിചിത്രവീര്യൻ ഉറപ്പിച്ചു.
തന്റെ കൈ ഒരു മരം പോലെ പരുപരുത്ത് പരുന്നു എന്ന് കണ്ടതിൽ വിചിത്രവീര്യൻ ആനന്ദിച്ചു.

അന്ന് വൈകീട്ട് അഞ്ച് മണിയോടെ കടയടച്ചതും വിചിത്രവീര്യൻ എവിടെയും തങ്ങാതെ നേരെ റൂമിലേക്ക് വന്ന് കയറി. വീട്ടിൽ നിന്ന് പുറത്താക്കിയ ഒരാളെ പോലെ അടുപ്പുകാരൻ അവിടെ നിൽക്കുന്നത് വിചിത്രവീര്യന് കാണാമായിരുന്നു. രാത്രി മാത്രം തുറക്കുന്ന ഒരു മുറിയാണ് അയാൾക്കാകെയുളളതെന്ന് വിചിത്രവീര്യൻ കണക്കു കൂട്ടി.

മുറിയിലേക്ക് കയറുന്നതിന് മുമ്പെ വിചിത്രവീര്യൻ ഒരു വിളി കേട്ടു.
ജൂലിയായിരുന്നു.
വിചിത്രവീര്യൻ ഒന്നും മിണ്ടാതെ താഴെ നോക്കി. വാതിൽ തുറന്ന് അകത്തേക്ക് കയറാൻ അവൾ മടി കാണിച്ചില്ല.

ഞാൻ അയാളെ കെട്ടി. എന്റമ്മയോട് ചെയ്യാവുന്നത് അത്രയൊക്കയേ ഉളളൂ. ഒരു ദിവസം തന്റെ അടുത്ത് വന്ന് അയാൾ മരിച്ചു പോയ ഭാര്യയെക്കുറിച്ച് പറഞ്ഞ് കരഞ്ഞു. അടുത്ത ദിവസം എന്നെ കെട്ടാൻ അനുവദിക്കണമെന്നു പറഞ്ഞു. ഞാൻ മടിച്ചില്ല. അമ്മയ്ക്കിനി കുറച്ച് ദിവസങ്ങളെ ഉളളൂ.
നിനക്കു പകരം പുതിയ ആളുവന്നു. അയാൾ മിടുക്കനാണ്. അയാൾക്ക് ഉടുപ്പുളളവരെ പോലും ഉടുപ്പിക്കാതെ കാണാനുളള കഴിവുണ്ട്. മുതലാളിക്ക് അയാളെ വലിയ ഇഷ്ടമാണെന്ന് പറയുന്നു.

ജൂലി എഴുന്നേറ്റു.
നീ ശരിക്കും ഒരു നാനോ മനുഷ്യനാണ്.
ജൂലി ചിരിക്കാൻ ശ്രമിച്ചു. അവൾ എഴുന്നേറ്റ് ജനലിനടുത്തേക്ക് ചെന്നു.
മൂക്കുചീറ്റി... എന്തൊരു നാറ്റം........
നീയെങ്ങനെ ഇവിടെ ജീവിക്കുന്നെന്ന് അവൾ പറഞ്ഞു വച്ചത് പോലെ വിചിത്രവീര്യന് തോന്നി.
അവൾ തിരിഞ്ഞ് അടുത്ത് വന്നു. തോൾബാഗിൽ നിന്ന് ഒരു സഞ്ചിയെടുത്ത് വിചിത്രവീര്യന്റെ മടിയിൽ വെച്ചു.
അയാളെ ഞാൻ വിഷം കൊടുത്തു കൊല്ലും. അമ്മ മരിക്കുന്നതു വരെ എനിക്കു കാത്തു നിൽക്കണം. ജയിലിൽ എന്നെ കാണാൻ നീ വരണം.
നിറഞ്ഞ കണ്ണുകളോടെ അവൾ ഇറങ്ങിപ്പോയി.
ബാഗിൽ നിന്ന് കൈയിലേയ്ക്ക് എടുത്ത വെളുത്ത മുണ്ട് പുറത്തറിയാത്തവിധം നനഞ്ഞു.

ജൂലി ഇനി തന്നെ കാണാൻ വരില്ലെന്ന് അയാൾ ഉറപ്പിച്ചു. അന്ന് കുളിച്ച് ആ വെളള മുണ്ടുടുത്ത് ഉറങ്ങണമെന്ന് വിചിത്രവീര്യന് തോന്നി. ഉറക്കം വരാതെ മേശയിലും കട്ടിലിലും മാറി മാറി ഇരുന്നു.

കണ്ണ് തുറന്ന് മൊബൈൽ വിചിത്രവീര്യനെ നോക്കി.
അതെനിക്കൊരു മോശപ്പെട്ട ദിവസമായിരുന്നു. അദ്ധ്യാപകരെല്ലാം കൂടി എന്നെ നിർത്തി പൊരിച്ചു. ഞാൻ ഏതോ തീവ്രവാദി സംഘത്തിലെ ഏറ്റവും ഇളയ അംഗമാണെന്ന് പറഞ്ഞ് അവർ ചിരിച്ചു. ലോകത്തോട് അടങ്ങാത്ത ദേഷ്യം തോന്നി. ബസ്സിൽ വെച്ച് അന്ന് നിന്റെ തൊട്ടുമുമ്പിലുളള പെൺകുട്ടിയുടെ മുലപിടിച്ചത് ഞാനാണ്, സോറി മിഥുൻ.

വിചിത്രവീര്യന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഒന്നും കണ്ടെത്താൻ ആഗ്രഹമില്ലാത്ത ഒരാൾക്കു മുമ്പിൽ കുമ്പസരിച്ചതുകൊണ്ട് എന്തു കാര്യമാണെന്ന് വിചിത്രവീര്യൻ ചിന്തിച്ചു.

അത് തന്നെ സംബന്ധിച്ച് വിശുദ്ധമായ ഒരു രാത്രിയാണെന്ന് അയാൾ ഉറച്ചു. കൊല്ലപ്പെടാൻ പോകുന്ന ഒരാളെക്കുറിച്ച് തനിക്കിപ്പോൾ അറിയാം. മരിച്ചു പോകണേ എന്ന പ്രാർത്ഥനകൾ കേൾക്കാനാകുന്നുണ്ട്. തിരിച്ചു തരണമേ എന്ന ചീവീടുകളുടെ കരച്ചിൽ ഒഴുകി എത്തുന്നുണ്ട്.

താൻ വിശുദ്ധനാണ്. തന്റെ അവസാനം ഈ കറുത്ത അരുവിയിലാണ്. ഒരു ദിവസം രാത്രി ഈ അരുവിയിലേക്ക് ഇറങ്ങിച്ചെന്ന് അവസാനിക്കുന്ന വിശുദ്ധനാണ് ഞാൻ.
തൊട്ടടുത്ത ദിവസം മുതൽ ആറ് ബംഗാളികൾ അവരുടെ കൈയ്യും കാലും ഒതുക്കി ഇവിടെ കഴിഞ്ഞു കൂടും. ഭക്ഷണം മാത്രം സ്വപ്നം കണ്ടു നടക്കുന്ന ഒരാൾ തന്റെ കസേരയിൽ വന്നിരുന്ന് പച്ചക്കായകൾ രാകിയിടും. കുറച്ച് കൂടി ദിവസം കഴിഞ്ഞ് ഒരാൾ മറ്റൊരാൾ വരുന്നതും കാത്ത് പുലർച്ചകളെ സ്വീകരിക്കും.
നീട്ടിവച്ച മരണമേ എല്ലാവർക്കുമുളളൂ. ചിലർ മരിച്ച കൊണ്ടു തന്നെ തന്നെത്താൻ നീട്ടിവയ്ക്കും.

അധ്യായം പതിനാല് : ശ്ലീലം

നങ്ങൾ പലരും തീർത്തും നിസ്സഹായരാണ്. ജീവിച്ചിരിക്കുന്നു എന്ന് തിരിച്ചറിയാൻ പോലും പലരും കുറെ കാലമെടുക്കുന്നുണ്ട്.
ദൈവം ജീവിച്ചിരിപ്പില്ലാത്ത ഒരു കളളത്തരത്തിനു കൊടുത്ത ഏറ്റവും നല്ല പേരാണ്. ജീവിച്ചിരിക്കുന്നുണ്ടെന്ന് കരുതി നമ്മൾ ചെയ്തതൊക്കെയും വെറുതെയായിരിക്കുന്നു. ആര് അത്രയും സമയം തിരിച്ചു തരും.

ഉണരുന്നതിന് തൊട്ടുമുമ്പ് തന്റെ സ്ഥിരം സ്വപ്നത്തിന്റെ അവസാനം ഇങ്ങനെ ചില വാചകങ്ങൾ കൂട്ടിച്ചേർത്തത് ആരാണെന്ന് വിചിത്രവീര്യന് മനസ്സിലായില്ല. എങ്കിലും അതത്രയും തന്റെ ജീവിതത്തോട് പറ്റിനിൽക്കുന്നത് പോലെ അയാൾക്ക് തോന്നി.
തൊട്ടടുത്ത നിമിഷം ദീപന്റെ നമ്പർ മൊബൈലിൽ പ്രകാശിച്ചു. മിഥുൻ വിളിച്ചിരുന്നു. എനിക്കും അവിടെ ഒരു ജോലി ശരിയായിട്ടുണ്ട്. ഉടനെ പോകേണ്ടി വരും. നിന്റെ കാര്യങ്ങൾ ഞാൻ പറഞ്ഞിരുന്നു.

മൊതലാളിയോട് ഒന്നു കൂടി പറഞ്ഞു നോക്കണോ?
ദീപൻ, വേണ്ട എന്ന് ഉറപ്പിച്ചു പറഞ്ഞു. കൂടുതൽ ഒന്നും പറയാൻ വിചിത്രവീര്യൻ ആഗ്രഹിച്ചില്ല.

പച്ചക്കായകൾ അരിഞ്ഞിടുന്നതിനോളം നല്ല ജോലി ലോകത്ത് വേറെയില്ല.
പതിവു രീതികൾക്കുശേഷം വളരെ വേഗം മുറിപൂട്ടി ഇറങ്ങി.
കടയ്ക്ക് മുന്നിൽ എത്തുന്നതിനു മുമ്പെ ഇന്നു ചിലപ്പോൾ വൈകിയതിന് ചീത്ത കേൾക്കേണ്ടി വരുമെന്ന് അയാൾക്ക് തോന്നി. പക്ഷെ അപ്പോഴും കട തുറക്കാതിരിക്കുന്നത് കണ്ട് അയാൾ ഞെട്ടി. അടുപ്പുകാരൻ പടിയോട് ചാരി ഇരിക്കുന്നുണ്ട്. അയാളെ കണ്ടാൽ ഇന്നലെ മുഴുവൻ ഇവിടെ ഇരുന്ന് ഉറങ്ങുകയായിരുന്നെന്ന് തോന്നും.

നേരം പോയിക്കൊണ്ടിരുന്നു. ഇടയ്ക്ക് അടപ്പുകാരൻ വിചിത്രവീര്യനെ തിരിഞ്ഞു നോക്കി. അയാളുടെ മുടിയിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ടെന്ന് വിചിത്രവീര്യൻ ഉറപ്പിച്ചു. വളരെ നേരത്തെ കാത്തിരുപ്പുകളിൽ മടുത്ത് ഇപ്പോൾ വരാമെന്ന് പറഞ്ഞ് വിചിത്രവീര്യൻ ടൗണിലേക്ക് നടന്നു.

എന്തോ ഒരു തളളിച്ച പോലെ മുന്നിൽ നിർത്തിയ ബസ്സിൽ കയറിയതിനുശേഷമാണ് എങ്ങോട്ടാണ് പോകാൻ തന്റെ മനസ്സ് തിരക്കു കൂട്ടുന്നതെന്ന കാര്യം അയാൾക്ക് മനസ്സിലായത്. ഏതാണ്ട് ഒന്നൊന്നര മണിക്കൂറിന്റെ ബസ് യാത്രയ്ക്കു ശേഷം അയാൾ ആ സ്റ്റോപ്പിലിറങ്ങി. അവൾ നടന്നു മറഞ്ഞ ആ വഴിയിലൂടെ ഒരിക്കൽ കൂടി ആ വീട്ടിലേക്ക് നടന്നു.

മുറ്റത്തെത്തിയതും ഒരു പ്രായമായ സ്ത്രീ മുന്നോട്ട് വന്നു.
സുമയ്യടെ കൂടെ പഠിച്ചതാ...
കയറിയിരിക്ക്...
ഉമ്മ അകത്ത് പോയി ഒരു പ്ലേറ്റിൽ കുറച്ച് മിച്ചറുമായ് വന്നു.
വിചിത്രവീര്യൻ എവിടന്നില്ലാത്ത വന്ന ധൈര്യത്തിൽ ചുമരുകളിലെ അക്ഷരങ്ങൾ നോക്കി.

ഉമ്മ പുറത്തെ കോഴികളെ ആട്ടി.
ഇന്നാട്ടിലെ ഒരു പളളിയിലും ഓളെ മയ്യത്തെത്തിയിട്ടില്ല. പക്ഷെ എല്ലാവരും ഓള് മരിച്ചൂന്നാ പറയുന്നത്. ഞാൻ വിശ്വസിച്ചിട്ടില്ല.
വിചിത്രവീര്യൻ ഞെട്ടി.
ഓടി രക്ഷപ്പെട്ടതാ. ജീവിക്കാനുളള കൊതികൊണ്ടാണെന്ന് കൂട്ടിക്കോ.
അകത്ത് നിന്ന് ഇറങ്ങി വന്ന കുട്ടിയുടെ കൈയ്യിൽ പോക്കറ്റിൽ കരുതിയ മിഠായികൾ കൊടുക്കുമ്പോൾ കൈവിറച്ചത് വിചിത്രവീര്യൻ ഒളിപ്പിക്കാൻ ശ്രമിച്ചു.
ആരും ഓളെ കണ്ടെത്താതിരിക്കട്ടെ ന്നാ ഞാൻ നിസ്‌ക്കരിക്കാറ്........
അവിടുന്നിറങ്ങുമ്പോൾ വീണ്ടുമൊരു പൊട്ടിത്തെറി വിചിത്രവീര്യൻ അനുഭവിച്ചു. ഒരു മരുഭൂമി മുറിച്ചു കടക്കുകയാണെന്ന് തന്റെ തൊലി കറുത്ത് ഉറച്ച് ഒരു കണ്ടാമൃഗത്തിന്റെതായെന്നും അയാൾക്ക് തോന്നി.

ഉച്ചയോടെ മുറിയിലേക്കുളള കോണി കയറുമ്പോൾ ഉറക്കം ഒരു അധിക ലോക്കിട്ട് പൂട്ടിയത് വിചിത്രവീര്യൻ കണ്ടു. തൊട്ടപ്പുറത്ത് രണ്ട് കവറുകളിലായി തന്റെ വസ്ത്രങ്ങളും മറ്റും കെട്ടി വെച്ചിരിക്കുന്നു.

വിചിത്രവീര്യൻ പുറത്തേക്കിറങ്ങി. ഇത് വളരെ വൈകിപ്പോയെന്ന് വിചിത്രവീര്യന് തോന്നി. ഉച്ചവെയിൽ തിളച്ച് ചോളപ്പൊരികൾ പോലെ ആകാശങ്ങൾക്ക് മുകളിലൂടെ മറിഞ്ഞു കൊണ്ടിരുന്നു.

തെരുവുകളിലൂടെ കണ്ണുപൊത്തി ആർത്തുല്ലസിച്ച് പാഞ്ഞു കൊണ്ടിരുന്ന ഒറ്റക്കണ്ണൻ ബൈക്കുകളെ വിചിത്രവീര്യൻ നോക്കി നിന്നു.
അവൾ എവിടെയായിരിക്കും? ഏതെങ്കിലും നഗരത്തിൽ പൊളളിപ്പഴുത്ത് മുറിച്ചു കളഞ്ഞ ഇടത്തേ മുലയുമായ് ഏത് പേരിൽ ആവും അവർ പാർക്കുന്നുണ്ടാവുക.
ഒരു തവണ അവൾക്ക് മുന്നിൽ എത്തിപ്പെട്ടിരുന്നെങ്കിൽ എന്ന് അയാൾ ആഗ്രഹിച്ചു.
നാളെ മുതൽ ഈ തെരുവിലെ പുതിയൊരു ഭ്രാന്തനായ് താൻ മാറുമോ എന്ന് വിചിത്രവീര്യന് സംശയം തോന്നി.

തൊട്ടു മുന്നിൽ എന്തോ ഓർത്തിട്ട് നിർത്തിയ പോലെ വന്ന ബസ്സിൽ കേറുമ്പോൾ ഒലിച്ചിറങ്ങിയ വിയർപ്പിന്റെ പൊളളൽ അയാൾ ശരിക്കുമറിഞ്ഞു.
ജനങ്ങൾ പലരും തീർത്തും നിസ്സഹായരാണ്. ജീവിച്ചിരിക്കുന്നു എന്ന് തിരിച്ചറിയാൻ പോലും പലരും കുറെ കാലമെടുക്കുന്നുണ്ട്.

ടൗണിൽ എത്തിയിട്ടും ഇറങ്ങാത്ത വിചിത്രവീര്യനെ കണ്ടക്ടർ നോക്കി. പതിയെ ഇറങ്ങി ആശുപത്രിയിലേയ്ക്ക് നടക്കുമ്പോൾ മുമ്പെങ്ങുമില്ലാത്ത സ്വസ്ഥത വിചിത്രവീര്യനെ തേടി എത്തി. വാതിൽ കടന്ന് കയറി വരുന്ന അയാളെ സെക്യൂരിറ്റിക്കാരൻ പെട്ടെന്ന് തിരിച്ചറിഞ്ഞ് ഓടി വന്നു.
നിങ്ങളെന്തൊരു മനുഷ്യനാണ്. എത്രാന്ന് വച്ചാണ് നിങ്ങളെ കാത്തിരിക്കുന്നത്.
വിചിത്രവീര്യൻ അയാളെ ശ്രദ്ധിച്ചു.
വിചിത്രവീര്യനെയും കൂട്ടി ഒരു ഡോക്ടറുടെ മുറിയുടെ മുന്നിൽ നിർത്തി അയാൾ അകത്തേക്ക് മുട്ടിക്കൊണ്ട് കടന്നു.

യൂണിഫോമിട്ട മറ്റൊരു സ്റ്റാഫ് വിചിത്രവീര്യനെ മുന്നോട്ട് കൊണ്ടു പോയി.
കുറേ കാത്തു നിന്നു. നിങ്ങളെ അറിയിക്കാനുളള ഒന്നുമില്ലായിരുന്നു. വിചിത്രവീര്യന് ചില തോന്നലുകളുണ്ടായി.
ഒരു കേബിൻ തുറന്ന് ഒരു കസാരയിൽ ഇരുത്തി. ഇപ്പ വരാമെന്ന് പറഞ്ഞ് അയാൾ മടങ്ങി.
തൊട്ടുമുമ്പിലെഴുതി വച്ച മാനേജർ എന്ന ബോർഡ് വിചിത്രവീര്യൻ വായിച്ചു. കുറച്ച് കഴിഞ്ഞ് തടിച്ച് വെളുത്ത ഒരാൾ കടന്നു വന്നു.
നമസ്‌കാരം നിങ്ങളുടെ പേര്
വിചിത്രവീര്യൻ
അയാൾ പറഞ്ഞു തുടങ്ങി.
ആ കുട്ടിയുടെ ഉപ്പയും ഉമ്മയും നമ്മളെ വിട്ടുപോയി. നിങ്ങള് വന്ന് പോയ രാത്രിയായിരുന്നു. പെട്ടെന്ന് വേദന വന്ന് വൃദ്ധ വീണു. തൊട്ടുപിന്നാലെ വൃദ്ധനും. എന്തു ചെയ്യണമെന്നറിയാതെ കുറെ കാത്തു നിന്നു. ഇത്രയും ദിവസമായിട്ട് നിങ്ങളല്ലാതെ വേറാരും അവരെ കാണാൻ വന്നിട്ടില്ല. അതുകൊണ്ട് ഞങ്ങൾ... ഞങ്ങൾ ഒരു സന്നദ്ധ സംഘടനയെ ശരീരം മറവ് ചെയ്യാൻ ഏൽപ്പിച്ചു. ഞങ്ങളോട് ക്ഷമിക്കണം. ഒരുപാട് നേരം ശരീരം സൂക്ഷിക്കാനുളള സൗകര്യങ്ങൾ ഇവിടെ ഇല്ല.
വിചിത്രവീര്യൻ മാനേജരുടെ കണ്ണുകളിലേക്ക് നോക്കി. സ്വന്തം കണ്ണുകൾ നിറഞ്ഞ് പൊന്തുന്നത് വിചിത്രവീര്യൻ അറിഞ്ഞു.

ആ കുട്ടിയുടെ കാര്യവും വളരെ ക്രിട്ടിക്കലാണ്. എഴുപത് ശതമാനത്തിലധികം പൊളളലേറ്റിട്ടുണ്ട്. പൊളളൽ ഉണങ്ങുന്നതിന്റെ ലക്ഷണങ്ങൾ കുറവാണ്. പക്ഷെ...........

വിചിത്രവീര്യൻ എഴുന്നേറ്റു. വിചിത്രവീര്യനൊപ്പം ഐ സി യുവിന്റെ അടുത്തേക്ക് കൂടുതലൊന്നും പറയാതെ മാനേജരും നടന്നു.
തന്റെ കാലുകൾ കൂടുതൽ ഉറച്ചതുപോലെ വിചിത്രവീര്യന് അപ്പോൾ തോന്നി. വാതിലിന് മുമ്പിൽ നിന്ന വിചിത്രവീര്യനോട് വേണമെങ്കിൽ ഒന്നു കാണാമെന്ന് പറഞ്ഞെങ്കിലും അപ്പോൾ അയാൾ തുറക്കുമെന്നും പൊളളിക്കരിഞ്ഞ ആ രൂപം കാണണമെന്നും മാനേജർ വിശ്വസിച്ചില്ല.

വിചിത്രവീര്യൻ വാതിൽ തുറന്നു. പതിയെ കാലുകൾ മുന്നോട്ട് വെച്ചു. ഉയർത്തിവെച്ച നേർത്ത പുതപ്പിനുളളിൽ ഒരു ശരീരം പഴുത്തു പൊട്ടുന്നതിന്റെ മണം വിചിത്രവീര്യൻ അറിഞ്ഞു.

കത്തി തീർന്ന കൺപോളകൾക്കൊണ്ട് തുറന്ന് വെച്ച ആ കണ്ണുകളിലേക്ക് ഒട്ടും പരിഭ്രമമില്ലാത്ത വിചിത്രവീര്യൻ നോക്കി. ആ കണ്ണുകളിലെ ജീവൻ അയാൾ തിരിച്ചറിഞ്ഞു.
ഞാൻ പുറത്തുണ്ടാവും.
വിചിത്രവീര്യൻ പതിയെ തിരിച്ചു നടന്നു.
വൃദ്ധനായ അവളുടെ ഉപ്പ ഇരുന്നു കണ്ട സീറ്റിൽ ഇരുന്ന് വിചിത്രവീര്യൻ കണ്ണ് അടച്ചു തുറന്നു. ▮

(അവസാനിച്ചു)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വിമീഷ്‌ മണിയൂർ

നോവലിസ്​റ്റ്​, കവി. റേഷൻ കാർഡ്, ആനയുടെ വളർത്തു മൃഗമാണ് പാപ്പാൻ, എന്റെ നാമത്തിൽ ദൈവം, ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി, യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു (കവിത സമാഹാരങ്ങൾ), സാധാരണം (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. കവിതകൾ തമിഴ്, കന്നട, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments