ഒരു തരം ബലാൽസംഗം. പക്ഷെ നിലവിളികളില്ല. മറിച്ച് ഒടുക്കത്തെ സഹകരണം.
വിചിത്രവീര്യൻ ഉപകരണം കൈയ്യിലെടുത്തു.
ഒരു ദിവസം മുമ്പ് കാശ്മീരിൽ നിന്ന് കൂട്ടബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടിയുടെ നിലവിളികൾ മനസ്സിലിട്ട് മാറി മാറി കേട്ടുകൊണ്ടിരുന്നു. പതിയെ ഒരാശാരിയെ പോലെ തന്റെ ഉപകരണത്തിന്റെ മൂർച്ച കൂട്ടാനെന്നവണ്ണം അയാൾ രാകിക്കൊണ്ടിരുന്നു. നേരിട്ട് കേട്ടിട്ടില്ലാത്ത ഏതോ ഒരു നിലവിളിയിൽ തന്റെ ഉപകരണത്തിൽനിന്ന് കൈ വഴുതുകയും എന്തെന്നില്ലാത്ത ആനന്ദം പൂർവ്വാധികം പേടിയോടെ വിചിത്രവീര്യൻ അനുഭവിക്കുകയും ചെയ്തു.
ജനൽവഴി മുട്ടോളം കാൽ പുറത്തേക്കിട്ട് ഒരു മേശയിൽ കിടന്ന അയാൾ വിചിത്രമായ ഞെട്ടലോടെ പതിയെ തല പൊന്തിച്ചു. തൊട്ടടുത്തുളള വലിയ ഒരു ഹോട്ടലിൽ നിന്നും മലിനജലം കറുത്ത് ഒഴുക്ക് നിലച്ച ഒരരുവിയിലേക്ക് മറ്റൊരു വഴിയുമില്ലാതെ ചാടിക്കൊണ്ടിരിക്കുകയാണ്. വെളിച്ചത്തിന്റെ ഒരു തരി പോലും തന്റെ മുറിയുടെ ആകെയുളള ആ ജനാലയെ നോക്കി കണ്ണിറുക്കാത്തതിൽ വിചിത്രവീര്യൻ ആശ്വസിച്ചു.
കാലുകൾ തിരികെയെടുത്ത് അയാൾ തന്റെ പേടിയിലേക്ക് നോക്കി.
അൽപം പൊട്ടിയൊലിച്ചിട്ടുണ്ട്. അങ്ങനെയൊരവയവം ഇല്ലായിരുന്നെങ്കിൽ ലോകത്ത് ഇത്രയധികം വസ്ത്രങ്ങൾ വേണ്ടി വന്നേക്കില്ലെന്ന് അയാൾക്ക് തോന്നി. പേടിച്ചു വിയർത്ത് തലകുമ്പിട്ടിരിക്കുന്ന തന്റെ ഒറ്റവര പോലുളള ഉപകരണത്തെ മുറിയിലേക്ക് അരിച്ചുകേറിക്കൊണ്ടിരിക്കുന്ന ഇരുട്ടിൽ നിന്നു പോലും മറച്ചു പിടിക്കാൻ അയാൾ ആഞ്ഞു. നിലത്ത് പൊഴിച്ചിട്ട ഒരു കള്ളി മുണ്ടെടുത്തുടുത്ത് അയാൾ കട്ടിലിലേക്ക് ചാരിയിരുന്നു.
തൊട്ടടുത്ത് മുറിയിലുളള ബംഗാളികളിലൊരാൾ ഉച്ചത്തിൽ ഫോണിൽ സംസാരിക്കുന്നത് വിചിത്രവീര്യൻ കേട്ടു. വിളിച്ചുവിളിച്ച് അയാളിപ്പോൾ തന്റെ പേരിനു മാത്രമുളള വാതിലും ചവിട്ടി തുറന്ന് ഉളളിൽ കേറുമെന്ന് വിചിത്രവീര്യനു തോന്നി. അങ്ങനെയെങ്കിൽ അയാൾ ചിലപ്പോൾ ആ ചുമരും പൊളിച്ച് അപ്പുറത്തെ കറുത്ത അരുവിയിൽ വീണ് കാണാതാവും.
മനുഷ്യരെ പലപ്പോഴും ശബ്ദം മാത്രമാക്കി സഹായിക്കുന്ന ഒരു കുഞ്ഞുരൂപത്തെ പൊടുന്നനെ കട്ടിലിന്റെ ഒരരികിൽ നിന്ന് എടുത്ത് അയാൾ വെളിച്ചപ്പെടുത്തി. മാന്ത്രികമായ അതിന്റെ കൂടുകൾ തുറന്ന് നാളയെക്കുറിച്ചുളള ആദ്യത്തെ വാചകം വിചിത്രവീര്യൻ വായിച്ചു.
ഒമ്പതു മണി. ശോഭിക ടെക്സ്റ്റയിൽസ്.
ഇത്രനാളും കണ്ടുക്കൊണ്ടിരുന്ന ഒമ്പതു മണിയല്ല നാളത്തേതെന്ന് വിചിത്രവീര്യന് ഉറപ്പുണ്ടായിരുന്നു. കുറച്ചുകാലത്തെ അലച്ചിലുകൾക്കു ശേഷമാണ് ഇങ്ങനെയൊരവസരം തരപ്പെടുന്നത്. പിടിച്ചു തൂങ്ങാതെ രക്ഷയില്ല.
പുലർച്ചയിലേക്ക് ഇരുട്ടിന്റെ എത്ര പാലങ്ങൾ ഒഴുകിപ്പോകാനുണ്ടെന്ന് ഫോണിലേക്ക് നോക്കി വിചിത്രവീര്യൻ കണക്കു കൂട്ടി. ഒരു നീണ്ട ഉറക്കത്തിൽ നിന്ന് തിരിച്ചുവിളിക്കുന്ന ഒരു ബാധ്യതയും അയാളെ അപ്പോൾ കാത്തിരിപ്പില്ലായിരുന്നു. കാണരുതെന്ന് വിചാരിച്ച തന്റെ സ്ഥിരം സ്വപ്നം കണ്ടതൊഴിച്ചാൽ അയാൾ കണ്ണുതുറക്കുന്നത് അടുത്ത ദിവസത്തിലേക്ക് തന്നെയായിരുന്നു.
വേഗത്തിൽ കുളിച്ചൊരുങ്ങി മുറി പൂട്ടിയിറങ്ങുമ്പോൾ എന്തോ മറന്നു വെച്ചതു പോലെ. അത് തനിക്കിഷ്ടമില്ലാത്ത തന്റെ പേടിയാവണേന്ന് വിചിത്രവീര്യൻ പ്രാർത്ഥിച്ചു.
റോഡിലേക്കിറങ്ങി ഒരു സൈക്കിൾകാരനിൽ നിന്ന് ഒരു ഗ്ലാസ് ചായ കുടിച്ച് അയാൾ ടൗണിലേക്കുളള ബസ് പിടിച്ചു.
ടൗണിൽ തിരക്ക് പ്രസവിച്ചു തുടങ്ങുന്നതേയുളളൂ. ബസുകൾ അതിന്റെ വയറു വീർപ്പിക്കാനായി മുക്കിലും മൂലയിലും തല കുനിച്ച് നിർത്തി കൊടുക്കുന്നു. ഇത്രയും അനുസരണയുളള മൃഗത്തിലാണ് താനിന്നും സഞ്ചരിച്ചതെന്നോർത്തപ്പോൾ എന്തെന്നില്ലാത്ത ഒരസ്വസ്ഥത അയാളെ വന്നു മൂടി. ടിക്കറ്റെടുക്കുന്നതിന്റെ തൊട്ടുമുമ്പ് കൈയ്യിൽ നിന്ന് വീണുപോയ ഒരു രൂപ കുനിഞ്ഞ് എടുക്കേണ്ടിയിരുന്നില്ലെന്നും അതുകൊണ്ട് വല്ല മുട്ടായിയും വാങ്ങി തിന്നാൻ ബസിനോട് പറയാമായിരുന്നെന്നും അയാളപ്പോൾ ചിന്തിക്കാതിരുന്നില്ല.
ബസിറങ്ങി പഴയ ഒരോർമയിൽ വിചിത്രവീര്യൻ നടന്നു. ഒന്നും വാങ്ങാൻ പോയിട്ടില്ലെങ്കിലും നാലു നിലയുളള ശോഭിക ടെക്സ്റ്റയിൽസ് ഒരെണ്ണമേ ആ ജില്ലയിൽ തന്നെയുളളൂ എന്ന് അയാൾക്കറിയാമായിരുന്നു. വീണ്ടും എന്തെങ്കിലും കാരണം പറഞ്ഞ് കൈയ്യിൽ കിട്ടിയ ഈ ജോലിയും നഷ്ടപ്പെടുമോ എന്നൊരു ഒഴുക്ക് അയാൾ കണ്ടില്ലെന്ന് നടിച്ചു.
ഓർമ തെറ്റിയില്ല. യൂണിഫോമിട്ട കുറേപ്പേർ കൂടി നിന്ന് വർത്തമാനം പറയുന്നു. സമയം നോക്കി. തുറക്കാൻ ഇനിയും പതിനഞ്ച് മിനുറ്റുണ്ട്. ഒരു വശത്തേക്ക് നിന്ന് മുകളിലേക്ക് നോക്കി.
അത്രയും വലിപ്പമുളള അപൂർവ്വം കെട്ടിടങ്ങളെ തൊട്ടടുത്തുളളൂ. തൊട്ടുമുമ്പിൽ റോഡിനപ്പുറത്തുളള കാരുണ്യഹോസ്പിറ്റലാണ് ഒന്ന്. തൊട്ടപ്പുറത്ത് എട്ടുകാലിയുടെ വലപോലെ തോന്നിച്ച ഒരു എൽ.ഐ.സി ഓഫീസും അതിനുമപ്പുറം ബാങ്കും പോസ്റ്റാഫീസുമാണുളളത്.
ഒമ്പതുമണിയോടെ അയാളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഒരു സെക്യൂരിറ്റി ടെക്സ്റ്റയിൽസ് തുറന്നു. സംശയം തീരാതെ തുറന്നു കഴിഞ്ഞ ശേഷം വന്നു ചോദിക്കുകയും ചെയ്തു.
വരാൻ പറഞ്ഞിരുന്നു. ജോലിക്കാ...
സാറ് വരാൻ ഒമ്പതരയെങ്കിലും ആവും
സാരല്ല. ഞാനിവടെ നിന്നോളാം.
ഒമ്പതേ മുക്കാലോടു കൂടി ഒരാളു വന്ന് വിളിച്ചു. പടികൾ കേറി ചെല്ലുമ്പോൾ വസ്ത്രം വാങ്ങാൻ വന്ന കുടുംബങ്ങളുടെ നീണ്ട പട തന്നെ കടന്നു പോയിക്കൊണ്ടിരുന്നു. ഉടുത്ത് മാറാൻ വസ്ത്രങ്ങളില്ലാതെ ഇവർ കഴിഞ്ഞ ദിവസങ്ങളിൽ കഷ്ടപ്പെട്ടത് പക്ഷെ മുഖം കണ്ടാൽ പറയില്ല. നാലാം നിലയിലെ ഒരു മുറിയിലേക്ക് കയറി ഇരിക്കാൻ പറഞ്ഞ് കൂടെ വന്ന ആൾ പുറത്തേക്ക് പോയി. എത്ര അമർത്തി ഇസ്തിരി ഇട്ടിട്ടും ഇതിനകം ഷർട്ടിൽ വീണ ചുളിവുകൾ ഉണ്ടായിരുന്ന ആത്മവിശ്വാസത്തെയും താഴോട്ട് പിടിച്ചു താഴ്ത്തുന്നതു പോലെ വിചിത്രവീര്യന് തോന്നി.
അടുത്ത നിമിഷം ഉളളിൽ നിന്നൊരാൾ വന്ന് അകത്തേക്ക് കൈ ചൂണ്ടി.
കറുത്ത് ഉയരം കുറഞ്ഞ മിനുക്കമുളള മുഖത്തോടെ ഒരാൾ ഇരിക്കാൻ പറഞ്ഞു.
പേര്.. വിചിത്രവീര്യൻ.
ആ... മിഥുൻ പറഞ്ഞിരുന്നു. അറിയാമല്ലോ, സീസണാണ്. പണിയൊക്കെ പറഞ്ഞു തരും. പെർഫോമൻസില്ലെങ്കിൽ അടുത്ത പണി നോക്കാം. ശരി... ദീപൻ ഇപ്പോൾ വരും. കൂടെപ്പോയിക്കൊളളൂ.
എല്ലാറ്റിനും ആകെയുണ്ടായിരുന്ന തലമാത്രം ആട്ടി ദീപനു പിന്നാലെ പോകുമ്പോൾ വസ്ത്രങ്ങളിലേക്ക് നോക്കി മതിവരാതെ കിടന്നൊഴുകുന്ന അതൃപ്തരുടെ മുഖം വിചിത്രവീര്യൻ ശ്രദ്ധിച്ചു.
പണി എന്നു പറഞ്ഞാൽ; ദീപൻ ഒന്ന് നിന്ന് രണ്ടു മൂന്ന് പേരോടു ഗുഡ്‌മോണിങ്ങ് പറഞ്ഞു തുടർന്നു.
പണിയൊന്നുമില്ല. എന്നാലും പഠിക്കാനുണ്ട്. ആദ്യ ദിവസം ഞാൻ കാണിച്ചു തരും. ഇപ്പോ നാലു നിലയിലും കൂടി ഞാനൊരാളാ നിന്നു ചെയ്യുന്നത്. മിഥുൻ രക്ഷപ്പെട്ടതാണോന്ന് സംശയമില്ലാതില്ല.
ദീപൻ ചെറുതായ് ചിരിച്ചു.
ഏയ് അതിനു മാത്രമൊന്നുമല്ല.
മൂന്നാം നിലയിലെ വിശാലമായ പട്ടുസാരികൾ നിറഞ്ഞ ഒരറ്റത്ത് ദീപനോട് കൈ കാണിച്ച് ഒരു പെൺകുട്ടി നിന്നു.
ഇവിടുന്നു തുടങ്ങാം.
ആ പെൺകുട്ടിയോട് ചേർന്ന് നിന്നിരുന്ന സാരിയുടുത്ത പെൺപ്രതിമയുടെ നേരെ നോക്കി ദീപൻ പറഞ്ഞു.
ഇവരാണ് നമ്മുടെ നായികമാർ. ഇവരെ അഴിപ്പിക്കലും ഉടുപ്പിക്കലുമാണ് നമ്മുടെ ജോലി.
പെൺകുട്ടി വിചിത്രവീര്യനെ നോക്കി ചിരിച്ചു.
ഒരു തരം ബലാൽസംഗം. പക്ഷെ നിലവിളികളില്ല. മറിച്ച് ഒടുക്കത്തെ സഹകരണം.
ദീപൻ ചുറ്റും നോക്കി ശബ്ദം താഴ്ത്തി.
നിലത്തു വീണു ചിതറിയ പഴുത്ത ചക്ക പോലെ വിചിത്രവീര്യന്റെ തല അനക്കമറ്റു. ശരീരത്തിലെ ഓരോ രോമകൂപത്തിൽ നിന്നും നിലവിളികളുടെ റിങ്ങ്‌ടോൺ വിചിത്രവീര്യൻ കേട്ടു.
ഇത്രയും രസകരമായ പണി ഇവിടെ വേറാർക്കുമില്ല. ദീപൻ കൂട്ടി ചേർത്തു.
വിചിത്രവീര്യൻ പ്രതിമയുടെ മുഖത്തേക്ക് നോക്കി.
ഒരു മുഴുത്ത പെണ്ണ്.
ദീപൻ തുടർന്നു; ഇങ്ങനെ മുപ്പത്തിയാറ് പേരുണ്ട്. അവരെയാണ് നമ്മൾ ഭാഗിച്ചെടുക്കേണ്ടത്.
അതും പറഞ്ഞ് ദീപന്റെ വിരലുകൾ ആ പ്രതിമയുടെ ശരീരത്തിലൂടെ അരിച്ചു നടന്ന് ഓരോ പിന്നുകളായ് അഴിച്ചെടുത്തു കൊണ്ടിരുന്നു.
ശരിക്കും നോക്കിക്കോ.... എവിടെയൊക്കെയാ പിന്നുകളുളളതെന്ന് ഞാൻ ചോദിക്കും... പരൂക്ഷയാ... പരൂക്ഷ.
വിചിത്രവീര്യൻ മുഖം താഴ്ത്തി. തലയിലൂടെ വിയർപ്പ് തണുത്ത കാറ്റിനെ വകവെയ്ക്കാതെ ഒളിച്ചോടിക്കൊണ്ടിരുന്നു.
ജയഭാരതിയാ... ശരിക്ക് ഉടുപ്പിച്ചില്ലെങ്കിൽ ആളു പോവില്ല.
പെൺകുട്ടി പല്ലുകാട്ടി ചിരിച്ചു.
ദീപൻ പ്രതിമയുടെ ചുമലിൽ നിന്ന് സാരിത്തലപ്പ് മാറ്റിയതും വിചിത്രവീര്യന് തലകറങ്ങുന്നതുപോലെ തോന്നി. ഒന്നു കൂടി മുഖമുയർത്തിയതും പ്രതിമയുടെ മാറിടം കണ്ടതും ഒരു നോട്ടം വിചിത്രവീര്യന്റെ ബോധത്തെ കുടഞ്ഞെടുത്ത് നിലത്ത് കിടത്തിയിരുന്നു.
അധ്യായം രണ്ട്: സെറീന വില്യംസ്
നശിച്ച ദിവസം അങ്ങനെയാണ്. അത് നമുക്ക് വേണ്ടി ലോകത്തിന്റെ മുക്കും മൂലയും മാറ്റിപ്പണിയും.
ലോകത്തിലെ ഏറ്റവും നശിച്ച ദിവസങ്ങളിലൊന്ന് ആഗസ്റ്റ് പതിനഞ്ചാണെന്ന് ഇടയ്ക്കിടെ ഓർമിപ്പിച്ചു കൊണ്ടിരുന്ന സൂര്യ ഓഫ്‌സെറ്റിലെ അനീഷേട്ടൻ വിചിത്രവീര്യന്റെ ഓർമയിലേക്ക് വന്നു.
ഒരു ക്ലബ്ബിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പോസ്റ്റർ കൈയ്യിലെടുത്തുകൊണ്ട് മൂപ്പർ പറഞ്ഞു; ഏതാണ്ട് ഈ ദിവസം മുതലാണ് നമുക്ക് പഴിക്കാൻ ഒരു ശത്രു ഇല്ലാതായ് തുടങ്ങിയത്. നമ്മൾ തിരിഞ്ഞ് നിന്ന് കുത്താനും മുടിക്കാനും ദുരന്തമാവാനും തുടങ്ങുന്നത്.
അനീഷേട്ടൻ എം.എ ഹിസ്റ്ററിയാണ്. വിചിത്രവീര്യന് തിരിച്ചൊന്നും പറയാൻ കഴിഞ്ഞില്ല.
സൂര്യ ഓഫ്‌സെറ്റിലെ തന്റെ അവസാനത്തെ പ്രവൃത്തി ദിവസമാണ് അതെന്ന് വിചിത്രവീര്യൻ തീരുമാനിക്കാൻ പിന്നെയും രണ്ടുമണിക്കൂർ കഴിഞ്ഞിരുന്നു.
ഈണു കഴിഞ്ഞതും കുറച്ച് കോട്ടൺ വെയ്സ്റ്റിനായ് തൊട്ടടുത്ത തുന്നൽക്കടയിലെ നിർമ്മലേച്ചി വന്നു. എന്തോ ചെറിയ തിരക്കിലായതു കൊണ്ട് അതെടുത്തു കൊടുക്കാൻ അനീഷേട്ടൻ എന്നോടു പറഞ്ഞു. ഒരു തവണ അവരുടെ മുഖത്ത് നോക്കാൻ ശ്രമിച്ച് കണ്ണ് താഴ്ത്തി ഞാൻ കോട്ടൺ കൈയ്യിലെടുത്തു. അവർക്കു നേരെ നീട്ടിയതും ഉളളിൽ ഉരുണ്ടു കൂടിയ നോട്ടം കണ്ട് കൈയ്യൊന്ന് വിറച്ചു.
നിർമ്മലേച്ചി വിറകണ്ട് അന്തിച്ച് ചിരിച്ചു.
എന്താ അനീഷേ, ഇവൻ പെണ്ണുങ്ങളെ മുഖത്ത് നോക്കത്തില്ലേ... വിറയൊക്കെ കാണുന്നുണ്ടല്ലോ, വല്ല പണിം കിട്ടിട്ടുണ്ടോ.
വിചിത്രവീര്യൻ നിന്ന നിൽപ്പിൽ ഉരുകി. പുറത്ത് കാണിക്കാതിരിക്കാൻ മുഖത്ത് ഒരു ചിരി കൊണ്ടുവരാൻ പാടുപെട്ടു. അനീഷേട്ടനും നിർമ്മലേച്ചിയും തന്റെ മുഖത്തേക്ക് തന്നെ നോക്കുകയാണ്.
അവൻ കുമ്പസരിച്ചു തുടങ്ങിയിട്ടൊന്നുമില്ല. അനർഘ നിമിഷങ്ങൾ കിടക്കുകയല്ലേ...
നിർമ്മലേച്ചി ചിരിച്ചു.
തുടങ്ങുമ്പം എന്നേം കൂടി വിളിക്കണേ...
എന്നിട്ട് വേണം കോടതി കേറാൻ; അനീഷേട്ടൻ ഇടപെട്ടു.
നിർമ്മലേച്ചി കോട്ടൺ എടുത്തു പോവുകയും ചെയ്തു. പക്ഷെ അവരുടെ നോട്ടം പിന്നെയും ആ മുറിയുടെ പലയിടങ്ങളിൽ നിന്നും തുറിച്ചു നോക്കുന്നതായ് വിചിത്രവീര്യന് തോന്നി.
അനീഷേട്ടൻ പറഞ്ഞു: അവരോട് സൂക്ഷിച്ച് ഇടപെട്ടാ മതി. തൊട്ടാ അപ്പം കേസ് കൊടുക്കും. അതും വനിതാ കമ്മീഷനിൽ... പിന്നെ പുലിവാലു തീരില്ല. പക്ഷെ അങ്ങനെയൊരു വാചകം കേൾക്കുന്നതിന് തൊട്ടുമുമ്പെ വിചിത്രവീര്യൻ തന്റെ അവിടുത്തെ പണി മതിയാക്കാൻ തീരുമാനിച്ചിരുന്നു.
അതിനു കാരണം അതൊരു നശിച്ച ദിവസത്തിന്റെ ഓർമ വീണ്ടും വിചിത്രവീര്യനിൽ കൊണ്ടു വന്നു എന്നതായിരുന്നു. ഓർമ്മകൾ എത്ര നശിപ്പിച്ചാലും മുറി കൂടി തിരിച്ചെത്തി കടിക്കുന്ന മൃഗമാണ്.
വിചിത്രവീര്യൻ തലകീഴായ് നിന്ന് ഓർമകളെ മറിച്ചിടാൻ നോക്കി.
പ്ലസ്ടുവിന് പഠിക്കുന്ന സമയമായിരുന്നു. പതിവുപോലെ ക്ലാസ് കഴിഞ്ഞ് ബസിനു വേണ്ടി സ്‌കൂളിനു മുമ്പിൽ റോഡരുകിൽ കാത്തു നിൽക്കുമായിരുന്നു. സ്‌കൂളു വിട്ടതിനുശേഷം ഒരു ബസ് മാത്രമാണ് വളരെ കുറഞ്ഞ ബസുകൾ മാത്രമുളള ആ വഴിയിലൂടെ കടന്നുപോയത്. അതിൽ തന്നെയാണെങ്കിൽ ശ്വാസം മുട്ടിക്കാവുന്ന തിരക്കുണ്ട്. അങ്ങനെയാണ് അടുത്ത ബസിൽ കയറാമെന്ന് ഉറപ്പിക്കുന്നത്.
കൂട്ടുകാർ അക്ഷമരായ് അന്നന്നത്തെ മാഷമ്മാരുടെ കുറ്റങ്ങൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൂടെ ക്ലാസിലേക്ക് ഒരു കുത്തി പൊട്ടാസ് കൊണ്ടുപോയതിന്റെ പേരിൽ തീവ്രവാദിയായി ചിത്രീകരിക്കപ്പെട്ട ഒരു കുട്ടി കലങ്ങിയ മുഖത്തോടെ തൊട്ടു പുറകിൽ നിൽക്കുന്നുണ്ട്. ഉടനെ ആർത്തലച്ചുകൊണ്ട് ഒരു ബസ് വന്നു. വാതിൽ തുറന്നതും ആദ്യത്തെ കാൽകുത്താനായതും ചൊവ്വയിൽ കാൽകുത്തിയ സന്തോഷത്തോടെ ഉളളിലേക്ക് ഒറ്റക്കുതിപ്പായിരുന്നു. കൂടാതെ കണ്ടക്ടർ അവയോടെ പുറത്ത് തളളി മുന്നോട്ട് നീക്കികൊണ്ടിരിക്കുന്നു. എങ്കിലും ഒടുക്കം ശ്വാസം വിടാനുളള സൗകര്യം കിട്ടി. തൊട്ടുമുമ്പിൽ പെൺകുട്ടികൾ പറ്റം ചേർന്ന് നിൽക്കുന്നു. ബസ് പതിയെ മുന്നോട്ട് കിതച്ചു.
കുറച്ചു കഴിഞ്ഞതും അതൈന്റ ശ്രദ്ധയിൽ പെട്ടു. ഒച്ചിഴയും പോലെ ഒരു കൈ എന്റെ ഇടതു കൈകൾക്കടുത്തു കൂടെ മുന്നോട്ട് നീങ്ങുന്നു. പുറകോട്ട് തിരിയാൻ പോലും പറ്റാതെ ആ കൈനോക്കി നിന്നു. പെട്ടെന്ന് ആ കൈ തൊട്ടുമുമ്പിലുളള തട്ടമിട്ട പെൺകുട്ടിയുടെ ഇടത്തേ മുലയിൽ പിടിച്ച് അമർത്തിയതും തീ പൊളളിയ വേഗതയിൽ തിരിച്ചെടുത്തതും ആ തട്ടക്കാരി തിരിഞ്ഞു നോക്കി. അവളുടെ നോട്ടം പുറത്തുകാണാത്തവിധം എന്റെ അസ്ഥികളെ ഉരുക്കി. കുറ്റവാളിയെപ്പോലെ ഒന്നും പറയാനോ ചെയ്യാനോ പഴുതില്ലാതെ ഞാൻ നിന്നു. അവളുടെ കണ്ണുകൾ നിറയുന്നതും ചുട്ടുപഴുത്ത ഇരുണ്ട തുളളികൾ ചാടി മറിയുന്നതും കണ്ണടയ്ക്കാതെ എത്ര താഴ്ത്തിയാലും മതി വരാത്ത തലയോടെ ഞാൻ കണ്ടു. എത്രനേരം അവൾ അങ്ങനെ നോക്കിയെന്ന് ഓർത്തെടുക്കാൻ ഇപ്പോഴും വയ്യ. പക്ഷെ ഇനിയുളള എല്ലാ കാലത്തേക്കും തനിക്കു നേരെ ചീറ്റിക്കൊണ്ടു വരുന്ന വേട്ടപ്പട്ടികളെയാണ് അവൾ തുറന്നുവിട്ടുകൊണ്ടിരിക്കുന്നതെന്ന് വിചിത്രവീര്യൻ തിരിച്ചറിഞ്ഞു. തന്റെ സ്റ്റോപ്പിൽ ഇറങ്ങി പോകുമ്പോഴും അവൾ ആ നോട്ടം പിൻവലിച്ചിരുന്നില്ല. അവളുടെ കണ്ണുകളിൽ ഉളിപല്ലുകൾ പൊടിച്ചു വരുന്നത് വിചിത്രവീര്യൻ വ്യകതമായി കണ്ടു. അവൾ മറയുന്നതിന്റെ അവസാന നിമിഷം പോലും ഉരുകിയൊലിക്കുന്ന മുറിവിന്റെ വിത്തുകൾ വീണു പൊടിച്ചുകൊണ്ടിരുന്നു.
അന്ന് ഉറക്കം വന്നില്ല.
വീട്ടിലേക്ക് പിന്നീടൊരിക്കലും ബസിൽ കേറാൻ തുനിഞ്ഞില്ല.
ഒറ്റയ്ക്ക് ആരോടും മിണ്ടാതെ നടന്നു തുടങ്ങി. മുഖത്തു നോക്കാതെ ജീവിക്കാനുളള വഴികൾ തേടിതുടങ്ങി. എന്നിട്ടും കടന്നുപോയിക്കൊണ്ടിരിക്കുന്ന ഓരോന്നിൽ നിന്നും അവളുടെ നോട്ടം വിചിത്രവീര്യനെ തേടിയെത്തി. വഴിയരികിൽ, വാഹനങ്ങളിൽ, കുറ്റിക്കാടുകളിൽ നോക്കാൻ വേണ്ടി മാത്രമായ് അവൾ മുമ്പിൽ വന്നു നിന്നു. വിചിത്രവീര്യന്റെ ഉറക്കം അവളുടെ പ്രിയപ്പെട്ട ഇടത്താവളമായി. കുമിഞ്ഞുകൊണ്ടിരിക്കുന്ന ഉളളിലെ പേടി അവളുടെ ഭക്ഷണമായി. അക്കൊല്ലം പരീക്ഷയെഴുതാൻ തൊട്ടു മുമ്പിലിരിക്കുന്ന അവളെ കണ്ട് വിചിത്രവീര്യൻ എഴുന്നേറ്റു. അതോടെ പഠിപ്പു നിന്നു.
നശിച്ച ദിവസം അങ്ങനെയാണ്.
അത് നമുക്ക് വേണ്ടി ലോകത്തിന്റെ മുക്കും മൂലയും മാറ്റിപ്പണിയും.
ആളുകളെ വേഷപ്രച്ഛന്നരാക്കും. വാക്കുകളെ വേണ്ടാത്തിടത്തൊക്കെ മാറ്റി കെട്ടിക്കൊണ്ടിരിക്കും. നശിച്ച ദിവസം നശിച്ച ദിവസമാണ്. ആത്മഹത്യ ചെയ്തിട്ടും പുറത്ത് ഒരു നിലവിളി പോലും കേൾപ്പിക്കാത്ത ദിവസമാണ്.
ജീവിച്ചിരിക്കുന്നതിന്റെ എല്ലാ അടയാളങ്ങളോടും കൂടി ഒരു ശവത്തിന് എത്രകാലം മുന്നോട്ട് പോവാനാവും. അങ്ങനെയൊരാളുടെ മുമ്പിലെത്തുന്ന ഭക്ഷണം പോലും എത്രമാത്രം അധപതിച്ചിരിക്കുന്നു. മരിച്ചു പോയി എന്ന് വിളിച്ചു പറയാനാവാത്തതിന്റെ ഗതികേടിനോളം വരില്ല മറ്റൊന്നും.
വിചിത്രവീര്യൻ കണ്ണ് തുറന്നു.
കൂടെ നിന്നിരുന്ന പെൺകുട്ടി വെളളം തളിച്ച കൈ പിൻവലിക്കുകയാണ്. ദീപൻ തൊട്ടടുത്ത് നിൽക്കുന്നു. കൂടെ ഒന്നു രണ്ടു പേർ കൂടി കാര്യമറിയാതെ അസ്വസ്ഥതയോടെ നിൽക്കുന്നു.
പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു.
വേണ്ട. വയ്യെങ്കിൽ കുറച്ചു കൂടി കിടന്നോളൂ. കുടിക്കാൻ എന്താണ് വേണ്ടത്.
ഏയ്. ഒന്നും വേണ്ട. വല്ലപ്പോഴും വരുന്നതാണ്. കാര്യമാക്കാനില്ല. വിചിത്രവീര്യൻ എഴുന്നേറ്റു നിന്നു.
ദീപൻ ഇടപെട്ടു.
ഏതായാലും കുറച്ചു കൂടി ഇവിടെ ഇരുന്നോളൂ. ഇപ്പഴേ ഇരിക്കാൻ സമയം കിട്ടൂ. ജയഭാരതി നാണം മറക്കാനായി നിലവിളിച്ചോണ്ടിരിക്കുകയാ... ആരെങ്കിലും വന്ന് വല്ലതും ചെയ്യുന്നതിന് മുമ്പ് ഞാനുടുപ്പിച്ച് വരാം....
വിചിത്രവീര്യൻ എന്നത്തേയും പോലെ ചിരിക്കാൻ ശ്രമിച്ചു.
ആളുകൾ ഒഴിയാൻ തുടങ്ങി.
മുറിയുടെ വാതിലുകൾ ചാരുന്നതിന് മുമ്പ് പെൺകുട്ടി പറഞ്ഞു.
ഇത് റെസ്റ്റ് റൂമാണ്. ഞാൻ സഹായിച്ചിട്ട് വരാം. എന്റെ മേലേക്കാണ് നിങ്ങൾ വീണത്.
വിചിത്രവീര്യൻ ഒന്നും പറയാനാകാതെ കണ്ണുകൾ താഴ്ത്തി.
കീശയിൽ നിന്ന് മൊബൈൽ എടുത്തതും തന്നെ കാത്ത് ഉറക്കമിളച്ചു കൊണ്ടിരിക്കുന്ന രണ്ടു മെസ്സേജുകൾ. വിചിത്രവീര്യൻ ഒന്നു തുറന്നു.Vichithra Veeryan, you have I message and 16 friend requstse on facebook.
തൊട്ടടുത്ത മെസ്സേജ് തുറന്നതും വിചിത്രവീര്യൻ ഒന്ന് അന്ധാളിച്ചു.
എങ്ങനുണ്ട് പണി. കളളച്ചിരിയുടെ സ്‌മെലി അതിന്റെ കൂടെ നിന്ന് വിചിത്രവീര്യനെ കളിയാക്കി.
മിഥുൻ അയച്ചതാണ്. കൂടെ പഠിച്ചവരിൽ വല്ലപ്പോഴും ബന്ധപ്പെടുന്നത് അവനുമായ് മാത്രമാണെന്ന് വിചിത്രവീര്യൻ ഓർത്തു.
പഠിക്കുന്ന സമയത്ത് വല്ല്യ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. കണ്ടാൽ മിണ്ടുകയോ മറ്റോ ചെയ്തിരിക്കണം. എനിക്കവന്റെ പഴയ മുഖം ഓർമ്മയേ ഇല്ല. ഒരു ദിവസം കടയിൽ കാത്തിരുന്ന് മിൽക്ക് സർബ്ബത്ത് കുടിക്കുന്നതിനിടയിലാണ് മിഥുന്റെ കൈ എന്റെ ചുമലിൽ തൊട്ടത്.
നിങ്ങള് മണിയൂർ പഞ്ചായത്ത് ഹയർസെക്കന്ററിയിലല്ലേ പഠിച്ചത്...
ഒന്ന് നോക്കി വിചിത്രവീര്യൻ തലയാട്ടി.
ഞാനും.
പിരിയുമ്പോൾ മിഥുൻ നമ്പർ ചോദിച്ചു. പഴയ കൂട്ടുകാർ വിളിക്കാറുണ്ടോ എന്ന് ചോദിച്ചു. ഏതൊക്കെയോ കൂട്ടുകാർ അവനെ കല്യാണത്തിന് വിളിച്ചതും ഏതോ ഒരു പെൺകുട്ടി വിചിത്രവീര്യനെ അന്വേഷിച്ചതും കൂടി കേട്ടപ്പോൾ വിചിത്രവീര്യൻ തിരക്കു കാട്ടി ഇറങ്ങിപ്പോരുകയായിരുന്നു.
തന്നെ ആര് അന്വേഷിക്കാനാണ്? ആര്?
അയാൾ എന്നെ സന്തോഷിപ്പിക്കാൻ പറഞ്ഞതാവും. അവസരത്തിനൊത്ത് പറഞ്ഞു പോയ കോടാനു കോടി കളളങ്ങളാണ് ആകെ ചെയ്ത നല്ല കാര്യങ്ങൾ എന്ന് വിചിത്രവീര്യനു വെളിപാടുണ്ടായി. ലോകം നിലനിൽക്കുന്നത് ചെറിയ കളളങ്ങൾ ഉളള് പേടിച്ചു കൊണ്ട് മുന്നോട്ടു വെച്ച ചിരിയിലാണ്.
അലച്ചിലുകളുടെയും അന്വേഷണങ്ങളുടെയും മണ്ഡലകാലമായിരുന്നു അത്. അങ്ങനെയൊരു ദിവസമാണ് മിഥുൻ വീണ്ടും വിളിക്കുന്നത്. ഒരു നീണ്ട ഉറക്കത്തിനു ശേഷമുളള നട്ടുച്ചയായിരുന്നു.
ഒരു ജോലിയുണ്ട്. താൽപര്യമുണ്ടെങ്കിൽ ഞാൻ വിളിച്ച് പറയാം. ഞാൻ ചെയ്തതാ.... നല്ല സാലറി കിട്ടും.
കൂടുതലൊന്നും പറഞ്ഞില്ല, വേണം എന്നതൊഴിച്ചാൽ
അന്ന് കടയിൽ നിന്നിറങ്ങുമ്പോൾ ഒരു വലിയ മഴയുടെ ആൾക്കൂട്ടം ആകാശത്ത് ഉരുണ്ട് കൂടുന്നത് വിചിത്രവീര്യൻ അറിഞ്ഞില്ല. ആരെയും കാണാൻ കഴിയാത്ത വെളിച്ചങ്ങൾ ഇരുട്ടിനെ വെട്ടിപ്പൊളിച്ചു കൊണ്ടിരുന്നു. ഇന്നും ഉറക്കത്തിന്റെ വേരുകൾ തേടി എത്ര ദൂരം ചെല്ലേണ്ടി വരുമെന്ന അസ്വസ്ഥത അയാളുടെ വേഗത കുറച്ചു. മറച്ചു വെച്ച ഇരുട്ടുകൾക്ക് മീതെ വെളിച്ചം പരുങ്ങിക്കൊണ്ട് നിന്നു.
അന്ന് അർദ്ധരാത്രിക്കു മുമ്പ് മിഥന്റെ ഒരു മെസ്സേജ് കൂടി വന്നു.
സെറീന വില്യംസിനോട് എന്റെ ഹായ് പറയണം. ▮
(തുടരും)