ചിത്രീകരണം : സുധീഷ് കോട്ടേമ്പ്രം

തരകൻസ് ഗ്രന്ഥവരി

ഒരു നുള്ളു വിഷം ഒരു കഥ പറയുന്നു:

ഞാൻ മേശക്കത്തിയിൽ പുരട്ടപ്പെട്ട ഒരു നുള്ള് വിഷമാകുന്നു.
വെറും ഒരേയൊരു നുള്ള്.
അത്രയും മതി എന്റെമേൽ ഭാരമേല്പിക്കപ്പെട്ട ദൗത്യം കൃത്യമായും മനോഹരമായും നിർവ്വഹിച്ചെടുക്കാൻ. ആരും അറിയില്ല. അറിയാൻ ഞാൻ ഇടകൊടുക്കില്ല. അതുകൊണ്ടാണല്ലോ ചരിത്രാതീതകാലം മുതൽതന്നെ ഞാൻ മനുഷ്യർക്കും അവരുടെ ആഹാരമേശകൾക്കും ഒപ്പം ചേർന്നുനടക്കുന്നത്.

നിങ്ങളുടെ എല്ലാ കൊട്ടാരങ്ങളിലും ഞാനുണ്ടായിരുന്നു.
നിങ്ങളുടെ മെത്രന്മാരുടെ അരമനകളിൽ ഞാനുണ്ടായിരുന്നു.
പാപം നിറഞ്ഞ വീടുകളുടെ അകത്തളങ്ങളിൽ എന്നെ നിങ്ങൾക്ക് കാണാമായിരുന്നു. പച്ചിലകളിൽ നിന്നും വിഷക്കൂണുകളിൽ നിന്നും എന്നെ നിർമിച്ചെടുക്കുന്നതിനുവേണ്ടി രസായനവിദ്യ പഠിച്ച മിടുക്കന്മാരെ ചക്രവർത്തിമാരും രാജാക്കൻമാരും അന്യദേശങ്ങളിൽ നിന്ന് ക്ഷണിച്ചുവരുത്തുകയും ഊട്ടിവളർത്തുകയും ചെയ്തു. രഹസ്യത്തിലും പരസ്യത്തിലും ഞാൻ മനുഷ്യർക്കൊപ്പവും അവരുടെ ചരിത്രത്തിനൊപ്പവും സഞ്ചരിച്ചുകൊണ്ടേയിരുന്നു.

പണ്ട്, വളരെ പണ്ട്, സോക്രട്ടീസ് എന്നൊരു മഹാന്റെ ജീവിതമെടുക്കുന്നതിൽ എനിക്ക് പങ്കുണ്ടായിരുന്നു. അന്ത്യപ്രവാചകനായ നബി തിരുമേനിയുടെ പിന്മുറക്കാരായ ഹസൻ അലി, അലി ഹുസൈൻ മുതൽപേരായ ഒൻപത് ഇമാമുമാരെ സ്വർഗലോകത്തേക്കയയ്ക്കാൻ അവരുടെ ഭാര്യമാരോ അനുചരൻമാരോ പരിചാരകരോ മദീനയിലും ബാഗ്ദാദിലും മഷാദിലും സമ്മാറയിലും വച്ച് എന്റെ സഹായമാണ് തേടിയത്. ആരെയും ഞാൻ നിരാശപ്പെടുത്തിയില്ല. അവരുടെ ആഹാരത്തിലും പാനീയത്തിലും കടന്നുകൂടി ഞാനത് സ്തുത്യർഹമായ രീതിയിൽ നിർവഹിച്ചുകൊടുത്തു. ഒൻപതാം നൂറ്റാണ്ടിൽ പോപ്പ് ജോൺ എട്ടാമന്റെ ജീവനെടുക്കാൻ സഹായിക്കാമോ എന്ന് അദ്ദേഹത്തിന്റെ ഒരു ശിഷ്യൻ ആരാഞ്ഞപ്പോൾ സന്ദേഹമേതുമില്ലാതെ ഞാനത് നിർവഹിച്ചുകൊടുത്തു. അതുകൊണ്ടല്ലേ അങ്ങ് ദില്ലിയിലെ ചക്രവർത്തിമാർ എന്റെ സാന്നിധ്യം ഭയന്ന് അതീവവിശ്വസ്തരായ മിർക്കാവാലമാരെക്കൊണ്ട് കഴിപ്പിച്ചശേഷം മാത്രം സ്വന്തം ആഹാരം രുചിക്കാൻ തുനിഞ്ഞത്. ലോകം കീഴടക്കിയ ചക്രവർത്തിമാർ എന്നെ എത്രമാത്രം ഭയന്നിരുന്നു എന്നോർക്കുക.

എന്നാൽ നിങ്ങൾക്കെന്നെ വിശ്വസിക്കാം. എവിടെ ആയിരുന്നാലും എപ്പോൾ ആയിരുന്നാലും. ആരാണോ യജമാനൻ അവരുടെ കൈയിലെ കളിപ്പാവ മാത്രമാണ് ഞാൻ. ആഹാരം, വെള്ളം, വീഞ്ഞ്. മൂന്നിലും ഞാൻ പ്രവർത്തിക്കുന്നു. രാജാവെന്നോ പരിചാരകനെന്നോ അന്നേരം ഞാൻ ഗൗനിക്കാറില്ല. മെത്രാനെന്നോ പാതിരിയെന്നോ എനിക്ക് വിവേചനമില്ല. ഇരയുടെ പക്ഷത്തെ നന്മയോ തിന്മയോ എന്റെ വിഷയമല്ല. ചെയ്യുന്ന പ്രവർത്തിയിലെ ശരിയോ തെറ്റോ ഞാൻ പരിഗണിക്കാറില്ല. വിശ്വസ്തതയോടെ ഞാൻ വേലചെയ്യുന്നു എന്നുമാത്രം. അല്ലെങ്കിൽ വെറും ഒരു വ്യാഴവട്ടക്കാലത്തിനുമുൻപ് പോപ്പ് ക്ലമൻറ്​ പതിനാലാമൻ എന്ന നീതിമാനെ മിശിഹാ തമ്പുരാന്റെ വലതുഭാഗത്ത് ഇരിപ്പാൻ തക്കവണ്ണം അവസരം ഒരുക്കിക്കൊടുത്തത് ഞാനല്ലേ...? ദുഷ്ടൻമാരും തെമ്മാടികളുമായ ജെസ്യൂട്ട് പാതിരിസംഘത്തെ പിരിച്ചുവിടാനുള്ള നോട്ടീസിൽ കൈയ്യൊപ്പ് ചാർത്തിയതിന്റെ പ്രതികാരമായിരുന്നു അത്. അല്ല, കുറ്റം എന്റേതല്ല. പോപ്പ് തിരുമേനി ശ്രദ്ധിക്കണമായിരുന്നു. ഞാൻ അദ്ദേഹത്തിന് വിളമ്പാൻപോകുന്ന ആഹാരത്തിലേക്ക് കലരുന്നതിനും കുറച്ച് ദിവസങ്ങൾക്ക് മുൻപ്, വത്തിക്കാനിലെ കൊട്ടാരമതിലിൽ In Setember, Sara, Sede Vacante അഥവാ ‘സെപ്റ്റംബറിൽ വിശുദ്ധ ആസ്ഥാനം ശൂന്യമായിരിക്കും...!' എന്നൊരു ചുവരെഴുത്ത് പതിഞ്ഞതിലെ അപകടം പോപ്പ് തിരുമേനി എന്തേ കാണാതെപോയി?

അല്ല ഞാനെന്തിനാണ് ഈ ചരിത്രമൊക്കെ പറയുന്നതെന്നാണോ..
പറയാം. പറയാം..
ഞാൻ കഥയിലേക്ക് കടന്നുവരുന്നതല്ലേ ഉള്ളൂ. ഇത്തിരി ക്ഷമിക്കൂ.

ഗോവൻ ബിഷപ്പിന്റെ ഭവനത്തിൽ വിഷം എന്താണ് ചെയ്യുന്നത്..?

ഈ നേരം വരെയും എനിക്ക് മനസിലാവാത്ത ഒരു കാര്യമുണ്ട്. എന്തിനാണ് ഞാനിവിടെ ഈ ഗോവയിൽ, കർമലീത്ത പാതിരിമാർ മാത്രം പാർക്കുന്ന സന്യാസി മഠത്തിലെ ബിഷപ്പിന്റെ ഭവനത്തിൽ എത്തിപ്പെട്ടത് എന്ന്!
മുൻപ് ഞാനിവിടെ വന്നിട്ടേയില്ല എന്നല്ല. രണ്ടോ നാലോ തവണ അവിഹിതത്തിലായി വയറിനുപിടിപ്പിച്ച കന്യാസ്ത്രീകളെ ദൈവത്തിന്റെ തിരുസന്നിധിയിൽ എത്തിക്കുന്നതിനായി ഇതേ മഠം എന്റെ സഹായം അഭ്യർഥിച്ചിട്ടുണ്ട്. ഞാനത് നിർവ്വഹിച്ച് കൊടുത്തിട്ടുമുണ്ട്. പക്ഷേ ഇപ്പോൾ അങ്ങനെ വയറുവീർപ്പിച്ച ഒരു കന്യാസ്ത്രീയുടെ സാന്നിധ്യം ഇവിടെ എവിടെയും കാണാനില്ല. പിന്നെ എന്തിനാണ്...? ഇവിടെ ആകെ പതിവിൽ നിന്നുള്ള ഒരു വ്യത്യാസം മഠത്തിൽ രണ്ട് പുതിയ അതിഥികൾ വന്നിട്ടുണ്ട് എന്നതാണ്. അവരാകട്ടെ ബഹുമാനിതരാണ്. ദീർഘദൂരം കപ്പൽയാത്ര ചെയ്ത് വന്നിട്ടുള്ളവർ. പോർച്ചുഗീസിൽ പോയി ചക്രവർത്തി തമ്പുരാനെ മുഖം കാണിച്ച് ആശിർവാദം വാങ്ങിയും റോമിൽ പോയി പാപ്പയെ സന്ദർശിച്ച് മലങ്കരയിലെ ആദ്യ മെത്രാനായി സ്ഥാനമേറ്റും വന്നിട്ടുള്ള ഒരു മല്പാനും അദ്ദേഹത്തിന്റെ സ്‌നേഹിതനായ ഒരു കത്തനാരും. അവർക്കിന്ന് ബിഷപ്പിന്റെ ഭവനത്തിൽ ആഹ്ലാദത്തിന്റെ വിരുന്ന് കൊടുക്കുന്ന ദിവസമാണ്. പക്ഷേ ഇന്ന് ബിഷപ്പ് ഭവനത്തിന്റെ ഈ അകത്തളങ്ങൾക്ക് ശ്വാസംമുട്ടിക്കുന്ന തരം നിശബ്ദതയുണ്ട്. എല്ലാവരും ഇവിടെ പതിഞ്ഞ താളത്തിൽ മാത്രം നടക്കുന്നു. രഹസ്യങ്ങൾ മാത്രം കൈമാറപ്പെടുന്നതുപോലെ വളരെ പതിഞ്ഞ ശബ്ദത്തിൽ മാത്രം സംസാരിക്കുന്നു. പരസ്പരം ഭീതിയോടെ മാത്രം നോക്കുന്നു. ക്രിസ്തുവിന്റെ സ്‌നേഹം ഒരു ജലധാരപോലെ ഒഴുകിനിറയേണ്ട, ചിരികൾ പൂക്കുകയും സ്‌നേഹം കായ്ക്കുകയും ചെയ്യേണ്ട ഈ അകത്തളങ്ങൾക്ക് എന്താണ് ആകെ ഒരു മുഷിഞ്ഞ ഗന്ധം...? ഈ ദിവസം, മലയാളത്തുകാരായ ആ പാവങ്ങൾക്കെതിരെ അവരുടെ സഹോദരങ്ങളായ കർമലീത്തക്കാർ എന്നെ ഉപയോഗിക്കുമോ...? അതിൽ മെത്രാനായി സ്ഥാനമേറ്റ കത്തനാർക്ക് ഉടനെ കൊച്ചി ദേശത്ത് ചെന്ന് വരാപ്പുഴ സെമിനാരിയുടെയും കൊടുങ്ങല്ലൂർ രൂപതയുടെയും അധികാരിയായി സ്ഥാനം ഏൽക്കേണ്ടതല്ലേ...?

പക്ഷേ സ്‌നേഹിതരേ... എന്നോട് ക്ഷമിക്കൂ...
​ഇതാ ഞാൻ വിശുദ്ധ വസ്ത്രമണിഞ്ഞ ഒരു സന്യാസിശ്രേഷ്ഠന്റെ കൈകളാൽ സഞ്ചരിക്കപ്പെടുകയാണ്. കുന്തിരിക്കത്തിന്റെ മണമുള്ള ഇടനാഴിയിലൂടെ. ജപമാലകൾക്കും മെഴുകുതിരികൾക്കും ക്രൂശിതനായ ക്രിസ്തുവിന്റെ കല്ലിൽതീർത്ത രൂപങ്ങൾക്കും വിശുദ്ധയായ കന്യാമറിയമിന്റെ ശോഭയാർന്ന ചിത്രങ്ങൾക്കും മധ്യത്തിലൂടെ.
ദൈവമേ... തമ്പുരാനേ... ഞാൻ പോകുന്നത് മെത്രാൻ സ്ഥാനം ഏറ്റുവന്ന സുറിയാനി പാരമ്പര്യമുള്ള നീതിമാനായ മൽപാന്റെ ആഹാരമേശയിലേക്കാണല്ലോ...
ഒഴിയാൻ എന്റെ മുന്നിൽ ഒരു വഴിയുമില്ലേ...?
സന്യാസിയുടെ കൈ ഒന്ന് വിറയ്ക്കുകയും ഞാൻ നിലത്തേക്ക് ഊർന്നുപോവുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു. പക്ഷേ അയാൾ എത്ര കരുതലോടെയും സൂക്ഷ്മതയോടുമാണ് എന്നെ വഹിക്കുന്ന മേശക്കത്തി പിടിച്ചിരിക്കുന്നത്. സാരമില്ല. യജമാനന്റെ കൈയിലെ ഉപകരണം മാത്രമാണ് ഞാനെന്ന് വീണ്ടും ഒരിക്കൽകൂടി ഞാൻ സ്വയം തെളിയിക്കുകയാണ്. അവനൊപ്പം ഒരു അടിമയെപ്പോലെ ചലിക്കുക, അവന്റെ ഇംഗിതത്തിനൊപ്പം പടയാളിയെപ്പോലെ പ്രവർത്തിക്കുക. അതാണെന്റെ കടമ. ഞാനത് നിർവഹിക്കുന്നു.
വിശുദ്ധനായ കരിയാറ്റിൽ യൗസേപ്പ് മല്പാനേ പൊറുത്താലും.
കൂട്ടുവന്ന പാറേമ്മാക്കൽ തോമാ കത്തനാരേ പൊറുത്താലും.
ചതിയനായ യൂദ തന്റെമേൽ ഭാരമേല്പിക്കപ്പെട്ട ഒറ്റിക്കൊടുപ്പിന്റെ ദൗത്യം നിർവഹിച്ചതുപോലെ ഞാനും മനശ്ചാഞ്ചല്യമില്ലാതെ എന്റെ ഉത്തരവാദിത്തം നിർവ്വഹിച്ചുകൊള്ളട്ടെ.

പിന്റോ വിപ്ലവം എന്തായിരുന്നു എന്ന് വിഷം നമുക്ക് പറഞ്ഞുതരും

ഉറക്കമില്ലാത്ത ഒരു കാവൽക്കാരനെപ്പോലെ ഞാനിപ്പോഴും നിങ്ങൾക്കിടയിൽ ചുറ്റിനടക്കുന്നുണ്ട്. മനുഷ്യർ നന്മയുള്ളവർ എന്നും ഇനിയുള്ള കാലം എനിക്ക് നിങ്ങൾക്കിടയിൽ സ്ഥാനമില്ലായെന്നും നിങ്ങൾ തെറ്റിദ്ധരിച്ചു. അല്ലെന്ന് മനുഷ്യരെ നിങ്ങൾ സ്വയം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഗൂഢവിചാരങ്ങൾ ഒളിച്ചുപാർക്കുന്ന മനുഷ്യമനസുകളെപ്പറ്റി നിങ്ങൾക്ക് തെല്ലുമേ അറിയില്ല. ഇതാ എനിക്ക് ചരിത്രത്തിൽ ഇടപെടേണ്ട സമയമായിരിക്കുന്നു. അതിനുമുൻപ് ഇത്തിരി കഥ പറയാം.

എന്തിനാണ് ആ നീതിമാനായ യൗസേപ്പ് മല്പാനെ അന്ന് എന്നെ ഉപയോഗിച്ച് നിഗ്രഹിച്ചുകളഞ്ഞതെന്ന് ഏറെക്കാലത്തേക്ക് എനിക്കൊരു നിശ്ചയവുമുണ്ടായിരുന്നില്ല. മല്പാൻ സ്വർഗത്തിൽ മിശിഹാതമ്പുരാന്റെ വലുതുഭാഗത്തേക്ക് അയക്കപ്പെട്ടതിന്റെ പിറ്റേവർഷം ഗോവയിൽ മറ്റൊരു സംഭവം നടന്നു. പിന്റോ വിപ്ലവം എന്നാണ് അതറിയപ്പെട്ടത്. തദ്ദേശീയരായ മൂന്ന് ഗോവൻ പാതിരിമാരുടെ നേതൃത്വത്തിലാണ് പോർച്ചുഗീസ് അധീശശക്തിക്കെതിരെ വിപ്ലവത്തിനു മുതിർന്നത്. അടുത്തിടെ നടന്ന ഫ്രഞ്ച് വിപ്ലവം കണ്ട് പാവങ്ങൾ ആവേശംപൂണ്ട് പോയതാണ്. അവർ മൈസൂർ സിംഹം ടിപ്പുവിനൊപ്പം ചേർന്ന് ഗൂഡാലോചന നടത്തുകയും പോർച്ചുഗീസ് ശക്തിയെ അവിടെ നിന്ന് തുരത്താൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ ശ്രമം ഫലവത്തായില്ല. വിപ്ലവം പരാജയപ്പെട്ടു. ചിലർ ബ്രിട്ടീഷ് പ്രദേശത്ത് അഭയം തേടി. നാല്പത്തിയേഴ് പേരെ പിടികൂടി. അതിൽ പതിനേഴ് പാതിരിമാരും ഏഴ് പട്ടാള ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അർഹിക്കുന്ന വിധി അവർക്ക് ലഭിച്ചു. മുഴുവൻ എണ്ണത്തിനെയും പൊതുസ്ഥലത്തുവച്ച് പരസ്യമായി വധിച്ചുകളഞ്ഞു.

അല്ല, തദ്ദേശീയരായ ഗോവൻ പാതിരിമാർക്ക് പെട്ടെന്ന് അങ്ങനെ ഒരു തോന്നലുണ്ടാവാൻ കാരണമെന്താണ്...? അതാണ് ഇക്കഥയിൽ എനിക്കും അന്ന് കൊല്ലപ്പെട്ട മല്പാനും തമ്മിലുള്ള ബന്ധം. പോർച്ചുഗീസിൽ പോയി രാജാവിൽ നിന്ന് അധികാരവും രാജ്ഞിയിൽ നിന്ന് സമ്മാനവും റോമിൽ പോയി പോപ്പിൽ നിന്ന് സ്ഥാനവും വാങ്ങി വന്ന ആ യൗസേപ്പ് മല്പാനും ഒരു തദ്ദേശീയനായിരുന്നല്ലോ. കൊടുങ്ങല്ലൂർ അതിരൂപതയുടെ അധികാരം കൈയാളാനുള്ള കൽപനയും വാങ്ങിയാണ് അദ്ദേഹം പോർച്ചുഗീസിൽ നിന്ന് മടങ്ങിയത്. അത് ഗോവൻ പാതിരിമാർക്ക് ആവേശമായി. അവർ അദ്ദേഹവുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തി. എങ്ങനെയാണ് തദ്ദേശീയനായ ഒരാൾ മെത്രാൻ പട്ടം വാങ്ങിയെടുത്തതെന്ന് അവർ ചോദിച്ചറിഞ്ഞു. അതുവരെ റോമൻ കത്തോലിക്ക സഭയിൽ വൈദേശിക മെത്രാന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് നിങ്ങൾ ഓർക്കുമല്ലോ. ഈ വിവരം പക്ഷേ പോർച്ചുഗീസുകാരായ കർമലീത്ത പാതിരിമാർ എങ്ങനെയോ മണത്തറിഞ്ഞു. അവരുടെ അധികാരത്തിന്മേൽ കത്തിവയ്ക്കാനുള്ള ശ്രമമാണ് ഈ മലയാളത്തുകാരൻ മല്പാൻ നടത്തുന്നത് എന്ന് മനസിലാക്കിയതിന്റെ പരിണിതഫലമായിരുന്നു എന്റെ കടന്നുവരവ്. പോർച്ചുഗീസ് അധികാരത്തെ ചോദ്യംചെയ്യുന്ന ആരുടെയും ഗതി അതുതന്നെ എന്നൊരു സൂചനയാണ് കർമലീത്ത പാതിരിമാർ അതിലൂടെ മുന്നോട്ടുവച്ചത്. പക്ഷേ ഗോവൻ പാതിരിമാർക്ക് അത് മനസിലായില്ല. അവർ വിപ്ലവശ്രമങ്ങളുമായി മുന്നോട്ടുപോവുകയും അപകടത്തിൽ ചെന്ന് ചാടുകയും ചെയ്തു.

അതുകൊണ്ട് ഒന്നേ എനിക്ക് പറയാനുള്ളു, പാതിരി എന്നോ മെത്രാനെന്നോ വ്യത്യാസം എനിക്കില്ല. ഞാനെന്റെ പണി ചെയ്യും. നോക്കീം കണ്ടും നിൽക്കുക നിങ്ങളുടെ ഉത്തരവാദിത്തം. അല്ല ഞാനെന്തിനാണോ ഇപ്പോൾ സ്ഥാനമൊഴിഞ്ഞ് പൂട കൊഴിഞ്ഞിരിക്കുന്ന പഴയ ദിവാൻ രാജാകേശവദാസിന്റെ ദേവികോട് ഭവനത്തിന്റെ അടുക്കളയിൽ എത്തിയിരിക്കുന്നത്. ഇവിടെയും എനിക്ക് പണിയുണ്ടോ...? നോക്കട്ടെ. പറയാം.

ദേവികോട് ഭവനത്തിന്റെ അടുക്കളയിൽ നിന്ന് വിഷം സംസാരിക്കുന്നു

ഭാരതമണ്ണിന്റെ തെക്കേതീരത്ത് ഇങ്ങ് തിരുവിതാംകോട് എന്ന രാജ്യത്തിലെ പ്രധാന പട്ടണമായ തിരുവനന്തപുരത്താണ് ഞാനിപ്പോൾ ഉള്ളത്. അടുത്തിടെ സ്ഥാനമൊഴിഞ്ഞ ദിവാന്റെ വിശ്രമസങ്കേതമായ ദേവികോട് ഭവനത്തിൽ. അടുത്തിടെയാണ് പുതിയ രാജാവ് പതിനാറുകാരൻ ബാലരാമവർമയിൽ നിന്ന് വിലക്ക് നീട്ട് അഥവാ പിരിച്ചുവിടീൽ പത്രിക കിട്ടിയതുപ്രകാരം അദ്ദേഹം തിരുവനന്തപുരത്തിനു മടങ്ങിയത്. അതുവരെ അങ്ങ് ആലപ്പുഴ എന്ന പുത്തൻ തുറമുഖപട്ടണത്തിലായിരുന്നു അദ്ദേഹത്തിന്റെ താമസം. അവിടെയിരുന്നാണ് പതിറ്റാണ്ടുകാലം തിരുവിതാംകോട് എന്ന രാജ്യത്തിലെ രാജാവിനേക്കാൾ അധികാരമുള്ള അധികാരിയായി ദേശം ഭരിച്ചത്.
ആലപ്പുഴ എന്ന പുത്തൻ തുറമുഖപട്ടണം എന്നുപറയുമ്പോൾ പട്ടണം പണ്ടേയുണ്ടായിരുന്നു. അവിടെയൊരു പുത്തനായി വന്നത് തുറമുഖമാണ്. അതിലൂടെ കുരുമുളക് കച്ചവടത്തിൽ കൊച്ചി രാജവംശത്തിനുണ്ടായിരുന്ന കുത്തകയുടെ അടിവാരം തോണ്ടിയത് ഈ വലിയ ദിവാനാണ്. കൂടെ നിന്നത് രണ്ടുകൊല്ലം മുൻപ് തീപ്പെട്ട ശ്രീപത്മനാഭദാസ വഞ്ചിപാല കുലശേഖര കിരീടപതി മന്നേ സുൽത്താൻ മഹാരാജ രാജരാമ രാജബഹദൂർ ഷംഷേർജംഗ് മഹാരാജാവും. ഒരു രാജാവാകുമ്പോൾ പേരിനിത്തിരി നീളമൊക്കെ വേണം. എങ്കിലേ വേണ്ടുന്നത്ര ഗരിമ വരൂ, എന്നുമാത്രമല്ല, കർണാടക നവാബ് കല്പിച്ചു നല്കിയ സ്ഥാനപ്പേരാണ് അതിൽ പാതിയും. കൂറും വിശ്വസ്തതയുമില്ലാത്ത പ്രജകളായ നിങ്ങൾക്കിഷ്ടമില്ലെങ്കിൽ ചുരുക്കത്തിൽ ധർമരാജ എന്നുമാത്രം വിശേഷിപ്പിച്ചാലും മതി. അടിമയും ദാസനുമായ എനിക്കത് പറ്റില്ലല്ലോ.

ക്രിസ്തു പിറന്നാണ്ട് പതിനേഴ് അറുപത്തിയെട്ടിൽ തമ്പി ചെമ്പകരാമൻ പിള്ള സർവാധികാര്യക്കാരനായി ചുമതലയേറ്റ കാലത്ത് വെറും കൊട്ടാരം സമ്പ്രീതി അഥവാ കണക്കപ്പിള്ള മാത്രമായിരുന്ന കേശവപിള്ള പതിയെ ഉയർന്ന് സർവാധികാര്യക്കാരനായി. വർഷമൊന്നു കഴിഞ്ഞപ്പോൾ ദളവയും. അതിനിടയിൽ ഞാനും തെറ്റിച്ചു. ദളവ എന്നല്ല ഇപ്പോൾ പറയേണ്ടത്, ദിവാൻ എന്നായിരുന്നു. ദളവ എന്ന സ്ഥാനപ്പേരിനു വേണ്ടുന്നത്ര കുലീനത്വമില്ലെന്ന കാരണത്തിൽ ദിവാൻ എന്ന് മാറ്റിപ്രതിഷ്ഠിച്ചത് ഈ കേശവദാസാണ്. കുറ്റം പറയല്ലല്ലോ, ഭരണത്തിൽ കേമരിൽ കേമൻ. ഹിന്ദുസ്ഥാനി, ഉറുദു, പേർഷ്യൻ, പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ്, സംസ്‌കൃതം എന്നീ ഭാഷകൾ പച്ചവെള്ളം പോലെ വശമായ പണ്ഡിതൻ. അതുകൊണ്ടാണല്ലോ ടി വിദ്വാനെ മോറിംങ്ടൺ പ്രഭു ‘രാജാകേശവദാസൻ' എന്ന് പേരുനൽകി ആദരിച്ചത്. സ്‌നേഹമുള്ള ജനങ്ങൾ വലിയ ദിവാൻജി എന്ന് പ്രകീർത്തിച്ച് വിളിച്ചത്.

എന്നാൽ പുതിയ രാജാവ് ബാലരാമവർമയോട് അധികകാലം ചേർന്നുപോകാൻ വലിയ ദിവാൻജിയ്ക്ക് കഴിഞ്ഞില്ല. അല്ലെങ്കിൽ തന്നെ അതാണല്ലോ ചരിത്രം. ഏതു ഭരണാധികാരിയുടെ വിശ്വസ്തനാണ് പിൻഗാമിയുടെയും വിശ്വസ്തനായി തുടർന്നിട്ടുള്ളത്? പുതിയ രാജാവിന് എപ്പോഴും പുതിയ വിശ്വസ്തൻ കാണും. അവർ തമ്മിലുള്ള ഉൾപ്പോരിൽ പഴയവൻ വീഴുകയും ചെയ്യും. ഇവിടെയും അതുതന്നെ സംഭവിച്ചു. ബാലരാമവർമയിൽ നിന്ന് വിലക്ക് നീട്ട് വാങ്ങി സ്ഥാനമൊഴിഞ്ഞ് വീട്ടിലിരിപ്പാണെങ്കിലും എനിക്കിപ്പോഴും അങ്ങേരോട് സ്‌നേഹവും ബഹുമാനവുമുണ്ട്. അയാൾ സമർഥനായിരുന്നു. എന്നിട്ടും ഞാനെന്തിനാണ് പാചകക്കാരന്റെ കൈകളിലേന്തി അദ്ദേഹത്തിന്റെ ആഹാരത്തിലേക്ക് നീങ്ങുന്നതെന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ല. പൂട കൊഴിഞ്ഞ സിംഹത്തെ കൊല്ലുന്നതെന്തിന്...? അതിന് ഈ പാചകക്കാരന് എത്ര അനന്തവരാഹൻ സമ്മാനമായി കിട്ടിക്കാണും...? ആരായിരിക്കും അതിനുപിന്നിൽ...? കുരുമുളകിന്റെ കുത്തക നഷ്ടപ്പെട്ടതിൽ രോഷം പൂണ്ടിരിക്കുന്ന കൊച്ചിയോ...? പുതിയ ദിവാൻ ജയന്തൻ ശങ്കരൻ നമ്പൂതിരിയോ...? അതോ കോപാകുലനായ ബാലരാമവർമ തന്നെയോ..? ▮

(ഡി.സി. ബുക്​സ്​ പ്രസിദ്ധീകരിക്കുന്ന ബെന്യാമിന്റെ തരകൻസ്​ ഗ്രന്ഥവരി എന്ന നോവലിലെ ഒരു ഭാഗം)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ബെന്യാമിൻ

കഥാകൃത്ത്​, നോവലിസ്​റ്റ്​. അക്കപ്പോരിന്റെ 20 നസ്രാണിവർഷങ്ങൾ, ആടുജീവിതം, അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകൾ, മഞ്ഞവെയിൽ മരണങ്ങൾ, മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ, നിശ്ശബ്​ദസഞ്ചാരങ്ങൾ എന്നിവ പ്രധാന നോവലുകൾ.

Comments