പതിനേഴ്
""ഇല്ലെടീ, നീ പറയുന്നത് കേൾക്കാൻ ഇരിക്കുവാന്ന് അവര്.''
""വേളാങ്കണ്ണിയേൽ പോവണമെന്ന അപ്പന്റെ നിർബന്ധം കൂടിയപ്പോൾ ഞങ്ങളെല്ലാരും കൂടെ അവിടേക്ക് പോവാൻ തീരുമാനിച്ചു. കൂട്ടത്തീ പാപ്പായിയും കുടുംബവും വരാമെന്ന് പറഞ്ഞു. എനിക്കത് ഇഷ്ടമായിരുന്നില്ല. പക്ഷേ എല്ലാവരേം സന്തോഷത്തെ ഞാനൊരാള് കാരണം ഇല്ലാതാക്കണ്ടാന്ന് കരുതി മിണ്ടാതിരുന്നു. പോലീസ് സ്റ്റേഷനീൽ തങ്ങളെ സഹായിച്ച പാപ്പായിയെ നാത്തൂന് വലിയ കാര്യമായിരുന്നു. അതിനുശേഷം അയാള് വീട്ടീ വന്നയൊടനെ അരിനുറുക്കും കട്ടൻ കാപ്പീം അവള് തന്നെ കൊണ്ടുകൊടുത്തിരുന്നു. വന്നും പോയുമിരുന്ന സമയത്തെ അയാളുടെ നോട്ടങ്ങളും അറിയാതെ മട്ടിലവളെ തൊടുന്നതും കാണ്ടപ്പോൾ എനിക്ക് അറപ്പായിരുന്നു. പക്ഷേ നാത്തൂന്നോടോ അവനോടെ ഒന്നും പറയാൻ കഴിയാത്ത സങ്കടവും ചേർന്നപ്പോൾ ഭ്രാന്ത് പിടിച്ചു. അവക്കാണേൽ അയാളെ മനസ്സിലായതുമില്ല. ഇതൊന്നും താങ്ങാനാവാതെ ഏതുസമയത്തും തലവേദന കൊണ്ട് ഞാൻ പുളഞ്ഞു. വേദന വരുന്ന സമയത്തൊക്കെ ഞാൻ കൊന്ത ചൊല്ലി മുറീൽ കെടന്നതാണ്''.
""ഒടനെ അവൾക്കും ഒരു ചെറുക്കനെ നോക്കണം. അവന്റെ കെട്ട് കഴിഞ്ഞേൽപ്പിന്നെ ഏതുനേരത്തും ആലോചനയാന്ന്.''
""അമ്മച്ചി അപ്പനോടത് പറയുന്നത് കേട്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു. പക്ഷേ ഞാൻ കരഞ്ഞില്ല. എല്ലാവരേം മുൻപിൽ സന്തോഷം അഭിനയിച്ചു. മറ്റുള്ളോരെ സന്തോഷം കളയാതിരിക്കാൻ ഞാനൊരാൾ മാത്രം അഭിനയിക്കേണ്ടിവന്നു. ജീവനോടെ തന്നെ നമ്മളെ ഒരു കുഴിയിൽ അടക്കംചെയ്യുന്നത് പോലെയാണത്.
അപ്പാപ്പി ഏർപ്പാടാക്കിയ വാനിൽ ഞങ്ങളെല്ലാരും കൂടെ വേളാങ്കണ്ണിക്ക് പോയി. ഞാനോഴികെ ബാക്കിയെല്ലാവരും ആ രണ്ട് ദെവസോം ആഘോഷിച്ചതാണ്. അപ്പനായിരുന്ന് കൂടൂതൽ സന്തോഷം. വേളാങ്കണ്ണി മാതാവിന്റെ മുന്നിൽ നിിൽക്കുമ്പോൾ ആരും കാണാതെ ഞാൻ കരയുകയായിരുന്നു. പക്ഷേ എന്റെ സങ്കടം മാതാവും കേട്ടില്ല. കേട്ടിരുന്നേൽ അയാൾ എന്നെ വീണ്ടും ഉപദ്രവിക്കത്തില്ലായിരുന്ന്. ഞങ്ങള് തിരികെവരുമ്പോൾ ഞാനും അമ്മച്ചീം ഒരു സീറ്റേൽ ആയിരുന്ന്. അമ്മച്ചിക്ക് ശർദിലുള്ളതോണ്ട് വിൻഡോ സീറ്റിലാണ് ഇരുന്നത്. ഞങ്ങൾ ഇരുന്നതിന്റെ പൊറകിലേ സീറ്റേൽ അയാളും അമ്മായിയുമാണ് ഇരുന്നത്. പുലർച്ചെ വീട്ടിലെത്താൻ വേണ്ടി വൈകിട്ടാണ് ഞങ്ങൾ പുറപ്പെട്ടത്. ഒരു ദിവസം കൂടെ കഴിഞ്ഞ് പോയാൽ മതിയെന്നായിരുന്നു അപ്പൻ പറഞ്ഞത്. പക്ഷെ അയാൾക്ക് കോയമ്പത്തൂര് പോവേണ്ടതോണ്ട് പെട്ടന്ന് തിരിച്ചുവന്നതാണ്. ഇടയ്ക്കൊരിടത്ത് വാൻ നിർത്തി ഭക്ഷണമൊക്കെ കഴിച്ചു. തിരികെ കയറിയ എല്ലാവരും നല്ല ഒറക്കത്തിൽ ആയി. വെയിലും, അലച്ചിലും ആയിരുന്നതുകൊണ്ട് നല്ല ക്ഷീണമൊണ്ടായിരുന്നു. വാനിനുള്ളിലെ ലൈറ്റണച്ചപ്പോൾ ഞാനുമൊറങ്ങി. പക്ഷേ എന്റെ ദേഹത്ത് എന്തോ ഇഴയുന്നതുപോലെ തോന്നിയപ്പോൾ ഞെട്ടിയുണർന്നു. അമ്മച്ചിയോട് പറഞ്ഞപ്പോൾ തോന്നിയതാവുമെന്ന് പറഞ്ഞു. ഞാൻ പിന്നേം സീറ്റിലോട്ട് ചാരിക്കെടന്നു. പിന്നേം ഇഴയാൻ തൊടങ്ങിയപ്പോൾ തിരിഞ്ഞുനോക്കി. അയാൾ അപ്പോൾ ഇടത്തെ കൈകൊണ്ട് എന്റെ വാ പൊത്തിപ്പിടിച്ചു. വലത്തെ കൈകൊണ്ട് മൊലേല് പിടിച്ചമർത്തി. വേദനേം നാണോം സഹിക്കാൻ കഴിയാതെ എന്റെ കണ്ണ് നെറഞ്ഞു. അയാളപ്പോൾ മുഖം നീട്ടീ എന്റെ കഴുത്തേൽ നാവു വെച്ചു. ഒച്ചയെടുക്കാൻ പോലും കഴിയാതെ എനിക്ക് ശ്വാസം അടഞ്ഞുപോയി. അത് അയാളെ കൂടുതൽ സന്തോഷിപ്പിച്ചിരിക്കും. അയാളുടെ കയ്യപ്പോൾ എന്റെ അടിവയറ്റിലേക്ക് കുഴിച്ച് കയറിയത് അതുകൊണ്ടായിരുന്നു. മുഖത്ത് അമർത്തിപ്പിടിച്ച അയാളുടെ കയ്യേൽ കടിക്കാൻ പോലും എനിക്ക് പറ്റിയില്ല. ശർദില് വന്നത് പോലും വിഴുങ്ങേണ്ടിവന്നു. അയാൾ ഓരോ തവണ അമർത്തുമ്പോഴും അടിവയറ്റി കൂർത്ത സൂചികയറ്റുന്നതുപോലെ വേദനിച്ചു. അന്ന് രാത്രി മുഴുവൻ അയാളുടെ ഉപദ്രവം സഹിച്ചു. ഒരക്ഷരം മിണ്ടാൻ വയ്യാതായ എനിക്ക് എന്നോടുതന്നെ അറപ്പുതോന്നി. വാനെവിടേലും ആക്‌സിഡന്റായി ഞാൻ മാത്രം മരിച്ചെങ്കിലെന്നു തോന്നി. പക്ഷെ കർത്താവിനുപോലും അത് മനസ്സിലായില്ലെന്നുമാത്രം. അങ്ങേരെ മണവാട്ടി ആവാത്തതിന്റെ കെറുവാകും.
പുലർച്ചെ വീട്ടിലെത്തുമ്പോൾ എനിക്കൈന്നോട് തന്നെ ദേഷ്യമായിരുന്നു. വന്നയുടനെ ഞാൻ മുറീൽക്കയറി വാതിലടച്ചു കെടന്നു. എത്ര ശ്രമിച്ചിട്ടും അയാളുടെ കയ്യമർന്ന വേദന മാറുന്നുണ്ടായിരുന്നില്ല. വേദന സഹിക്കാൻ കഴിയാതെ ഞാൻ മുള്ളാൻ ചെന്നു. പക്ഷേ അവിടെയാകെ മൊളകരച്ച് തേച്ചതു പോലെ പൊകച്ചിലെടൂത്തു. ബക്കറ്റേലെ തണുത്ത വെള്ളം മുഴുവനെടുത്ത് ഒഴിച്ചു. എന്നിട്ടും പൊകച്ചില് മാറിയില്ല. അയാളെ വൃത്തി കെട്ട നഖം കൊണ്ട് ഉള്ളില് മുറിഞ്ഞിരുന്നു''
""ഇലേ!''
""മ്മ്, ഇപ്പോ ഇങ്ങനെ പറയാൻ പറ്റുന്നത് എങ്ങിനാണെന്നു പോലുമെനിക്കറിയില്ല''
""നീയെന്തിനാണ് ഇങ്ങനെ കരയുന്നത്. നീയിങ്ങനെ കരയുന്നത് കണ്ടിട്ട് എന്റെ അച്ഛനും, മാലഖമാരും കരയുന്നൊണ്ട്. മീനുകൾ തിന്ന് തീർത്ത അച്ഛന്റെ കണ്ണീന്ന് മഴപോലെയാന്ന് കണ്ണീര് വീഴുന്നത്. മാലഖമാരെ ചെറകേലെ വെള്ളപ്പൂക്കളെല്ലാം ചൊമന്ന നെറത്തിലായിട്ടൊണ്ട്. അവർക്ക് സങ്കടം സഹിക്കാൻ മേലാത്തോണ്ടാണ്.''
""ഓഹ് എന്നാ സങ്കടമെന്നാണ് അന്നമ്മേ, ഞാൻ കർത്താവിനുമുൻപിൽ മുട്ടുകുത്തിയിരുന്ന് പ്രാർഥിച്ചിട്ടൊണ്ട്. വേളാങ്കണ്ണീൽ പോയപ്പോൾ മാതാവിനോട് കരഞ്ഞുപറഞ്ഞതാണ്. അന്നൊന്നും എന്നെ സഹായിക്കാത്ത മാലഖമാര് സങ്കടപ്പെടുന്നതിൽ ഒരു കാര്യവുമില്ല. പൊലയപ്പെണ്ണിന്റെ വേദനകൾ അവര് കാണത്തില്ല. കണ്ടാൽ തന്നെ തിരിഞ്ഞ് നോക്കത്തുമില്ല. കാര്യം ഞങ്ങളെ അപ്പനപ്പൂന്മാരായി കൃസ്ത്യാനികളല്ല. പക്ഷേ മിശിഹായേൽ വിശ്വസിച്ചതുമുതൽ ഞങ്ങൾ പ്രാർഥന മൊടക്കീട്ടില്ല. അപ്പനുമതേ. ഇച്ചരെ കള്ള് കുടിക്കും എന്നേയുള്ളൂ. അന്ന് പകല് മുഴുവൻ ഞാൻ മുറിൽ തന്നെ കഴിച്ചുകൂട്ടി. കമ്പിനീന്ന് മാനേജറ് വിളിച്ചപ്പോൾ മാത്രമാണ് ഒന്നെഴുന്നേറ്റത്. അനിയന്റെ പെട്ടന്നുണ്ടായ വിവാഹവും വേളാങ്കണ്ണി യാത്രയുമൊക്കെ പറഞ്ഞപ്പോൾ അങ്ങേരൊന്ന് അടങ്ങി. ഇനീം രണ്ട് ദെവസത്തീ കൂടുതൽ ലീവെടുക്കുവാണേൽ തിരികെ വരണ്ടാന്ന് പറഞ്ഞാണ് ഫോൺ വെച്ചത്. അപ്പൻ വന്ന് വിളിച്ചപ്പോൾ തലവേദനിച്ച് കിടക്കുവാന്ന് പറഞ്ഞു. അന്ന് രാത്രി അയാള് വന്നു. അവന്റെം നാത്തുന്റെം ഫോണിലെടുത്ത ഫോട്ടം എല്ലാരും കൂടെ നോക്കുകയായിരുന്നു. അതിനെടേൽ നാത്തൂൻ അയാൾക്ക് അരിമുറുക്കും കട്ടൻ കാപ്പിം കൊണ്ടുകൊടുത്തു. അതും കുടിച്ച് കൊണ്ട് അയാള് ഞാൻ കെടക്കുന്ന മുറീൽ വന്നു. കൊച്ചിനെന്നാ പനിയാന്നോന്ന് ചോദിച്ച് എന്റെ നെറ്റിയേൽ കൈ വെച്ചു. അപ്പനടുത്തുണ്ടൊയിട്ടും അയാൾ എന്റെ ചുണ്ടേൽ അമർത്തി നുള്ളി.
""ഇന്ന് രാത്രി ഞാൻ കോയമ്പത്തൂരേക്ക് പോവുന്നൊണ്ട്. അവിടെയൊരു വൈദ്യനൊണ്ട്, തലവേദനക്ക് ബെസ്റ്റാന്ന്, കൊച്ച് എന്റെയൊപ്പം വന്നോട്ടെ?''
""ഓഹ് അവള് വരത്തില്ല. നീയെന്നതായാലും ആ മുരുന്ന് വാങ്ങിയേച്ച് വന്നേക്കണം. എനിക്കും നല്ല തലവേദനയാന്ന്.''
അമ്മച്ചി ഇടക്ക് കയറി എന്നെ രക്ഷപ്പെടുത്തീതാണ്. ഇല്ലേൽ എന്റെ അപ്പോഴത്തെ കിടപ്പുകണ്ട് അപ്പൻ അയാളെ കൂടെ പറഞ്ഞയച്ചേനെ. അയാൾ മുറീന്ന് പൊറത്തിറങ്ങിയ ഒടനെ ഞാനുമിറങ്ങി. ആ സമയത്ത് എന്തിനാണ് ഇറങ്ങീതെന്ന് എനിക്കറിയത്തില്ല. പക്ഷെ സോന എന്നെ വിളിച്ചതുപോലെ തോന്നി. പെട്ടന്ന് കരണ്ടുപോയതോണ്ട് മുറ്റത്ത് നല്ല ഇരുട്ടായിരുന്നു. ഇരുട്ട് കണ്ടപ്പോൾ ഞാൻ അകത്തോട്ട് കയറാൻ തുടങ്ങി. അപ്പോൾ സോനയെന്നെ പിന്നേം വിളിച്ചു. ആകാശത്തുന്നും അവൾ താഴേക്കിറങ്ങി വന്നു. അവളെ ചുറ്റിലുമുള്ള വെളിച്ചത്തിൽ അയാള് ഈപ്പൻ കുഴിയുടെ അടുത്തോട്ട് പോവുന്നതുകണ്ടു. അതിലേക്കാണ് അയാള് മുള്ളാറുള്ളത്. എനിക്കപ്പോൾ വീണ്ടും വരാല് കിടന്ന് തുപ്പലുറ്റിക്കുന്നത് ഓർമ വന്നു. പുറത്തിറങ്ങിയ ധൈര്യം മുഴുവനും അപ്പോൾ ഇല്ലാതായി, അകത്തേക്ക് കയറാൻ പോലും പറ്റാതെ നിലത്തിരുന്നു. അപ്പോൾ സോന എന്റെ കൈപിടിച്ചു, അവൾ എന്റെ നെറ്റീലുമ്മ വെച്ചു, മഠത്തീന്ന് മേലുഴിഞ്ഞ് തന്നതുപോലെ ദേഹമാകെ ഉഴിഞ്ഞു. എന്നിട്ട് എന്നെയും കൊണ്ട് അയാളെ പിന്നിലേക്ക് ചെന്നു, അവള് പതുക്കെ അയാളെ ചുമലിൽ തട്ടി, അയാളപ്പോൾ തിരിഞ്ഞുനോക്കി, എന്നെ കണ്ടതും അയാളൊന്ന് ചിരിച്ചു. കോയമ്പത്തൂരേക്ക് വരുന്നുണ്ടോന്ന് ചോദിച്ചുകൊണ്ട് അടുത്തേക്കുവന്നു. ആ സമയത്ത് സോന എന്നെയൊന്ന് പിടിച്ചുകുലുക്കി. അതിന്റെ ശക്തിയിൽ മുന്നോട്ടാഞ്ഞ ഞാൻ അയാളെ തള്ളി. ചെറിയൊരു ശബ്ദം പോലുമില്ലാതെ അയാള് ഈപ്പൻ കുഴീലേട്ട് വീഴുന്നത് ഞാൻ മാത്രം കണ്ടു. പക്ഷ എനിക്കാകെ പേടിയായി. സോനേനെ തിരഞ്ഞെങ്കിലും കണ്ടില്ല. പക്ഷെ അയാളെ അന്വേഷിക്കുമ്പോൾ കാണാനില്ലെന്ന് അറിയുന്നതും, പോലീസ് വരുന്നത്തുമെല്ലാം ഓർത്തപ്പോൾ തലചുറ്റുന്നത് പോലെയായി. ഞാനും ആ കുഴിയിൽ വീണേക്കുമെന്ന് തോന്നി. തപ്പിത്തടഞ് മുറിയിലെത്തി. ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചെങ്കിലും എനിക്കുറക്കം വന്നില്ല. ഈപ്പൻ കുഴീന്ന് ശ്വാസം കിട്ടാതെ അയാൾ നിലവിളിക്കുന്നത് എന്റെ ചെവിക്കുള്ളിൽ നെറഞ്ഞു. അയാള് കയ്യും കാലമിട്ടടിച്ച് പിടക്കുന്നതുപോലെ. ഒറക്കം വരാതാപ്പോൾ ഞാൻ പൊറത്തിറങ്ങി. അപ്പൻ മീൻ പിടിക്കാൻ പോവുമ്പോൾ കൊണ്ടുപോവാറുള്ള വലിയ കയറെടുത്ത് കുഴീലേക്ക് ഇട്ടുവെച്ചു. രക്ഷപ്പടാൻ പറ്റുവാണേൽ അയാള് കയറി വന്നോട്ടെന്ന് കരുതി. പക്ഷേ പിറ്റേന്ന് രാവിലെ അയാള് വന്നില്ല. ഞാൻ പിന്നേം കാത്തിരുന്നു. ഇടക്കിടെ ഈപ്പൻ കുഴീൽ ചെന്നു നോക്കി. ഒരു അനക്കവുമില്ലായിരുന്നു. അന്ന് രാത്രിയും എനിക്കൊറങ്ങാൻ പറ്റിയില്ല. കണ്ണടക്കുമ്പോൾ അയാൾ കുഴീന്ന് കയറി വന്ന് എന്റെ ഉടുപ്പ് മുഴുവൻ അഴിച്ച് ദേഹമാകെ പിടിച്ചമർത്തുന്നതും, തുപ്പലിറ്റിക്കുന്ന വരാൽ എന്റെ അരക്കെട്ടിൽ ചുറ്റി വരിഞ്ഞ് ജീവൻ വെക്കുന്നതും സ്വപ്നം കണ്ടു. എനിക്കാകെ പേടിയായി. അപ്പോഴാന്ന് ഞാൻ മരിക്കാൻ തീരുമാനിച്ചത്. ഒറ്റക്ക് മരിക്കാൻ ഭയമായപ്പോൾ നെന്നേം വിളിച്ചു. അന്നമ്മോ ഒരു തീവണ്ടി വരുന്നൊണ്ട്. ഈ പ്രാവശ്യം എന്തായാലുമത് നമ്മളെ ദേഹത്ത് കയറി ഇറങ്ങും. എനിക്കെന്തോ മരിക്കാൻ പേടി തോന്നുന്നു. പക്ഷേ ജീവിച്ചാൽ അയാളെ കൊന്നതിന്റെ പേരിൽ ജയിലീ പോവണ്ടിവരും. അപ്പനും അമ്മച്ചീം ഒത്തിരി സങ്കടപ്പെടും അപ്പോൾ.
""ഇലേ നമ്മള് മരിച്ച് പോയാലുമവർക്ക് വിഷമം ആവത്തില്ലേ?''
""വിഷമം ആവും. മക്കൾ മരിച്ചാ വിഷമം ആവാത്ത അപ്പനും അമ്മേം ഒണ്ടാവത്തില്ല. എത്ര ദേഷ്യമാണേലും മക്കളെ മരണത്തിലവര് കരയും. അത് ചിലപ്പോ പുറത്ത് കാണത്തില്ല. നെഞ്ചിലൊരു കനല് വീണത് കണക്കയവര് പൊള്ളി ജീവിക്കും. മനസ് ചത്തുപോവും, പക്ഷെ മറ്റുള്ളോര് കാണുമ്പോൾ ജീവനൊണ്ടാവും. പക്ഷെ അവരെയുള്ളിൽ ജീവൻ കാണത്തില്ല. അതൊട്ടാർക്കും മനസിലാവത്തില്ല''
""എടിയേ, അങ്ങനാണേൽ അയാളെ മക്കള് വിഷമിക്കില്ലേ?''
""വിഷമിക്കും. അപ്പനില്ലാതെയവവര് കഷ്ടപ്പെടും. അതോർക്കുമ്പോൾ എനിക്ക് പിന്നെയും സങ്കടം വരുവാന്ന്, ഞാൻ കാരണം അതിറ്റുങ്ങക്ക് അപ്പൻ ഇല്ലാതായില്ലെ? ''
""ഇലേ, പക്ഷേ അങ്ങനൊരപ്പൻ അവർക്കെന്തിനാന്ന് ചിന്തിക്ക് നീ. എല്ലാരേം സങ്കടങ്ങള് നോക്കാൻ നിന്നാൽ നമ്മള് തീർന്നുപേവത്തേയുള്ളൂ. ചിലപ്പോ അയാള് സ്വന്തം പെങ്കൊച്ചിനേം ഉപദ്രവിച്ചുകാണും. അപ്പനെ കരുതി ആ കൊച്ചത് പറയാതിരുന്നതാണെന്ന് കരുത് നീ. അല്ലേലും പെണ്ണിന്റെ ദേഹത്ത് അവളെ സമ്മതമില്ലാണ്ട് തൊടുമ്പോൾ അവളെ ഉള്ളിലാന്ന് മുറിവൊണ്ടാവുക. അതങ്ങിനെ ജീവിതകാലം മുഴുവൻ നീറും. നീയാ പെങ്കൊച്ചിനെ കൂടെയാണ് രക്ഷിച്ചതെന്ന് കരുതിയാ മതീ. ചെല കൊലപാതകങ്ങൾക്ക് കർത്താവിന്റെ അടുത്ത് ന്യായമുണ്ടെന്നെ, കർത്താവിനടുക്കൽ നീ ചെയ്തത് പാപമല്ല.''
""എന്നാലും എനിക്കെന്തോ...''
""ഒരെന്നാലുമില്ല. അയാള് കോയമ്പത്തൂര് പോയതാണ്. അവിടെന്ന് തിരിച്ചുവന്നില്ലെന്നവര് വിശ്വസിച്ചോളും. നീയുമങ്ങനെയങ്ങ് വിശ്വസിച്ചാ മതി.'
""ഇലേ,നീയെന്തിനാടീ എഴുന്നേറ്റത്? ഞാനാണാ എഴുന്നേറ്റത്, നീയല്ലേ?'''
""അല്ലെടീ നമ്മളൊരുമിച്ചെഴുന്നേറ്റതാണ്. ഇരുട്ടിങ്ങനെ കുത്തിനിക്കുന്നോണ്ട് മനസിലാവഞ്ഞതാ. ഈപ്പൻ കുഴീൽ കെടക്കണ അയാളെ ആരുമന്വേഷിക്കത്തില്ല. നമ്മള് പെണ്ണുങ്ങള് വിചാരിച്ചാലും ഈ ലോകം മാറും അല്ലേലും പെണ്ണിനുള്ളത്ര ശക്തി ആർക്കാണുള്ളത്. ഒരു കൊന്ത ചൊല്ലുന്നേന്റെ എടേല് ഒരു ദെവസം തീർന്നുപോയെന്ന് കരുതിയാ മതിന്നെ, ചാവാനെളുപ്പമാണ്. ജീവിക്കാനാണ് ധൈര്യം വേണ്ടത്. അതിപ്പോ നമ്മള് രണ്ടാൾക്കുമുണ്ട്. വീട്ടിച്ചെന്നയൊടനെ ഞാനെന്തായാലും പാപ്പനനോട് ചെന്ന് എന്റെ ഇഷ്ടം പറയും. അങ്ങേരത് സമ്മതിച്ചില്ലേൽ ഞാനതങ്ങ് മറക്കും. സങ്കടം ഉണ്ടാവും എനിക്ക്, കുറെ കരയേം ചെയ്യും. പക്ഷേ ചാവാൻ നിക്കത്തില്ല. അന്തസായി ജീവിക്കും. ആരുമില്ലേലും അമ്മച്ചിയൊണ്ടടീ. നീയാണേൽ ഇനിയങ്ങോട്ട് ജീവിതം തൊടങ്ങാൻ പോവാണ്. മേലിച്ചരെ അഴുക്കായത് കഴുകികളഞ്ഞെന്ന് കരുതിയാ മതി, ഇക്കാണുന്ന ലോകം നമ്മളുടേതും കൂടെയാണ്. അടുത്ത മഴയ്ക്കുമുമ്പ് പഞ്ചായത്തുകാര് ഈപ്പൻ കുഴി മൂടും. നിന്റെ വേദനകളും അതിലങ്ങ് മൂടിയേക്കണം.''
ഇരുളിനെ കീറിമുറിച്ചൊരു തീവണ്ടിയപ്പോൾ പാഞ്ഞുപോയി. തീവണ്ടിയുടെ അവസാനത്തെ ബോഗിയും കടന്നുപോയതിനുശേഷം അന്നമ്മ ഇലയെ പിടിച്ച് എഴുന്നേൽപ്പിച്ചു. പാളത്തിൽ നിന്നും അപ്പോഴും കിലുക്കം ഉണ്ടായിരുന്നു. അവരിരുവരും പൊന്ത കടന്ന് ദൂരെ സ്‌കൂൾ ഗ്രൗണ്ടിൽ കാണുന്ന വെളിച്ചം ലക്ഷ്യമാക്കി നടന്നു. നടക്കുമ്പോൾ അന്നമ്മ ഇലയെ ചേർത്തുപിടിച്ചു. അപ്പോൾ മാലാഖമാരുടെ ചിറകുകളിൽ നിറയേ വെളുത്ത പൂക്കൾ വിരിഞ്ഞു. അവരിരുവരും ചിറകുകൾ മുളച്ചതുകണക്കെ നടത്തത്തിന് വേഗത കൂട്ടി. സോനയും, അന്നമ്മയുടെ അച്ഛനും, കയ്യിലൊരു തോക്കുമായി അനിയനും അവരുടെ ഇരുവശത്തും നിന്നു. മാലാഖമാർ ചിറകുകൾ വിരിച്ച് അവരുടെ കൂടെ നടന്നു...
""എന്റെ നാട് അഗ്‌നിക്കിരയാക്കുമെന്നും,
യുവാക്കളെ വാളിനിരയാക്കുമെന്നും,
പൈതങ്ങളെ നിലത്തടിക്കുമെന്നും,
കുട്ടികളെ ഇരയായി പിടിക്കുമെന്നും,
കന്യകളെ കൊള്ളമുതലായി
പിടിക്കുമെന്നും അവനഹങ്കരിച്ചു.
എന്നാൽ സർവ്വശക്തനായ കർത്താവ്
ഒരു സ്ത്രീയുടെ കയ്യാൽ അവന്റെ പദ്ധതികൾ
തകിടം മറിച്ചു.''
യൂദിത്തിന്റെ കീർത്തനം ▮
(അവസാനിച്ചു)
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.