ചിത്രീകരണം: ജാസില ലുലു

വരാൽ മുറിവുകൾ

അഞ്ച്

""തെന്തുവാ ഇലേ ആ കുഴി?''
""അത് വലിയൊരു കുഴിയാണ്, നേരത്തെ പറഞ്ഞ മണമൊള്ള കുഴി, പണ്ടെപ്പഴോ അവിടെ കിണറ് കുത്താൻ കുഴിച്ചതാ. പക്ഷേ പാതിയെത്തിയപ്പോൾ പാറ കണ്ടു. ഈപ്പൻ എന്നൊരാള് വന്ന് പാറ പൊട്ടിക്കാൻ തുടങ്ങി. മൂന്നാമത്തെ ദെവസം അങ്ങേര് പൊട്ടിച്ച പാറേടെ ഒപ്പം താഴേക്ക് പോയി. പിന്നെ മോളിലേക്ക് വന്നിട്ടില്ല. മഴക്കാലത്ത് പോലും വെള്ളം നിറയത്തില്ല അതിൽ. നീണ്ട് പോവുന്ന ഗുഹയാണ് അതിനകത്തുള്ളതെന്നാണ് അപ്പൻ പറയുന്നത്. ഇപ്പോൾ അതിന് മോളിൽ ഇരുമ്പ് ഷീറ്റിട്ട് മൂടീതാണ്. അതാണേൽ തുരുമ്പെടുത്ത് അടർന്നിട്ടുമൊണ്ട്. ഒരിക്കൽ ഞങ്ങടെ വീട്ടിലെ പൂച്ച അതിനകത്ത് വീണിരുന്നു. രണ്ട് ദിവസം അതിന്റെ കരച്ചില് കേട്ട്. പിന്നെയത് ഭൂമിക്കടിയിലേക്ക് പോയി, പിന്നയതിനെയാരും കണ്ടിട്ടില്ല. മനഷ്യര് വീണാലും അതു തന്നാവും ഗതിയെന്ന് അപ്പനന്ന് പറഞ്ഞപ്പോൾ എനിക്കെന്തോ അതിനടുത്ത് പോവാൻ പേടിയാണ്. പക്ഷെ കോളനീലെ ആണുങ്ങളെല്ലാം അവിടെയാണ് മുള്ളാൻ ചെല്ലുക''

""പക്ഷെ അന്നമ്മോ, നീ പറഞ്ഞതെല്ലാം കേൾക്കുമ്പോൾ നിന്റെ വീട്ടീൽ രണ്ടു ദിവസം വന്നു നിന്നിട്ട് മരിച്ചാൽ മതീന്ന് തോന്നാണ്. പാപ്പനേം ഒന്ന് കാണാൻ പറ്റിയിരുന്നേൽ...'' ഇലേ, ഇനിയത് പറ്റത്തില്ലല്ലോ, നമ്മൾ മരിച്ചു കഴിഞ്ഞാൽ പിന്നെയെങ്ങിനാ പോവുന്നത്? മൂന്ന് ദെവസായീ പാപ്പനെ കണ്ടിട്ട്. ഈ മഴയിങ്ങനെ ഒച്ചയെടുക്കുമ്പോൾ പാപ്പന്റെ ഷെഡിൽ ഇരിക്കുന്നതാണ് ഓർമ്മ വരുന്നത്. കുടകീന്ന് വന്നതിന് ശേഷം പാപ്പനൊറ്റക്കാന്ന് ആ ഷെഡ് കെട്ടീത്. സിമന്റ് കട്ട വെച്ച് കെട്ടിയ ഭിത്തീടെ മോളിൽ മുളേം പട്ടികേം വെച്ച് കള്ളികളാക്കിയതാണ്. ഒരടുക്കളേം പാപ്പന്റെ കെടപ്പുമുറീം, മുൻവശത്ത് പണിസാധനങ്ങൾ സൂക്ഷിക്കുന്ന ചെറിയ മുറീം മാത്രമേയുള്ളൂ. കെടപ്പുമുറീൽ പാപ്പൻ തന്നെ പണിതൊരു ചാരുബെഞ്ചുണ്ട്. ഞങ്ങള് മൂന്ന് പേരും അതിലാണ് ഇരിക്കാറുണ്ടായിരുന്നത്. അവൻ പോയേപ്പിന്നെ ഞങ്ങള് രണ്ട് പേരും വല്ലപ്പോഴുമിരിക്കും. ഇതേ പോലേ മഴ പെയ്യുമ്പോൾ പാപ്പനൊരൂ തൂമ്പായുമായി മുറ്റത്തോട്ടിറങ്ങും. പന്നിക്കൂടിന് ചുറ്റും വലിയ ചാല് കീറും. ""ഇല്ലേലവറ്റോള് ആകെ കൊഴമ്പാക്കും.'' എന്തിനാണിങ്ങനെ ചാലു കീറുന്നേന്ന് ചോദിച്ചാല് പറയുന്നതിതാണ്.

ഞാനപ്പോൾ അടുക്കളേൽ ചെന്ന് കടുങ്കാപ്പി ഇടും. പാപ്പന് മധുരമില്ലാത്ത കടുങ്കാപ്പിയാണ് ഇഷ്ടം. കാപ്പിയുടെ മണമടിക്കുമ്പോൾ പാപ്പനോടി ഷെഡിന്റെ ഓരത്ത് വന്ന് നിൽക്കും. അകത്തോട്ട് കയറിയാ ചളിയാവുമെന്ന് പറയും. കാപ്പിക്കൊപ്പം ഒരു സിഗററ്റ് നിർബന്ധാണ്. ""എടിയേ ആ പോക്കറ്റീന്ന് സിഗററ്റെടുത്തെ'' ഇത് കേൾക്കുമ്പോൾ ഞാനോടി ചെന്ന് പാപ്പൻ കട്ടിലീൽ അഴിച്ചിട്ട ട്രൗസറിന്റെ പോക്കറ്റീന്ന് സിഗററ്റെടുത്ത് വരും. ഒന്ന് ഞാനുമെടുക്കും. ഞങ്ങള് രണ്ടാളും കൂടെ വലിക്കും. പാപ്പൻ പിന്നേം മഴയത്തേക്കിറങ്ങും. ഞാൻ കട്ടിലിൽ ചെന്നിരിക്കും. സിഗററ്റെടുത്ത ട്രൗസറ് കയ്യിലിങ്ങനെ മുറുകെ പിടിച്ചിരിക്കും, മഴ ചോരുവോളം ആ കട്ടിലിൽ കെടന്നുരുളും. അവനുണ്ടായിരുന്നപ്പോൾ ഇതൊക്കെ ചെയ്തത് അവനായിരുന്നു. സിഗററ്റ് വലിക്കാൻ മാത്രം പാപ്പൻ അവനെ സമ്മതിച്ചിട്ടില്ല. ""പട്ടാളത്തീ സെലക്ഷന് ചെല്ലുമ്പോൾ പട്ടി അണക്കണ പോലെ അണക്കും'' സിഗരറ്റ് ചോദിക്കുമ്പോൾ അവനോട് പാപ്പൻ ഇതാണ് പറയുക.

അവനെ ഉപദേശിക്കുന്നതാണ്. അമ്മച്ചിക്ക് ഇതൊന്നും പിടിക്കത്തില്ല. അവൻ പട്ടാളത്തീ പോയ പിറ്റെന്നാണ് അമ്മച്ചി പാപ്പനെ പിടിക്കാത്തതിന്റെ കാരണം പറഞ്ഞത്. കാലു വേദനിച്ചിട്ട് കിടന്ന അമ്മച്ചീടെ കാലേൽ തടവുമ്പോൾ ഞാനത് തഞ്ചത്തീ ചോദിച്ചതാണ്. ""മോളേ. അവനോടെനിക്ക് കെറുവൊന്നുമില്ല. പക്ഷേ അവന്റേം, നെന്റെ ചെട്ടന്റേം എടപാടുകൾ ശരിയല്ലാർന്ന്. രണ്ട് ദെവസായിട്ട് എനിക്കിച്ചരെ സമാധാനമുണ്ട്. നീയൊരുത്തീ കൂടെ ഇനിയവന്റെ ഷെഡീൽ കേറിയാ നെന്നെ ഞാനങ്ങ് റബറ് കത്തിക്ക് കൊന്നേക്കും. ജയിലീ കെടക്കണമെന്നല്ലേയുള്ളൂ. എന്റെ തന്ത വാസു കുറേ കെടന്നതാണ്. അവസാനം അതിനുള്ളീ വെച്ചാണ് ചത്തതും. ഇലേ അമ്മച്ചീടെ കല്യാണത്തിന് മുന്നേയുള്ള കഥയാണത്. ""ഇലേ. മഴക്കൊരു കുറവുംമില്ലല്ലോടി. ഇടിം മിന്നലും വരുന്നെന്ന് തോന്നുന്നു. കണ്ണ് പൊട്ടുന്ന പോലെ, വെളിച്ചത്തിലല്ലേ ഇപ്പോ മിന്നല് പാഞ്ഞത്'' ""നീയത് മുഴുവൻ പറയ്, ഞാനത് കേട്ട് രസം പിടിച്ച് വരുവായിരുന്നു.''
""അന്നമ്മോ, ആകാശത്തിലുള്ള മരങ്ങളെ വേരുകളാണ് മിന്നലിൽ തെളിഞ്ഞ് കാണുന്നതെന്നാണ് എന്റെ സംശയം. അതാരേലും വിശ്വസിക്കോടീ?''
""ഞാൻ വിശ്വസിക്കാമല്ലോ ഇലേ'''
""ഒറപ്പാന്നോ?''
""ഒറപ്പാന്നേ. അതോണ്ടല്ലേ ഇലേനെ ഞാനിങ്ങനെ കെട്ടിപ്പിടിച്ച് കെടക്കുന്നത്. എന്നാൽ നിന്റെ വെരലിങ്ങ് തന്നെ; ഞാനത് ചേർത്ത് പിടക്കട്ടെ. ഇത്ര മഴ കൊണ്ടിട്ടും പാളത്തിന്റെ ചൂട് മാറീട്ടില്ലല്ലോ?''

""ഇലേ..''
""എന്താടീ..''
""നമ്മള് ചാവുന്നത് കാത്ത് കെടക്കായിരിക്കുമല്ലേ ഈ പട്ടികൾ. നമ്മള് വന്നപ്പോ മുതല് ഇവറ്റോള് ഈ പൊന്തേലുണ്ട്.''
""അവറ്റങ്ങക്ക് അറിയാൻ പറ്റുവായിരിക്കും, നമ്മള് മരിക്കാൻ വേണ്ടി വന്നതാണെന്ന്. തീവണ്ടി കേറി ചെതറുമ്പോൾ കടിച്ചു കൊണ്ട് പോവാൻ ഇരിക്കുന്നതാവും'' ""ചാവുന്നത് വരെ കാത്ത് നിക്കണുണ്ടല്ലോ. അത് തന്നെ ഭാഗ്യം''
""ഇലേ എനിക്ക് തോന്നുന്നത് പണ്ടെപ്പഴോ തീവണ്ടിക്ക് ചാടി മരിച്ച ആൾക്കാര് പട്ടിടെ രൂപത്തിൽ വന്നതാണെന്നാ''
""അങ്ങനാണേൽ നമ്മളും ഇവരെ കൂട്ടത്തി പെടും. നീയാ കഥ മുഴുവനാക്കിയെ. ഇല്ലേൽ ചത്ത് പട്ടിയായാലും മനസിനൊരു സമാധാനം കിട്ടത്തില്ല''

""അമ്മച്ചീടെ വീട് കൂത്താട്ടുകുളത്തായിരുന്നു. മൂന്ന് മക്കളായിരുന്നവര്. അമ്മച്ചീം പിന്നെ രണ്ടനിയത്തിമാരും. അവിടെ മാർക്കറ്റീ ചൊമടെുപ്പായിരുന്നൂ വല്യച്ഛന്, മുഴുവൻ സമയോം കള്ളിലായിരുന്നു അങ്ങേര്. പക്ഷേ മൂന്ന് പെൺമക്കളേം അന്തസായി കെട്ടിച്ചയച്ചിരുന്നു. എന്റപ്പനും വീട്ടുകാരും അമ്മച്ചീനെ പെണ്ണ് കാണാൻ ചെല്ലുമ്പോൾ അമ്മച്ചീനെ മുടിക്ക് പിടിച്ച് തല്ലുവായിരുന്നു വല്യച്ഛൻ. ഉണ്ണാൻ വന്ന തന്തക്ക് ചോറ് വെളമ്പാൻ കൊറച്ച് സമയം വൈകിയതിനായിരുന്നത്. പക്ഷേ എന്റെപ്പന്റെ അമ്മച്ചി സ്‌നേഹമുള്ളവരായിരുന്നു. നല്ല ആരോഗ്യവും. വല്യമ്മച്ചി വല്യച്ഛനെ ഇടുപ്പെല്ലിന് ചവുട്ടി താഴെയിട്ട് അമ്മച്ചീനെ ചേർത്ത് പിടിച്ചു. നെലവിളിച്ചോണ്ട് നിന്ന താഴെയുള്ള രണ്ടെണ്ണത്തിനേം അവര് ആശ്വസിപ്പിച്ചു. അവര് തന്നെ മൂന്ന് പേർക്കും അന്ന് ചോറ് വെളമ്പിക്കൊടുത്തു. അന്ന് ഇടുപ്പെല്ലിന്ന് കിട്ടിയ ചവിട്ടിൽ വല്യച്ഛൻ കെടന്നത് നാല് മാസമാണ്. പെണ്ണ് കാണാൻ വന്ന അന്നു തന്നെ അച്ഛനും, വല്യമ്മച്ചീം കൂടെ കുടുംബക്കാരെ ചെന്നു കണ്ട് കാര്യം പറഞ്ഞിരുന്നു. പിറ്റേന്ന് തന്നെ കുറച്ച് കുടുംബക്കാര് അച്ഛന്റെ വീട്ടീൽ വന്നു. രണ്ടാമത്തെ ഞാറായ്ച കെട്ട് നടന്നു. കെട്ട് നടന്നേന്റെ അടുത്ത കൊല്ലം വല്യച്ഛൻ തമിഴ്‌നാട്ടിൽ പണിക്ക് പോയി. ""അവിടെ ആരുമായോ വഴക്കായി. അങ്ങേരെ കയ്യീക്കിട്ടിയ കമ്പിവെച്ച് പൂശി. അടി കൊണ്ട ആള് ചത്തു. കുറച്ചുകാലം ജയിലിൽ കിടന്ന വല്യച്ഛൻ ജയിലിൽ വെച്ച് ചത്തൂന്ന് പറഞ്ഞ് രണ്ട് പോലീസുകാര് വീട്ടിൽ വന്നു. അവര് വന്നപ്പോഴാണ് അപ്പനെ കുറിച്ച് ഞങ്ങള് ഓർത്തത് തന്നെ. നാട്ടുകാരേം, കുടുമ്മക്കാരേം കാണിക്കാൻ ഞങ്ങള് മൂന്ന് പേരും കരഞ്ഞു. എല്ലാവരും പോയപ്പോൾ അപ്പന്റെ പേരിലുള്ളത് ഭാഗം വെക്കാൻ അടി തൊടങ്ങി. അമ്മച്ചിയിത് പറഞ്ഞ് എണീറ്റ് ചെന്ന് റബറ് കത്തിയെടുത്തു എന്റെ അടുത്തു വന്നു കിടന്നു.''

"ഇലേ. മഴക്കൊരു കുറവുമില്ലല്ലോടി. ഇടിം മിന്നലും വരുന്നെന്ന് തോന്നുന്നു. കണ്ണ് പൊട്ടുന്ന പോലെ വെളിച്ചത്തിലല്ലേ ഇപ്പോ മിന്നല് പാഞ്ഞത്'' ""മഴ പെയ്യട്ടെടീ, നീ ബാക്കി കൂടെ പറയ്.'' ""അന്ന് രാത്രീ ഞാൻ തീരെ ഉറങ്ങീല്ല. ഓടിച്ചെന്ന് പാപ്പനെ കാണാൻ തോന്നി. അമ്മച്ചിയെ പേടിച്ച് ഞാനന്ന് പാപ്പന് മിസ്‌കോളടിച്ചില്ല. തലയണയെടുത്ത് കവച്ച് വെച്ച് കെടന്നു. ഉറക്കം വന്നില്ല, ഓരൊന്നോർത്തപ്പോൾ അരക്ക് ചുറ്റിലൂടെ പുളിയനുറുമ്പ് ഓടിക്കളിക്കുന്നത് പോലെ ആയിരുന്നന്ന്.''

""ഇപ്പഴും നെന്റെ അരേൽ പുളിയനുറുമ്പ് കേറുന്നുണ്ടോ?'' ""ഒണ്ടോന്ന് ചോദിച്ചാൽ ഇലേന്റെ കയ്യ് എടുക്കാതെ വെക്കണം.'' ""മ്മ്, വെച്ചേക്കാം, നീയിത് പറഞ്ഞപ്പോൾ ഞാൻ മഠം വക അഗതിമന്ദിരത്തിൽ എന്റെ കൂടെയുണ്ടായിരുന്ന സോനേനെ ഓർമ്മ വന്നു. അവളും നെന്നെ പോലെ വെളുത്ത് കൊലുന്നനെ ആയിരുന്നു. അന്ന് ജീപ്പിൽ കയറ്റി എന്നേം കൊണ്ട് പോയത് പാലായിലേക്കാണ്. പള്ളിയോട് ചേർന്നുള്ള പറമ്പിലായിരുന്നു സ്‌കൂളും താമസോം. കന്യാസ്ത്രീകളാണ് രണ്ടിന്റേം നടത്തിപ്പ്. ആഴ്‌ചേൽ ഒരു ദിവസം ഒരു വല്യച്ചൻ വരും. രാത്രി ഒമ്പത് മണിയാവുമ്പോൾ എല്ലാരും ഒറങ്ങണം. സ്‌കൂളിന്ന് വന്നാൽ വേഗം കുളിച്ച് പ്രാർത്ഥനക്ക് ചെല്ലണം. പ്രാർത്ഥന കഴിഞ്ഞാൽ അവര് തന്നെ ട്യൂഷനെടുക്കും. എട്ടര വരെയാണ് ട്യൂഷൻ. അത് കഴിഞ്ഞാൽ ഞങ്ങളെല്ലാരും കൂടെ ഹാളിൽ ചെല്ലും. അവിടെന്നാണ് ആഹാരം കഴിക്കുന്നെ. കഞ്ഞീം പറയുമാണ് എന്നും. ഞായറായ്‌ചേല് ഇറച്ചീം മീനും ഇടവിട്ടുണ്ടാവും. അന്ന് തന്നാണ് അലക്കാനുള്ള ദെവസോം. രാവിലെ കുർബാന കഴിഞ്ഞ് വന്നാൽ അലക്കും. ഞങ്ങള് കോറേ പെങ്കുട്ടികൾ ചേർന്ന് ഒന്നിച്ചാണത് ചെയ്യുക. അപ്പോഴാകെ ഒച്ചേം ബഹളോമാവും. ഒരു ദെവസം ഞാനും സോനേം കൂടെ ഒരുമിച്ച് കുളിക്കാൻ കയറി. ഏതോ തലതെറിച്ചവളുമ്മാര് അത് സിസ്റ്റർമാരോട് ചെന്നു പറഞ്ഞു. അവര് ഞങ്ങള് രണ്ട് പേരേം ഓഫീസിലേക്ക് കൊണ്ടു പോയി. എന്നെ മാത്രം നിലത്ത് മുട്ട് കുത്തിച്ച് ഇരുത്തി. രണ്ട് കയ്യും മുന്നോട്ട് നീട്ടി വെപ്പിച്ചു. പട്ടീം പൂച്ചേം ഒക്കെ നിൽക്കുന്നത് പോലെയാണത്. എന്നിട്ടവര് പാവാട മോളിലേക്ക് പൊക്കി വെച്ചു. രണ്ട് സിസ്റ്റർമാർ വന്ന് ചൂരലോണ്ട് അടിതുടങ്ങി, അടീന്ന് പറഞ്ഞാൽ ചന്തീലും,തൊടേലും മാറി മാറിയാണ്. കണ്ണീന്ന് പലതും പറന്ന് പോവും. അടി കിട്ടിയ ദെവസമെല്ലാം ഞാനവിടെ തന്നേ മുള്ളും. അവർക്ക് തല്ലി മടി ആയാൽ നിർത്തും. പിന്നെ ഞാൻ തന്നെ മുറി വൃത്തിയാക്കണം. പിന്നെ മൂന്നോ നാലോ ദെവസം പാവാട ഇടാൻ പോലും പറ്റുകേല. ചന്തീം തൊടേം പൊട്ടിയൊലിച്ച് വേദന വന്നിട്ട്. അതൊക്കെ ഞാൻ സഹിക്കും പക്ഷേ ""പൊലയക്രിസ്ത്യാനി'' എന്നു വിളിച്ച് അടിക്കുമ്പോൾ എന്റെ നെഞ്ച് പൊട്ടും. സോനേന്റെ കയ്യിലാണവര് അടിക്കുക. രണ്ടോ മൂന്നോ അടികിട്ടുമ്പോൾ അവളെ കൈവെള്ളേൽ ചോന്ന വര വീഴും. അപ്പോഴവര് അടി നിർത്തും. എന്റെ ഈ കറുത്ത ചന്തീലും തൊടേലുമൊന്നും എത്ര ചൂരല് വീണാലും ചൊവക്കത്തില്ലാന്ന് അവർക്കറിയാം. പക്ഷേ തൊലീല് ആകെ വര വീഴും. ഒരാഴ്ച കഴിഞ്ഞ് തൊട്ടാലും അതിങ്ങനെ നിരന്ന് നടക്കണ പുഴുക്കളെ പോലെയുണ്ടാവുമെടീ. അത് മാറുവോളം എല്ലാ രാത്രീലും സോന എനിക്ക് തടവിത്തരും. എല്ലാരും ഉറങ്ങിയാൽ അവളും ഞാനും കൂടെ ഒരു പുതപ്പിനുള്ളീ കയറും. ഇരുട്ടത്ത് അവള് തന്നെ എന്റെ ഉടുപ്പ് അഴിക്കും. എന്നിട്ട് അവളുടെ കൈകൊണ്ട് ചൂരല് വീണ സ്ഥലത്തെല്ലാം തടവിത്തരും. തടവുമ്പോൾ ഞാനുമവളും ഒച്ചയില്ലാതെ കരയും. ഇടക്കവളെ വെരല് ദേഹം മുഴുവനുമോടും. ഞാനപ്പോൾ മിണ്ടാതെ കെടക്കും. അതൊരു സുഖമായിരുന്നു, അങ്ങനെ കിടക്കുമ്പോൾ സോന അവളെ ജീവിതം പറയും. അവളെ അപ്പൻ അമ്മയെ ഇട്ടേച്ച് പോയതോണ്ടാണ് ഇവിടെ എത്തീതെന്നു പറഞ്ഞു കരയും.''

ആറ്

""അപ്പൻ ഞങ്ങളേം ഇട്ടേച്ച് പോയതിന്റെ നാലാം മാസത്തീ മമ്മിക്ക് കുവൈറ്റിലേക്ക് വിസ വന്നു'' ഇതും പറഞ്ഞാണ് അവള് കരച്ചില് തൊടങ്ങുക. പാവം നമ്മളെ പോലയല്ലെടീ പണോം വല്യ വീടുമൊക്കെ ഉണ്ടായിരുന്ന്. പക്ഷേ അവളെ അമ്മച്ചിക്ക് ആരേം വിശ്വാസമില്ലാത്തോണ്ട് മഠത്തീ ചേർത്തതാ. അവര് മാസാമാസം പണമയക്കും. മാസത്തീ ഒരു ഞായറായ്‌ച്ചേലെ ഉച്ച ഭക്ഷണം അവളെ അമ്മച്ചി സ്‌പോൺസർ ചെയ്യുന്നതാണ്. അതിന്റെ അഹങ്കാരമൊന്നും സോനക്ക് ഇല്ലായിരുന്നു. അവര് നല്ല ആർസിക്കാരാണ്. മഠത്തീന്നും സ്‌കൂളിന്നും അതിന്റെ ഗുണോം അവൾക്ക് ഉണ്ടായിരുന്നു. എന്റെ കാര്യത്തി നേരെ മറിച്ചും ആയിരുന്നു. അപ്പനാണ് ആദ്യം മതം മാറീത്. ഏതോ പൊന്തക്കോസ്തുകാരനാണ് അപ്പനെ ധ്യാനം കൂട്ടീത്. അപ്പൻ പിന്നെ അവരുമായി ഒടക്കി. ആ സമയത്താണ് ഫ്രാൻസിസ് എന്നു പേരുള്ള അച്ചനെ പരിചയപ്പെടുന്നത്. അച്ചനന്ന് രഹസ്യമായി ചാരായം കുടിക്കുമായിരുന്നു. അപ്പൻ അതിന് പറ്റിയ കൂട്ടായി. ഒളിച്ചോടി വന്നപ്പോൾ ഫ്രാൻസിസ് അച്ചനാണ് അമ്മച്ചിക്കും അപ്പനുമുള്ള ചെലവ് കാശ് നൽകീത്. അതിന്റെയൊരു കീഴ്‌പ്പെടല് അപ്പന് ഇപ്പോഴുമുണ്ട്. അച്ചന്റെ കുശിനിക്കാരൻ വരെ അപ്പനെ ഇപ്പഴും പൊലയക്രിസ്ത്യാനി എന്നാ വിളിക്കുന്നത്. അപ്പനത് കേൾക്കുന്നത് ഇഷ്ടവുമാണ്. ""സ്വന്തം ജാതീന്റെ പേര് കേൾക്കുന്നത് മോശമൊന്നുമല്ല. നായര്, നമ്പൂരി എന്നൊക്കെ വിളിക്കണത് പോലെയാണത്'' അതിനെക്കുറിച്ച് അപ്പൻ അങ്ങിനെയാണ് പറയുന്നത്, ""അപ്പൻ പറയുന്നേലും കാര്യമുണ്ടെന്ന് തോന്നും. പക്ഷേ എനിക്കിപ്പോഴും അത് കേൾക്കുമ്പോൾ ചന്തീലെ പാട് ഓർമ്മ വരും. പിന്നയാ സിസ്റ്ററർമാരോട് മുഴുവൻ വെറുപ്പുമാണ്. വലിയ മീൻ കിട്ടിയാൽ പള്ളിയിൽ എത്തിച്ചല്ലാതെ അപ്പന് ഇപ്പോഴും സമാധാനം ആവത്തില്ല. ഞാനും അപ്പനും ഇതും പറഞ്ഞ് വഴക്കിടാറുണ്ട്''

""ഇലേ'' എന്താടീ പൊലയത്തീന്നെ നെനക്കും വേണ്ടേ.? "വേണ്ടായെങ്കീ ഞാനിങ്ങനെ ഇലേടേ നെഞ്ചത്ത് കെടക്കുമോ? അതുമീ പെരുമഴയത്ത്. സോനേടെ കാര്യം പറഞ്ഞപ്പോൾ ഞാൻ മരിച്ചു പോയ ചേട്ടനെ ഓർത്തു. എനിക്ക് ആദ്യം പുറത്തായന്ന് അവനും ഞാനും മാത്രമേ വീട്ടിലൊണ്ടായിരുന്നുള്ളു. പാപ്പൻ പന്നീനെ കൊല്ലാനും, അമ്മച്ചി ആശുപത്രീലും പോയ സമയമായിരുന്നത്. ഞാനാകെ പേടിച്ചിരുന്നു. പക്ഷേ അവൻ വന്നാണ് ചോരയായ ചുരിദാർ മാറ്റാൻ പറഞ്ഞത്. നടക്കാൻ കഴിയാതെ ഇരുന്ന എന്നയവൻ കുളിമുറീൽ എടുത്ത് കൊണ്ടു പോയി. അവന്റെ ഷർട്ടേൽ ചോര ആയിരുന്നു. എനിക്കാണേൽ വേദനിച്ചിട്ട് നിൽക്കാൻ പറ്റുന്നില്ലായിരുന്നു. അമ്മച്ചീനെ കാണാൻ തോന്നി. ഞാനുറക്കെ കരഞ്ഞു. അവനപ്പോൾ എന്നെ ചേർത്ത് പിടിച്ചു. എന്നിട്ടും ഞാൻ കരഞ്ഞോണ്ടിരുന്നു. അപ്പോഴവൻ കാപ്പിയിട്ട് തന്നു. ചുറ്റിലുമുള്ള എല്ലാം ചുഴീൽ പെട്ട് കറങ്ങുന്നത് പോലെ തോന്നി. അടിവയറ്റീൽ ഒരുമിച്ച് കുറേ കൊളുത്തുകളിട്ട് ആരോ വലിക്കുന്നത് പോലെ. ഓരോ നിമിഷവും വേദനകൊണ്ട് ഞാൻ പുളഞ്ഞു. എന്റെ കരച്ചില് സഹിക്കാൻ കഴിയാതായപ്പോൾ അവൻ ഓടിച്ചെന്ന് അടുത്ത വീട്ടിലെ ചേച്ചിയെ വിളിച്ചു കൊണ്ട് വന്നു. അവര് വന്നപ്പോൾ ഞങ്ങളെ രണ്ടാളേം നോക്കി ഒരേ ചിരി ആയിരുന്നു. അപ്പോൾ എനിക്ക് അവരെ കൊല്ലാനുള്ള ദേഷ്യം വന്നു. അവനെ അവര് മുറീന്ന് പുറത്താക്കി. എന്നോട് നീ വെല്യ പെണ്ണായെന്ന് പറഞ്ഞു. അമ്മച്ചീടെ മുറീൽച്ചെന്ന് അവര് തന്നെ തുണിയെടുത്ത് വന്നു. അവരെന്നെ കുളിമുറീല് കൊണ്ടു പോയി. ഞാൻ അപ്പോഴും അമ്മച്ചിയെ വിളിച്ചു കരഞ്ഞു. അമ്മച്ചി വരുന്നത് വരെ അവര് എന്റെ കൂടെത്തന്നെ ഇരുന്നു. അതിനെടേൽ പാപ്പൻ വന്നു. അവര് പാപ്പനോട് കാര്യം പറഞ്ഞു. പാപ്പനപ്പോൾ അവനേം കൂട്ടി പുറത്തേക്ക് പോയി. തിരിച്ച് വരുമ്പോൾ എനിക്ക് ഇഷ്ടമുള്ള പേരക്കേം മാങ്ങേം വാങ്ങിയാ വന്നത്. കുട്ടത്തീ പുതിയൊരു ഉടുപ്പും ഉണ്ടായിരുന്നു. അമ്മച്ചി വന്നപ്പോൾ അവന്റെ ഷർട്ടിലെ ചോര കണ്ട് കുറേ ചിരിച്ചു. അപ്പോഴെനിക്കും ചിരി വന്നു.

അന്ന് രാത്രി അവൻ പാപ്പന്റെ കൂടെ ഷെഡിലായിരുന്നു കിടന്നത്. അമ്മച്ചിയെന്നോട് ഇനി മുൻപത്തെ പോലെ ചാടിമറിഞ്ഞ് കളിക്കരുതെന്നു പറഞ്ഞു. വെല്യ പെണ്ണായാലുള്ള കാര്യങ്ങളൊക്കെ പറഞ്ഞ് തന്നു. ഞങ്ങളന്ന് കുറേ നേരം മിണ്ടീം പറഞ്ഞുമിരുന്നു. നാല് ദെവസം അമ്മച്ചി റബറ് വെട്ടാൻ പോയില്ല. സൊസൈറ്റീല് പാലിന് ഏൽപ്പിച്ചു. ഞാൻ അപ്പോഴാണ് എന്റെ ദേഹം ശരിക്കും കാണാൻ തൊടങ്ങീത്. പഴയത് പോലെ ആയിരുന്നില്ലത്. നല്ല മാറ്റമുണ്ടായിരുന്നു.

ഇലേ. നീയെന്താ ഓർക്കുന്നെ? ""ഒന്നുമില്ലന്നെ, ഞാനന്ന് പാപ്പായി എന്റെ ഉടുപ്പഴിച്ചത് ഓർത്തതാ. അയാള് കാരണായിരുന്നു ഞാൻ മഠത്തീ പോയത്. മാസത്തീ ഒരു ദെവസം അപ്പനും അമ്മേം അവനും വരും. പള്ളിയോട് ചേർന്നുള്ള മുറ്റത്തിരുന്ന് ഞങ്ങള് സംസാരിക്കും. അവര് വരുമ്പോൾ കൊണ്ട് വരുന്ന പലഹാരം ഞാനെല്ലാർക്കും കൊടുക്കും. സോനക്ക് മറ്റുള്ളോരെക്കാൾ കൂടുതൽ കൊടുക്കും. സിസ്റ്റർമാരോട് സമ്മതം വാങ്ങി ഞങ്ങളന്ന് പുറത്ത് പോവും. വൈകിട്ട് അഞ്ച് മണിയാവുന്നേന് മുന്നെ തിരിച്ചെത്തണം. അന്ന് ഹോട്ടലീന്ന് ചോറുണ്ണും. ഞാനും അവനും ഒന്നിച്ചാണ് ഇരിക്കുക. അവനപ്പോൾ അപ്പൻ കഴിഞ്ഞ ദെവസം പിടിച്ച മീനിനെ പറ്റി പറയും. എനിക്ക് തോന്നുന്നെ അവന്റെ ഉള്ളിൽ എപ്പോഴും ഒരു പുഴയുണ്ടെന്നാണ്. തിരിച്ച് വരുമ്പോൾ സോനക്ക് ഇഷ്ടമുള്ള പാൽപ്പേട അപ്പനെ കൊണ്ട് വാങ്ങിപ്പിക്കും. സിസ്റ്റർമാര് കാണാതിരിക്കാൻ ഉടുപ്പിന്റേം ഷിമ്മീസിന്റേം എടേൽ ഒളിപ്പിച്ച് വെക്കും. അവര് പോവാൻ തൊടങ്ങുമ്പോൾ എന്റെ കണ്ണു നെറയും. മോളിവിടെ സുഖായിട്ട് നിക്കണമെന്ന് അമ്മച്ചി പറയും. അപ്പോഴോക്കെ തൊടേന്ന് വേദന വരും. ഞാനൊന്നും മിണ്ടാതെ ഹാളിലേക്ക് ഓടും. അവര് സിസ്റ്റർമാരുമായി സംസാരിച്ച് തിരികെ വീട്ടിലോട്ടു പോവും. ഞാനപ്പോൾ മുകളിലെ ജനലീക്കൂടെ അവര് പോവുന്നത് നോക്കി നിൽക്കും. അവര് കൊണ്ടു വന്ന പലഹാരങ്ങളെല്ലാം തന്നെ സിസ്റ്റർമാര് അടുക്കളേലെ വേസ്റ്റ് പാത്രത്തീ തട്ടും. സോനേനെ പ്രത്യേകം വിളിച്ച് ഞാൻ തരുന്നതൊന്നും തിന്നരുതെന്ന് പറയുമായിരുന്നു. അവളു തന്നെയാണ് എന്നോട് അക്കാര്യം പറഞ്ഞത്. പൊലയന് വൃത്തികുറവാണെന്നാണ് അവര് പറയുന്നത്. എത്ര കുളിച്ചാലും പോവാത്ത ഉളുമ്പ് മണമാണ് ഞങ്ങളെ കൂട്ടത്തിനെന്ന് പറയും. എനിക്കത് കേൾക്കുമ്പോൾ സങ്കടം വരും. അന്നു വൈകുന്നേരം ഞാൻ കുറെ നേരം കുളിക്കും. മിക്കവാറും ഒരു സോപ്പ് മുഴുവൻ തീർക്കും. എല്ലാവരും ഉറങ്ങിയാൽ സോന പതുക്കെ എഴീച്ച് എന്റെ അടുത്ത് വരും. അവള് ശ്രദ്ധിച്ച് വന്നില്ലേൽ അന്ന് രാത്രി മുഴുവൻ ഞാൻ മുട്ടുകാലീൽ നിൽക്കേണ്ടി വരും. ഒമ്പത് മണിക്ക് ലൈറ്റണച്ചാലും സിസ്റ്റർമാര് ഒറങ്ങാൻ പതിനൊന്ന് കഴിയും. അതിനെടേൽ രണ്ടോ മൂന്നോ തവണ അവര് ഞങ്ങള് പിള്ളേര് കെടക്കുന്ന ഹാളിൽ വരും. ആരേലും ഉറങ്ങാതെ സംസാരിച്ച് കെടക്കുന്നോ നോക്കാനാണത്. അങ്ങനെ ആരേലുമുണ്ടേൽ അടിയൊറപ്പാണ്. ഒന്നിച്ചൊരു കട്ടിലേൽ ആരേലും കെടക്കുന്നത് കണ്ടാൽ രാവിലെ വരെ മുട്ടുകുത്തി നിർത്തിക്കും. അതും വരാന്തേലെ നെലത്താണ്. രണ്ട് കാലിലേം മുട്ടിലെ തൊലി പൊളിഞ്ഞ് പോവും. രണ്ട് പെൺകുട്ടികൾ ഒന്നിച്ച് കെടക്കുന്നത് പാപമാണെന്നാണ് അവര് പറയുന്നത്. കർത്താവങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് എനിക്ക് തോന്നണില്ല. അതൊക്കെ പെണ്ണിനോട് കെറുവുണ്ടായിരുന്ന ആരോ ഉണ്ടാക്കീതാവും. സിസ്റ്റർമാര് ഒറങ്ങീന്ന് ഒറപ്പായാൽ സോന എനിക്ക് അടുത്തേക്ക് വരും. സോനേം ഞാനും മാത്രമല്ല വേറേം ചിലര് ഒന്നിച്ച് കെടക്കാറുണ്ട്. പക്ഷേ അവളും പറഞ്ഞിട്ടുണ്ട് എനിക്ക് സോപ്പിന്റെ മണമല്ലാന്ന്. വേറെന്തോ മണമാണെന്ന്. അത് കേൾക്കുമ്പോൾ എനിക്ക് ദേഷ്യോം സങ്കടോം വരും. പക്ഷേ അവളെന്നെ കെട്ടിപ്പിടിച്ച് കെടക്കും. എനിക്കിപ്പഴും എന്റെ ദേഹത്ത് ഉളുമ്പ് മണമാണെന്നാ തോന്നുന്നെ. എടീ,നെനക്കന്നെ ഉളുമ്പ് മണക്കുന്നുണ്ടോ? ""എനിക്കൊന്നും മണക്കുന്നില്ല ഇലേ. അതൊക്കെ നെന്റെ തോന്നലാവും. ഞങ്ങള് നായന്മാരാണ്. പക്ഷേ പേരിലെ അതോള്ളൂ. അമ്മച്ചി അമ്പലത്തീ പോവും. ഞാനും, ചേട്ടനുള്ളപ്പോൾ അവനും പോവാറില്ലായിരുന്നു. പാപ്പനാണ് അതിന് കാരണമെന്നാണ് അമ്മച്ചി പറയുന്നെ. സത്യത്തീ അമ്പലത്തീ പോയിട്ട് എനിക്കോന്നും തോന്നീട്ടില്ല. ചെറുതാവുമ്പോൾ പോവാൻ ഇഷ്ടായിരുന്നു. പിന്നെയാകെ ഇഷ്ടമുള്ളത് ഞങ്ങടെ ഉത്സവമാണ്. പണമുള്ളോർക്കത് ആഘോഷാണ്. ഇല്ലാത്തോരെ കാര്യം എല്ലാടെത്തും ഒന്ന് തന്നാണ്.

ഇലേ മഴ പിന്നേം കൂടുവാണല്ലോ? നമ്മളെ ആരേലും കാണോ ഇവ്‌ടെന്ന്? ""നീയൊന്ന് മിണ്ടാതിരിക്ക് അന്നമ്മോ, ഈ മഴത്ത് ആരും വരില്ല. പ്രത്യേകിച്ചും ഈ പൊന്തേലേക്ക്'' ""ഇലേ എനിക്ക് ഇപ്പോൾ പാപ്പനേം ചേട്ടനേം കാണാൻ തോന്നുവാ..'' ""എന്നാത്തിനാടീ? ചേട്ടൻ മരിച്ച് പോയതല്ലേ, തീവണ്ടി ഒന്ന് വേഗം വന്നാൽ മതിയായിരുന്നു. ഇതിപ്പോൾ തന്നെ ഒരു മണിക്കൂർ ലേറ്റായി'' ""ഇലേ എന്തിനാണെന്ന് ചോദിച്ചാൽ എനിക്കറിയത്തില്ല. പക്ഷേ അമ്മച്ചിയന്ന് റബറ് കത്തീം വെച്ച് കെടന്നത് പോലെയാണ് ഇപ്പോയെനിക്ക് തോന്നുന്നെ. പാപ്പാനോട് എനിക്ക് പ്രേമം ആയിരുന്നില്ല. പക്ഷേ പാപ്പനെ ആലോചിക്കൂമ്പോഴെല്ലാം നെഞ്ചീന്നൊരു തീവണ്ടി പുറപ്പെടും. അതോടിയോടി അടിവയറ്റിൽ ഇടിച്ച് നിൽക്കുകയാണ്. അവൻ പോയതിന് ശേഷം പാപ്പൻ ശരിക്കും തളർന്നിട്ടുണ്ട്. ഇപ്പോൾ അധിക സമയോം പന്നികൾക്ക് ഒപ്പമാണ്. ശിശിരയോടും, സീനത്തിനോടും ഞാനിക്കാര്യം പറഞ്ഞിരുന്നു. അവര് രണ്ടാളുമപ്പോൾ എന്നെ കളിയാക്കി'' ""നെനക്ക് മാത്രല്ല ഞങ്ങക്കും പാപ്പനെ പോലെ ചെലരെ കാണുമ്പോൾ അടിവയറ്റീന്ന് ഒരെളക്കമുണ്ട്. പക്ഷേ ഞങ്ങളതങ്ങ് മറന്നേക്കും'' ഇതും പറഞ്ഞവര് രണ്ടാളും ചിരിക്കും. വീടിനടത്തുള്ള കൂട്ടുകാരികളാണ്. പ്ലസ്റ്റൂം ഡിഗ്രീം ഞങ്ങള് മൂന്ന് പേരും ഒന്നിച്ചാണ് പഠിച്ചത്. ""എടീ, എനിക്കെന്തോ നീയീ പറയുന്ന തീവണ്ടി ഓടുന്നില്ല. പക്ഷേ നീ പറയുന്നത് കേൾക്കുമ്പോൾ അതൊക്കെ ഒന്നനുഭവിക്കാൻ തോന്നുവാ. പക്ഷേ അതോർക്കുമ്പോഴെല്ലാം ഒരു വരാല് എനിക്ക് നേർക്ക് തുപ്പലിറ്റിച്ച് കൊഴുത്ത് നിൽക്കാണ്'' ""അതെന്താ ഇലേ..'' ""അന്ന് അപ്പായി, ഉടുപ്പഴിച്ചതിന് ശേഷം എനിക്കെന്തോ പേടി ആയിരുന്നു. മഠത്തി പോയപ്പോൾ അവര് പറഞ്ഞു തന്ന കഥേലെല്ലാം ആണും പെണ്ണും തമ്മീൽ തോന്നുന്നതെല്ലാം പിശാചിന്റെ പണിയാന്നാണ് പഠിപ്പിച്ചതും.. വേദപുസ്തകത്തീ അങ്ങനെയാണ് പറയുന്നത് പോലും. ആദത്തേം ഹവ്വേനേം സ്വർഗത്തീന്ന് പൊറത്താക്കാൻ കാരണക്കാരാനായ പിശാചിന്റെ കഥ നെനക്കും അറീന്നതല്ലേ? പക്ഷേ എന്റെ ജീവിത്തിൽ ഞാൻ കണ്ട പിശാച് അപ്പായിയാണ്. മൂന്ന് മാസം കൂടൂമ്പോൾ മഠത്തീന്ന് കുറച്ച് ദെവസം വീട്ടി നിൽക്കാൻ വിടും. അപ്പനാണ് മിക്കവാറും എന്നെ കൊണ്ടു പോവാൻ വരുന്നത്. വൈന്നേരം മഠത്തീന്ന് പുറപ്പെട്ടാൽ രാത്രിയാവും ഞങ്ങള് വീട്ടിലെത്താൻ. അമ്മച്ചീം അവനും ഞങ്ങളെ കാത്ത് നിൽക്കും. അവനും അപ്പനും അന്ന് രാത്രി കുടിക്കില്ല. ഇറച്ചീം കഞ്ഞീം കഴിച്ച് ഞങ്ങള് നാല് പേരും രാത്രീൽ കഥ പറഞ്ഞിരിക്കും. സാധാരണ ഞാൻ വന്നാൽ അമ്മച്ചി പിന്നെ എവിടേം പോവാറില്ലേ. പക്ഷേ അന്ന് അമ്മച്ചിക്ക് അമ്മായിന്റെ കൂടെ ആശുപത്രീൽ പോവേണ്ടി വന്നു. പാവത്തിന് ഷുഗറ് കൂടുതലായിരുന്നു. അവര് പോവുമ്പോൾ വാതിലടക്കാൻ പ്രത്യേകം പറഞ്ഞിട്ടാണ് പോയത്. അമ്മച്ചിയാണേൽ അപ്പായി അവിടെ ഉണ്ടെന്ന് എന്നോട് രഹസ്യം പറഞ്ഞിരുന്നു. ഒമ്പതാം ക്ലാസിലായിരുന്നു ഞാനാ സമയത്ത്. ഒന്നും ചെയ്യാനില്ലാത്തോണ്ട് ഞാൻ മുറീലടച്ചിരുന്നു.

""ഇലേ.!''

""എന്താടീ.''

""നീയൊന്ന് വേഗം പറയോ.? എന്റെ നെഞ്ചിടിക്കുന്ന്. ഞാനാ മുറീൽ പെട്ടത് പോലെ. തീവണ്ടി വരുന്നേന് മുൻപ് ഞാൻ മരിച്ച് പോവും.'' ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments