ചിത്രീകരണം: ജാസില ലുലു

വരാൽ മുറിവുകൾ

ഏഴ്

""മ്മച്ചീം അമ്മായീം പോയതിനുശേഷം പാപ്പായി വന്ന് വാതിലീ മുട്ടി.
ശ്വാസം പോലുമെടുക്കാതെ ഞാനകത്തിരുന്നു.
അപ്പോൾ അയാള് ഭിത്തീന്റെ മോളീക്കുടെ മുറീൽക്ക് നോക്കി.
അയാളെന്നെ തെറി വിളിച്ചു. ഞാനപ്പോൾ വേദപുസ്തകത്തിലെ വചനങ്ങൾ ചൊല്ലി കൊന്തയെണ്ണി. അയാളപ്പോൾ ഒരു ചിലന്തീനെ പോലെ ഭീത്തീന്റെ മോളീന്ന് എന്നെ നോക്കി. അയാളുടെ കൈയ് നീണ്ടു വന്ന് ഏത് നിമിഷവും എന്നെ ഭിത്തിയിലൂടെ വലിച്ചിഴച്ച് അപ്പുറമിടും എന്ന് തോന്നി. ഞാനപ്പോൾ കണ്ണുകളടച്ച് പിടിച്ച് കൊന്ത ചൊല്ലി. അയാള് വാതില് തൊറക്കാൻ പറഞ്ഞോണ്ടിരുന്നു. ആദ്യമാദ്യം വഴക്ക് പറഞ്ഞ അയാള് എന്നെ മോളേന്ന് വിളിക്കാൻ തൊടങ്ങി. അപ്പൊഴും ഞാനയാളെ മുഖത്തേക്ക് നോക്കിയില്ല.
കൊറച്ച് നേരം കഴിഞ്ഞപ്പോൾ അയാള് ഭിത്തീന്ന് ഇറങ്ങിപ്പായി. എൻറെ നെഞ്ച് അപ്പൊഴും നിർത്താതെ മിടിച്ചോണ്ടിരുന്നു. നെഞ്ചിനുള്ളീന്ന് ആരോ ഓട്ടമത്സരം നടത്തുന്നത് പോലെ ആയിരുന്നത്. എനിക്കൊന്ന് പുറത്ത് പോവണമെന്ന് തോന്നി. പക്ഷേ അമ്മച്ചി പറഞ്ഞത് മുള്ളാൻ പോലും പുറത്തിറങ്ങരുത് എന്നാണ്. മുള്ളാൻ തോന്നിയാൽ അമ്മച്ചി ഒരു വലിയ പാത്രത്തീ മണ്ണ് നെറച്ച് തന്നിരുന്നു. അതിൽ മുള്ളിയാ മതീന്നാ പറഞ്ഞിരുന്നത്. എനിക്കെന്തോ ഇരുപ്പറച്ചില്ല. മുറീന്ന് പുറത്തിറങ്ങാൻ മനസ് നിർബന്ധിപ്പിച്ചു. പേടി കൂടിയപ്പോൾ മുള്ളാൻ മുട്ടി. പക്ഷേ ഞാൻ മുള്ളാതെ പിടിച്ച് വച്ചു. കൊറേ നേരം അങ്ങനെ ഇരുന്നപ്പോൾ നാഭി വേദനയായി. ഇരുന്നെടുത്തൂന്ന് എഴീറ്റാൽ പോലും മുള്ളിപ്പോവുമെന്നായി. ഞാൻ പതുക്കെ നെരങ്ങി നീങ്ങി അമ്മച്ചി മണ്ണ് നെറച്ച് വെച്ച പാത്രത്തീന് മോളിലോട്ട് ഇരുന്നു. അണപൊട്ടിയത് പോലെ മൂത്രസഞ്ചീന്ന് കനമൊഴിയാൻ തൊടങ്ങി. അപ്പോൾ ഭിത്തീന്ന് അയാളുടെ മുഖം പല്ലീനെ പോലെ എന്റെ മുൻവശത്തേക്ക് നോക്കുകയായിരുന്നു. കയ്യിലൊരു കമ്പുമായാണ് അയാൾ നിന്നത്. ഒറ്റ നിമിഷത്തെ ഞെട്ടലിൽ മൂത്രസഞ്ചിയങ്ങ് അടഞ്ഞ് പോയി.!''

""ഞാനെഴുന്നേറ്റ് ചുരിദാറിന്റെ വള്ളി കെട്ടുമ്പോൾ അയാളെ കയ്യിലെ കമ്പ് നീണ്ട് വന്നു. അത് എന്റെ നെഞ്ചിൽ മുട്ടിയപ്പോൾ വേദന അല്ലായിരുന്നു തോന്നിയത്. മുഴച്ചു നിൽക്കുന്ന മുല മുറിച്ച് അയാൾക്ക് മുന്നിലോട്ട് എറിഞ്ഞു കൊടുക്കാൻ ആയിരുന്നു തോന്നിയത്. പക്ഷേ നിൽക്കുന്നിടത്തു നിന്നും അനങ്ങാൻ പോലും പറ്റുന്നില്ലായിരുന്നു. അയാൾ പിന്നേം കമ്പ് എനിക്ക് നേരെ നീട്ടി ഞാനപ്പോൾ മുറീന്ന് ഇറങ്ങിയോടി അപ്പന്റെ മുറീൽ ചെന്നിരുന്നു. അയാൾ അവിടേം ഭിത്തീന്റെ മോളിലൂടെ തലയിട്ട് വന്നു. ഇപ്രാവശ്യം അയാളുടെ തല ഷീറ്റിനു മോളിൽ തട്ടിയാ നിന്നത്. മുഖത്താകെ ചിലന്തി വല പിടിച്ചിരുന്നു. പക്ഷേ അയയിൽ ഇട്ടിരുന്ന എന്റെ ഷിമ്മീസും ബ്രായും അയാളുടെ കയ്യിൽ കണ്ടപ്പോൾ എനിക്കറപ്പായി. അയാളത് എനിക്ക് കാണിച്ച് തന്നതാണ്. അമ്മച്ചീടെ മുറീന്ന് കമ്പ് വെച്ചാണത് അയാള് എടുത്ത്. അയാളെന്നെ തന്നെ കുറെ നേരം നോക്കി നിന്നു. പിന്നെ അയാള് ബ്രായും ഷിമ്മീം എന്റെ മേലേയ്ക്ക് എറിഞ്ഞു. അത് വന്ന് എന്റെ മുഖത്താണ് വീണത്. തുപ്പല് പോലെന്തോ മുഖത്തായി. അയാൾ അപ്പോൾ എന്റെ നേർക്ക് വായും വെരലും കൊണ്ട് എന്തോ ആംഗ്യം കാണിച്ചു. സങ്കടം കൊണ്ട് എനിക്ക് തൊണ്ട വരണ്ടു. അയാളപ്പോഴും പല്ലിയെ പോലെ ഭീത്തീല് തല കാണിച്ചു. മുഖം തൊടച്ചപ്പോൾ എനിക്കറപ്പായി. ശർദ്ദിക്കാൻ വന്നു. ഞാൻ ഓക്കാനിച്ചു. അതു കണ്ട് അയാൾ തെറി വിളിച്ചു. ആ സമയം മരിച്ച് പോയാൽ മതീന്ന് തോന്നി. അയാളെ നോക്കാതെ ഞാൻ കുമ്പിട്ടിരുന്നു. വായില് പുളിച്ച് വന്ന ശർദ്ദില് സഹിക്കാൻ പറ്റാതെ ഞാൻ നിലത്തേയ്ക്ക് ശർദ്ദിച്ചു. അപ്പോൾ അയാൾ എന്നെ വീണ്ടും തെറി വിളിച്ചു. ഞാൻ കട്ടിലിനുള്ളിലേയ്ക്ക് നൂണ്ട് കയറി. അമ്മച്ചി വരുന്നത് വരെ അതേ കിടപ്പു കിടന്നു. അത്രേം സമയം എനിക്ക് മുന്നിൽ കൊഴുപ്പ് പറ്റിയ ഷിമ്മീം ബ്രായും വരാലിനെ പോലെ ചുരുണ്ട് കെടന്നു. അതിലേയ്ക്ക് നോക്കാൻ പോലും എനിക്കറപ്പായിരുന്നു.''

""ഇലേ! നീയൊന്ന് നിർത്തോ. സത്യായും എനിക്ക് ദാഹിക്കുന്ന്. ഇങ്ങനൊന്നും ഞാനീത് വരെ അനുഭവിച്ചിട്ടില്ല. പക്ഷേ എനിക്കിപ്പോൾ കരയണം.''

""ഹാ. നീ കരയെടീ, കരഞ്ഞു കരഞ്ഞ് മടുത്തതാണ് എനിക്ക്, എത്ര വേണേലും കരഞ്ഞോ ഈ മഴയിങ്ങനെ പെയ്യുമ്പോൾ കരയുന്നതിന്റെ ഒച്ചയാരും കേൾക്കില്ലാന്ന് സമാധാനമാണ്. നമ്മള് രണ്ട് പേരുടേം മഴയുടെയും പിന്നയീ പൊന്തേന്ന് കരയുന്ന ഏതൊക്കയോ ജീവികളുടെ ഒച്ചയും മാത്രമേയുള്ളൂ. ദാഹിക്കുന്നേന് നേരത്തെ ചെയ്ത പോലെ തന്നെ കൈ തൊറന്ന് വച്ച് മഴ കുടിക്ക്. അല്ലാതെ ഈ പാതിരായ്ക്ക് കുപ്പിവെള്ളമൊന്നും കിട്ടത്തില്ല.''

""ഇലേ... ഞാനിപ്പോൾ ശിശിരേനേം സീനത്തിനേം ഓർക്കാണ്. രണ്ട് പേരുടേം കല്യാണം കഴിഞ്ഞു. പാവം ശിശിര തീരെ ഇഷ്ടമില്ലാത്ത ഒരുത്തന്റെ കൂടെയാണ് ചങ്ങനാശ്ശേരീലേയ്ക്ക് പോയത്. അവളെ മുത്തശ്ശിയുടെ നിർബന്ധമായിരുന്നത്. അവക്കാണേൽ ഒരു ജോലി കിട്ടി കൊറച്ച് കാലം കഴിഞ്ഞ് വേണേൽ ആലോചിക്കാം എന്ന മനസായിരുന്നു. പക്ഷേ മുത്തശ്ശി ചത്തതുമില്ല അവളെ കല്യാണോം കഴിഞ്ഞ്. സർക്കാറ് ജോലിക്കാരനാണ് കെട്ടിയത്. പക്ഷേ അവൾക്ക് തീരെ സമാധാനം ഇല്ല. കഴിഞ്ഞാഴ്ച ഞാനവളെ കണ്ടിരുന്നു. പഴയ ഉത്സാഹക്കെ പോയി കണ്ണൊക്കെ കരുവാളിച്ചിട്ടുണ്ട്. ശിശിരേ നെനക്കെന്നാ പറ്റീതെന്ന് ചോദിച്ചപ്പോൾ അവള് ചിരിച്ചു. വൈകിട്ട് വിളിക്കാമെന്നും പറഞ്ഞ് അവന്റെ കൂടെ ബൈക്കേൽ കേറിപ്പോയി. സത്യത്തീ അവൻ അവളെ നിർബന്ധിപ്പിച്ചാണ് ബൈക്കിൽ കയറ്റീത്. അതെനിക്ക് മനസിലായിരുന്നു. വീട്ടിലെത്തി പാപ്പനെ കണ്ടപ്പോൾ ഞാനതങ്ങ് മറന്നതായിരുന്നു. അവള് വിളിക്കത്തില്ലാന്നാണ് കരുതീത്. പക്ഷെ രാത്രി എട്ടു മണിയായപ്പോൾ അവൾ വിളിച്ചു. എന്നാടീ വിശേഷമെന്ന് ചോദിച്ചപ്പോൾ അവളുടെ ഒച്ചയിടറി. ജീവിതം മടുത്തൂന്ന് പറഞ്ഞു. എന്നതാടീ ഒച്ചയിടറീത് എന്നു ചോദിച്ചപ്പോൾ അവൾ കരഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ ഫോണും പിടിച്ച് നിന്നു. കരഞ്ഞ് തീർന്നപ്പോൾ എന്താണ് നിന്റെ പ്രശ്‌നോന്ന് ഒന്നൂടെ ചോദിച്ചു, ""നമ്മള് പെണ്ണുങ്ങള് കാണുന്ന സ്വപ്നങ്ങളൊന്നും നടക്കത്തില്ലെടീ.'' ഇതും പറഞ്ഞവള് അഞ്ച് മാസത്തെ ചങ്ങനാശ്ശേരി ജീവിതം പറയാൻ തൊടങ്ങി: ""എന്ത് ചോദിച്ചാലും സ്‌നേഹം കൊണ്ടാണെന്നാണ് പറയും. പക്ഷേ എന്റെ വേദനയോ സങ്കടോ ഇഷ്ടങ്ങളോ കേൾക്കാൻ അങ്ങേർക്ക് സമയോല്ല. ഓഫീസിൽ പോന്നേന് മുന്നേ അങ്ങേരെന്റെ ഫോണെടുത്ത് നോക്കും. ഞാനാരോടാക്കൊ മിണ്ടിയതും പറഞ്ഞതും ഒക്കെ നോക്കും. വൈകിട്ട് തിരിച്ച് വന്നാലും ആദ്യം ചെയ്യുന്നത് ഇത് തന്നെയാണ്. സംശയമാണോന്ന് ചോദിച്ചാൽ അല്ലെന്ന് പറയും. സ്‌നേഹം കൊണ്ടാണ്, എന്നെ മറ്റാരും സ്‌നേഹിക്കുന്നത് സഹിക്കത്തില്ലാന്ന് പറയും. ആദ്യമൊക്കേ അത് കേൾക്കുമ്പോൾ ഞാൻ കരുതീത് ഈ ഭൂമിലെ ഏറ്റോം ഭാഗ്യവതി ഞാനാണെന്നാ. പക്ഷേ നമ്മളെ പേഴ്സണൽ സ്‌പേസിലേയ്ക്കും അവരിങ്ങനെ ഇടിച്ച് കയറുന്നത് ഏറ്റോം വലിയ വേദനയാണ്. സ്‌നേഹാണെന്ന് പറയാൻ മാത്രേ അങ്ങേരെക്കൊണ്ട് പറ്റത്തുള്ളൂ. അതൊരിക്കലും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. എനിക്ക് ഒരു അടിപ്പാവാട വാങ്ങുന്നതിലു വരെ അങ്ങേരെ ഇഷ്ടം നോക്കണം. ഇപ്പോ കുറച്ചു നാളായി ഓഫീസീന്ന് വന്നയുടനെ വീട്ടിനുള്ളിലും പൊറത്തുമൊക്കെ ചുറ്റി നടക്കും. എനിക്കറിയാം അങ്ങേര് എന്നെ സംശയിക്കാണെന്ന്. ഒരു ദെവസം രാത്രീല് അങ്ങേര് കുത്തിമറയുമ്പോൾ ഞാനൊരു ഇഷ്ടം പറഞ്ഞതാണ് അതിന് കാരണം. നിനക്ക് അതൊക്കെ എങ്ങിനെ അറിയാം എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഞാൻ ആരേലുമായി മുൻപത് ചെയ്തിട്ടുണ്ടോന്ന് ചോദിച്ചു. ഞാനപ്പോള് പച്ചേലങ്ങ് ഉരുകിപ്പോയി. ആ സമയത്ത് ഞാനാകെ വരണ്ടു. അന്നയാൾ എന്നെ ശരിക്കും ഉപയോഗിച്ച്. വരണ്ടതിന്റെ വേദനയൊന്നും അയാള് സമ്മതിച്ചില്ല. ഇതൊക്കെ നിങ്ങൾ എവ്‌ടെന്ന് പഠിച്ചൂന്ന് ചോദിക്കാൻ നാവ് തരിച്ചതാ. പക്ഷേ അയാളുടെ കടിയോർത്ത് ഞാനങ്ങ് മിണ്ടാതെ സഹിച്ച്. പിറ്റേന്ന് മുതലാണ് വീടിനുള്ളിലും പൊറത്തും പരിശോധന തൊടങ്ങീത്. പക്ഷേ ഞാനൊന്നും മിണ്ടത്തില്ല. മിണ്ടിയാൽ അങ്ങേര് പറയും ""നെനക്കെന്നോട് സ്‌നേഹമില്ലെന്ന്.'' അത് കേൾക്കുമ്പോൾ എനിക്കെന്തോ വല്ലാതാവും. ഞാൻ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ച് നടക്കും. അന്ന്‌ അയാൾ എന്നേം കൊണ്ട് പുറത്ത് പോവും. അയാൾക്ക് ഇഷ്ടമുള്ള സ്ഥലത്തേ പോവത്തുളളൂ. ഞാൻ അയാളെ അനുസരിച്ച് നടക്കണം. അയാൾക്ക് ഇഷ്ടമുളള സ്ഥലത്തെ ഇരിക്കൂ. അയാൾക്ക് ഇഷ്ടമുള്ള ഹോട്ടലീ കയറും. അയാള് പറയുന്നത് കഴിച്ച് തിരിച്ച് വരും. അതിനേടേൽ ഞാൻ എന്റെ ഒരിഷ്ടോം പറയത്തില്ല. നെനക്കെന്താ വേണ്ടതെന്ന് ചോദിക്കും. ഞാനെന്തേലും വേണമെന്ന് പറഞ്ഞാൽ അതാണ് ഏറ്റോം മോശമായത്. എന്നിട്ടങ്ങേര് പറയും നെന്നോടുള്ള സ്‌നേഹം കൊണ്ടാണെന്ന്. തിരിച്ച് വന്നാലുടനെ അങ്ങേർക്ക് എന്നെ വേണം. ഒന്നു കുളിക്കാൻ പോലും സമ്മതിക്കത്തില്ല. അങ്ങേരും കുളിക്കത്തില്ല. കെടന്നും, ഇരുന്നും, നടന്നും, അന്ന് രാത്രി മുഴുവൻ അങ്ങേര് കാട്ടിക്കൂട്ടും. ഇന്നലത്തേതിന്റെ പൊകച്ചില് ഇത് വരേം മാറീട്ടില്ല. ഇടക്ക് തോന്നും ഇതൊക്കെ സഹിക്കുന്നതിലും നല്ലത് സ്വന്തം വീട്ടീ പോയി നിൽക്കുന്നതാണെന്ന്. വീട്ടിലെത്തിയാൽ പിറ്റേന്ന് തന്നെ അങ്ങേരും വരും. അച്ഛനോടും അമ്മയോടും മറ്റെല്ലാവരോടും അങ്ങേര് ഒടുക്കത്തെ സ്‌നേഹം കാണിക്കും. സഹികെട്ട് ഒരു ദെവസം ഞാൻ അമ്മയോട് എനിക്ക് അയാളെ കൂടെ ജീവിക്കണ്ടെന്ന് പറഞ്ഞൂ. ""നെനക്കേന്നാത്തിന്റെ ഏനക്കേടാണെടീ ഇത്രേം സ്‌നേഹോം സുഖോം കിട്ടുന്നേന്റെ കഴപ്പാന്നോ?''ഇതും പറഞ്ഞ് അമ്മച്ചിയെന്നെ അടിച്ചില്ലാന്നേയുള്ളൂ. പൊറത്തൂന്ന് നോക്കുമ്പോൾ നല്ല സന്തോഷൊള്ള ജീവിതാണ്. നീ പോലും ഇതൊക്കെ വിശ്വസിക്കോന്ന് അറീല്ല. അങ്ങേര് വരാനായി, നിന്നെ മിക്കവാറും വിളിക്കും. ഒരുമിച്ച് പഠിച്ച കാര്യമങ്ങ് പറഞ്ഞാ മതീ. ഇതും പറഞ്ഞ് അവൾ ഫോൺ വച്ചു.

എനിക്കപ്പോൾ സീനത്തിനെ വിളിക്കാൻ തോന്നി. പക്ഷേ അവളെ ഫോൺ സ്വിച്ചോഫായിരുന്നു, എനിക്കെന്തോ ആകെപ്പാടെ പരവേശമായി. ചുമ്മാ കരയാൻ തോന്നി. പക്ഷേ ഞാൻ കരഞ്ഞില്ല. ഞാൻ അപ്പോൾ തന്നെ പാപ്പന്റെ ഷെഡിലേയ്ക്ക് ചെന്നു. പാപ്പനവിടെ ഇരുന്ന് പന്നിക്കുള്ള മരുന്ന് എടുക്കായിരുന്നു. ഞാൻ അടുത്തു ചെന്നിരുന്നു. അറിയാത്തെ പോലെ പാപ്പന്റെ ദേഹത്ത് എന്റെ നെഞ്ച് മുട്ടിച്ചു. കൊറേ നേരം അങ്ങനെ നിന്നപ്പോൾ എനിക്കിച്ചിരെ സമാധാനം തോന്നി. അമ്മച്ചി അന്വേഷിക്കുന്നുണ്ടാവും എന്നും പറഞ്ഞ് വീട്ടീലേയ്ക്ക് ഓടി. മുറീൽക്കയറി ഞാനെന്നെ തന്നെ തൊട്ട് കെടന്നു. എന്തോ സങ്കടങ്ങൾ സഹിക്കാൻ പറ്റാതാവൂമ്പോൾ ഞാനങ്ങനയാ. ചെയ്യണത് തെറ്റാണോ ശെരിയാണോ എന്നൊന്നും അറിയത്തില്ല. കൊറേ നേരം സ്വയം തൊട്ട് തൊട്ട് പൊട്ടിത്തെറിക്കുമ്പോൾ എനിക്കിച്ചിരെ ആശ്വാസം കിട്ടും.''

""ഇലേ..നീയൊന്ന് എന്നെ അമർത്തിപ്പിടിക്കോ? നമ്മള് കെടക്കുന്ന പാളത്തിനെന്തോ ഏളക്കം തോന്നുവാ..''

എട്ട്

""നെനക്കിപ്പോൾ സങ്കടം തോന്നുന്നോ?''

""തോന്നുണ്ടോ ചോദിച്ചാ ശരിക്കുമുണ്ട്. ഈ മഴേയത്ത് നമ്മള് രണ്ട് പെണ്ണുങ്ങൾ മരണോം കാത്തിരിക്കുമ്പോൾ ഇച്ചരെ സങ്കടമുണ്ട്.''

""നെനക്ക് പൊട്ടിത്തെറിക്കണോ? തൂക്കിക്കൊല്ലാൻ പോവുന്നവരോട് അവസാനത്തെ ആഗ്രഹം ചോദിക്കും. ഇതും അതു പോലാണെന്ന് കരുതിയാ മതീ''

""ഇലേ എനിക്കിപ്പോൾ അങ്ങനെ ചെയ്യാൻ തോന്നുന്നില്ല. പക്ഷേ നിന്നെയിങ്ങനെ അമർത്തിപ്പിടിച്ച് കെടക്കുമ്പോൾ ഒരു സുഖമുണ്ട്. അതെന്താണെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ലെന്ന് മാത്രം. മരണത്തേം കാത്ത് കെടക്കുമ്പോൾ നമ്മള് ജീവിതമല്ലേ പറയുന്നെ?''

""ജീവിതമാണ്. പക്ഷേ ഇത്രേം ജീവിതങ്ങൾക്ക് വേണ്ടിയാണ് നമ്മള് മരിക്കുന്നതും. ഇലേ ഞാൻ എന്റെ അനിയനെ ഓർക്കുവാ. അവന്റെ കല്യാണം ആയിരുന്നു കഴിഞ്ഞ ആഴ്ച. അതിന്റെ മൂന്നാമത്തെ ദെവസാണ് ഡ്രൈ ക്ലീനിംഗ് കമ്പനീന്ന് ഉടനെ വരാൻ പറഞ്ഞെന്ന് അമ്മച്ചിയോടും അവനോടും കള്ളം പറഞ്ഞ് വന്നത്. ഇവിടേയ്ക്ക് വരുമ്പോൾ ബസിലിരിക്കുമ്പഴാ നെന്നെ വിളിക്കാൻ തോന്നീത്. നീ വരുമെന്ന് കരുതീതല്ല. പക്ഷേ ആ സമയത്ത് മറ്റാരേം വിളിക്കാൻ തോന്നീല്ല. മൂന്നോ നാലോ പിഎസ്സീ പരീക്ഷയ്ക്ക് ഒരുമിച്ച് പോയതും ഡ്രൈ ക്ലീനിംഗ് കമ്പനീൽ ഒരുമിച്ച് ജോലി ചെയ്തതും മൂന്ന് മാസം ഹോസ്റ്റലീ ഒരുമിച്ച് താമസിച്ചതും മാത്രമുള്ള പരിചയമേയുളളൂ നമ്മള് തമ്മിൽ. നമ്മളിത്രേം കാലം സന്തോഷങ്ങള് മാത്രേ പങ്ക് വെച്ചിരുന്നുള്ളൂ. നെന്നോടിങ്ങനെ മനസ് തൊറന്ന് വെച്ചപ്പോൾ കുറേയേറെ കനം കുറഞ്ഞിട്ടുണ്ട്. പക്ഷേ വലിയൊരു രഹസ്യം ഇപ്പോഴും എനിക്ക് മാത്രമെ അറിയത്തൊള്ളൂ. അതിങ്ങനെ എന്റെ ചങ്കിൽ കിടന്ന് തെളച്ച് മറിയുന്നുണ്ട്. ആർക്കും അടുക്കാൻ പറ്റാത്ത്ര അത്രേം ചൂടാണ് അതിന്. എനിക്കത് സന്തോഷം നൽകുന്നുണ്ട്. അത് തന്നെയാണ് ഞാൻ മരിക്കാൻ തീരുമാനിക്കാനും കാരണം. നീയെന്തിനാടീ ഞാൻ വിളിച്ച ഒടനെ ഇറങ്ങി വന്നത്? എനിക്ക് വേണ്ടി ചാവാനാണോ?''

""ഇലേ, ചാവാനാണോ ചോദിച്ചാൽ എനിക്കറിയത്തില്ല. പക്ഷേ നീ വിളിച്ചപ്പോൾ ഓടി വരാനാണ് തോന്നീത്. ഞാനിങ്ങ് വരേം ചെയ്തു. ഇലേ, ഞാനോരു രഹസ്യം പറയാം. നീയന്ന് വിളിച്ചതോണ്ട് ഞാനീ മൂന്ന് ദെവസം കൂടെ ജീവിച്ചു. ഇല്ലേൽ ചത്ത് പോയേനെ. ആത്മഹത്യ ചെയ്യാൻ മനസിനെ ഒരുക്കി തയ്യാറായ നേരത്താണ് ഞാനിവിടേയ്ക്ക് പോന്നത്.''

""നീയെന്തിനാണ് ചാവാൻ പോയത് ?''

""ഇലേ, ഞാനും ഇപ്പോൾ ആലോചിക്കുന്നത് അതാണ്. എന്തിനായിരുന്നെന്ന്. പാപ്പന്റെ ഷെഡിൽ പോയതിന് അമ്മച്ചി എന്നെ വഴക്ക് പറഞ്ഞിരുന്നു. ""കൊച്ചേ പഴേ പോലയല്ല, അവന്റെ കൂടെ ഇപ്പോഴൊരു വരത്തൻ ചെറുക്കനുണ്ട്. നീയിങ്ങനെ തലേം മോലേം എളക്കി നടക്കുന്നത് അത്ര നല്ലതല്ല'' ഇതും പറഞ്ഞാണ് അമ്മച്ചിയന്ന് റബറ് വെട്ടാൻ പോയത്. ഞാനെഴുന്നേറ്റ് കാപ്പി കുടിച്ച് അടുക്കളേൽ ഇരിക്കുമ്പോൾ പാപ്പൻ ഓട്ടോയുമെടുത്ത് പുറത്തേയ്ക്കിറങ്ങി. എല്ലാ ദെവസത്തേം പോലെ ഞങ്ങളെ വീടിന് മുൻപിലെത്തിയപ്പോൾ ഹോണടിച്ചു. അപ്പൊഴാണ് തലേന്ന് രാത്രി കുടകീന്ന് വന്ന ആളെ ഞാൻ കണ്ടത്. പാപ്പന്റെ കൂടെ ഓട്ടോയുടെ മുൻവശത്ത് അവനുമുണ്ടായിരുന്നു. ചേട്ടൻ മരിക്കുന്നതു വരെ അവനായിരുന്നു ആ സ്ഥാനത്ത്. എനിക്കാണേൽ വരത്തന്റെ ആ ഇരിപ്പ് തീരെ പിടിച്ചില്ല. കാപ്പീം പുട്ടും എടുത്ത് ഞാൻ പുറത്തേയ്ക്ക് എറിഞ്ഞു. എന്തോ വിശപ്പ് തീരെ തോന്നിയില്ല അപ്പോൾ. ഞാൻ എഴുന്നേറ്റ് പാപ്പന്റെ ഷെഡിലേയ്ക്ക് ചെന്നു. വരത്തൻ ഇന്നലെ എവിടെയാണ് കെടന്നത് എന്ന് അറിയാനായിരുന്നത്. ഞാൻ പേടിച്ചത് പോലെ പാപ്പന്റെ കൂടെയല്ല അവൻ കിടന്നത്. വളോം മറ്റും സൂക്ഷിക്കുന്ന മുറീലാണ് അവൻ കെടന്നത്. ആ മുറീലൊരു പുതിയ കിടക്ക കണ്ടപ്പോൾ എനിക്ക് സമാധാനമായി. ഞാൻ തിരിച്ച് വീട്ടിലേയ്ക്ക് വന്നു. അമ്മച്ചി എത്തുന്നത് വരെ ഞാൻ കിടന്നുറങ്ങി. ഉറക്കത്തിൽ എന്തോ സ്വപ്നം കണ്ടിരുന്നു. അതെന്തായിരുന്നു എന്ന് ഓർമ്മയില്ല. പക്ഷേ രണ്ടോ മൂന്നോ തവണ പാപ്പന്റെ ഓട്ടോറിക്ഷ കയറിയും ഇറങ്ങീം പോയിട്ടുണ്ട്. ഓരോ തവണയും ഹോണടി കേൾക്കുമ്പോൾ ഓടിച്ചെല്ലാൻ തോന്നും. പക്ഷേ നേരത്തെ കണ്ട വരത്തന്റെ ചൂന്ന് നോട്ടത്തിന്റെ മൊനയെന്നെ പിന്നോട്ട് വലിച്ചു. പാപ്പന്റെ മുഖത്ത് സന്തോഷമാന്നോ അതോ ചേട്ടൻ മരിച്ചതിന് ശേഷമുള്ള നിസ്സംഗതയാണോന്ന് ഞാൻ പരതി. ഇതു രണ്ടുമല്ലാതെ വേറെന്തോ ആയിരുന്നൂ പാപ്പന്റെ മുഖത്ത് ഉണ്ടായിരുന്നത്. എത്ര പിടിച്ച് വച്ചിട്ടും എനിക്ക് അന്ന് സങ്കടം നെയന്ത്രിക്കാൻ പറ്റീല്ല. ഞാനെന്തെല്ലാമോ ചെയ്ത് കൂട്ടി. അമ്മച്ചി വന്നൊപ്പഴാന്ന് അറിഞ്ഞത് മീങ്കറീൽ നെറച്ച് ഉപ്പാണെന്ന്. അതിനും കോറേ വഴക്ക് കേട്ട്. ഞാൻ അമ്മച്ചിയോട് തറുതല പറഞ്ഞു. പിന്നെ പെണങ്ങി കെടന്നു. എങ്ങനേലും രാത്രി ആയാ മതീന്ന് കരുതി സമയം തള്ളിപ്പറഞ്ഞയച്ചു. അമ്മച്ചി നിർബന്ധിച്ചോണ്ട് മാത്രമന്ന് കുളിച്ചു. എന്താടീ നെനക്ക് പറ്റീതെന്ന് ഇടക്കിടെ അമ്മച്ചി ചോദിക്കാൻ മറന്നില്ല. ഇരുളാവുന്തോറും എനിക്കേന്തോ പരവേശം വന്നു. അമ്മച്ചീടെ നിർബന്ധത്തിന് കഞ്ഞി കുടിച്ചെന്ന് വരുത്തി കെടന്നു. അമ്മച്ചി ഒന്ന് ഉറങ്ങിക്കിട്ടാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ഭാഗ്യത്തിന് അമ്മച്ചിക്കന്ന് കാലുവേദന കൂടുതലായിരുന്നു. വേദന കൂടുമ്പോൾ മാത്രം കഴിക്കുന്ന ഗുളിക കഴിച്ചോണ്ട് അമ്മച്ചിയങ്ങ് തളർന്നൊറങ്ങി. എനിക്ക് അമ്മച്ചീടെ ആ കെടപ്പ് കണ്ടപ്പോൾ സങ്കടം തോന്നി. ഞാൻ അന്നാണ് അമ്മച്ചീടെ കാല് ശ്രദ്ധിച്ചത്. തൊലിയെല്ലാം പൊളിഞ്ഞ് ആകെ കീറീട്ടുണ്ട്. കണങ്കാലിന് മോളിലെ ഞരമ്പ് കട്ടിക്കയറ് പോലെ തടിച്ച് പിരിഞ്ഞ് കെടപ്പാണ്. നീലയാന്നോ പച്ചയാന്നോ അറിയാത്ത നെറമാണത്. അമ്മച്ചിയതും വെച്ചോണ്ടാണ് ഇക്കണ്ട റബറ് തോട്ടം മുഴുവൻ നടക്കുന്നതെന്ന് ഓർത്തപ്പോൾ കണ്ണ് നെറഞ്ഞ്. എല്ലാം കൂടെ ഓർത്തപ്പോൾ എനിക്ക് ഭ്രാന്തായി. പാപ്പന്റെ ഫോണിലേക്ക് വിളിച്ചു. മൂന്നാല് പ്രാവശ്യം വിളിച്ചപ്പോഴാണ് ഫോണെടുത്തത്. ""എന്നാ കൊച്ചേ ഞാനങ്ങ് ഇറങ്ങാർന്നു.''

ഇത് കേട്ടപ്പോൾ എന്റെ പെരുവെരലീന്നൊരു എരമ്പല് കയറി തൊണ്ടുക്കുഴീല് തങ്ങി നിന്നു. വെറും ടോപ്പുമിട്ടോണ്ടാണ് ഞാനന്ന് പുളിഞ്ചോട്ടിലേക്ക് ചെന്നത്. പാപ്പനാണേൽ കുളിച്ച് തല പോലും ശരിക്കുണങ്ങാതെയും, ഷർട്ടിടാതെ തോർത്ത് മേല് ചുറ്റിയുമാണ് വന്നത്. ഷർട്ടിടാതെ കണ്ടപ്പോൾ എനിക്ക് പാപ്പനെ കെട്ടിപ്പിടിക്കാൻ തോന്നി. പക്ഷേ എന്തോ ഞാനങ്ങനെ ചെയ്തില്ല. എല്ലാ ദെവസത്തേം പോലെ പാപ്പന് അടുത്ത് ചെന്നു നിന്നു. പാപ്പൻ മടിക്കുത്തീന്ന് രണ്ട് സിഗററ്റെടുത്തു. ഒന്നെനിക്കും തന്നു. ഞാനത് വരെ കാണാത്ത പുതിയൊരു സിഗററ്റായിരുന്നത്. ""പെണ്ണുങ്ങക്ക് വലിക്കാനുള്ളതാ'' എന്റെ നോട്ടം കണ്ട് പാപ്പനിങ്ങനെ പറഞ്ഞു. ഞാനപ്പോൾ തന്നെയത് വലിച്ചെറിഞ്ഞു. പാപ്പനപ്പോൾ അന്തം വിട്ടെന്നെ നോക്കി. കൊച്ചിന് സിഗററ്റ് വേണ്ടേലത് പറഞ്ഞാൽ പോരെ കളയണോന്ന് ചോദിച്ച്. എനിക്ക് സാധാരണ തരുന്നത് മതി. പെണ്ണുങ്ങക്കായി പ്രത്യേകമുള്ളതൊന്നും വേണ്ട. ഞാനിത് പറഞ്ഞപ്പോൾ പാപ്പനൊരു സിഗററ്റ് കൂടെ തന്നു. ഞാനത് കത്തിക്കുമ്പോൾ പാപ്പൻ എന്റെ തൊറന്ന് കെടക്കണ ടോപ്പിലേക്ക് നോക്കായിരുന്നു. അത് കണ്ടപ്പോൾ എനിക്കങ്ങ് സന്തോഷായി. ഞാനറിയാത്തെ പോലെ പാപ്പന് തെളിഞ്ഞ് കാണാൻ പറ്റുന്ന വിധത്തീ കുനിഞ്ഞു. പാപ്പനപ്പോൾ നോട്ടം മാറ്റി.

""അവനേതാണ്?'' പെട്ടന്നുള്ള എന്റെ ചോദ്യം കേട്ട പാപ്പൻ പുക വിഴുങ്ങി ചൊമച്ചു. ചൊമയടങ്ങാൻ ഞാൻ പാപ്പന്റെ നെഞ്ചിൽ അമർത്തി തിരുമ്മി. എന്റെ വെരലീൽ പാപ്പന്റെ നെഞ്ചിലെ വേരുകൾ കുടുങ്ങിക്കോണ്ടിരുന്നു. ഞാനത് പതിയെ പറിച്ചെടുത്തു. ""മതി കൊച്ചേ'' ചൊമയടങ്ങിയപ്പോൾ പാപ്പൻ എന്റെ കൈ മാറ്റിച്ചു. ""എനിക്കൊരു സഹായത്തിനാണ്. കൊടകിലുള്ളപ്പോൾ അവന്റെ തന്ത എന്റെ കൂടെ ഉണ്ടായിരുന്നു. പാവം ഇഞ്ചിപ്പണിക്ക് എടേൽ കുഴഞ്ഞ് വീണ് മരിച്ച് പോയതാണ്. ഇടക്ക് കുടകിലെ സുഹൃത്തുക്കളെ വിളിച്ചപ്പോഴാണ് ഈ ചെറുക്കന്റെ കാര്യമറിഞ്ഞ്. എനിക്കാന്നേൽ ഇതെല്ലാം കൂടെ ഒറ്റയ്ക്ക് നോക്കാനും പറ്റണില്ല. അതാണിവനെ ഇങ്ങ് കൂട്ടീത്. കൂടെ നിന്ന് ചതിക്കത്തില്ലാന്ന് ഒറപ്പാന്ന്. കൊച്ചിനെന്തേലും ഏനക്കേട് ചെറുക്കനുണ്ടാക്കിയോ?'' ഞാനപ്പോഴൊന്നും മിണ്ടിയില്ല. ""ഉണ്ടേൽ പറയണം അവനെ ഞാനങ്ങ് പറഞ്ഞ് വിട്ടേക്കാം. പന്നീനെ നോക്കാനും കെളക്കാനും ചെറുക്കന് നന്നായറിയാം. ഡ്രൈവിംഗും അറിയാം. പന്നിക്കുള്ള തീറ്റെയെടുക്കാൻ കുറച്ച് ദെവസം കൂടെ കൊണ്ട് പോവണം. സ്ഥലോം വഴീം പരിചയമായാൽ പിന്നെയവനെ ഒറ്റക്ക് വിടാമെന്നാ കരുതുന്നെ. സതീശൻ മരിക്കുന്നേന്റെ മുന്നെ വന്നത് പോലെ എനിക്കുമിപ്പോൾ ഇച്ചരെ ബലക്കുറവുണ്ടോന്ന് സംശയമൊണ്ട്. അച്ഛന്റെ പേര് കേട്ടതും എനിക്കാകെ വെറയല് വന്നു. നെലത്തേക്കിരുന്നു. അച്ഛനെന്തായിരുന്നെന്നു ചോദിച്ചു. വെള്ളത്തീ മുങ്ങിയല്ലേ മരിച്ചത്? ▮

(​​​​​​​തുടരും)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments