ചിത്രീകരണം: ജാസില ലുലു

വരാൽ മുറിവുകൾ

ഒമ്പത്.

""അതെ കൊച്ചേ വെള്ളത്തീ മൂങ്ങീത്തന്നാണ് മരിച്ചത്. പക്ഷേ അതിനു മുൻപ് നാലഞ്ച് തവണ ചേട്ടൻ വെറച്ച് വീണിട്ടുണ്ട്. ചുഴലി ആയിരുന്നു. നിന്റെ അമ്മച്ചിക്ക് അതറിയത്തില്ല, കൊച്ചന്ന് വയറ്റീ ആയതോണ്ട് അമ്മച്ചിയോട് പറയണ്ടാന്ന് ചേട്ടൻ തന്നെയാന്ന് പറഞ്ഞത്. ഇപ്പോൾ റബറ് വെട്ടാൻ പോവുന്ന ഉശിരൊന്നും അന്ന് ചേട്ടത്തിക്ക് ഇല്ലായിരുന്നു. ചേട്ടൻ എന്നാ പറയുന്നോ അതായിനും ലോകം. രണ്ടു പേരും എന്നാ സ്‌നേഹമായിരുന്നെന്നോ. ആദോം ഹവ്വേം ഇത്ര സ്‌നേഹത്തീ കഴിഞ്ഞോന്നു പോലും സംശയമാന്ന്. ചേട്ടന്റെ ഒരു മൂളല് പോലും എന്നാത്തിനാണെന്ന് ചേട്ടത്തിക്ക് അറിയാമായിരുന്നു. തിരിച്ച് ചേട്ടനും. ഞാൻ ഒരിക്കെ പോലും അവര് തമ്മീ വഴക്കിടുന്നത് കണ്ടിട്ടില്ല. കൊച്ചിന് അറിയാത്ത ഒന്നൂടെ പറഞ്ഞു തരാം. രാവിലെ എഴുന്നേറ്റ് റബറ് വെട്ടാൻ പോവുന്നതിന് മുൻപ് എല്ലാ ദെവസോം കുഞ്ഞിന്റ്‌റെ അച്ഛനെ അടക്കിയ സ്ഥലത്ത് ചെന്നിട്ടല്ലാതെ ചേടത്തി പണി തൊടങ്ങത്തില്ല. അതിപ്പോം ഏത് വെയിലായാലും മഞ്ഞായാലും മഴയായാലും ചെല്ലും, ഉരുളു പൊട്ടലുണ്ടായതിനു ശേഷം നിങ്ങൾ ഇവിടേക്ക് മാറിയെങ്കിലും ആ സ്ഥലം ഇപ്പോഴും ചേട്ടത്തീടെ പേരിൽ തന്നെയാണ്. ആകെ കാടും പടലേമണവിടെ പക്ഷേ ചേടത്തി ദെവസോം അവിടെചെന്ന് ചന്ദത്തിരി കത്തിക്കും. കുത്തനേയുള്ള കുന്ന് കയറി പോവേണ്ട ഞങ്ങളുടെ പഴയ വീട് എന്റെ മുന്നീ വന്ന് നിൽക്കണത് പോലെ തോന്നി. അപ്പോൾ ഞാനൊരു കാഴ്ച കണ്ടു. അവിടത്തെ ഏറ്റേം അറ്റത്തെ കാട്ടുമരുതിന്റെ ചോട്ടീന്ന് അച്ഛനൻ എഴുന്നേറ്റ് പോവുന്നുണ്ടായിരുന്നു, കയ്യിൽ അമ്മച്ചിക്കേറ്റോം ഇഷ്ടമൊള്ള അപ്പോം ആറ്റുമീങ്കറീം ഒണ്ടായിരുന്നു. വീടിന്റെ ഗേറ്റ് വരെ മാലാഖമാരും ചെന്നു. അകത്തേക്ക് കയറാൻ തൊടങ്ങിയ അവരോട് അച്ഛൻ ചിരിച്ചോണ്ട് നിങ്ങളിവിടെ നിക്കെന്ന് പറഞ്ഞു. ഞാനും എന്റെ ഭാര്യയും കൂടെ ഇച്ചരെ വർത്താനം പറഞ്ഞ് വേഗം വരാമെന്ന് പറഞ്ഞ് അകത്തോട്ട് കയറി. അമ്മച്ചിയപ്പോൾ കാല് വേദനിച്ച് എഴുന്നേറ്റ് ഇരിക്കുകയിരുന്നു,. എന്നതാ നെനക്കോരു സങ്കടമെന്നും ചോദിച്ച് അച്ഛൻ കയ്യിലുള്ള പൊതി അഴിച്ച് അമ്മച്ചീടെ മുന്നിൽ വെച്ചു. നീയിത് കഴിച്ചേ കാലുവേദന ഞാനിപ്പോൾ മാറ്റിത്തരാമെന്നും പറഞ്ഞ് അച്ചൻ അമ്മച്ചീടെ കാല് തടവിയിരുന്നു. നമ്മടെ കൊച്ചുങ്ങള് എന്തിയേന്ന് അച്ഛൻ ചോദിച്ചപ്പോൾ എരിവുള്ള മീങ്കറി അമ്മച്ചീടെ നെറുകേൽ കയറി. അവനങ്ങ് നിങ്ങടെ അടുത്തോട്ട് തോക്കും കൊണ്ട് വന്നതാണല്ലോ.? പെണ്ണൊരുത്തി ഉള്ളത് അപ്പുറത്തെങ്ങാൻ കാണും. അമ്മച്ചി അതും പറഞ്ഞ് അപ്പത്തിന്റെ ഒരു കഷ്ണം അച്ഛന്റെ നാവിൽ വെച്ചു കൊടുത്തു.

""എന്നതാ കൊച്ചേ ആലോചിക്കുന്നെ?'

നിലത്ത് കവച്ചിരുന്ന എന്റെ തലേൽ തടവി പാപ്പൻ ചോദിച്ചു. അപ്പോൾ അച്ഛനും മാലഖമാരും തിരികെ പോവുന്നുണ്ടായിരുന്നു. വെള്ളം കുടിച്ച് വീർത്ത അച്ഛന്റെ വയറ് മാലാഖമാര് താങ്ങിപ്പിടിച്ചാണ് നടന്നത്. മീനുകൾ കൊത്തിത്തീർന്ന അച്ഛന്റെ കണ്ണു നിറഞ്ഞത് ഞാൻ മാത്രേ കണ്ടൊള്ളു. മാലാഖമാരെ ഇടേന്ന് അച്ഛൻ എന്നെ കൈകാട്ടി വിളിച്ചു. ഞാൻ ഇതൊക്കെ പാപ്പനോട് പറഞ്ഞപ്പോൾ പാപ്പൻ എന്നോട് ചേട്ടനുണ്ടായിരുന്നാ അവരെ കൂട്ടത്തിലെന്ന് ചോദിച്ചു.ഇല്ലെന്ന് പറഞ്ഞപ്പോൾ പാപ്പന്റെ കണ്ണീന്ന് ഒരു നെയന്ത്രോണോമില്ലാതെ കണ്ണീര് വീണ് എന്റെ തൊട പൊള്ളി. അപ്പൊഴാണ് ഞാനോർത്ത് ഇത്രനേരം ഞാനിങ്ങനെ ഉടുപ്പ് തൊറന്ന് വെച്ചാണ് ഇരുന്നതെന്ന്. ഒന്നും മിണ്ടാതെ പാപ്പനും എന്റെ അടുത്ത് കുന്തിച്ചിരുന്നു. ഞങ്ങള് ഓരോ സിഗററ്റ് കൂടെ കത്തിച്ചു. പാപ്പൻ അവനെ കുറിച്ച് പറയാൻ തൊടങ്ങി.

പട്ടാളക്കാര് കൊണ്ടു വന്ന അവന്റെ മൊഖം നിങ്ങളാരേയും കാണിക്കരുതുന്ന് അവര് മുന്നേ തീരുമാനിച്ചതായിരുന്നു. പക്ഷേ ഞാനവരെ കാല് പിടിച്ച് ഒരു നോട്ടം കണ്ടിരുന്നു. അവനാണോന്ന് പോലും ഒറപ്പില്ലാത്തെ പോലെ മൊഖം, തുന്നിക്കൂട്ടിതാണ്. അവന്റെ വലത്തേ ചൊമലിലുള്ള മറുക് കൊണ്ടാണ് അവനാണതെന്ന് ഒറപ്പാക്കീത്. അവര് കൊറച്ച് പേര് വേറൊരു സ്ഥലത്തോട്ട് ക്യാമ്പ് മാറുന്നതിന് ഇടേലാണ് ബോംബ് പൊട്ടീത്. കുഴിബോംബായതോണ്ട് അവരാരും മരിച്ചത് അറിഞ്ഞിട്ടു പോലുമുണ്ടാവത്തില്ല. അവനിരുന്ന ഭാഗത്ത് തന്നായിരുന്നു ബോംബുണ്ടായിരുന്നത്. ചടങ്ങെല്ലാം കഴിഞ്ഞപ്പോൾ അവനെ നീ കണ്ടായിരുന്നോ എന്ന് ചേട്ടത്തി എന്നോട് ചോദിച്ചിരുന്നു. ഞാനൊന്നും പറയാനാവാതെ തലകുനിച്ചിരുന്നതാണ് അന്ന്. അതിന് ശേഷം ചേട്ടത്തിക്ക് എന്നോട് ദേഷ്യമാണ്. മിണ്ടത്തില്ലാന്ന് മാത്രമല്ല എന്നെ നോക്കത്തു പോലുമില്ല. കൊച്ചിങ്ങനെ വരുന്നതും ഇഷ്ടമല്ലാന്ന് എനിക്കറിയാം. പക്ഷേ കൊച്ചിന്റെ അടുത്ത് വന്ന് ഇരിക്കുമ്പോൾ എനിക്കിച്ചരെ സമാധാനം കിട്ടും. കൊച്ചാ ഉടുപ്പൊന്ന് നേരയാക്കി വെച്ചെ. ഇത് പറയുമ്പോൾ പാപ്പന്റെ നോട്ടം അവനെ ദഹിച്ച സ്ഥലത്തായിരുന്നു. ഞാനപ്പോൾ പാപ്പാനെ കെട്ടിപ്പിടിച്ചു നിന്നു. ഞാനങ്ങനെ ചെയ്യുമെന്ന് തീരെ കരുതാതിരുന്ന പാപ്പൻ ആദ്യമൊന്ന് വെരണ്ടു. എന്നോട് കൊച്ച് മാറി നിന്നെ പറഞ്ഞു. അപ്പോഴെനിക്ക് കൂടുതൽ വാശിയായി. ഞാൻ എന്റെ കാല് ഇച്ചരെ മോളിലേക്ക് വെച്ച് പാപ്പനെ ഇടുപ്പടക്കം പിടിച്ചു. മേലാകെ പാപ്പന്റെ ദേഹത്തോട്ട് ചാരി. ഭ്രാന്തു പിടിച്ചതു പോലെ എവിടെന്നോ ശക്തി വന്നപ്പോൾ പാപ്പനെന്നെ അതിലും ശക്തീൽ തള്ളി മാറ്റി. എനിക്ക് കരച്ചില് വന്നു. ഞാനുച്ചത്തീ കരഞ്ഞു. അത് വരെയുമുണ്ടായ എന്റെ നെയന്ത്രണം മുഴുവൻ പോയി. അവനും പാപ്പനും തമ്മിലുണ്ടായ ബന്ധത്തെ പറ്റി ഞാൻ നിർത്താതെ പറഞ്ഞോണ്ടിരുന്നു. ഷെഡില് വെച്ചും തോടുവരമ്പില് വെച്ചും അവര് ചെയ്ത കാര്യങ്ങൾ മുഴുവൻ എണ്ണിപ്പറഞ്ഞു. പാപ്പൻ ഒന്നും മിണ്ടാതെ എന്റെ മുന്നീൽ തല കുനിച്ച് നിന്നു. പാവം കരയുക ആയിരുന്നു. ഞാനപ്പോൾ പാപ്പന്റെ കാലേൽ വീണ് സോറി പറഞ്ഞു. ഞാനും കരഞ്ഞു. പാപ്പനെന്നെ പതുക്കെ എഴീപ്പിച്ച് കെട്ടിപ്പിടിച്ചു.

ആ നിൽപ്പേൽ തന്നെ ഞങ്ങൾ ഓരോ സിഗററ്റ് വലിച്ചു. കുറേ നേരം കഴിഞ്ഞപ്പോൾ പാപ്പൻ എന്നെ വീട്ടീ കൊണ്ടാക്കി. എനിക്ക് അന്ന് കെടന്നിട്ട് ഒറക്കം വന്നില്ല. കണ്ണടക്കുമ്പോൾ മാലാഖമാരെ കൂട്ടത്തീന്ന് അച്ഛൻ എന്നെ വിളിച്ചോണ്ട് നിൽക്കുക ആയിരൂന്നു. ഞാൻ ഉടുപ്പെല്ലാം അഴിച്ചിട്ടാണ് കെടന്നിരുന്നത്. എന്റെ ദേഹത്താകെ പാപ്പന്റെ മണം ആയിരുന്നു. ഞാൻ എഴീച്ച് ജനൽ തൊറന്നിട്ടു. അതിലെ നോക്കിയാൽ പാപ്പന്റെ ഷെഡ് കാണാൻ പറ്റുമായിരുന്നു. ജാലകത്തിന്റെ പടിയിലേക്ക് ഒരു കാല് കേറ്റിവെച്ചാണ് ഞാൻ നിന്നത്. അങ്ങനെ നിന്നോണ്ട് ഞാൻ സങ്കടം മാറ്റി. എന്നിട്ടും ഒറക്കം വരാത്തോണ്ട് വീണ്ടും വീണ്ടും ചെയ്തു. അവസാനം വേദനിച്ചാണ് നിർത്തീത്. പുലർച്ചെ ആയിരുന്നപ്പോൾ. ഞാൻ കെടന്നപ്പോൾ മാലാഖമാരും അപ്പനും വന്നു. ഇത്തവണ അവരെ കൂട്ടത്തീ അവനും ഉണ്ടായിരുന്നു. അവന്റെ കയ്യേലൊരു തോക്കുണ്ടായിരുന്നു. അവന്റെ മുഖത്തിന്റെ പാതി ഭാഗം മാലാഖമാര് മറച്ച് പിടിച്ചതായിരുന്നു. അവനേം അപ്പനേം ഒന്നിച്ച് കണ്ടപ്പോൾ ഞാൻ അമ്മച്ചിയെ വിളിക്കാനോടി. പക്ഷേ കെടന്നെടുത്തുന്ന് എനിക്ക് അനങ്ങാൻ പറ്റന്നൊണ്ടായിരുന്നില്ല. ഞാൻ ഒച്ചത്തീ അമ്മച്ചീനെ വിളിച്ചു. പക്ഷെ എന്റെ ഒച്ച പോറത്തോട്ട് വന്നില്ല. എന്റെ പരവേശം കണ്ട് മാലാഖമാര് ചിരിച്ചു. അപ്പൻ അപ്പോൾ അവരെ വഴക്ക് പറഞ്ഞു. അവൻ എന്റെ കയ്യേൽ പിടിച്ച് വലിക്കാൻ തൊടങ്ങി. അപ്പനാണേൽ വേം വാ കൊച്ചന്നേന് പറഞ്ഞോണ്ടിരുന്നു. ഞാൻ വയറ്റിലായ സമയത്ത് അപ്പൻ അമ്മച്ചിയോട് എന്നെ പറ്റി പറയുന്നത് അങ്ങനായിരുന്നൂന്ന് അമ്മച്ചി പറഞ്ഞിട്ടുണ്ട്. എനിക്കപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നെറഞ്ഞു. അവരെ അടുത്തേക്ക് ചെല്ലാൻ വേണ്ടി മാത്രം ഞാൻ അമ്മച്ചീടെ ഒരു സാരി എടുത്ത് വന്നു. ഉത്തരത്തിലെ കൊളുത്തിൽ സാരി കുടുക്കാൻ തൊടങ്ങി. ആ നേരത്താണ് നിന്റെ വിളി വന്നത്. നീയന്നേരം വിളിച്ചില്ലേൽ ഞാൻ അപ്പന്റെ അടുത്ത് ചെന്നേനെ. ഇലേ നീ മാലഖമാരുടെ ഒച്ച കേൾക്കുന്നുണ്ടോ.?

""ഞാനൊരു ഒച്ചേം കേക്കണില്ല. ആകെയീ രാത്രീടേം മഴേടേം ഒച്ച മാത്രമേയുള്ളൂ. നീയൊരു പാട്ട് കൂടെ വെക്കോ?'' എനിക്കിപ്പോൾ കിളീനെ കാണാൻ തോന്നുവാന്ന്. ഈ പാളം കടന്ന് ചെന്നാൽ അവന്റെ വീടായി. പക്ഷേ ഈ പാതിരാത്രീൽ നമ്മളെന്തിനാ ഇവിടെ വന്നതെന്ന് പറയേണ്ടി വരും. നമ്മള് മരിച്ച് കെടക്കുന്നത് നാളെ അവനാവും ആദ്യം കാണുന്നെ. എല്ലാ ദെവസോം രാവിലെ അവൻ നമ്മളീ ഇരിക്കൂന്നേന്റെ അപ്പുറത്തൂടെ നടക്കാൻ പോവും. പെുലർച്ചെ നടക്കാൻ പോവുന്നത് അവൻ പറഞ്ഞിട്ടൊണ്ട്''

""ഇലേ.. അപ്പുറത്ത് പാടമല്ലേ?''

""അതേടീ പാടമാണത്. പക്ഷെ ഇപ്പഴാരും കൃഷി ചെയ്യണില്ല. ഒരു നടവഴീം ഒണ്ട്. അതിലെ നേരേ ചെന്നാല് സ്‌കൂൾ ഗ്രൗണ്ടിലെത്തും. ഞാനൊരിക്കെ അവന്റെ കൂടെ വന്നിട്ടൊണ്ട്. അന്ന് ഞങ്ങള് ഇതിലയാ നടന്നത്. പോലിസ് ആവണം എന്നാ അവന്റെ ആഗ്രഹം. അതിന് കഷ്ടപ്പെടുന്നുമുണ്ട്. കാറ്റടിച്ചാ വീണ് പോണ നീയെങ്ങനെ പോലീസാവുമെന്ന് ഞങ്ങള് ഓഫീസീന്ന് കളിയാക്കാറുണ്ട്. അവൻ അപ്പോൾ ചിരിക്കും. എന്നിട്ട് കൊറേ നടക്കുന്നതിന്റയും, ഓടുന്നതിന്റെയും കഥ പറയും. പ്ലസ്റ്റു കഴിഞ്ഞ് പഠിപ്പ് നിർത്തീതാന്ന് അവൻ. അമ്മച്ചിക്ക് വയ്യാത്തോണ്ട് ഇനി പഠിക്കുന്നില്ലാന്ന് തീരുമാനിച്ചു എന്നാണ് എന്നോട് പറഞ്ഞത്.അച്ഛനെക്കുറിച്ചെ് എന്തെങ്കിലും ചോദിച്ചാൽ അവൻ പിന്നെ രണ്ട് ദിവസത്തേക്ക് അടുത്തോട്ട് പോലും വരത്തില്ല. അവനെന്തോ സങ്കടമായിരുന്നത്. ചെലര് പിന്നേം പിന്നേയുമത് ചോദിക്കും. എനിക്കെന്തോ അവനോട് അങ്ങിനെ ചോദിക്കാൻ തോന്നത്തില്ല. അവനോട് എന്നെല്ലാ ആരോടും. മറ്റുള്ളോരെ രഹസ്യങ്ങളൾ ചൂന്നെടുക്കുന്നത് നല്ല സ്വഭാവമല്ലെന്ന് അപ്പൻ എപ്പോഴും പറയാറുണ്ടായിരുന്നു. അവർക്ക് എന്തോ വെഷമം ഒള്ളതോണ്ടല്ലേ ആരോടും അതവര് പറയാത്തത്''

""എടീ നീയെന്നതാ എന്റെ ദേഹത്ത് തെരയുന്നത്, എനിക്കാകെ ഇക്കിളിയാവുന്നുണ്ട്''

""ഓ. ഞാനൊന്നും തെരഞ്ഞതല്ല ഇലേ നെന്നയിങ്ങനെ അമർത്തിപ്പിടിച്ചതാണ്. ഇത്രേം മഴ നനഞ്ഞിട്ടും എന്തൊരു ചൂടാന്ന് ദേഹത്തിന്''

""എടീ ഉള്ളിങ്ങനെ പൊള്ളുന്നോണ്ടാവുമത്. പക്ഷേ നീയിങ്ങനെ തൊടുമ്പോൾ എനിക്കിച്ചരെ സമാധാനം തോന്നണുണ്ട്. ഒരിക്കെ മാത്രം കിളിയെന്നെ തൊട്ടിരുന്നു. അവന്റെ വീട്ടി വെച്ച്. ഞങ്ങളീ വഴി പോയെന്ന് പറഞ്ഞില്ലെ; അന്ന് തന്നെയായിരുന്നത്. പക്ഷേ ഞാൻ അന്ന് അവന്റെ ഇഷ്ടത്തിന് നിന്നു കൊടുത്തതാണ്. എനിക്ക് അവനേം ഇഷ്ടമായിരുന്നു. ഇഷ്ടോന്ന് വെച്ചാൽ പ്രേമം തന്നെയായിരുന്നു. ജീവിതത്തി മറ്റൊരു ആണും എനിക്ക് അതുവരെ അത്രയും സ്‌നോഹം പരിഗണേം തന്നിരുന്നില്ല. പക്ഷെ അവൻ എന്നെ എപ്പോഴും സ്‌നേഹിക്കാണെന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചതായിരുന്ന്''

പത്ത്.

""എന്നു പറഞ്ഞാ, കിളിക്ക് ഇലേനെ ഇഷ്ടമല്ലായിനോ.?''

""ഇല്ലെടീ. അവന്റെ ഭാഷയിൽ പറഞ്ഞാൽ ''ഒരുത്തീനെക്കൂടെ കളിച്ചു'' അന്ന് എന്റെ ഭാഗ്യത്തിന് അവന്റെ തള്ള പെട്ടന്ന് വന്നത് നന്നായി. അവരെ കാണാനുള്ള എന്റെ കൊതിയാന്ന് അന്ന് തീർന്നത്. അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. ഹോസ്റ്റലീന്ന് ഇറങ്ങുമ്പോൾ തലെദിവസം പറഞ്ഞതു പ്രകാരം ഞാൻ അവനെ വിളിച്ചതാണ്. അവൻ അപ്പോൾ തന്നെ ബൈക്കും എടുത്ത് ബസ്റ്റോപ്പീ വന്നു. നീലേം കറുപ്പുമുള്ള ഒരു ചുരിദാറും ലെഗ്ഗിൻസും ഇട്ടാണ് ഞാൻ അന്ന് ഇറങ്ങീത്. അത് ഇടുമ്പോഴൊക്കെ അവൻ എന്റെ അടുത്ത് വന്ന് നല്ല ഭംഗീണ്ടെന്ന് പറയുമായിരുന്നു. എനിക്കെന്തോ അന്നത് തന്നെ ഇടാൻ തോന്നി. തലേ ദെവസം ചെന്ന് പുരികം പ്ലക്ക് ചെയ്യേം ചെയ്തിരുന്ന്. എന്നാത്തിനാണ് അതൊക്കെ ചെയ്തതെന്ന് ചോദിച്ചാൽ എനിക്കറിയത്തില്ല. പക്ഷേ ഹോസ്റ്റലീന്ന് ഇറങ്ങി അവനെ കാണുന്നത് വരെ നെഞ്ചീന്നൊരു പെടച്ചിലായിരുന്ന്. അവന്റ ബൈക്കി കയറിയപ്പോൾ ഈ ലോകം കീഴടക്കീത് പോലെ. ഞാനവനോട് ഒട്ടിയിരുന്നു. അവനാണേൽ വാ പൂട്ടാതെ സംസാരിച്ചോണ്ടാണ് ബൈക്കോടിച്ചത്. ഞാൻ എപ്പോഴും ബസിൽ പോവുന്ന വഴി ആയിട്ട് പോലും എനിക്ക് അതൊക്കൊ പുതിയ സ്ഥലമായി തോന്നി. നമ്മള് സ്‌നേഹത്തീ പെട്ടു പോയാൽ കാണുന്നതില് എല്ലാത്തിനും ഒരു പുതുമ തോന്നുമെന്ന് അന്നാണ് മനസിലായത്. പക്ഷേ അതൊക്കെ നമ്മൾ പെണ്ണുങ്ങളെ മാത്രം തോന്നലാണ് എന്ന് പിന്നെയാണ് അറിഞ്ഞത്. അവനെ ഞാൻ കുറ്റപ്പെടുത്തില്ല. എന്റെ മാത്രം ഇഷ്ടത്തിന് ആണല്ലോ ഞാൻ പോയത്.

അവന്റെ രീതിയിൽ പറയുവാണേൽ പൊലയത്തീടെ കഴപ്പായിരുന്നത്! സ്‌കൂൾ ഗ്രൗണ്ടിൽ ബൈക്ക് വെച്ച് ദേ ഇക്കാണുന്ന പാടത്തൂടെയാണ് ഞങ്ങൾ അന്ന് നടന്നു പോയത്. അതിനെടേൽ അവന്റെ കൂട്ടുകാരെ കണ്ടിരുന്ന്. അവരോടൊക്കെ അവൻ പറഞ്ഞത് കമ്പനീലെ ചേച്ചിയാണെന്നാ. എന്തോ എനിക്കത് കേട്ടപ്പോൾ നൊന്ത്. ഞാനത് കിളിയോട് പറയേം ചെയ്തു. അവൻ അപ്പോൾ എന്റെ ഇടുപ്പിൽക്കൂടേ നീയിപ്പോൾ പിടിച്ചിരിക്കുന്നത് പോലെ പിടിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു.

""അവമ്മാര് ചുമ്മ കഴപ്പ് കാണിക്കുന്നതാന്ന്; സ്‌നേഹം എന്താന്ന് അവമ്മാർക്കറിയത്തില്ല. അതോണ്ടാണ് ഞാനങ്ങനെ പറഞ്ഞത്. അതുമല്ല നാളെ അവന്മാരെ മുന്നീക്കൂടെ നമ്മള് അന്തസായി നടക്കുമെന്നെ''

അതൂടേ കേട്ടതും ഞാൻ അവന്റെ കയ്യേൽ മുറുകെ പിടിച്ചു. അവൻ അപ്പോൾ എന്റെ നെഞ്ചിൽ അറിയാത്തെ പോലെ മൊഖമൊരച്ച്. ഹോ ഞാനപ്പോഴങ്ങ് മുല്ല പൂത്തപോലെ പൂത്ത്.

നീ പറഞ്ഞ പോലെ അടവയറ്റീന്ന് ഒരു കൊള്ളിയാൻ മിന്നി. അതങ്ങിനെ മോളിലോട്ടും താഴോട്ടും ഓടിക്കളിച്ച്. എടീ, ഞാൻ അത്രേം സന്തോഷിച്ച സമയം പിന്നൊരിക്കലും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടേയില്ല. അന്ന് ഞങ്ങൾ ഈ പാളം മുറിച്ചു കടന്നു കഴിഞ്ഞ ഒടനെ ഒരു തീവണ്ടി പോയിരുന്നു. ഈ പൊന്തേനെ പിടിച്ച് കുലുക്കിയിരുന്നത്. ഇതിനപ്പുറമുള്ള റോഡും ബസ്റ്റോപ്പും കഴിഞ്ഞാണ് അവന്റെ വീട് എത്തിയത്. പണി മുഴുവൻ കഴിയാത്ത ഒരു വാർക്ക വീടായിരുന്നത്. വീട്ടിനുള്ളിലേക്ക് കയറുന്നിടുത്ത് തന്നെ ശ്രീകൃഷ്ണന്റെ വലിയൊരു പ്രതിമയൊണ്ടായിരുന്ന്.

ഇലെ, സ്വന്തം വീട് തന്നാണിത്. അകത്തോട്ട് കയറിക്കോന്നും പറഞ്ഞ് അവൻ എന്റെ കൈയ് പിടിച്ചു. അകത്തു കയറിയ ഒടനെ അമ്മച്ചി എവിടെ ആണന്ന് ചോദിച്ച് ഞാനവിടെ അവരെ തിരഞ്ഞ് നടന്നു.

അവൻ അപ്പോഴാന്ന് പറഞ്ഞത് പതിനൊന്നരേന്റെ ബസിന് ആശുപത്രീൽ പോയതാന്ന്. അവൻ അടുക്കളേൽ കയറി ഞങ്ങക്ക് രണ്ടാൾക്കും ഉള്ള കാപ്പിക്ക് വെള്ളം വെച്ചു. ഞാൻ അടുത്ത് തന്നെ നിന്നു. വെള്ളം തിളക്കാൻ സമയം എടുക്കും എന്നു പറഞ്ഞ് അവൻ എന്നെ വേറെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. അടച്ചിട്ട വാതില് തൊറന്നപ്പോൾ ഞാൻ അറിയാതെ മൂക്ക് പൊത്തിപ്പോയി. ചർദ്ധില് വരുന്നൊരു മണമായിരുന്നത്.

""അച്ഛനാണ്'' മുറിയിലെ മുന്നിലെ കട്ടിലേൽ ചുരുണ്ട് കെടക്കുന്നത് മനുഷ്യനാണോന്ന് പോലും സംയശമായിരുന്ന്. അത്രേം വികൃതമായിരുന്നു അയാളുടെ രൂപം.. അവൻ അയാളെ പതുക്കെ മാറ്റിക്കെടത്തി. അത്ര നേരോം കെടന്ന ഭാഗത്തൂന്ന് ഒരു ജാതി മഞ്ഞപ്പുഴുക്കള് അരിച്ച് കളിക്കുന്നണ്ടായിരുന്ന്. അതു കണ്ടു നിന്ന് എനിക്ക് ചർദ്ദിക്കാൻ തോന്നി. അവൻ അതൊക്കെ ഡെറ്റോള് മുക്കി തൊടച്ചു. ഡെറ്റോള് തട്ടിയപ്പോൾ അയാൾ എന്തോ ഒച്ചയൊണ്ടാക്കി. അവൻ അപ്പോൾ അയാളെ തെറി പറഞ്ഞു. അത് കേട്ട അയാള് പിന്നെയൊന്നും മിണ്ടിയില്ല. എനിക്കെന്തോ സങ്കടം വന്നു അപ്പോൾ, അയാൾ എന്നെ തന്നെ നോക്കിയിരുന്നു, അതു കണ്ടപ്പോൾ അവൻ എന്നോട് പുറത്തിറങ്ങി നിന്നോന്ന് പറഞ്ഞു. ആ മുറിയിലെ മണം സഹിക്കാൻ കഴിയാത്ത വിമ്മിഷ്ടം എനിക്കുണ്ടായിരുന്നു. അപ്പോഴും അയാളെ കണ്ണ് നെറഞ്ഞ് ചാടിക്കൊണ്ടിരുന്ന്.

""തെങ്ങേന്ന് വീണതാന്ന്. നട്ടെല്ല് പൊട്ടി കെടപ്പിലായതാണ് കെളവൻ. കൊറേക്കാലം സർക്കാറാശുപത്രീൽ ആയിരുന്ന്. കെളവൻ അവിടെ കെടന്ന് ഒച്ചയെടുത്തപ്പോൾ അവര് പറഞ്ഞ് വിട്ട്. ഒരേ കെടപ്പായതോണ്ടാണ് ഇങ്ങനെ പൊട്ടിപ്പഴുത്ത് പുഴു വെച്ചത്. ആഴ്‌ചേലൊരു ദെവസം ഞാനിങ്ങനെ ക്ലീൻ ചെയ്യും. അല്ലേൽ ഈ പ്രദേശം മൊത്തം നാറ്റമായിരിക്കും. ഒന്നും രണ്ടുമൊക്കെ ഇതിനുള്ളീൽ തന്നെയാന്ന്. ദെവസോം തൂറാതിരിക്കാൻ രണ്ട് ദെവസം കൂടുമ്പഴേ ആഹാരം കൊടുക്കാറുള്ളൂ.''

ആ മുറീന്നെറങ്ങി പൊറത്തെ പൈപ്പേന്ന് സോപ്പിട്ട് കൈകഴുകുമ്പോ ആയിരുന്നു കിളിയത് പറഞ്ഞത്. അയാളേ കാണുകയും, അവൻ പറഞ്ഞത് കേൾക്കുകയും ചെയ്തപ്പോൾ അവിടെ പോവേണ്ടായിരുന്നു എന്നു തോന്നി. കണ്ണ് നെറഞ്ഞത് അവൻ കാണാതിരിക്കാൻ ഞാൻ പുറത്തേക്ക് നോക്കിയാ നിന്നെ. തിരിച്ച് പോവാൻ ഞാൻ തിരക്കാക്കി. അപ്പോൾ അവൻ എന്നെ ചേർത്ത് പിടിച്ച് കരഞ്ഞ്. കരഞ്ഞോണ്ടു തന്നെ എന്റെ കഴുത്തേലും മുഖത്തും ഉമ്മ വെച്ച്. എനിക്ക് അപ്പോൾ അവനോട് പിന്നേം ഇഷ്ടമായി. പാവം തോന്നി. അവൻ എന്നെ അടുക്കളയിലെ ഒരു കസേരേലിരുത്തി പിന്നീന്ന് കെട്ടിപ്പിടിച്ചു. അവന്റെ വിരലുകൾ അപ്പോൾ ഉറുമ്പരിക്കും പോലെ എന്റെ മേലാകെ പരതി നടന്ന്.. അപ്പോഴാണ് കിളീടെ അമ്മ കയറി വരുന്ന ശബ്ദം കേട്ടത്. ഞാനാകെ നാണിച്ചു, പേടിക്കേം ചെയ്തു. അവരെന്തേലും കണ്ട് കാണോന്ന് കരുതി. ഭാഗ്യത്തിന് അവരൊന്നും കണ്ടിട്ടില്ലായിരുന്നു.

കമ്പനീല് കൂടെ ജോലി ചെയ്യുന്ന ആളാണ്. ഇവിടെ അടുത്തുള്ള കൂട്ടുകാരിയെ കാണാൻ പോയപ്പോൾ കയറീതാ. അവനെന്നെ അവർക്ക് ഇങ്ങനേയാ പരിചയപ്പെടുത്തീത്. അവര് എന്നെ നോക്കി ചിരിച്ച്. ആശുപത്രീലെ തിരക്കു കാരണം ഡോക്ടറെ കാണാതെ തിരിച്ച് വന്നതാണെന്നു പറഞ്ഞു. അവര് കാപ്പി കുടിക്കാൻ നിർബന്ധിപ്പിച്ചു. ഞാനും അവനും പുറത്തൂന്ന് കുടിക്കാന്ന് പറഞ്ഞ് ഇറങ്ങി. ഈ വരമ്പേ കൂടെ തന്നെ തിരിച്ച് ബൈക്ക് വെച്ച ഗ്രൗണ്ടിലോട്ട് നടന്നു. നടക്കുമ്പോൾ അവനെന്നെ ചേർത്ത് പിടിച്ചിരുന്നു, അവനപ്പോഴും സംസാരിച്ചോണ്ടിരുന്ന്.

എന്റെ കണ്ണും മൊലേം ഒക്കെ ഭംഗിയാണെന്നാണ് അവൻ പറഞ്ഞത്. ആ സമയത്ത് അത് കേൾക്കുമ്പേൾ എനിക്കെന്തോ സന്തോഷമായിരുന്ന്. ബൈക്കിൽ കയറി ഹോസ്റ്റലിലോട്ട് വരുമ്പോൾ അടുത്ത ആഴ്‌ചേല് രാവിലത്തെ ബസീ ആലപ്പുഴ പോയാലോന്ന് അവൻ ചോദിച്ചു. പോവാം എന്ന് ഞാനും പറഞ്ഞു. ഹോസ്റ്റലിനടൂത്ത് എത്തിയപ്പോൾ എനിക്ക് ബൈക്കേന്ന് എറങ്ങാൻ തോന്നിയില്ല. അവന്റെ കൂടെ ഇനീം കുറെ സമയം നിൽക്കാൻ തോന്നി. അന്ന് രാത്രി മുഴുവൻ ഞാൻ ഞങ്ങൾ ആലപ്പുഴയിൽ പോവുന്നത് സ്വപ്നം കണ്ടു. തിങ്കളാഴ്ച കമ്പനീൽ എത്താൻ അന്നു വരെ തോന്നാത്ത തിരക്ക് ആയിരുന്നു എനിക്ക്. ബസ് കയറുമ്പോൾ ഞാനവനെ വിളിച്ചിരുന്നു. ബൈക്കേലാണെന് പറഞ്ഞ് ഫോണ് വെച്ചു. പക്ഷേ കമ്പനീൽ അവനന്ന് വന്നില്ല. ലീവാണെന്ന് വിളിച്ചു പറഞ്ഞുന്ന് അറിഞ്ഞു. അന്ന് വേറൊരു കൊച്ചും ലീവായിരുന്നു. എനിക്കന്ന് വല്ലാതെ തലവേദന വന്നു. അവനെ കാണാഞ്ഞിട്ട് വല്ലാതായി. രണ്ട് മൂന്ന് തവണ ഫോണിലേക്ക് വിളിച്ച് നോക്കി. ഫോണെടുത്തില്ല. വൈകിട്ട് കമ്പനീന്ന് ഹോസ്റ്റലിലോട്ട് നടക്കുമ്പോ അവൻ തിരിച്ച് വിളിച്ചു. ഫോണെടുത്ത ഒടനെ അവൻ സോറി പറഞ്ഞു.

അച്ഛനേം കൊണ്ട് ആശുപത്രിലാണെന്നും പെട്ടന്ന് വയ്യാതാതായതാണെന്ന് പറഞ്ഞു. ഞാനെന്തോ സംസാരിക്കാൻ തൊടങ്ങുമ്പോൾ അവൻ ഫോണ് വെച്ചു. തിരക്കാണ് പിന്നെ വിളിക്കാന്ന് പോലും പറഞ്ഞില്ല. പിറ്റെ ദെവസോം അവൻ വന്നില്ല. വിളിച്ചപ്പോൾ ഫോണ് ഓഫായിരുന്നു. കമ്പനീൽ അന്നു നല്ല തിരക്കായതോണ്ട് ഉച്ചവരെ ഞാൻ ഒന്നും ഓർത്തില്ല. ചോറുണ്ണാൻ പോയപ്പോൾ അവന്റെ ഒരു കൂട്ടുകാരൻ എന്റെടുത്ത് വന്നിരുന്നു.

അവനും കമ്പനീലെ ജോലിക്കാരനാണ്. ചോറുണ്ണന്നതിന് ഇടയിൽ അവൻ എന്നോട് ""എനിക്കെന്നാ ഒരു കളി തരാന്ന്'' ചോദിച്ചു. ഞാൻ ആദ്യം അതു കേൾക്കാത്തെ പോലെ ഇരുന്നു. അപ്പോൾ അവൻ ""നീ കിളിക്ക് മാത്രമെ കൊടുക്കത്തുള്ളോന്ന്'' ചോദിച്ചു, എനിക്കപ്പോൾ ദേഷ്യമെരച്ച് കയറി. ചോറ്റുപാത്രം അവന്റെ മുഖത്തേക്കെറിഞ്ഞു. എന്നിട്ടും മതിയാവാഞ്ഞിട്ട് ഞാനവനെ പൂണ്ടച്ചി മോനേന്ന് വിളിച്ച് കോളറിന് പിടിച്ചു. എല്ലാവരും ഓടിവന്ന് എന്നെ പിടിച്ച് മാറ്റി.

""പെണ്ണായാൽ ഇച്ചരെ അടക്കോം ഒതുക്കോം വേണം.'' കമ്പനീലെ കൂടെ ജോലി ചെയ്യുന്ന ചേച്ചിമാര് എന്നെ വഴക്ക് പറഞ്ഞു. അതിനെടേൽ ""പൊലയത്തി അവക്കടെ തനി സ്വഭാവം കാണിച്ചെന്ന്'' അതിലാരോ പറയുന്നുണ്ടായിരുന്നു. അന്ന് അവിടെ ആകെ പ്രശ്‌നമായി. അവന്റെ കൂട്ടുകാരൻ ഞാൻ കിളീന്റെ വീട്ടിൽ പോയത് എല്ലാവരോടും പറഞ്ഞു. അതുവെച്ച് അവരെല്ലാം വേറെ പലതും പറഞ്ഞു പരത്തി. അതിനിടയിലാണ് ഞാൻ ആകെ തളർന്നു പോയ വേറൊരു കാര്യമറിഞ്ഞത്. അച്ഛനേം കൊണ്ട് ആശുപത്രീലാണെന്ന് പറഞ്ഞ കിളീം കമ്പനീലെ വേറൊരു പെണ്ണിനേം ഏതോ ലോഡ്ജീന്ന് പോലീസ് പിടിച്ചെന്ന്. ഒറ്റ ദിവസം കൊണ്ട് കിളീന്റെ സകല ചരിത്രോം ഞാനറിഞ്ഞു. അവൻ പലരേം വിളിച്ച് വീട്ടീലേക്ക് കൊണ്ട് പോയിട്ടുണ്ടെന്ന്. എനിക്കപ്പോൾ എന്റെ മേലാകെ പുഴുവരിക്കുന്നത് പോലെ തോന്നി. ഒരാഴ്ച ലീവെടുത്തെ് വീട്ടി പോയി. കിളിനേം ആ പെണ്ണിനേം കമ്പനീന്ന് ഒഴിവാക്കേം ചെയ്തു.

""നീയെന്തിനാടീ കിതക്കുന്നെ?''

ഒന്നുമില്ല ഇലേ,. എനിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല. അതാണ്. കൊറേ സമയം ഞാൻ പിടിച്ച് വെച്ച്. പറ്റിയില്ല. പിന്നയീ ഇരുട്ടും മഴേം ആയതോണ്ട് നിനക്ക് പോലും മനസിലാവത്തില്ലെന്നാ ഞാൻ കരുതീത്. പക്ഷേ ഞാനിങ്ങനെ കെതച്ച് പോവുന്നത് ഓർമ്മയില്ലായിരുന്ന്. നെനക്കെന്നോട് കെറുവൊന്നും തോന്നരുത്. നെയന്ത്രിക്കാൻ പറ്റാതയാപ്പൊഴാ...''

""സാരമില്ലെടീ. നീയെന്നാത്തിണ് ടെൻഷനാവുന്നെ. എനിക്കോരു കുഴപ്പോം ഇല്ല. നെന്റെയീ കിതപ്പ് കണ്ടപ്പോൾ ഞാൻ പേടിച്ച്. ഇനി വല്ല അസുഖോ മറ്റാേ ആണെന്ന്.''

""അതൊന്നുമല്ല ഇലേ. സങ്കടം സഹിക്കാതവുമ്പോൾ എനിക്കിതേ പറ്റത്തൊള്ളൂ. ചെയ്യുന്നത് തെറ്റാണോ ശരിയാണോന്നൊന്നും അറിയത്തില്ല. പക്ഷെ സ്വയം ചെയ്യുമ്പോൾ ടെൻഷൻ കുറയാറുണ്ട്. ഞാനൊരു ചീത്തപ്പെണ്ണാണെന്ന് തോന്നിയൊ നിനക്ക്?''

""ചീത്തേം നന്മയുമൊക്കെ നമ്മള് തന്നാണ് തീരുമാനിക്കുന്നത്. നീ നിന്റെ ശരീരത്തെ അറിയുന്നത് തെറ്റൊന്നുമല്ല. നീയെന്താ ഓർക്കുന്നെ?'' ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments