""അന്നു രാത്രി ശിശിരയുടെ കെട്ടിയോൻ എന്നെ വിളിച്ചത് ആലോചിച്ചതാണ്. രാത്രി ഒമ്പതുമണി ആയപ്പോയാന്ന് ശിശിരേടെ ഫോണിന്ന് കോൾ വന്നത്. കെട്ടിയോൻ വിളിക്കുമെന്ന് അവൾ പറഞ്ഞ് ഞാൻ മറന്ന് പോയിരുന്നു. ഫോണെടുത്തപ്പോൾ അയാളെ ശബ്ദം കേട്ടപ്പോൾ ഞാനൊന്ന് പേടിച്ചിരുന്നു. അവളുടെ നമ്പർ തന്നെയാണേന്ന് ഒന്നൂടെ നോക്കി ഒറപ്പിച്ചു. അയാൾ എന്റെ പേര് വിളിച്ചാന്ന് സംസാരിച്ചത്. ശിശിരേനെ കുറിച്ച് പറയുമ്പോഴെല്ലാം അയാളെ നാവീന്ന് തേനുറ്റുനുണ്ടായിരുന്ന്. കോളേജ് ലൈഫിനെ പറ്റിയും, ഞങ്ങളെ ഫ്രണ്ട്ഷിപ്പിനെ പറ്റിയും അയാൾ ചോദിച്ചു. എന്റെ പഠിത്തത്തെപ്പറ്റിയും, അമ്മച്ചീനെ കുറിച്ചും അയാളോട് ശിശിര പറഞ്ഞുന്ന് പറഞ്ഞു. പിന്നെ അയാൾ കെട്ടിനെ കുറിച്ചായി ചോദ്യം. സമയമായില്ലെന്ന് പറഞ്ഞ് ഞാനൊഴിഞ്ഞ് മാറി. അപ്പോൾ അയാളൊരു വഷളൻ ചിരി ചിരിച്ചു. കെട്ടു കഴിഞ്ഞാല് കൊച്ചിന് മനസിലാവത്തുള്ളൂ. ഇവിടെ ഞങ്ങളോരോ രാത്രീലും ആഘോഷിക്കണ്. അതിന്റെ സുഖം ശിശിര പറഞ്ഞു കാണുവല്ലോ.? ഇനിയവള് പറഞ്ഞില്ലേൽ സീനത്തിനോട് ചോദിക്കണം. കല്യാണം കഴിഞ്ഞതിന് ശേഷം അവര് രണ്ടാളും ഇത്രേം മെച്ചായത് എങ്ങനാണെന്ന്.'' തെരക്കാണെന്നും പറഞ്ഞ് ഞാൻ ഫോൺ വെച്ച്. ""ഈ പെണ്ണ് കൊള്ളാമല്ലോ'' അതിനെടേൽ ശിശിരേനോട് അയാള് പറയുന്നതും. ""അവള് കേൾക്കും'' എന്ന് ശിശിര പറയുന്നുമുണ്ടായിരൂന്നു.
ഫോൺ വെച്ചപ്പോൾ ഞങ്ങളെ പഴയ കാലം ഞാനോർത്തു. ഞങ്ങൾ ഒരുമിച്ചായിരുന്നു പോവേം വരേം ചെയ്തിരുന്നെ. കൂട്ടത്തീ ഇച്ചരെ കൂടെ കാണാൻ ഭംഗി സീനത്തായിരൂന്നു. പറയത്തക്ക പ്രണയമൊന്നും ഞങ്ങക്ക് ആരോടും തോന്നീട്ടില്ല. സ്ഥിരമായി കയറുന്ന പ്രൈവറ്റ് ബസേലെ ഡ്രെവറ് ചേട്ടനോട് ഒരു ചിരി. കോളേജിന് അടുത്തൊള്ള ഫോട്ടോസ്റ്റാറ്റ് കടേലെ ആളോടുള്ള ഇച്ചരെ പഞ്ചാര വർത്താനം. പിന്നെ എല്ലാ പെമ്പിള്ളേരേ പോലേയും നിവിൻ പോളീനോടുള്ള ഇഷ്ടം. കൂടെപ്പഠിക്കുന്ന പയ്യന്മാരുമായി കോട്ടയം സ്റ്റാന്റിലൂടുള്ള കറക്കോം, മാസത്തീ ഒരു സിനിമകാണലും ഒക്കെ ആയിരുന്നത്. അതിനെടാലാണ് അവളുമ്മാരുടെ കല്യാണം. അതൊല്ലാം ഓർത്തിരുന്ന് എനിക്ക് സീനത്തിനോട് സംസാരിക്കാതെ വയ്യെന്നായി. ഞാനവളെ ഫോൺ വിളിച്ചു. രണ്ടാമത്തെ റിംഗേൽ തന്നെ അവള് ഫോണെടുത്തു.
""എന്നതാടീ പാതിരാക്ക് നിന്റെ കല്യാണം റെഡി ആയോ''
ഞാനെന്തേലും പറയുന്നേന് മുന്നെ അവളിങ്ങോട്ട് കയറി മിണ്ടി. പണ്ടേ അവളങ്ങനാണ്. അതൊന്നുമല്ലേടീ നിന്നോട് മിണ്ടാൻ തോന്നി വിളിച്ചതാണെന്ന് പറഞ്ഞപ്പോൾ രാവിലെ വീട്ടിലോട്ട് ചെല്ലാൻ പറഞ്ഞു. രണ്ട് ദിവസായി അവള് കൊല്ലത്തൂന്ന് സ്വന്തം വീട്ടീ വന്നിട്ടുണ്ടെന്ന് പറഞ്ഞു. രാവിലെ അവളെ അടുത്തേക്ക് ചെല്ലാമെന്ന് പറഞ്ഞു. പാപ്പനന്ന് ദൂരെ എവിടെയോ പോയതായിരുന്ന്. പിറ്റേ ദിവസമെ വരത്തുള്ളൂന്ന് എന്നോട് പറഞ്ഞിട്ടാണ് പോയത്. എന്നിട്ടും എനിക്കെന്തോ ഉറക്കം വന്നില്ല. ഉറക്കം വരുവോളം പാട്ടുകേട്ട് കിടന്നു. പാതിരക്കോഴി കൂവിയ ഏതോ നേരത്താണ് ഞാനുങ്ങീത്. പാട്ട് ഓഫ് ചെയ്യാൻ മറന്നതോണ്ട് ഫോണേലെ ചാർജ് മുഴുവൻ തീർന്ന് പോയിരുന്നത് അറിഞ്ഞതുമില്ല.
അമ്മച്ചി എഴുന്നേറ്റ സമയം തന്നെ ഞാനും എഴുന്നേറ്റു. കാപ്പി കുടിച്ചോണ്ട് ഇരിക്കുമ്പോൾ സീനത്തിന്റെ വീട്ടീ പോവുന്നത് അമ്മച്ചിയോട് സൂചിപ്പിച്ചു. അമ്മച്ചിക്ക് കൊഴപ്പമൊന്നും ഇല്ലായിരുന്നു.
""അവര് രണ്ടു പേരുടേം കെട്ട് കഴിഞ്ഞ്. നീയെന്നാ മഠത്തീച്ചേരാനാണോ ഉദ്ദേശം.''
അമ്മച്ചിയെന്നെ കെട്ടിന്റെ കാര്യം എപ്പോഴും ഇങ്ങനാണ് ഓർമ്മപ്പെടുത്തുക. പട്ടാളത്തീന്ന് അവൻ ഒണ്ടാക്കിയ കാശ് ബാങ്കിലൊണ്ട്. സ്വർണ്ണത്തിനും രണ്ട് ദെവസത്തെ കല്യാണത്തിന്റെ ചെലവിനും അത് തെകയും. നീയൊന്ന് സമ്മതിക്കേണ്ട കാര്യമേയൊള്ളൂ. ഇനിയതല്ല വല്ല ചുറ്റിക്കളീം ഉണ്ടേല് പറഞ്ഞോളണം. നമ്മുടെ ജാതി തന്നാണേൽ നമ്മുക്കാലോചിക്കാം. വേറെ വല്ലോരും ആയിട്ടാണേല് എന്റെ കൊച്ച് അതങ്ങ് നിർത്തിയേര്. റബറ് കത്തിക്ക് അരിഞ്ഞിട്ടേക്കും. എന്നത്തേയും പേലെ അമ്മച്ചി അന്നും കരഞ്ഞോണ്ടാണ് പണിക്ക് പോയത്. രാവിലെ തന്നെ ഞാൻ അലക്കലും കുളീം ഒക്കെ തീർത്തു.
എട്ടര ആയപ്പോൾ സീനത്തിന്റെ വീട്ടിലോട്ട് നടന്നു. പത്ത് മിനിറ്റ് നടക്കാനൊണ്ട്. നടക്കുമ്പോൾ പാപ്പനെക്കുറിച്ച് ആലോചിച്ചു. അവിടെ ഒണ്ടായിരുന്നേൽ ബൈക്കേൽ കൊണ്ടാക്കിയേനെ. ഞാനവളെ വീട്ടിലെത്തുമ്പോൾ അവൾ എഴുന്നേറ്റില്ലായിരുന്നു.
‘‘കുഞ്ഞ് കേറിയവളെ വിളിച്ചേര്. ഇവ്‌ടെ വന്നാൽ പിന്നെ പത്തുമണിയാന്ന് അവളെ പുലർച്ച''
അവളുടെ അത്തച്ചി അതും പറഞ്ഞ് പശൂന്ന് തീറ്റയെടുത്ത് നടന്നു. ഞാൻ മുറിയേൽ ചെല്ലുമ്പോൾ അവള് ഒറക്കത്തിൽ ആയിരുന്നു. ഫാൻ ഓഫ് ചെയ്ത് അവളെ തട്ടി വിളിച്ചു.
""എന്നതാടീ നെനക്കോന്നും ഒറക്കോം ഇല്ലേ?''
കെടന്ന കെടപ്പീ ഒന്നൂടെ പുതച്ചോണ്ട് അവൾ എന്നെ കളിയാക്കി.
‘‘ഇല്ലെടീ കെട്ടിയോന്റെ വീട്ടീന്ന് സ്വന്തം വീട്ടിൽ വന്നതിന്റെ അഹങ്കാരമല്ലേ നീയീ കാണിക്കുന്ന?'''
""ഓഹ്. അങ്ങനാണേൽ അങ്ങനെ. നീയിവിടെ ഇരിക്ക്. ഒരഞ്ച് മിനിറ്റ് കൊണ്ട് ഫ്രഷായി വരാമെന്നും പറഞ്ഞവൾ എഴുന്നേറ്റു. അവള് പുറത്തോട്ട് പോയപ്പോൾ ഞാനാ മുറിയാകെ നോക്കി. അവളും കെട്ടിയോൻ നൗഷാദും ഒന്നിച്ചൊള്ള ഫോട്ടോ ഫ്രൈം ചെയ്ത് ഭിത്തിയേൽ വെച്ചിരിക്കുന്നു. കട്ടിലിനോട് ചേർന്ന ചെറിയ മേശ മേൽ താലിച്ചെയ്ൻ അഴിച്ച് വെച്ചിട്ടുണ്ട്. കട്ടിയുള്ള ആ ചെയിന്റെ ലോക്കറ്റേൽ അവന്റെ പേര് എഴുതീരുന്നു. അതു കണ്ടപ്പോൾ ചിരി വന്നു. അപ്പോഴാണ് അവള് മുറീലേക്ക് കയറി വന്നത്. രണ്ട് കപ്പ് ഹോർലിക്‌സ് കലക്കീത് കൊണ്ടാണ് വന്നത്.
എന്താണ് ചിരിക്കുന്നത് ചോദിച്ചപ്പോൾ അവളോട് കാര്യം പറഞ്ഞു.
""എന്തൊരു ബോറാണ് കെട്ടിയോന്റെ പേരിങ്ങനെ തൂക്കി നടക്കുന്നത്.''
""ഇഷ്ടമൊണ്ടായിട്ടല്ല, പക്ഷേ കെട്ട് കഴിഞ്ഞാല് ഇങ്ങനെ പല ഏർപ്പാടുകളുമുണ്ട്. നമ്മളതിന് നിന്ന് കൊടുത്തേ പറ്റത്തുള്ളുവെന്നും പറഞ്ഞ് അവള് എന്നേയും വിളിച്ച് മുകളിലത്തെ ബാൽക്കണിയിലേക്ക് കയറുകയാരുന്നു. ശിശിരേനെ വിളിച്ചതും, അവളെ കെട്ടിയവൻ എന്നെ വിളിച്ച കാര്യവും പറയുമ്പോൾ അവള് മൂളിക്കേട്ടു. സീനത്തെ നിനക്ക് ഇങ്ങനത്തെ പ്രശ്‌നങ്ങളൊന്നും ഇല്ലന്നാണ് കരുതുന്നേനൂം പറഞ്ഞു. അവളപ്പോൾ നൗഷാദിനെ കുറിച്ച് സംസാരിച്ചു. കൊല്ലത്ത് തന്നെ ബിസിനസാണവർക്ക്.
""നൗഷാദിന്റെ അപ്പൻ മുപ്പത് കൊല്ലം മുൻപ് തൊടങ്ങിയതാണത്. അങ്ങേര് കഷ്ടപ്പെട്ടതിന്റെ കണക്ക് ഇപ്പോഴും പറയും. രണ്ട് പെങ്ങമ്മാരുള്ളതിനേം കെട്ടിച്ച് വിട്ടതാണ്. കെ എം. ബിസിനസ് ഗ്രൂപ്പിന്റെ എംഡി എന്നൊക്കേ പേരേയുള്ളൂ. ഓരോ ദെവസത്തേം കണക്ക് കെളവന് കൃത്യമായി കൊടുക്കണം. അതേൽ ഒരു മാറ്റോം ഇല്ല. അതേലെനിക്ക് പ്രശ്‌നവുമില്ല. അതവര് അപ്പനും മോനും എന്നാന്ന് വെച്ചാൽ കാണിച്ചോട്ടെ.''
""എന്നതാടീ നെനക്കുള്ളത് അത്തച്ചി ഒണ്ടാക്കി വെച്ചിട്ടില്ലേ.?''
ഒണ്ട്. പക്ഷേ പണോം പത്രാസുമൊന്നും എനിക്ക് വേണ്ട. ഇച്ചരെ മനസ്സമാധാനം. തന്തേനോട് ചോദിച്ചല്ലാതെ മുള്ളാൻ പോലും പോവാത്ത കെട്ടിയോനാണ് എന്റേത്. എനിക്കങ്ങ് ചൊറിഞ്ഞ് വരും. ചീറിക്കൊണ്ടിരുന്ന അവൾ പെട്ടന്നു കരയാൻ തൊടങ്ങി.
എന്നതാടീ നീ തെളിച്ച് പറയെന്ന് നിർബന്ധിച്ച് അപ്പോൾ അവൾ കാര്യം പറഞ്ഞു.
""കെട്ടുകഴിഞ്ഞ് പോയ അന്ന് തന്നെ എനിക്ക് കെളവന്റെ സൂക്കേട് മനസിലായിരുന്ന്. ഞാൻ അത് നൗഷാദിനോട് പറയേം ചെയ്തു. നിനക്ക് തോന്നീതാവുമെന്നാണ് അങ്ങേര് പറഞ്ഞത്. കയറിച്ചെന്ന ദെവസം തന്നെ ഒരു സീനുണ്ടാക്കണ്ടാന്ന് കരുതി ഞാൻ മിണ്ടാതിരുന്നു. ഞങ്ങൾ വിരുന്നിന് പോവുമ്പോഴെല്ലാം കെളവനും കെളവീം കൂടെ വരും. അമ്മായമ്മ പാവമാണ്. കെളവനെ പേടിച്ചിട്ട് വരുന്നതാണ്. എന്റെ കെട്ടിയോനാണേൽ തന്ത പറയുന്നതിന് അപ്പുറവുമിപ്പുറവുമില്ല. അതും ഞാൻ സഹിച്ച്. അവരെ കുടുംബക്കാരെ വീട്ടില് അവര് പോവുന്ന്, കൂട്ടത്തീ എന്നേം കൊണ്ട് പോവുന്ന്. എവിടെ ചെന്നാലും കെളവൻ എന്റെ കയ്യും പിടിച്ചാണ് നടപ്പ്. കാണുന്നവർക്കല്ലാം കെളവന് എന്നോടുളള സ്‌നേഹത്തെ കുറച്ച് പറയാനേ നേരമൊള്ളു. പക്ഷേ കെളവന്റെ കൈയ് തട്ടുമ്പോഴൊക്കെ എനിക്ക് അറപ്പാണ്. മേലാകെ ചൊറിയൻ പുഴു ഇഴയുന്നത് പോലെയുള്ള അറപ്പ്. അയാൾ അറിയാത്തതു പോലെ എന്റെ മൊലേലും, ചന്തീലൂമൊക്കെയാണ് പിടിച്ചോണ്ടിരുന്നത്.!''
ഇതുകേട്ട ഷോക്കിൽ കൊറേ നേരത്തേക്ക് എനിക്കൊന്നും മിണ്ടൊനോ പറയാനോ വയ്യാതായി. അവളും ഒന്നും പറഞ്ഞില്ല. ഞാൻ അളെ കയ്യേൽ അമർത്തിപ്പിടിച്ചിരുന്ന് അയാളെ മൊഖത്തൊരൊണ്ണം കൊടുത്തൂടേന്ന് ചോദിച്ചു. അവളപ്പോൾ ചിരിച്ച്. പിന്നേം കരഞ്ഞോണ്ട് എന്നെ കെട്ടിപ്പിടിച്ചു.
""ഒരു ദെവസം ഞാനങ്ങനെ ചെയ്തതാ. നൗഷാദ് ഇല്ലാത്ത ഒരു ദെവസം രാത്രീല് അയാള് ഞങ്ങളെ ബെഡ്‌റൂമേൽ കയറി വന്ന്. ഞാനാണേൽ നെറ്റ് ഡ്രസ് മാത്രമായിരുന്നിട്ടത്. വാതിലേല് മുട്ടാതെ പെട്ടന്ന് അയാൾ മുറിയേൽ വന്നപ്പോൾ ഞാനാകെ പേടിച്ച്. മോളൊറങ്ങിയൊന്ന് നോക്കാൻ വന്നതാണെന്നും പറഞ്ഞയാള് എന്റെ ചുമലിൽ കൈവെച്ചു. അയാളേ കൈതട്ടി മാറ്റി ഞാനൊരു വീക്ക് വെച്ചു കൊടുത്തു. അപ്രതീക്ഷിതമായ് കിട്ടിയ തല്ലിൽ അയാൾ വീണു പോയി. ഒന്നും മിണ്ടാതെ മുറീന്ന് എഴുന്നേറ്റ് പോവേം ചെയ്തു. പക്ഷേ അയാൾക്ക് എന്നോട് പക വന്നു. ഒറ്റ ദിവസത്തേക്ക് കോയമ്പത്തൂര് പോയ നൗഷാദിനെ അയാൾ പത്ത് ദിവസം അവിടെ നിർത്തിച്ചു. ഞാൻ ഇക്കാര്യം അന്നു തന്നെ നൗഷാദിനോട് ഫോൺ വിളിച്ച് പറഞ്ഞിരുന്നു. കെളവനെ ഞാൻ തല്ലിയതാണ് അയാളെ വിഷയം. അതിന് എന്നെ കൊറേ കുറ്റപ്പെടുത്തേം ചെയ്തു. കെളവനോട് മാപ്പ് പറയാൻ പറഞ്ഞു. പറ്റത്തില്ലാന്ന് ഞാൻ വാശിപിടിച്ചു. കെളവൻ മോനെ വിളിച്ച് എന്നെക്കുറിച്ച് എന്തെല്ലാമോ പറഞ്ഞിട്ടുണ്ടാവും. അതെനിക്കോറപ്പാണ്. ഇക്കാര്യമൊന്നും ഇവിടെ പറയാൻ പറ്റത്തില്ല. ഇവരാരും വിശ്വസിക്കത്തില്ല. അന്നത്തെ അടികൊണ്ട് ഒരുപകാരം ഒണ്ടായി. കെളവൻ പിന്നെയെന്റെ അടുത്ത് നേരിട്ട് വന്നിട്ടില്ല. തക്കം കിട്ടുമ്പോഴെല്ലാം അയാളെന്നെ ഒളിഞ്ഞ് നോക്കുന്നുണ്ടെന്ന് എനിക്ക് അറിയാം.''
ഇത്രേം പറഞ്ഞ് അവൾ പുറത്തേക്ക് കാർക്കിച്ചു തുപ്പി കെളവന്റെ മൊഖത്തേക്കാണ് അത് വീണതെന്നും പറഞ്ഞ് ഞങ്ങള് ചിരിച്ചു. ഊണ് കഴിഞ്ഞാണ് അന്ന് അവിടെന്നും തിരിച്ചു വന്നത്.
""അന്നമ്മേ, എനിക്കവളെ ഒന്നു കാണാൻ തോന്നുവാ. നമ്മളൊക്കെ തോറ്റ് പോയെടുത്ത് അവള് പൊരുതി നിൽക്കുന്നുണ്ട്. സോനേം ഇത് പോലെ ആയിരൂന്നു. പക്ഷേ അവസാനം മഠത്തീലെ കെണറിലൂടെ അവള് സ്വർഗ്ഗത്തിന്റെ വാതില് നോക്കി പോയി...''
പന്ത്രണ്ട്
""സോനക്കെന്നാ പറ്റിയെ. ഇലേ?''
""പറയാം, പ്ലസ്റ്റു കഴിഞ്ഞപ്പോൾ ഞാൻ മഠം വിട്ട്. അപ്പനും അമ്മേം എന്നെ വീട്ടിലോട്ട് കൂട്ടിക്കൊണ്ട് വന്നതാണ്. സേനേനേ അവര് പലതും പറഞ്ഞ് കർത്താവിന്റെ മണവാട്ടിയാവാൻ അതിനു മുന്നെ നിർബന്ധിപ്പച്ചതാണ്. അവളേം മറ്റ് രണ്ട് പിള്ളേരേം മഠത്തിലെ സിസ്റ്റർമ്മാര് ഇടക്കിടെ വലിയച്ചന്റെ അരമനേൽക്ക് കൊണ്ടു പോവാറുണ്ടായിരുന്ന്. അവിടെ അവർക്ക് പ്രത്യേകം ക്‌ളാസ് ഒണ്ടായിരുന്നു. അവിടുന്നവര് കർത്താവിനെ സ്വപ്നം കണ്ടോന്ന് ചോദിക്കാറുണ്ടെന്ന് സോന പറയാറുണ്ടായിരുന്നു. കണ്ടോന്ന് ഞാൻ ചോദിച്ചപ്പോൾ ഇല്ലെന്നാണ് അവൾ പറയാറുണ്ടായിരുന്നത്. പക്ഷെ ഒരു ദെവസം രാത്രീൽ സോന എഴുന്നേറ്റിരുന്ന് ഉച്ചത്തീ വചനം ചൊല്ലി. ഞങ്ങളെല്ലാരും ഞെട്ടി എഴുന്നേറ്റു . അവളാണേൽ ആരേം കാണാത്തെ പോലേ വചനം ചൊല്ലിക്കോണ്ടിരുന്നു. ഞങ്ങക്ക് ആകെ പേടിയായി. ആരോ സിസ്റ്റർമാര് കെടക്കുന്ന മുറീൽ ചെന്ന് സോന വചനം ചൊല്ലുന്നത് പറഞ്ഞു. അവർ എല്ലാവരും കൂടെ വന്ന് സോനയുടെ നെറ്റിയേൽ കുരിശു വരച്ചു, മുഖത്ത് വെഞ്ചരിച്ച് വെള്ളം തളിച്ചു. അപ്പോൾ അവൾ സിസ്റ്റററെ മുന്നിൽ മുട്ടുകുത്തിയിരുന്ന് കർത്താവിനെ സ്വപ്നം കണ്ടെന്ന് പറഞ്ഞു. അതു കെട്ടു നിന്ന ഞങ്ങൾ കുട്ടികൾക്ക് അതിശയമായി. എല്ലാവരും അവളെ അടുത്ത് ചെന്ന് നിന്നു. സിസ്റ്ററ് ഞങ്ങളെ മാറ്റി നിർത്തി. നല്ല കൊച്ചുങ്ങള് കർത്താവിനെ സ്വപ്നം കാണുമെന്നും,കർത്താവിന്റെ മണവാട്ടി ആവുമെന്നും പറഞ്ഞു. സോനേനെ അപ്പോൾ തന്നെ അവരെ മുറിയിലേക്ക് കൊണ്ടു പോയി. രാവിലെ ഞാനവളെ കാണാൻ ചെന്നു. ഇന്നലെ ,വരേയുള്ള സോന അല്ലായിരുന്നത്. അവള് ആളാകെ മാറിയത് പോലെ. ചെയ്ത് പാപത്തിനെല്ലാം ഈശോയോട് മുട്ടുകുത്തി പ്രാർത്ഥിക്കനാണ് എന്നോട് പറഞ്ഞത്. അതിന് ഞാനെന്നാ പാപം ചെയ്‌തേന്ന് ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടിയില്ല. അതിന്റെ തൊട്ടടുത്ത ആഴ്ച അവളുടെ മമ്മി കുവൈറ്റീന്ന് വന്നു. സിസ്റ്റർമാര് വിളിച്ച് വരുത്തീതാണ്. അവര് സോനേനെ മണവാട്ടിയാക്കുന്നതിൽ സന്തോഷിച്ചിരുന്നു എന്നാണ് എനിക്ക് തോന്നുന്നെ. ഞങ്ങക്കെല്ലാം ഉടുപ്പും ചോക്ലേറ്റും തന്നിട്ടാണ് അവർ മടങ്ങിപ്പോയത്. അതിനു ശേഷം സോനേനെ അവര് കന്യാസ്ത്രീ മഠത്തിലേക്ക് മാറ്റി. പ്ലസ്റ്റൂന്റെ സർട്ടിക്കറ്റ് വാങ്ങാൻ പോയപ്പോഴാണ് ഞാൻ അവസാനം സോനേനെ കണ്ടത്. അന്ന് അവൾ തിരുവസ്ത്രത്തീൽ ആയിരുന്നു. ഞങ്ങൾ കൊറേ നേരം സംസാരിച്ചു. ഒരു ഡോക്ടറാവണം എന്നായിരുന്നു അവളെ ഇഷ്ടം. മദർതേരേസനെ പോലെ പാവങ്ങളെ സംരക്ഷിക്കാൻ. കർത്താവ് അതും സ്വപ്നത്തീ കാണിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ ഡിഗ്രി സെക്കൻറിയർ പഠിക്കുമ്പോഴാണ് സോനയുടെ ആത്മഹത്യ അറിഞ്ഞത്. തെരേസാന്നായിരുന്നു തിരുവസ്ത്രം അണിഞ്ഞപ്പോൾ അവളുടെ പേര് മാറ്റീത്. പത്രത്തിലാണ് അവളുടെ ഫോട്ടോ കണ്ടത്. മഠത്തിലെ കെണറ്റീ മരിച്ച് കെടക്കുന്ന അവളെകുറിച്ച് പിന്നെ കുറെ വാർത്തകളും വന്നിരുന്നു. പക്ഷെ അവൾ ആത്മഹത്യ ചെയ്യത്തില്ലാന്ന് എനിക്കൊറപ്പാണ്. നമ്മളെ പോലെ അല്ലായിരുന്നവള്. നല്ല ധൈര്യമുള്ള കൂട്ടത്തിലായിരുന്നു. നമ്മളെ സമയം ആയെന്നാണ് തോന്നുന്നെ. ഒരു തീവണ്ടി വരുന്നൊണ്ട്. അന്നമ്മോ, ഈ രാത്രിയേൽ നമ്മള് മരിക്കും, ഈപ്പൻ കുഴീയുടെ കഥ കൂടെ നെന്നോട് പറയാനൊണ്ടായിരുന്നു..''
""ഇലേ, ചത്ത് മോളീലെത്തുമ്പോൾ നീ പറഞ്ഞു തന്നാൽ മതി, നമ്മളെ ചെതറിക്കെടക്കുന്ന ശരീരം ആ കിളി കാണാതിരിക്കാൻ പ്രാർത്ഥിക്കുവാന്ന് ഞാൻ അവനെ കുറിച്ച് കേട്ടപ്പോൾ തോന്നിയ അറപ്പ് മാറുന്നില്ല. മരിക്കുന്നതിൽ എനിക്ക് ഇച്ചരേം ടെൻഷനില്ല. പക്ഷേ ഉടുപ്പൊന്നുമില്ലാത്ത നമ്മളെയവൻ കാണുന്നത് ചിന്തിക്കാൻ പോലും പറ്റുന്നില്ല''
""എനിക്കുമതേ. പക്ഷേ ഈ മഴയിങ്ങനെ ഒരു മാറ്റോം ഇല്ലാതെ പെയ്യുമ്പോൾ തീവണ്ടി വരാതെ നിൽക്കോന്നാണ് പേടി. ആറിന് മുകളിലൂടെയുള്ള പാലം കഴിഞ്ഞാല് ഒരു കുന്ന് തൊരന്നാണ് പാളമുള്ളത്. എല്ലാ മഴക്കാലത്തും മണ്ണിടിഞ്ഞ് വീഴുന്ന സ്ഥലമാണത്. ഇങ്ങനെ മഴ പെയ്യാണേല്.....''
""ഇലേ മണ്ണിടിഞ്ഞ് വീണാൽ റെയിൽവേന്ന് ആള് വരൂല്ലെ.?''
""വരും. രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട അവരത് ശരിയാക്കേം ചെയ്യും''
""എന്നാൽ പ്രശ്‌നമില്ല. കുറച്ചധികം നേരം കാത്തിരിക്കണം എന്നല്ലേയുള്ളൂ. ഇച്ചരെ വൈകിയാലും നമ്മളങ്ങ് മരിച്ച് പോവുന്നത് ഒറപ്പാക്കിയതാ. നേരത്തെ കേട്ടത് പോലെ ഇതും വേറെന്തോ ഒച്ചയാണ്. അല്ലേല് നമ്മളെ മാത്രം തോന്നലാവും. ഇലേ നീയേന്തായാലും ഈപ്പൻ കുഴീലെ കഥ പറയ്''
"" അന്നമ്മോ. ഈപ്പൻ കുഴീലെ കഥ പറയുന്നതിന് മുൻപ് അനിയന്റെ കെട്ട് നടന്നതിനെ കുറിച്ച് പറയണം ''
"" എന്നാലത് ആദ്യം പറയ് ''
"" പെട്ടന്ന് വീട്ടിലോട്ട് വരണമെന്ന് അവൻ വിളിച്ചു പറഞ്ഞോണ്ട് കമ്പനീലെ മാനേജരെ ഫോണിൽ വിളിച്ച് ലീവ് പറഞ്ഞു. വൈകീട്ടത്തെ ബസിന് തന്നെ കയറി. രാത്രി പതിനൊന്നാവും ബസ്സ് അവിടെ എത്താനെന്ന് അവനെ വിളിച്ച് പറഞ്ഞതോണ്ട് പേടിയില്ലായിരുന്നു. അവൻ അവിടെ കാത്ത് നിന്നോളും. പക്ഷേ എത്ര ആലോചിച്ചിട്ടും എന്നതാണ് ഇത്രേം അർജന്റ് കാര്യമെന്ന് മനസിലായില്ല. എന്തോ പേടി തോന്നിയപ്പോൾ ഞാൻ അപ്പന്റെ ഫോണിലോട്ട് വിളിച്ചു. ഞാൻ പേടിച്ചത് പോലെ അപ്പനോ അമ്മച്ചിക്കോ ഒന്നും പറ്റിയില്ലായിരുന്ന്. രാത്രിയേൽ ഞാനങ്ങെത്തുമെന്ന് പറഞ്ഞു. ഇല്ലേൽ പാതിരാത്രിക്ക് കറയിച്ചെല്ലുന്നത് അപ്പന് ഇഷ്ടാവത്തില്ല. പെങ്കൊച്ചുങ്ങൾക്ക് അടക്കോം ഒതുക്കോം വേണമെന്നാണ് അപ്പന്റെ നിലപാട്. രാത്രി ഏഴുമണി ആയാല് അവര് പൊറത്തെറങ്ങാൻ പാടില്ല. പിശാചിന്റെ കൂട്ടക്കാരണ് അങ്ങനെ ഇറങ്ങുന്ന പെണ്ണുങ്ങളെന്ന് അപ്പനൻ ഏതോ ധ്യാന കേന്ദ്രത്തീന്ന് കേട്ടതാണ്. അവനാണേൽ ഒന്നും തെളിച്ച് പറഞ്ഞതുമില്ല. സ്ഥിരം പോവുന്ന ബസായത് കൊണ്ട് കയറിയ ഉടനെ ഒന്ന് മയങ്ങി. ഞാൻ എഴുന്നേറ്റില്ലേലും ഇറങ്ങാനുള്ള സ്റ്റോപ്പിൽ കണ്ടക്ടർ ചേട്ടൻ വന്ന് വിളിച്ചോളും എന്ന ധൈര്യമാണത്. അന്നേതോ പാർട്ടിക്കാരെ സമ്മേളനം ഒണ്ടായിരുന്നു. അതോണ്ട് ഒരു മണിക്കൂർ വൈകി പന്ത്രണ്ടരക്കാണ് ബസ് ഇറങ്ങീത്. അവനും രണ്ട് കൂട്ടുകാരും ഓട്ടോറിക്ഷയുമായി സ്റ്റാന്റേൽ തന്നെ നിൽക്കുന്നൊണ്ടായിരുന്നു. ഞാൻ എറങ്ങിയപാടെ അവൻ വന്ന് ബാഗ് വാങ്ങിച്ചു പിടിച്ചു. പതിവില്ലാതുള്ള അവന്റെ വെപ്രാളോം തെരക്കും കണ്ടിട്ട് ചിരി വന്നു. എനിക്കാണേൽ നല്ല തലവേദനയും,വെശപ്പുമായിരുന്നു. അവനും കൂട്ടുകാരും ഒന്നും കഴിച്ചില്ലെന്ന് പറഞ്ഞു. ഞങ്ങളെല്ലാരും കൂടെ ഒരു തട്ടുകടേൽ കയറി. ദോശേം ചമ്മന്തീം ഓംലെറ്റും ഓരോ കട്ടൻ ചായേം കഴിച്ചു. വെശപ്പ് മാറിയപ്പോൾ തലവേദനേം മാറി. എന്നാത്തിനാണ് എന്നെ വിളിച്ച് വരുത്തീതെന്ന് ഞാനവനോട് സ്വകാര്യം ചോദിച്ച്. അവനൊന്നും മിണ്ടാതെ ഓട്ടോയിലേക്ക് കയറാൻ പറഞ്ഞു. ഓട്ടോ ഓടിക്കുന്ന പയ്യെനെ മുൻപരിചയമൊണ്ട്. ഇടക്ക് വീട്ടിൽ വരാറുണ്ട്. എന്നതാ ഗിരീഷേന്ന് ഞാനവനോട് ഇച്ചരെ കനത്തീ തന്നെ ചോദിച്ചു. അവനും ആദ്യമൊന്ന് ഒഴപ്പി.
ഒന്നുമില്ല ചേച്ചീയേന്ന് പറഞ്ഞു. എന്നാൽ വണ്ടി നിർത്തെന്നും. എന്നെ ബസ്റ്റാന്റേൽ തിരിച്ച് കൊണ്ട് വിടണമെന്നും ഒച്ചയെടുത്തപ്പോൾ അവര് അയഞ്ഞു. അനിയൻ ചെറുക്കന്റെ പ്രേമം ആയിരുന്നു കേസ്. ഞാൻ അതേൽ എന്നാ ചെയ്യാനാന്ന് ചോദിച്ചപ്പൊഴാണ് സംഗതി ഇച്ചരെ സീരിയസാണെന്ന് മനസിലായത്. അവരെ കൂട്ടത്തീ തന്നെയുള്ള ഒരു ചെറുക്കന്റെ പെങ്ങളാണ്. എനിക്കും കണ്ട് പരിചയമൊള്ള പെങ്കൊച്ചാന്ന്. ഞങ്ങളെ ജാതിയാന്ന് അവരെ പ്രശ്‌നം. പൊലയക്രിസ്ത്യാനിക്ക് അവര് പെണ്ണ് കൊടുക്കത്തില്ലാന്ന് തീർത്ത് പറഞ്ഞിരുന്നു. അതായത് അനിയൻ പെങ്കൊച്ചിന്റെ ആങ്ങളേയോട് കാര്യം സൂചിപ്പിച്ചപ്പോഴാണ് അത് പറഞ്ഞത്. അന്ന് തൊട്ട് അവര് തമ്മിൽ ശത്രുതേലുമായി. ഇതൊക്കെ മുൻകൂട്ടി കണ്ട പെങ്കോച്ച് അനിയനെ കൊണ്ട് രജിസ്റ്റർ നടത്തിച്ചിരുന്ന്. അവളാള് കൊള്ളാമല്ലോന്ന് മനസ്സീ പറഞ്ഞു.
രജിസ്റ്റോഫീസിന്നും പെങ്കൊച്ചിനോട് ഓഫീസറ് രണ്ടാളേം ജാതി വേറയാന്ന് ചോദിച്ചിരുന്നു പോലും. പക്ഷേ അവള് നല്ല മുറ്റാന്ന്. തിയ്യൻ,പൊലയൻ ഒക്കെ ഒരേ ചോര തന്നാണെന്ന് അവൾ അയാളോട് മറുപടി പറഞ്ഞ്. അത് കേട്ടപ്പോൾ ആ രാത്രിയൽ തന്നെ ആ പെങ്കൊച്ചിനെ പോയി കെട്ടിപ്പിടിക്കാൻ തോന്നി.
""കൃസ്ത്യാനി ആണേലും അവര് പൊലയരാണ്. മാർഗ്ഗംകൂടീന്ന് വെച്ച് പൊലയരെ ഈ വീട്ടി കേറ്റാൻ ഒക്കത്തില്ല. അപ്പനപ്പൂപ്പന്മാര് തൊട്ടുള്ള തീരുമാനം മാറ്റാനൊക്കത്തില്ല. ഇനിയതല്ല എന്റെ മോൾക്ക് ആ പൊലയച്ചെറുക്കനെ തന്നെ വേണമെന്നാണേൽ രണ്ടിനേം ഞാനങ്ങ് കൊന്നേക്കും.''
അവളെ അപ്പനിങ്ങനെ പറഞ്ഞെന്നു ഗിരീഷ് പറഞ്ഞപ്പോൾ എനിക്കാകെ വാശിയായി. ഒരിക്കലേലും ജീവിതത്തി ജയിക്കമെന്ന് തോന്നി. ഇക്കാര്യത്തിൽ ഞാൻ എന്നാ ചെയ്യണമെന്ന് അവനോട് ചോദിച്ചു. ഞങ്ങടെ അപ്പനോടും അമ്മച്ചീനോടും ഇക്കാര്യം പറഞ്ഞ് സമ്മതിപ്പിക്കണമെന്നതായിരുന്നു അവൻ പറഞ്ഞത്. ഈശോയെ ! ഞാനറിയാതെ ഉച്ചത്തീ വിളിച്ചപ്പോൾ അനിയനെന്നെ നോക്കി കൈ കൂപ്പി. വേറാരു പറഞ്ഞാലും അവര് കേക്കത്തില്ലെന്ന് പറഞ്ഞു. ഈ രാത്രി തന്നെ പറയണോന്ന് ചോദിച്ചപ്പോൾ നാളെ നേരം വെളുത്തിട്ട് മതീന്ന് പറഞ്ഞു. അപ്പനുമമ്മേം സമ്മതിച്ചാല് പിറ്റെ ദെവസം തന്നെ ആ പെങ്കൊച്ചിനെ കൂട്ടി അവനിങ്ങ് വരുമെന്ന് പറഞ്ഞു. ഇനിയവര് സമ്മതിച്ചില്ലേൽ വൈക്കത്തുള്ള അവന്റെ കൂട്ടുകാരന്റെ അടുത്തോട്ട് പോവാം എന്നു തീരുമാനിച്ചിരുന്നു. അവന്മാര് എല്ലാം റെഡിയാക്കിയതിന് ശേഷം അവസാനം എന്നോട് പറഞ്ഞതിൽ എനിക്കിച്ചരെ ദേഷ്യമൊണ്ടായിരുന്നു. ഏതിനാണേലും അവള് റെഡിയായിരുന്നു. എനിക്കവളോട് പിന്നേം ഇഷ്ടം കൂടി. അപ്പനോടും അമ്മച്ചിയോട് പറയുന്നത് ഞാൻ ഏറ്റെന്ന് അവനോട് ഒറപ്പ് പറഞ്ഞു. സത്യത്തി എനിക്കച്ചരെപ്പോലും പ്രതീക്ഷ ഉണ്ടായിരുന്നില്ല. ഒരു ആവേശത്തിനു കയറിയങ്ങ് ഒറപ്പു കൊടുത്തതായിരുന്നു. ▮(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.