ചിത്രീകരണം : ജാസില ലുലു.

വരാൽ മുറിവുകൾ

പതിമൂന്ന്

ങ്ങൾ എത്തുമ്പോൾ അപ്പനും, അമ്മച്ചിയും ഒറങ്ങിയിരുന്നില്ല. വീട്ടിലെത്തിയപ്പോൾ എല്ലാ തവണത്തേയും പോലെ എന്റെ നെഞ്ചിൽ കനം വെച്ചു. കുളിക്കാൻ പോവുമ്പോൾ അമ്മച്ചിയെ കുളിമുറിയുടെ പുറത്ത് കാവൽ നിർത്തിയാണ് കുളി. പക്ഷേ എനിക്ക് അപ്പോഴും പേടിയാവും. ഭിത്തിയേന്നൊരു വരാല് വന്ന് എന്റെ നേർക്ക് ചാടുന്നത് പോലെ തോന്നും. അന്നും അതു തോന്നി. ഞാനെൻറെ അമ്മച്ചീടെ മുറീൽ കെടന്നു. കെടക്കമ്പോൾ ഭിത്തീടേം മേൽക്കുരേലെ ഇരുമ്പ് ഷീറ്റീന്റെയും എടേലുടെ വീഴുന്ന മഞ്ഞ വെളിച്ചത്തിൽ നോക്കാതെ കിടന്നു. അപ്പുറത്തൂന്ന് പാപ്പായിയുടെ കൂർക്കം വലി ഭിത്തി തൊളച്ച് ഇപ്പുറമെത്തിയിരുന്നു. നീ എന്നാത്തിനാണ് ഈ പാതിരാക്ക് വന്നേന്ന് അമ്മച്ചി ചോദിച്ചു. അവന്റെ കാര്യം പറയാനൊള്ളൊരു വഴിയായി അത്. ഞാൻ അത് എങ്ങിനെ അമ്മച്ചിയോടു പറയുമെന്ന് ഓർക്കുവായിരുന്നു. നിലത്തു കിടന്ന അമ്മച്ചിയോട് ചേർന്നു കിടന്നു കൊണ്ട് കാര്യങ്ങൾ മുഴുവൻ ഞാൻ പറഞ്ഞു. അമ്മച്ചി ദേഷ്യപ്പെട്ട് ഒച്ചയെടുക്കും എന്നായിരുന്നു ഞാനൂഹിച്ചെ. പക്ഷെ അവനിഷ്ടാണേൽ അപ്പനോട് പറയാമെന്നാണ് പറഞ്ഞത്. ഞാനപ്പോൾ അമ്മച്ചീനെ കെട്ടിപ്പിടിച്ചു. ആ പെങ്കൊച്ചിനെ നീ കണ്ടായിരുന്നോന്ന് ചോദിച്ചോണ്ട് അമ്മച്ചി എന്റെ കയ്യേൽ മുറുകെ പിടിച്ചു, ഞങ്ങൾ പിന്നെയും എന്തൊക്കൊയോ സംസാരിച്ചോണ്ടിരുന്നു അതിനിടെൽ എപ്പഴോ അമ്മച്ചി ഒറങ്ങി. ഞാനപ്പോൾ അവളെ കുറിച്ചോർത്തു. അവളൊറങ്ങിയോന്ന്, അതോ ജീവിതം എന്താവുമെന്ന് ആധി കയറി ഒറക്കമില്ലാതെ കെടപ്പാണോന്നും. പക്ഷേ അത് രണ്ടും ആയിരുന്നല്ല എന്ന് മനസിലായത് അനിയൻ അവളോട് ഫോണിൽ ഞാൻ വന്ന കാര്യം പറയുന്നത് കേട്ടപ്പോഴാന്ന്. അവര് കുറെ നേരം പിന്നേം സംസാരിച്ചു. എനിക്കാണേൽ ഒറക്കം വന്നതേയില്ല. മഠത്തീന്ന് തിരിച്ച് വന്നത് മുതല് വീടിനുള്ളിൽ ഞാൻ ശെരിക്കൊറങ്ങീട്ടില്ല.

""അതെന്നതാ ഇലേ.? അമ്മച്ചീം അപ്പനും ഒക്കെയുണ്ടായിട്ടും നെനക്ക് ഒറക്കം വരാതിരുന്നെ. സോനേന്റെ കൂടെ കെടക്കാഞ്ഞിട്ടാണോ.?''

എടീ, നീയെന്റെ വായീന്ന് കേൾക്കും. അതൊന്നുമല്ല. പ്ലസ്റ്റു പരീക്ഷ കഴിഞ്ഞ്. രണ്ടാമത്തെ ദെവസം അമ്മച്ചീം അവനുമാണ് എന്നെ മഠത്തീന്ന് തിരികെ കൊണ്ടുവരാൻ വന്നത്. അതിന് മുൻപെ ഞാൻ അമ്മച്ചിയോട് പറഞ്ഞിരുന്നു പരീക്ഷ കഴിഞ്ഞാൽ വരണമെന്ന്. ഡിഗ്രിക്ക് അവിടെ നിക്കണമെങ്കീൽ കർത്താവിന്റെ മണവാട്ടി ആവണമെന്ന് സിസ്റ്റർമാര് മുൻപ് പറഞ്ഞിരുന്നു. എനിക്ക് അതിനൊട്ടും ഇഷ്ടമില്ലായിരുന്നു, മാത്രമല്ല അവിടുന്ന് എങ്ങനേലും രക്ഷപ്പെട്ടാൽ മതീന്നായിരുന്നു. അമ്മച്ചിക്കും അവനുമതെ. അപ്പനാണേൽ ഞാൻ തിരുവസ്ത്രം അണീന്നതായിരൂന്ന് താൽപര്യം. പക്ഷേ ഞങ്ങള് മൂന്നു പേരും സമ്മതിക്കത്തില്ലെന്ന് അപ്പന് മനസിലായി. പരീക്ഷ തൊടങ്ങുന്നേന് ഒരാഴ്ച മുൻപെ അപ്പനെന്നെ കാണാൻ മഠത്തീ വന്നിരുന്ന്. അമ്മച്ചി അറിയാതെയാണ് വന്നത്. അന്ന അപ്പൻ എന്നോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

""മോളേ അപ്പൻ ചത്ത് കർത്താവിന്റെ അടുത്ത് ചെന്നാൽ നീയെന്നെതാ എനിക്ക് വേണ്ടി ചെയ്‌തേന്ന് ചോദിക്കും. ദേ എന്റെ ആകയൊള്ള പെങ്കൊച്ചിനെ നെന്റെ മണവാട്ടിയാക്കിത്തന്നില്ലേന്ന് അപ്പൻ കർത്താവിനോട് തിരിച്ച് ചോദിക്കും. ഓ എന്നാ നീ നേരെ സ്വർഗ്ഗത്തിലോട്ട് ചെല്ലെന്ന് കർത്താവ് പറയും. അപ്പന്റെ ആശയാന്ന്; എന്റെ കുഞ്ഞിന് മനസോണ്ട് ഇഷ്ടമാണേൽ മാത്രം മതി. ഇല്ലേൽ കർത്താവിനത് ഇഷ്ടമാവത്തില്ല. കുഞ്ഞൊന്നൂടെ ആലോചിച്ച് നോക്ക്. അപ്പനിവിടെ വന്നത് അമ്മച്ചിയോ അവനോ അറിയണ്ട''

സിസ്റ്റർമാരോട് സമ്മതം വാങ്ങീ അപ്പൻ അന്ന് എന്നെ ഹോട്ടലീ കൊണ്ട് പോയി. അപ്പൻ പറഞ്ഞ കാര്യം ഞാൻ കുറേ ആലോചിച്ചു. പക്ഷേ എനിക്ക് ഈശോയുടെ വിളി വന്നില്ല. എന്റെ സ്വപ്നത്തീ നെറയെ വരാലിന്റെ കൊഴുത്ത ഒടലുള്ളൊരു പിശാചേ ഒണ്ടായിരുന്നുള്ളൂ. പെട്ടീം കെടക്കേം എടുത്ത് മഠത്തീന്ന് ഇറങ്ങാൻ തൊടങ്ങിയപ്പോൾ സങ്കടമായി. അഞ്ച് കൊല്ലം ഒന്നിച്ചൊണ്ടായിരുന്നവരെ വിട്ടച്ച് പോവാൻ തോന്നിയില്ല. എല്ലാരേം കെട്ടിപ്പിടിച്ച് കരഞ്ഞു. സോനേടെ അടുത്ത് ചെന്നപ്പോൾ അവളെനിക്കൊരു കൊന്ത തന്നു. ഈശോയോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കാമെന്ന് ഒറപ്പ് തന്നു. സിസ്റ്റർമാരിൽ ഇഷ്ടമുള്ളോരെ അടുത്ത് ചെന്ന് അനുഗ്രഹം വാങ്ങിച്ച്. എന്നെ തല്ലുകയും, പൊലയ ക്രിസ്ത്യാനീന്നും വിളിച്ചവരുടെ അടുത്തോട്ട് പോയതേയില്ല. അവരെ അനുഗ്രഹം എനിക്ക് വേണ്ടാന്ന് വെച്ചു.

വീട്ടിലോട്ടുള്ള ബസിലിരിക്കുമ്പോഴും ഞാൻ കരഞ്ഞു. അവനും,അമ്മച്ചീം എന്നെ സമാധാനിപ്പിച്ചു. വൈകുന്നേരം ഞങ്ങള് ബസ് ഇറങ്ങുന്നേരം ദേ ഇതേ പോലുള്ള മഴയായിരുന്ന്. മുന്നിലോട്ട് ഒന്നും കാണാൻ പറ്റാത്തത്രയും ഇരുട്ടൊള്ള മഴ. ഒരു മണിക്കൂറ് ഞങ്ങള് മഴ നനഞ്ഞ് ബസ്റ്റോപ്പീ നിന്നു. അവസാനം ഒരു ഓട്ടോ വിളിച്ച് വീട്ടി ചെന്നു. ഞങ്ങൾ ചെല്ലുമ്പോൾ അപ്പൻ ഇറച്ചീം കപ്പേം വേവിക്കായിരുന്നു. ഒറ്റക്കായതോണ്ട് നന്നായി കുടിച്ചിട്ടും ഉണ്ടായിരുന്നു. എന്നെ കണ്ടപാടെ ഓടി വന്ന് കെട്ടിപ്പിടിച്ചു. അകത്തോട്ട് കൂട്ടിക്കൊണ്ട് പോയി ഇറച്ചീം കപ്പേം വെളമ്പിത്തന്നു. അവനേം അമ്മച്ചീനേം അപ്പൻ തന്നെ പിടിച്ചിരുത്തി. അവർക്കും വെളമ്പിക്കൊടുത്തു. അത്രേം കുടിച്ച അപ്പനെ ഞാനന്ന് ആദ്യമായിട്ടാണ് കണ്ടത്. എല്ലാർക്കും വെളമ്പിക്കറിഞ്ഞപ്പോൾ അപ്പൻ അടുക്കളേൽ തന്നെ കെടന്ന്. സത്യത്തീ അപ്പൻ പൂസായിവീണതാണ്. അവനും അമ്മച്ചീം ചേർന്ന് അപ്പനെ അടുക്കളയിൽ നിന്നും എഴീപ്പിച്ചി മാറ്റി കെടത്തി.

""ഇനി എഴുന്നേക്കത്തില്ല. നാളെ രാവിലെ കെട്ടെറങ്ങുമ്പോൾ എഴീച്ചോളും''

എന്റെ വെപ്രാളം കണ്ട അമ്മച്ച സമാധാനിപ്പിച്ചു. അമ്മച്ചീടെ മുറീലാണ് അന്നും കെടന്നത്. കണ്ണടക്കുമ്പോഴെല്ലാം പിശാച് വന്നു. സോന തന്ന കൊന്ത ചൊല്ലി കിടന്നപ്പോൾ ഞാനറിയാതെ ഒറങ്ങി. പിറ്റേന്ന് രാവിലെ അമ്മായി വന്ന് വിളിച്ചപ്പോഴാണ് ഒണർന്നത്.

""ഇലേ..''

""എന്താടീ''

""എനിക്കൊന്നൂടെ മുള്ളണം''

""ചെന്ന് മുള്ളന്നെ.അല്ലേൽ വേണ്ട നീയീ പാളത്തീ തന്നെ മുള്ളിക്കോ''

""ഇലേം വാ, നമ്മളൊരുമിച്ച് മുള്ളാം''

""എന്റെ അന്നമ്മോ ഇച്ചരെ കാറ്റു പോലും പോവാനില്ലാതെ ഞാനെന്നാത്തിനാണ് കവച്ചിരിക്കുന്നെ. നിന്റെയൊരു കാര്യം''

""ഇലേ.. അമ്മായി വന്ന് വിളിച്ചത് എന്നാത്തിനായിരുന്നു.?''

""നീ മുള്ളിക്കഴിഞ്ഞാ?''

""ഉവ്വ്. ഞാൻ മുള്ളിക്കഴിഞ്ഞ്; ഇലയത് പറയ്''

അവര് ചുമ്മാ വന്നാതാണ്. ഞാൻ മഠത്തിച്ചേർന്ന് കന്യാസ്ത്രീ ആവുമെന്നാണ് അവര് കരുതീത്. അതു പറയാൻ വന്നതായിരുന്ന്. ഒരാഴ്ചയായി മരക്കമ്പനീടെ ആവശ്യത്തിന് കോയമ്പത്തൂര് അപ്പാപ്പി പോയതിനെ കുറിച്ച് അമ്മച്ചിയോട് പറയുന്നത് കേട്ടു.

""അവനിത് ആദ്യമല്ലല്ലോ പോവുന്നത്. ഇപ്രാവശ്യം കോയമ്പത്തൂരാണ് പോയതെന്നേലും ഒറപ്പുണ്ടല്ലോ.?സാധാരണ നെന്നോടൊന്നും പറയാതെ പോവുന്നതല്ലേ.?''

അകത്തൂന്ന് അപ്പന്റെ ഒച്ച കേട്ടപ്പോൾ അമ്മായി ഒന്നും മിണ്ടാതെ പോയി. അവൻ അടുത്ത് വന്ന് അപ്പനോട് കാര്യം പറയാൻ ആംഗ്യം കാണിച്ചു. അമ്മച്ചിയാണേൽ നിങ്ങള് എന്നാന്ന് വെച്ചാൽ ചെയ്യ് എനിക്കൊരു പ്രശ്‌നോം ഇല്ലാന്നും പറഞ്ഞ് അടുക്കളേൽ കയറി. ഞാൻ പതുക്കെ അപ്പന്റെ അടുത്തോട്ട് ചെന്നു. അപ്പന്റെ മുടിയിൽ ചുമ്മാ വിരലോടിച്ചു നിന്നു.

""എന്നതാടീ ഒരു സോപ്പിംഗ്.?''

അപ്പന് എന്റെ ഉദ്ദേശം മനസിലായി. ഇച്ചരെ നേരത്തേക്ക് ഞാനൊന്നും മിണ്ടീല്ല. അവനാണേൽ എങ്ങനേലും പറയെന്ന് പറഞ്ഞ് എന്റെ പിന്നാലെ കൂടി. കാപ്പി കുടി കഴിഞ്ഞ് വലയുമായി അപ്പൻ മുറ്റത്തെ കപ്ലങ്ങാ മരത്തിനടുത്ത് ഇരിക്കാറുണ്ട്. ദെവസോം രാവിലെ വലേലെ കേടുപാടുകൾ തീർക്കാനാണത്. ഒരു ഗ്ലാസ് കട്ടൻകാപ്പിയുമായി ഞാൻ അപ്പന് അടുത്തോട്ട് ചെന്നു.

""എന്നതാടീ ഒരു ചുറ്റിക്കളി?''

നൂലൂ കോർത്ത ഇടത്തെ തള്ളവിരലേൽ വലക്കണ്ണീ പിടിച്ച് അപ്പൻ എന്നെ നോക്കി. അതപ്പാ.. ഞാനൊന്ന് ചൊമച്ച്. പിന്നെ കണ്ണടച്ച് ഒറ്റ ശ്വാസത്തീ മുഴുവനും പറഞ്ഞു തീർത്ത്.

""അത് ശരിയാവത്തില്ല.!''

വലമുഴുവൻ താഴേക്കിട്ട് അപ്പൻ ഒച്ചയെടുത്തു. അപ്പാ ഒന്നൂടെ ആലോചിക്കെന്ന് ഞാൻ പയ്യെപ്പറഞ്ഞു.

""എന്നാ ആലോചിക്കാനാന്ന്. പത്തിരുപത്തി മൂന്ന് വയസായ പെങ്കൊച്ച് ഇവിടെ നിക്കുമ്പോൾ അവന്റെ തള്ളേടെ കെട്ട് നടത്താൻ ഒക്കത്തില്ല. നെനക്കൊന്നും ദെണ്ണമില്ലേലും എനിക്കൊണ്ട്. മാത്രോമല്ല അവര് തിയ്യന്മാരാണ്. മാർഗം കൂടിതാണേലും നമ്മള് നല്ല ഒന്നാന്തരം കൃസ്ത്യാനികളാന്ന്. കണ്ട തിയ്യത്തീന്റെ കൂടെ എന്റെ കൊച്ചൂങ്ങള് കെടക്കണ്ട. നിങ്ങള് മൂന്നു പേരും ആ വെള്ളമങ്ങ് വാങ്ങി വെച്ചേര്.''

അപ്പൻ തീരെ സമ്മതിച്ചില്ല. ഇനീം അവിടെ നിന്നാൽ അപ്പൻ ഒച്ചയെടുത്ത് അയൽക്കാരെ കൂടെ അറിയിക്കുമെന്ന് തോന്നി. ഞാൻ അടുക്കളേലേക്ക് ചെന്നു.

""അപ്പൻ സമ്മതിച്ചോ''

ചോറൂറ്റുന്നേന് ഇടേലായിരുന്നു അമ്മച്ചിയുടെ ചോദ്യം. ഇല്ലെന്ന് പറഞ്ഞപ്പോൾ അമ്മച്ചീടേ മൊഖം വാടി. കൊറച്ച് നേരം കഴിഞ്ഞ് നീയോന്നൂടെ പറഞ്ഞു നോക്ക്. ഇന്നലെ ഇറിച്ചീം കപ്പേം കൂത്തിക്കേറ്റുമ്പഴേ ഞാൻ കരുതിതാ ഇന്നിങ്ങനെ തന്നെ ആവുമെന്ന്. ഡോക്ടറെ കാണിക്കാൻ പറഞ്ഞാൽ അത് ചെയ്യത്തുമില്ല. മൂലക്കുരൂന്ന് നാടൻ വൈദ്യരാണ് നല്ലതെന്നാണ് നിങ്ങടെ അപ്പൻ പറയുന്നത്. എന്നാലൊട്ട് അതും കാണിക്കത്തില്ല. അമ്മച്ചിയത് പറയുമ്പോൾ അപ്പനൊരു ബക്കറ്റ് വെള്ളവുമായി കക്കൂസേൽ കയറി. അവൻ അന്ന് പണിക്ക് പോയില്ല. വീടിന് പൊറത്തും അടുക്കളേലുമായി സമയം തള്ളി നീക്കി. ഉച്ചയാവുമ്പോഴേക്കും അപ്പൻ നാലഞ്ച് തവണ കക്കുസേൽ പോയി.

""ചോര തൂറ്റ്ന്ന്'' ഇടക്ക് അമ്മച്ചിയോട് മാത്രമായി പറഞ്ഞു. അമ്മച്ചിയെന്തോ പച്ചമരുന്ന് ചൂടുവെള്ളത്തീ കലക്കി കൊടുത്ത്. അപ്പനന്ന് ചോറുണ്ടില്ല. ഓരേ കെടപ്പായിരുന്ന്. അവനും കഴിച്ചില്ല. വിളിച്ചപ്പോൾ വെശപ്പില്ലാന്ന് പറഞ്ഞു.

അപ്പന്റെ ഒറക്കം കഴിഞ്ഞപ്പോൾ ഞാൻ അടുത്ത് ചെന്ന് ഇരുന്നു. അവനേം വിളിച്ചു. അവളെ വീട്ടിൽ ഒണ്ടായ കാര്യങ്ങള് മുഴുവൻ അപ്പനോട് പറഞ്ഞു.

""അവള് മാമോദീസ മുങ്ങോ.?''

എല്ലാം കേട്ടപ്പോൾ അപ്പൻ പിന്നേം ഒടക്ക് വെച്ചു.

""ആ കൊച്ചിവിടെ വന്നാൽ പയ്യെ അതിനെ പറഞ്ഞ് മനസിലാക്കാമെന്നെ. ഒന്നോ രണ്ടോ ധ്യനത്തിന് കൊണ്ട് പോയാൽ മതീ.''

അമ്മച്ചീടെ അഭിപ്രായം അപ്പൻ അംഗീകരിച്ചു.

""പക്ഷേ ഒരു കാര്യം കെട്ട് കഴിഞ്ഞേന്റെ പിറ്റത്തെ ആഴ്‌ചേല് അവളേം കൊണ്ട് നമ്മളെല്ലാരും കൂടെ വേളാങ്കണ്ണിക്ക് പോവും. ഇതൊക്കെ സമ്മതമാണേല് ആ പെങ്കൊച്ചിനേം വിളിച്ചോണ്ട് വന്നോ. പിന്നെ ഈ വീട്ടിലിത്രേ സൗകര്യങ്ങളുള്ളൂന്ന് നേരത്തെ പറഞ്ഞേക്കണം. കക്കൂസിന് പോലും നേരാം വണ്ണമൊരു വാതിലില്ല''

ഇത്രേം പറഞ്ഞപ്പൻ പൊറത്തോട്ടിറങ്ങി.

""എന്നതാണ് നിന്റെ തീരുമാനം.?

അമ്മച്ചിയുടെ ചോദ്യത്തിനവൻ ഒന്നും പറയാതെ അകത്തേക്ക് പോയി.

""പണിക്ക് പോവാതെ പെങ്കാച്ചിനെ പോറ്റാന്ന് കരൂതണ്ട''

അവൻ മിണ്ടാതെ പോയ കലി അമ്മച്ചി തീർത്തത് ഇതു പറഞ്ഞാണ്. അകത്തെ മുറീന്ന് മടങ്ങി വന്ന അവൻ കയ്യിൽ ഒരു സഞ്ചി ഉണ്ടായിരുന്നു. അവൻ അത് ഞങ്ങളുടെ മുന്നിൽ നിലത്തേക്ക് ചൊരിഞ്ഞു. അമ്പതിന്റെ, നൂറിന്റെം നോട്ടുകളായിരുന്നു അത്. ഞാനും അമ്മച്ചീം കൂടെയത് പെറുക്കിക്കൂട്ടി എണ്ണി. മുപ്പതിനായിരം രൂപയൊണ്ടായിരുന്നത്.

""ബൈക്ക് വാങ്ങാൻ വെച്ചതാണ്''

ഇച്ചരേ മൊടന്തുള്ള കാല് മേലോട്ട് വെച്ചാണ് അവൻ അത് പറഞ്ഞത്.

""കക്കൂസിന്റെ വാതില് മാറ്റണം. അപ്പുറത്തൂന്ന് നോക്കിയാ കാണുന്ന ഭിത്തിയേൽ വല്ലതും വെച്ചടക്കണം. ഒറക്കെ മൂളിയാൽ പോലും അപ്പുറത്ത് കേൾക്കും.''

അമ്മച്ചി പറഞ്ഞത് ശരിയാണെന്ന് അവനും സമ്മതിച്ചു. ഗിരീഷിനെ വിളിച്ച്പിറ്റേ ദെവസം തന്നെ അതെല്ലാം മാറ്റാനുള്ള ഏർപ്പാടൊണ്ടാക്കി. അന്ന് ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി അവൻ പുറത്തൂന്ന് ആഹാരം വാങ്ങി വന്നു.

പതിനാല്

""ലേ. ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് മരിക്കാൻ തോന്നണില്ല. പാപ്പനേം അമ്മച്ചീനേം കാണാൻ തോന്നുവാന്ന്. പാവം അമ്മച്ചി കാലുവേദനിച്ച് കെടക്കുന്നതാവും. ഞാൻ ഇറങ്ങുമ്പോൾ അമ്മച്ഛീടെ വേദനേടെ ഗുളിക കഴിഞ്ഞെന്ന് പറഞ്ഞിരുന്നു. അന്നത്തെ ടെൻഷനേൽ ഞാനത് മറന്നതാണ്. അപ്പനും, അവനും, മാലഖമാരും കൂടെ വന്നപ്പോൾ ഞാനും അമ്മച്ചീനെ മറന്നു. ഇലേ ദേ അപ്പൻ ഇപ്പോഴും എന്നെ നോക്കുന്നുണ്ട്. വെള്ളം നെറഞ്ഞ അപ്പന്റെ വയറ് താങ്ങിപ്പിടിക്കുന്ന മാലാഖമാരുടെ ചെറകേൽ നെറയെ വെള്ളപ്പൂക്കളൊണ്ട്. അനിയന്റെ കയ്യിലെ തോക്ക് ഇപ്പോൾ കാണുന്നില്ല. അപ്പന്റെ കയ്യേലൊരു പൊതിയുണ്ട്. ഇന്നും അമ്മച്ചീനെ കാണാൻ പോവുന്നതാണെന്നാ തോന്നുന്നെ. അപസ്മാരത്തിന്റെ ഏനക്കേടാവും അപ്പന്റെ നടത്തത്തീ ഒരു ആട്ടമൊണ്ട്. ഇലേ നമ്മള് മരിക്കണ്ടാ. ഈ മഴ തോർന്നാല് നമുക്ക് വീട്ടിലോട്ട് പോവാം. ഇലേ... നീയെന്നതാ ഒന്നും മിണ്ടാതിരിക്കുന്നെ?''

""അന്നമ്മേ, എനിക്കെന്തായാലും മരിച്ചെ പറ്റത്തുള്ളു..നിനക്ക് പറ്റത്തില്ലേൽ നിന്നെ ഞാൻ റോഡോൽ കൊണ്ടുവിടാം. അവിടെ നിന്നും നീ എങ്ങിനേലും പെക്കൊണം. എനിക്ക് മരിച്ചെ ഒക്കത്തുള്ളൂ. ഇല്ലേല് ജീവിത കാലം മുഴുവൻ ഞാൻ കഷ്ടപ്പെടേണ്ടി വരും. ഞാൻ കാരണം അപ്പനും അമ്മച്ചീം , അവനും പിന്നയാ കൊച്ചും....''

""ഇലേ നെനക്കെന്നതാണ് ഇത്രേം പ്രശ്‌നം. നെനക്കെ് എന്നോടെങ്കിലും ഒന്ന് പറയാൻ പറ്റത്തില്ലേ അത്.?''

""നെന്നോട് ഞാനത് പറയും. നിന്നോടു മാത്രമെ പറയത്തുളളൂ, നിന്റെ അപ്പനും മാലാഖമാരും വന്നതു പോലെ സോനേം കൊറേ മാലാഖമാരേം കാണുവാന്ന് ഞാൻ ഇപ്പോൾ. അവളെ കയ്യേലൊരു കൊന്തയുണ്ട്. പക്ഷേ അത് മുറിഞ്ഞ് തൂങ്ങിയാണ് നിക്കുന്നത്. അന്നമ്മോ നെനക്ക് കാണാൻ പറ്റണൊണ്ടോ? അവരിപ്പോൾ പാടത്തിന്റെ അക്കരേലാണുള്ളത്. അടുത്തോട്ട് വരണുണ്ട്.നീ പറഞ്ഞ പോലേ മാലഖമാരെ ചെറകേലെല്ലാം വെള്ളപ്പൂക്കളുണ്ട്. സോനേടെ ചുറ്റിലും ദിവ്യ വെളിച്ചോം, പൂമ്പാറ്റകളുമൊണ്ട്. പക്ഷേ അവളെ നെഞ്ചേന്നും കയ്യേന്നും ചോരയുറ്റുന്നുണ്ട്. കർത്താവീശോയെ കുരിശേൽ കേറ്റിയപ്പോൾ ചോരയുറ്റി വീഴുന്നത് പോലെത്തന്നെ. നമ്മളെ കൂടെ കൊണ്ടു പോവാനാണ് മാലഖമാരുടെ കൂടെ അവൾ വരുന്നത്. നീയെന്നതാ ഒന്നും മിണ്ടാത്തെ.?''

""ഞാൻ മിണ്ടാതിരിക്കുവല്ല, ഇലേ അച്ഛനും,അവനും മാലഖമാരും ദേ ഇപ്പോൾ എന്റെ തൊട്ടടുത്ത് എത്തും. അവരെ കൂടെ കൊണ്ടു പോവാനാണ് വരുന്നതെങ്കീൽ പോവണം. പക്ഷെ അവസാനമായി പാപ്പനെയൊന്ന് കാണിച്ച് തരാൻ പറയണം അവരോട്. അവൻ സമ്മതിക്കുമായിരിക്കും. ഞാനാദ്യമായി അച്ഛനോട് ഒരു കാര്യത്തിന് പറയുവാണ്. അച്ഛൻ അത് നടത്തിത്തരുമായിരിക്കും. എന്നെ കാണാഞ്ഞിട്ട് അമ്മച്ചി അച്ചനോട് പരാതി പറഞ്ഞതാണേല് അച്ഛൻ വഴക്ക് പറയുന്നതു കേൾക്കേണ്ടി വരും. എന്നാലും കുഴപ്പമില്ല. അപ്പനെ കൊണ്ട് ഞാനെങ്ങിനേലും സമ്മതിപ്പിക്കും''

""എടീ, സോനേനേം മാലാഖമാരേം ഇപ്പോ കാണുന്നില്ല. പക്ഷേ അവൾ വന്ന് പോയപ്പോൾ എനിക്കിച്ചരെ ധൈര്യം വന്നതു പോലെയുണ്ട്. നെന്നോട് പറയണോ വേണ്ടയോ എന്ന് കരുതിയിരുന്നതാണ് ഞാനിപ്പോ ആലോചിക്കുന്നെ''

""അതെന്നതാ ഇലേ.?''

""അത് പറയാം. അതിന് മുന്നെ നീയൊരു പാട്ട് വെക്ക്. നെനക്കിഷ്ടോള്ള ഏതേലുമൊരു പാട്ട്. എടീ ഞാൻ നെന്നെ ഒന്ന് ഉമ്മ വെക്കട്ടെ?''

""എന്നതാടീ നെനക്ക്.?''

""എനിക്കൊന്നുമില്ല. പക്ഷേ നിന്റെ നെറ്റിയേലൊരു ഉമ്മ വെക്കണം. മരിച്ച് കഴിഞ്ഞാല് വേറെ ആരേലും തരുന്നത് പോലെയല്ല. ജീവിച്ചിരിക്കുമ്പോ തരുന്നത്.''

""ഇതു പറഞ്ഞപ്പോൾ മഠത്തിലെ സിസ്റ്റർമാരെയാ ഓർമ്മ വരുന്നത്. രണ്ട് പെണ്ണുങ്ങള് തമ്മീ ഉമ്മ വെക്കുന്നത് വലിയ പാപമാണെന്നാണ് അവര് പറയുന്നെ. പക്ഷേ സോനേം ഞാനും ഉമ്മ വെക്കാറുണ്ടായിരുന്ന്. അവള് തിരുവസ്ത്രം അണിഞ്ഞതിന് ശേഷം അവസാനം കണ്ടപ്പോഴും ഞങ്ങളത് ചെയ്തിരുന്ന്. കോൺവെന്റിലെ ആരും കാണാത്ത ഒരിടത്ത് വെച്ചായിരുന്നത്. ആരോടും പറയരുതെന്ന് അവൾ എന്നെക്കൊണ്ട് ഈശോയെ പിടിച്ച് സത്യം ചെയ്യിച്ചായിരുന്നു. നെനന്നോട് പറഞ്ഞത് സോനക്ക് കുഴപ്പമുണ്ടാവത്തില്ല. ഈശോയും അതങ്ങ് ക്ഷമിക്കും. ഞാൻ പറയാൻ വന്നത് വോറൊരു കാര്യമായിരുന്നു. അന്ന് പുറത്തേക്ക് പോയ അപ്പൻ നേരത്തെ വീട്ടിലെത്തി. കുടിച്ചിരുന്നെങ്കിലും നല്ല ബോധത്തോടെയാണ് അപ്പൻ അന്ന് വന്നത്. വന്നയുടനെ അടുക്കളേലേക്ക് വരാറാണ് പതിവ്. പക്ഷേ അന്ന് അടുക്കളേൽ വന്നില്ല. മുറ്റത്തെ ബെഞ്ചേലാണ് ഇരുന്നത്. എന്നെ അങ്ങോട്ട് വിളിച്ചു. ഞാൻ ചെല്ലുമ്പോൾ അപ്പൻ ഇരുട്ടത്തിരുന്ന് കരയുകയായിരുന്ന്. എന്നതാണ് അപ്പാന്ന് ചോദിച്ചപ്പോൾ അപ്പൻ എന്നെ അടുത്തിരുത്തി. അവിടെ അങ്ങനെ ഇരുന്നപ്പോൾ ഞാനൊത്തിരി ചെറുതായത് പോലെ എനിക്ക് തോന്നി. അപ്പനും അതു പോലലെ തോന്നിയിരിക്കും.

""മോളെ എലേനെ''

തീരെ സങ്കടം സഹിക്കാൻ പറ്റാതാവുമ്പോഴാണ് അപ്പനെന്നെ പേര് വിളിക്കാറുള്ളത്.

""എന്നതാണപ്പാ ഒരു സങ്കടം?''

അപ്പനൊന്നും മിണ്ടതെയെന്നെ കെട്ടിപ്പിടിച്ചു. എന്നിട്ട് അപ്പന്റെ ട്രൗസറിന്റെ കീശേന്നൊരു ഡബ്ബിയെടുത്ത് എന്റെ കയ്യേൽ വെച്ചു തന്നു

""എലേനെ... അപ്പന് നല്ല വെഷമം ഒണ്ട്. എന്റെ കൊച്ചിങ്ങനെ കെട്ടുപ്രയാത്തിൽ നിൽക്കുമ്പോൾ അവന്റെ കെട്ടിന് കൂട്ട് നിക്കാൻ. പക്ഷേ സ്‌നേഹിക്കുന്നോരെ പിരിക്കാൻ നമ്മള് കൂട്ട് നിന്നാല് കർത്താവിനത് ഇഷ്ടമാവത്തില്ല. കർത്താവിന് നെരക്കാത്തത് ചെയ്യുന്ന നമ്മള് കൃസ്ത്യാനികളാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. എന്റെ മോളെ കർത്താവിന്റെ മണവാട്ടിയാക്കണോന്ന് അപ്പൻ കൊറേ ആശിച്ചീരുന്ന്. പക്ഷേ ആ സോനക്കൊച്ചിന്റെ മരണം അറിഞ്ഞതോടെ അപ്പനതങ്ങ് മണ്ണിട്ട് മൂടിയേച്ചതാണ്. കർത്താവ് എന്റെ കൊച്ചിനെ കാത്തതാണ്. ഇല്ലേൽ ഏതേലും കോൺവെന്റിലെ പാതളക്കേണറേന്ന് കിട്ടുന്ന മോളെ ശവം അപ്പൻ കാണേണ്ടി വന്നേനെ. മോളാ ഡബ്ബേലെ മോതിരത്തിന്റെ അളവ് നോക്കിയേര്. അപ്പനൊരൂഹത്തിന് പറഞ്ഞ് മേടിച്ചതാന്ന്. പാകമാവത്തില്ലേൽ മോള് നളെ ടൗണീ ചെന്ന് മാറ്റി വാങ്ങിയേക്കണം. അതിനെന്നാ കൂടുതലെന്ന് വെച്ചാ കൊടുത്തേര്. മീൻ മണമുള്ള കൊറേ നോട്ടുകള് ചുരുട്ടി എന്റെ കയ്യേൽ തന്നു. വെരലിന് പാകത്തിലുള്ളൊരു സ്വർണ്ണ മോതിരമായിരുന്നു ഡബ്ബേലുള്ളത്. ഞാനതിട്ട് അപ്പനു നേരെ വെരല് കാണിച്ചു. അപ്പനപ്പോൾ ചിരിച്ചു. കണ്ണ് നെറഞ്ഞുള്ള ആ ചിരി സങ്കടമാന്നോ സന്തോഷമാന്നോന്ന് അറിയത്തില്ല. തന്ന നോട്ടുകള് മുഴുവൻ ഷർട്ടിന്റെ കീശയിലേക്ക് വെച്ചപ്പോൾ അപ്പൻ എന്റെ നെറ്റിയേൽ ഉമ്മ വെച്ചു,

""എലേനേ, മോളെ കെട്ട് നടത്താൻ അപ്പന് വലിയ ആഗ്രഹമൊണ്ട്. നമ്മളെ ഇടവകേലെ എല്ലാവരേം വിളിച്ച് പോത്തറെച്ചീം ബിരിയാണീം വെച്ച് തന്നയത് അപ്പൻ നടത്തും. പക്ഷേ മോള് അപ്പന് കൊറച്ച് സമയം തരണം. എങ്ങനേലും അപ്പനിച്ചരെ കാശുണ്ടാക്കണം. എന്റെ കൊച്ചിനെ ഞാൻ രാജകുമാരീനെ പോലെ കെട്ടിക്കും. പള്ളിയിലെ അച്ചനോട് ഞാൻ മോളെ കാര്യം പറഞ്ഞിട്ടൊണ്ട്. അങ്ങേര് ഒരു ചെറുക്കനെ കൊണ്ടു വരും. ഇനിയതല്ല എന്റെ കൊച്ചിന് വല്ല ഇഷ്ടക്കാരുണ്ടോല് പറയണം. അപ്പൻ നടത്തിത്തരും. അവനെപ്പോലെ തിയ്യന്മരെയെന്നും എന്റെ കുഞ്ഞ് കൂട്ടത്തില്ലെന്ന് അപ്പനുറപ്പാന്ന്''

ഇത്രേം പറഞ്ഞ് അപ്പൻ എഴുന്നേറ്റ് നടന്നു.

""വരുന്ന കൊച്ചിനോട് ഈപ്പൻ കുഴീനെക്കുറിച്ച് ആരേലും പറഞ്ഞ് കൊടുത്തേക്കണം. ഇല്ലേല് ആ പാപം കൂടെ എന്റെ തലേലാവും.''

അപ്പനാരോടെന്നില്ലാതെ പറഞ്ഞതിൽ കാര്യമൊണ്ടായിരുന്നു'' ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments