ചിത്രീകരണം : ജാസില ലുലു.

വരാൽ മുറിവുകൾ

പതിനഞ്ച്

""അതെന്നതാണ് ഇലേ?''

""മൂന്നാലു കൊല്ലം മുന്നെ കോളനീലൊരു കല്യാണമൊണ്ടായിരുന്നു. പുറത്തൂന്നുള്ള കുടുംബക്കാരെയെല്ലാം വിളിച്ച് വലിയ കല്യാണമായിരുന്നത്. അതോണ്ട് തന്നെ കുറെ കുട്ടികളും വന്നിരുന്നു. അവർക്കാണേൽ ഈപ്പൻ കുഴീന്നെക്കുറിച്ചൊന്നും അറിയത്തില്ലായിരുന്നു. കല്യാണ വീട്ടുകാര് വിരുന്ന് വന്നവരോട് കുട്ടികളെ ശ്രദ്ധിക്കാൻ ഒരൊഴുക്കൻ മട്ടിൽ പറഞ്ഞേയുള്ളൂ. എല്ലാവരും തിരക്കിലായപ്പോൾ കുട്ടികൾ അവരെ ഇഷ്ടത്തിന് കോളനീൽ മുഴുവൻ ഓടി നടന്നു. കല്യാണച്ചെറുക്കൻ നേരിട്ട് വിളിച്ചില്ലെന്നു കെറുവിച്ച് അപ്പൻ അന്ന് വീട്ടിതന്നെ ഇരിപ്പായിരുന്നു. അതൊരു കണക്കിന് നന്നായി, കളിച്ചു കളിച്ച് കുട്ടികളിൽ ചിലര് ഈപ്പൻ കുഴിയുടെ അടുത്തേക്കും എത്തിയിരുന്നു. എത്തീന്ന് മാത്രമല്ല അതിലൊരു കുട്ടി കുഴീടെ ഉള്ളിലേക്ക് കാലു തെന്നുകയും ചെയ്തു, ഭാഗ്യത്തിന് ആ സമയത്ത് അവിടെക്ക് മുള്ളാൻ ചെന്ന അപ്പൻ കണ്ടതോണ്ട് ചെറുക്കൻ കുഴീലേക്ക് വീണില്ല. ചെറുക്കനെ വലിച്ചെടുത്തോണ്ട് അപ്പൻ നേരെ കല്യാണ വീട്ടിലോട്ട് ചെന്നു, എല്ലാത്തിനേം മുട്ടൻ തെറിവിളിച്ചു. ആ ഓർമ്മ വെച്ചാണ് അപ്പൻ അതു പറഞ്ഞത്.

""ഇലേ, അച്ഛനില്ലാത്തതിൽ എനിക്ക് വലിയ വെഷമം ഒന്നുമില്ലായിരുന്നു. പക്ഷേ ഇലയുടെ അപ്പനെ കുറിച്ച് കേൾക്കുമ്പോൾ എനിക്കെന്റെ അച്ഛനെ ഒരു ദിവസമെങ്കിലും ജീവനോടെ തരാൻ പറ്റാനോന്ന് മാലഖമാരോട് ചോദിക്കാൻ തോന്നുവാന്ന്. അവർക്ക് പറ്റത്തില്ലെന്നറിയാം. ദൈവിത്തിനാണേൽ തെരക്കാവും. എന്തോരം പരാതികളാണ് അങ്ങേരെ മുൻപിൽ എത്തുന്നത്. അതിനെടേൽ മുങ്ങിമരിച്ച എന്റെ അച്ചന്റെ കാര്യമൊന്നും അങ്ങേര് കേക്കത്തില്ല..''

""നീയിപ്പറഞ്ഞത് ശെരിയാന്ന്, നമ്മളാണേല് അഞ്ച് രൂപേടെ നാല് മെഴുകുതിരി കത്തിക്കുന്നേയോള്ളു. കർത്താവിന് പള്ളി പണിഞ്ഞതിന്റെം, പെരുന്നാള് നടത്തിയതിന്റെം കണക്ക് പറയുന്നോരെ കാര്യങ്ങൾ തന്നെ തീർക്കാൻ പറ്റണില്ല''

""അതേടീ, മാലാഖമാരുടെ കൂടെ അച്ഛനെയിങ്ങനെ കാണുന്നത് തന്നെ ഭാഗ്യം. ഒരു ദെവസം മാലാഖമാരുടെ എടേന്ന് അവനേം അച്ഛനേം ഞാനെടുക്കും''

""അന്നമ്മേ, നീയെന്നാത്തിനാണ് കരയുന്നത്.?''

""എനിക്കറിയാൻ മേല. പക്ഷെ ഞാൻ കരയുമ്പോൾ എന്റ്‌റെച്ഛനും മാലാഖമാരും കരയുന്നൊണ്ട്. ഇലേ ഈപ്പൻ കൂഴിയിലെ പാപം എന്നതായിരുന്നു; സിസ്റ്റർമാര് പറഞ്ഞ മിശിഹായുടെ കാലത്തുള്ള വല്ലതുമാണോ.?''

""അതൊന്നുമല്ല, കോൺവെന്റീന്ന് സിസ്റ്റർമാര് കുറെ കഥകള് പറഞ്ഞ് തരാറുണ്ടായിരുന്നു. എനിക്ക് അതിലേറ്റവും ഇഷ്ടം ശലമോന്റെം യൂദിത്തിന്റം കഥകൾ ആയിരുന്നു. പക്ഷെ ഈപ്പൻ കുഴീലുള്ളത് ഞാൻ ചെയ്ത പാപമാണത്. കർത്താവ് പൊറുക്കത്തില്ലെന്നുറപ്പുള്ള പാപം. ഞാനും നീയും ഈ പാതിരാത്രിയേൽ തീവണ്ടി വരാൻ കാത്ത് കെടക്കുന്നതിന് കാരണമായ കഥ''

""ഇലേ, നീയിങ്ങിനെ കരയാതെ കാര്യം പറയ്, യൂദിത്തിന്റെ കഥ ഞാനും കേട്ടിട്ടുണ്ട്. ചെറിയച്ഛൻ എനിക്കും അനിയനും പറഞ്ഞു തരാറുണ്ടായിരുന്ന കഥകളിൽ യൂദിത്തും, ദാവീദും,ജോനാഥനും ഒക്കെ ഉണ്ടായിരുന്നു. അതിൽ അനിയന് ഇഷ്ടം ദാവീദിന്റെം, ജോനാഥന്റെയും കഥകൾ ആയിരുന്നു. ഇപ്പോൾ എന്നതാണ് നീ ഈപ്പൻ കുഴിയിൽ ചെയ്ത പാപം എന്നാതന്ന് പറയ്. തീവണ്ടി ഇപ്പോൾ വരും.''

""ഞങ്ങക്കെല്ലാം ഏത് ഇരുട്ടത്തും ഈപ്പൻ കുഴീനെക്കൂറിച്ച് നല്ല ഓർമ്മ കാണും. കണ്ണടച്ച് നടന്നാൽ പോലും ഞങ്ങളതേൽ ചെന്ന് വീഴത്തില്ല. ചെറുപ്പത്തീ അതിന്റെ കരേലിരുന് ഞങ്ങള് കളിക്കാറുണ്ടായിരുന്നു. കാലൊന്ന് തെറ്റിയാൽ പിന്നൊരിക്കലും കയറി വരാൻ പറ്റാത്തത് ആണ് ആ കുഴിയെന്ന് അന്നേ അറിയാമായിരുന്നു. പക്ഷേ ലക്ഷംവീടും പരിസരോം അറിയത്തവരാണേൽ നട്ടുച്ച നേരത്തും അതേൽ വീണേക്കും. പണ്ടങ്ങനെ ആരെല്ലാമോ വീണിട്ടുണ്ടെന്ന് അമ്മച്ചി പറയാറുണ്ട്. വീണാൽ പിന്നെ അയാളെ ശവം പോലും കിട്ടത്തില്ല. ഭൂമിക്കടിയിലെ ഏതോ ഒരു തുരങ്കത്തിലേക്കാണ് പോവുക. പണ്ടെങ്ങോ കോളനീല് വന്ന ഒരു കെണറ് പണിക്കാരൻ കയറു കെട്ടി ഈപ്പൻ കുഴിയേൽ ഇറങ്ങിയിരുന്നു. പകുതി ഇറങ്ങിയ അയാള് കയറേൽ പിടിച്ച് കുലുക്കി ഒച്ച വെച്ചു. ആളുകളെല്ലാം കൂടെ വലിച്ച് കയറ്റിയപ്പോൾ കെണറ് പണിക്കാരന്റെ വായേന്ന് നുരേം പതേം വരുന്നൊണ്ടായിരുന്ന്. ബോധവുമില്ലായിരുന്നു. ഒടനെ തന്നെ ആശുപത്രീൽ എത്തിച്ചതോണ്ട് ആള് രക്ഷപ്പെട്ടു. എന്തോ വെഷവാതകം ശ്വസിച്ചതാണ് കാരണമെന്നാണ് ആശുപത്രീന്ന് അന്നു പറഞ്ഞത്. അന്ന് രക്ഷപ്പെട്ട കെണറ് പണിക്കാരനാണ് പറഞ്ഞത് ഈപ്പൻ കുഴിക്ക് കണ്ണു കാണാത്ത അത്രേം ആഴമൊണ്ടെന്നും രണ്ടോ മൂന്നോ തുരങ്കം ഒണ്ടെന്നുമാണ്. അയാളെ തലേൽ വെച്ച ടോർച്ചിന്റെ വെളിച്ചത്തേലാണ് അത് കണ്ടത്. അതിനു ശേഷം കുഴി മൂടാൻ പലരും ശ്രമിച്ചിരുന്നു. പക്ഷേ ലക്ഷംവീട് കോളനിക്കാരെ കാര്യം ആയതോണ്ട് ആർക്കും വലിയ ഉത്സാഹമില്ലായിരുന്നു. അല്ലേലും നമ്മളെ പോലുള്ളോർക്ക് കർത്താവിനടുത്തും ഭൂമീലും രണ്ടാം തരമാണ്. അപ്പാപ്പിയും കൊറേക്കാലം ഈ പേരും പറഞ്ഞ് കോളനിക്കാരെ പൈസ വാങ്ങിച്ച് കള്ളു കുടിച്ചിട്ടൊണ്ട്. ഇപ്പഴാണേൽ തൂറീതും,പൊറത്തായതിന്റെം തൊടങ്ങീ സകല വേസ്റ്റും ഈപ്പൻ കുഴിലോട്ട് വലിച്ചെറിയാണ്. കോളനിക്കാരെ കൂടെ ഈപ്പൻ കുഴീം അവിടെയൊള്ള ഒരാളായിത്തീർന്നു. പുതുതായി വരുന്ന ആ പെങ്കൊച്ച് അറിയാതെ ഈ കുഴിലോട്ട് വീഴുമെന്നതാണ് അപ്പൻ പറഞ്ഞ പേടി.

ഞാനത് അവനൊടും അമ്മച്ചിയോടും പറഞ്ഞു. അവരുമത് ശരിയാന്ന് സമ്മതിച്ചു. പിറ്റേ ദെവസം തന്നെ ഗിരീഷും രണ്ട് കൂട്ടുകാരും വന്ന് ഭിത്തിയുടേയും, ഷീറ്റിന്റെം എടേലെ വിടവ് അടച്ചു. കല്ല് വെച്ചടക്കാൻ പറ്റാത്തോണ്ട് ഇരുമ്പ് ഷീറ്റ് വെച്ചാണത് അടച്ചത്. വെൽഡിംഗ് പണിക്കാരെ കണ്ട് അമ്മായി ഓടി അമ്മച്ചീടെ അടുത്ത് എത്തിയിരുന്നു. എന്നാതാണ് എലീനക്ക് വല്ല ആലോചനേം വന്നോന്ന് ചോദിക്കാനായിരുന്നു വന്നത്.

""ഓ അങ്ങനോന്നുമില്ല കൊറെ നാളായി ഞങ്ങളവിടെ കെട്ടി കുടുക്കാൻ ആലോചിക്കുന്ന്. ഇപ്പഴാന്ന് പണോം പണിക്കാരും ഒത്ത് വന്നത്''

അമ്മച്ചി പറയുന്നത് മുഴുവനായി കേൾക്കൻ നിക്കാതെ അമ്മായി അപ്പുറത്തെത്തിയിരുന്നു. അവളെ വീട്ടിലേക്ക് കൊണ്ടു വരുന്നത് വരെ ആരും ഒന്നും അറിയാൻ പാടില്ലെന്ന് അവൻ പറഞ്ഞത് അമ്മച്ചി മറന്നില്ല. അവൻ വന്നോന്ന് അപ്പാപ്പിയെ പറ്റി അമ്മച്ചി അമ്മായിയോട് അന്വേഷിച്ചപ്പോൾ മുതൽ എന്റെ നെഞ്ചിടിക്കാൻ തൊടങ്ങി. മഠത്തീന്ന് മടങ്ങി വന്നതുമുതൽ അയാളെക്കുറിച്ച് കേൾക്കുമ്പോഴെല്ലാം ഞാനങ്ങനെ ആയി മാറിയിരുന്നു. അന്ന് തന്നെ കക്കൂസിന് പുതിയ വാതില് വെച്ചു. ഞങ്ങള് നാലു പേരും ചേർന്ന് വീടിനുള്ളിലും പൊറത്തും അടിച്ചു വാരി വൃത്തിയാക്കി. അപ്പന്റെ നിർബന്ധം ആയിരുന്നത്.

""വേറൊരു വീട്ടിന്ന് വരുന്ന പെങ്കൊച്ചാന്ന് അതിന് ഇച്ചരെ കാറ്റും വെളിച്ചോം കിട്ടണം. ഇവിടെയീ മാറാലേം പാറ്റേം പെരുകി കെടക്കാണ്.''

അപ്പൻ തന്നെയാന്ന് ആദ്യമൊരു ചൂലുമെടുത്ത് ഇറങ്ങീത്. മൂന്ന് ദെവസം രാത്രീം പകലും ഞങ്ങള് മെനക്കട്ട് വീട് വൃത്തിയാക്കി. സത്യത്തീ ആ വീടിന് ഇത്രേം നെറമുണ്ടായിരുന്നൂന്ന് ഞാൻ അന്നാണ് അറിഞ്ഞത്. ഭിത്തീടെ മോളിൽ ഷീറ്റ് വെച്ച് മറച്ചതിനു ശേഷം ഉറങ്ങാൻ കെടക്കുമ്പോൾ എനിക്ക് ശരിക്കുറങ്ങാൻ പറ്റിയിരുന്നു. തുപ്പലുറ്റിച്ച് എന്നെ നോക്കുന്ന വരാലിനെ സ്വപ്നം കാണാത്ത മൂന്ന് രാത്രികളായിരുന്നത്. നീ കേൾക്കണുണ്ടോ അതോ അപ്പനേം മാലഖമാരേം കണ്ടോണ്ട് ഇരിക്കാണോ.?

""ഞാൻ കേൾക്കുവായിരുന്നു ഇലേ. ഇടക്ക് ഞാനാ ഈപ്പൻ കുഴീലെറങ്ങി, അതിനകത്തൂന്ന് സോന വീണ കെണറിലോട്ട് വഴിയൊണ്ടോന്ന് ആലോചിച്ചു. അപ്പോൾ അച്ഛനും മാലഖമാരും വന്ന് എന്നെ മോളിലോട്ട് വലിച്ചെടുത്തു. പിന്നെ ഞങ്ങളെല്ലാരും കൂടെ നീ പറയുന്ന കഥ കേൾക്കുവായിരുന്ന്. അവരിപ്പഴും ഇവിടയൊണ്ട്. ഇല പറയ് അന്നെന്താണ് ഒണ്ടായതെന്ന്''

""നാലാമത്തെ ദെവസം രണ്ട് കാര്യങ്ങളൊണ്ടായി. ഒന്നാമത്തേത് അവൻ നാത്തൂനേം കൂട്ടി വീട്ടിലോട്ട് വന്നു കയറീതാണ്. രണ്ടാമത്തേത് അതേ സമയത്ത് തന്നെ അപ്പാപ്പിയും വന്നതെന്നാണ്. അവനും നാത്തൂന്നും വന്നതിന്റെ തൊട്ടു പിന്നാലെ അമ്മായിയും കയറി വന്നു. അമ്മച്ചിക്കൊപ്പം അവളെ മുറിക്കകത്തോട്ട് കയറ്റിയതിന് ശേഷമാണ് അമ്മായി പൊറത്തിറങ്ങീത്. അവര് പോയേപ്പിന്നെ അയൽക്കാര് ഓരോരുത്തരായി എത്തി.

""ഈ കറുത്ത ചെറുക്കന് കിട്ടിയ പെണ്ണ് കൊള്ളാമല്ലേ, എന്നാ കണ്ടിട്ടാ പൊലയക്കുടീലെ ചെറുക്കന്റെ കൂടെ പെണ്ണ് ഇറങ്ങി വന്നത്''

വീടിന് പൊറത്തൂന്നും അകത്തൂന്നും പലരും പറയുന്നതായിരുന്നത്.

""ഇവള് കൃസ്ത്യാനി ആണോ?''

അപ്പനേം തെരഞ്ഞ് വന്ന കപ്യാരെ ചോദ്യമായിരുന്നത്.

""തിയ്യത്തി ആന്ന്''

""മ്മ്..''

അപ്പനത് പറഞ്ഞപ്പോൾ കപ്യാരൊന്ന് ഇരുത്തിമുളി.

""എന്നതായാലും നീയൊന്ന് പള്ളിയേലോട്ട് വരണം; അച്ഛൻ അന്വേഷിക്കുന്നുണ്ട്''

ഉച്ചവരെ പലരും വന്നും പോയുമിരുന്നു. അപ്പായി മാത്രം വന്നില്ല. അവനെന്തിയേന്ന് അപ്പൻ ചോദിച്ചപ്പോൾ ഒറങ്ങാണെന്ന് അമ്മായീടെ ഒച്ച പൊന്തി. അതിനെടേൽ ഞാനും നാത്തൂനും നല്ല കൂട്ടായി. അവൾ ടൗണീ പഠിക്കാണന്നും. അവളിനീം പഠിക്കാൻ പോവുമെന്നും ഒറപ്പ് പറഞ്ഞു.

""ചേടത്തിയെ, രണ്ട് ദെവസം കഴഞ്ഞാൽ ഈ തെരക്കും പുതുമേം മാറും. ഇവിടന്നാണേൽ കോളേജി പോവാൻ എളുപ്പമാണ്. എട്ടരേന്റെ ബസ്സീ കയറിയാൽ കോളേജിന്റെ മുൻപീ തന്നെ ഇറങ്ങാം''

അതു കേട്ടുവന്ന അപ്പന് അവൾ പറഞ്ഞത് അത്ര ഇഷ്ടായില്ലെന്ന് മുഖം കണ്ടപ്പാേൾ എനിക്ക് മനസ്സിലായി. കെട്ട് കഴിഞ്ഞാൽ പിന്നെ പഠിക്കാനൊന്നും പോവണ്ടാന്നാണ് അപ്പന്റെ കാര്യം. പക്ഷേ അമ്മച്ചിയാണേൽ നേരേ തിരിച്ചും പറ്റുവാണേൽ മോള് നാളെത്തന്നെ കോളേജി പോണമെന്നായിരുന്നു അത്. സന്തോഷങ്ങളൊക്ക. അന്ന് ഉച്ച വരെ മാത്രേ ഒണ്ടായിരുന്നുള്ളൂ. അവളെ അച്ഛനും ആങ്ങളേം വേറെ ആരൊക്കെയോ കൂടി ഞങ്ങളുടെ കോളനീൽ വന്നു. വീടിന് പുറത്ത് നിൽക്കായിരുന്ന അപ്പനെ അവര് തല്ലി. പൊലയാന്ന് വിളിച്ചായിരുന്ന് അവരുടെ ബഹളം മുഴുവൻ. ഞാനും അമ്മച്ചീം പേടിച്ച് വീട്ടിനുള്ളിൽ തന്നെയിരുന്നു. പൊറത്തെറങ്ങാൻ തുനിഞ്ഞ അവളേം അമ്മച്ചി വിട്ടില്ല. അവനേം അവര് മൂന്നാലാള് ചേർന്ന് തല്ലാൻ തൊടങ്ങി. അമ്മച്ചീടെ കരച്ചില് ഒച്ചത്തിലായി. ഇതൊക്കെ കേട്ട് വീടിന് വെളിയില് വന്ന അപ്പായിടെ നേരേയും അവര് തട്ടിക്കയറി. അങ്ങനെയാന്ന് ഈ പ്രശ്‌നം പോലീസ് സ്റ്റേഷനീ എത്തിയത്.

""പൊലയന്റെ കൂടെയാന്നോ ഒളിച്ചോടിയത്''

നാത്തുനോട് ഒരു പോലീസുകാരൻ ചോദിച്ചതാണ്. അവൾ അയാളെ തറപ്പിച്ചൊന്ന് നോക്കി. നിങ്ങളാരാണ് അത് പറയാനെന്ന് അവൾ തിരിച്ചു ചോദിച്ചു. അതു കേട്ടതും അയാൾ ഒന്നും മിണ്ടാതെ പോയി. അപ്പാപ്പിയുടെ പാർട്ടിക്കാരെ എടപെടൽ കൊണ്ട് ഞങ്ങളെല്ലാരും അന്ന് തന്നെ സ്റ്റേഷനീന്ന് വീട്ടിലോട്ട് വന്നു. എല്ലാം ഞാനേറ്റടാ കൊച്ചനേന്നും പറഞ്ഞ് അപ്പാപ്പി അവന്റെ കയ്യീന്ന് ഇച്ചരെ പൈസയും വാങ്ങി പോയി. പിറ്റെ ദിവസം അവര് രണ്ടു പേരും കോടതീൽ ഹാജരായി. കോടതി, നാത്തൂന്റെ സ്വന്തം ഇഷ്ടത്തിന് വിട്ടു. അന്നും പിറ്റേന്നും പ്രശ്‌നങ്ങളൊന്നുമില്ലാതെ കഴിഞ്ഞ് പോയി.

""ഇലേ എന്നിട്ട് എന്നതാ പറ്റിയെ? മാലഖമാർക്കും അതറിയാൻ തിടുക്കമൊണ്ട്''

""ഞാൻ പറയാം, നീയൊന്ന് തെരക്കുണ്ടാക്കാതെ അടങ്ങിയിരിക്ക്. അവരെ കൂട്ടത്തീ സോനേനെ കാണുന്നൊണ്ടാ.? എനിക്കവളെ ഒന്ന് കാണാം തോന്നുവാന്ന്. ഇനി പോലയത്തി ആയതോണ്ട് മാലാഖമാര് എനിക്ക് അടുത്തോട്ട് അവളെ വിടാതിരിക്കുവാന്നോ?''▮

​​​​​​​(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments