ചിത്രീകരണം: ജാസില ലുലു

ശ്ലീലം

അധ്യായം അഞ്ച് : ഓന്ത്

പേടികൊണ്ടാണ് ഏത് സ്ത്രീയും പ്രസവിക്കുന്നത്. വയറ്റിൽ വെച്ച് തന്നെ തന്റെ കുഞ്ഞ് മരിച്ചുപോകുമോ എന്ന പേടി. മുഖം ഒന്ന് കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്ന പേടി. വളരുന്നില്ലേ എന്ന പേടി. ജനിച്ചു കഴിഞ്ഞാലും പേടികൊണ്ടല്ലാതെ മുതിരുന്നവർ ആരെല്ലാമാണ്.

സെൻ ഗുരു ലോപിച്ചാണ് ഓന്ത് ഉണ്ടായത്. ആലോചനയില്ലാത്ത ഒരു നിമിഷം പോലും അതിനില്ല. മുഴുവൻ ലോകത്തിനു വേണ്ടിയും മനുഷ്യനെ ഉണ്ടാക്കുന്നതിനു മുമ്പെ ആലോചിച്ചുകൊണ്ടിരുന്നത് ഓന്തുകളാവണം. ആലോചിച്ച് ആലോചിച്ച് നിറം മാറിപ്പോയതുപോലും അറിഞ്ഞില്ല എന്നു വേണം കരുതാൻ.

പക്ഷെ എപ്പോഴും ഇങ്ങനെ പിടുത്തം വിട്ട് ആലോചിക്കേണ്ടതിന്റെ ആവശ്യം എന്താണ്. ഒരിക്കലും ഒരു ബസ്സിൽ കേറേണ്ട ദുര്യോഗം ഓന്തുകൾക്കുണ്ടായിട്ടില്ല. മതാചാരപ്രകാരമോ, അല്ലാതെയോ കല്യാണം കഴിക്കേണ്ടി വന്നിട്ടില്ല. ജീവിതത്തിന്റെ കുറേയധികം ദിവസങ്ങൾ പുസ്തകങ്ങൾ മാത്രം പഠിക്കാൻ വിധിക്കപ്പെട്ടിട്ടില്ല. സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും ഏതു വഴി നടക്കാനും കടക്കാനും അനുവാദമുണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോൾ ഓന്തുകൾ മറ്റു പല ജീവികളേയും പോലെ ഭാഗ്യവാന്മാരാണ്. ഉൽപത്തി മുതൽ അവരുടെ ചരിത്രത്തിൽ ഒരണുബോംബു പോലും വീണിട്ടില്ലെന്നോർത്ത് വിചിത്രവീര്യന് ആശങ്കയുണ്ടായി.
തന്റെ ജനാലയ്ക്കൽ നിന്ന് ഒരവിവാഹിതന്റെ പുലർച്ചയിലേക്ക് ഒളിഞ്ഞു നോക്കുന്ന ആ ജീവിയെ കുറച്ചു നേരത്തേക്കെങ്കിലും അവഗണിക്കാതിരിക്കാൻ വിചിത്രവീര്യന് സാധിച്ചിട്ടില്ല.

ഒഴുക്കില്ലാത്ത ആ അരുവിയിലേക്ക് വീണാൽ അതൊരു ഫോസിലാക്കപ്പെടുമെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു. ഒരു പക്ഷെ അങ്ങനെ ആ ചതുപ്പിലേക്ക് വീഴുന്ന പക്ഷം ഈ ഓന്തും താനം ഏതാണ്ട് ജീവിതത്തിൽ സമൻമാരായി തീരുമെന്ന് വിചിത്രവീര്യന് തോന്നി. അങ്ങനെയൊരു ചിന്ത അതിനുണ്ടായിരിക്കാനിടയുണ്ടെങ്കിലും അതത്ര ഉറപ്പില്ലാത്ത ഒന്നായിരുന്നു. പൊടുന്നനെ ദീപന്റെ ഒരു മിസ്‌കോൾ ഫോണിൽ മലർന്നടിച്ചു വീണു.
അപ്പോൾ തിരിച്ചു വിളിക്കാനുളള ധൈര്യം എന്തുകൊണ്ടോ വിചിത്രവീര്യനുണ്ടായില്ല.

മിനിഞ്ഞാന്ന് ഇറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് ഒരു വശത്തേക്ക് മാറ്റി നിർത്തികൊണ്ട് ദീപൻ പറഞ്ഞത് ഓർമ്മയിലേക്ക് പറന്നെത്തി.
എന്റെ ഇവിടുത്തെ ആദ്യ ദിവസം. ഝാൻസി റാണിയെ തുണിയഴിച്ചതും എന്റെ പൂവ് നിന്ന നിൽപിൽ വിരിഞ്ഞു. റെസ്റ്റ് റൂമിൽ വന്ന് തൊട്ട് നോക്കിയപ്പോൾ ഒരു മഴ പെയ്ത പോലുണ്ട്. എന്നിട്ട് പത്ത് മിനിറ്റെന്ന് പറഞ്ഞ് ഇവിടുന്നെറങ്ങി തൊട്ടടുത്തുളള സീനത്ത് ടെക്‌സറ്റയിൽസിൽ പോയി ഒരു ജോക്കി വാങ്ങി മാറ്റിയാണ് ഞാൻ തിരിച്ചു വന്നത്. ഭാഗ്യം ആർക്കും സംശയം തോന്നിയില്ല. അമ്മാതിരി ഉരുപ്പിടിയാ.....
എനിക്കിപ്പോഴും നല്ല ഓർമ്മയാ... ചരിത്രപുസ്തകത്തിൽ ഝാൻസിയുടെ ഒരു ഫോട്ടോയുണ്ടായിരുന്നു. അന്ന് അത് കണ്ടാ കൊച്ചു കുട്ടികൾക്കു പോലും പ്രായപൂർത്തിയാവുമായിരുന്നു. അതാണ് സൈസ്. ഇവിടെ വന്നപ്പോ ഞാൻ ഞെട്ടി. ആള് നേരിൽ മുന്നിൽ വന്ന് നിൽക്കുന്നു.

വിചിത്രവീര്യൻ ഫോണിലേക്ക് നോക്കി. വേഗത്തിൽ വസ്ത്രങ്ങളഴിച്ച് കാലുകൾ ജനലിലൂടെ പുറത്തേക്കിട്ട് മേശയിൽ കിടന്ന് സ്വന്തം ഉപകരണം പിടിച്ചെടുത്തു ഇത്തവണ ജയഭാരതിയെ മനസ്സിലേക്ക് കൊണ്ടു വന്നു. ഒന്നും നടക്കുന്നില്ലെന്ന് കണ്ട് സെറീനയേയും ഫിലോമിനയെയും മിഷേൻ ഒബാമയേയും കൊണ്ടുവന്നു. തന്റെ ഉപകരണം വല്ലാതെ വരണ്ട് പോയിട്ടുണ്ടെന്ന് കരുതി ആഞ്ഞു വലിച്ചു. ഒന്നും സംഭവിച്ചില്ല. വീണ്ടും ഡ്രസ് തിരികെ കയറ്റി വിചിത്രവീര്യൻ മുറി പൂട്ടി. മുറി പൂട്ടിയിരുന്നു എന്നത് ഒരു തോന്നൽ മാത്രമാണെന്ന് തിരികെ വരുമ്പഴേ അയാൾ പക്ഷെ മനസ്സിലാക്കുകയുളളൂ.

ഓണം അടുക്കുന്നതിന്റെ തിരക്ക് കടയെ പൂരപ്പറമ്പാക്കി കൊണ്ടിരുന്നു. വന്നു കേറുമ്പോഴേക്ക് തനിക്കു വേണ്ടി ജൂലി ആടയാഭരണങ്ങളുമായി കാത്തിരിക്കുന്നുണ്ടായിരുന്നു.
നമ്മളോട് മൂന്നാം നിലയിൽ നിന്ന് തുടങ്ങാൻ പറഞ്ഞു. ദീപൻ കുറച്ച് വൈകും.
ജൂലി മുന്നിൽ നടന്നു.
വിചിത്രവീര്യന് ഒരാശ്വാസം തോന്നി.
ദീപനുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ എല്ലാം ഒറ്റയടിക്ക് തകർന്നേനെ. വിചിത്രവീര്യൻ ജൂലിയോടൊപ്പമെത്തി ചിരിക്കാൻ ശ്രമിച്ചു.
ഇന്നലെ വരാത്തതിന്റെ കാരണം ജൂലിക്കറിയണമെന്നുണ്ടെന്ന് വിചിത്രവീര്യനു തോന്നി. പക്ഷെ താൻ കണ്ടുമുട്ടാൻ പോകുന്നത് ഏത് കുലക്കാരിയെയാണെന്ന ചിന്ത അയാൾ കഴിഞ്ഞ ദിവസത്തെ പരിശീലന പാഠങ്ങളിലേക്ക് കൊണ്ടുചെന്നെത്തിച്ചു.

കണ്ണ് ശരിക്കും ഒരൊഴിഞ്ഞ സ്ഥലമാണ്. അല്ലെങ്കിൽ കനം കുറഞ്ഞ കണ്ണാടിയെന്നും പറയാം. അതിൽ തല തിരിഞ്ഞ രൂപമാണ് ശരിക്കും ആദ്യം കാണുക. തലച്ചോറാണ് അത് നേരെയാക്കുന്നത്. തുളച്ചു കേറാൻ കഴിയുന്ന ഒന്നും തന്നെ കണ്ണുകളിലില്ല. ഒഴിഞ്ഞ ഒരു കുമിളയ്ക്ക് എന്തു ചെയ്യാനാകും. കാണുക എന്നതിൽ കവിഞ്ഞ ഒരു ശക്തിയും കണ്ണുകൾക്കില്ല.

ഇന്നലെ എന്തു പറ്റി എന്ന് ചോദിച്ചാൽ ബുദ്ധിമുട്ടാവുമോ?
ജൂലി സ്വന്തം ഭാഷ പുറത്തെടുത്തിരിക്കുന്നു. പക്ഷെ അപ്പോഴേക്കും സെയിൽസ്മാൻ ജോസഫ് മുതലാളി വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് പുറത്ത് തട്ടി.
മുറിയിലേക്ക് കടക്കുമ്പോൾ ചെറിയൊരു സമാധാനം തോന്നിയെങ്കിലും ഒന്നും പറയാതെ കുറച്ചു നേരം മുതലാളിയുടെ മുറിയിൽ നിന്നപ്പോൾ കാര്യങ്ങൾ അത്ര പന്തിയല്ലെന്നും താൻ കാര്യമായ എന്തോ തെറ്റിൽ അകപ്പെട്ടിരിക്കുകയാണെന്നും വിചിത്രവീര്യൻ ഉറപ്പിച്ചു.

ഇത് സത്രമല്ല വരുന്നില്ലെങ്കിൽ ഫ്‌ളോർ മാനേജറെ വിളിച്ചു പറയണം.
അല്ലെങ്കിൽ പിന്നെ വരണ്ട കമ്പ്യൂട്ടറിൽ നിന്ന് കണ്ണെടുക്കാത ഇത്രയും പറഞ്ഞ് മുതലാളി പോവാൻ ആഗ്യം കാണിച്ചു.

ആ തണുത്ത മുറിയിലും ശരീരം വിയർത്തത് വിചിത്രവീര്യൻ അറിഞ്ഞു.
വാക്കുകൾ ഉറയിലിട്ടു വെച്ച ആയുധങ്ങളാണ്. അതിന്റെ മൂർച്ചയെ മറച്ചുവെക്കാൻ അധികകാലം ആർക്കും ആവില്ല.
വിചിത്രവീര്യൻ പിന്നുകൾ ഓരോന്നായി അഴിക്കാൻ തുടങ്ങിയിരിക്കുന്നു. വിയർത്ത് നനഞ്ഞ കൈയ്യിലേക്ക് ജൂലി നോക്കുന്നതും വീണ്ടുമെന്തോ ചോദിക്കാൻ അവൾ തിടുക്കം കാട്ടുന്നതും വിചിത്രവീര്യന് മനസ്സിലാക്കാമായിരുന്നു.
പലയിടങ്ങളിലേക്ക് നോക്കി സാരി പൂർണ്ണമായി ഊരിക്കഴിഞ്ഞതും ശരീരം ആകെ എലിക്കുട്ടിയെപ്പോലെ വിറക്കുന്നു എന്ന സത്യം ഒളിപ്പിക്കാൻ വിചിത്രവീര്യൻ ആവുന്നതും ശ്രമിച്ചു.

താൻ ചെയ്യണോ എന്നൊരു ചോദ്യം ജൂലിയുടെ ഉളളിൽ കുരുങ്ങിയിട്ട് കുറേ നേരം കഴിഞ്ഞിരുന്നു. മറ്റൊരാളുടെ ജോലിയിൽ ഇടപെടരുതെന്ന പലവട്ടം കേട്ടിട്ടുളള താക്കീത് അവളെ ഭൂമിയിലേക്ക് ആഴ്ത്തി കുഴിച്ചിട്ടു.
എന്താ.... എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ... ജൂലി പറഞ്ഞൊപ്പിച്ചു.
തന്റെ കണ്ണുകൾ നിറയുകയാണെന്നും ഇനി ഒരാളുടെയും മുഖത്ത് നോക്കാൻ പോലുമാവില്ലെന്ന് തോന്നി തുടങ്ങിയപ്പോഴേക്ക് ദീപന്റെ ശബ്ദം അടുത്തു.
സൂര്യനെല്ലിയോടാ കളി...
വിചിത്രവീര്യൻ ദീപന് സലാം പറയാൻ ശ്രമിച്ചു.
കുറച്ചു വൈകി. എന്നാലും നല്ല കണിയാ... ഇവളെ ഒന്ന് പച്ചയ്ക്ക് കാണാനായ് എത്ര മനുഷ്യന്മാർ ഊണും ഉറക്കവും കളഞ്ഞ് കാത്തിരിപ്പുണ്ടെന്ന് അറിയോ? ഇവളെയൊക്കെ ഉടുപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനാ.... പിന്നെ എന്താ ചെയ്യാ.....

വിചിത്രവീര്യൻ അടുത്തേക്ക് നിന്ന് ബ്ലൗസിന്റെ ഹുക്ക് വലിക്കാൻ ശ്രമിച്ചു. ഹുക്കുകൾ അഴിഞ്ഞതും പൂർണ്ണമായ മാറ് പുറത്ത് ചാടി നിലവിളിച്ചു.
കണ്ണുകൾ നിറഞ്ഞ് പുറത്ത് ചാടി. ഉയർത്താൻ ശ്രമിക്കുന്തോറും കൈകൾ വിറച്ച് അകന്നു.

എന്ത് പറ്റി... സൂര്യനെല്ലിയെ നെട്ട് പൊളളിയോ....... അതോ...............
വിചിത്രവീര്യൻ ദീപനെ നോക്കി
നിറഞ്ഞ കണ്ണുകൾ കണ്ട് ദീപന് ചിരി വന്നു.
എനിക്കപ്പഴേ തോന്നി. എന്തോ പണി കിട്ടിട്ടുണ്ട്. അതാണ് .......... തൊടുമ്പം ബോധക്കേടും വിറയലും...

ദീപന്റെ ചിരികേട്ട് ഒന്നു രണ്ട് സെയിൽസ്മാൻന്മാർ കൂടി വന്നു. വിചിത്രവീര്യൻ ഒന്നും മിണ്ടാതെ തല കുമ്പിട്ടു നിന്നു വിറച്ചു കൊണ്ടിരിക്കുന്ന വിരലുകളെ കൊന്നു തരണേ എന്ന് പ്രാർത്ഥിച്ചു.

എനിക്കിത് പറ്റില്ല. എന്തോ പോലെ..........
വിചിത്രവീര്യൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
അതു നന്നായി. ഇതൊക്കെ ഒരു സ്‌പോട്‌സ്മാൻ സ്പിരിറ്റിൽ ..... അല്ല ശരിക്കും എന്താ പ്രശ്‌നം........... ദീപൻ ചിരി തുടർന്നു.
ജൂലിയെ ഒന്നു നോക്കണമെന്ന് വിചിത്രവീര്യന് തോന്നി. പക്ഷെ അവൾ തലയാട്ടിയില്ലെങ്കിൽ ഇത് തീർത്തും അപരിചിതമായ ഒരു സ്ഥലമായി മാറുമെന്ന് വിചിത്ര വീര്യന് അറിയാമായിരുന്നു.
വിചിത്രവീര്യന്റെ കണ്ണുകളിൽ നിന്ന് മഴപ്പാറ്റകൾ പൊടിമെന്ന് ജൂലി വിശ്വസിച്ചു. പക്ഷെ അതിനു നിൽക്കാതെ ഞാനിപ്പം വരാമെന്ന് പറഞ്ഞ് വിചിത്രവീര്യൻ പടികളിറങ്ങി.

പേടികൊണ്ടാണ് ഏത് സ്ത്രീയും പ്രസവിക്കുന്നത്. വയറ്റിൽ വെച്ച് തന്നെ തന്റെ കുഞ്ഞ് മരിച്ചുപോകുമോ എന്ന പേടി. മുഖം ഒന്ന് കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്ന പേടി. വളരുന്നില്ലേ എന്ന പേടി. ജനിച്ചു കഴിഞ്ഞാലും പേടികൊണ്ടല്ലാതെ മുതിരുന്നവർ ആരെല്ലാമാണ്. ആരുമില്ല തന്നെ. തനിച്ചായിപ്പോവുമോ എന്ന പേടിയിൽ ഒപ്പത്തിനൊപ്പം എല്ലാവരും വളരുകയാണ്. പേടിച്ച് പേടിച്ച് മരിക്കുകയാണ്.

അധ്യായം ആറ് : കുമിള

രപകടം ദുരന്തമാവുന്നത് അത് ജീവിതാവസാനം വരെ പിന്തുടരുക കൂടി ചെയ്യുമ്പോഴാണ് പരാജയപ്പെട്ടു എന്നുറപ്പുളളിടത്ത് വെച്ച് മനുഷ്യൻ ഭാഷ ഉപയോഗിച്ചു തുടങ്ങുന്നു. കരച്ചിലു കൊണ്ട് മാത്രം എല്ലാം മറച്ചുവെക്കാനാവില്ലെന്ന തോന്നലിലാണ് വാക്കുകൾ ഉരുവം കൊളളുന്നത്. ഒരാളുടെ ഭാഷ ശ്രദ്ധിച്ചാൽ അറിയാം അയാൾ എത്രമാത്രം പരാജയപ്പെട്ട മനുഷ്യനാണെന്ന്. സമ്മതിക്കാനിഷ്ടമില്ലാത്ത അയാളുടെ പരാജയമാണ് അയാൾ ഭാഷ കൊണ്ട് നീട്ടിക്കൊണ്ടു പോകുന്നത്. അത്ര നല്ല കലാരൂപം വേറെയില്ല.
ഉച്ചയോടെ ടെക്സ്റ്റയിൽസിൽ നിന്നിറങ്ങുമ്പോൾ പുറകിൽ നിന്ന് ഒരാൾ വാതിൽ വലിച്ചടക്കുന്നുണ്ടെന്ന് വിചിത്രവീര്യന് തോന്നി.

ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ദീപന്റെ ചിരിഒരു വൈറസിനെ പോലെ എല്ലാ ജോലിക്കാരിലേക്കും പടരുന്നത് വിചിത്രവീര്യൻ കണ്ടുകഴിഞ്ഞിരുന്നു. നേരെ റെസ്റ്റ് റൂമിൽ കേറി ശബ്ദമില്ലാതെ വാപൊത്തി നിലവിളിച്ചു. കണ്ണുകൾ തുറക്കാൻ ശ്രമിച്ചപ്പോൾ ജൂലി മുമ്പിലുണ്ട്.
അതിനുമാത്രം എന്താണ് സംഭവിച്ചത്? സാരമില്ല. അവൾ അയാളുടെ തോളിലേക്ക് കൈവെക്കാൻ ഒരുങ്ങുന്നതിനു മുമ്പെ വിചിത്രവീര്യൻ അവളുടെ കൈകൾ ചേർത്തു പിടിച്ചു.
എനിക്ക് നിന്റെ കണ്ണുകളിലേക്ക് നോക്കാൻ പോലുമുളള ധൈര്യമില്ല.
അവൾ ഒന്നും പറഞ്ഞില്ല.
അയാൾ കൂടുതൽ പറയുമെന്ന് അവൾക്ക് തോന്നിയില്ല പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്.

ഞാനല്ല അതു ചെയ്തത്. പക്ഷെ ആ നോട്ടം എന്നെ ചവിട്ടി താഴ്ത്തി കൊണ്ടിരിക്കുന്നു.
ഒന്നും മനസ്സിലായില്ലെങ്കിലും അവൾ തലയാട്ടി.
ഒരപകടം ദുരന്തമാവുന്നത് അത് ജീവിതാവസാനം വരെ പിന്തുടരുക കൂടി ചെയ്യുമ്പോഴാണ് എങ്ങനെയോ പറഞ്ഞു തീർത്ത് വിചിത്രവീര്യൻ കണ്ണുകൾ മുറുക്കി തുടച്ചു മാറ്റികൊണ്ടിരുന്നു. കണ്ണീർ തുടച്ചു മാറ്റുന്ന ഒരു വൈപ്പർ മുഖത്തുണ്ടായിരുന്നെങ്കിലെന്ന് വിചിത്രവീര്യൻ തന്റെ സങ്കടം കുറയ്ക്കാനെന്നവണ്ണം ചിന്തിച്ചു.
ജൂലി മരവിച്ച പോലെ അയാൾക്കു തോന്നി. ഒരിക്കൽ കൂടി മുഖത്തു നോക്കി പരാജയപ്പെടാൻ അയാൾക്കപ്പോൾ സാധിച്ചില്ല.
ഇനി അടുത്ത പണി കണ്ടുപിടിക്കണം. വാടക കൊടുക്കണം. എണീറ്റ് നടക്കുമ്പോൾ അയാൾ കടയിൽ നിന്ന് ഇറങ്ങി പോകുകയാണെന്നും ഇനി ഒരു പക്ഷെ ഇവിടേക്ക് തിരികെ വരില്ലെന്നും ജൂലിക്ക് തോന്നി. പക്ഷെ അതിനുമുമ്പെ അവളെ ചെന്നു കാണണം എന്ന് ഉറച്ച ശബ്ദത്തിൽ പറയാൻ ജൂലിക്കായി.

അങ്ങനെ ഒരു വാചകം പറഞ്ഞതു കൊണ്ടു മാത്രം ജൂലിക്കന്ന് സമാധാനമായി ഉറങ്ങാൻ സാധിച്ചു. എന്നും തലയിണക്ക് ചുവട്ടിൽ വെച്ചിരുന്ന പുറംചട്ടയില്ലാത്ത മൊബൈൽ ഫോൺ അവൾ അകലേക്ക് മാറ്റി വെച്ച് കഴിഞ്ഞിരുന്നു.
വിചിത്രവീര്യനത് പുതിയ അന്വേഷണത്തിന്റെ തുടക്കമായിരുന്നു. ടൗണിൽ നിന്ന് ബസ് കേറി അയാൾ തന്റെ നാട്ടിലേക്കുളള ടിക്കറ്റ് എടുത്ത് കഴിഞ്ഞിരുന്നു. പത്ത് പതിനഞ്ച് കൊല്ലമായ് നാട്ടിൽ പോയിട്ട്. ബസ്സ് വിചിത്രവീര്യന്റെ ആവിശ്യമറിഞ്ഞിട്ടെന്നവണ്ണം വേഗത്തിൽ ഓടിക്കൊണ്ടിരുന്നു. നട്ടുച്ചയുടെ വെയിൽ കാറ്റായി വീശായികൊണ്ടിരുന്നു.

തെരുവുകളിൽ നിന്ന് ആളുകൾ വെയിലിനെ ഉന്തുവണ്ടിയിൽ വെച്ച് കച്ചവടം ചെയ്യുന്നതു പോലെ വിചിത്രവീര്യനു തോന്നി. താൻ മുമ്പ് പഠിച്ച ഹയർസെക്കന്ററി സ്‌കൂളിൽ ഈ ബസ്സ് ചെന്ന് നിൽക്കുമെന്ന് വിചിത്രവീര്യൻ ഉറപ്പിച്ചു. പക്ഷെ ഒരു പത്തമ്പത് വർഷം കഴിഞ്ഞാൽ മാത്രം നടക്കുന്ന ഒരു കാര്യം അയാളങ്ങനെ കരുതിയെങ്കിലും ബസ്സിറങ്ങി പിന്നെയും ഒന്നു രണ്ട് വാഹനങ്ങളിൽ തൂങ്ങിയാണ് അയാൾസാധിച്ചത്.
സ്‌കൂൾ ആകെ മാറിപ്പോയിട്ടുണ്ട്. ഓഫീസ് എന്നു തോന്നുന്ന ഒരു കെട്ടിടത്തിന്റെ നേരെ ചെന്ന് കേറി എന്ത് പറഞ്ഞ് തുടങ്ങണമെന്നറിയാതെ വിചിത്രവീര്യൻ കുഴഞ്ഞു.
താൻ പഠിപ്പുനിർത്തിയ വർഷമേതാണ്?
ഓരോ വർഷവും ഒരോ പൊട്ട കിണറാണ്. കുഴിച്ചു നോക്കിയാൽ നല്ലതൊന്നും പുറത്ത് വരില്ലെന്ന തോന്നൽ വിചിത്രവീര്യനെ പിന്നോട്ട് വലിച്ചു. പക്ഷെ ഇത്തവണ മറ്റു വഴികളൊന്നുമില്ല.
എന്തായിരുന്നു അവളുടെ പേര്?
പേര് ഓർമ്മയിലില്ല. പക്ഷെ ഒരു തവണ കേട്ടിരുന്നെങ്കിൽ ഉറപ്പിക്കാനാവുമെന്ന് വിചിത്രവീര്യന് തോന്നി.

നേരെ ചെന്ന് കണ്ണടയിട്ട ഒരാളുടെ മുന്നിൽ ചെന്നു നിന്നു.
ഞാനിവിടെ പഠിച്ചതാ
അയാൾ കണ്ണു ഉയർത്തി.
എന്റെ കൂടെ പഠിച്ച ഒരു കുട്ടിടെ വിലാസം വേണായിരുന്നു........
അയാൾ ഒന്നും മിണ്ടിയില്ല. വിചിത്രവീര്യൻ കാത്തു. അയാൾ ചെയ്തുകൊണ്ടിരിക്കുന്ന പണി തന്നെ ചെയ്യുകയാണെന്ന് ഒരു മണിക്കൂർ കഴിഞ്ഞാണ് വിചിത്രവീര്യൻ ഉറപ്പിച്ചത്.
എന്നെയൊന്ന് സഹായിക്കണം. വിചിത്രവീര്യൻ ഒന്നു കൂടി ഇടപെടാൻ ശ്രമിച്ചു.
അപ്പം എന്നെ ആരു സഹായിക്കും.
വിചിത്രവീര്യന് കൂടുതലൊന്നും പറയാൻ കഴിഞ്ഞില്ല. പിന്നെയും ഒന്നൊന്നരമണിക്കൂർ നിന്ന് പുറത്തിറങ്ങിയപ്പോൾ ഇനിയെന്ത് എന്നൊരു നടുക്കം വിചിത്രവീര്യനെ പിടികൂടി.

വിചിത്രവീര്യാ...
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വിളി പെട്ടെന്ന് പൊന്തി വന്നു.
പ്രമോദ് മാഷ്. മാഷ് ഇനിയും റിട്ടയർ ആയിട്ടില്ലേ.
നീയെന്താ ഇവിടെ വീണ്ടും ചേർന്നോ........
മാഷുടെ വാക്കുകൾ കുഴയുന്നതു പോലെ വിചിത്രവീര്യനു തോന്നി. അടുത്തെത്തിയപ്പോൾ ഉറപ്പിച്ചു. മദ്യം മണക്കുന്നുണ്ട്.
മാഷേ, എന്റെ കൂടെ പഠിച്ച ഒരു കുട്ടിടെ വിലാസത്തിന് വന്നതാ. മാഷ്, ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
അപ്പൊഴും ഇത്രയും വർഷങ്ങൾക്കു ശേഷവും തന്റെ പേര് കണ്ട മാത്രയിൽ എങ്ങനെ മാഷ് ഓർമ്മിച്ചു വിളിച്ചന്ന് ഓർത്ത് വിചിത്രവീര്യന് അത്ഭുതമായി. ക്ലാസ്സിലെ മിടുക്കനായിരുന്നില്ല. പിടികിട്ടാപുളളിയും ആയിരുന്നില്ല. ഭൂരിപക്ഷത്തെ പോലെ ഉത്തരങ്ങളുടെ പകർത്തിയെഴുത്തുകാരനായിരുന്നു.
ഇവര് അതിനൊന്നും മിനക്കെട്ടില്ലടോ. അതിലും നല്ലത് ഓരോ വീട്ടിലും കേറി ചെന്ന് ചോദിക്കുന്നതാണ്. ഭൂമിയിലുണ്ടെങ്കിൽ ഏതെങ്കിലും വീട്ടിൽ വെച്ച് കണ്ടെത്താം
മാഷിപ്പോഴും.......
ഏയ്, നിർത്തി. വി. ആർ.എസ് . വിശുദ്ധമായ ആത്മഹത്യ
നടന്നു പോകുന്നതിനിടെ മാഷ് പറഞ്ഞു.
നിന്നോട് പണ്ടേ പറയണമെന്നുണ്ടായിരുന്നു. നിന്റെ കഥ അത്ര നല്ലതല്ല.
മാഷെന്തെങ്കിലും അറിഞ്ഞു കാണുമോ എന്ന് വിചിത്രവീര്യൻ ശങ്കിച്ചു. പക്ഷെ അതിനേക്കാളൊക്കെ അടഞ്ഞുപോയ ഒരു വഴി വിചിത്രവീര്യനെ വീണ്ടും മുന്നോട്ട് നടത്തിച്ചു.

വിചിത്രവീര്യൻ ബസിൽ കേറി.
കശുവണ്ടി തോട്ടങ്ങൾക്കിടയിലൂടെ ബസ്സ് കൈവീശി നടന്നു. പണ്ട് അവളിറങ്ങിയ ബസ് സ്റ്റോപ്പ് ആകെ മാറിപ്പോയിരുന്നു. കടകൾ പെരുകിയിട്ടുണ്ട്.

എവിടെ ചോദിച്ചാലാണ് അവളുടെ പേരോ വീടോ അറിയുക.? അവൾ കയറിപ്പോയ ഇടവഴി റോഡായിട്ടുണ്ട്. അത് വഴി എത്ര ദൂരം അവൾ നടന്നു കാണും?
വിചിത്രവീര്യൻ സന്ധ്യയുടെ വെളിച്ചത്തിന്റെ കൈപിടിച്ചു.
ജൂലി ഒരു വേള മനസ്സിലൂടെ കടന്നു പോയി. അവളോട് ഒന്നു കൂടി സംസാരിക്കണമെന്ന് വിചിത്രവീര്യനപ്പോൾ തോന്നി. വീടുകൾ എ ടി എമ്മുകൾ പോലെ കത്തിക്കൊണ്ടിരിക്കുന്നു. കുറച്ചു നടന്നതും ടാർപോളിൻ വലിച്ചു കെട്ടിയ കസാരകൾ പുറത്ത് നിരത്തിയ ഒരു വീട്ടിലേക്ക് വിചിത്രവീര്യൻ കയറി ചെന്നു. ഒന്നു രണ്ടാളുകൾ ഇരുന്ന പത്രം വായിക്കുന്നുണ്ട്.

വിചിത്രവീര്യൻ കസാരയിൽ ഇരുന്നു. അകത്ത് നിന്ന് നിസ്‌കാരത്തൊപ്പിയിട്ട് ഒരാൾ ഇറങ്ങി വന്നു.
എവിടുന്നാ...
വിചിത്രവീര്യൻ നാടിന്റെ പേര് പറഞ്ഞു.
ഇക്കാനെ എങ്ങനെയാ...
വിചിത്രവീര്യൻ ഒന്നും പറയാതെ ഓടി നടക്കുന്ന ഒരു കുട്ടിയെ ശ്രദ്ധിച്ചു.
പ്രായം ഉണ്ട്. പക്ഷെ അതൊന്നുമല്ല. വിഷമം കൊണ്ടാ. ആശുപത്രീ കൊണ്ടോവുമ്പോഴേക്കും തീർന്നിരുന്നു. വേദന പക്ഷെ ഒട്ടും ഇക്കാക്ക മുഖത്ത് കാണിച്ചില്ല.

ഒരിക്കൽ പോലും കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഒരാളുടെ മരണ വാർത്തയോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ വിചിത്രവീര്യൻ കുഴങ്ങി.
ആ ചെറിയ പെൺകുട്ടി തന്നോട് സംസാരിക്കുന്ന ആളുടെ അടുത്ത് വട്ടം കൂടി.
സുമയ്യയുടെ കുട്ടിയാ...
വിചിത്രവീര്യന്റെ ഉളളു കത്തി.
അതെ. അങ്ങനെയായിരുന്നു ആ പേര്.
ഇവിടുത്തെ ഹയർസെക്കന്ററിയിലല്ലേ അവൾ പഠിച്ചത്.
അതെ. പക്ഷെ മുഴുമിച്ചില്ല. അപ്പോഴേക്കും കല്യാണം കഴിഞ്ഞു. അഞ്ചെട്ടു കൊല്ലം കുട്ടികളില്ലാതെ നിലവിളിച്ചു. ഒടുക്കം ഇവളുണ്ടായി. കഴിഞ്ഞ മാർച്ചിൽ അളള വിളിച്ചു.
വിചിത്രവീര്യൻ അയാളുടെ മുഖത്ത് നോക്കി.
വലിയ ഉപദ്രവമായിരുന്നു അയാളുടെ. ഒരിക്കൽ അവളു വന്നപ്പം ഉമ്മയാണ് കണ്ടത്. ഇടത്തേ മുല ഒരു കുമിള പോലെ പഴുത്ത് കിടക്കുന്നു. എത്ര ചോദിച്ചിട്ടും അവളൊന്നും പറഞ്ഞില്ല. ഒടുക്കം പിടുത്തം വിടാതെ അവളു കരഞ്ഞു. ചട്ടുകം പഴുപ്പിച്ച് പൊളളിച്ചതാ. മുല കൊടുക്കാൻ ഒരു മുല മതിയെന്ന് അയാളു തീരുമാനിച്ചു. അങ്ങനെ അത് മുറിക്കേണ്ടി വന്നു. സത്യം പറഞ്ഞാ അളള വിളിച്ചതല്ല. അവള് പോയതാ. അടുത്ത മുലയും ചെത്തിയെടുക്കുന്നതിന് മുമ്പ് അവള് രക്ഷപ്പെട്ടു.

വിചിത്രവീര്യൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. തിരിച്ചെത്തുമ്പോൾ ഏറെ വൈകിയിരുന്നു. ബംഗാളികളിൽ ഒരാൾ ഇത്തവണ ഉച്ചത്തിൽ പാടുന്നതും ചിരിക്കുന്നതും വിചിത്രവീര്യൻ കേട്ടു. ഉറങ്ങുന്നവരേക്കാൾ ഉറക്കം നഷ്ടപ്പെട്ടവർ ഉണ്ടാവുന്നു. ഒരു രാത്രി ലോകം കീഴ്‌മേൽ മറിയുമെന്ന് വിചിത്രവീര്യൻ ഉറപ്പിച്ചു. ▮

​​​​​​​(തുടരും)


വിമീഷ്‌ മണിയൂർ

നോവലിസ്​റ്റ്​, കവി. റേഷൻ കാർഡ്, ആനയുടെ വളർത്തു മൃഗമാണ് പാപ്പാൻ, എന്റെ നാമത്തിൽ ദൈവം, ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി, യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു (കവിത സമാഹാരങ്ങൾ), സാധാരണം (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. കവിതകൾ തമിഴ്, കന്നട, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments