(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)
മരണത്തിലും, ജീവിതത്തിലെന്നപോലെ വിടാതെ പിന്തുടർന്നു,
എം. കുഞ്ഞാമന്റെ ആ ഭയം.
സ്വന്തം ജീവിതം വൈകാരികമായി മാത്രം ആഘോഷിക്കപ്പെടുമോ എന്ന അസ്വസ്ഥത, ഒരു ഭയമായി അദ്ദേഹം തുറന്ന് പ്രകടിപ്പിച്ചത്, ഒരു ഇന്റലക്ച്വൽ ബയോഗ്രഫി എന്ന ആവശ്യവുമായി അദ്ദേഹത്തെ സമീപിച്ചപ്പോഴാണ്. തുടക്കത്തിൽ തന്നെ അത് അദ്ദേഹം നിരസിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അതിനകം വന്ന രണ്ട് അഭിമുഖങ്ങളും ഏതാനും തുടർ സംഭാഷണങ്ങളുമായിരുന്നു അദ്ദേഹവുമായി ഒരു പുസ്തകത്തെക്കുറിച്ച് സംസാരിക്കാൻ ധൈര്യം നൽകിയത്. അരനൂറ്റാണ്ടുമുമ്പത്തെ ജാതികേരളത്തിൽ നിന്നുതുടങ്ങി ഒരു സാമൂഹിക- രാഷ്ട്രീയ സിസ്റ്റമായി ജാതി മാറിയതിന്റെ അനുഭവങ്ങളിലൂടെ സഞ്ചരിച്ച്, ഇപ്പോൾ എത്തിനിൽക്കുന്ന- പ്രത്യേകിച്ച് ദലിത് പുതുതലമുറയിൽ- രാഷ്ട്രീയമായ അവബോധത്തെയും ഉണർവിനെയും സൂചിപ്പിച്ച്, പുരോഗനമപരമായ ഒരു സാമൂഹിക നിർമിതിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഈ അഭിമുഖങ്ങൾ അവസാനിച്ചത്. വ്യാജ പ്രവചനങ്ങളെ തുറന്നുകാട്ടുകയും സങ്കീർണ യാഥാർഥ്യങ്ങൾ നിർഭയം തുറന്നുപറയുകയും ചെയ്യുന്ന സ്വതസിദ്ധതയായിരുന്നു ഈ സംഭാഷണങ്ങളുടെ സത്ത. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങൾ പലതരം എതിരഭിപ്രായങ്ങളിലേക്ക് സംക്രമിക്കുന്നതും കൂടിയായിരുന്നു.
എന്നാൽ, തന്റെ ബൗദ്ധിക ജീവചരിത്രം കൊണ്ട് ഒരുപകാരവും ആർക്കുമുണ്ടാകില്ല എന്ന വാദത്തിൽ ഒരുതരം വാശിയോടെ അദ്ദേഹം ഉറച്ചുനിന്നു. അതിനുകാരണം, 'ഞാൻ' എന്നതിൽനിന്നുള്ള വിടുതലിനുള്ള ത്വര കൂടിയായിരുന്നു. താൻ വ്യക്തിപരവും ബൗദ്ധികവുമായി നേടിയതെന്ന് കരുതപ്പെടുന്നതെല്ലാം സ്വന്തം സമൂഹത്തിന്റെ സത്തയുമായി ചേർത്തുവക്കുമ്പോൾ നിസ്സാരങ്ങളാണ് എന്നൊരു നിസ്സംഗത. ഒരു വ്യക്തിയുടെ ജീവിതകഥയല്ല, നിലനിൽക്കുന്ന ക്രൂരമായ ഒരു സംവിധാനത്തെ മുറിച്ചുകടക്കാൻ ഭാവിതലമുറയ്ക്ക് പ്രേരണ നൽകുന്ന വിചാരങ്ങളുടെ രൂപത്തിലായിരിക്കും ഈ പുസ്തകം എഴുതപ്പെടുക എന്ന് ഒടുവിൽ അദ്ദേഹത്തെ ബോധ്യപ്പെടുത്താനായി. അങ്ങനെയാണ് 'എതിര്' എന്ന പുസ്തകത്തിന്റെ തുടക്കം.
അന്ന് അദ്ദേഹം മുംബൈയിലും ബംഗളൂരുവിലുമായി കഴിയുകയാണ്. തുൽജാപുർ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽനിന്ന് വിരമിച്ചശേഷവും രണ്ടുമൂന്നുവർഷം ജോലിയിൽ തുടർന്നു. തിരുവനന്തപുരത്ത് വരുമ്പോൾ കാണും. തയാറാക്കിവച്ച നോട്ടുകളുടെ സഹായത്തോടെ സംസാരിക്കും. ഒരു വർഷത്തിലേറെ കാലം ആ മനുഷ്യനെ പിന്തുടർന്നു. കാൽനൂറ്റാണ്ടിന്റെ മാധ്യമപ്രവർത്തനത്തിലെ വെളിപാടുകൾ നിറഞ്ഞ കാലമായിരുന്നു അത്. അതുവരെയുള്ള എത്രയോ ബോധ്യങ്ങൾ തിരുത്തപ്പെട്ടു.
'എന്തിനായിരുന്നു അത്' എന്ന് വീണ്ടും വീണ്ടും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. ആ തീരുമാനത്തിലേക്ക് എങ്ങനെയെത്തി എന്ന് പകലും രാത്രിയുമെല്ലാം നീണ്ട, മുറിഞ്ഞുമുറിഞ്ഞ വാക്കുകളിൽ, ആ ചോദ്യത്തിനുമുന്നിൽ അദ്ദേഹം ഇടറിനിന്നിട്ടുണ്ട്.
ഒടുവിൽ എഴുതാനിരുന്നപ്പോൾ ആ ജീവിതത്തിലെ വിക്ഷുബ്ധമായ സന്ദർഭങ്ങൾ വട്ടപ്പാലം ചുറ്റിത്തുടങ്ങി. ഒരു സിനിമാക്കഥയിലെ വിഷമരംഗം കേട്ടാൽ പോലും നിറയുന്ന കണ്ണുകൾ വൈകാരികതയറ്റ വരണ്ട വാക്കുകൾക്കായി പരതി. ജോലി കിട്ടാതെ വലയുന്ന കാലത്ത്, ഒന്നാം റാങ്ക് നേടിയ എം.എയുടെ സർട്ടിഫിക്കറ്റ് കത്തിക്കാൻ പോകുന്നതിനെ 'സർട്ടിഫിക്കറ്റുകൾ സൂക്ഷിച്ചിരുന്ന കവർ ഞാനെടുത്തു. കൃഷ്ണൻ മാഷോട് തീപ്പെട്ടി വാങ്ങി, പതുക്കെ സർട്ടിഫിക്കറ്റുകൾ കത്തിക്കാൻ തുടങ്ങി' എന്നെഴുതാൻ കഴിയുന്നത്ര വരണ്ടതാക്കി, വാക്കുകളെ. ജീവിതത്തിലെ ചില വലിയ അധ്യായങ്ങൾ ഒരു ഖേദവുമില്ലാതെ ഒഴിവാക്കി. ''2004-ൽ രണ്ടാമത്തെ മകൾ കുക്കു (അനില) മരിച്ചപ്പോൾ ശാരീരികമായും മാനസികമായും തളരാനും തകരാനും തുടങ്ങി. ആ തകർച്ചക്കൊടുവിൽ, 2005-ൽ രോഗബാധിതനായി ഒന്നര മാസം മെഡിക്കൽ കോളേജാശുപത്രിയിൽ കഴിയേണ്ടിവന്നു’’ എന്ന രണ്ടു വാചകം രണ്ടു ദിവസം കൊണ്ടാണ് അദ്ദേഹം പറഞ്ഞുതീർത്തത്.
ആ മകളോട് അദ്ദേഹത്തിനുണ്ടായിരുന്നത്, ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് സാധ്യമായ ഏറ്റവും തീവ്രമായ സ്‌നേഹമായിരുന്നു. യൂണിവേഴ്‌സിറ്റിയിൽ ക്ലാസെടുക്കാൻ വരുമ്പോഴും അക്കാദമികമോ അല്ലാത്തതോ ആയ പരിപാടികൾക്ക് വരുമ്പോഴും അദ്ദേഹത്തിന്റെ വിരലുകൾ കുക്കുവിനെ ചേർത്തുപിടിച്ചിരുന്നു. സാമ്പത്തികമായ കടുത്ത വിഷമതകളും അവളുടെ ചികിത്സയുമായി ബന്ധപ്പെട്ട സംഘർഷങ്ങളും, അവൾ ജീവിച്ചിരിക്കുന്നിടത്തോളം അദ്ദേഹം നേരിട്ടു. ആകസ്മികമായിരുന്നില്ലെങ്കിലും അവളുടെ മരണത്തെ അഭിമുഖീകരിക്കാൻ അദ്ദേഹത്തിനായില്ല. ഏറ്റവുമൊടുവിൽ എഴുതിവച്ച കത്തിലെ സൂചനയയെപ്പോലെ തന്നെ, അന്നും അദ്ദേഹം ആലോചിച്ചുറപ്പിച്ചെടുത്ത തീരുമാനമായിരുന്നു അത്.
'എന്തിനായിരുന്നു അത്' എന്ന് വീണ്ടും വീണ്ടും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. ആ തീരുമാനത്തിലേക്ക് എങ്ങനെയെത്തി എന്ന് പകലും രാത്രിയുമെല്ലാം നീണ്ട, മുറിഞ്ഞുമുറിഞ്ഞ വാക്കുകളിൽ, ആ ചോദ്യത്തിനുമുന്നിൽ അദ്ദേഹം ഇടറിനിന്നിട്ടുണ്ട്. ആ മരണം തനിക്ക് ജീവിച്ചിരിക്കാനുള്ള ഒരേയൊരു കാരണത്തെ ഇല്ലാതാക്കി എന്ന ഉറച്ച വിശ്വാസം അദ്ദേഹത്തെ പിടികൂടിയിരുന്നതായി തോന്നി. മകളുടെ മരണത്തിന്റെ തൊട്ടുപുറകെയുള്ള സന്ദർഭങ്ങൾ വീണ്ടും കീറിമുറിച്ചെടുത്തപ്പോൾ, അതേ വേദനയിലൂടെ അദ്ദേഹം കടന്നുപോകുന്നതായി തോന്നി. ഒടുവിൽ ഫോൺ നിശ്ശബ്ദമാകുമ്പോൾ തിരിച്ചുവിളിക്കേണ്ടതില്ല എന്നു തീരുമാനിച്ചു. പിന്നേറ്റ്, തലേദിവസം അവസാനിപ്പിച്ച അതേ മാത്രയിൽ തുടരും. ഒന്നോ രണ്ടോ വാക്കുകൾക്കിടയിൽ അരമണിക്കൂറോ ഒരു മണിക്കൂറോ ദൂരമുണ്ടാകും.
ആശുപത്രിയിൽനിന്ന് ഡിസ്ചാർജാകുന്നതുവരെയുള്ള നിമിഷങ്ങൾ മരണസമാനമായ മരവിപ്പോടെയാണ് എഴുതിത്തീർത്തത്. അത്, 'എതിരി'ലെ ഒരു പ്രധാന അധ്യായമാകുമായിരുന്നു, പിന്നേറ്റ് വിളിച്ച്, അദ്ദേഹം 'അത് കൊടുക്കേണ്ട' എന്ന് പറഞ്ഞിരുന്നില്ല എങ്കിൽ. 'എന്റെ വ്യക്തിപരമായ ജീവിതത്തിന് ഒരു പ്രാധാന്യവുമില്ല' എന്നൊരു ഫുൾസ്‌റ്റോപ്പിൽ വിജയിക്കാതെ പോയ ആ ആത്മഹത്യാശ്രമത്തെ സ്വന്തം ജീവിതഖണ്ഡത്തിൽനിന്ന് അദ്ദേഹം അറുത്തുമാറ്റി. (കഴിഞ്ഞദിവസം മാധ്യമം പത്രത്തിലെ മുഹമ്മദ് ഷുഹൈബ് വിളിച്ച് ഒരു ഓർമ പറഞ്ഞു: ആ കാലത്ത് മാധ്യമം ആഴ്ചപ്പതിപ്പിനുവേണ്ടി ഒരഭിമുഖത്തിന് ശ്രീകാര്യത്തെ വീട്ടിലെത്തിയപ്പോൾ ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, 'ഇത്തവണ വിജയിച്ചില്ല എന്നേയുള്ളൂ കെട്ടോ' എന്ന്.)
ഒരു ചായസൽക്കാരത്തിനിടെ ഡോ. യു.ആർ. അനന്തമൂർത്തിയോട് ഒരു മന്ത്രി, ഞാൻ താങ്കളെ വൈസ് ചാൻസലറാക്കാൻ വിചാരിച്ചിരുന്നു എന്ന് പറയാൻ ധൈര്യപ്പെടുമോ?
അങ്ങനെ ഏതാണ്ട് 25 പേജിൽ എം. കുഞ്ഞാമൻ എന്ന മനുഷ്യന്റെ വ്യക്തിജീവിതം കുറുക്കിയിട്ടു. എന്നിട്ടും ആ 25 പേജുകളാണ് ആ പുസ്തകത്തിന്റെ ഉള്ളടക്കമായി വായിക്കപ്പെട്ടത്. 'എതിരി'ലെ കുഞ്ഞാമൻ ‘നായക’നായി വരുന്ന ഓരോ വായനയിലും അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചു. ആ വായനകൾക്ക് ഏറ്റെടുക്കാൻ ശേഷിയില്ലാതെ പോയ ആശയപരവും ഐഡിയോളജിക്കലുമായ സംവാദങ്ങളെയും വിമർശനങ്ങളെയും അദ്ദേഹം കാത്തിരുന്നു. 'എതിര്' എന്ന ഓർമകളുടെയും ചിന്തകളുടെയും സമാഹാരത്തെ ആത്മകഥ എന്ന് തെറ്റായി വായിച്ചും വ്യാഖ്യാനിച്ചും വായനകളെല്ലാം വികാരം കൊണ്ടു.
ജന്മിയുടെ മണ്ണിലെടുത്ത കുഴിയിൽ പട്ടികൾക്കൊപ്പം കഞ്ഞികുടിക്കുന്ന കുഞ്ഞാമൻ, സ്‌കൂളിലെ ലക്ഷ്മിയേടത്തി സൂക്ഷിച്ചുവച്ച ഉപ്പുമാവ് മൂത്രപ്പുരയിൽ കൊണ്ടുപോയി കഴിക്കുന്ന കുഞ്ഞാമൻ: ഭൗതികസാഹചര്യങ്ങളോടുള്ള ഒരു ദലിതന്റെ പോരാട്ടം വൈയക്തികമായി ചുരുങ്ങുകയും അതിനെതിരെ ആർജിച്ച ബൗദ്ധികശേഷിയും അത് ജാതിശ്രേണികളാലും അധികാരഘടനയാലും നിർണയിക്കപ്പെട്ട സംവിധാനങ്ങളോട് നടത്തിയ സമരങ്ങളും അവയിൽനിന്ന് രൂപപ്പെട്ട വൈജ്ഞാനികമായ കണ്ടെത്തലുകളും തിരസ്‌കരിക്കപ്പെടുകയും ചെയ്തു. ഉന്നതവിദ്യാഭ്യാസമേഖലയിലെ ജാതീയത, ഭരണാധികാരത്തെ നിർണയിക്കുന്ന വരേണ്യത, സാമൂഹികനീതി- സംവരണം- സ്വത്തവകാശം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആലോചനകൾ, മാർക്‌സിസത്തെയും അംബേദ്കറിസത്തെയും കുറിച്ചുള്ള അത്യന്തം സംവാദാത്മകമായ വിചാരങ്ങൾ, മതത്തെയും രാഷ്ട്രീയ പാർട്ടികളെയും തിരസ്‌കരിക്കുന്ന മട്ടിൽ, വികസനത്തെക്കുറിച്ച് അവതരിപ്പിക്കുന്ന പ്രകോപനപരമായ കാഴ്ചപ്പാടുകൾ തുടങ്ങി വിയോജിപ്പിന്റെയും വിമർശനത്തിന്റെയും വലിയ ലോകങ്ങൾ 'എതിര്' പ്രകാശിപ്പിക്കുന്നുണ്ട്, പക്ഷെ, അവയെ കെടുത്തിയ വായനകളാണ് ഈ പുസ്തകത്തിനുണ്ടായത്.
എം. കുഞ്ഞാമന് വാഗ്ദാനം ചെയ്യപ്പെട്ട വലിയ പദവികൾ അദ്ദേഹം നിസ്സന്ദേഹം നിരസിച്ചത് ആഘോഷിക്കപ്പെട്ടു. എന്നാൽ, ആ വാഗ്ദാനങ്ങൾക്കുപുറകിലെ അധികാര നാട്യങ്ങൾ, ദലിത് പ്രാതിനിധ്യത്തെ റദ്ദാക്കുന്നതിനുള്ള വലിയ ഗൂഢാലോചനകളുടെ ഭാഗമായിരുന്നു. കേരള സർവകലാശാലയിൽനിന്ന് രാജിവച്ച് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫസറായി നിയമനം കിട്ടി പോകുന്നതിനുമുമ്പ് കുഞ്ഞാമൻ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെ കാണാൻ പോകുന്നുണ്ട്. വി.എസ് പറയുന്നു: ‘‘എന്തിനാണ് പോകുന്നത്, കുഞ്ഞാമനെ ഒന്നുകിൽ ആസൂത്രണബോർഡിൽ എടുക്കണം, അല്ലെങ്കിൽ വൈസ് ചാൻസലറാക്കണം എന്നു വിചാരിക്കുന്നു.’’
ഇതിനുശേഷം മുംബൈയിൽ വച്ച് ഡോ. തോമസ് ഐസക്കും കുഞ്ഞാമനോട് പറയുന്നുണ്ട്, ‘‘ഞാൻ കുഞ്ഞാമനെ കേരള സർവകലാശാലാ വൈസ് ചാൻസലറാക്കാൻ വിചാരിച്ചതാണ്.’’
ഒരു ദലിതന്റെ ആസൂത്രണബോർഡ് അംഗത്വവും വൈസ് ചാൻസലർഷിപ്പും അധികാരിവർഗത്തിന്റെ കാരുണ്യപൂർവമായ കൈനീട്ടങ്ങളാണ് എന്ന് തിരിച്ചറിഞ്ഞ കുഞ്ഞാമൻ തോമസ് ഐസക്കിനോട് ഇത് തുറന്നുപറയുന്നുണ്ട്: ‘ഞാൻ ഒരു ചായക്കും കഞ്ഞിക്കും വേണ്ടി ഇരന്നിട്ടുണ്ട്. ഈ പദവിക്കുവേണ്ടി ഞാൻ താങ്കളെ സമീപിച്ചിരുന്നുവോ?’
ഒരു ചായസൽക്കാരത്തിനിടെ ഡോ. യു.ആർ. അനന്തമൂർത്തിയോട് ഒരു മന്ത്രി, ഞാൻ താങ്കളെ വൈസ് ചാൻസലറാക്കാൻ വിചാരിച്ചിരുന്നു എന്ന് പറയാൻ ധൈര്യപ്പെടുമോ?
കുഞ്ഞാമൻ ചുമതല വഹിച്ച ഏറ്റവും ഉയർന്ന അക്കാദമിക് പദവി യു.ജി.സി അംഗത്തിന്റേതാണ്. യു.ജി.സി സെക്രട്ടറിയുടെ നിയമനവുമായി ബന്ധപ്പെട്ട ഒരു സമ്മർദത്തിന്റെ പേരിലായിരുന്നു അദ്ദേഹത്തിന്റെ രാജി. അന്നത്തെ ഒരു ഉന്നത രാഷ്ട്രീയനേതാവിന്റെ ബന്ധുവിനെ നിയമിക്കാനുള്ള സമ്മർദത്തിന് വഴങ്ങണമെന്ന യു.ജി.സി ചെയർമാന്റെ ആവശ്യത്തെ തിരസ്കരിച്ചായിരുന്നു ആ രാജി. ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന കുഞ്ഞാമൻ, യു.ജി.സി അഡീഷനൽ സെക്രട്ടറിയായിരുന്ന മഹാരാഷ്ട്ര സ്വദേശി ഡോ. സാം ഗുർഗേയെയാണ് തെരഞ്ഞെടുത്തത്. അദ്ദേഹം ഒരു ദലിതനുമായിരുന്നു.
‘എതിരി’ലെ അവസാനത്തെ, 'അപൂർണം' എന്ന അധ്യായം, താൻ പുറപ്പെട്ടുപോന്ന ഇടത്തെക്കുറിച്ചുള്ള നിശിത വിചാരണയാണ്. ഇങ്ങനെയൊരു തിരിച്ചുപോക്കിൽ പുസ്തകം അവസാനിപ്പിക്കാം എന്നു പറഞ്ഞപ്പോൾ ഒരു സംഭവം മാത്രമാണ് അദ്ദേഹം പറഞ്ഞത്: വാടാനംകുറിശ്ശിയിലെ തന്റെ വീട്ടിലേക്ക് ഒരു ദിവസം സ്വാമി ആനന്ദതീർഥൻ കയറിവരുന്നു. കുഞ്ഞാമൻ അവിടെയുണ്ടായിരുന്നില്ല. ഏട്ടന്റെ ഭാര്യയോട് ഒരു ചൂലുവേണം എന്ന് സ്വാമി ആവശ്യപ്പെടുന്നു. സ്വാമി ചൂലുകൊണ്ട് കോലായിലും മുറ്റവും അടിച്ചുവാരി, എന്നിട്ട് 'നിങ്ങൾക്ക് വൃത്തിയും വെടിപ്പുമില്ല' എന്നു പറഞ്ഞ് പോകുകയും ചെയ്തു. താൻ ജീവിച്ച കാലത്തേതിൽനിന്ന് ഇപ്പോൾ ആ സമുദായത്തിന് മുന്നോട്ടുപോകാൻ ഏറെ സാഹചര്യങ്ങളുണ്ടെങ്കിലും അവയോട് അവർ മുഖംതിരിഞ്ഞുനിൽക്കുകയാണ് എന്ന വിമർശനമായിരുന്നു അത്.
മൂർത്തമായ രീതിയിൽ കമ്യൂണിസ്റ്റ്പാർട്ടി ജാതിയെ സമീപിക്കുന്നില്ല എന്നും ജാതിയെ ഭൂപ്രശ്നവുമായി ബന്ധപ്പെടുത്തി കാണുന്നില്ല എന്നുമുള്ള വിമർശനങ്ങളെ സർഗാത്മകമായി നേരിടുന്ന ഇടതുപക്ഷാന്തരീക്ഷം അന്നുണ്ടായിരുന്നതിനാൽ, എം. കുഞ്ഞാമനെപ്പോലുള്ളവർക്ക് ഒരു സ്‌പെയ്‌സുണ്ടായിരുന്നു.
കേരളീയ വികസന കാഴ്ചപ്പാടുകളും സാമ്പത്തിക പരിപ്രേക്ഷ്യവുമെല്ലാമായി ബന്ധപ്പെട്ട ഗൗരവപൂർണമായ ആലോചനകളിലും സംവാദങ്ങളിലും പ്രധാനിയായിരുന്നു എം. കുഞ്ഞാമൻ. അത് ഇടതുപക്ഷ നിഷേധിയായിരുന്നില്ല എന്നുമാത്രമല്ല, കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുമായി നിരന്തരസംവാദം നടത്തിക്കൊണ്ടിരുന്ന ആളുകൂടിയായിരുന്നു അദ്ദേഹം. ‘‘ഇ.എം.എസ് എന്നു പറയുമ്പോൾ തന്നെ ഞാനറിയാതെ എന്റെ രോമകൂപങ്ങൾ എഴുന്നേറ്റുനിൽക്കും, ദൈവത്തെക്കുറിച്ച് പറയുമ്പോഴെന്ന പോലെ'' എന്ന് സ്വന്തം എം.എൽ.എയെക്കുറിച്ച് ആലങ്കാരികമായി അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിലും ഐഡിയോളജിക്കൽ വിമർശനങ്ങളിൽ ഈയൊരു 'കരുതൽ' അനുവദിച്ചില്ല. ഭൂപരിഷ്കരണം 'ലാൻഡ് ദി പില്ലർ ഓഫ് ദി സോയിൽ' എന്നുപറഞ്ഞ് നടപ്പാക്കിയപ്പോൾ പരമ്പരാഗത ഭൂരഹിത കർഷകതൊഴിലാളികൾക്ക് ഭൂമി കിട്ടിയില്ല എന്ന വലിയ വിമർശനം അദ്ദേഹം ഉയർത്തി. ''കേരളത്തിൽ ഒരു 'ഇൻക്ലൂസീവ് വെൽഫെയർ മോഡൽ' രൂപപ്പെടുത്തിയെടുക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. എല്ലാവർക്കും ഈ മോഡലിന്റെ നേട്ടം ലഭിക്കുന്നു എന്ന അർഥത്തിൽ ഇതൊരു സെക്യുലർ മോഡലുമാണ്. ഇടതുപക്ഷ സർക്കാറുകളുടെ ഈയൊരു വെൽഫെയർ മോഡലാണ് കേരളത്തിന്റെ നിലനിൽപിന് കാരണം. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ നമ്മുടെ സംവിധാനത്തിന് ഉൾക്കൊള്ളാനാകുന്നത് ഈയൊരു 'ഇൻക്ലൂസീവ്നെസ്' മൂലമാണ്'' എന്ന് വിലയിരുത്തുന്ന കുഞ്ഞാമൻ, ഇതിന്റെ തുടർച്ചയെന്ന നിലയ്ക്ക് 'കേരള മോഡൽ എന്ന വികസന പ്രക്രിയ ഒരു 'എക്‌സ്‌ക്ലൂഷൻ മോഡൽ' ആണ്. ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ടവർ ഈ പ്രക്രിയയിലൂടെ അതേപടി തുടർന്നു' എന്ന് ശരിയായി വിലയിരുത്തുന്നുമുണ്ട്.
വയനാട്ടിലെ ആദിവാസി ജീവിതത്തെ നേരിട്ട് അറിഞ്ഞതിന്റെ അനുഭവമാണ്, പിന്നീട് അവിടെനിന്നുയർന്ന ഭൂസമരങ്ങളുടെ ഊർജസ്രോതസ്സായി കുഞ്ഞാമനെ മാറ്റിയത്. എഴുപതുകളുടെ മധ്യത്തിൽ തിരുനെല്ലിയിലുണ്ടായ പട്ടിണിമരണങ്ങൾ, പോഷകാഹാരക്കുറവ് മൂലമാണെന്ന റിപ്പോർട്ട് വന്നപ്പോൾ കുഞ്ഞാമൻ നേരിട്ടുതന്നെ അത് അന്വേഷിക്കാനെത്തി. ആദിവാസി കൂരകളിലെ പട്ടിണിയുടെ ചിത്രം അദ്ദേഹം കേരളത്തിന്റെ പൊതുശ്രദ്ധയിലെത്തിച്ചു.
മൂർത്തമായ രീതിയിൽ കമ്യൂണിസ്റ്റ്പാർട്ടി ജാതിയെ സമീപിക്കുന്നില്ല എന്നും ജാതിയെ ഭൂപ്രശ്നവുമായി ബന്ധപ്പെടുത്തി കാണുന്നില്ല എന്നുമുള്ള വിമർശനങ്ങളെ സർഗാത്മകമായി നേരിടുന്ന ഇടതുപക്ഷാന്തരീക്ഷം അന്നുണ്ടായിരുന്നതിനാൽ, എം. കുഞ്ഞാമനെപ്പോലുള്ളവർക്ക് ഒരു സ്‌പെയ്‌സുണ്ടായിരുന്നു.
കുഞ്ഞാമൻ
തിരിച്ചെത്തിയ
കേരളം
മഹാരാഷ്ട്രയിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫസറായി പോയശേഷം, പത്തിലേറെ വർഷങ്ങൾക്കുശേഷമാണ് കേരളത്തിൽ തിരിച്ചെത്തുന്നത്. അത്, കുഞ്ഞാമൻ വിട്ടുപോയ കേരളവും ഇടതുപക്ഷവുമായിരുന്നില്ല. വിമർശനം ഏതാണ്ട് അസാധ്യമാക്കപ്പെട്ടിരുന്നു. വികസനത്തിന്റെ മുൻഗണനകൾ മാറിപ്പോയിരുന്നു. അധികാര രാഷ്ട്രീയവും അതിനെ നിർണയിക്കുന്ന മൂലധന വ്യവഹാരങ്ങളും ഇടതോ വലതോ എന്നുറപ്പിച്ചുപറയാനാകാത്ത ഒരു പക്ഷത്തെ തന്നെ സൃഷ്ടിച്ചിരുന്നു. ഈ പുതിയ കേരളം കുഞ്ഞാമനെ സംബന്ധിച്ച് അപരിചിതമായിരുന്നു. അതുകൊണ്ടുതന്നെ അധികാര രാഷ്ട്രീയത്തെയും ഇടതുപക്ഷത്തെയും പാർട്ടി പൊളിറ്റിക്‌സിനെയുമെല്ലാം അദ്ദേഹം നിശിതമായ വിചാരണ ചെയ്തുകൊണ്ടിരുന്നു. യഥാർഥത്തിൽ, ഒരു ദശകത്തിനുശേഷം കേരളത്തിലെ ബൗദ്ധികമേഖലയിലേക്കുള്ള എം. കുഞ്ഞാമന്റെ തിരിച്ചുവരവുകൂടിയായിരുന്നു, ഭാവിയെക്കുറിച്ചുള്ള ചിന്തകൾ അവതരിപ്പിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിലെ രണ്ട് അഭിമുഖങ്ങൾ.
'എതിരി'ലേക്കുള്ള ആ പ്രവേശികക്കുപുറകിലെ ചിന്തയും ആലോചനയും, അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്ന കമൽറാം സജീവിന്റേതാണ്. കേരളത്തിലെ ഇടതുപക്ഷത്തും ദേശീയതലത്തിൽ അംബേദ്കറൈറ്റ്- ദലിത് മൂവ്‌മെന്റുകൾക്കും കാമ്പസുകളിലെ പുതുതലമുറയിലുമെല്ലാം സംഭവിക്കുന്ന പരിണാമങ്ങളെ സൂക്ഷ്മമായി പരിശോധിക്കുന്ന ഈ അഭിമുഖങ്ങൾ അദ്ദേഹമാണ് പ്ലാൻ ചെയ്തത്. ആ ചിന്തകൾക്ക് മാതൃഭൂമിയിൽ തന്നെ തുടർച്ചയുണ്ടായി. ഈ അഭിമുഖങ്ങളിൽനിന്ന് ഒരു പുസ്തകം രൂപപ്പെട്ടശേഷം അതിന്റെ ടൈറ്റിലിനെക്കുറിച്ച് ആലോചനയുണ്ടായി. ഒരു പരാജിതന്റെ കഥ എന്നർഥം വരുന്ന ടൈറ്റിൽ ആലോചിച്ചാൽ നന്നായിരിക്കുമെന്ന് കുഞ്ഞാമൻ പറഞ്ഞു. എന്നാൽ, അത് ഈ പുസ്തകത്തിന്റെ സത്തക്ക് യോജിക്കുമോ എന്ന സംശയം അദ്ദേഹവുമായി പങ്കിട്ടപ്പോൾ അത് വേണ്ട എന്നുതന്നെ അദ്ദേഹവും സമ്മതിച്ചു. അങ്ങനെയാണ് 'എതിര്' എന്ന പേരിലെത്തിയത്. കമൽറാം സജീവ് തന്നെയാണ് പുസ്തകത്തിന് 'എതിര്' എന്ന പേരിട്ടത്. 'എതിര്: ചെറോണയുടെയും അയ്യപ്പന്റെയും മകൻ' എന്നായിരുന്നു അദ്ദേഹം പുസ്തകത്തിന് നൽകിയ പേര്. പ്രസാധകരുടെ സംഭാവനയാണ് 'ജീവിതസമരം' എന്ന വാക്ക്. എം. കുഞ്ഞാമന്റെ ബൗദ്ധിക ഇടപെടലകളുടെ ഒരു അടയാളവാക്യമായി കാണാം എന്നതുകൊണ്ടായിരിക്കാം, 'എതിര്' എന്ന ടൈറ്റിൽ കുഞ്ഞാമൻ തന്നെ നൽകിയതാണ് എന്ന (തെറ്റി)ധാരണ പൊതുവെയുണ്ട്.
'എതിരി'നൊപ്പം എം. കുഞ്ഞാമന്റെ ചിന്തകളെ ഏറ്റെടുത്തത്, കമൽറാം സജീവിന്റെ തന്നെ എഡിറ്റർഷിപ്പിൽ തുടങ്ങിയ ട്രൂകോപ്പിയാണ്. ഇടതുപക്ഷം അടക്കമുളള ഒരുതരം ഐഡിയോളജികളോടും പ്രത്യയശാസ്ത്രബാധ്യതകളില്ലാത്ത പരമമായ സ്വാതന്ത്ര്യം ഭയരഹിതമായി പ്രയോഗിക്കുന്ന സംവാദകനെയും ചിന്തകനെയുമാണ് ട്രൂകോപ്പിയുടെ വായനക്കാർക്കും പ്രേക്ഷകർക്കും ലഭിച്ചത്.
ട്രൂകോപ്പിതിങ്കിന് ഒരു ഇന്റലക്ച്വൽ ഐഡന്റിറ്റി രൂപപ്പെടുത്തിയെടുക്കുന്നതിൽ എം. കുഞ്ഞാമന്റെ ഇടപെടലുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, തുടർന്നുള്ള കണ്ടന്റ് പ്ലാനിങ്ങിൽ എം. കുഞ്ഞാമൻ അവിഭാജ്യഘടകമായി മാറി. മാത്രമല്ല, ഇത്തരമൊരു മീഡിയ സംരംഭം നിലനിൽക്കുകയും തുടരുകയും ചെയ്യേണ്ടതുണ്ട് എന്ന ഉറച്ച അഭിപ്രായത്തോടെ ട്രൂകോപ്പിയുടെ പാർട്ണറാകുകയും ചെയ്തു. വ്യത്യസ്തവും ധീരവുമായ പരിപ്രേക്ഷ്യത്തോടെ അദ്ദേഹം നിരവധി വിഷയങ്ങൾ ട്രൂകോപ്പിക്കുവേണ്ടി ഏറ്റെടുത്തു. മൂന്നുവർഷം മുമ്പ് വെബ്‌സീൻ തുടങ്ങിയപ്പോൾ അതിലെ ഏറ്റവും പ്രധാന വിചാരങ്ങളിൽ ഒന്ന് 'കീഴാളന്റെ അവകാശമാണ് സ്വത്ത് We Demand It' എന്ന ലേഖനമായിരുന്നു. വൈജ്ഞാനികമായും രാഷ്ട്രീയമായും സബാൾട്ടൻ ഡിസ്‌കോഴ്സ് ആശയതലത്തിൽനിന്ന് ഒരു സാമൂഹികമാറ്റമായി പരിണമിക്കാനുള്ള സാധ്യത ഇന്നുള്ളതിനാൽ, കീഴാളർക്കുവേണ്ടിയുളള ഭാവിപരിപ്രേക്ഷ്യത്തെക്കുറിച്ച് ആലോചിക്കേണ്ട സമയമാണിതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ ലേഖനം. മൂന്നു വർഷത്തിനുള്ളിൽ ചിന്തയുടെ വിസ്‌ഫോടനങ്ങൾ തന്നെ ട്രൂകോപ്പിക്ക്, എം. കുഞ്ഞാമനിലൂടെ ഏറ്റെടുക്കാൻ കഴിഞ്ഞു. എഡിറ്റോറിയൽ പ്ലാനിങ്ങിൽ വരുന്ന വിഷയങ്ങൾ അദ്ദേഹവുമായി പങ്കുവച്ച്, മലയാളത്തിൽ എഴുതുന്നതിനുള്ള വിമുഖത മറികടക്കാൻ, അദ്ദേഹവുമായി സംസാരിച്ച് തയാറാക്കിയതായിരുന്നു ഈ ലേഖനങ്ങളെല്ലാം. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് അദ്ദേഹം നവംബർ 17ന് ട്രൂകോപ്പി വെബ്സീനിൽ എഴുതിയ 'കേരള സർക്കാറിനോട്: ചെലവുകളുടെ മുൻഗണനാക്രമം എന്ത്' എന്ന ലേഖനമായിരിക്കും അദ്ദേഹത്തിന്റെ പേരിൽ വന്ന അവസാന ലേഖനം. ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ സമീപകാലത്ത് വന്ന ഏറ്റവും ബൗദ്ധിക ഔന്നത്യമുള്ള വിശകലനങ്ങളുടെ സമാഹാരം കൂടിയാണ് ട്രൂകോപ്പിയിലെ എം. കുഞ്ഞാമൻ ആർക്കൈവ്‌സ്. 20- 25 പ്രായക്കാരായ, ഗൗരവത്തോടെ രാഷ്ട്രീയവും സാമൂഹിക ചിന്തയും കൈകാര്യം ചെയ്യുന്ന ചെറുപ്പക്കാരുടെ ഒരു തലമുറയെ തന്നെ കുഞ്ഞാമന് ട്രൂകോപ്പിയിലൂടെ ആകർഷിക്കാൻ കഴിഞ്ഞു.
ഓരോ മാറ്റർ പബ്ലിഷ് ചെയ്തുകഴിഞ്ഞുശേഷവവും ‘നല്ല വിമർശനങ്ങൾ വരുന്നുണ്ടോ’ എന്നാണ് അദ്ദേഹം അന്വേഷിച്ചിരുന്നത്. അർഹിക്കുംവിധം എം. കുഞ്ഞാമൻ വിമർശിക്കപ്പെട്ടില്ല. അദ്ദേഹം ഉയർത്തിയ സംവാദാത്മക പ്ലാറ്റ്‌ഫോമിൽ പങ്കാളികളാകാനുള്ള ശേഷി കേരളത്തിലെ പാർട്ടി പൊളിറ്റിക്‌സും ദലിത് പൊളിറ്റിക്‌സും പ്രകടിപ്പിച്ചില്ല. അതിനെ അവഗണിക്കുകയായിരുന്നു എളുപ്പം. ഒരുപക്ഷെ, കെ.കെ. കൊച്ച് ട്രൂകോപ്പി തിങ്കിലൂടെ നടത്തിയ വിമർശനമാണ് എടുത്തുപറയാവുന്ന ഒന്ന്. ബ്രാഹ്മണ ഹിന്ദുയിസം, ഭൂവുടമസ്ഥത, ഭൂപരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളിൽ എം. കുഞ്ഞാമൻ ട്രൂകോപ്പിതിങ്കിനു നൽകിയ അഭിമുഖത്തിലൂടെ മുന്നോട്ടുവച്ച നിലപാടിനെയാണ് കൊച്ച് വിമർശനാത്മകമായി സമീപിച്ചത്. കൊച്ച് ഉന്നയിച്ച ചില വിമർശനങ്ങൾക്ക് വിശദീകരണം നൽകണമെന്ന് കുഞ്ഞാമൻ ആഗ്രഹിച്ചിരുന്നു, പക്ഷെ, സമയം അനുവദിച്ചില്ല.
എതിരുകളെ ഏറ്റെടുക്കാൻ കഴിവില്ലാത്ത, എതിരുകളെ വച്ചുപൊറുപ്പിക്കാൻ സഹിഷ്ണുതയില്ലാത്ത ഒരു കപടബൗദ്ധിക സമൂഹത്തിന്റെ ശേഷിപ്പുകൂടിയാണ് അവഗണിക്കപ്പെട്ട ആ ചിന്താലോകം.
'അപൂർണം'
‘എതിരി’ന് ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡ് നിരസിക്കാനെടുത്ത തീരുമാനം പറയുന്നത്, തിരുവനന്തപുരം സ്റ്റാച്യുവിലെ ഒരു ബാറിൽ വച്ചാണ്. ‘എതിരി’ന്റെ റമ്യൂണറേഷൻ റൈറ്റ് അതിന്റെ എഴുത്തുകാരനെന്ന നിലയ്ക്ക് എഡിറ്റർക്ക് അദ്ദേഹം നൽകിയിരുന്നു.
അക്കാദമി അവാർഡ് നിരസിക്കുന്ന വിവരം അക്കാദമി സെക്രട്ടറിയെ അറിയിച്ചശേഷം അദ്ദേഹം എന്നോടു ചോദിച്ചു; ‘‘അക്കാദമി അവാർഡ് എത്ര രൂപയാണ്?’
25,000 രൂപയാണ് എന്ന് മറുപടി പറഞ്ഞു.
‘ഞാൻ അവാർഡ് നിരസിക്കുന്നതുവഴി കണ്ണന് അർഹമായ തുകയാണ് നഷ്ടമാകുന്നത്. കണ്ണന്റെ മക്കളുടെ ബാങ്ക് അക്കൗണ്ട് തരൂ, ഈ തുക അവർക്ക് ഒരു ഗിഫ്റ്റായി അയച്ചുകൊടുക്കാം’.
കടുത്ത സങ്കോചത്താൽ ഞാൻ ഇരുന്നിടത്തുനിന്ന് ഇല്ലാതായി.
അദ്ദേഹം നിർബന്ധിച്ചുകൊണ്ടിരുന്നു.
ഈയൊരു തീരുമാനത്തിന്റെ ഒരു ചെറിയ ഭാഗമാകാനുള്ള അവസരം എനിക്കുകൂടി തരൂ എന്നൊരു അപേക്ഷയിൽ ആ പ്രതിസന്ധിയിൽനിന്ന് പുറത്തുകടന്നു.
മറ്റൊരു സന്ദർഭം:
'എന്തിന് സാർ അങ്ങനെ ചെയ്തു എന്ന് മുമ്പൊരിക്കൽ കണ്ണൻ ചോദിച്ചിരുന്നു, ഗാന്ധാരിയമ്മൻ കോവിലിനുമുന്നിലെ ഹോട്ടലിൽ ചായ കുടിക്കുമ്പോൾ'-
മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് അതിരാവിലെ, എന്തിന് എന്ന് ഇപ്പോഴും തിരിച്ചറിയാൻ കഴിയാത്ത ഒരു കോൾ സാറിന്റേതായി വന്നു. ശിരസ്സിലേറ്റ ഒരടിയിൽ മരവിച്ചുപോയി നാവ്. എന്റെ പ്രതികരണമൊന്നുമില്ലാതായപ്പോൾ അദ്ദേഹം ആ സന്ദർഭം വീണ്ടും ഓർമപ്പെടുത്താൻ തുടങ്ങി, അതേ വിശദാംശങ്ങളോടെ.
'അവളുടെ മരണം എനിക്ക് താങ്ങാനായില്ല...'. കൊടുംവേദനയായി മനസ്സിൽ കൂടിക്കുഴഞ്ഞുകിടക്കുന്ന കാര്യങ്ങൾ വീണ്ടും അദ്ദേഹം വിശദമായി പറയാൻ തുടങ്ങി.
'ഇതെല്ലാം വീണ്ടും എന്തിന്' എന്ന് ഞാൻ നിശ്ശബ്ദം ചോദിച്ചുകൊണ്ടിരുന്നു.
വർഷങ്ങൾക്കുമുമ്പത്തെ പാരവശ്യം നിറഞ്ഞ ശബ്ദം ഏതാണ്ട് നാൽപതു മിനിറ്റായപ്പോൾ അപൂർണമായി നിലച്ചു. ആ കോളിന് ഒരു തുടർച്ചയുണ്ടാകുമെന്ന് ഞാൻ പേടിച്ചു, പക്ഷെ, ഉണ്ടായില്ല. പകരം, ഡിസംബർ 17ന് വടകരയിൽ ഒരു പരിപാടിക്കു വരുമ്പോൾ കാണാം എന്നു പറഞ്ഞൊരു കോളായിരുന്നു. ഈ ദിവസങ്ങളിൽ, ഏറ്റവും അടുപ്പമുള്ളവരോടെല്ലാം മരണത്തിനെക്കുറിച്ചുള്ള സൂചനകൾ അദ്ദേഹം പങ്കുവച്ചിരുന്നുവെന്ന്, കുഞ്ഞാമന്റെ മരണശേഷം അവരുമായി സംസാരിച്ചപ്പോൾ മനസ്സിലായി. പക്ഷെ, അത് തന്റെ മരണത്തെക്കുറിച്ചുള്ള സൂചനയാണ് എന്ന് വിചാരിക്കാൻ മാത്രമുള്ള 'വിവേകം' ആർക്കുമുണ്ടായില്ല.
എം. കുഞ്ഞാമന്റെ മരണം വ്യക്തിപരമോ ബൗദ്ധികമോ എന്ന ചർച്ചയേക്കാളുപരി, ജീവിച്ചിരുന്ന കാലത്തെ പുരോഗമനപരമാക്കി മാറ്റാൻ വലിയ സംഭാവനകൾ നൽകിയ ഒരു മനുഷ്യനെ 74ാം വയസ്സിൽ ഇങ്ങനെയൊരു മരണത്തിലേക്ക് തള്ളിവിട്ട ലോകക്രമം വിമർശിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും വേണം. ജീവിതം എന്ന തെരഞ്ഞെടുപ്പ് അദ്ദേഹത്തെ സംബന്ധിച്ച് എന്തുകൊണ്ട് അസാധ്യമാക്കപ്പെട്ടു എന്നത് ആശങ്കയോടെ തന്നെ ചോദിക്കപ്പെടണം.