വ്യവസ്ഥിതിയാൽ പാർശ്വവൽക്കരിക്കപ്പെട്ട, അരിക്കുവൽക്കരിക്കപ്പെട്ടവരിൽ ഒരാളായിരുന്നു പ്രൊഫ. എം. കുഞ്ഞാമൻ (1948 – 2023). വ്യവസ്ഥിതിയുടെ ഉപോത്പന്നമെന്ന നിലക്ക് വളർന്നുവന്ന സാഹചര്യങ്ങൾ അദ്ദേഹത്തെ സ്വാധീനിക്കുകയും സ്വന്തം അവകാശബോധങ്ങളിൽ നിശ്ചയദാർഢ്യമുള്ളവനാക്കുകയും ചെയ്തിട്ടുണ്ട്. അത് പറയുമ്പോഴും എന്താണ് 'വ്യവസ്ഥിതി' എന്ന ചോദ്യം പ്രധാനമാണ്. ഒരു കേവല വിശേഷണത്തിലുപരി അതിനെ വ്യാഖ്യാനിക്കുകയും പുനർനിർമ്മിക്കുകയും ചെയ്യേണ്ടതുണ്ട്. വ്യവസ്ഥിതിയുടെ രൂപത്തെ നിർണയിക്കുന്നത് ഭരണകൂടമാണോ സവർണ ജാതീയതയാണോ അതോ രണ്ടും തമ്മിലുളള പരസ്പരബന്ധമാണോ എന്ന ചോദ്യം അതുകൊണ്ടുതന്നെ പ്രസക്തമാണ്.
ഒരു പ്രബുദ്ധ സമൂഹമെന്ന് അവകാശപ്പെടുന്ന നമുക്ക് എം. കുഞ്ഞാമന്റെ ജീവിതത്തെയും അദ്ദേഹത്തിന്റെ ഇടപെടലുകളെ തന്നെയും മനസ്സിലാക്കുന്നതിൽ പിഴവുകളെറേയുണ്ടായിട്ടുണ്ട്. സമൂഹത്തിൽ ചരിത്രപരമായി അരികുവത്കരിക്കപ്പെട്ട ജനതയെ സംബന്ധിച്ച് അവരുടെ ദൈനംദിനജീവിതം ഭൗതികവും മാനസികവുമായ ഒട്ടനവധി വെല്ലുവിളികൾ നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ ആ ജീവിതങ്ങളേയും അവരുയർത്തുന്ന രാഷ്ട്രീയത്തെയും മനസിലാക്കുക, അതിനോട് ഐക്യപ്പെടുക എന്നതാണ് കുഞ്ഞാമന്റെ ജീവിതാനുഭവങ്ങൾ മുന്നോട്ടുവെയ്ക്കുന്ന പാഠം.
അധികാരവും അറിവും തമ്മിൽ പരസ്പരബന്ധം നിലനിൽക്കുമ്പോഴും കുഞ്ഞാമന്റെ കാര്യത്തിൽ അവ തമ്മിൽ ഒരു കലഹം തുടർന്നിരുന്നു.
അധികാരം, അറിവ്, കലഹം
കുഞ്ഞാമന്റെ ജീവിതം ആദ്യാവസാനം അറിവിന്റെ ഉല്പാദനത്തെപ്പറ്റിയും അതിന്റെ രാഷ്ട്രീയ രൂപകങ്ങളെയും സംബന്ധിച്ചുള്ള ചിന്തകളാൽ നിറഞ്ഞതായിരുന്നു. ചരിത്രപരമായി തന്നെ അറിവും അധികാരവും പരസ്പരബന്ധിതമാണ്. അറിവ്, അധികാരം, സമ്പത്ത് എന്നിവ തമ്മിലുള്ള പരസ്പരാശ്രയത്തെ തുറന്നുകാണിക്കാനും അത് ഇന്ത്യയു ടെയും കേരളത്തിന്റെയും ചരിത്രത്തിൽ എങ്ങനെയാണ് ജാതിവ്യവസ്ഥയുടെ രൂപത്തിൽ സാമൂഹ്യസംവിധാനത്തെ നിലനിർത്തുന്നത് എന്നുമാണ് കുഞ്ഞാമൻ നിരന്തരം ഉയർത്തുകയും വിമർശിക്കുകയും ചെയ്തിരുന്ന വിഷയം. അധികാരവും അറിവും തമ്മിൽ പരസ്പരബന്ധം നിലനിൽക്കുമ്പോഴും കുഞ്ഞാമന്റെ കാര്യത്തിൽ അവ തമ്മിൽ ഒരു കലഹം തുടർന്നിരുന്നു. ആ കലഹം തന്നെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ- ബൗദ്ധിക ജീവിതത്തെ നിർണയിച്ചിരുന്നതും. മറ്റൊരർത്ഥത്തിൽ, അറിവിനെ അധികാര ബന്ധങ്ങളെ ചോദ്യം ചെയ്യാനുള്ള ഉപാധിയാക്കി. വ്യവസ്ഥാപിത ഇടതുപക്ഷത്തോടൊപ്പം നിൽക്കുമ്പോഴും അതിന്റെ അധികാരരൂപങ്ങളെ ചോദ്യം ചെയ്തു. വ്യവസ്ഥയോടൊപ്പം നിന്ന് വ്യവസ്ഥയ്ക്കെതിരെ പോരാടുകയെന്നത് അതിസങ്കീർണമായ ഉത്തരവാദിത്വമാണ്. അത് അദ്ദേഹം ചെയ്തു. എന്നാൽ സൈദ്ധാന്തികതലം വേണ്ടത്ര സൂക്ഷമതയോടെയാണോ സമീപിച്ചത് എന്നത് സംശയമാണ്. ഇതിലേക്ക് വരാം.
കുഞ്ഞാമനെ സ്വാധീനിച്ച
ചിന്താധാരകൾ
ജാതി, നീതി, വികസനം എന്നീ കാഴ്ചപ്പാടുകളിൽ അധിഷ്ഠിതമായിരുന്നു കുഞ്ഞാമന്റെ ചിന്തകളൊക്കെയും. ആ അർത്ഥത്തിൽ കുഞ്ഞാമന്റെ ചിന്തകളെ സ്വാധീനിച്ചത് പ്രധാനമായും മൂന്ന് ചിന്തകരായിരുന്നു.
1971- ൽ പ്രസിദ്ധീകരിച്ച ജോൺ റൗൾസിന്റെ 'A Theory of Justice'- എന്ന പുസ്തകവും, ഏറ്റവും അടിസ്ഥാനവർഗത്തിന്റെ പുരോഗതിക്ക് പ്രഥമ പരിഗണന നൽകണമെന്ന അദ്ദേഹത്തിന്റെ ആശയങ്ങളും കുഞ്ഞാമനെ ആഴത്തിൽ സ്വാധീനിച്ചു. സമൂഹത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നവരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താതെ സാമൂഹികമായി മുന്നിൽ നിൽക്കുന്നവരെ മുന്നേറാൻ അനുവദിക്കരുത് എന്നതായിരുന്നു അത്. നീതിയും തുല്യതയും തമ്മിലുള്ള വ്യത്യാസവും അത് അധഃസ്ഥിതരുടെ സാമൂഹിക ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനവും വിശാലാർത്ഥത്തിൽ മനസ്സിലാക്കാനും അതിന്റെ രാഷ്ട്രീയ- സാമൂഹിക ആഖ്യാനങ്ങളെ മനസിലാക്കുന്നതും ആ അർത്ഥത്തിൽ വളരെ പ്രധാനപ്പെട്ടതാണ്.
മാനുഷിക വികസനത്തെ മൗലികാവകാശമായി കാണുന്ന അമർത്യസെന്നിന്റെ വികസന സങ്കൽപ്പമാണ് കുഞ്ഞാമനെ സ്വാധീനിച്ച മറ്റൊരു പ്രധാന ആശയം.
തന്റെ തന്നെ ജീവിതസമരത്തിലൂടെയും അനുഭവങ്ങളിലൂടെയും കുഞ്ഞാമൻ സ്വാംശീകരിക്കുകയും പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്ത അംബേദ്‌കറുടെ ജാതി ഉന്മൂലനമാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ആശയധാര. അംബേദ്കർ ആഹ്വാനം നൽകിയതുപോലെ 'അടിമ മനോഭാവത്തിൽ' (slave mentality) നിന്നുളള മോചനം സാധ്യമാകാതെ അരികുവൽക്കരിക്കപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങളുടെ വിമോചനം സാധ്യമല്ലെന്ന് അദ്ദേഹം വിശ്വസിച്ചു. വിദ്യാഭ്യാസ- തൊഴിൽ മേഖലകളിൽ ജാതീയത സൃഷ്ടിക്കുന്ന വിവേചനങ്ങൾ മനസ്സിലാക്കുമ്പോഴും അതിനെതിരെ പോരാടുമ്പോഴും അതിലെ, അയ്യങ്കാളി അടക്കമുള്ള കേരളീയ നേതൃരൂപത്തെ കുഞ്ഞാമൻ വലിയ അളവിൽ തന്റെ ചിന്താധാരയിലോ പ്രയോഗത്തിലോ കൊണ്ടുവന്നിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്. മാർക്സ് വായന പെരിഫറലായെങ്കിലും തുടരുകയും ചെയ്തു.
സോഷ്യലിസ്റ്റ് ആധുനികത സാധ്യമാകുന്നത് നിലവിലുള്ള അധികാരബന്ധങ്ങളെ അടിത്തട്ടിൽനിന്ന് കീഴ്മേൽ മറിക്കുമ്പോഴാണ്. അതിന്റെ പ്രേരകശക്തി കീഴാള ജനതയുടെ ജാതി- ബൗദ്ധിക ജീവിതം തന്നെയാണ്.
അക്കാദമികലോകം പൊതുവെ ഇടുങ്ങിയ ചിന്താഗതിക്കാരുടെ ഇടമാണ്. അക്കാദമിക ലോകത്ത് നിർണായക ഇടപെടലുകൾ എന്ന രീതിയിലുള്ള സംഭാവനകൾ നടത്താൻ കഴിയാതിരുന്നതിലെ വിഷമം അദ്ദേഹം പലപ്പോഴും പങ്കിടുകയുണ്ടായി. എന്നാൽ, ‘എതിരി’ലൂടെ അതൊക്കെ മറികടക്കാൻ അദ്ദേഹത്തിന് ഒരു പരിധിവരെ കഴിയുകയും ചെയ്തു. ദാരിദ്ര്യവും ജാതിജീവിതവും ഇടകലർന്ന അങ്ങേയറ്റം പ്രതികൂലമായ സാഹചര്യത്തെ പ്രതിരോധമാക്കി മാറ്റുകയായിരുന്നു അദ്ദേഹം. ആധുനികതയുടെ സത്ത കീഴാള പ്രതിരോധമാണ്. സോഷ്യലിസ്റ്റ് ആധുനികത സാധ്യമാകുന്നത് നിലവിലുള്ള അധികാരബന്ധങ്ങളെ അടിത്തട്ടിൽനിന്ന് കീഴ്മേൽ മറിക്കുമ്പോഴാണ്. അതിന്റെ പ്രേരകശക്തി കീഴാള ജനതയുടെ ജാതി- ബൗദ്ധിക ജീവിതം തന്നെയാണ്. മേധാവിത്വങ്ങളെ തന്റെ സ്കൂൾ ജീവിതം മുതൽ തന്നെ എതിരിട്ട് നേടിയ പ്രതിരോധസമീപനവും അദ്ദേഹത്തെ സ്വാധീനിക്കുകയുണ്ടായി. അക്കാദമിക മേഖലകളിലെ ജാതിയുടെ സ്വാധീനവും അതിനിരയാക്കപ്പെടുന്നവരെക്കുറിച്ചും സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം അവതരിപ്പിക്കാറുണ്ടായിരുന്നു. എതിരിലൂടെ മുഴുവൻ പറഞ്ഞില്ലെന്നുവേണം കരുതാൻ.
ജ്ഞാനോത്പാദനവും
അധ്യാപനവും
കേവലം അറിവ് ഉത്പ്പാദിപ്പിക്കുക എന്നതിൽനിന്ന് മാറി, അധികാരത്തെ ചോദ്യം ചെയ്യാൻ അറിവിനെ ഉപയോഗിച്ചു എന്നതാണ് കുഞ്ഞാമന്റെ മൗലിക സംഭാവന. ആ അർത്ഥത്തിൽ കുഞ്ഞാമൻ അറിവിന്റെ തന്നെ അഥവാ വിജ്ഞാനത്തിന്റെ തന്നെ ഇരയാണ് (‘epistemic violence’) എന്നുവേണം മനസിലാക്കാൻ. തന്റെ ബാല്യ ജീവിതം പൊതുസമൂഹത്തിൽ നിന്നു മാറ്റിനിർത്തപ്പെട്ടതുപോലെ തന്റെ അറിവും അധികാരകേന്ദ്രങ്ങളിൽനിന്ന് മാറ്റിനിർത്തപ്പെട്ടു. ഗായത്രി സ്പിവാക്ക്, മിഷേൽ ഫൂക്കോ, മാർട്ടിൻ ഹെയ്ഡെഗ്ഗർ തുടങ്ങിയവരുടെ കാഴ്ചപ്പാടുകളിൽ അത്തരമൊരാശയം കാണാം. ചരിത്രപരമായി അരികുവൽക്കരിക്കപ്പെട്ട, അന്യവൽക്കരിക്കപ്പെട്ട മനുഷ്യർക്ക് അവരുടേതായ പ്രതിവ്യവഹാരങ്ങളുണ്ട്. പക്ഷേ അധികാരത്തിന്റെ മേൽക്കോയ്മയിൽ കീഴാള അറിവും വ്യാഖ്യാനങ്ങളും hermeneutic violence-ന് ഇരയാക്കപ്പെടുന്നു, പാർശ്വവൽക്കരിക്കപ്പെടുന്നു.
ഇ.എം.എസ് അടക്കം ജാതിയെ രാഷ്ട്രീയപ്രവർത്തനത്തിന്റെ പ്രധാന രൂപമായി നേരത്തെ കണ്ടിരുന്നുവെങ്കിലും പരമ്പരാഗത ഇടതുപക്ഷം കുഞ്ഞാമന്റെ ആശയങ്ങൾ ഏറ്റെടുക്കാത്തതിലും പുറന്തള്ളുന്നതിലും ഇതൊരു പ്രധാന കാരണമായി ഭവിച്ചിട്ടുണ്ട്.
ജാതിയെ വ്യാഖ്യാനിക്കുന്നതിൽ കുഞ്ഞാമന്റെയും പരമ്പരാഗത ഇടതുപക്ഷത്തിന്റെയും നിലപാടുകളിൽ അന്തരമുണ്ട്. ജാതിയെ യാന്ത്രികമായി മാത്രം വ്യാഖ്യാനിക്കുകയും വർഗ്ഗത്തെ രാഷ്ട്രീയ വിശകലനത്തിന്റെ കേന്ദ്രഭാഗത്ത് നിർത്തുകയും ചെയ്യുന്ന പരമ്പരാഗത ഇടതുധാരക്കകത്തല്ല കുഞ്ഞാമന്റെ വ്യാഖ്യാനങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇ.എം.എസ് അടക്കം ജാതിയെ രാഷ്ട്രീയപ്രവർത്തനത്തിന്റെ പ്രധാന രൂപമായി നേരത്തെ കണ്ടിരുന്നുവെങ്കിലും പരമ്പരാഗത ഇടതുപക്ഷം കുഞ്ഞാമന്റെ ആശയങ്ങൾ ഏറ്റെടുക്കാത്തതിലും പുറന്തള്ളുന്നതിലും ഇതൊരു പ്രധാന കാരണമായി ഭവിച്ചിട്ടുണ്ട്. കുഞ്ഞാമൻ മുന്നോട്ടുവെച്ച രാഷ്ട്രീയ- ജാതി വിശകലനങ്ങൾ നിലവിലുള്ള രാഷ്ട്രീയ- ആശയധാരകൾക്കും അവർ മുന്നോട്ടുവെയ്ക്കുന്ന വിജ്ഞാന- അധികാര ബന്ധങ്ങൾക്കും പോറലേൽപ്പിക്കുന്നുണ്ട്. അതു കൊണ്ടുതന്നെയാണ് ഒരുപക്ഷേ, കുഞ്ഞാമന് മരിക്കുന്നതുവരെയും കേരളത്തിലെ വ്യവസ്ഥാപിത അധികാരബന്ധങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ തുടരേണ്ടിവന്നത്. അത്തരം പ്രാന്തപ്രദേശങ്ങൾ പ്രതിവ്യവഹാരങ്ങളുടെ പ്രഭവസ്ഥാനവും പ്രതീക്ഷാനിർഭര ഇടവുമാണ്.
അറിവിന്റെ ഉൽപ്പാദനം അധികാരതാല്പര്യങ്ങളോട് ചേർന്നുനിൽക്കുകയാണ് പതിവ് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. എന്നാൽ, കുഞ്ഞാമനാകട്ടെ അധികാരത്തോട് നിരന്തരം കലഹിച്ചു. അധ്യാപനത്തിലും ആ വ്യത്യസ്തത അദ്ദേഹം നിലനിർത്തി. അതുകൊണ്ടു വലിയൊരു ശിഷ്യസമ്പത്ത് നേടിയെടുക്കാനും കഴിഞ്ഞു. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷാനൈപുണ്യവും വിദ്യാർത്ഥികളെ ആകർഷിച്ചിരിക്കാനിടയുണ്ട്.
കുഞ്ഞാമനും
ഇടതുപക്ഷവും
എം. കുഞ്ഞാമൻ വ്യവസ്ഥാപിത ഇടതുപക്ഷത്തോട് ഏറ്റുമുട്ടി. പൊതുമണ്ഡലത്തിലെ പുനരുൽപ്പാദിപ്പിക്കപ്പെടുന്ന ദലിത് വിരുദ്ധത ചൂണ്ടിക്കാട്ടി. സർക്കാരിന്റെ അവാർഡ് നിരസിച്ചു. ഒരു രാഷ്ട്രീയസമൂഹമെന്ന നിലയിൽ ശക്തമായ കീഴാള സാമൂഹിക പ്രസ്ഥാനത്തിന്റെ അഭാവം കേരളത്തിൽ നിലനിൽക്കുന്നുവെന്ന് വ്യക്തമാക്കി. തുറന്നു വിമർശിച്ചപ്പോഴും ഒരുപരിധിക്കപ്പുറം വ്യവസ്ഥാപിത ഇടതുപക്ഷത്തെ വെല്ലുവിളിക്കാൻ അദ്ദേഹം തുനിഞ്ഞില്ല. യോജിപ്പിന്റെ സാധ്യതകൾ സാധ്യമായ ഘട്ടങ്ങളിൽ അതിനദ്ദേഹം വിമുഖത കാട്ടിയതുമില്ല. വ്യവസ്ഥാപിത ഇടതുപക്ഷമാകട്ടെ അറിവിന്റെ മണ്ഡലത്തിൽ അദ്ദേഹത്തെ അടുത്തു നിർത്തിയെങ്കിലും അധികാരത്തിന്റെ മണ്ഡലത്തിൽ പുറത്തുനിർത്തി.
കീഴാള ജനതയും അധികാരഘടനയും തമ്മിലുള്ള ഈ സംഘട്ടനത്തിൽ, കുഞ്ഞാമന്റെ ചിന്തകളെ തന്നെയും ഈ അധികാരബന്ധങ്ങൾക്കകത്ത് എവിടെയാണ് സ്ഥാപിക്കേണ്ടത് എന്നതാണ് പ്രധാന ചോദ്യം.
കേരളത്തിന്റെ കാര്യം തന്നെയെടുക്കാം. സംസ്ഥാന രൂപീകരണത്തിനുശേഷം ഭൂപരിഷ്കരണം നടപ്പിലാക്കിയതും ഫ്യൂഡലിസം അവസാനിപ്പിച്ചതും പൂർണമായും ഇടതുപക്ഷത്തിന്റെ വിജയമാണെങ്കിലും അവയ്ക്ക് അതിന്റേതായ ന്യൂനതകളുണ്ടായിരുന്നു. ഇന്നാട്ടിലെ യഥാർത്ഥ കർഷകർക്കല്ല ഭൂമി കൈമാറി കിട്ടിയത്, മറിച്ച് ഇടനിലക്കാർക്കാണ്. അവർ ഒരു മധ്യവർഗ്ഗമായി ഉയർന്നുവരികയും ചെയ്തു. മണ്ണിൽ പണിയെടുത്തിരുന്ന, ഇന്നും പണിയെടുക്കുന്നവർ owner-cultivator ആയി മാറിയില്ല. അവരിൽ നിന്നു ഒരു മധ്യവർഗ്ഗമുണ്ടായില്ല. വ്യവസ്ഥാപിത ഇടതുപക്ഷം മാത്രമല്ല റാഡിക്കൽ ഇടതുപക്ഷവും ഭൂപ്രശ്നം തീർന്നു എന്ന മട്ടിൽ അവതരിപ്പിച്ചതിലെ അപകടം കുഞ്ഞാമൻ നിരന്തരം ഓർമിപ്പിച്ചു. അത് ഭരണഘടനാപരമായ ജനാധിപത്യാവകാശമാണെന്ന് നിരന്തരം ഓർമിപ്പിച്ചു. ദലിതരുടെയും ആദിവാസികളുടെയും ഇടയിലുള്ള ഭൂരാഹിത്യം ഇന്നുമൊരു രാഷ്ട്രീയ പ്രശ്നമാണ്. അതിനെതിരെയുള്ള പ്രതിഷേധമാണ് മുത്തങ്ങയിലും ചെങ്ങറയിലും അരിപ്പയിലുമൊക്കെ നമ്മൾ കണ്ടത്.
അടിസ്ഥാനപരമായി, ഇടത്- വലത് സർക്കാരുകൾ ചെയ്തിരുന്ന കാര്യങ്ങളിൽ കുഞ്ഞാമൻ സംതൃപ്തനായിരുന്നില്ല. ഉദാഹരണത്തിന് വിദ്യാഭ്യാസ മേഖല പരിഗണിച്ചാൽ, ഉന്നത വിദ്യാഭ്യാസ മേഖലയിൽനിന്ന് ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോക്കുള്ളത് ആദിവാസി വിദ്യാർഥികളിലാണ്. അവർ വിദ്യാഭ്യാസം നേടുന്നതിനുപകരം കൃഷിപ്പണിക്കാരായോ നഗരങ്ങളിലെ കൂലിവേലക്കാരായോ മാറുന്നു. സാംസ്‌കാരിക മേഖല പരിഗണിച്ചാൽ, കേരളത്തിലെ പൊതുബോധം ദലിത്- ആദിവാസി വിഭാഗങ്ങളെ വേണ്ടത്ര ഉൾക്കൊള്ളുകയുണ്ടായില്ല. അട്ടപ്പാടിയിലെ മധു ഒരു അസാധാരണ ഉദാഹരണം മാത്രമാണ്. അപ്പോഴും സംസ്ഥാന രൂപീകരണം കഴിഞ്ഞ് ആറര പതിറ്റാണ്ടിനിപ്പുറവും അത്തരമൊരു സംഭവം കേരളത്തിൽ നടന്നുവെന്നത് കേരള സമൂഹത്തിന്റെ പിന്നാമ്പുറക്കാഴ്ചകൾ തുറന്നുകാട്ടുന്നതാണ്.
പൊതുവ്യവഹാരം, മതേതരവും വിവേചനരഹിതവുമെല്ലാമാകുമ്പോഴും അപ്രത്യക്ഷതലത്തിൽ വികസനപരവും ജാതീയവുമായ വിവേചനങ്ങൾ നിലനിൽക്കുന്നുണ്ട്.
പ്രത്യക്ഷത്തിൽ അങ്ങേയറ്റം മതേതരവും പുരോഗമനോന്മുഖവുമായ ഒരു മുഖം നിലനിർത്തുമ്പോഴും കേരളത്തിലെ വികസന-സാമൂഹിക യാഥാർഥ്യം അതിൽനിന്ന് വിഭിന്നമാണ്. പൊതുവ്യവഹാരം, മേല്പറഞ്ഞതുപോലെ, മതേതരവും വിവേചനരഹിതവുമെല്ലാമാകുമ്പോഴും അപ്രത്യക്ഷതലത്തിൽ വികസനപരവും ജാതീയവുമായ വിവേചനങ്ങൾ നിലനിൽക്കുന്നുണ്ട്. ഒരുഭാഗത്ത് പുരോഗമനത്തിന്റെ ഭരണകൂട-സാമൂഹിക രൂപവും മറുവശത്ത് ജാതീയമായ ഒഴിവാക്കപ്പെടലുകളും സന്നിവേശിപ്പിക്കുന്ന ഈ വൈരുധ്യം കുഞ്ഞാമനെ പോലുള്ളവരുടെ എന്നത്തേയും പ്രശ്നമായിരുന്നു.
ഒരുവശത്ത്, രാഷ്ട്രീയജീവി എന്ന നിലക്കുള്ള തുല്യതയും അതേസമയം, സാമൂഹിക ജീവിതത്തിൽ ജാതീയതയിലധിഷ്ഠിതമായ വിവേചനവും നിലനിൽക്കുന്നു. ഇവ തമ്മിലുള്ള സംഘട്ടനമാണ് സമൂഹത്തെ വെറുക്കാൻ കുഞ്ഞാമനെ പ്രേരിപ്പിച്ചത്. സമൂഹത്തോടുള്ള വെറുപ്പ് തന്നോടുതന്നെയായിത്തീരുന്ന അവസ്ഥയെക്കുറിച്ച് സിഗ്മണ്ട് ഫ്രോയിഡ് സൂചിപ്പിക്കുന്നുണ്ട്. ഇത്തരം അന്തർസംഘർഷങ്ങൾ കുഞ്ഞാമനെ ആത്മഹത്യയിലേക്കു നയിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ കുഞ്ഞാമന്റെ ബാല്യദാരിദ്ര്യം, ജീവിത ഇടപെടലുകൾ, ആത്മഹത്യ തുടങ്ങിയവ അങ്ങേയറ്റം ഗൗരവത്തോടെ നാം പഠിക്കേണ്ടതും അതിനനുസരിച്ച് രാഷ്ട്രീയ ഇടപെടലുകൾ നടത്തേണ്ടതുമാണ്. അങ്ങനെയല്ലെങ്കിൽ ഒന്നല്ല, ഒന്നിലധികം കുഞ്ഞാമന്മാരെ നമുക്ക് നഷ്ടപ്പെടും. അത്തരം നഷ്ടം കുഞ്ഞാമൻ പ്രതിനീധീകരിക്കുന്ന അടിസ്ഥാനവിഭാഗങ്ങൾ ഇതുവരെ നേടിയെടുത്ത നേട്ടങ്ങളും അവകാശങ്ങളും അതിന്റെ ആപേക്ഷികതലത്തിൽ അവർക്കും കേരളീയ സമൂഹത്തിന് പൊതുവിലും നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാക്കും.
അവകാശ നിർമിതിയും
ഭരണകൂട നിർമിതിയും
കുഞ്ഞാമന്റെ കാര്യത്തിൽ അനുസ്‌മരണങ്ങളോ ഓർമക്കുറിപ്പുകളോ ഒന്നുമല്ല വേണ്ടത്. അത് അതിന്റെ പരിമിതരീതിയിൽ നമ്മൾ ചെയ്യുന്നുമുണ്ട്. മറിച്ച്, മരിച്ചവരുടെ അവകാശങ്ങളെക്കുറിച്ചുള്ള (‘rights of the dead’) പുതിയ ബോധമാണ് വേണ്ടത്. കുഞ്ഞാമൻ ഉയർത്തിയ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഏറ്റെടുക്കുകയും ആശയങ്ങളെ ഉൾക്കൊള്ളുകയും അതിനെ കീഴാള ജനതയുടെ വിമോചനത്തിന് ഉപയോഗിക്കുകയും ചെയ്യുക എന്നതാണത്. ‘rights of the dead’ ജീവിക്കുന്നവരിലൂടെയാണ് യാഥാർത്ഥ്യമാകുന്നത്. അവകാശങ്ങളെക്കുറിച്ചുള്ള വ്യവഹാര സംഘർഷങ്ങൾ നിലനിൽക്കും. എന്നിരുന്നാലും ഒരു പൊതുസ്വത്വമായി മാറുന്നതിനുള്ള വിപ്ലവകരമായ പരിവർത്തനത്തെ വിട്ടുപോയവരുടെയും നമ്മുടെയും അവകാശങ്ങൾ ഒന്നുചേരേണ്ട യാത്രയാണത്. മരിച്ചവരുടെ അവകാശങ്ങൾ ചർച്ച ചെയ്യപ്പെടുന്ന കാലഘട്ടത്തിൽ എം. കുഞ്ഞാമന് നാം നൽകേണ്ട യഥാർത്ഥ ആദരവ് എന്തായിരിക്കണം? സംസ്കാരച്ചടങ്ങുകൾക്കും, അനുസ്മരണ പ്രഭാഷണങ്ങൾക്കുമപ്പുറം അദ്ദേഹത്തിന്റെ ധൈഷണികവും വിമർശനാ ത്മകവുമായ നിലപാടുകളും ആശയങ്ങളും മുന്നോട്ട് കൊണ്ടുപോകുക എന്നതായിരിക്കും അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും മികച്ച അനുസ്മരണവും ആദരവും.
ജാതിയെ നേരിടേണ്ടത് ജാതിയെ തന്നെ മുൻനിർത്തിയുള്ള ഒരു സ്വത്വവാദത്തിന്റെ അടിസ്ഥാനത്തിലാണോ അതോ അതിനുപരിയായി വിശാലമായ വർഗ്ഗാടിസ്ഥാനത്തിലാണോ എന്ന ചോദ്യം പ്രധാനമാണ്.
സമൂഹത്തിന്റെ നിലവിലുള്ള വർഗ്ഗീകരണ ക്രമത്തിൽ സ്ഥാനങ്ങൾ ഉറപ്പിച്ചുനിർത്താ ത്തവരായ, ‘പങ്കുപറ്റാത്തവരിലെ ഒരു വിഭാഗം’, (Jaques Ranciere, സാൽവോ സിസാക്ക് തുടങ്ങിയവർ അവതരിപ്പിച്ചതുപോലെ), അതായത് ദരിദ്രരും പാർശ്വവൽ ക്കരിക്കപ്പെട്ടവരും, അധികാരത്തിലിരിക്കുന്നവർ അവരുടെ ശബ്ദം കേൾക്കുന്നുവെന്ന് അവകാശപ്പെടുക മാത്രമല്ല, അവരെ ‘തുല്യനിലയിൽ’ പൊതുമണ്ഡലത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുമ്പോൾ രാഷ്ട്രീയം അർത്ഥവത്താകുന്നു. അത് മേധാവിത്വത്തിന്റെ തനത് അധികാരക്രമത്തിന് അസ്വാരസ്യം സൃഷ്ടിക്കുന്നതാണ്. കക്ഷിരാഷ്ട്രീയത്തിനപ്പുറം ശരിയായ രാഷ്ട്രീയം പുനഃസ്ഥാപിച്ച് സ്വത്തിന്റെയും അധികാരത്തിന്റെയും അസമത്വമാണ് തുടച്ചുമാറ്റേണ്ടത്. ഈ സാഹചര്യത്തിൽ, പാരിസ്ഥിതികവും സ്ഥലപരവുമായ പ്രതിഷേധങ്ങളിലൂടെയും സമരങ്ങളിലൂടെയും യഥാർത്ഥ ലോകവീക്ഷണത്തിലൂടെയും സ്വയം ബോധ്യപ്പെടുകയാണ് വേണ്ടത്.
Giorgio Agamben മുന്നോട്ടുവച്ച 'വരാനിരിക്കുന്ന സമൂഹം' – ഇന്നത്തെ ജീവിതത്തിൽനിന്ന് വ്യത്യസ്തമായൊരു ജീവിതം - എന്ന പരികൽപ്പന കണക്കിലെടുത്താൽ, ഈ രാഷ്ട്രീയത്തിലെ ശരിയായ സ്ഥാനം കണ്ടെത്തുന്നതും തിരിച്ചറിയുന്നതും വളരെ പ്രധാനപ്പെട്ടതാണ്, പ്രത്യേകിച്ച്, അത് സോവിയറ്റ് കമ്യൂണിസത്തിന്റെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ. പാശ്ചാത്യരാജ്യത്ത് നിലനിൽക്കുന്ന ഹൈപ്പർ മുതലാളിത്തത്തിന്റെ മേൽക്കോയ്മ ആഗോളവൽക്കരണം നിലനിൽക്കുന്ന അവസരത്തിലും കീഴാളർക്ക് ഗുണകരമാണെന്ന കുഞ്ഞാമന്റെ നിരീക്ഷണം ഇത്തരുണത്തിൽ പ്രസക്തമാണ്. എന്നാൽ അതോടൊപ്പം കൂട്ടിച്ചേർക്കേണ്ട ഒരു സൈദ്ധാന്തികതലം കൂടിയുണ്ട്.
ചരിത്രത്തിലെ സംഭവവികാസങ്ങളെ ‘അവകാശ നിർമിതി / ഭരണകൂട നിർമാണ പ്രക്രിയ’ എന്ന് ഞാൻ പരാമർശിക്കുന്നത് അത്തരമൊരു സൈദ്ധാന്തിക പരിസരത്തുനിന്നുകൊണ്ടാണ്. കാരണം, ഭരണകൂട രൂപീകരണത്തെ പ്രധാനമായും സ്വാധീനിച്ചത് കീഴാളരുടെ അവകാശ പോരാട്ടങ്ങളാണെന്ന് വ്യക്തമാക്കുന്നതിനാലാണിത്. ആഗോളവൽക്കരണ കാലത്തും അതു തുടരേണ്ടതുണ്ട്. അവകാശനിർമിതിയും ഭരണകൂട നിർമിതിയും പരസ്പരപൂരക പ്രക്രിയയാണ്. അതിൽ ആദ്യം അവകാശവാദം കടന്നുവരുന്നു, തുടർന്ന് അവകാശ നിർമിതി ഭരണകൂട നിർമിതിയായി മാറുന്നു, തിരിച്ചും അതു സംഭവിക്കുന്നു.
ഈ ദ്വിമുഖ പ്രക്രിയയിൽ അവകാശ നിർമിതിയെ ഭരണകൂട നിർമിതിയായും ഭരണകൂട നിർമിതിയെ അവകാശ നിർമിതിയായും കാണുന്നു. ‘ഭരണകൂടം’ എന്നത് മാർക്‌സിസ്റ്റുകൾ സാധാരണയായി ഒരു അടിച്ചമർത്തൽ ഉപാധിയായി കാണുന്നുണ്ടെങ്കിലും, സോഷ്യൽ ഡെമോക്രാറ്റുകൾക്ക് സമൂഹത്തിലെ അസമത്വങ്ങൾ വലിയ തോതിൽ കുറയ്ക്കാൻ കഴിയും എന്നതാണ് വസ്തുത. സോഷ്യലിസ്റ്റ് ആധുനികതയും നൈതികതയും ഒരു പരിധിവരെ മുന്നോട്ടു കൊണ്ടുപോകാനാവും. ഇത് പലപ്പോഴും പ്രതിഷേധങ്ങളുടെ പരമ്പരയിലൂടെയോ അഥവാ ഒരു മനുഷ്യാവകാശ അംഗീകാര പ്രക്രിയയിലൂടെയോ ഭരണകൂടത്തിന്റെ താഴെത്തട്ടിൽനിന്ന് സാധ്യമാവുന്നതാണ്. Arab spring, Occupy protest തുടങ്ങിയവ അതിന്റെ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു.
ആഗോളവൽക്കരണ കാലത്തും സോഷ്യലിസ്റ്റ് അടിത്തറയോടുതന്നെ ഭരണനിർമിതി സാധ്യമാവും. Right making – State making കാഴ്ചപ്പാടിലൂടെ നടക്കേണ്ടത് പരസ്പരം ബോധ്യപ്പെടുന്ന ഒരു പ്രക്രിയയാണ് (mutually intelligible). അവകാശ നിർമിതി / ഭരണകൂട നിർമിതി എന്ന പ്രക്രിയ എത്രത്തോളം മുന്നോട്ടുപോകുന്നുവെന്നും പാരിസ്ഥിതികവും സ്ഥലപരവുമായ പോരാട്ടങ്ങൾ പൗരസമൂഹ- ഭരണകൂട സമന്വയത്തിനും ജനാധിപത്യത്തെ ജനാധിപത്യവൽക്കരിക്കുന്നതിനും എത്രത്തോളം സഹായിച്ചുവെന്നും ചോദ്യമുയർന്നേക്കാം.
കുഞ്ഞാമന്റെ ഓർമക്കുറിപ്പായ 'എതിര്', മസാമുനെയുടെ വാളിനേക്കാൾ മൂർച്ചയുള്ളതാണ്. ജാപ്പനീസ് ഐതിഹ്യമനുസരിച്ച് ഏറ്റവും മൂർച്ചയും ഗുണമേന്മയുമുള്ള വാൾ മസാമുനെയുടേതാണ്. അതിനെ സംബന്ധിച്ച കഥകളിലൊന്ന് ഇതാണ്: അദ്ദേഹത്തിന്റെ ശിഷ്യനായ മുരമാസ അദ്ദേഹം നിർമിച്ചതിനേക്കാൾ മികച്ച വാൾ തനിക്ക് നിർമിക്കാനാകുമെന്ന് അവകാശപ്പെട്ടു. അത് നിർമിച്ചുകഴിഞ്ഞപ്പോൾ ഏതിനാണ് കൂടുതൽ മേന്മയെന്ന് തെളിയിക്കുന്ന മത്സരത്തിനായി ഇരുവരുടേയും വാളുകൾ നദിയിലേക്ക് താഴ്ത്തി. മുരമാസയുടെ വാൾ തനിക്കെതിരെ വന്നതിനെയെല്ലാം അരിഞ്ഞുമാറ്റി. വെള്ളത്തിലൂടെ ഒഴുകിവന്ന ഇലകളെ രണ്ടായി മുറിച്ചു. എന്നാൽ ഗുരുവായ മസാമുനെയുടെ വാളാകട്ടെ, ഇല തന്നിൽ തട്ടി മുറിയാതിരിക്കാൻ വെള്ളത്തിന്റെതന്നെ ദിശയെ മാറ്റുകയുണ്ടായെന്ന് ഐതിഹ്യം.
മാർക്സിസം വിമോചനശാസ്ത്രമല്ലെന്ന തലത്തിലേക്ക് കുഞ്ഞാമൻ എത്തിപ്പെടുന്നതായി കാണാം. ഒരു ഭരണസംവിധാനത്തിന്റെ ഏതെങ്കിലുമൊരു വീഴ്ച ചൂണ്ടി ഒരു പ്രത്യയശാസ്ത്രത്തെ വിലയിരുത്തുന്നതിൽ പരിമിതിയുണ്ട്.
മുറിക്കുക/ മുറിവേൽപ്പിക്കുക എന്ന വാളിന്റെ സ്വാഭാവിക ധർമത്തിനെക്കാൾ (instrumental function), അനാവശ്യമായി ഒന്നിനെയും മുറിവേൽപ്പിക്കാതിരിക്കുക എന്ന വിവേചനശേഷി യുണ്ടായിരുന്ന മസാമുനെയുടെ വാൾ കൂടുതൽ മികച്ചതും ശ്രേഷ്ഠവുമായി കരുതപ്പെടുന്നു. മുറിവേല്പിക്കുന്നതിനും മുറിച്ചുമാറ്റുന്നതിനുമപ്പുറം ധാർമികവും നൈതികവുമായ കരുത്തോടെ വാൾ സ്വന്തം കർതൃത്വം ഏറ്റെടുക്കുന്നു.
‘എതിര്’ എന്ന പുസ്തകം ആ അർത്ഥത്തിൽ മസാമുനെയുടെ വാൾമുന പോലെ ധാർമികവും നൈതികവുമായതാണ്. മൂർച്ചയുള്ള വാൾ എന്ന നിലക്ക് നിലവിലുള്ളതിനെ നിശിതമായി വിമർശിക്കുകയും അതേസമയം എതിരാളികളുടെ ധാർമികതയെയും നൈതികതയെയും സംരക്ഷിക്കയുകയും ചെയ്യുന്നു എന്ന ഇരട്ട ധർമം കുഞ്ഞാമൻ നിർവഹിക്കുന്നുണ്ട്. ഇവിടെ ഉയർന്നുവരുന്ന ഒരു കാര്യം, ജാതിയുടെ രൂപത്തെ പറ്റിയും ജാതിയെ നേരിടേണ്ടത് എങ്ങനെയെന്നതിനെ പറ്റിയുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കൂടി നമുക്കത് സഹായകരമാണ് എന്നതാണ്.
ജാതിയെ നേരിടേണ്ടത് ജാതിയെ തന്നെ മുൻനിർത്തിയുള്ള ഒരു സ്വത്വവാദത്തിന്റെ അടിസ്ഥാനത്തിലാണോ അതോ അതിനുപരിയായി വിശാലമായ വർഗ്ഗാടിസ്ഥാനത്തിലാണോ എന്ന ചോദ്യം പ്രധാനമാണ്. വിശാലമായ വർഗ്ഗാടിത്തറയിൽ നിന്നുകൊണ്ടു മാത്രമേ, അത്തരമൊരു സാർവദേശീയ അസ്തിത്വത്തിന്റെ അടയാളത്തിൽ വേണം ജാതിയെ നേരിടാൻ. അല്ലാത്തപക്ഷമുള്ള സങ്കുചിതമായ എല്ലാ നീക്കങ്ങളും, ജാതിയെ നേരിടാനുള്ള ഉപകരണമാക്കി മാറ്റിക്കൊണ്ടുള്ള എല്ലാ പ്രവർത്തനങ്ങളും, ജാതിയെ തകർക്കുന്നതിനേക്കാളുപരി ജാതിയെ കുറേക്കൂടി സ്ഥൈര്യമായി നിലനിർത്തുക മാത്രമേ ചെയ്യുകയുള്ളൂ.
മാർക്സിസം വിമോചനശാസ്ത്രമല്ലെന്ന തലത്തിലേക്ക് കുഞ്ഞാമൻ എത്തിപ്പെടുന്നതായി കാണാം. ഒരു ഭരണസംവിധാനത്തിന്റെ ഏതെങ്കിലുമൊരു വീഴ്ച ചൂണ്ടി ഒരു പ്രത്യയശാസ്ത്രത്തെ വിലയിരുത്തുന്നതിൽ പരിമിതിയുണ്ട്.
രണ്ടാമതൊരു ചോദ്യം, ധാർമികതയുമായി ബന്ധപ്പെട്ടതാണ്. കോവിഡുകാലത്തെ ഒരു സംഭാഷണത്തിൽ അദ്ദേഹം കേരള സർക്കാരിന്റെ കോവിഡ് ജാഗ്രതയിൽ അങ്ങേയറ്റം പ്രത്യാശ പ്രകടിപ്പിക്കുകയുണ്ടായി. ധാർമിക സമ്പദ്ഘടന (moral economy) എന്നത് എങ്ങനെ ഒരുമിച്ചു ചെയ്യാനാവും എന്ന കാര്യവും സംസാരിക്കുകയുണ്ടായി. കോവിഡ് കാലത്ത് അതിഥിതൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കിയ പദ്ധതികളെ മുൻനിർത്തി ചർച്ച ചെയ്ത 'moral economy' എന്ന ആശയത്തോടുള്ള താല്പര്യം പ്രകടമാക്കിയ അദ്ദേഹം, അവസാനം വരെ അറിവിന്റെ ഉല്പാദനത്തിലെയും വ്യാപനത്തിലെയും പുതിയ സാധ്യതകളെയും ആശയങ്ങളെയും താല്പര്യത്തോടെ സ്വീകരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ അന്തർസംഘർഷങ്ങളുടെ ആഴം നമുക്ക് അന്യമായി തുടരുകയും ചെയ്തു.
(തിരുവനന്തപുരം ഡോ. അംബേദ്കർ എഡ്യുക്കേഷനൽ ആന്റ് കൾചറൽ സൊസൈറ്റി, കൊല്ലം യുവസാഹിതി, Kerala Economic Association- Gulati Institute of Finance and Taxation, Thiruvananthapuram എന്നിവിടങ്ങളിൽ നടത്തിയ അനുസ്മരണ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം.)