ആധുനിക ഇന്ത്യൻ കലയിലെ തദ്ദേശീയഭാവനയുടെ പ്രോദ്ഘാടകരിൽ ഒരാളായ മലയാളി ചിത്രകാരൻ എ. രാമചന്ദ്രൻ ഫെബ്രുവരി 10ന് നമ്മെ വിട്ടു പിരിഞ്ഞു. വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് ഏറെനാളായി ചികിൽസയിലായിരുന്ന അദ്ദേഹം ഡൽഹിയിൽ വെച്ചാണ് അന്തരിച്ചത്. നിറങ്ങളുടെ സിംഫണി തീർത്ത അനേകമനേകം ചിത്രപരമ്പരകളിലൂടെ രാമചന്ദ്രൻ സ്വകീയമായ ഒരു ദൃശ്യലോകം കെട്ടിപ്പടുത്തു. പെയിന്റർ എന്ന നിലയിൽ മാത്രമല്ല, മിനിയേച്ചറിസ്റ്റായും ശില്പിയായും, പ്രിന്റ് മേക്കറായും ഡിസൈനറായും, കലാവിദ്യാഭ്യാസ വിചക്ഷണനായും തന്റെ മേഖലയിൽ നിരന്തരഗവേഷണം നടത്തിക്കൊണ്ടാണ് രാമചന്ദ്രൻ കടന്നുപോവുന്നത്. 'ദി മഹാത്മ ആന്റ് ദി ലോട്ടസ് പോണ്ട് ' എന്ന പ്രദർശനം 2019- ലാണ് എറണാകുളം ദർബാർ ഹാൾ ആർട്ട് സെന്ററിൽ നടന്നത്. കേരളത്തിൽ നടന്ന എ. രാമചന്ദ്രന്റെ അവസാനപ്രദർശനവുമാണത്. ഈ ലേഖകൻ നടത്തിയ ഒരു അഭിമുഖ സംഭാഷണത്തിനിടെ തന്റെ ഗാന്ധിബന്ധത്തെക്കുറിച്ചും ഗ്രാമീണതയെക്കുറിച്ചും അന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“ഗാന്ധിജി ഉദ്ദേശിച്ചതുപോലെ ഗ്രാമങ്ങളിലാണ് ഇന്ത്യ ജീവിക്കുന്നത്. ഗ്രാമീണജീവിതത്തിന്റെ ശുദ്ധതയും പാരിസ്ഥിതികാവബോധവും ഒക്കെ ഇന്ന് ആളുകൾ മറന്നുകഴിഞ്ഞു. താമരക്കുളം ഒരു പ്രതീകമാണ്. അതൊരു ചെറിയ പ്രപഞ്ചമാണ്. ഞാൻ പോവുന്ന സ്ഥലങ്ങളിലെ പല ഋതുക്കളിലെ-മഴക്കാലത്തെയും, തണുപ്പുകാലത്തെയും, വേനൽക്കാലത്തെയും-ഭാവങ്ങൾ ആണ് ഞാൻ പഠിച്ചു രേഖപ്പെടുത്തിയത്. ഗ്രാമീണജീവിത സാഹചര്യങ്ങളെ ചിത്രീകരിക്കാൻ പോവുന്നയിടങ്ങളിലെ തന്നെ പരിസ്ഥിതിയാണത്. ഈ ചിത്രങ്ങളെയും ഗാന്ധിജിയെയും ഒന്നിച്ച് വെക്കുമ്പോൾ, എനിക്ക് തോന്നുന്നു, ആശയത്തിൽ വ്യത്യാസമൊന്നുമില്ല. കലാകാരൻ എന്ന നിലയിൽ ഞാൻ ടാഗോറിനെ ആരാധിക്കുന്നു, മൊറാലിറ്റി കൺസെപ്റ്റിൽ ഞാൻ ഗാന്ധിജിയേയും. ഗാന്ധിജി ഒരു പൊളിറ്റിക്കൽ സിംബൽ അല്ല എനിക്ക്. നമ്മൾ ചെയ്യുന്ന കാര്യത്തിൽ സത്യസന്ധമായിരിക്കണം. നമ്മുടെ ആത്മാവിനെ വഞ്ചിച്ചുകൊണ്ട് ജീവിതത്തിൽ ഒരു കാര്യവും ചെയ്യരുത്. ടാഗോറിന്റെ സാർവ്വദേശീയതാ സങ്കല്പങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. തിരുവനന്തപുരം നിവാസി എന്ന ചുറ്റുവട്ടത്തിൽനിന്നും ലോകാന്തരമായി ചിന്തിക്കാനും പ്രവർത്തിക്കാനും ടാഗോർ വലിയ പ്രേരണ നല്കിയിട്ടുണ്ട്.”
1935-ൽ ആറ്റിങ്ങലിൽ ജനിച്ച രാമചന്ദ്രൻ കേരള സർവ്വകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദം നേടിയ ശേഷമാണ് ശാന്തിനികേതനിൽ കലാപഠനത്തിനായി ചേരുന്നത്. പ്രാദേശികമായ അനുഭവങ്ങളും ജീവിതവും തന്റെ കലയ്ക്ക് മുതൽക്കൂട്ടായെന്ന് അദ്ദേഹം വിശ്വസിച്ചു. മലയാള സാഹിത്യവുമായുണ്ടായിരുന്ന ഗാഢബന്ധവും രാമചന്ദ്രനിലെ കലാകൃത്തിന് വളക്കൂറുള്ള മണ്ണൊരുക്കി. തകഴിയുടെയും ബഷീറിന്റെയും ഒ.വി.വിജയന്റെയും കലയുടെ മർമ്മം രാമചന്ദ്രൻ ചിത്രകലയിലൂടെ സാക്ഷാത്കരിക്കാൻ ശ്രമിക്കുകയായിരുന്നു. ആധുനിക മലയാള സാഹിത്യത്തിലുണ്ടായ നവമുന്നേറ്റങ്ങളെ കൗതുകപൂർവ്വം പിന്തുടർന്ന രാമചന്ദ്രൻ നവോത്ഥാനമൂല്യങ്ങളിൽ ഊന്നിനിന്ന് കലയെപ്പറ്റി ചിന്തിച്ചു. ആധുനിക കേരളീയ ചിത്രകല ഏറിയകൂറും മദ്രാസ് സ്‌കൂൾ കലാഭാവുകത്വത്തിന്റെ തുടർച്ചയായിരുന്നപ്പോഴാണ് എ. രാമചന്ദ്രൻ ശാന്തിനികേതൻ ഭാവുകത്വത്തിൽ ആകൃഷ്ടനാവുന്നത്. നന്ദലാൽ ബോസിന്റെ വിദ്യാർത്ഥിയായിരുന്ന രാമചന്ദ്രനിൽ ശന്തിനികേതൻ സ്‌കൂളിന്റെ രാഷ്ട്രീയബോധ്യം ശക്തമായി നിലകൊണ്ടു. അത് പാശ്ചാത്യകലാസങ്കല്പങ്ങളിൽ നിന്നും വിടുതി നേടിയതും തദ്ദേശീയമായി പുനർനിർവ്വചിക്കപ്പെട്ട ആധുനികതാവാദവുമായി പിൽക്കാലത്ത് മനസ്സിലാക്കപ്പെട്ടു.
ഇന്ത്യൻ പാരമ്പര്യകലയുടെ ആഖ്യാനരീതികളെ സാകൂതം പിന്തുടർന്ന ഒരു കലാകൃത്തിനെയാണ് രാമചന്ദ്രനിൽ കാണാൻ കഴിയുക. അത് ത്രിമാനരൂപങ്ങളെക്കാൾ ദ്വിമാനമായതും അതിർരേഖകളാൽ നിർവ്വചിക്കപ്പെട്ടതുമായിരുന്നു. കേരള ചുവർചിത്രകലയുടെ ദൃശ്യഘടകങ്ങളെ വിശാല-ഇന്ത്യൻ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ആഖ്യാനം ചെയ്യാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. തന്റെ പ്രവർത്തനമേഖല ദേശീയതലത്തിൽ വിപുലപ്പെടുത്തിയപ്പോഴും ടാഗോറിയൻ സാർവ്വദേശീയതയെ പിൻപറ്റിയപ്പോഴും കേരളീയതയുടെ മുദ്രകൾ രാമചന്ദ്രൻ തന്റെ കലയിലും ജീവിതത്തിലും ഉടനീളം കൊണ്ടുനടന്നു. കേരളം കലാകൃത്തുക്കൾക്ക് അതിജീവിക്കാൻ പറ്റിയ സ്ഥലമല്ലാതിരുന്നിട്ടുകൂടി രാമചന്ദ്രൻ പഠനശേഷം കേരളത്തിലേക്ക് തിരിച്ചുവരികയും മൂന്നുവർഷക്കാലം കേരളീയ ചുവർചിത്രകലയെക്കുറിച്ച് കൂടുതൽ പഠിക്കുവാനും ശ്രമിച്ചു. പാരമ്പര്യ മോട്ടീഫുകളെ ആധുനികീകരിച്ച് വിനിയോഗിക്കാൻ ഈ പഠനം രാമചന്ദ്രനെ സഹായിച്ചു. 'യയാതി' പോലുള്ള ചിത്രങ്ങൾ അത്തരം ധീരമായ ശ്രമങ്ങളുടെ ഫലമായിരുന്നു. കേരളീയ സാമൂഹികത തന്റെ കലാചിന്തയ്ക്ക് എന്തു സംഭാവന നല്കി എന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ ഉത്തരം നല്കി.
“കേരളത്തിൽ ഒരു പുതിയ നവോത്ഥാനം വന്നു. ഇടതുപക്ഷം കേരളത്തിൽ വലിയ സ്വാധീനശക്തിയായി വളർന്നുവരുന്ന സമയമാണ് അന്ന്. അന്നത്തെ എഴുത്തുകാരും നാടകപ്രവർത്തകരും ഒക്കെ അടങ്ങുന്ന സർഗാത്മകസമൂഹത്തെ നിർണയിക്കുന്നതിൽ ഇടതുപക്ഷ ഭാവുകത്വം വലിയ പങ്കുവഹിച്ചിരുന്നു. തർജ്ജമകളിലൂടെ ലോകസാഹിത്യത്തെക്കുറിച്ചുള്ള അവഗാഹം വേണ്ടുവോളം ലഭിക്കുകയുണ്ടായി. കേസരി ബാലകൃഷ്ണപ്പിള്ളയുടെ എഴുത്തുകൾ കലാസാഹിത്യ സിദ്ധാന്തങ്ങളെക്കുറിച്ചും അടുത്തറിയാൻ അവസരമൊരുക്കി. ശ്രീനാരായണഗുരുവിന്റെ സ്വാധീനവും ഇ.എം എസിന്റെ ഭൂപരിഷ്‌കരണനിയമവുമൊക്കെ കേരളത്തെ സാംസ്‌കാരികമായി മാറ്റിപ്പണിയുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ അതുപോലൊരു മാറ്റം നമുക്ക് കാണാൻ കഴിയില്ല. അവിടെ എം.എ പാസായ പൂജാരികൾ മാത്രമേയുള്ളൂ. നമ്മുടെ നാട്ടിൽ തറവാടിത്തത്തിന്റെ കെട്ടുകൾ അഴിഞ്ഞ് ആളുകൾ കുറേക്കൂടി സ്വതന്ത്രമായി ഇടപെടാൻ തുടങ്ങി. നമ്മൾ ജനലുകളും വാതിലുകളും തുറന്നിട്ടു.”
ബ്രിട്ടീഷ് കൊളോണിയൽ സങ്കല്പങ്ങളിൽ തുടരുന്ന കലാവിദ്യാഭ്യാസരീതിയെ നിശിതമായി വിമർശിച്ച കലാവിചക്ഷണൻ കൂടിയായിരുന്നു ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിൽ ദീർഘകാലം കലാധ്യാപകനായി പ്രവർത്തിച്ച രാമചന്ദ്രൻ. കലാപഠനം അടിമുടി മാറേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അതുവഴി സൗന്ദര്യബോധമുള്ള ഒരു സമൂഹവും. കേവലം കലാകാരവ്യക്തിയുടെ ഉന്നമനം എന്നതിനപ്പുറം ദീർഘകാല അടിസ്ഥാനത്തിലുള്ള പൊതുകലാവിദ്യാഭ്യാസ രീതി ഉരുത്തിരിയണമെന്നും സമൂഹത്തിലെ എല്ലാത്തരം ആവശ്യങ്ങൾക്കും അച്ചടി മുതൽ പൊതുവിടങ്ങൾ വരെയുള്ള വ്യവഹാരങ്ങളെ കലാബോധ്യത്തോടെ എങ്ങനെ പുതുക്കിപ്പണിയാമെന്നും അദ്ദേഹം ആലോചിച്ചു. എന്നാൽ അത്തരം ആലോചനകളെ പ്രാവർത്തികമാക്കാനോ മുന്നോട്ട് നയിക്കാനോ ഒരു കലാ-സാംസ്‌കാരികനയം രൂപപ്പെടുത്താനോ നാം തുനിഞ്ഞില്ല എന്നതും രാമചന്ദ്രന്റെ ദുഃഖമായിരുന്നു.
ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ചിത്ര-ശില്പകലയിൽ മലയാളി സാന്നിധ്യം പ്രകടമായ സമകാലികസന്ദർഭത്തിൽ രാമചന്ദ്രനെപ്പോലെ ആധുനികനും കലയെ അന്തർവിഷയപരമായ നോട്ടത്തോടെ വീക്ഷിക്കുകയും ചെയ്ത ഒരാളുടെ ഓർമ്മ നമ്മുടെ കലാപരിഗണനകളെക്കുറിച്ചുള്ള വീണ്ടുവിചാരങ്ങൾക്ക് പ്രാപ്തമാക്കേണ്ടതാണ്. അതു തന്നെയാവും അൻപതുവർഷത്തിലധികം ചിത്രകലയുടെ ഉപാസകനായ ഒരു മനീഷിക്ക് നൽകാവുന്ന ആദരവും. കെ.ജി. സുബ്രഹ്മണ്യനെപ്പോലെ കലയുടെ കാലിഡോസ്‌കോപ്പിലൂടെ സമൂഹത്തെ ഉറ്റുനോക്കിയ മറ്റൊരു മലയാളി ആർട്ടിസ്റ്റ് എന്ന നിലയിൽ എ. രാമചന്ദ്രനും ഇനിയും സ്മരിക്കപ്പെടും. അവർ കടന്നുപോയ ബഹുലോക പ്രതിനിധാനങ്ങൾക്കൊപ്പം. മനുഷ്യകഥാനുഗായിയായ കഥകളുടെയും മിത്തുകളുടെയും പരിസ്ഥിതിബോധ്യങ്ങളുടെയും രാഷ്ട്രീയ ഇച്ഛാശക്തിയുടെയും വെളിച്ചത്തിൽ വരച്ച ഒരാൾ വരും തലമുറയ്ക്കുള്ള പാഠപുസ്തകം കൂടിയാണ്. ഗാന്ധിയായും ടാഗോറായും മാനായും മയിലായും മൈനയായും വണ്ടായും പൂമ്പാറ്റയായും സ്വന്തം ഉണ്മയെ ചിത്രവിഷയമാക്കി വിവിധ വേഷങ്ങളിൽ ആടിയ ഒരു നാടോടിയെപ്പോലെ ആ ചിത്രജീവിതം അതിന്റെ കലാചരിത്രജീവിതം തുടങ്ങുന്നു. പറക്കം നിർത്തിയ ആ രാമചന്ദ്രപ്പക്ഷിയുടെ നോട്ടത്തിലാണിപ്പോൾ നാം.