എസ്. ജയചന്ദ്രൻ നായർ; പത്രാധിപത്യത്തിലെ റോസാദലങ്ങളും കോളിളക്കങ്ങളും

മലയാള മാഗസിൻ ജേണലിസത്തിലെ നാഴികക്കല്ലുകളായ നിരവധി രചനകളുടെ എഡിറ്ററെന്ന നിലയ്ക്കുമാത്രമല്ല, വിവാദവും ചർച്ചയുമുയർത്തിയ നിലപാടുകളെടുത്ത മാധ്യമപ്രവർത്തകനെന്ന നിലയ്ക്കും ജയചന്ദ്രൻ നായർ ശ്രദ്ധേയനായിരുന്നു.

News Desk

കെ. ബാലകൃഷ്ണന്റെ പത്രാധിപത്യത്തിൽ 1957-ൽ പ്രസിദ്ധീകരണം തുടങ്ങിയ കൗമുദി പത്രത്തിലൂടെ പത്രപ്രവർത്തന ജീവിതം തുടങ്ങിയ എസ്. ജയചന്ദ്രൻ നായർ, മലയാള മാഗസിൻ ജേണലിസത്തിലെ നിരവധി നിർണായക സന്ദർഭങ്ങളുടെ കൂടി എഡിറ്ററാണ്.

എം.ടി. വാസുദേവൻ നായർ മരിച്ച സമയത്ത്, ഏറ്റവും കൂടുതൽ ഓർമിക്കപ്പെട്ട എഡിറ്റർ കൂടിയായിരുന്നു അദ്ദേഹം. എം.ടിയുടെ രണ്ടാമൂഴം കലാകൗമുദിയിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചത് ജയചന്ദ്രൻ നായരാണ്. 1984 ജൂൺ 25ലെ ലക്കത്തിലാണ് രണ്ടാമൂഴം, നമ്പൂതിരിയുടെ രേഖാചിത്രങ്ങളോടൊപ്പം പ്രസിദ്ധീകരണം തുടങ്ങിയത്.

എം.ടിയുമായുള്ള ജയചന്ദ്രൻ നായരുടെ ബന്ധം അഗാധമായിരുന്നു. 1981-ൽ എം.ടിക്ക് മാതൃഭൂമി ആഴ്ചപ്പതിപ്പ് വിടേണ്ടിവന്നപ്പോൾ, എം.ടിയുടെ പക്ഷത്തുനിന്നുകൊണ്ടും മാതൃഭൂമിയെ വിമർശിച്ചും ജയചന്ദ്രൻ നായർ കലാകൗമുദിയിൽ എഡിറ്റോറിയൽ എഴുതി.

 എസ്. ജയചന്ദ്രൻ നായര്‍ക്ക് എം.ടി എഴുതിയ കത്ത്
എസ്. ജയചന്ദ്രൻ നായര്‍ക്ക് എം.ടി എഴുതിയ കത്ത്

കഥയ്ക്കുവേണ്ടി പലവട്ടം എം.ടിയെ സമീപിച്ച് നിരാശനായിരിക്കുമ്പോഴാണ് 1984-ൽ ജയചന്ദ്രന്‍ നായര്‍ക്ക് എം.ടിയുടെ ഒരു കത്ത് കിട്ടുന്നത്; 'ഒരു പുതിയ നോവൽ എഴുതിയിട്ടുണ്ട്, വന്നാൽ തരാം'- ഇതായിരുന്നു കത്ത്. കലാകൗമുദിയുടെ പ്രചാരത്തിൽ തന്നെ കുതിച്ചുചാട്ടമുണ്ടാക്കിയ രണ്ടാമൂഴത്തിന്റെ കൈയെഴുത്തുപ്രതിയായിരുന്നു ആ എഡിറ്ററെ കാത്തിരുന്നത്.

അന്ന് രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലിരുന്ന് മലയാളത്തിലെ ഏറ്റവും അമൂല്യമായ ആ കൈയെഴുത്തുപ്രതി ആവേശത്തോടെ വായിച്ചതിനെക്കുറിച്ച് ജയചന്ദ്രൻ നായർ പലതവണ എഴുതിയിട്ടുണ്ട്. 'പത്രപ്രവർത്തകനായതിലെ സകല അഭിമാനവും ഉണർത്തെഴുന്നേറ്റ സന്ദർഭം' എന്നാണ് രണ്ടാമൂഴം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച സന്ദർഭത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഒരു നിര്‍ദേശം മാത്രമേ എം.ടി മുന്നോട്ടുവച്ചുള്ളൂ, ചിത്രം വരയ്ക്കാന്‍ നമ്പൂതിരിയെ ഏല്‍പ്പിക്കണം. രണ്ടാമൂഴത്തിന്റെ പ്രസിദ്ധീകരണത്തോടെയാണ് കലാകൗമുദി ഭാരതപ്പുഴ കടന്ന് മലബാറിലെത്തിയത് എന്ന് ജയച​ന്ദ്രൻ നായർ തന്നെ പറഞ്ഞിട്ടുണ്ട്.

പിന്നീട്, വാനപ്രസ്ഥം എന്ന കഥയും അദ്ദേഹം എഡിറ്ററായിരിക്കുമ്പോൾ കലാകൗമുദി പ്രസിദ്ധീകരിച്ചു. എം.ടിയുടെ അവസാന നോവൽ വാരാണസിയും ജയചന്ദ്രൻനായർ എഡിറ്ററായ മലയാളം വാരികയിലൂടെയാണ് ഖണ്ഡശ്ശഃ പുറത്തുവന്നത്. എം.ടിയുടെ സാഹിത്യജീവചരിത്രമായ കഥാസരിത് സാഗരം എന്ന പുസ്തകവും ജയചന്ദ്രൻ നായർ എഴുതിയിട്ടുണ്ട്.

Read: പത്രാധിപരുടെ കാലവും സാക്ഷ്യവും

1961-ൽ കൊല്ലത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാള ശബ്ദത്തിലാണ് പത്രപ്രവർത്തക ജീവിതം തുടങ്ങിയത്. 1966-ൽ സബ് എഡിറ്ററായി കേരള കൗമുദിയിൽ. 1975-ൽ കലാകൗമുദി വാരിക തുടങ്ങിയപ്പോൾ ആദ്യം സഹപത്രാധിപരും പിന്നീട് പത്രാധിപരുമായി. സാഹിത്യത്തിനൊപ്പം രാഷ്ട്രീയത്തിനും സാമൂഹ്യശാസ്ത്രത്തിനും ഇടം നല്‍കുന്ന പ്രസിദ്ധീകരമാക്കി കലാകൗമുദിയെ വികസിപ്പിച്ചത് ജയചന്ദ്രന്‍ നായര്‍ കൂടി അടങ്ങുന്ന എഡിറ്റോറിയലാണ്. ശ്രദ്ധേയമായ നിരവധി ഫീച്ചറുകള്‍ ഇക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. കിഷോരി അമോന്‍കര്‍, ഭീംസെന്‍ ജോഷി തുടങ്ങിയവരുമായുള്ള വിജു വി. നായരുടെ അഭിമുഖങ്ങളും അദ്ദേഹം തയാറാക്കിയ ഫീച്ചറുകളും എടുത്തുപറയേണ്ടവയാണ്.

കലാകൗമുദി വിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മാതൃഭൂമിക്കുവേണ്ടി സി. അനൂപ് നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു: ‘‘എം.എസ്. മണിയുടെ മകന്‍ എം. സുകുമാരന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, അച്ഛന്റെ പാത തിരഞ്ഞെടുത്തു. അങ്ങനെ കലാകൗമുദിയിലെത്തിയ അദ്ദേഹം മാനേജിംഗ് ഡയറക്ടറായി നിയമിക്കപ്പെട്ടു. ഒരു പ്രസിദ്ധീകരണത്തിന് രണ്ടു എഡിറ്റര്‍മാര്‍ പ്രായോഗികമല്ലായിരുന്നു. അതിനൊരു പരിഹാരം കണ്ടെത്താന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ കയ്ചിട്ട് തുപ്പാനും വയ്യ മധുരിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിലായി കലാകൗമുദി മാനേജ്‌മെന്റ്. എന്റെ വികാരങ്ങള്‍ മുറിപ്പെടുമോയെന്ന തോന്നല്‍ എം.എസ്. മണിക്കോ കലാകൗമുദിയുടെ മറ്റ് ഉടമസ്ഥര്‍ക്കോ ഇല്ലാതെപോയി. എനിക്കത് ഊഹിക്കാന്‍ സാധിച്ചു. പരസ്പരബന്ധം തണുത്തു തുടങ്ങിയിരുന്നു. മറ്റൊന്നും ആലോചിക്കാന്‍ ഞാന്‍ തയാറായില്ല. ഒരു ദിവസം, എം.എസ്. മണിയെ അറിയിച്ചു. ഞാന്‍ കലാകൗമുദി വിടുകയാണ്. ആരും ഒന്നും പറഞ്ഞില്ല...’’.

1997-ൽ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് സമകാലിക മലയാളം വാരിക തുടങ്ങിയപ്പോൾ അതിന്റെ സ്ഥാപക പത്രാധിപരായി. 2012 വരെ ഈ സ്ഥാനത്ത് തുടർന്നു.

 എസ്. ജയചന്ദ്രൻ നായര്‍ക്ക് എം.ടി എഴുതിയ കത്ത്
എസ്. ജയചന്ദ്രൻ നായര്‍ക്ക് എം.ടി എഴുതിയ കത്ത്

എം.പി. നാരായണപിള്ള, ഒ.വി. വിജയന്‍, വി.കെ.എന്‍, മാധവിക്കുട്ടി, മലയാറ്റൂര്‍ രാമകൃഷ്ണന്‍, ഒ.എന്‍.വി, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയ പല തലമുറകളുടെ പ്രിയ എഡിറ്ററായിരുന്നു ജയചന്ദ്രന്‍ നായര്‍. കടമ്മനിട്ടയുടെ ശാന്ത, സി.എന്‍ ശ്രീകണ്ഠന്‍നായരുടെ ലങ്കാലക്ഷ്മി, മാധവിക്കുട്ടിയുടെ നീർമാതളം പൂത്തകാലം, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മാപ്പുസാക്ഷി, എം.കെ.കെ.നായരുടെ ആരോടും പരിഭവമില്ലാതെ തുടങ്ങിയ പ്രശസ്ത രചനകളുടെ എഡിറ്ററും ജയചന്ദ്രന്‍ നായരായിരുന്നു. മലയാള മാഗസിൻ ജേണലിസത്തിലെ നാഴികക്കല്ലുകളായ രചനകളുടെ എഡിറ്ററെന്ന നിലയ്ക്കുമാത്രമല്ല, വിവാദവും ചർച്ചയുമുയർത്തിയ നിലപാടുകളെടുത്ത മാധ്യമപ്രവർത്തകനെന്ന നിലയ്ക്കും ജയചന്ദ്രൻ നായർ ശ്രദ്ധേയനായിരുന്നു.

മലയാളനാട് മാസികയിൽ പ്രസിദ്ധീകരിച്ചിരുന്ന എം. കൃഷ്ണൻ നായരുടെ പ്രശസ്ത കോളമായ സാഹിത്യവാരഫലം എസ്. ജയചന്ദ്രൻ നായർ എഡിറ്ററായിരിക്കുമ്പോഴാണ് കലാകൗമുദിയിലേക്ക് മാറ്റിയത്. ജയചന്ദ്രൻ നായർ പിന്നീട് മലയാളം വാരികയിലേക്കുവന്നപ്പോൾ എം. കൃഷ്ണൻനായരും സാഹിത്യവാരഫലവുമായി മലയാളം വാരികയിലെത്തി. ജയചന്ദ്രൻ നായരുടെ എഡിറ്റർഷിപ്പിലുള്ള എം. കൃഷ്ണൻനായരുടെ വിശ്വാസം പ്രതിഫലിപ്പിച്ച തീരുമാനം കൂടിയായിരുന്നു അത്. കൃഷ്ണൻനായർക്കുപുറമേ ആർട്ടിസ്റ്റ് നമ്പൂതിരി കൂടി കലാകൗമുദി വിട്ട് മലയാളം വാരികയിലേക്കുവന്നു. ജയചന്ദ്രന്‍ നായര്‍ കലാകൗമുദി വിട്ടപ്പോള്‍, 'ജയചന്ദ്രനില്ലാത്ത കലാകൗമുദിയില്‍ ഞാനെന്തു ചെയ്യാന്‍' എന്നു പറഞ്ഞ് നമ്പൂതിരി, വരയ്ക്കാന്‍ കൈവശമുണ്ടായിരുന്നു കൈയെഴുത്തുപ്രതികള്‍ തിരിച്ചയക്കുകയാണുണ്ടായത്.

എം. കൃഷ്ണന്‍നായരുടെ പംക്തിയും നമ്പൂതിരിയുടെ വരയും ജയചന്ദ്രന്‍ നായരുടെ എഡിറ്റര്‍ഷിപ്പും മലയാളം വാരികയുടെ സ്ഥാപക സമ്പത്തുകൂടിയായിരുന്നു. 'സാഹിത്യവാരഫലം' എന്ന പംക്തിയുടെ പേരിൽ ശത്രുക്കൾ തന്നെ കൊല്ലാതെ കൊന്നു' എന്ന് ജയചന്ദ്രൻ നായർ പറഞ്ഞിട്ടുണ്ട്.

മലയാള മനോരമ വാരികയിൽ ബോബനും മോളിയും എന്ന പ്രശസ്തമായ കാർട്ടൂൺ പംക്തി വരച്ചിരുന്ന ടോംസിന്, പകർപ്പാവകാശ നിയമവുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് മനോരമ വിടേണ്ടിവന്നപ്പോൾ കലാകൗമുദിയിൽ ഇടം നൽകിയതും ജയചന്ദ്രൻ നായരാണ്. മാത്രമല്ല, മലയാള മനോരമയും ടോംസും തമ്മിൽ പകർപ്പാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ നടന്ന നിയമപോരാട്ടം, ടോംസിനുവേണ്ടി കലാകൗമുദി ഏറ്റെടുക്കുകയും പകർപ്പാവകാശ നിയമത്തെക്കുറിച്ച് പ്രത്യേക പതിപ്പുതന്നെ ഇറക്കുകയും ചെയ്തു. ഒടുവിൽ, ബോബനും മോളിയുടെയും പകർപ്പാവകാശം ടോംസിനുതന്നെ തിരിച്ചുകിട്ടി.

കവി പ്രഭാവർമ എഴുതിയ ശ്യാമമാധവം എന്ന നീണ്ടകവിതയുടെ പ്രസിദ്ധീകരണം ഇടയ്ക്ക് നിർത്തിവച്ച എസ്. ജയചന്ദ്രൻ നായരുടെ തീരുമാനം വലിയ വിവാദമായി. ദേശാഭിമാനി റസിഡന്റ് എഡിറ്റർ കൂടിയായിരുന്ന പ്രഭാവർമ, ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെ ന്യായീകരിച്ച് ലേഖനമെഴുതിയതിനെതുടർന്നാണ് കവിത പിൻവലിക്കുന്നത് എന്ന്, പത്രാധിപക്കുറിപ്പിൽ ജയചന്ദ്രൻ നായർ വ്യക്തമാക്കി. കേരളത്തിന്റെ മനഃസാക്ഷിയെ ​ഞെട്ടിച്ച ടി.പി. ചന്ദ്രശേഖരന്റെ വധത്തെ പ്രഭാവര്‍മ ന്യായീകരിക്കുകയും നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുകയാണെന്ന് പത്രാധിപക്കുറിപ്പില്‍ അദ്ദേഹം എഴുതി.
കവിതയുടെ പ്രസിദ്ധീകരണം നിര്‍ത്തിയതിനെതുടര്‍ന്ന് രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി. എന്നാല്‍, പത്രാധിപര്‍ എന്ന നിലയ്ക്കുള്ള വിവേചനാധികാരമാണ് താന്‍ പ്രയോഗിച്ചത് എന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. കവിത പിന്‍വലിച്ചതിനെതുടര്‍ന്നുണ്ടായ തര്‍ക്കമാണ് മലയാളം വാരികയുടെ എഡിറ്റര്‍ സ്ഥാനത്തുനിന്നൊഴിയാന്‍ കാരണമായതെന്ന് അന്ന് പറയപ്പെട്ടിരുന്നു.

എന്‍.ഇ. സുധീറിനൊപ്പം  എസ്. ജയചന്ദ്രൻ നായർ
എന്‍.ഇ. സുധീറിനൊപ്പം എസ്. ജയചന്ദ്രൻ നായർ

തനിക്ക് പത്രപ്രവർത്തക പെൻഷൻ അനുവദിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ജയചന്ദ്രൻ നായർ കത്തെഴുതിയ സംഭവവും വിവാദമായിരുന്നു. മുഖ്യമന്ത്രിയായിരിക്കേ ഉമ്മൻചാണ്ടിയാണ് തന്റെ അപേക്ഷ ചവറ്റുകുട്ടയിൽ കളഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട്, പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ പെൻഷൻ അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും എന്നാൽ, ഇനി സൗജന്യത്തിനായി കാത്തിരിക്കുന്നില്ലെന്നും അദ്ദേഹം പിണറായിക്ക് അയച്ച കത്തിൽ വ്യക്തമാക്കി:

‘‘ബാലറ്റിലൂടെ കമ്യൂണിസം നടപ്പാക്കാൻ ഇ.എം.എസ്സും പാർട്ടിയും കഠിനമായി ശ്രമിക്കുന്ന കാലത്താണ്, അൻപത്തിയേഴിൽ എന്റെ പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. 2012ൽ അതവസാനിപ്പിക്കുമ്പോൾ അൻപതിൽപരം കൊല്ലങ്ങൾ പിന്നിട്ടിരുന്നുവെങ്കിലും സമ്പാദ്യം വട്ടപ്പൂജ്യമായിരുന്നു. ആ സാഹചര്യത്തിലാണ്, പത്രപ്രവർത്തക ക്ഷേമനിധി പെൻഷൻ എനിക്കൊരു സഹായമാകുമെന്ന് പ്രതീക്ഷിച്ചത്. അതും കാത്ത്, ഏതാണ്ട് എട്ടു കൊല്ലം പിന്നിട്ടു. ഇടയ്ക്കുവെച്ച്, മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടി എന്റെ അപേക്ഷ ചവറ്റുകുട്ടയിൽ കളഞ്ഞതായി അറിഞ്ഞു. അപ്പോഴും എനിക്ക് പ്രതീക്ഷ നഷ്ടമായില്ല. ശ്രീ. പിണറായി മുഖ്യമന്ത്രിയാകുന്നതോടെ പെൻഷൻ അനുവദിക്കുമെന്ന് ആത്മാർത്ഥമായി ഞാൻ വിശ്വസിച്ചു. ഒന്നും സംഭവിച്ചില്ല. താങ്കളുടെ സൗജന്യത്തിനായി, മതി ഇനി കാത്തിരിക്കുന്നില്ല.
സഖാവേ, ലാൽസലാം’’- ഇതായിരുന്നു പിണറായിക്ക് അയച്ച കത്തിലെ ഉള്ളടക്കം.

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എന്‍.ആര്‍.എസ് ബാബുവും ജയചന്ദ്രന്‍ നായരും ചേര്‍ന്ന് കേരള കൗമുദി പത്രത്തിൽ വനംകൊള്ളയെക്കുറിച്ച് എഴുതിയ 'കാട്ടുകള്ളന്മാര്‍' എന്ന അന്വേഷണാത്മക പരമ്പര വന്‍ കോളിളക്കമുണ്ടാക്കി. വനം മന്ത്രിയായിരുന്ന കെ.ജി. അടിയോടിയുടെ രാജിക്കുവരെ അത് വഴിവെച്ചു. കരുണാകരന്‍ കേരള കൗമുദിക്കെതിരെ കേസി കൊടുത്തു. വാര്‍ത്തയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു പത്രത്തിനെതിരെ നല്‍കിയ ആദ്യ കേസു കൂടിയായിക്കാം ഇത്. പത്രാധിപരായിരുന്ന എം.എസ്. മണിയെയും ജയചന്ദ്രന്‍ നായരെയും എന്‍.ആര്‍.എസ് ബാബുവിനെയും ഹൈകോടതി വെറുതെവിട്ടു. ഈ റിപ്പോർട്ട് പിന്നീട് പുസ്തകമായി പുറത്തിറങ്ങി.

എം.എസ്. മണി പത്രാധിപത്യത്തില്‍നിന്ന് ഒഴിയാന്‍ നിര്‍ബന്ധിതമായ റിപ്പോര്‍ട്ടുകൂടിയായിരുന്നു ഇത്. കെ. കരുണാകരനായിരുന്നു മണിക്കെതിരെ പ്രവര്‍ത്തിച്ചത് എന്നും ആരോപണമുണ്ടായിരുന്നു.

ശ്രദ്ധേയമായ നിരവധി പുസ്തകങ്ങളുടെ കർത്താവുകൂടിയാണ് ജയചന്ദ്രൻ നായർ എന്ന പത്രാധിപർ. ആത്മകഥയായ 'എന്റെ പ്രദക്ഷിണ വഴികൾ’ക്ക് 2012-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ലോകസാഹിത്യത്തിലെ ക്ലാസിക്കുകളെ പരിചയപ്പെടുത്തുന്ന 'റോസാദലങ്ങൾ' എന്ന പുസ്തകവും വായനക്കാർ ഏറ്റെടുത്തു. സ്വാതന്ത്ര്യത്തിന് 21 ദിവസം മുമ്പ്, ഉന്മാദത്തിന്റെ സൂര്യകാന്തികൾ, ജെന്നി മാർക്‌സിന്റെ ജീവിതം, പുഴകളും കടലും, ഗാന്ധിജിയുടെ അവസാന ദിവസങ്ങൾ, കാഴ്ചയുടെ സത്യം, ഒരു ദേശം രക്തത്തിന്റെ ഭാഷയിൽ ആത്മകഥയെഴുതുന്നു, മലയാളത്തിന്റെ മുഖപ്രസംഗങ്ങൾ, പുസ്തകങ്ങളുടെ പുസ്തകം തുടങ്ങി നിരവധി പുസ്തകങ്ങളെഴുതി.

ആത്മഹത്യയിലേക്കുള്ള കുറുക്കുവഴി, ആ വാക്കിന്റെ അർഥം, ഒരു നിലവിളി, മരക്കുതിര, ബാക്കിപത്രം എന്നീ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോവലില്‍ ചില പരീക്ഷണങ്ങളും അദ്ദേഹം നടത്തി. ആത്മഹത്യയിലേക്ക് ഒരു കുറുക്കുവഴി എന്ന നോവലിനുശേഷം എഴുതിയ ഒരു നിലവിളി എന്ന നോവലിന് രണ്ട് ഖണ്ഡിക മാത്രമേയുള്ളൂ. 77 പേജുള്ള ഒരു വലിയ ഖണ്ഡികയും ഏതാനും വരികളുള്ള മറ്റൊരു ഖണ്ഡികയും. ഒരു വ്യക്തിയുടെ ചിന്തയാണ് പ്രമേയം.

കെ. ബാലകൃഷ്ണൻ സ്മാരക പുരസ്‌കാരം, കെ.സി. സെബാസ്റ്റ്യൻ അവാർഡ്, കെ. വിജയരാഘവൻ അവാർഡ്, എം.വി. പൈലി ജേണലിസം അവാർഡ്, സി.എച്ച്. മുഹമ്മദ് കോയ പുരസ്‌കാരം എന്നിവ ലഭിച്ചു. കാഴ്ചയുടെ സത്യം എന്ന പുസ്തകത്തിന് 2012-ൽ കേരള ചലച്ചിത്ര അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.

ഷാജി എൻ. കരുൺ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ സിനിമകളുടെ കഥയും തിരക്കഥയും ജയചന്ദ്രൻ നായരുടേതായിരുന്നു. ഈ സിനിമകൾ നിർമിച്ചതും അദ്ദേഹമാണ്.

തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹത്താണ് അദ്ദേഹം ജനിച്ചത്. സരസ്വതിയമ്മയാണ് ജീവിതപങ്കാളി. മകൾ ദീപ, മകൻ ജയദീപ്.

Comments