1974- ലാണ് സീതാറാം യെച്ചൂരി എസ് എഫ് ഐ യിൽ ചേരുന്നത്. രാജ്യം അടിയന്തരാവസ്ഥയിലേക്ക് നടന്നടുക്കുന്ന വർഷമായിരുന്നു അത്. എസ് എഫ് ഐയിൽ യെച്ചൂരിയുൾപ്പെടെയുള്ള പ്രഗത്ഭരുടെ യുഗം ആരംഭിക്കുകയായിരുന്നു. അതിന് അൽപം മുമ്പ് പ്രകാശ് കാരാട്ട് എസ് എഫ് ഐ നേതൃത്വത്തിൽ വന്നിരുന്നു, 1970-കളുടെ തുടക്കത്തിൽ തന്നെ.
രണ്ടുപേരും ജവഹർലാൽ നെഹ്റു സർവ്വകലാശാലാ യൂണിയൻ പ്രസിഡണ്ടുമാരും എസ് എഫ് ഐ ജനറൽ സെക്രട്ടറിമാരുമായിരുന്നു. ഇരുവരുടെയും കൂടെ എസ് എഫ് ഐ യിൽ പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. എസ് എഫ് ഐ സ്ഥാപനഘട്ടത്തിലാണ് ഞാൻ സംഘടനയിലുണ്ടായിരുന്നത്, 1970- 71ൽ.
1970 ഡിസംബർ 27 മുതൽ 30 വരെയുള്ള ദിവസങ്ങളിലാണ് എസ് എഫ് ഐ രൂപീകരണസമ്മേളനം തിരുവനന്തപുരത്ത് നടന്നത്. അപ്പോൾ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രനിർവ്വാഹകസമിതിയിൽ അംഗമായിരുന്നു, ഞാൻ. എസ് എഫ് ഐ രൂപീകരണത്തിനുള്ള നാഷനൽ പ്രൊവിഷണൽ കമ്മിറ്റിയിലും ഞാൻ അംഗമായിരുന്നു. പിന്നീട് കേരള സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു.
എസ് എഫ് ഐ മുഖേന സി പി ഐ- എമ്മിന് ലഭിച്ച തേജോമയമായ നേതൃനിരയായിരുന്നു സീതാറാമും പ്രകാശ് കാരാട്ടും. 2005-ൽ പ്രകാശ് കാരാട്ടും 2015-ൽ യെച്ചൂരിയും സി പി ഐ- എം ജനറൽ സെക്രട്ടറിമാരായി. കാരാട്ട് 57ാം വയസ്സിലും യെച്ചൂരി 63ാം വയസ്സിലുമാണ് പാർട്ടി സാരഥികളാവുന്നത്.
സീതാറാം ഇന്ത്യയിലുടനീളം അംഗീകരിക്കപ്പെട്ട വാഗ്മിയായിരുന്നു. പാർലമെന്റിലും പൊതുരംഗത്തും ഒരുപോലെ തന്റെ വാഗ്മിത അദ്ദേഹം പ്രകാശനം ചെയ്തുകൊണ്ടിരുന്നു. മലബാർ ഭാഗത്ത് അഖിലേന്ത്യാ നേതാക്കളുടെ പ്രസംഗം പരിഭാഷപ്പെടുത്താൻ നിയോഗിക്കപ്പെടുന്നൊരാളായിരുന്നു, ഞാൻ.
സെമിനാറുകളിലും മറ്റുമാണെങ്കിൽ പ്രസംഗത്തിന്റെ സംഗ്രഹം പറഞ്ഞാൽ മതിയാവുമെന്ന നിലപാടാണ് യെച്ചൂരി സ്വീകരിച്ചത്. ഇത് എനിക്ക് വളരെ സഹായകമായിരുന്നു. പരിഭാഷകനെ പരിഗണിക്കുന്ന പ്രാസംഗികനായിരുന്നു സീതാറാം.
പ്രകാശിന്റെയും യെച്ചൂരിയുടെയും മാത്രമല്ല, വൃന്ദ കാരാട്ട്, എം.കെ. പാന്ഥെ, യൂസുഫ് തരിഗാമി എന്നിവരുടെയും ആദ്യകാല നേതാക്കളിൽ ബി.ടി. രണദിവെ, ജ്യോതി ബസു. ഉമാനാഥ് തുടങ്ങിയവരുടെയും പ്രസംഗങ്ങൾ പലപ്പോഴായി ഞാൻ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ സീതാറാമിന്റെ പ്രസംഗമാണ് എനിക്ക് ഏറ്റവും വൈഷമ്യമിയന്നതായി അനുഭവപ്പെട്ടത്. യെച്ചൂരിയുടെ പ്രസംഗം പരിഭാഷപ്പെടുത്തേണ്ടിവരുമ്പോൾ അദ്ദേഹത്തോട് തന്നെ ഹ്രസ്വമായ പാസേജുകളായി പ്രസംഗിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കാറുണ്ടായിരുന്നു. വളരെ വേഗം കൂടിയ രീതിയിലാണ് യെച്ചൂരി പ്രസംഗിച്ചിരുന്നത്. സെമിനാറുകളിലും മറ്റുമാണെങ്കിൽ പ്രസംഗത്തിന്റെ സംഗ്രഹം പറഞ്ഞാൽ മതിയാവുമെന്ന നിലപാടാണ് യെച്ചൂരി സ്വീകരിച്ചത്. ഇത് എനിക്ക് വളരെ സഹായകമായിരുന്നു. പരിഭാഷകനെ പരിഗണിക്കുന്ന പ്രാസംഗികനായിരുന്നു സീതാറാം.
സീതാറാമിന്റെ വിവിധ പ്രബന്ധങ്ങൾ സമാഹരിച്ച ഒരു ഗ്രന്ഥം ഞാൻ ചിന്ത പബ്ലിഷേഴ്‌സിനുവേണ്ടി വിവർത്തനം ചെയ്തിട്ടുണ്ട്. വർഗ്ഗീയത എങ്ങനെ നമ്മുടെ സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്നുവെന്ന് വായനക്കാരെ പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ കുത്തക മുതലാളിത്തത്തിനും ധനമൂലധനത്തിനും എതിരെയുള്ള പോരാട്ടം എന്തുകൊണ്ട് വർഗ്ഗീയതയ്‌ക്കെതിരായ പോരാട്ടവുമായിരിക്കണമെന്ന് സീതാറാം പ്രസംഗങ്ങളിലൂടെയും പ്രബന്ധങ്ങളിലൂടെയും ഇന്ത്യക്കാരെ പഠിപ്പിക്കുകയായിരുന്നു.
യെച്ചൂരിയുടെ വായനയുടെ ലോകം വളരെ വിപുലമായിരുന്നു. മാർക്‌സിനെയും എംഗൽസിനെയും ലെനിനെയും ഗ്രാംഷിയെയും വായിക്കുന്ന അതേ മമത്വബോധത്തോടെ കവിതകളും ഇതര സാഹിത്യകൃതികളും യെച്ചൂരി വായിക്കുമായിരുന്നു.
കിട്ടാവുന്ന എല്ലാ വേദികളും വർഗ്ഗീയതയ്ക്കും കുത്തക മുതലാളിത്തത്തിനുമെതിരായ പോരാട്ടത്തിന്റെ വേദിയാക്കുകയായിരുന്നു യെച്ചൂരി ചെയ്തുകൊണ്ടിരുന്നത്. ഈയർത്ഥത്തിലാവണം അദ്ദേഹത്തെ പ്രായോഗികമതിയായ ജനറൽസെക്രട്ടറിയെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് എടുത്തു പറയാവുന്ന മമതയൊന്നുമില്ലാതിരുന്ന ലോക സോഷ്യൽ ഫോറത്തിന്റെ ഇന്ത്യയിലെ സംഘാടകരിൽ ഒരാളായിരിക്കാൻ യെച്ചൂരി തയ്യാറായതിന് ഇതാവണം കാരണം.
യെച്ചൂരിയുടെ വായനയുടെ ലോകം വളരെ വിപുലമായിരുന്നു. മാർക്‌സിനെയും എംഗൽസിനെയും ലെനിനെയും ഗ്രാംഷിയെയും വായിക്കുന്ന അതേ മമത്വബോധത്തോടെ കവിതകളും ഇതര സാഹിത്യകൃതികളും യെച്ചൂരി വായിക്കുമായിരുന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് നടത്തിയിരുന്ന വലിയ പുസ്തകമേള സന്ദർശിച്ച സീതാറാം, റൂമിയുടെ കവിതകളാണ് അവിടെനിന്ന് തനിക്കുവേണ്ടി സെലക്ട് ചെയ്ത പുസ്തകം. ഭാഷയുടെ സരളമായ ആ പ്രവാഹം കാവ്യമോഹനവും അർത്ഥസമ്പുഷ്ടവുമായിരുന്നു.
സഖാവിന്റെ നിര്യാണം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു ശൂന്യത സൃഷ്ടിക്കുന്നുണ്ട്.