അദ്ധ്യാപനത്തിന്റെയും അധ്യാപകനെന്ന പദവിയുടെയും അധികാരഭാവങ്ങളെ മുഴുവൻ കുടഞ്ഞുകളഞ്ഞ ഒരാളായിരുന്നു സി.ആർ.ഓമനക്കുട്ടൻ. അദ്ദേഹം ക്യാമ്പസിൽ കുട്ടികളോടൊപ്പം നടന്നു, കുട്ടികൾക്കൊപ്പം ചിരിച്ചു, അവരോടൊപ്പം കളിപറഞ്ഞു, മിക്കപ്പോഴും അവരിലൊരാളായി. അതുകൊണ്ട് മഹാരാജാസിനെയും അക്കാലത്തെ കലാലയങ്ങളെയും സംബന്ധിച്ച്, അധ്യാപനത്തെക്കുറിച്ച് നിലനിന്നിരുന്ന ഒരു ആധികാരിക പരിവേഷത്തെ അദ്ദേഹം പൂർണ്ണമായും ഉപേക്ഷിക്കുകയാണ് ചെയ്തത്. അതൊരു പ്രധാനപ്പെട്ട രാഷ്ട്രീയ നിലപാട് കൂടിയായിരുന്നോ എന്ന് പിന്നീട് തോന്നിയിട്ടുണ്ട്.
കാരണം മാഷെപ്പോഴും സമഭാവനയോടെ ചുറ്റുമുള്ള എല്ലാ മനുഷ്യരോടും ഇടപെടുകയും ചുറ്റുമുള്ള മനുഷ്യരിലേക്ക് പ്രസാദാത്മകമായി തന്റെ ജീവിത ബോധ്യങ്ങളെയും തന്റെ ആശയങ്ങളെയും അവതരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന ഒരാളാണ്. ഒരു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനാകാനോ, അന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ വ്യക്തിപരമായി ഇടപെടാനോ മാഷിന് കഴിയുമായിരുന്നില്ല. സർക്കാർ ജോലിയുടെ പരിമിതികൾക്കുള്ളിൽ അദ്ദേഹത്തിനത് സാധ്യവുമായിരുന്നില്ല. ആ പരിമിതിയെ മാഷ് മറികടക്കുന്നത്, വ്യക്തിപരമായി താൻ പുലർത്തുന്ന ഈ ഉദാരതകൊണ്ടും സമൂഹജീവിതത്തിലേക്ക് സമ്പൂർണ്ണമായി തുറന്നിട്ട ഒരു വ്യക്തിയായി രൂപാന്തരപ്പെട്ടുകൊണ്ടുമാണ്. മാഷ്, തുറന്ന ഒരു വാതിലായിരുന്നു. അത് ലോകത്തിന് നേരെ ഒരിക്കലുംതന്നെ കൊട്ടിയടച്ചില്ല.
തനിക്ക് കൈവന്ന ബോധ്യങ്ങളെ, അനുഭവങ്ങളെ, ജീവിതത്തിൽ താൻ കണ്ട ചെറുതും വലുതുമായ ഗതിപരിണാമങ്ങളെ മുഴുവൻ മാഷ് അതിലൂടെ ലോകവുമായി പങ്കുവെച്ചു. കുട്ടികളും നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും സമുന്നതരായ സാഹിത്യരചയിതാക്കളും വലിയ രാഷ്ട്രീയ നേതാക്കളുമൊക്കെ മാഷിന്റെ വിപുലമായ സുഹൃത്ത് വലയത്തിലുണ്ടായിരുന്നു. അവരുമായെല്ലാം ഒരുപോലെ സ്നേഹഭാവത്തിൽ പെരുമാറാനും ഉചനീചത്വങ്ങളുടെ എല്ലാ അതിരുകളെയും തന്റെ ജീവിത ബന്ധങ്ങളിൽ നിന്ന് ഒഴിച്ചുനിർത്താനും മാഷിന് കഴിഞ്ഞിരുന്നു. ഒരുപക്ഷേ മാഷിന്റെ ജീവിതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ആവിഷ്കാരം, ആ നിലയിലുള്ള ഒരു തുറസ്സായിരുന്നുവെന്ന് പറയാം. ലോകത്തിലേക്ക് തുറന്നിട്ട ആ വാതിൽ ആർക്കുനേരെയും കൊട്ടിയടക്കപ്പെട്ടില്ല. എല്ലാത്തിലേക്കും അത് സ്നേഹപൂർവ്വം പ്രസാദമധുരമായി പുഞ്ചിരിയൊഴിക്കുക മാത്രം ചെയ്തു.
മാഷ്, ദേശാഭിമാനി പത്രത്തിലെ പംക്തി കാരനായിരുന്നു ദീർഘകാലം. ആ പംക്തി അദ്ദേഹമെഴുതിയിരുന്നത് അദ്ദേഹത്തിന്റെ സ്വന്തം പേരിലല്ല. അഘശംസി എന്ന ഒട്ടൊക്കെ അപിരിചിതമായ, വിചിത്രമായി തോന്നാവുന്ന ഒരു പേരാണ് അതിൽ രചയിതാവിന്റെ പേരായി നൽകിയിരുന്നത്. ആ പംക്തി ആദ്യമായി വായിച്ചുതുടങ്ങുന്ന സമയത്ത് എന്താണ് ഈ വാക്കിന്റെ അർത്ഥമെന്ന് എനിക്ക് അറിയുമായിരുന്നില്ല. എപ്പോഴോ നിഘണ്ടു നോക്കി ശബ്ദതാരാവലിയിൽ നിന്ന് മനസ്സിലാക്കിയപ്പോഴാണ് പാപത്തെ അറിയിക്കുന്നവൻ, തിന്മയെ അറിയിക്കുന്നവൻ എന്നെല്ലാമുള്ള അർത്ഥസൂചനകളാണ് ആ പദത്തിന് ഉള്ളതെന്ന് മനസ്സിലായത്.
അതൊരു നിലയ്ക്ക് തന്റെ നിശിതമായൊരു രാഷ്ട്രീയ ബോധ്യത്തെ മാഷ് പ്രകാശിപ്പിച്ചൊരു രീതിയാണ്. മാഷിന്റെ എഴുത്തിന് രണ്ടു മൂന്ന് സവിശേഷതകളുണ്ടായിരുന്നു. അതിദീർഘവും സങ്കീർണവുമായ വാക്യങ്ങളിൽ മാഷ് സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ല. ചെറിയ വാക്യങ്ങളിൽ ആളുകളിലേക്ക്, വായനക്കാരിലേക്ക് നേർക്കുനേർ കടന്നു ചെല്ലുന്ന പദങ്ങളിൽ, സൂക്ഷ്മമായ നിരീക്ഷണങ്ങളെ കർക്കശവും തീക്ഷണവുമായ രാഷ്ട്രീയ ബോധ്യത്തോടെ അത്രതന്നെ തീക്ഷ്ണമായ പരിഹാസത്തോടെയും ആണ് മാഷ് എഴുതിക്കൊണ്ടിരുന്നത്.
അതുകൊണ്ട് പലനിലകളിലുള്ള വിനിമയശേഷി അദ്ദേഹത്തിന്റെ എഴുത്തിനുണ്ടായിരുന്നു. അത് ചിലരോട് നർമമധുരമായി സംസാരിച്ചു. ചിലരോട് രൂക്ഷമായ വിമർശന ബോധം വച്ചുപുലർത്തി. മറ്റു ചിലരോട് അത് ജീവിതത്തിന്റെ ഗതിഭേദങ്ങളെയും ജീവിതത്തിലെ അതിസാധാരണമല്ലാത്ത സന്ദർഭങ്ങളെയും കുറിച്ച് സംസാരിച്ചു.
മാഷൊരു രാഷ്ട്രീയ മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ ഫലിതത്തിനും അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്ന അവസാനമില്ലാത്ത കഥകൾക്കുമെല്ലാം പിന്നിൽ അടിയുറച്ച രാഷ്ട്രീയ ബോധ്യങ്ങളുണ്ടായിരുന്നു. ആ രാഷട്രീയ ബോധ്യങ്ങൾ അദ്ദേഹം ചില സന്ദർഭങ്ങളിലെല്ലാം മറയില്ലാതെ പ്രകാശിപ്പിക്കുകയും ചെയ്തു.
അടിയന്തിരാവസ്ഥയ്ക്ക് ശേഷം, അടിയന്തിയന്തിരാവസ്ഥയുടെ കിരാതമായ ആവിഷ്കാരങ്ങളെ, അതിന് നേതൃത്വം നൽകിയ ഭരണകൂടത്തെ, ഒക്കെ കേരളീയ സമൂഹത്തിന് മുന്നിൽ തുറന്ന് കാണിച്ചതിൽ മാഷെഴുതിയ പരമ്പരയ്ക്ക് വലിയൊരു പങ്കുണ്ട്. രാജന്റെ കൊലപാതകത്തിലേക്കും അതിന് പിന്നിലെ സംഭവ പരമ്പരകളിലേക്കും ഏറ്റവും അധികം വെളിച്ചം വീശിയ രചനകളിലൊന്ന് മാഷിന്റേതായിരുന്നു. അത് കേരളീയസമൂഹം വളരെ തീവ്രമായ ക്ഷോഭത്തോടെയും വികാര ഭാവത്തോടെയും വായിച്ച ഒരു പരമ്പരയായിരുന്നു. മലയാളത്തിൽ അതിന് മുമ്പോ മിക്കവാറും അതിന് ശേഷമോ സമാനതകളില്ലാത്ത ഒരു രചനാരൂപമാണ് മാഷ് അത് ആവിഷ്കരിക്കാൻ സ്വീകരിച്ചത്.
അങ്ങനെ ആഴമേറിയൊരു രാഷ്ട്രീയബോധം വെച്ചുപുലർത്തിയത് കൊണ്ടുതന്നെ അതത് കാലത്ത് സാർവത്രിക സ്വീകാര്യത വന്ന ഭരണാധികാരികളെ മറ്റെല്ലാവരും വാഴ്ത്തിയപ്പോഴും അധികമൊന്നും വാഴ്ത്താൻ മാഷ് തുനിഞ്ഞില്ല. അടിയന്തിരാവസ്ഥക്കാലത്തെ ഭരണകൂടത്തിന്റെ നേതൃത്വത്തെ തന്റെ രചനയിൽ അദ്ദേഹം മറയില്ലാതെ വിമർശിക്കുന്നുണ്ട്. അത് ഞാൻ നേരത്തെ പറഞ്ഞ, ഗൗരവമേറിയൊരു രാഷ്ട്രീയ ബോധത്തിന്റെ ഫലം കൂടിയാണെന്ന് ഞാൻ കരുതുന്നു.
ഒരധ്യാപകൻ എന്ന നിലയിൽ മാഷ് ക്ലാസ് മുറികളെ അടക്കി ഭരിച്ചിരുന്ന ഒരാളല്ല. കുട്ടികൾ അദ്ദേഹത്തിന് സുഹൃത്തുക്കളായിരുന്നു. ക്ലാസ് മുറിയിൽ അദ്ദേഹം കൗതുകം നിറഞ്ഞ ആശയങ്ങൾ അവതരിപ്പിക്കുകയും അതിന്റെ മർമങ്ങളെ വിടർത്തിക്കാണിക്കുകയും ബാക്കിയുള്ളവ കുട്ടികളുടെ ആലോചനയ്ക്കും അന്വേഷണങ്ങൾക്കുമായി കൈമാറുകയും ചെയ്തു. ക്ലാസ് മുറിയിൽ നിറഞ്ഞതിനേക്കാൾ ക്യാമ്പസിൽ അദ്ദേഹം നിറഞ്ഞു നിന്നു. ക്ലാസ് മുറികളിൽ കുട്ടികളോടൊപ്പം സൗഹൃദഭാവം പങ്കുവച്ചതിനൊപ്പം ക്യാമ്പസിൽ ഉടനീളം താനറിയുന്നതും അറിയാത്തതുമായ എല്ലാ വിദ്യാർഥികളോടും പ്രസാദപൂർണമായി പെരുമാറുകയും ചെയ്തു. അങ്ങനെ സ്നേഹമെന്ന ഒരു ആശയത്തെ നിരുപാധികം പ്രകാശിപ്പിക്കുന്ന, എല്ലാവരിലേക്കും അത് ചൊരിയുന്ന ഒരധ്യാപകനായിരുന്നു ഓമനക്കുട്ടൻ മാഷ്. എന്റെ വിദ്യാർഥി ജീവിതകാലത്ത് ഏറെയന്നും അധ്യാപകരെ അങ്ങനെ കാണാൻ ഇടവന്നിട്ടില്ല. മാഷ് അത്തരത്തിലൊരാളായിരുന്നു.
തന്റെ കാലത്തെ രൂപപ്പെടുത്തിയ വലിയ മനുഷ്യരെ മാഷിന് നേരിട്ട് പരിചയമുണ്ടായിരുന്നു. രാഷ്ട്രീയത്തിലേയും സാഹിത്യത്തിലേയും വൈജ്ഞാനിക ലോകത്തേയുമൊക്കെ മഹാമേരുക്കൾക്കൊപ്പം നടക്കുകയും അവരുടെ ജീവിതാനുഭവങ്ങളെ മനസിലാക്കുകയും അതിലെ സൂക്ഷമ സങ്കീർണതകളെ തിരിച്ചറിയുകയുമൊക്കെ ചെയ്തിരുന്നു. അതിനെയെല്ലാം അദ്ദേഹം പിൽക്കാലത്ത് ചെറുതും വലുതുമായ കഥകളായി തനിക്ക് ചുറ്റുമുള്ളവരിലേക്ക് വിന്യസിച്ചുകൊണ്ടിരുന്നു. ആ കഥകളുടെ പറഞ്ഞുതീരാത്തൊരു ലോകം മാഷിന് ചുറ്റുമുണ്ടായിരുന്നു. അത് കേവലം കഥകളെന്നതിനപ്പുറം ആ കാലത്തെ രൂപപ്പെടുത്തിയ വിപുലമായ അനുഭവങ്ങളുടെ ഒരു രേഖാ ചിത്രം കൂടിയായിട്ടാണ് നമ്മിലേക്ക് എത്തിച്ചേർന്നിരുന്നത്. പറഞ്ഞു തീരാത്ത ആ കഥകൾ വാസ്തവത്തിൽ പറഞ്ഞു തീരാത്ത ജീവിതം തന്നെയാണെന്ന് നമുക്ക് ഇപ്പോൾ തിരിഞ്ഞു നോക്കിയാൽ കാണാൻ കഴിയും. മാഷിന് തന്റെ ചുറ്റുമുള്ള ജീവിതത്തിലെ ഏത് അടരും ഒരു ആഖ്യാനത്തിന്റെ വിഷയമായിരുന്നു. അതിൽ നിന്ന് ഒരു സന്ദർഭത്തെ കണ്ടെടുക്കാനും ആ സന്ദർഭത്തെ കാരുണ്യ പൂർവ്വം, അനുതാപപൂർവ്വം ആവിഷ്ക്കരിക്കാനും അദ്ദേഹത്തിന് എപ്പോഴും കഴിഞ്ഞിരുന്നു.
മാഷിന്റെ രചനാലോകത്തേക്ക് നോക്കിയാലും അദ്ദേഹത്തിന്റെ കഥകൾ, അദ്ദേഹത്തിന്റെ നോവലുകൾ, അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പുകൾ ഇതിലേക്കൊക്കെ നോക്കിയാൽ ചുറ്റുമുള്ള മനുഷ്യരോട് പുലർത്തുന്ന ഒരു തരത്തിലുള്ള അനുതാപത്തിന്റെ അടയാളം നമുക്ക് കാണാൻ കഴിയും.
ജീവിതം പരുഷമോ ക്രൂരമോ യാതനാ നിർഭരമോ ആകട്ടെ അതിലുള്ള മനുഷ്യർ നല്ല മനുഷ്യരോ ചീത്ത മനുഷ്യരോ സ്നേഹനിർഭരരോ വിദ്വേഷം നിറഞ്ഞവരോ ആകട്ടെ അവരെയൊക്കയെും അനുതാപത്തോടെയാണ് മാഷ് നോക്കിക്കണ്ടത്. ആ അനുതാപം തുടക്കത്തിൽ പറഞ്ഞത് പോലെ ഒരു ഉദാരതയുടെ ആവിഷ്‌ക്കാരം കൂടിയാണ് എന്ന് തോന്നുന്നു.
എല്ലാ മനുഷ്യരിലും മാനുഷിക മഹിമയുടെ ഏതെതോ ചില അംശങ്ങൾ അവശേഷിക്കുന്നുണ്ടെന്നും ഈ അംശങ്ങളെയാണ് അവരിൽ നാം കണ്ടത്തേണ്ടതും വിലവെക്കേണ്ടതും എന്നൊരു തോന്നൽ അതിന് പിന്നിലുണ്ടാകാം എന്നാണ് ഞാനിപ്പോൾ കരുതുന്നത്. അതുകൊണ്ട് ലോകത്തോട് വിദ്വേഷമില്ലാതെ ഏത് വിദ്വേഷത്തേയും ഫലിതമയമായൊരു കഥയാക്കിമാറ്റാൻ പോന്ന മട്ടിൽ പ്രസാദപൂർണമാണ് മാഷ് ജീവിച്ചത്.
ഗുരുവിലേക്കും ആശാനെപോലുള്ള വലിയ കവികളിലേക്കും സിവി രാമനെ പോലെ അതുല്യരായ നോവലിസ്റ്റുകളിലേക്കും സഞ്ചരിക്കുന്നൊരു ആന്തരിക ജീവിതം മാഷിന് ഉണ്ട്. സിവിയെ കുറിച്ചുള്ള സംഭാഷണ മധ്യേ, Poet of Darknsse എന്ന് സിവിയെ വിശേഷിപ്പിക്കുന്ന മാഷിനെ എനിക്കോർമയുണ്ട്.
‘ഉയരുന്ന യവനിക പോലെ തകരുന്ന കൊട്ടക’ എന്നൊരു ശീർഷകത്തിൽ മലയാള നാടകത്തിന്റെ ഗതിപരിണാമത്തെ കുറിച്ചുള്ള ചില ആലോചനകൾ എഴുതാനുണ്ട് എന്ന് മാഷ് ഒരിക്കൽ സൂചിപ്പിച്ച കാര്യവും ഒർക്കുന്നുണ്ട്.
ഇങ്ങനെ ഗുരുവിലും ആശാനിലും സിവിയിലും സിജെ തോമസിലുമൊക്കെ മേഞ്ഞു നടക്കുന്ന ഒരു ഗംഭീര ഭാവനയുടെ ലോകം ഒരു ഭാഗത്ത് നിലനിർത്തുമ്പോൾ തന്നെയാണ് നാട്ടുകഥകളിലും ചൊൽവടിവുകളിലും ഫലിതപരിഹാസങ്ങളിലും ആണ്ടുമുഴുകുന്നൊരു അതിസാധാരണത്വം മാഷ് നിലനിർത്തുകയും ചെയ്തത്.
കുമാരനാശാൻ തന്റെ കവിതകളിലൊരിടത്ത് മനുഷ്യമഹിമയുടെ അടയാളങ്ങളിലൊന്നായി ഒരു കാവ്യഭാഗമെഴുതി ചേർത്തിട്ടുണ്ട്. കോപ്പിടും നൃപദിപോലെയും കളിക്കോപ്പെടുത്ത ചെറുപൈതൽ പോലെയും എന്നാശാൻ അവിടെ എഴുതുന്നു. ഒരു ഭാഗത്ത് കിരീടം ചൂടിയ രാജാവിനെ പോലെ മറുഭാഗത്ത് കളിക്കോപ്പൊത്ത് കളിയ്ക്കുന്ന ചെറുകുഞ്ഞിനെ പോലെ. ഓമനക്കുട്ടൻമാഷുടെ ഭാവനാ ലോകത്ത് ഈ രണ്ടറ്റങ്ങളും ഉണ്ടായിരുന്നുവെന്ന് തോന്നുന്നു.
ഗംഭീരാശയന്മാരായ എഴുത്തുകാരുടെ ലോകത്ത് കാലൂന്നി നിൽക്കാനും മറുഭാഗത്ത് കളി പറയുന്ന ഫലിത പരിഹാസങ്ങളിലാണ്ടുമുഴുകുന്ന ഒരു സാധാരണ ആസ്വാദകനോടൊപ്പം ചേർന്ന് നിൽക്കാനും മാഷിന് ഒരുപോലെ കഴിയുമായിരുന്നു. അത് തനിക്ക് ചുറ്റുമുള്ള മനുഷ്യരോട് അതിന്റെ നാനാപ്രകാരങ്ങളോട് മാഷ് പുലർത്തിയിരുന്ന സമഭാവം നിറഞ്ഞ പ്രകൃതത്തിന്റെ പ്രകാശനം കൂടിയായിരുന്നു എന്ന് കരുതാനാണ് എനിക്കിപ്പോൾ തോന്നുന്നത്. ഒരറ്റത്തിലല്ല ഒരടരായിട്ടല്ല പല അറ്റങ്ങളിലാണ് പല അടരുകളിലാണ് മനുഷ്യവംശം നിലനിൽക്കുന്നതെന്നും അവരോടെല്ലാം സംവദിക്കാൻ സന്നദ്ധമായിരിക്കുന്നതിലാണ് മാനുഷികതയുടെ പൂർണ്ണതയുള്ളതെന്ന് അദ്ദേഹം അകമേ കരുതിയിട്ടുണ്ടാകാം. ആ കരുതലായിരിക്കാം പിന്നെ പ്രകാരങ്ങളിലുള്ള ഈ ആസ്വാദന അവബോധക്രമത്തെ അദ്ദേഹത്തിൽ രൂപപ്പെടുത്തിയതെന്ന് കരുതുന്നു.
മാഷ് അന്തിമമായി അവശേഷിപ്പിച്ചത് സ്‌നേഹത്തിന്റെയും പ്രസാദഭാവത്തിന്റെയും ഉദാരതയുടെയും നിശിതമായ രാഷ്ട്രീയബോധ്യങ്ങളുടെയും അതിനെ വിദ്വേഷരഹിതായി ആവിഷ്‌ക്കരിക്കുന്നതിന്റെയും ഒരു മാതൃകയാണ്. നമ്മുടെ കാലത്തിൽ ആ മാതൃകയ്ക്ക് വലിയ മൂല്യമുണ്ടെന്ന് ഞാൻ കരുതുന്നു. രാഷ്ട്രീയ അഭിപ്രായഭേദങ്ങളെ വിദ്വേഷരഹിതമായി ആവിഷ്‌ക്കരിക്കാൻ മറ്റുള്ളവരോട് തനിക്കുള്ള അഭിപ്രായ വ്യത്യാസങ്ങളെ കാലുഷ്യവും കന്മഷവുമില്ലാതെ പ്രകാശിപ്പിക്കാൻ അതിന് ശേഷവും അവരോടുള്ള സ്നേഹസൗഹൃദങ്ങളെ നിലനിർത്താൻ മാഷിന് അറിയുമായിരുന്നു.
വിദ്വേഷം നിറയുന്ന പക പെരുകുന്ന നേർത്ത അഭിപ്രായ വ്യത്യാസങ്ങൾ പോലും നിതാന്ത ശത്രുതയും വെറുപ്പുമായും പരിണമിക്കുന്ന അതിന് വെമ്പൽകൊണ്ട് നിൽക്കുന്ന ഒരു കാലത്തിന്റെ നടുവിലാണ് നാമിപ്പോൾ നിൽക്കുന്നത്. ആ കാലഘട്ടത്തിൽ സ്‌നേഹത്തെ തന്റെ ജീവിതബോധ്യത്തിന്റെ അടിപ്പടവാക്കി മാറ്റിയ ഒരാളാണ് സി.ആർ ഓമനക്കുട്ടൻ മാഷ് എന്ന് നാം തിരിച്ചറിയുന്നു. നമ്മുടെ കാലത്തിനുള്ള വലിയ ഒരു സന്ദേശം ആ സ്‌നേഹഭാവത്തിലുണ്ട്. ആ ഓർമ്മ കാലത്തിലെ ഒരു പ്രകാശനാളമായി തുടരുമെന്ന് കരുതുന്നതും ഈ സ്‌നേഹത്തിന്റെ അതുല്യമായ രാഷ്ട്രീയ മൂല്യത്തെ തിരിച്ചറിയുന്നത് കൊണ്ടാണ്.
ഒരുപക്ഷെ മാഷ് അദ്ദേഹത്തിന്റെ മറ്റെല്ലാ പ്രവർത്തികൾക്കുമപ്പുറം സൗഹൃദത്തിന്റെയും സമഭാവനയുടെയും ഉദാരതയുടെയും സ്‌നേഹനുഭവത്തിന്റെയും ഒരു പ്രതീകമായി എക്കാലത്തേക്കുമുള്ള ഒരടയാളവാക്യമായി ഞങ്ങളെ പോലുള്ള ആയിരക്കണക്കായ വിദ്യാർത്ഥികളുടെ ഹൃദയത്തിലുണ്ടാകും. നമ്മുടെ കാലത്തിലേയ്ക്കദ്ദേഹത്തിന്റെ ജീവിത സന്ദേശമെത്തിച്ചേരും എന്ന് ഞാൻ കരുതുന്നു. മാഷിന്റെ ഓർമ്മകളെ പ്രണാമപൂർവ്വം നമസ്‌ക്കരിക്കുന്നു