അത്യന്തം മികച്ച ഒരു മനുഷ്യവിഭവത്തെ പ്രയോജനപ്പെടുത്താതെ പോയ ജനതയെക്കുറിച്ച്…

മൗലികമായ നിരീക്ഷണങ്ങളും പ്രശ്നവൽക്കരണങ്ങളും ചോദ്യങ്ങളുമായി ഇന്ത്യൻ സാമൂഹികവ്യവസ്ഥയെ സംബോധന ചെയ്യുകയും, ഭാവനാത്മകമായി വിശകലനം ചെയ്യുകയും, അധികാരവ്യവസ്ഥയെ ചോദ്യം ചെയ്യുകയും, അധികാരരാഷ്ട്രീയത്തെ വിമർശിക്കുകയും ചെയ്ത പ്രൊഫ. എം. കുഞ്ഞാമൻ ആർക്കും വേണ്ടാത്തവനായി അരിക്കാക്കപ്പെട്ടുവെന്നത് ഒരു ലളിത സത്യമാണ്.

ഒന്ന്

2019 ഡിസംബർ 12-നാണ് പ്രൊഫ. എം. കുഞ്ഞാമൻ കോഴിക്കോട് ബാലുശ്ശേരിയിലെ ഡോ. ബി. ആർ. അംബേദ്കർ സ്മാരക ഗവ. കോളേജിൽ എത്തുന്നത്. അന്ന് അദ്ദേഹം ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറാണ്. ആ വർഷം കോളേജ് സ്റ്റാഫ് കൗൺസിൽ തുടങ്ങിവെച്ച, ഡോ. ബി. ആർ. അംബേദ്കർ സ്മാരകപ്രഭാഷണപരമ്പരയിലെ ഒന്നാമത് പ്രഭാഷണം, ‘സാമൂഹികനീതി’ ഇന്ത്യയിൽ’ എന്ന വിഷയത്തിൽ, നിർവ്വഹിക്കുന്നതിനും കോളേജിലെ എക്കണോമിക്സ് വിഭാഗം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനുമായി ഞങ്ങളുടെ ക്ഷണം സ്വീകരിച്ചായിരുന്നു ആ വരവ്. എക്കണോമിക്സ് വിഭാഗത്തിൽ അദ്ധ്യാപകനായ ഡോ. എം. സുകുമാരനാണ് അദ്ദേഹത്തെ കോളേജിലെത്തിക്കാനുള്ള നീക്കങ്ങൾ നിർവ്വഹിച്ചത്.

അദ്ദേഹം വന്നു, ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ നിർവ്വഹിച്ചു. ഏറ്റെടുക്കാത്ത ദൗത്യങ്ങളും നിർവ്വഹിച്ചു. കോളേജിന്റെ ഭാഗമായി അദ്ദേഹം മാറി. വരാന്തകളിലും ലൈബ്രറിയിലും ഓഫീസിലുമെല്ലാം അദ്ദേഹം നിന്നു, ഇരുന്നു. ഒരു സാധാരണക്കാരനായി കാണപ്പെട്ട അദ്ദേഹത്തോട് കുട്ടികളും സെമിനാറിലെത്തിയ പ്രതിനിധികളും അദ്ധ്യാപകരുമൊക്കെ സംസാരിച്ചുകൊണ്ടിരുന്നു. ഗൗരവതരമായ വിഷയങ്ങളിൽ മാത്രമല്ല വ്യക്തിപരമായ സമീപനങ്ങളെ സംബന്ധിച്ചും വർത്തമാനങ്ങൾ നടന്നു. അനുഭവപരിജ്ഞാനവും ഉൾക്കാഴ്ചകളുമുള്ള ഒരു അക്കാദമീഷ്യൻ ഒരു സാധാരണ കോളേജ് സമൂഹത്തെ അക്കാദമികമായി പ്രചോദിപ്പിക്കുന്നതെങ്ങനെയെന്ന് കണ്ടറിഞ്ഞ നേരങ്ങൾ. സെമിനാർ അക്ഷരാർത്ഥത്തിൽ സെമിനാറായി, സാർത്ഥകമായ ആശയസംവാദമായി മാറുന്നതെങ്ങനെയെന്ന് കണ്ട ദിവസങ്ങളായിരുന്നു അത്. വിദ്യാർത്ഥികളിൽ മാത്രമല്ല, കോളേജ് സമൂഹത്തിലാകെ അതുളവാക്കിയ ഉന്മേഷം വളരെ വലുതായിരുന്നു.

എം. കുഞ്ഞാമൻ കോഴിക്കോട് ബാലുശ്ശേരിയിലെ ഡോ. ബി. ആർ. അംബേദ്കർ സ്മാരക ഗവ. കോളേജിൽ

അദ്ദേഹത്തിന്റെ വിഷയമേഖല സാമ്പത്തിക ശാസ്ത്രമാണ്. സാമൂഹികശാസ്ത്രത്തിൽനിന്ന് അതിന് അതിരു തിരിയുന്നില്ല. മിക്കപ്പോഴും ഈ വിഷയമേഖലകളിലാണ് സംഭാഷണങ്ങൾ നടന്നത്. എന്നാൽ, അതു മാത്രമല്ല, പല വിഷയങ്ങളിലും സംഭാഷണങ്ങളുണ്ടായി. ഒരു ദിവസം വൈകീട്ട് അദ്ദേഹത്തോട് സംസാരിക്കുന്നതിനിടയിൽ സാഹിത്യപാരായണത്തെ സംബന്ധിച്ചൊരു ചോദ്യം യാദൃച്ഛികമായി ഉണ്ടായി. അപ്പോൾ അദ്ദേഹം പറഞ്ഞു. “സാഹിത്യത്തെക്കുറിച്ച് എനിക്ക് അറിവില്ല. എനിക്കതിനെക്കുറിച്ച് പറയാനുള്ള യോഗ്യതയില്ല. അതേക്കുറിച്ച് നിങ്ങളാണ് പറയേണ്ടത്.”
എങ്കിലും താൻ ചെറുപ്പത്തിൽ കേശവദേവിനെയും തകഴിയെയും ബഷീറിനെയും വായിച്ചത് ഓർത്തെടുത്തുകൊണ്ട് അദ്ദേഹം സംസാരിച്ചു. സാധാരണ മനുഷ്യജീവിതത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ തലങ്ങൾ സംബന്ധിച്ച ഉൾക്കാഴ്ചകളുടെ സ്രോതസ്സുകളായി നോവൽസാഹിത്യത്തെ വായിച്ചറിഞ്ഞതിന്റെ വിവരണമായിരുന്നു അദ്ദേഹം നിർവ്വഹിച്ചത്. ഓരോ നിമിഷവും ചിന്താപരവും ഭാവനാപരവുമായ ഉദ്ദീപനങ്ങളുടെ സന്ദർഭങ്ങളാക്കി മാറ്റുന്ന ഒരു അക്കാദമീഷ്യൻ യാതൊരു നാട്യവുമില്ലാതെ ഊർജ്ജപ്രവാഹമായി മാറുന്നത് ഞങ്ങൾ അനുഭവിച്ചു.

താനൊരു അക്കാദമീഷ്യനാണ് എന്നതിൽ എം. കുഞ്ഞാമൻ അഭിമാനിച്ചിരുന്നു. അങ്ങനെ അറിയപ്പെടാനാണ് താനാഗ്രഹിക്കുന്നതെന്നും അദ്ദേഹം പലപ്പോഴും സൂചിപ്പിച്ചു.

അദ്ദേഹത്തിന്റെ ‘എതിര് ’ എന്ന പുസ്തകം അ​ന്ന് പുറത്തുവന്നിരുന്നില്ല. അതിലാവിഷ്കരിക്കപ്പെട്ട പല അനുഭവഖണ്ഡങ്ങളും വൈകുന്നേരങ്ങളിൽ അദ്ദേഹം പങ്കുവെച്ചു. വളരെ പരിമിതമായ സൗകര്യങ്ങൾ, അഥവാ സൗകര്യങ്ങളുടെ അഭാവം മാത്രമുണ്ടായിരുന്ന ഒരു ചുറ്റുപാടിൽനിന്ന് അറിവു തേടിയുള്ള നീക്കങ്ങളിലൂടെ ഒരു മനുഷ്യൻ ഉയർന്നുവരുന്നതിന്റെയും ആ യാത്രയിൽ നേരിടേണ്ടിവന്ന വെല്ലുവിളികളുടെയും കഥ ഞങ്ങളറിഞ്ഞു. സാമൂഹികമായ ഉൽക്കണ്ഠകളും വ്യക്തിപരമായ ദുഃഖങ്ങളും അതിലുണ്ടായിരുന്നു. ആദിവാസികളും അധഃസ്ഥിതരും (ആ വാക്കാണ് അദ്ദേഹത്തിനു കൂടുതൽ താല്പര്യമെന്നു കാണുന്നു) ജീവിക്കുന്ന ജീവിതം ഇന്നും വലിയ മാറ്റമില്ലാതെ തുടരുന്നതിന്റെ കാരണങ്ങളിലേക്ക് പടർന്നുപരന്ന പഠനാനുഭവങ്ങൾ, പരാധീനതകൾ നിറഞ്ഞ ഒരു ജീവിതം നിശ്ചയദാർഢ്യംകൊണ്ടു മാത്രം അതിജീവനത്തിന്റെ പടവുകൾ ചവുട്ടിക്കയറിയതിന്റെ കഥ - ഒക്കെ ഞങ്ങളറിഞ്ഞു. സ്വന്തം പേപ്പറവതരണവും കഴിഞ്ഞ് സ്ഥലംവിടുന്ന രീതിയായിരുന്നില്ല അദ്ദേഹത്തിന്റേത്. സെമിനാറിന്റെ എല്ലാമെല്ലാമായി അദ്ദേഹം ഞങ്ങളോട് ചേർന്നുനിന്നു.

എം. കുഞ്ഞാമൻ

അറിവിന്റെ മൂല്യം, സമ്പത്തിന്റെ മൂല്യം, പ്രതിസന്ധികളെ മറികടക്കാനുള്ള പ്രയാസങ്ങൾ, അധികാരവും സമ്പത്തും സ്വാധീനവും ഉള്ളവരുടെ മുന്നിൽ തോറ്റുപോകുന്ന അഥവാ തോല്പിക്കപ്പെടുന്നതിന്റെ നീറ്റലുകൾ, നിരാശയില്ലെന്നു പറയുമ്പോഴും നീതിനിഷേധമുളവാക്കിയ കയ്പ്പുകൾ, പഠനവും ഗവേഷണവും ജീവിതത്തെ സർഗ്ഗാത്മകമാക്കുന്നതിന്റെ സന്തോഷങ്ങൾ, അദ്ധ്യാപനമെന്ന വിശിഷ്ടകലയെക്കുറിച്ചുള്ള വെളിപാടുകൾ - സംഭാഷണങ്ങളുടെ ഭാഗമായി അങ്ങനെ പലതും കടന്നുവന്നു. സംഭാഷണങ്ങളിലൂടെ അഗാധമായൊരു വ്യക്തിബന്ധവും അദ്ദേഹവുമായി രൂപപ്പെട്ടു. അദ്ദേഹം മുംബൈയിലേക്ക് മടങ്ങിപ്പോയി.

വൈകാതെ, സുകുമാരൻ മാഷുടെ ഉത്സാഹത്തിൽ കേന്ദ്ര വനിതാ കമീഷന്റെ സഹായത്തോടെ സംഘടിപ്പിക്കപ്പെട്ട ഗോത്ര-സ്ത്രീശാക്തീകരണ സെമിനാർ കൂടുതൽ ആസൂത്രിതമായിരുന്നു. ആ സെമിനാറിലും ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് പ്രൊഫ. കുഞ്ഞാമൻ വന്നു. സെമിനാർവിഷയം തന്നെ അദ്ദേഹത്തിന്റെ പഠനമേഖലയിൽനിന്നു കിളിർത്തുപൊന്തിയ ഒന്നായിരുന്നു (ഡവലപ്മെന്റ് ഓഫ് ട്രൈബൽ എക്കോണമി എന്ന അദ്ദേഹത്തിന്റെ പുസ്തകം ഓർക്കുക). സമരനായകരും ആക്ടിവിസ്റ്റുകളും പ്രഗത്ഭരായ അക്കാദമിക്കുകളും ഗവേഷകരും വിദ്യാർത്ഥികളും ഒത്തുകൂടിയ ആ ദിനങ്ങളിൽ ഞങ്ങളുടെ ചെറിയ കോളേജിന്റെയും അക്കാദമിക ജീവിതത്തിന്റെയും അവിഭാജ്യമായൊരു ഭാഗമായി അദ്ദേഹം മാറി. അദ്ദേഹത്തെ അറിയുകയും വൈജ്ഞാനികമായി അനുഭവിക്കുകയും ചെയ്യുന്ന ഒരു വിമതവിചാരസമൂഹത്തിന്റെ ഭാഗമാവുകയായിരുന്നു ഞങ്ങൾ. ഒരു അക്കാദമീഷ്യൻ അഥവാ ഒരു പ്രൊഫസർ ആരാണ്, എന്താണ് എന്ന് അനുഭവിക്കുകയായിരുന്നു ഞങ്ങൾ എന്നും പറയാം. ഗീതാനന്ദൻ, ഡോ. വിനീതാ മേനോൻ, പ്രൊഫ. കാകാ, പ്രൊഫ. ആൻജി എ, ചിത്രാ നിലമ്പൂർ, കെ. കെ. സുരേന്ദ്രൻ തുടങ്ങിയവരൊക്കെ അന്ന് കൂട്ടത്തിലുണ്ടായിരുന്നു. പുരുഷൻ കടലുണ്ടി എം എൽ എ രക്ഷാകർത്താവിനെപ്പോലെ വന്നും പോയുമിരുന്നു. ജനപ്രതിനിധികളും വനിതാപ്രവർത്തകരും അതിഥികളായി. റിപ്പോർട്ടറായും ഫോട്ടോഗ്രാഫറായും ഡ്രൈവറായും ഡോ. മഹേഷ് മംഗലാട്ടായിരുന്നു സേവനം ചെയ്തത്.

രണ്ട്

സർവ്വകലാശാലകളും കോളേജുകളും എന്തായിരിക്കണം, എന്തായിരിക്കരുത് എന്നൊക്കെ പ്രൊഫ. കുഞ്ഞാമൻ പലപാട് വിശദീകരിച്ചിട്ടുണ്ട്. അക്കാദമിക്കുകളുടെ ദൗത്യവും ഉത്തരവാദിത്തവും എന്തെന്നും വിശദീകരിക്കുവാൻ അദ്ദേഹം ഉത്സാഹിച്ചു. ഇതൊന്നും അദ്ദേഹത്തിന് ഉപന്യാസവിഷയങ്ങളായിരുന്നില്ല. തന്റെ ജീവിതം കൊണ്ട് ഉദാഹരിക്കാത്തതൊന്നും പറയാനോ അവകാശപ്പെടാനോ അദ്ദേഹം മിനക്കെട്ടിട്ടില്ലെന്നാണ് തോന്നുന്നത്. അദ്ദേഹം അക്ഷരാർത്ഥത്തിൽ പ്രൊഫസറും സാമൂഹികോത്തരവാദിത്തം അറിഞ്ഞു പ്രവർത്തിച്ച ചിന്തകനുമായിരുന്നു. താനൊരു അക്കാദമീഷ്യനാണ് എന്നതിൽ അദ്ദേഹം അഭിമാനിച്ചിരുന്നു. അങ്ങനെ അറിയപ്പെടാനാണ് താനാഗ്രഹിക്കുന്നതെന്നും അദ്ദേഹം പലപ്പോഴും സൂചിപ്പിച്ചു. അധ്യാപനം ഒരു തൊഴിലല്ല, പ്രൊഫഷനാണെന്ന് പറഞ്ഞ് തന്റെ ജോലിയുടെ മഹത്വമെന്തെന്ന് അദ്ദേഹം ഇടയ്ക്കിടെ വിശദീകരിക്കുമായിരുന്നു.

എം. എൻ. കാരശ്ശേരി

അദ്ദേഹത്തിന്റെ ആസൂത്രിതമായ ആത്മഹത്യയെത്തുടർന്ന് ഉയർന്നുവന്ന ചർച്ചകളിലൊന്ന് അദ്ദേഹത്തെ എങ്ങനെ വിശേഷിപ്പിക്കാം എന്നതിനെക്കുറിച്ചായിരുന്നു. പ്രൊഫ. എം. എൻ. കാരശ്ശേരിയുടെ ഒരു കുറിപ്പിനെ ചുറ്റിപ്പറ്റി വിവാദസ്വഭാവമുള്ള ഒരു ചർച്ചതന്നെ സൈബറിടങ്ങളിൽ ഉയർന്നുവന്നു. മാധ്യമങ്ങളിൽ വന്ന ചരമക്കുറിപ്പുകളിൽ ദലിത് ചിന്തകൻ എന്നു വിശേഷിപ്പിക്കപ്പെട്ടതിനെത്തുടർന്നാണ് കാരശ്ശേരിയുടെ എഴുത്തു വന്നത്. ഒരു ചിന്തകനെ ദലിത് ചിന്തകനെന്നു വിശേഷിപ്പിക്കുന്നത് അസംബന്ധമാണ് എന്നായിരുന്നു കാരശ്ശേരി മാഷുടെ വാദം. ‘ബുദ്ധിജീവിയുടെ മതം’ എന്നൊരു ലേഖനത്തിലൂടെ 2005-ൽ പ്രകടിപ്പിച്ച ചില ആശയങ്ങളുടെ തുടർച്ചയാണത്. അദ്ദേഹത്തിന്റെ വാദം ഇങ്ങനെ സംഗ്രഹിക്കാം: നായർ, മുസ്‍ലിം എന്നൊക്കെ ജാതി- മതസൂചനകളുള്ള വിശേഷണങ്ങൾ ഒരു ചിന്തകനെ പരമാർശിക്കുമ്പോൾ ചേർക്കുന്നതു ശരിയല്ല; അതേപോലെതന്നെയാണ് ദലിത് എന്ന വിശേഷണത്തിന്റെ കാര്യവും.

ദലിത് ചിന്തകരുടെ കൂട്ടത്തിൽ അദ്ദേഹത്തെ പെടുത്താൻ എളുപ്പം കഴിയുന്നില്ല. കേരളത്തിലെ ദലിത് ചിന്തയുടെ വക്താക്കളുടെ കൂട്ടത്തിൽ കുഞ്ഞാമൻ മാഷുടെ പേര് സാധാരണഗതിയിൽ കാണുകയില്ല.

ദലിത് എന്ന വിശേഷണം ജാതി-മതസൂചകങ്ങളെപ്പോലല്ല എന്ന് കാണാൻ കാരശ്ശേരി മാഷ് കൂട്ടാക്കുന്നില്ല. ഇക്കാര്യം പലരും ചൂണ്ടിക്കാണിച്ചു. അത് രാഷ്ട്രീയമായും സാംസ്കാരികമായും വിമോചനാത്മകമായ വിവക്ഷകളോടെ ഉന്നയിക്കപ്പെട്ടിട്ടുള്ള ഒരു ആശയമാണെന്ന വസ്തുത കാരശ്ശേരി മാഷ് ഉൾക്കൊള്ളാത്തതിൽ ചിലരെങ്കിലും രോഷം കൊണ്ടു. അതിന് അടിസ്ഥാനമുണ്ട് എന്നാണ് തോന്നുന്നത്. ജാതിപ്പേരല്ല, ജാതിപ്പേരുപോലെയുമല്ല ദലിത് എന്ന സംജ്ഞ. ജാതിക്കെതിരായ, ജാതിഘടനയ്ക്കെതിരായ, ജാതിഘടനയിൽ അന്തർലീനമായിരിക്കുന്ന ഹിംസക്കെതിരായ രാഷ്ട്രീയവും സാംസ്കാരികവുമായ അവബോധത്തിൽനിന്നുളവായ ഒരു ചിന്താപദ്ധതിയെയാണ് ദലിത് എന്ന പദം സൂചിപ്പിക്കുന്നത്. അതിന്റെ വക്താക്കളായ, അതിലഭിമാനിക്കുന്ന ഒരു നിര ചിന്തകരും എഴുത്തുകാരും ഇന്ത്യയിൽ ഉണർന്നുവന്നിട്ടുണ്ട്. സാഹിത്യവും സംസ്കാരവും രാഷ്ട്രീയവുമൊക്കെ അവരുടെ വിമർശാത്മകമായ സമീപനത്തിൽ പുനർവായനകൾക്കു വിധേയമായിട്ടുമുണ്ട്.

എന്നാൽ, അത് വിഭാഗീയമായ ഒരു സമീപനമാണെന്നു കരുതുന്നവരുണ്ട്. വാസ്തവത്തിൽ ഏകപക്ഷീയമായ വിഭാഗീയതകളുടെയും നിരാകരണത്തിന്റെയും പക്ഷപാതങ്ങളുടെയും ചരിത്രത്തെ തുറന്നു കാണിക്കാനും വിമർശിക്കാനും, ഇൻക്ലൂസീവായ ഒരു സമീപനത്തിന്റെയും ലോകവീക്ഷണത്തിന്റെയും അനിവാര്യത ബോധ്യപ്പെടുത്താനും, ചരിത്രത്തിന്റെയും ഭാഷയുടെയും കൊളുത്തുകളിൽനിന്ന് മർദ്ദിത ജനതയെ വിമോചിപ്പിക്കാനുമുള്ള അർത്ഥവത്തായ ഒരു നീക്കമായി വേണം അതിനെ മനസ്സിലാക്കാൻ. സമത്വത്തിലേക്കും കൂടുതൽ ജനാധിപത്യപരമായ അവസ്ഥയിലേക്കുമുള്ള സാമൂഹികപരിണാമത്തെ ഉത്തേജിപ്പിക്കാനൊരുമ്പെട്ട ഒരു രാഷ്ട്രീയ വിമോചനപ്രസ്ഥാനമെന്നുതന്നെ അതിനെ വിവരിക്കാം. ആ അർത്ഥത്തിൽ വിപ്ലവകരമായ വിവക്ഷകളുള്ള ദലിത് എന്ന സംജ്ഞയെ ജാതിപ്പേരുമായി സമീകരിക്കാൻ ശ്രമിക്കുന്നതിൽ അപാകതയുണ്ട്.

എസ്. ജോസഫ്

ഈ വിവാദം വിട്ടുകളയാവുന്നതാണെന്നു തോന്നും. പക്ഷേ, കുഞ്ഞാമൻ മാഷുടെ ധൈഷണിക വ്യക്തിത്വത്തെ മനസ്സിലാക്കുന്നതിനുതകുന്ന ചില സൂചനകൾ ഈ സംവാദത്തിൽ ഉയർന്നുവരുന്നുണ്ടെന്നത് കാണാതിരുന്നുകൂടാ. ദലിത് ചിന്തകരുടെ കൂട്ടത്തിൽ അദ്ദേഹത്തെ പെടുത്താൻ എളുപ്പം കഴിയുന്നില്ല. കേരളത്തിലെ ദലിത് ചിന്തയുടെ വക്താക്കളുടെ കൂട്ടത്തിൽ കുഞ്ഞാമൻ മാഷുടെ പേര് സാധാരണഗതിയിൽ കാണുകയില്ല. ഈ ചർച്ചയിൽ പങ്കെടുത്ത ദലിത് ചിന്തകനും ഗവേഷകനും അദ്ധ്യാപകനുമായ സുഹൃത്ത് ഡോ. കെ. പി. രവിയുടെ ഒരു കുറിപ്പിൽ, കേരളത്തിനുപുറത്തും അകത്തുമുള്ള ദലിത് ചിന്തകരുടെ നീണ്ട ലിസ്റ്റ് കൊടുത്തിരുന്നു. അതിൽ പ്രൊഫ. കുഞ്ഞാമനെ ഉൾപ്പെടുത്തിയില്ലെന്നത് ഒരു ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. വാസ്തവത്തിൽ, അങ്ങനെ വിശേഷിപ്പിക്കപ്പെടാൻ പ്രൊഫ. കുഞ്ഞാമൻ താല്പര്യപ്പെട്ടിരുന്നില്ലെന്നാണ് അറിവ്. ആ നിലയ്ക്ക് ദലിത് എന്ന വിശേഷണം, അത് എത്രമേൽ ആത്മാഭിമാനപരമായ വിവക്ഷകളുള്ളതാണെന്നിരിക്കിലും അദ്ദേഹത്തിന് ചാർത്തിക്കൊടുക്കാതിരിക്കുന്നതാണ് കൂടുതൽ ഉചിതമെന്നു തോന്നുന്നു. മറിച്ചു ചെയ്യുന്നതിൽ അതിക്രമം ആരോപിക്കാം.

അംബേദ്കറിന്റെ ചിന്തകളെ ആദരവോടെ പിന്തുടരുമ്പോഴും അംബേദ്കർവാദികളിൽനിന്ന് ചിന്താപരമായി അകലം പാലിക്കാൻ കുഞ്ഞാമൻ ശ്രദ്ധിച്ചു.

കവി എസ്. ജോസഫ് ഫേസ് ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാണിച്ചതുപോലെ, പ്രൊഫ. എം. കുഞ്ഞാമനെ ഒരു സാമ്പത്തികശാസ്ത്രജ്ഞൻ എന്നു വിശേഷിപ്പിക്കുന്നതാകും നീതി. അസാധാരണമായ ധൈഷണികവൈഭവത്തോടെ ഇന്ത്യൻ സാമൂഹികാവസ്ഥയെ വിശകലനം ചെയ്യാൻ ഒരുമ്പെട്ട സാമൂഹികചിന്തകനുമായിരുന്നു അദ്ദേഹം. സാമൂഹികമായി പുറംതള്ളപ്പെട്ട് അരിക്കാക്കപ്പെട്ടവരും അസംഘടിതരുമായ പൊട്ടിപ്പൊളിഞ്ഞ സമൂഹങ്ങളുടെ (പ്രികാരിയറ്റ്) ജീവിതാവസ്ഥകളെയാണ് തന്റെ സാമ്പത്തിക - സാമൂഹിക - രാഷ്ട്രീയ ധൈഷണികയത്നങ്ങളിൽ അദ്ദേഹം ശ്രദ്ധാപൂർവ്വം വിശകലനം ചെയ്തിരുന്നതെന്ന വസ്തുത മറന്നുകൊണ്ടല്ല ഇതു പറയുന്നത്. ഇക്കാരണത്താൽത്തന്നെ ദലിത് ചിന്തയുടെ ചരിത്രത്തിൽ അദ്ദേഹത്തിന്റെ ആശയങ്ങളെ അഭിസംബോധന ചെയ്യേണ്ടതായും വരും.

പക്ഷേ, ആശയങ്ങളെയല്ലാതെ പ്രത്യയശാസ്ത്രങ്ങളെ ആദരിക്കാൻ വിമുഖമായ അദ്ദേഹത്തിന്റെ ധൈഷണികവ്യക്തിത്വത്തിന്റെ സവിശേഷത ഇത്തരം മുദ്രകളോട് രാജിയാകാൻ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല എന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്. ആശയങ്ങൾ പ്രത്യയശാസ്ത്രമാകുന്നതോടെ സംഭവിക്കുന്നത് വൻദുരന്തമാണെന്ന വിചാരമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. “പ്രത്യയശാസ്ത്രം ആശയങ്ങളെ കൊല്ലും” എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. തത്വദീക്ഷയില്ലാത്ത പറച്ചിൽ അദ്ദേഹത്തിനുണ്ടായിരുന്നില്ല. അംബേദ്കറിന്റെ ചിന്തകളെ ആദരവോടെ പിന്തുടരുമ്പോഴും അംബേദ്കർവാദികളിൽനിന്ന് ചിന്താപരമായി അകലം പാലിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. ഹെഗലും മാർക്സും ഗാന്ധിയും നെഹ്രുവുമൊക്കെ ഇഴ ചേർക്കപ്പെടുമ്പോഴും അതിലൊരാളുടെയും അനുയായിയാകാൻ അദ്ദേഹം സന്നദ്ധമാകുന്നില്ലെന്നതും കാണുക.

ഡോ. സി. ജെ. ജോർജ്ജ്, എം. കുഞ്ഞാമൻ

ദലിത് സമൂഹങ്ങളിലൊന്നിൽ പിറന്ന ചിന്തകൻ എന്ന നിലയ്ക്കോ, ദലിത് സമൂഹങ്ങളുടെ വിമോചനത്തിനുതകുന്ന സാമ്പത്തികപദ്ധതികളും സമീപനങ്ങളും ഉദ്ഭാവനം ചെയ്ത സാമൂഹിക ശാസ്ത്രജ്ഞൻ എന്ന നിലയിലോ ദലിത് എന്ന വിശേഷണമുണ്ടായാൽ അതൊരു ആക്ഷേപമായി കരുതേണ്ടതില്ലെന്നിരിക്കെത്തന്നെ, സാങ്കേതികമായി അത് ഉചിതമല്ലെന്നു മാത്രമാണ് സൂചിപ്പിക്കുന്നത്. ദലിത് സ്വത്വാവബോധം പ്രകടിപ്പിക്കുന്ന തരത്തിലുള്ള ദലിത് വാദിയായിരുന്നില്ല അദ്ദേഹം. സ്വത്വവാദാത്മകമായ വീക്ഷണം വിമോചനാത്മകമായി പ്രൊഫ. കുഞ്ഞാമൻ കണ്ടിരുന്നില്ല. ‘പാണൻ എന്ന് എന്നെ വിളിക്കരുത്’ എന്നാണദ്ദേഹം കുട്ടിയായിരിക്കുമ്പോഴും മുതിർന്നപ്പോഴും നിലപാടെടുത്തത്. ആ സംബോധനയിൽ ജാത്യധികാരത്തിന്റെ ഹിംസയുണ്ട് എന്നായിരുന്നു അദ്ദേഹം അറിഞ്ഞത്. ദലിതൻ എന്ന, ഒരു നിലയ്ക്ക് വിപ്ലവകരവും മൂല്യവത്തുമായ പദപ്രയോഗത്തെയും അദ്ദേഹം പ്രശ്നവൽക്കരിച്ചിട്ടുണ്ട്, തള്ളിനീക്കിക്കളയുന്നുണ്ട്. “ദലിതൻ എന്ന നിലയിലുള്ള ഒരു സ്വത്വമല്ല ഇനി ആവശ്യം. അത് കുറച്ച് ആനുകൂല്യങ്ങൾക്കുവേണ്ടിയാണ്. ആനുകൂല്യങ്ങൾ അവശതയുടെ ഭാഗമാണ്. ആനുകൂല്യങ്ങളിൽനിന്നും അവകാശങ്ങളിലേക്കുള്ള പരിണാമമാണ് സംഭവിക്കേണ്ടത് ” എന്നൊക്കെ അദ്ദേഹം തുറന്നെഴുതിയിട്ടുണ്ട്.

വാസ്തവത്തിൽ ചിന്ത, സ്വതന്ത്രചിന്ത, അരാജകവാദം, ക്രിയേറ്റിവിറ്റി, അധികാരവിരുദ്ധത, വൈജ്ഞാനികത തുടങ്ങിയവ കുഞ്ഞാമന്റെ ചിന്തയുടെ കീ ടേമുകളായിരുന്നു

നിശ്ചലമായ സ്വത്വസങ്കല്പനത്തിന്റെയെന്നല്ല, ഒരു പ്രത്യയശാസ്ത്രത്തിന്റെയും കുടക്കീഴിലമരാതെയാണ് അദ്ദേഹം തന്റെ ധൈഷണിക ജീവിതം മുന്നോട്ടുകൊണ്ടുപോയത്. പ്രത്യയശാസ്ത്രങ്ങളെ വിമർശിക്കുകയെന്നതാണ് ധൈഷണികരുടെ ഉത്തരവാദിത്തമെന്ന് അദ്ദേഹം വിശ്വസിച്ചു. അഗാധമായ രാഷ്ട്രീയബോധ്യത്തോടെ രാഷ്ട്രീയകക്ഷികളുടെയോ മതവിശ്വാസങ്ങളുടെയോ ഭാഗമായല്ലാതെ ജീവിക്കുന്ന ജീവിതത്തെയാണ് സ്വതന്ത്രജീവിതം എന്നു വിശേഷിപ്പിക്കാനാവുന്നതെങ്കിൽ പ്രൊഫ. എം. കുഞ്ഞാമനെ സ്വതന്ത്രചിന്തകൻ എന്നാണ് വിശേഷിപ്പിക്കാനാവുക. സ്വതന്ത്രചിന്തയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം നിരന്തരം ഉദ്ബോധിപ്പിച്ചിരുന്നു. വ്യവസ്ഥാപിതമായ ഒരു പ്രസ്ഥാനത്തിന്റെയും അടിമയായി അദ്ദേഹം നിലകൊണ്ടില്ല. “മതത്തിനും പാർട്ടിരാഷ്ട്രീയത്തിനും മനുഷ്യപുരോഗതിയിൽ യാതൊരു പങ്കുമില്ല. അവർ യഥാർത്ഥത്തിൽ അദ്ധ്വാനിക്കുന്ന മനുഷ്യരെ ചുഷണം ചെയ്യുകയാണ് ചെയ്യുന്നത് ”, “മതവും രാഷ്ട്രീയവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്, വേർപിരിക്കാനാകാത്ത വിധമുള്ള സയാമീസ് ഇരട്ടകളാണവർ” എന്നൊക്കെ അദ്ദേഹത്തിന് ഉറക്കെ ചിന്തിക്കാനാകുന്നു. അദ്ദേഹത്തിന്റെ ചിന്താപരമായ സ്വതന്ത്രതയുടെ കൊടിയടങ്ങളാണവ.

വാസ്തവത്തിൽ ചിന്ത, സ്വതന്ത്രചിന്ത, അരാജകവാദം, ക്രിയേറ്റിവിറ്റി, അധികാരവിരുദ്ധത, വൈജ്ഞാനികത തുടങ്ങിയവ പ്രൊഫ. കുഞ്ഞാമന്റെ ചിന്തയുടെ കീ ടേമുകളായിരുന്നു എന്നതും ശ്രദ്ധേയമാണ്. സർവ്വകലാശാലകളെ കക്ഷിരാഷ്ട്രീയത്തിന്റെ ഉപശാലകളാക്കിത്തീർക്കുന്നതിന്റെ രാഷ്ട്രീയത്തെ വിമർശിച്ചുകൊണ്ട് അദ്ദേഹം എഴുതിയതിങ്ങനെ: “മുദ്രാവാക്യത്തൊഴിലാളികളെ സൃഷ്ടിക്കാനുള്ള ഒരിടമായി സർവ്വകലാശാലകൾ മാറി. അതുകൊണ്ടുതന്നെ അവിടെ ചിന്തകർ ഉണ്ടാകുന്നില്ല. ഭരണാധികാരം കടന്നുവരുന്നതാണ് സർവ്വകലാശാലകളുടെ ശാപം. അധികാരം പൊതുവെ ക്രിയേറ്റിവിറ്റിക്ക് വിഘാതം സൃഷ്ടിക്കുകയാണ് ചെയ്യുക. അധികാരം പിടിക്കാൻ പഠിപ്പിക്കുന്ന സ്ഥലമല്ല സർവ്വകലാശാല. അധികാരത്തെ എതിർക്കാൻ പഠിപ്പിക്കുന്ന സ്ഥലമാണ്. അധികാരത്തെ ആദരിക്കുന്ന ഒരു സമൂഹം നാശോന്മുഖമാണ്. അതിന് നിലനിൽക്കാനും മുന്നോട്ടുപോകാനും അർഹതയില്ല.”

ഡോ. വിനീതാ മേനോൻ, ഡോ. സി. ജെ. ജോർജ്ജ്, പ്രൊഫ. കാ കാ, എം. കുഞ്ഞാമൻ

വേറൊരിടത്ത് അദ്ദേഹം പറയുന്നു: “ശരിയായ രാഷ്ട്രീയം എന്നത് അധികാരത്തെ ചോദ്യം ചെയ്യുക എന്നതാണ്. ഇതൊക്കെ നിശ്ചയിക്കാൻ നിങ്ങൾക്ക് ആര് അധികാരം നൽകി എന്ന ചോദ്യമാണത്. ഇത്രയും സമ്പത്തു കുന്നുകൂട്ടിവെയ്ക്കാനും ചില സാമൂഹികവിഭാഗങ്ങളെ അടിച്ചമർത്തുന്നതിനുള്ള സാമൂഹികാവസ്ഥ സൃഷ്ടിക്കുന്നതിനുമുള്ള അധികാരം നിങ്ങൾക്കാരാണ് നൽകിയതെന്ന് ചോദ്യമുന്നയിക്കലാണത്. ഇങ്ങനെ അധികാരഘടനയെ ചോദ്യം ചെയ്യുന്നതാണ് ശരിയായ രാഷ്ട്രീയം.”
ഈ മട്ടിലുള്ള രാഷ്ട്രീയം താൻ ചെയ്യുന്നുണ്ടെന്ന ആത്മവിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു.

മൂന്ന്

സ്വജീവിതാനുഭവങ്ങളെ അപഗ്രഥിച്ചും വിപുലമായ പഠനം കൊണ്ടു വളർത്തിയും പ്രൊഫ. കുഞ്ഞാമൻ ഇന്ത്യൻ സാമൂഹികാവസ്ഥയുടെ ദൂഷിതമായ ആഴങ്ങളെ തൊട്ടറിഞ്ഞു. അറിവ് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അതിന്റെ നിഷേധത്തിലൂടെയാണ് നിലവിലുള്ള നീതിനിഷേധാത്മകമായ സാമൂഹികാവസ്ഥ നിലനിൽക്കുന്നതെന്നും അദ്ദേഹം മനസ്സിലാക്കി. പഠനവും അദ്ധ്യാപനവും ഗവേഷണവും ഈ അറിവുകളുടെ സൂക്ഷ്മമാക്കലിനും വ്യാപനത്തിനുമുള്ള അവസരങ്ങളായി അദ്ദേഹം കണ്ടു. തികഞ്ഞ അക്കാദമീഷ്യനായിരിക്കാൻ അദ്ദേഹം പ്രതിജ്ഞ ചെയ്തിരുന്നു. അംബേദ്കറും ഗാന്ധിയും മാർക്സും അമർത്യസെന്നുമൊക്കെ അദ്ദേഹത്തിന്റെ വിചാരഗതിയിൽ ഇഴകളായി വരുന്നതുകാണാം. സാമൂഹികവും സാമ്പത്തികവുമായ ജീവിതവിശകലനത്തിൽ അവരൊക്കെ കൈക്കൊണ്ട രീതികളെ പരിചയിച്ചത് മൗലികമായ ആലോചനകൾ കരുപ്പിടിപ്പിക്കാൻ അദ്ദേഹത്തിനു സഹായകമായി. എന്നാൽ, അമിതമായ ആരാധനയോ നിരാകരണമോ അവരുമായുള്ള അഭിമുഖീകരണങ്ങളിൽ കാണാനാവുകയില്ല. ഗാന്ധിയും അംബേദ്കറും നെഹ്രുവുമൊക്കെ പരസ്പരനിരാസകമായ ആശയസംഹിതകളുടെ മൂർത്തികളാണെന്ന തരത്തിലുള്ള കറുപ്പു-വെളുപ്പു വീക്ഷണവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇന്ത്യൻ സാമൂഹികശാസ്ത്രജ്ഞരുടെ വീക്ഷണങ്ങളെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിക്കാൻ കഴിഞ്ഞ ചിന്തകരെന്ന നിലയിൽ അവരെ ഒറ്റനിരയിൽ ആദരവോടെ കാണാൻ അദ്ദേഹത്തിനു മടിയില്ല. മാർക്സിന്റെയും മാർക്സിസ്റ്റു ചിന്തകരുടെയും ആശയങ്ങളെ പ്രയോജനപ്പെടുത്താനും മടിയില്ല. എന്നാൽ, അവരുടെ വക്താക്കളായി അറിയപ്പെടുന്ന രാഷ്ട്രീയകക്ഷികളെയോ ഭരണാധികാരികളെയോ അടിസ്ഥാനമില്ലാതെ അദ്ദേഹം ആദരിച്ചിരുന്നില്ല. നൂറ്റാണ്ടുകളായി കീഴ്നിലയിലാക്കപ്പെട്ട ജനസമൂഹങ്ങളുടെ മോചനത്തിനുള്ള വഴികൾ അടച്ചുവെയ്ക്കുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടിയുൾപ്പെടെയുള്ള ശക്തികൾ വ്യാപൃതമാണെന്ന് കണ്ട് അദ്ദേഹം നിരന്തരം വിമർശിച്ചുപോന്നു. കോൺഗ്രസിനെയും സംഘപരിവാർ ശക്തികളെയും മാത്രമല്ല, കീഴാളപ്രസ്ഥാനമായി കടന്നുവന്ന ബഹുജൻ സമാജ് പാർട്ടിയെയും വിമർശിക്കാൻ അദ്ദേഹം മടിച്ചില്ല. വ്യക്തികളോടല്ല, മനുഷ്യരെ അവഹേളിക്കുന്ന വ്യവസ്ഥയോടും സംവിധാനങ്ങളോടുമായിരുന്നു അദ്ദേഹത്തിന്റെ വിയോജിപ്പ്. അപ്പോഴും ആശയസംവാദത്തിനും സഹകരിക്കാവുന്ന മേഖലകളിൽ സഹകരിക്കാനും അദ്ദേഹം ഒരുക്കമായിരുന്നു. ജനകീയാസൂത്രണത്തിലും മറ്റും അദ്ദേഹം ഗവൺമെന്റിനു പിന്തുണ നൽകി. നേതാക്കളുമായി ആശയവിനിമയം നടത്തി.

എം. കുഞ്ഞാമൻ കോഴിക്കോട് ബാലുശ്ശേരിയിലെ ഡോ. ബി. ആർ. അംബേദ്കർ സ്മാരക ഗവ. കോളേജിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം

അധികാരത്തോട് അദ്ദേഹത്തിന് ബഹുമാനമുണ്ടായിരുന്നില്ല. ബഹുമാനം എന്ന മൂല്യം അപമാനത്തെ ഉൾവഹിക്കുന്നു എന്നദ്ദേഹം കണ്ടു. സമത്വനിഷേധകമായ ഒരു സംവിധാനത്തിന്റെ ഉപോല്പന്നമാണ് ബഹുമാനം എന്ന മൂല്യം. ബഹുമാനം തുല്യതാബോധത്തോടെയുള്ള ആദരവല്ല. ആദരവ് അദ്ധ്വാനത്തോടുള്ള അഭിവാദ്യമാണ്. തുല്യതാപരിഗണനയാണയോടെയുള്ള ആദരമുണ്ടായിരുന്നു അദ്ദേഹത്തിന്റെ നോക്കിലും വാക്കിലും നീക്കങ്ങളിലും. ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരോടുള്ള ആദരവായും, വിദ്യാർത്ഥികളോടുള്ള ആദരവായും, കലാപകാരികളോടുള്ള ആദരവായും അത് നിരന്തരം വെളിപ്പെടുന്നത് കാണാം. മുത്തങ്ങ സമരനായകൻ ഗീതാനന്ദൻ സംസാരിക്കുന്ന ഒരു സെമിനാർ സെഷനിൽ അദ്ധ്യക്ഷത വഹിക്കുന്നതിനു തൊട്ടു മുമ്പ് അദ്ദേഹം സ്വകാര്യമായി പറഞ്ഞു: “സമയം വൈകിയല്ലോ. അദ്ധ്യക്ഷനെന്ന നിലയിൽ ഞാനധികമൊന്നും സംസാരിക്കണ്ടന്നാണ് വിചാരിക്കുന്നത്. ഗീതാനന്ദനെപ്പോലൊരാൾ ഇത്ര ദൂരം വന്നിട്ട് സംസാരിക്കാൻ വേണ്ടത്ര സമയം കൊടുക്കാതിരിക്കുന്നത് ശരിയല്ല. ശരിയായ അറിവ് അദ്ദേഹത്തിനാണുള്ളത്. അതാണ് കുട്ടികൾക്ക് ലഭിക്കേണ്ടത്.”

കൈയടിക്കായി അദ്ദേഹം സംസാരിച്ചില്ല. അധികാരത്തോട്, സമത്വനിഷേധകമായ പ്രകടനങ്ങളോട് രാജിയാകാൻ കുഞ്ഞാമൻ തയ്യാറായില്ല. പദവികൾക്കും ആനുകൂല്യങ്ങൾക്കുമായി ചിന്താപരമായ സ്വതന്ത്രത അടിയറ വെയ്ക്കാൻ തുനിഞ്ഞില്ല.

വിയോജിപ്പിനും പ്രതിഷേധത്തിനും കലഹത്തിനും തടസ്സമാകുന്ന മുനയില്ലായ്മയല്ല ആദരവ് എന്ന ഈ ഗുണം. യോജിക്കാത്ത കാര്യങ്ങളിൽ ഒരു കോംപ്രമൈസും ഇല്ല തന്നെ. കൈയടിക്കായി അദ്ദേഹം സംസാരിച്ചില്ല. അധികാരത്തോട്, സമത്വനിഷേധകമായ പ്രകടനങ്ങളോട് രാജിയാകാൻ അദ്ദേഹം തയ്യാറായില്ല. പദവികൾക്കും ആനുകൂല്യങ്ങൾക്കുമായി ചിന്താപരമായ സ്വതന്ത്രത അടിയറ വെയ്ക്കാൻ തുനിഞ്ഞില്ല. തന്റെ ജീവിതാവബോധവും സാമൂഹികാവബോധവും മൂല്യബോധവും സംരക്ഷിക്കുന്നതിനായി ഒറ്റയാൾ സമരമായി ജീവിതം നയിച്ചു. സാംസ്കാരിക- ഗുമസ്ത-വരാന്തജീവിതത്തിന് തയ്യാറായില്ല. അത്തരമൊരു ധൈഷണികനെ പൊറുക്കാവുന്ന രാഷ്ട്രീയസമൂഹമല്ല ഇവിടെയുള്ളത്. മുമ്പു പറഞ്ഞ സമത്വബോധാധിഷ്ഠിതമായ ആദരവ് എന്ന മൂല്യത്തിന്റെ അഭാവമാണതിന്റെ മുഖമുദ്ര. ആദരിക്കും. തൊഴുതുനടന്നാൽ കൊടുക്കുന്ന പട്ടും വളയുമൊക്കെയാണ് ആദരമെന്നു മാത്രം. ഈ വൈപരീത്യത്താൽ, മൗലികമായ സാമ്പത്തികശാസ്ത്ര വീക്ഷണവും സാമൂഹിക നീതിബോധവും ആസൂത്രണ വൈഭവവും കൈമുതലായുള്ള ആ മനുഷ്യനെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ നമ്മുടെ ജനാധിപത്യവ്യവസ്ഥക്കു സാധിച്ചില്ല.

ഗീതാനന്ദൻ

നാല്

പ്രൊഫ. കുഞ്ഞാമന്റെ വീക്ഷണമനുസരിച്ച്, ഇന്ത്യൻ സാമൂഹികവ്യവസ്ഥയിൽ ഏറ്റവും പ്രധാനമായ പ്രശ്നം അസമത്വമാണ്. അത് നീതിയില്ലായ്മ തന്നെയാണ് എന്നദ്ദേഹം കടുപ്പിച്ചു പറയും. ബ്രാഹ്മണികമായ ജാതിവ്യവസ്ഥയിൽ നീതിനിഷേധം സനാതനമാണ്. ഈ വ്യവസ്ഥയെ പൊളിച്ചെഴുതുന്ന മൂർത്തവും ക്രിയാത്മകവുമായ നടപടികളാണ് സാമൂഹികനീതി യാഥാർത്ഥ്യമാക്കാൻ ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതിന് “സ്വത്തവകാശം മൗലികാവകാശമാക്കണം.... സ്വത്തവകാശത്തെ ആർട്ടിക്കിൾ 21-ന്റെ ഭാഗമായി കാണണം. സമ്പത്ത് തുല്യമായി വിതരണം ചെയ്യപ്പെടണം. സാർവ്വലൗകിക സ്വത്തവകാശവും സമ്പത്തിന്റെ തുല്യമായുള്ള പുനർവിതരണവും വന്നാൽ മാത്രമേ നിഷ്‌കാസിതരും പ്രാന്തവൽകൃതരുമായ വിഭാഗങ്ങൾക്ക് രക്ഷയുള്ളൂ”- എന്ന് അദ്ദേഹം പറഞ്ഞു.

ചിന്തിക്കാനുള്ള ശേഷി കൈവരിക്കുന്നതിനുപോലും ഈ സ്വത്തവകാശം അനിവാര്യമാണെന്ന് പ്രൊഫ. കുഞ്ഞാമൻ സമർത്ഥിക്കുന്നുണ്ട്. സമ്പത്തും വിജ്ഞാനവും നിയന്ത്രിക്കുന്നവർ അധികാരം നിയന്ത്രിക്കുന്നു. അതിനാൽ സമ്പത്തിലും വിജ്ഞാനത്തിലും തുല്യപദവിയാർജ്ജിക്കാത്തിടത്തോളം നിലവിലെ ജാതിവ്യവസ്ഥ (അത് പല മട്ടിൽ അഴിഞ്ഞുതുടങ്ങിയിരിക്കുന്നുവെങ്കിലും ചൂഷണസംവിധാനമായി നിലനിൽക്കുകയാണ്) എന്ന “ഗ്രേഡഡ് ഇനിക്വാലിറ്റി”യിൽനിന്നു വിമോചനമുണ്ടാവുകയില്ലെന്ന് അദ്ദേഹം വിലയിരുത്തി.

സംവരണമെന്ന ആശയത്തെ ആത്യന്തികമായി പ്രൊഫ. എം. കുഞ്ഞാമൻ വിലമതിക്കുന്നില്ല. സംവരണത്തെ കേന്ദ്രമാക്കിയുള്ള സാമൂഹികനീതി സങ്കല്പനത്തിനുതന്നെ തരക്കേടുണ്ടെന്ന് അദ്ദേഹം ചിന്തിക്കുന്നു. അഭിപ്രായഭേദങ്ങളുളവാക്കാവുന്ന ഒരു വീക്ഷണമാണിത്. “അംബേദ്കർ= സംവരണം= സാമൂഹികനീതി” എന്നു ചുരുക്കിക്കാണുന്നവർ അംബേദ്കറുടെ കാഴ്ചപ്പാടുകളെത്തന്നെ ചുരുക്കിക്കാണുകയാണെന്ന വിമർശനം അദ്ദേഹം ഉന്നയിക്കുന്നുണ്ട്. വിദ്യഭ്യാസം, തൊഴിൽ എന്നീ രംഗങ്ങളിൽ മുന്നോട്ടുപോകാൻ സംവരണം സഹായിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയരംഗത്ത് അത് അപകടമാണ് വരുത്തിവെച്ചിരിക്കുന്നതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു: “ഫ്യൂഡൽ മുതലാളിത്ത ശക്തികളോടുള്ള വിധേയത്വം പ്രകടിപ്പിക്കുന്നതിന് ചില നേതാക്കൾക്കു കിട്ടിയ ഒരു അവസരം മാത്രമാണത്. അവരുടെ ഭാഗധേയം ഈ വിധേയത്വം പ്രകടിപ്പിക്കുന്നതിലാണ്. അവർക്ക് സ്വതന്ത്രമായി അഭിപ്രായം പറയാൻ കഴിയില്ല.”- പ്രൊഫ. കുഞ്ഞാമൻ നിർദ്ദാക്ഷിണ്യം പറയുന്നു. ഇതു വായിക്കുമ്പോൾ നമ്മുടെ മുന്നിൽ ജീവിക്കുന്ന ഉദാഹരണങ്ങൾ തെളിഞ്ഞുവരാതിരിക്കില്ല.

“അംബേദ്കർ= സംവരണം= സാമൂഹികനീതി” എന്നു ചുരുക്കിക്കാണുന്നവർ അംബേദ്കറുടെ കാഴ്ചപ്പാടുകളെത്തന്നെ ചുരുക്കിക്കാണുകയാണെന്ന വിമർശനം അദ്ദേഹം ഉന്നയിക്കുന്നുണ്ട്.”

“തീരുമാനമെടുക്കുന്നതിൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള” ഉപാധിയെന്ന നിലയിൽ സംവരണത്തെ കണ്ട അംബേദ്കറുടെ പരമപ്രധാനമായ അജൻഡ ജാതിയുടെ ഉന്മൂലനമായിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. സംവരണത്തിൽ ആരംഭിച്ച് സംവരണത്തിലവസാനിക്കുന്ന ചിന്തകളും ആസൂത്രണങ്ങളുമല്ല ആവശ്യം. യഥാർത്ഥമായ സാമ്പത്തികനീതിക്കും ജാതിഉന്മൂലനത്തിനും അതുവഴി സാമൂഹികനീതി ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള പൊതുവായ സാമ്പത്തികപരിഷ്കാരനടപടികളുടെ വഴിയിലെ ഒരു ഇടക്കാല നടപടിയായി മാത്രമേ സംവരണത്തെ കാണാവൂ. (ഈ ഇടക്കാല പരിപാടികൾതന്നെയും അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളതെന്നത് മറ്റൊരു യാഥാർത്ഥ്യം.)

അംബേദ്കറുടെ ചിന്താപദ്ധതിയെ ആഴത്തിൽ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയിലേക്കു കൂടിയാണ് പ്രൊഫ. കുഞ്ഞാമൻ വിരൽചൂണ്ടുന്നത്. ജാതിവ്യവസ്ഥയെ മനസ്സിലാക്കാൻ മാർക്സിയൻ പദ്ധതിയിൽനിന്നു ഭിന്നമായി, അംബേദ്കറെ മുൻനിർത്തി ഒരു “പ്രതിജ്ഞാനശാസ്ത്രം’’ (counter epistemology) നിർമിക്കുന്നതിലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. അംബേദ്കറെ ആഴത്തിലറിഞ്ഞ് മുന്നോട്ടുപോകേണ്ടതുണ്ട് എന്ന് അദ്ദേഹം കരുതി. അദ്ദേഹം എഴുതി: “ഭൂവിതരണപരിപാടിയെ വികസനത്തിന്റെ മൗലികമായ ആദ്യ നടപടിയായാണ് അംബേദ്‌കർ കണ്ടത്. രണ്ടാമത്, അതുവരെ നമുക്കുണ്ടായിരുന്ന ഒരു ധാരണ, നീതി ഒരു ധാർമ്മികപ്രശ്‌നമാണെന്നതായിരുന്നു. അങ്ങനെ വരേണ്ടതല്ല നീതി. നീതിക്ക് മുർത്തമായ ഒരു അർത്ഥലമുണ്ട് സാമ്പത്തികതുല്യതയാണ് നീതി.”

സാമ്പത്തികമായ തുല്യതയിലൂന്നിയ സമ്പത്തിന്റെ പുനർവിതരണത്തിലൂടെ മാത്രമേ യഥാർത്ഥമായ നീതി ഉറപ്പുവരുത്തുന്നതിനു കഴിയുകയുള്ളൂ. അതിനുള്ള യഥാർത്ഥമായ പൊതുപരിപാടികൾക്കു പകരം പ്രത്യേക പരിപാടികളിലൂടെ ആദിവാസികളെയും അധഃസ്ഥിതസമൂഹങ്ങളെയും തുല്യതയിലേക്ക് നയിക്കാമെന്ന ചിന്ത തികഞ്ഞ വ്യാമോഹമാണെന്ന് അദ്ദേഹം വിചാരിക്കുന്നു. ദലിത് -ആദിവാസി വിഭാഗങ്ങൾക്കായി പ്രത്യേക പരിപാടികളാവിഷ്കരിക്കുന്നത് ആത്യന്തികമായി വിവേചനം നിലനിർത്തുന്നതും യഥാർത്ഥമായ നീതി നിഷേധിക്കുന്നതുമാണ്- അദ്ദേഹം കരുതി.

ദലിതർക്ക് പൊതുസമൂഹത്തിൽ പൊതുബുദ്ധിജീവിയും പൊതുമണ്ഡലത്തിന്റെ പ്രതിനിധികളും ആകാൻ കഴിയുമെന്നായിരുന്നു പ്രൊഫ. കുഞ്ഞാമൻ വിശ്വസിച്ചത്. അംബേദ്കറെ തൊട്ടുകൊണ്ട് അദ്ദേഹം പറയുന്നു: “ഇന്ത്യയിലെ ബ്രാഹ്‌മണികമായ ശ്രേണീഘടനയെ തൂത്തെറിയുന്നതിനും ഇന്ത്യൻ സമൂഹത്തെ പുനർസംവിധാനം ചെയ്യുന്നതിനുമുള്ള പങ്ക് ഇവിടുത്തെ അധഃസ്ഥിതർക്കാണെന്നാണ് അംബേദ്കർ പറഞ്ഞത്. ആ പങ്ക് വ്യക്തമായി നിർവ്വചിക്കപ്പെട്ടതാണ്. അതവരുടെ കടമയാണ്.” ഇതു പറയുമ്പോഴും, നിലവിലുള്ള അവസ്ഥ വളരെ പ്രശ്നഭരിതമാണെന്ന് പ്രൊഫ. കുഞ്ഞാമൻ കണ്ടു. സമകാലത്ത് പുതിയൊരു ബ്രാഹ്മണികത കടന്നുവരുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നു. അദ്ദേഹം പറയുന്നു: “പക്ഷേ, പല കാരണങ്ങൾകൊണ്ടും സംഭവിച്ചത് പഴയ ബ്രാഹ്മണിക ഘടനയ്ക്കു പകരം പുതിയൊരു ബ്രാഹ്‌മണികഘടന വന്നു എന്നതാണ്. അധികാരം കൈയ്യാളുന്ന ഒരു വിഭാഗമാണത്. ദളിതരിലും ആദിവാസികളിലും പിന്നാക്ക വിഭാഗങ്ങളിലും നിന്നെല്ലാം ശക്തരായ വ്യക്തികളുയർന്നുവന്നു. അവരും അധികാരത്തിന്റെ വക്താക്കളായി”
“ബ്രാഹ്‌മണർ മാത്രമുള്ളതല്ലാത്ത ഒരു ബ്രാഹ്‌മണിക ശ്രേണീഘടന. അതിൽ ദളിതരുണ്ട്. ആദിവാസികളുണ്ട്, സവർണ്ണരുണ്ട്. എല്ലാവരുമുണ്ട്. പുതിയൊരു അധഃസ്ഥിത വർഗ്ഗവുമുണ്ടായിട്ടുണ്ട്. അതിലും ഈ എല്ലാ വിഭാഗങ്ങളിലും പെട്ടവരുണ്ട്. ബ്രാഹ്‌മണരില്ലാത്ത ബ്രാഹ്മണികത എന്നു പറയാം. എന്നാൽ, അവരുടെ തത്വശാസ്ത്രങ്ങൾ നിലനിൽക്കുന്നുണ്ട്.”

ഇങ്ങനെ മൗലികമായ നിരീക്ഷണങ്ങളും പ്രശ്നവൽക്കരണങ്ങളും ചോദ്യങ്ങളുമായി ഇന്ത്യൻ സാമൂഹികവ്യവസ്ഥയെ സംബോധന ചെയ്യുകയും, ഭാവനാത്മകമായി വിശകലനം ചെയ്യുകയും, അധികാരവ്യവസ്ഥയെ ചോദ്യം ചെയ്യുകയും, അധികാരരാഷ്ട്രീയത്തെ വിമർശിക്കുകയും ചെയ്ത പ്രൊഫ. എം. കുഞ്ഞാമൻ ആർക്കും വേണ്ടാത്തവനായി അരിക്കാക്കപ്പെട്ടുവെന്നത് ഒരു ലളിത സത്യമാണ്. ഒറ്റയാനായി ജീവിക്കുന്നവരുടെ ഒറ്റപ്പെടലിൽ പരിതപിക്കുന്നത് അർത്ഥമില്ലാത്ത കാര്യമാണ്. പക്ഷേ, ഒരു ജനത അതിന്റെ ചരിത്രത്തിലുളവായ അത്യന്തം മികച്ച മനുഷ്യവിഭവത്തെ പ്രയോജനപ്പെടുത്താതെ പോയതിൽ തപിക്കാതിരിക്കാനും കഴിയില്ല.

അഞ്ച്

അധികാരം ആവശ്യപ്പെടുന്ന “അനുസരണം, അച്ചടക്കം, വിശ്വാസം, വിധേയത്വം, അധികാരസ്ഥാനത്തോടുളള ആദരവ്” തുടങ്ങിയ ഗുണകണങ്ങളൊന്നും വളർത്തിയെടുക്കാതെ പ്രൊഫ. എം. കുഞ്ഞാമൻ ജീവിച്ചു. അന്തസ്സായി ജീവനൊടുക്കുകയും ചെയ്തു; ഇതു പാപമെങ്കിൽ ഈ പാപത്തിന്റെ കർത്താവ് ഞാനാണ് എന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചുകൊണ്ട് - ഇപ്പോഴങ്ങനെ കടുത്തു പറയാൻ പറ്റും.

ഡിസംബർ രണ്ടിന് ശനിയാഴ്ച വൈകീട്ട് എം. കുഞ്ഞാമനെ വിളിച്ചപ്പോൾ ഫോണിൽ തെളിഞ്ഞത്

പക്ഷേ, ഇങ്ങനെയൊരു വാർത്തയുണ്ടെന്ന് കേട്ടപ്പോൾ ഇളകിപ്പോയിരുന്നു. മൂന്നു ദിവസം മുമ്പു വിളിച്ചു സംസാരിച്ചതാണ്. നാളെ വിളിക്കാമെന്നു പറഞ്ഞ് തലേന്നു രാത്രി മെസ്സേജ് കൊടുത്തതാണ്. ശാരീരികമായും മാനസികമായും ചില പ്രയാസങ്ങളുണ്ടെങ്കിലും വരുന്ന 17-ന് നേരിൽ കാണാമെന്നുറപ്പിച്ചതായിരുന്നു. ഒരുവേള, പറഞ്ഞുകേട്ടത് കിംവദന്തിയാകുമെന്ന് മോഹിച്ചു. കുറച്ചു സമയം അങ്ങനെ പോയി. എന്തിനെന്നറിയില്ല അദ്ദേഹത്തിന്റെ ഫോണിലേക്കൊന്നു വിളിച്ചുനോക്കി. അദ്ദേഹം മറ്റൊരു കോളിലാണ് (Dr. M. Kunhaman latest’ is on another call) എന്ന് ഫോണിൽ തെളിഞ്ഞു.

എന്റെ സുഹൃത്ത്, ജോണി വടക്കേൽ വിളിച്ചു ചോദിച്ചു: "അല്ല മാഷേ , നമ്മടെ കുഞ്ഞാമൻ മാഷ് എന്ത് പണിയാ ചെയ്തത്"?
ആത്മഹത്യയെന്ന പാപത്തെക്കുറിച്ചുള്ള ആധി ആ ദുഃഖസാന്ദ്രമായ സമാശ്വാസ വചനത്തിലുണ്ടായിരുന്നു.
ആത്മഹത്യ ഈ കാലത്ത് ഉത്തരവാദിത്തബോധമുള്ള ഒരു മരണരീതിയാണ്; ഉള്ളിൽത്തോന്നി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)


സി.ജെ. ജോർജ്ജ്

കോഴിക്കോട്​ ബാലുശ്ശേരി ഡോ. ബി.ആർ. അംബേദ്​കർ മെ​മ്മോറിയൽ ഗവ. കോളജിൽ അസോസിയറ്റ്​ പ്രൊഫസർ ആയിരുന്നു. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട നിരവധി മൗലിക രചനകൾ. വാക്കിന്റെ സാമൂഹികശാസ്​ത്രം, ചിഹ്​നശാസ്​ത്രവും ഘടനാവാദവും, കുതിരക്കാൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments