എം പി പരമേശ്വരൻ.

പാർട്ടി പുറത്താക്കിയ ദിവസം
ഒരു കുലുക്കവുമില്ലാതെ
ദോശ ചുടുകയായിരുന്ന എം.പി.

“അടുക്കളയിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഞങ്ങളെ അമ്പരപ്പിച്ചു. പുറത്ത് നടക്കുന്ന കാര്യങ്ങളൊന്നും തന്നെക്കുറിച്ച് അല്ലെന്ന മട്ടിൽ സാക്ഷാൽ എം.പി കയ്യിൽ ഒരു ചട്ടുകവുമായി ദോശ ചുടുന്ന തിരക്കിലാണ്!” - എം.പി. പരമേശ്വരനെ സി.പി.എം പുറത്താക്കിയ ആ ദിവസം ഓർക്കുകയാണ് ഡോ. പി.വി. പുരുഷോത്തമൻ.

നാലാം ലോകസിദ്ധാന്തത്തിന്റെ പശ്ചാത്തലത്തിൽ എം.പി.യെ CPM-ൽ നിന്ന് പുറത്താക്കിയ വാർത്ത പത്രങ്ങളിൽ വന്ന ദിവസം ഞാൻ ഓർക്കുന്നു. അന്ന് പരിഷത്തിന്റെ ഏതോ ഒരു യോഗത്തിൽ പങ്കെടുക്കാൻ പുലർച്ചെയുള്ള ട്രെയിനിൽ തിരുവനന്തപുരത്ത് ഇറങ്ങിയതായിരുന്നു. വണ്ടിയിറങ്ങി രണ്ടുമൂന്ന് പത്രങ്ങൾ വാങ്ങിച്ചു. എല്ലാ പത്രങ്ങളിലെയും പ്രധാന വാർത്ത എം.പിയെ പുറത്താക്കിയ വിവരം തന്നെ. വഞ്ചിയൂരിലെ പരിഷത് ഭവനിലേക്ക് പോകുന്ന വഴിയിൽ ഞങ്ങളെല്ലാം സംസാരിച്ചത് എം.പിയെ കുറിച്ചു തന്നെ.

താൻ അതുവരെ പ്രവർത്തിച്ച ഒരു പ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ ഒരാൾക്ക് സ്വാഭാവികമായി ഉണ്ടാകാവുന്ന ആഘാതവും സംഭാഷണത്തിൽ കടന്നു വന്നു; അതൊരു വലിയ സൈദ്ധാന്തിക ചർച്ചയായി മാറുമ്പോൾ പ്രത്യേകിച്ചും. ഭവനിൽ ഞങ്ങൾ എത്തുമ്പോൾ അവിടുത്തെ പത്രങ്ങൾ ആരും അതുവരെ എടുക്കാത്തതിനാൽ വാതിലിന് പുറത്തുതന്നെ കിടപ്പുണ്ട്. ചാരിയ വാതിൽ തുറന്ന് ഉള്ളിലേക്ക് നടക്കുമ്പോൾ അടുക്കളയിൽ നിന്ന് ചില തട്ടലും മുട്ടലും കേൾക്കാമായിരുന്നു. അടുക്കളയിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഞങ്ങളെ അമ്പരപ്പിച്ചു. പുറത്ത് നടക്കുന്ന കാര്യങ്ങളൊന്നും തന്നെക്കുറിച്ച് അല്ലെന്ന മട്ടിൽ സാക്ഷാൽ എം.പി കയ്യിൽ ഒരു ചട്ടുകവുമായി ദോശ ചുടുന്ന തിരക്കിലാണ്!

തലേന്ന് ഭവനിൽ ആയിരിക്കണം അദ്ദേഹം താമസിച്ചത്. ഇന്നത്തെ പത്രത്തിൽ മുഴുവൻ എം.പിയെ കുറിച്ച് ആണല്ലോ എന്ന് പറഞ്ഞപ്പോൾ അതിൽ വലിയ കൗതുകമൊന്നും കാട്ടാതെ അദ്ദേഹം ഒരു ചെറുചിരിയോടെ താൻ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തിയിൽ തന്നെ വ്യാപൃതനായി. എം.പി അതുവരെ പത്രം കണ്ടിരുന്നില്ല എന്ന് ഉറപ്പ്. പത്രം പുറത്തുണ്ടാവാമെന്ന് അറിയാമായിരുന്നിട്ടും തന്നെക്കുറിച്ച് വരാവുന്ന വാർത്തകളിൽ അദ്ദേഹത്തിന് ഒരു കൗതുകവും തോന്നിയിരുന്നില്ല എന്നുവേണം കരുതാൻ.

തൻ്റെ ധാരണകളിൽ അത്രകണ്ട് ആത്മവിശ്വാസം പുലർത്തുന്ന ഒരാൾക്ക് മറ്റുള്ളവർ എന്തു പറയുന്നു എന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലല്ലോ. ഓരോ നിമിഷവും തൻ്റെ ചിന്തകളെ പുതുക്കിപ്പണിഞ്ഞ ഒരാൾ. എപ്പോഴും പുതിയ പുതിയ സ്വപ്നങ്ങളിൽ മുഴുകിയ ഒരാൾ. അതിൽ പലതും യാഥാർത്ഥ്യമാക്കിയ ഒരാൾ. ഞാൻ കണ്ട മനുഷ്യരിൽ തീർത്തും വ്യത്യസ്തൻ.


Summary: Dr. P.V. Purushothaman writes about marxist philosopher, left ideologue, writer and nuclear scientist MP Parameswaran‌.


ഡോ. പി.വി. പുരുഷോത്തമൻ

കണ്ണൂർ ‘ഡയറ്റി’ൽ സീനിയർ ലക്​ചററായിരുന്നു. പുരോഗമന വിദ്യാഭ്യാസ ചിന്തകർ, വിഗോട്സ്കിയും വിദ്യാഭ്യാസവും, വിമർശനാത്മക ബോധനം: സിദ്ധാന്തവും പ്രയോഗവും തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments