ടി.ജെ.എസ്. ജോർജിന്റെ വി.കെ. കൃഷ്ണമേനോൻ ജീവചരിത്രം വായിച്ചപ്പോഴാണ്, കൃഷ്ണമേനോൻ എന്ന രാഷ്ട്രതന്ത്രജ്ഞനൊപ്പം ജോർജ് എന്ന എഴുത്തുകാരന്റെയും ആരാധകനായി ഞാൻ മാറിയത്. കൃഷ്ണമേനോൻ തിരുവനന്തപുരം പാർലമെൻ്റ് സീറ്റിൽ മത്സരിച്ച അവസരത്തിൽ അപ്പോഴേക്കും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകം കഴിയുന്നത്ര പ്രചരിപ്പിക്കാൻ ശ്രമിച്ചു. ജോർജിന്റെ പുസ്തകത്തിലൂടെയാണ് കൃഷ്ണമേനോനെ മലയാളിസമൂഹം പോലും യഥാർത്ഥത്തിൽ തിരിച്ചറിഞ്ഞത്.
പിന്നീട് നിരവധി തവണ പല നഗരങ്ങളിൽ വെച്ച് ജ്യേഷ്ഠസഹോദരനെ പോലെ ഞാൻ കരുതിത്തുടങ്ങിയ ജോർജിനെ കാണാനും, അദ്ദേഹത്തിൻ്റെ മധുരഭാഷണം കേട്ട് ആസ്വദിക്കാനും ഭാഗ്യമുണ്ടായി. ഒടുവിൽ കോഴിക്കോട് വെച്ചാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. തിരക്കിട്ട മിഠായിത്തെരുവിന്റെ നടുവിൽ വെച്ച് ജോർജുമായി നടത്തിയ ദീർഘസംഭാഷണം, ജീവിതത്തിൽ ഒരിക്കലും മായാത്ത ഒരനുഭവമായി മനസ്സിൽ അവശേഷിക്കുന്നു.

അടുത്തിടെയാണ് ജോർജിന്റെ അതിസാഹസികവും വൈവിധ്യമാർന്നതുമായ ജീവിതയാത്രയെക്കുറിച്ചുള്ള, മകൻ ജീത് തയ്യിലിന്റെ ‘The Elsewhereans' വായിക്കാനിടയായത്. ഡോക്യുമെൻ്ററി നോവൽ എന്നാണ് ജീത് തയ്യിൽ തൻ്റെ പുസ്തകത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ശീതസമരകാലത്തെ പിതാവ് ജോർജിന്റെ വിയറ്റ്നാം, ലാവോസ്, കംബോഡിയ, അഫ്ഗാനിസ്ഥാൻ, ചൈന, റഷ്യ തുടങ്ങി നിരവധി അനുഭവങ്ങളുടെ പശ്ചാത്തിൽ രചിച്ച കൃതിയായതു കൊണ്ടാണ് ജീത് തയ്യിൽ തൻ്റെ പുസ്തകത്തിന് “മറ്റേടത്തുകാർ” (Elsewhereans) എന്ന് പേരിട്ടിട്ടുള്ളത്. പുസ്തകത്തിൻ്റെ കവറിൽ കൊടുത്തിട്ടുള്ള, വിയറ്റ്നാം യുദ്ധകാലത്ത് തൻ്റെ പിതാവിൻ്റെ സുഹൃത്തായിരുന്ന യുവതിയെ വർഷങ്ങൾക്കുശേഷം വയോധികയായി കണ്ടെത്തുന്ന രംഗം ഒരു ത്രില്ലർ വികാരം നമ്മിലുണ്ടാക്കും.
ഇത്രയും ശ്രദ്ധേയമായ ഒരു കൃതിയെ പത്രപ്രവർത്തകർ പോലും വേണ്ടത്ര പരിഗണിക്കാതെ അവഗണിച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചു. അതേസമയം, തൊട്ടുപിന്നാലെ പ്രസിദ്ധീകരിച്ച, തന്റെ അമ്മ മേരി റോയിയെ കേന്ദ്രീകരിച്ചുള്ള അരുന്ധതി റോയിയുടെ കൃതിക്ക് ലഭിച്ച അമിത പ്രാധാന്യം എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. പല പത്രപ്രവർത്തക സുഹൃത്തുക്കളോടും ജീത് തയ്യിലിന്റെ ഈ മികച്ച പുസ്തകത്തെക്കുറിച്ച് ഞാൻ സംസാരിച്ചെങ്കിലും, ചില ചെറുകുറിപ്പുകൾ മാത്രമാണ് സാമൂഹ്യശ്രംഖലകളിലും മറ്റും കാണാനിടയായത്.
മുമ്പ് വായിച്ചതെങ്കിലും, ജോർജ് മലയാളത്തിൽ തന്നെ എഴുതിയ ആത്മകഥയായ “ഘോഷയാത്ര” വീണ്ടും വായിക്കാനായി എടുത്തപ്പോഴാണ് മരണവാർത്തയെത്തിയത്.
എങ്കിലും, ആ പൂർണ്ണജീവിതത്തിന്റെ അന്ത്യത്തിൽ ഞാൻ ദുഃഖിക്കുന്നില്ല. എന്റെ ജീവിതത്തെ സമ്പന്നമാക്കിയ മറ്റ് പല പ്രതിഭകളെയും പോലെ, ടി.ജെ.എസ്. ജോർജ് എന്ന വ്യക്തിയുടെ അക്ഷയമായ സാന്നിധ്യം എന്നും എന്നിൽ നിറഞ്ഞുനിൽക്കും. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് പ്രണാമം.
