കെ ജി ജോർജ്, തിലകൻ - രണ്ട് ആശാന്മാർ

"ഞാനൊരു പടമെടുക്കുന്നുണ്ട്. കെ ജി ജോർജ് എന്നൊരാളാണ് സംവിധാനം ചെയ്യുന്നത്. അതിൽ ആശാനൊരു വേഷം ചെയ്യണം. ബുദ്ധിമുട്ടില്ലെങ്കിൽ സഹകരിക്കുക, ചെയ്യാമെങ്കിൽ മറുപടി ഇതിൽ തന്നെ എഴുതി അയച്ചാൽ മതി." മറുപടി എഴുതി കത്ത് കൊണ്ടുവന്ന ആളിന്റെ കൈയിൽ തിലകൻ കൊടുത്തുവിട്ടു. ആ സിനിമയാണ് 1978 ൽ പുറത്തുവന്ന "ഉൾക്കടൽ".

മലയാള സിനിമയിലെ ഇന്നോളമുള്ള കലാകാരന്മാരെ എടുത്തു നോക്കിയാൽ അതിൽ പകരക്കാരില്ലാത്തവർ അപൂർവ്വം ചിലരെയുള്ളൂ. ആ ഗണത്തിൽ പെടുത്താവുന്ന രണ്ടുപേരാണ് കെ.ജി ജോർജും തിലകനും.

വിടപറച്ചിലിലും സൗഹൃദം കൈവിടാതെ 11 വർഷങ്ങളുടെ ഇടവേളയിൽ ഒരു സെപ്റ്റംബർ 24 ന് ഇരുവരും ഈ ലോകത്ത് നിന്ന് യാത്രയായി. നാടകങ്ങൾക്ക് പുറമേ വെള്ളിത്തിരയിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ തിലകനെ കൊണ്ട് സാധിക്കുമെന്ന് ആദ്യമായി നമുക്ക് കാണിച്ചുതന്നത് കെ.ജി ജോർജാണ്. ജോർജും തിലകനും തമ്മിൽ വെള്ളിത്തിരക്ക് അകത്തും പുറത്തും അത്രമാത്രം ചേർന്നു നിൽക്കുന്നൊരു ബന്ധമുണ്ട്. ബന്ധത്തെക്കുറിച്ച് അവർ രണ്ടുപേരും നടൻ സിദ്ദിഖുമായൊരു അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു.

"ജോർജാശാൻ എന്നാണ് തിലകൻ ചേട്ടൻ ജോർജ് സാറിനെ പറയുന്നത് എന്ന് സിദ്ദിഖ് പറയുമ്പോൾ അപ്പോൾ തന്നെ കെ ജി ജോർജ് പറയുന്നുണ്ട് ഞാനും അങ്ങനെ തന്നെയാണ്. ഈ ആശാൻ വെളിയിൽ സൗഹൃദമുണ്ട് പൂരക ബഹുമാനവുമുണ്ട്."

Enter caption
Enter caption

ഇവർക്കിടയിൽ ഗുരുവുമില്ല ശിഷ്യനുമില്ല. അങ്ങനെ ഗുരുശിഷ്യ ബന്ധത്താൽ നിർവ്വചിക്കാനോ വേർതിരിക്കാനോ ആവാത്ത വിധമുള്ള ഒരു സൗഹൃദമായിരുന്നു ഇവർ തമ്മിൽ ഉണ്ടായിരുന്നത്. " അദ്ദേഹത്തിൽ നിന്ന് ഞാൻ കുറെ പഠിച്ചിട്ടുണ്ട് എന്നിൽ നിന്ന് അദ്ദേഹവും പഠിച്ചിട്ടുണ്ടാകും എന്നാണ് തിലകൻ പറയുന്നത്. "

നാടകക്കാരനായ തിലകൻ ആദ്യമായി സിനിമയിലേക്ക് വരുന്നത് പി ജെ ആന്റണിയുടെ "പെരിയാര്‍" എന്ന ചിത്രത്തിലൂടെയാണ്. അതേസമയം തന്നെ ഉദയയുടെ, വിൻസന്റ് മാഷ് സംവിധാനം ചെയ്ത " ഗന്ധർവ്വക്ഷേത്രം" എന്ന സിനിമയിലും തിലകൻ അഭിനയിച്ചിരുന്നു.

ഈ രണ്ട് സിനിമകൾക്ക് ശേഷം ആറ് വർഷത്തോളം തിലകൻ വേറെ സിനിമകളൊന്നും ചെയ്തില്ല. ആരും അതിനുവേണ്ടി തിലകനെ സമീപിച്ചുമില്ല. നാടകം തന്നെ ജീവിതമായി കൊണ്ടുനടക്കുന്ന ആ സമയത്ത് അതൊക്കെ നിർത്തിയിട്ട് തറവാട് നോക്കാൻ വേണ്ടി തീരുമാനിച്ച്, അതുമായി മുന്നോട്ടുപോകുന്ന അവസരത്തിൽ ഒരു ദിവസം മുണ്ടക്കയത്ത് നിന്ന് തിലകനെ തേടി ഒരു കത്ത് വന്നു. തിലകന്റെ ബാല്യകാല സുഹൃത്തായ അപ്പൂട്ടിയുടെ കത്തായിരുന്നു അത്.

പെരിയാർ സിനിമയില്‍ ഉഷന്ദിനി, തിലകന്‍
പെരിയാർ സിനിമയില്‍ ഉഷന്ദിനി, തിലകന്‍

"ഞാനൊരു പടമെടുക്കുന്നുണ്ട്. കെ ജി ജോർജ് എന്നൊരാളാണ് സംവിധാനം ചെയ്യുന്നത്. അതിൽ ആശാനൊരു വേഷം ചെയ്യണം. ബുദ്ധിമുട്ടില്ലെങ്കിൽ സഹകരിക്കുക, ചെയ്യാമെങ്കിൽ മറുപടി ഇതിൽ തന്നെ എഴുതി അയച്ചാൽ മതി." മറുപടി എഴുതി കത്ത് കൊണ്ടുവന്ന ആളിന്റെ കൈയിൽ തിലകൻ കൊടുത്തുവിട്ടു. ആ സിനിമയാണ് 1978 ൽ പുറത്തുവന്ന "ഉൾക്കടൽ".

ഉൾക്കടലിന് മുൻപ് തന്നെ കെ ജി ജോർജിനെ തിലകന് പരിചയമുണ്ട്. ചങ്ങനാശ്ശേരി ഗീത ആർട്സ് ക്ലബ്ബിന്റെ നാടക ക്യാമ്പിൽ വെച്ച്, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സ്വർണ്ണമെഡൽ നേടി വന്ന കെ ജി ജോർജിനെ പരിചയപ്പെട്ട കാര്യം തിലകൻ ആ അഭിമുഖത്തിൽ ഓർമ്മിച്ചിരുന്നു.

പി ജെ ആന്റണിയുടെ "ഗ്രാമത്തിന്റെ ആത്മാവ്" എന്ന നോവൽ ജോർജിന്റെ കൈയിൽ ഏൽപ്പിച്ചത് തിലകനാണ്. നോവൽ വായിച്ചു കഴിഞ്ഞതിനുശേഷം ജോർജ് പറഞ്ഞു. "ആശാനെ ഈ വർക്ക് കൊള്ളാം ഇതു നമുക്ക് ചെയ്യാമെന്ന്." ആ സിനിമയാണ് "കോലങ്ങൾ". കോലങ്ങൾ എന്ന ചിത്രത്തിലെ കള്ള് വർക്കി എന്ന കഥാപാത്രത്തിലൂടെ തിലകന്റെ കേപ്പബിലിറ്റി ജോർജാശാൻ മനസ്സിലാക്കി. അതുതന്നെയാണ് തിലകന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായതും. സമ്പത്തും തറവാട്ട് മഹിമയുമൊക്കെയുള്ള ക്രൂരനായ, കള്ളുകുടിയനായൊരു കഥാപാത്രമായിരുന്നു കള്ള് വർക്കി. കള്ള് വർക്കി ആഗ്രഹിച്ചതെന്തായിരുന്നോ, ആ ആഗ്രഹ സാഫല്യത്തിൽ ആർത്ത് അട്ടഹസിച്ചുള്ള ഒരു ചിരിയോടെയാണ് സിനിമ അവസാനിക്കുന്നത്.

ഇരകള്‍ സിനിമയില്‍ നിന്ന്
ഇരകള്‍ സിനിമയില്‍ നിന്ന്

കോലങ്ങൾക്ക് ശേഷം 1982 ൽ പുറത്തുവന്ന സിനിമയാണ് "യവനിക". ഭാവന തീയറ്റേഴ്സ് എന്ന നാടക ട്രൂപ്പിന്റെ ഉടമയാണ് വക്കച്ചൻ. ഉടമ മാത്രമല്ല നടനും സംവിധായകനുമൊക്കെയാണ്. അയാളുടെ നാടക ട്രൂപ്പിലെ തബലിസ്റ്റായ അയ്യപ്പന്റെ പെട്ടെന്നുള്ള തിരോധാനവും അതിനെ തുടർന്നുള്ള അന്വേഷണവുമാണ്, എവർഗ്രീൻ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന യവനികയുടെ പ്രമേയം. സിനിമയിലെ മുഖ്യ കഥാപാത്രമായ വക്കച്ചനായി വേഷമിട്ടത് തിലകനാണ്. സിനിമ തുടങ്ങുന്നത് തന്നെ വക്കച്ചന്റെ എൻട്രിയിലൂടെയാണ്.

"ഇരകൾ" എന്ന സൈക്കോളജിക്കൽ ത്രില്ലർ സിനിമയിലെ മാത്യൂസ് /മാത്തുക്കുട്ടി എന്ന കഥാപാത്രത്തെ പരാമർശിക്കാതെ തിലകന്റെ വെള്ളിത്തിര ജീവിതം പൂർണ്ണമാകില്ല. മാത്തുക്കുട്ടിയുടെ മുറിയിലെ ചുവരിൽ ഘടിപ്പിച്ചിട്ടുള്ള ആ ഇരട്ടക്കുഴൽ തോക്ക് പ്രേക്ഷക മനസ്സിൽ എന്നുമുണ്ടാകും.

ഉൾക്കടൽ, കോലങ്ങൾ, യവനിക, ഇരകൾ എന്നീ സിനിമകൾ കൂടാതെ കെ ജി ജോർജ് അവസാനമായി സംവിധാനം ചെയ്ത "ഇലവങ്കോടുദേശം" ഉൾപ്പെടെ 19 സിനിമകളിൽ 10 സിനിമകളിലും തിലകൻ അഭിനയിച്ചിട്ടുണ്ട്.

യവനികയില്‍ തിലകന്‍
യവനികയില്‍ തിലകന്‍

പുരുഷോത്തമൻ നായർ( ആദാമിന്റെ വാരിയെല്ല് ) ഇസഹാക്ക് തരകൻ (പഞ്ചവടിപ്പാലം) കുഞ്ഞിപ്പാലു( കഥയ്ക്കു പിന്നിൽ) സൈമൺ (ഈ കണ്ണികൂടി)

വി എസ് കൊരട്ടൂർ /ഫിലിം ജേർണലിസ്റ്റ് (ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് ).

ഇതുവരെ കാണാത്ത കരയിലേക്കോ, ഇനിയൊരു ജന്മത്തിൽ കടവിലേക്കോ തിലകന് പിന്നാലെ ജോർജും യാത്രയായിരിക്കുന്നു

Comments