കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോ. പി. കൃഷ്ണകുമാർ എൻെറ ജൂനിയറായിട്ടാണ് ജോയിൻ ചെയ്യുന്നത്. ഞാൻ 24ാം ബാച്ചും കൃഷ്ണകുമാർ 25ാം ബാച്ചുമായിരുന്നു.
1982- ലാണ് അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്നത്. 1981-ൽ മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ അഴിമതിക്കെതിരെ നടന്ന ജനകീയ വിചാരണ ഒരു ഷോക്ക് ട്രീറ്റ്മെൻറ് ആയിരുന്നു. പ്രക്ഷോഭങ്ങളും സമരങ്ങളും സാംസ്കാരിക പരിപാടികളുമൊക്കെയായി അക്കാലത്ത് കാമ്പസുകൾ സജീവമായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള, കേരളത്തിലെ തന്നെ വലിയ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിട്ടാണ് കോഴിക്കോട് മെഡിക്കൽ കോളേജ് നിലനിന്നിരുന്നത്. അത്തരം സാംസ്കാരിക പ്രവർത്തനങ്ങളും അവിടെ നടന്നിരുന്നു. അത്തരമൊരു കാലത്താണ് കൃഷ്ണകുമാർ ഇവിടെ പഠിക്കുന്നത്.
പഠനം തുടങ്ങിയ കാലത്ത് ഒതുങ്ങിക്കഴിഞ്ഞ പ്രകൃതക്കാരനായിരുന്നു അദ്ദേഹം. ഒരു ബന്ധുവിൻെറ വീട്ടിലാണ് ആദ്യ വർഷം താമസിച്ചിരുന്നത്. രണ്ടാം വർഷം മുതൽ ഹോസ്റ്റലിലേക്കു മാറി. അപ്പോഴാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ജീവിതത്തിൽ ലാളിത്യം പുലർത്തിയ വ്യക്തിയായിരുന്നു. കൈത്തറി വസ്ത്രമാണ് ധരിക്കുക. നല്ല വായനയുണ്ടായിരുന്നു. കാമ്പസിലെ ഫിലിം ക്ലബ്, കവിയരങ്ങുകൾ, വായനാചർച്ചകൾ എന്നിവയിലെല്ലാം സജീവം. രണ്ടാം വർഷം മുതൽ കോളേജിലെ പൊതുപരിപാടികളിൽ പങ്കെടുത്ത് സ്റ്റേജിൽ കയറി സംസാരിക്കുമായിരുന്നു. അന്നേ ആദർശവാനായിരുന്നു. ഒരിക്കൽ ഗാന്ധിസത്തെക്കുറിച്ച് സംസാരിച്ചത് ഓർക്കുന്നു: “നമുക്കൊന്നും ഗാന്ധിസത്തെക്കുറിച്ച് സംസാരിക്കാൻ അർഹതയില്ല. ഗാന്ധിസത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് നമ്മുടെ വായ് ആദ്യം കഴുകണം.”
സമൂഹത്തിലെ അനീതികളെ ചോദ്യം ചെയ്യുന്ന, അതിനെതിരെ പ്രതികരിക്കുന്ന ഒരു ഗ്രൂപ്പ് അന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലുണ്ടായിരുന്നു. പരിപാടികളിൽ പങ്കെടുക്കാനും ചർച്ചകൾക്കും അല്ലാതെയുമൊക്കെയായി പുറത്തുനിന്ന് ആക്ടിവിസ്റ്റുകളും കലാകാരരുമെല്ലാം എത്തും. അവരിൽ പലരും കാമ്പസ്സിൽ താമസിക്കുകയും ചെയ്തിരുന്നു. ജോൺ എബ്രഹാം, കെ. അജിത തുടങ്ങിയവരൊക്കെ വരാറുണ്ടായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്നിരുന്ന സി.പി.ഐ- എം.എൽ നേതാക്കളൊക്കെ വരും. അവരോടെല്ലാം കൃഷ്ണകുമാറിന് സൗഹൃദമുണ്ടായിരുന്നു.
ഞങ്ങൾ അക്കാലത്ത് ‘ഗാന്ധി കൃഷ്ണകുമാർ’ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ‘ഗാന്ധി ഗൃഹ’ത്തിൽ ഇടക്കിടെ പോയി അവിടുത്തെ ചർച്ചാപരിപാടികളിലെല്ലാം പങ്കെടുക്കും. ആ കാലം മുതലുള്ള ബന്ധം കാമ്പസ് വിട്ട് പുറത്തുപോയ ശേഷവും കൃഷ്ണകുമാർ ഞങ്ങളെല്ലാവരുമായി തുടർന്നു. അജിത, യാക്കൂബ്, ഷുഹൈബ്, വേണു പൂവാട്ടുപറമ്പ്, കെ.ടി. കുഞ്ഞിക്കണ്ണൻ തുടങ്ങി അക്കാലത്തെ കോഴിക്കോടൻ രാഷ്ട്രീയ, സാംസ്കാരിക ബന്ധങ്ങളൊക്കെ കൃഷ്ണകുമാർ നിലനിർത്തി.
അദ്ദേഹത്തിന്റെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിലേക്ക് കയറ്റിയപ്പോൾ തല പിടിച്ചത് അലനും കാലു പിടിച്ചത് ഷുഹൈബും യാക്കൂബുമൊക്കെയായിരുന്നു. അവർ തമ്മിലുള്ള ബന്ധത്തിന്റെ തീക്ഷ്ണത അവസാനം വരെ തുടർന്നപോലെ തോന്നി.

നീതിക്കുവേണ്ടിയുള്ള എല്ലാ സമരങ്ങളിലും കൃഷ്ണകുമാർ ഒപ്പം നിൽക്കുമായിരുന്നു. മെഡിക്കൽ കോളേജിലെ ഫസ്റ്റ് ബ്ലോക്ക് ഹോസ്റ്റലിലെ പ്രവർത്തനങ്ങളുടെ കേന്ദ്രം തൃശൂർ സ്വദേശിയായ ബ്രഹ്മപുത്രന്റെ മുറിയായിരുന്നു. പല ചർച്ചകളും യോഗങ്ങളും ആ മുറിയിലാണ് നടക്കാറ്. കൃഷ്ണകുമാർ ഈ ചർച്ചകളിലൊക്കെ ഉണ്ടാവും. വൈദ്യരംഗത്തെ എല്ലാതരം കച്ചവടങ്ങൾക്കും അദ്ദേഹം എതിരായിരുന്നു. ഏതുതരം ചൂഷണങ്ങൾക്കും കച്ചവടവൽക്കരണത്തിനും എതിരായിരുന്നു.
ആകാശവാണിയിൽ ആദ്യകാലത്ത് പരസ്യങ്ങൾ ഉണ്ടായിരുന്നില്ല. 1980-കൾക്ക് ശേഷമാണ് പരസ്യങ്ങൾ വന്നുതുടങ്ങിയത്. അതിനെതിരെ കൃഷ്ണകുമാർ, ബ്രഹ്മപുത്രൻ, അഡ്വ. കാളീശ്വരം രാജ്, ഒഡേസ സത്യൻ തുടങ്ങിയവർ ചേർന്ന് നിരാഹാരസമരം നടത്തിയിരുന്നു.
പരീക്ഷകളിൽ കുട്ടികൾ തോൽക്കുമ്പോൾ അവരെ മാനസികമായി ഇകഴ്ത്തുന്ന രീതിയിലുള്ള പ്രവണതക്കെതിരായ പ്രതിഷേധസമരത്തിലൊക്കെ ഞങ്ങളോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു.
മെഡിക്കൽ മേഖലയിലെ സ്വകാര്യവൽക്കരണത്തിനെതിരെ 1984-ൽ സംസ്ഥാന വ്യാപകമായി നടന്ന സമരത്തിൽ കാമ്പസിനകത്തും പുറത്തും സജീവമായി പ്രസംഗിച്ചും ഇടപെട്ടും കൃഷ്ണകുമാർ ഉണ്ടായിരുന്നു. അങ്കമാലി ലിറ്റിൽ ഫ്ലവർ കോളേജിൽ മെഡിക്കൽ സ്വകാര്യ പി.ജി കോഴ്സ് തുടങ്ങുന്നതിനെതിരായിരുന്നു ആ സമരം. 50 ദിവസത്തോളം ആ സമരം നീണ്ടുനിന്നിരുന്നു.
സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്നത് പോലെത്തന്നെ പ്രകൃതിസ്നേഹി കൂടിയായിരുന്നു അദ്ദേഹം. അക്കാലത്തെ പരിസ്ഥിതി സമരങ്ങളിലും കൃഷ്ണകുമാർ ഭാഗമായിരുന്നു. സൈലൻറ് വാലി സമരത്തിലും സുഗതകുമാരിയുടെ നേതൃത്വത്തിൽ നടന്ന പശ്ചിമഘട്ടയാത്രയിലും അദ്ദേഹത്തിൻെറ സാന്നിധ്യമുണ്ടായിരുന്നു. “ഫ്രീ ഫ്രീ നെൽസൺ മണ്ടേല” എന്ന മുദ്രാവാക്യമുയർത്തി നെൽസൺ മണ്ടേലയെ വിമോചിപ്പിക്കുന്നതിന് നടത്തിയ സമരങ്ങളിലും കൃഷ്ണകുമാർ ഒപ്പം ചേർന്നിരുന്നത് ഞനോർക്കുന്നു. ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുമായി, പ്രത്യേകിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്തുമായി, അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. പരിഷത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആദ്യമായി വിദ്യാർഥികളുടെ സയൻസ് ഫോറം ഉണ്ടാക്കിയപ്പോൾ കൺവീനർ കൃഷ്ണകുമാറായിരുന്നു.

കോഴിക്കോട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിൻെറ സ്ഥിതി അക്കാലത്ത് വളരെ ദയനീയമായിരുന്നു. വളരെ മോശമായിട്ടാണ് അവിടെ രോഗികളെ ട്രീറ്റ് ചെയ്തിരുന്നത്. സൗകര്യവും കുറവായിരുന്നു. 1985-ൽ അതിനെതിരെ വലിയ സമരം നടന്നു. ‘കുതിരവട്ടത്തെ മാനവീകരിക്കണം’ എന്ന മുദ്രാവാക്യമുയർത്തി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് പ്രതിഷേധം ആരംഭിക്കുന്നത്. സത്യാഗ്രഹങ്ങളും യോഗങ്ങളും ചർച്ചകളുമൊക്കെ സംഘടിപ്പിച്ചായിരുന്നു പ്രതിഷേധ പരിപാടികൾ. സുകുമാർ അഴീക്കോടിനെ പോലുള്ളവരൊക്കെ ഇതിനെ അനുകൂലിച്ച് നേരിട്ട് സമരത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. സുഗതകുമാരിയുടെ നേതൃത്വത്തിൽ കുതിരവട്ടത്തെ ആശുപത്രിയിലേക്ക് വലിയൊരു ജാഥ സംഘടിപ്പിച്ചു. ഈ സമരത്തിൻെറ മുന്നിൽ സംഘാടകനായും പ്രാസംഗികനായുമൊക്കെ കൃഷ്ണകുമാർ ഉണ്ടായിരുന്നു. സമരം വലിയ വിജയമായിരുന്നു. കേരളത്തിലെ മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ട ധാരണകൾ തന്നെ തിരുത്താൻ പ്രക്ഷോഭത്തിന് സാധിച്ചു. ഭരണാധികാരികളും മാറിച്ചിന്തിച്ച് തുടങ്ങി. ഇതേതുടർന്ന് കുതിരവട്ടത്തെ അടിസ്ഥാന സൗകര്യങ്ങളിലും മറ്റും വലിയ മാറ്റമുണ്ടായി. ഇന്ന് നാം കാണുന്ന പല സൗകര്യങ്ങളും ആ സമരത്തിന് ശേഷമുണ്ടായതാണ്. കുതിരവട്ടത്തെ മാനസികാരോഗ്യ ആശുപത്രിയുമായി ബന്ധപ്പെട്ട ആ ഇടപെടൽ, തന്നെ സൈക്യാട്രിസ്റ്റായി രൂപപ്പെടുത്തുന്നതിലും ഇംഹാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്തിൻെറ നേതൃത്വത്തിൽ എത്തുന്നതിലുമെല്ലാം വളരെയധികം സഹായിച്ചിരുന്നുവെന്ന് കൃഷ്ണകുമാർ എന്നോട് പറഞ്ഞിട്ടുണ്ട്.
ഭോപ്പാൽ ഗ്യാസ് ദുരന്തവാർത്ത പുറത്തുവന്നപ്പോൾ തന്നെ, ക്ലാസ് വിട്ടിറങ്ങി മെഡിക്കൽ വിദ്യാർഥികൾ കോഴിക്കോട് നഗരത്തിൽ കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി സമരം നടത്തി. അവരുടെ കൂട്ടത്തിലും കൃഷ്ണകുമാറുണ്ടായിരുന്നു. കോഴിക്കോട് ടൗൺഹാൾ പരിസരത്ത് യൂണിയൻ കാർബൈഡ് കമ്പനിയുടെ ഉൽപ്പന്നമായ എവറെഡി ബാറ്ററിയുടെ വലിയ പരസ്യബോർഡുകളിൽ ടാറൊഴിച്ച് പ്രതിഷേധിക്കുന്ന കൂട്ടത്തിലും കൃഷ്ണകുമാറിനെ ഞാനോർക്കുന്നു. കാർബൈഡ് കമ്പനിയുടെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനും അന്ന് ആഹ്വാനം നടത്തിയിരുന്നു.
പി.ജി. പഠനം കഴിഞ്ഞ ശേഷം കണ്ണൂരിലും മറ്റുമായി അദ്ദേഹം ജോലി ചെയ്തിരുന്നു. പിന്നീട് പഠിച്ചത് കുട്ടികളിൽ സ്പെഷ്യലൈസ് ചെയ്യുന്ന പീഡിയാട്രിക്സിലായിരുന്നു. അതിന് ശേഷം മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് സൈക്യാട്രി പഠിച്ചു. 1996-ലാണെന്ന് തോന്നുന്നു, കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡിയാട്രിക്സ് അധ്യാപകനായി കൃഷ്ണകുമാർ ജോയിൻ ചെയ്യുന്നത്. കുട്ടികളുടെ മനഃശാസ്ത്ര പഠനത്തിനായി അദ്ദേഹത്തിൻെറ നേതൃത്വത്തിലാണ് കോഴിക്കോട് ഒരു പ്രത്യേക വിഭാഗം ഉണ്ടാക്കുന്നത്. പിന്നെയും വർഷങ്ങൾക്കുശേഷം, 2006-ൽ മാനസിക വളർച്ചയില്ലാത്ത കുട്ടികൾക്കായി ചൈൽഡ് ഡെവലപ്മെൻറ് സെൻറർ എന്ന പ്രത്യേക കേന്ദ്രം തുടങ്ങി. മെഡിക്കൽ കോളേജിലെ കോഫി ഹൗസ് പരിസരത്ത് ചെറിയൊരു മുറിയിലാണ് ആദ്യം ഈ കേന്ദ്രം ആദ്യം തുടങ്ങിയത്. അത് പിന്നെ ഡെവലപ്പ് ചെയ്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻറ് ന്യൂറോ സയൻസ് (ഇംഹാൻസ്) വന്നപ്പോൾ അതിൻെറ ഡയറക്ടറായി കൃഷ്ണകുമാറെത്തി. ഇംഹാൻസിനെ സംസ്ഥാനത്തെ തന്നെ ഒരു സുപ്രധാന മാനസികാരോഗ്യ കേന്ദ്രമാക്കി വളർത്തിയെടുത്ത ശേഷമാണ് കൃഷ്ണകുമാർ വിടപറഞ്ഞത്.
ആളുകൾക്ക് സൈക്യാട്രിയുമായി ബന്ധപ്പെട്ട് ഇടപെടാനും സൈക്യാട്രി ഡോക്ടർമാരുമായി സംസാരിക്കാനുമൊക്കെ വലിയ ഭയാശങ്കകളുണ്ടായിരുന്ന കാലമുണ്ടായിരുന്നു. ആ ഒരു മനോഭാവം മാറ്റി, ജനങ്ങൾക്ക് ഭയാശങ്കകളില്ലാതെ ചികിത്സക്കെത്താൻ സാധിക്കുന്ന മേഖലയായി സൈക്യാട്രിയെ മാറ്റാൻ വളണ്ടിയർമാരെ പരിശീലിപ്പിച്ചും ബോധവൽക്കരണം നടത്തിയുമൊക്കെ കൃഷ്ണകുമാർ പ്രവർത്തിച്ചിട്ടുണ്ട്. സ്പെഷ്യലിസ്റ്റ് കേന്ദ്രമായിരുന്ന സൈക്യാട്രിയെ കമ്യൂണിറ്റി ഹെൽത്ത് സെന്റർ തലത്തിലേക്ക് കൊണ്ടുവരാനും മൊബൈൽ സൈക്യാട്രി ക്ലിനിക്കുകൾ തുടങ്ങാനുമെല്ലാം സർക്കാരിൽ നിവേദനങ്ങൾ നൽകുകയും ഭരണകൂടത്തെ അതിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തുകയും ചെയ്തു.
ഡോ. കൃഷ്ണകുമാറിൻെറ നേതൃത്വത്തിൽ ജനങ്ങളുടെ പങ്കാളിത്തത്തോടെ മാനസികാരോഗ്യത്തെ ജനകീയവൽക്കരിച്ച അതേ സ്കൂൾ ഓഫ് തോട്ടിന്റെ അടിസ്ഥാനത്തിലാണ്, അതേ മെഡിക്കൽ വിദ്യാർഥികളും സാംസ്കാരിക പ്രവർത്തകരും ചേർന്ന്, അതിന് സമാന്തരമായി പെയിൻ ആന്റ് പാലിയേറ്റീവ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ഡോ. സുരേഷ് കുമാർ ഈ ദൗത്യം ഏറ്റെടുത്തതോടെ സാമൂഹ്യപ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും പ്രസ്ഥാനങ്ങളുമെല്ലാം ചേർന്ന് പെയിൻ ആൻറ് പാലിയേറ്റീവ് പ്രസ്ഥാനം സജീവമായി. ഒരു വൃക്ഷത്തിന്റെ രണ്ടു ശാഖകളായാണ് ഡോ. കൃഷ്ണകുമാറും ഡോ. സുരേഷ് കുമാറും ഈ രണ്ട് മേഖലകളിലും പ്രവർത്തിച്ചത്. ഡോ. മനോജ് കുമാറിനെപ്പോലുള്ളവരും അതിൽ കണ്ണികളായി.

ശാസ്ത്ര സാഹിത്യ പരിഷത്തിൻെറ നിരവധി പരിപാടികളിലും വൈദ്യശാസ്ത്ര ബോധവൽക്കരണത്തിൻെറ ഭാഗമായുമെല്ലാം മലബാറിലെ പല മേഖലകളിലായി കൃഷ്ണകുമാറിനൊപ്പം ഞാൻ സഞ്ചരിച്ചിട്ടുണ്ട്. ‘കോഴിക്കോട് നഗരത്തെ എങ്ങനെ വയോജന സൗഹൃദമാക്കാം’ എന്ന വിഷയത്തിൽ നാല് ദിവസം നീണ്ടുനിന്ന ഒരു കോൺഫറൻസ് കഴിഞ്ഞ വർഷം ബിച്ചിൽ നടന്നിരുന്നു. ആ പരിപാടിയുടെ പ്രധാന സംഘാടകരിലൊരാൾ കൃഷ്ണകുമാറായിരുന്നു. എൻ.ഐ.ടിയിൽ നിന്നുള്ളവരടക്കം പല വിദഗ്ദരെയും എത്തിക്കാൻ അദ്ദേഹം മുൻകയ്യെടുത്തിരുന്നു.
വൈദ്യശാസ്ത്ര രംഗത്തെ കൂടുതൽ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ‘മെഡിക്കോ ഫ്രണ്ട്സ് സർക്കിൾ’ എന്ന ഒരു ഗ്രൂപ്പുണ്ട്. ഇന്ത്യയിലെ തന്നെ ഡോക്ടർമാരുടെ ഒരു സോഷ്യൽ ആക്ടിവിസ്റ്റ് ഗ്രൂപ്പാണിത്. മുമ്പ് വളരെ സജീവമായിരുന്നു, ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. സോഷ്യോളജിസ്റ്റുകളും ആന്ത്രപ്പോളജിസ്റ്റുകളും മാധ്യമപ്രവർത്തകരുമെല്ലാമുള്ള സംഘടനയാണത്. അതിൻെറ വാർഷിക സമ്മേളനം കോഴിക്കോട്ട് നടത്തിയിരുന്നു. 1980-കളിൽ മെഡിക്കൽ കോളേജിൽ പഠിച്ച ഒരു ഗ്രൂപ്പിനായിരുന്നു നേതൃത്വം. ഞാനും കൃഷ്ണകുമാറുമൊക്കെ കൂട്ടത്തിലുണ്ടായിരുന്നു. ആ പരിപാടിക്ക് ആതിഥ്വം വഹിച്ചത് കൃഷ്ണകുമാർ ഡയറക്ടറായി പ്രവർത്തിക്കുന്ന ഇംഹാൻസാണ്. ഇന്ത്യയിലെ തന്നെ പല പ്രമുഖരും സമ്മേളനത്തിനെത്തിയിരുന്നു.
വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പശ്ചാത്തലത്തിൽ, ഇതേ സംഘടനയുടെ നേതൃത്വത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള ജനകീയ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും പഞ്ചായത്ത് തല ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് രണ്ട് ദിവസത്തെ ശിൽപശാല ഫെബ്രുവരി 8,9 തീയ്യതികളിൽ വയനാട്ടിൽ നടത്താൻ പദ്ധതിയിട്ടിരുന്നു. കൂടാതെ കാലാവസ്ഥാമാറ്റത്തെക്കുറിച്ച് എല്ലാ വ്യാഴാഴ്ചയും ഓൺലൈനായി ഒരു പരിപാടി സംഘടിപ്പിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു (23ാം തീയ്യതി) അതിൻെറ നാലാമത്തെ പരിപാടി നടന്നത്. ആ ചർച്ചകളിലും കൃഷ്ണകുമാർ സജീവമായി പങ്കെടുത്തിരുന്നു.
വൈദ്യശാസ്ത്രമേഖലയിൽ നിരവധി ഗവേഷണങ്ങളും കൃഷ്ണകുമാർ നടത്തിയിട്ടുണ്ട്. പീഡിയാട്രിക്സിലും മാനസികാരോഗ്യത്തിലും ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്.
“നമ്മളൊക്കെ നമ്മുടെ യൗവനനകാലത്ത് വിചാരിച്ചു, നമ്മൾ ചെറുപ്പക്കാരൊക്കെ വിചാരിച്ചാൽ ലോകത്ത് മാറ്റം വരുമെന്ന്, ഗ്രാമം നഗരങ്ങളെ വളയുമെന്ന് ചാരു മജുംദാർ പറഞ്ഞതു പോലെ ഇന്ത്യയിൽ വലിയ മാറ്റം വരുമെന്ന്, ലോകം തന്നെ മാറും, ചൂഷണമില്ലാത്ത ഒരു ലോകമുണ്ടാവുമെന്നൊക്ക… പക്ഷേ ഒന്നും സംഭവിക്കില്ല. ലോകം ലോകത്തിൻെറ വഴിയേ പോവും’’, കൃഷ്ണകുമാർ ഇടയ്ക്ക് പറഞ്ഞത് ഞാനോർക്കുന്നു…