ജയചന്ദ്രന് ഏറ്റവും ഇഷ്ടമുള്ള സ്വന്തം പാട്ടുകൾ,
യേശുദാസിന്റെ പാട്ടുകൾ ഏതാണ്?

താൻ പാടിയ പാട്ടുകളിൽനിന്നും യേശുദാസ് പാടിയ പാട്ടുകളിൽ നിന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ടവ തെരഞ്ഞെടുത്ത് സൗഹൃദകൂട്ടായ്മകളിൽ പാടിയിരുന്നു പി. ജയചന്ദ്രൻ. ആ പാട്ടുകളെക്കുറിച്ചാണ് ജയചന്ദ്രനുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ജയരാജ് വാര്യർ എഴുതുന്നത്.

ലയാളത്തിലെ ഏറ്റവും ഭാവാത്മകമായ കാമുകശബ്ദമാണ് പി. ജയചന്ദ്രൻ. കുളിർമയും സുഗന്ധവുമുള്ള മലയാളത്തിന്റെ കാമുകഭാവം. ഹൃദയത്തിനടുത്തിരുന്ന് പാടുന്ന ഒരു സുഹൃത്തിനെപ്പോലെ. അതുകൊണ്ടാണ്, അദ്ദേഹത്തെ ഭാവഗായകൻ എന്നു പറയുന്നത്.

പാട്ടിൽ മാത്രമല്ല, ജീവിതത്തിലും അതിഗംഭീരമായ കാമുകഭാവം കാത്തുസൂക്ഷിച്ചിരുന്നു, അദ്ദേഹം. മുഖത്ത് ആ ഭാവം കാണില്ലെന്നുമാത്രം. അതുകൊണ്ടുതന്നെ, ഡ്യുയറ്റുകളിലാണ് ഏറ്റവും തിളങ്ങിയിരുന്നത്. രതികുല രതിദേവനെവിടെ, മറന്നിട്ടുമെന്തിനോ, സീതാദേവി സ്വയംവരം ചെയ്തൊരു തുടങ്ങി ഓരോ പാട്ടും അസാമാന്യമായ റൊമാന്റിക് മൈന്റിന്റെ പ്രകടനങ്ങൾ കൂടിയാണ്.

‘ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ…’ എന്ന പാട്ട് കേൾക്കുക. മൂന്നുതരം സ്നേഹങ്ങളും പ്രണയങ്ങളുമുണ്ട്, ഈ പാട്ടിൽ. കുഞ്ഞിനെ ഉറക്കാനുള്ള പാട്ടാണത്, കാമുകിയെ ഉറക്കാം, വേണമെങ്കിൽ പ്രായമായ ഭാര്യയെയും ഉറക്കാം. എൻ.എൻ. കക്കാടിന്റെ കവിത പോലെ, ഒരു പ്രായം കഴിഞ്ഞുള്ള പ്രണയമുണ്ടതിൽ. ഒ.എൻ.വിയുടെ രചനയും ദേവരാജന്റെ അതിഗംഭീര സംഗീതവും ജയേട്ടന്റെ ഭാവവും ​ഒത്തുചേർന്നപ്പോൾ, സിനിമയ്ക്കു പറത്ത്, ജനകീയമായ ഒരു പാട്ടായി അത് മാറി.

സ്വന്തം പാട്ടുകളെക്കുറിച്ച് നല്ല മതിപ്പുള്ള ഗായകനായിരുന്നു. താൻ പാടിയവയിൽ ഏറ്റവും ഇഷ്ടമുള്ള പാട്ടുകളെക്കുറിച്ച് ഞങ്ങൾ ഒന്നിച്ചിരിക്കുമ്പോൾ സംസാരിക്കുമായിരുന്നു.
ജി. ദേവരാജന്റെയും എം.എസ്. വിശ്വനാഥന്റെയും പാട്ടുകളായിരിക്കും അവയിൽ ഏറെയും. ദേവരാജൻ മാഷ് സംഗീതം നൽകിയ മഞ്ഞലയിൽ മുങ്ങിത്തോർത്തി, പൂവും പ്രസാദവും, ഒന്നിനി ശ്രുതി താഴ്ത്തി, ശ്രീനഗരത്തിലെ ചിത്രവനത്തിലെ, കല്ലോലിനീ, നീലക്കണ്ണുകളോ എന്നീ പാട്ടുകൾ ഏറെ ഇഷ്ടമായിരുന്നു. അതുപോലെ എം.എസ്. വിശ്വനാഥന്റെ രാജീവ നയനേ, ആദ്യമായി സംസ്ഥാന അവാർഡ് നേടിക്കൊടുത്ത സുപ്രഭാതം, മലരമ്പനെഴുതിയ മലയാള കവിതേ തുടങ്ങിയ പാട്ടുകൾ.

ഞങ്ങൾ ഒന്നിച്ചിരിക്കുമ്പോൾ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത്, പി. ഭാസ്കരനും ദക്ഷിണാമൂർത്തിയും ചേർന്ന് ഒരുക്കിയ കാവ്യപുസ്തകമല്ലോ ജീവിതം എന്ന പാട്ടായിരുന്നു.

അതുപോലെ യേശുദാസ് പാടിയവയിൽ തനിക്ക് ഇഷ്ടമുള്ള പാട്ടുകളും ജയേട്ടൻ പാടുമായിരുന്നു. അപാരസുന്ദര നീലാകാശം, പൊന്നിൽ കുളിച്ച രാത്രി, സ്‌നേഹഗായികേ നിൻസ്വപ്‌നവേദിയിൽ എന്നീ യേശുദാസിന്റെ പാട്ടുകൾ വളരെ ഇഷ്ടമായിരുന്നു. യേശുദാസ് പാടിയവയിൽ, ജയേട്ടന് പാടാൻ താൽപര്യമുള്ള പാട്ടുകളുമുണ്ടായിരുന്നു. പ്രേമിച്ചുപ്രേമിച്ചു നിന്നെ ഞാൻ ദേവസ്ത്രീയാക്കും, മനോഹരീ നിൻ മനോരഥത്തിൽ... തുടങ്ങിയ പാട്ടുകൾ. യേശുദാസ് സൂര്യനും ജയചന്ദ്രൻ ചന്ദ്രനുമാണ് എന്നാണ് ഞാൻ പറയുക. ദാസേട്ടന്റെ 85ാം പിറന്നാളിന്റെ തലേന്നാണ് ജയേട്ടൻ പോയത് എന്നത് ഏറെ ദുഃഖകരമാണ്.

ജയചന്ദ്രനും യേശുദാസും
ജയചന്ദ്രനും യേശുദാസും

മുഹമ്മദ് റഫിയുടെയും പി. സുശീലയുടെയും ഫാനാണ് ജയചന്ദ്രൻ. വെറുതെയിരിക്കുമ്പോൾ പാടുന്നവയിൽ ഏറെയും ഇവരുടെ പാട്ടുകളായിരിക്കും.

ഒരിടവേളയ്ക്കുശേഷമാണ് നിറം എന്ന സിനിമയിലെ പ്രായം നമ്മിൽ മോഹം നൽകി എന്ന പാട്ട് ജയചന്ദ്രൻ പാടുന്നത്. വിദ്യാസാഗറാണ് ഈ പാട്ട് ജയചന്ദ്രനെക്കൊണ്ടുതന്നെ പാടിക്കാമെന്ന് പറയുന്നത്. അത് സംവിധായകനായ കമൽ അംഗീകരിച്ചു. ആ ശബദ്ത്തിലെ യൗവനം ഒരു കാമ്പസ് വിദ്യാർഥിക്കിണങ്ങുന്നതാണെന്ന് വിദ്യാസാഗർ കണ്ടു. അത് കമലിന് ബോധ്യവുമായി. അസാമാന്യമായി അദ്ദേഹം അത് പാടുകയും ചെയ്തു. ദേവരാജനും ജോൺസണും ഔസേപ്പച്ചനും ശേഷം ഏറ്റവും നല്ല പാട്ടുകൾ ജയചന്ദ്രന് നൽകിയത് വിദ്യാസാഗറാണ്. നിറം മുതലുള്ള ഈ കൂട്ടുകെട്ടിൽ പിറന്ന എല്ലാ പാട്ടുകളും ഹിറ്റാണ്.
ദേവരാജൻ, എം.എസ്. ബാബുരാജ്, ബി.എ. ചിദംബരനാഥ്, പുകഴേന്തി, ദക്ഷിണാമൂർത്തി, കെ. രാഘവൻ, എം.കെ. അർജുനൻ, ഇളയരാജ, ജോൺസൺ, ഔസേപ്പച്ചൻ, മോഹൻ സിത്താര, വിദ്യാസാഗർ. എം. ജയചന്ദ്രൻ- ഇതാണ് ജയചന്ദ്രന്റെ പാട്ടുകളുടെ പ്രധാന വഴി.

ഭാഷാശുദ്ധിയുള്ള ഗായകനായിരുന്നു. മലയാളത്തിലേതുപോലെ തമിഴിലും അത് കാത്തുസൂക്ഷിക്കാനായി. സാഹിത്യത്തിൽ വലിയ താൽപര്യമായിരുന്നു. എം.ടി, മാധവിക്കുട്ടി, വി.കെ.എൻ എന്നിവരായിരുന്നു ഇഷ്ട എഴുത്തുകാർ. എം.ടി എഴുതിയ ഓരോ വാചകവും കാണാതെ പറയും. അഭിനയിച്ചിട്ടുമുണ്ട്. എം.ടി എഴുതിയതുകൊണ്ടാണ് നഖക്ഷതങ്ങളിൽ അഭിനയിച്ചത്. അഭിനയം ഇഷ്ടമുള്ള കാര്യമല്ല. വെയിലുകൊള്ളാൻ വയ്യ, കാത്തിരിക്കാൻ വയ്യ എന്നൊക്കെയാണ് പറയുക. ഏറ്റവും ഇഷ്ടമുള്ള ഒന്ന് ഭക്ഷണമാണ്. ദോശപ്രിയനാണ്. മസാലദോശയും നെയ്‌റോസ്റ്റുമാണ് ഏറ്റവും ഇഷ്ടം.

എം ടിയും ജയചന്ദ്രനും
എം ടിയും ജയചന്ദ്രനും

ഞാനുമായി വളരെ അടുത്ത വ്യക്തിബന്ധവും സൗഹൃദവും കാത്തുസൂക്ഷിച്ച ആളായിരുന്നു. ചിലപ്പോൾ വീട്ടിൽവന്ന് ചുമ്മാ ഇരിക്കും. തമാശകൾ പറയും. ചിലപ്പോൾ നിളാനദിയുടെ തീരത്തുപോയി മലർന്നുകിടന്ന് പാട്ടുകൾ പാടും. മുഹമ്മദ് റഫിയുടെയും പി. സുശീലയുടെയും ദേവരാജൻ മാഷുടെയും എം.എസ്. വിശ്വനാഥന്റെയും പാട്ടുകളെക്കുറിച്ച് സംസാരിക്കും. നിരവധി പരിപാടികളിൽ ഒപ്പമുണ്ടായിട്ടുണ്ട്, നിരവധി വിദേശയാത്രകൾ നടത്തിയിട്ടുണ്ട്. ഞങ്ങളൊന്നിച്ച് എത്ര രാത്രികളെ പകലുകളാക്കിയിരിക്കുന്നു, എത്ര പകലുകളെ രാത്രികളാക്കിയിരിക്കുന്നു…

2024 മാർച്ച് മൂന്നിനായിരുന്നു 80-ാം പിറന്നാൾ. ഗുരുവായൂരിൽ പോകുന്നുണ്ട് എന്നു പറഞ്ഞ് ഞാൻ വിളിച്ചു. കുറച്ച് കളഭം കൊണ്ടുവരണം എന്ന് അദ്ദേഹം പറഞ്ഞു. വലിയ ഗുരുവായൂരപ്പ ഭക്തനാണ്. ഞാൻ വലിയ ഉണ്ട കളഭം ഗുരുവായൂരിൽനിന്ന് കൊണ്ടുകൊടുത്തു. അത് വാങ്ങി, ‘എനിക്കു കിട്ടിയ ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണിത്, ഒരിക്കലും മറക്കില്ല’ എന്നു പറഞ്ഞു. പിന്നെ ഞാൻ ജയേട്ടനെ കണ്ടിട്ടില്ല.

അവസാനം കല്ലറ ഗോപൻ സംഗീതം ചെയ്ത ഒരു കൃഷ്ണഭക്തിഗാനത്തിന്റെ റെക്കോർഡിംഗുണ്ടായിരുന്നു. അതിന് എനിക്ക് പോകാൻ പറ്റിയില്ല. അവസാനത്തെ യുഗ്മഗാനം എന്റെ മകൾ ഇന്ദുലേഖക്കൊപ്പമാണ്. അതിന്റെ റെ​ക്കോർഡിംഗ് കഴിഞ്ഞതേയുള്ളൂ, പുറത്തിറങ്ങിയിട്ടില്ല.

ഗുരുവും സുഹൃത്തും വഴികാട്ടിയും ആരാധകനും എല്ലാമായിരുന്നു…

Comments