ഹൃദയത്തിൽനിന്നൊഴിയാത്ത മലയാളത്തിലെ ഏറ്റവും ഭാവദീപ്തമായ ശബ്ദമായിരുന്നു പി. ജയചന്ദ്രന്റേത്. 22-ാം വയസ്സിൽ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി...' എന്നു പാടിയ അതേ ഭാവതീവ്രതയോടെ, 2000-ൽ, 56-ാം വയസ്സിൽ, ‘പ്രായം നമ്മിൽ മോഹം നൽകി…’ എന്നുപാടി, തന്റെ ശബ്ദത്തെ കാലങ്ങൾക്കപ്പുറത്തേക്ക് മാറ്റ് ഒട്ടും കുറയാതെ പ്രവഹിപ്പിച്ച പാട്ടുകാരൻ.
മലയാള സിനിമയിൽ യേശുദാസിന്റെ പകരമില്ലാത്ത ശബ്ദം നിറഞ്ഞുതുടങ്ങിയിരുന്ന കാലത്താണ്, തീർത്തും വ്യത്യസ്തമായ ശബ്ദവും ആലാപനശൈലിയുമായി പി. ജയചന്ദ്രൻ വരുന്നത്. ശബ്ദത്തിന്റെ ആ മൗലികതയാണ് ജയചന്ദ്രൻ എന്ന ഗായകനെ, പിന്നീട് യേശുദാസിന്റെ പ്രതാപകാലത്തും നിരന്തരം ജ്വലിപ്പിച്ചുനിർത്തിയത്. പിന്നീടുവന്ന നിരവധി ഗായകർ യേശുദാസിന്റെ അനുകർത്താക്കളായി മാറിയപ്പോൾ ജയചന്ദ്രൻ വേറിട്ടുനിന്നു. ‘യേശുദാസുള്ളപ്പോൾ എന്തിന് പുതിയൊരു ഗായകൻ’ എന്ന പ്രതാപശാലികളായ അന്നത്തെ സിനിമാ നിർമാതാക്കളുടെ ചോദ്യത്തെ നിർവീര്യമാക്കിയ മൗലിക ശബ്ദമായിരുന്നു ജയചന്ദ്രന്റേത്.
യേശുദാസിന്റെ 85-ാം ജന്മദിനമാണ്, ജനുവരി 10. തലേന്ന്, ജയചന്ദ്രന്റെ വിയോഗവേള, ദുഃഖകരമായ യാദൃച്ഛികത കൂടിയായി മാറുന്നു.
ജി. ദേവരാജന്റെ പ്രിയ ശബ്ദമായിരുന്നു ജയചന്ദ്രൻ. യേശുദാസിന് മാറ്റിവച്ച ഒരു പാട്ടിന് ട്രാക്ക് പാടാൻ ദേവരാജൻ ഒരിക്കൽ ജയചന്ദ്രനെ ഏൽപ്പിച്ചിട്ടുണ്ട്. ജയചന്ദ്രൻ പാടിയ ട്രാക്ക് രണ്ടുവട്ടം ദേവരാജൻ മാസ്റ്റർ പാടിച്ചു, ഒടുവിൽ തീരുമാനിച്ചു, ട്രാക്ക് വേണ്ട, ഇതു തന്നെ മതി. പ്രതിഫലമായി 50 രൂപയും നൽകി.
1965-ൽ പുറത്തിറങ്ങിയ കുഞ്ഞാലിമരയ്ക്കാർ എന്ന സിനിമയിലെ 'ഒരു മുല്ലപ്പൂമാലയുമായ്' എന്ന പാട്ടാണ് ആദ്യം റെക്കോർഡ് ചെയ്തത്. എന്നാൽ, അതിനുമുമ്പേ ജയചന്ദ്രനെ ഭാവഗായകനാക്കിയ ഏറ്റവും മികച്ച പാട്ടുകളിലൊന്ന് പുറത്തുവന്നിരുന്നു. ദേവരാജൻ- പി. ഭാസ്‌കരൻ ടീമിന്റെ 'മഞ്ഞലയിൽ മുങ്ങിത്തോർത്തി...'.
അത് മലയാള സിനിമാ സംഗീതത്തിലെ ഏറ്റവും ഹൃദയഹാരിയായ ഒരു കാലഘട്ടത്തിന്റെ തുടക്കം കൂടിയായിരുന്നു. മധുരമൂറുന്ന പ്രണയവും ഗൃഹാതുരതയും ജീവിതത്തിന്റെ മാദകഭംഗികളുമെല്ലാം നിറഞ്ഞുതൂവിയ പാട്ടുകളുടെ പ്രവാഹം.
കുഞ്ഞാലിമരയ്ക്കാർ എന്ന സിനിമയിൽ നിരവധി എതിർപ്പുകൾ നേരിട്ടാണ് ജയചന്ദ്രൻ എന്ന യുവാവിന് ബി.എ. ചിദംബരനാഥ് അവസരം നൽകിയത്. നിർമാതാക്കൾ എതിർത്തെങ്കിലും 'ഒരു മുല്ലപ്പൂമാലയുമായി' എന്ന പാട്ട് പ്രേമ എന്ന ഗായികക്കൊപ്പം ജയചന്ദ്രനെക്കൊണ്ട് പാടിപ്പിച്ചു. എന്നാൽ ആദ്യം പുറത്തുവന്നത് ഈ പാട്ടായിരുന്നില്ല, മഞ്ഞലയിൽ മുങ്ങിത്തോർത്തി ആയിരുന്നു. ഇത് വൻ ഹിറ്റായപ്പോൾ തുടർന്നുവന്ന ഉദ്യോഗസ്ഥ എന്ന സിനിമയിലെ അനുരാഗഗാനം പോലെ എന്ന പാട്ട് ജയചന്ദ്രനെക്കൊണ്ട് പാടിക്കാൻഎം.എസ്. ബാബുരാജ് തീരുമാനിച്ചു. എന്നാൽ, പതിവുപോലെ നിർമാതാക്കൾ എതിർത്തു. ബാബുരാജ് വഴങ്ങിയില്ല. അദ്ദേഹത്തിന്റെ നിർബന്ധം മൂലമാണ് ഈ പാട്ട് ജയചന്ദ്രന് ലഭിച്ചത്. സിനിമ ഇറങ്ങുംമുമ്പ് ഈ പാട്ട് ഒഴിവാക്കാനും നിർമാതാക്കൾ സമ്മർദം ചെലുത്തി, സംവിധായകനായ പി. വേണു സമ്മതിച്ചില്ല. 'അനുരാഗഗാനം പോലെ' എന്ന പാട്ടാണ് മലയാളത്തിൽ ഗായകനെന്ന നിലയ്ക്കുള്ള ജയചന്ദ്രന്റെ സ്ഥാനം ഉറപ്പിച്ചത് എന്നു പറയാം. പിന്നീട് യേശുദാസ് പാടുന്ന സിനിമകളിലും ജയചന്ദ്രന്റെ പാട്ടുകൾ ഉൾപ്പെടുത്താൻ തുടങ്ങി. ഏറ്റവും മൗലികമായ രണ്ട് ശബ്ദങ്ങളായിതന്നെ, രണ്ടുതരം പാട്ടുകളായി തന്നെ മലയാളികൾ യേശുദാസിനെയും ജയചന്ദ്രനെയും കേട്ടു. എഴുപതുകളിൽ യേശുദാസ്, ജയചന്ദ്രൻ എന്നീ രണ്ടു ഗായകരിൽ മലയാള സിനിമാഗാനപ്രപഞ്ചം തുളുമ്പിനിന്നു.
ആറ് പതിറ്റാണ്ട് നീണ്ട സംഗീതജീവിതത്തിൽ മലയാളത്തിലെയും തമിഴിലെയും സിനിമാപാട്ടിലെ ഏറ്റവും മികച്ച തലമുറകൾക്കൊപ്പം ജയചന്ദ്രൻ സഞ്ചരിച്ചു. ജി. ദേവരാജൻ, എം.എസ്. ബാബുരാജ്, വി. ദക്ഷിണാമൂർത്തി, എം.കെ. അർജുനൻ, എം.എസ്. വിശ്വനാഥൻ, ഇളയരാജ, എ.ആർ. റഹ്മാൻ, എം.എം. കീരവാണി, വിദ്യാസാഗർ തുടങ്ങിയവരുടെ പ്രിയ ഗായകനായിരുന്നു ജയചന്ദ്രൻ.
മലയാളത്തിനുപുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി 15,000-ലേറെ പാട്ടുകൾ പാടി. 1985-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത ശ്രീനാരായണഗുരു എന്ന സിനിമയിലെ ശിവശങ്കര ശരണ സർവ വിഭോ എന്ന ദേവരാജന്റെ പാട്ടിനാണ് ദേശീയ അവാർഡ് ലഭിച്ചത്. അഞ്ചു തവണ മികച്ച ഗായകനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു.
1972-ൽ പണി തീരാത്ത വീട് എന്ന സിനിമയിലെ നീലഗിരിയുടെ സഖികളേ, 1978-ൽ ബന്ധനത്തിലെ രാഗം ശ്രീരാഗം, 2000-ൽ നിറത്തിലെ പ്രായം നമ്മിൽ മോഹം നൽകി, 2004-ൽ തിളക്കത്തിലെ നീയൊരു പുഴയായ്, 2015-ൽ ജിലേബിയിലെ ഞാനൊരു മലയാളി, എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരം എന്നീ പാട്ടുകൾക്കാണ് സംസ്ഥാന അവാർഡ് ലഭിച്ചത്.
സിനിമയിലെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേൽ പുരസ്‌കാരവും 2021-ൽ ജയചന്ദ്രനെ തേടിയെത്തി.
1973-ൽ പുറത്തിറങ്ങിയ മണിപ്പയൽ എന്ന സിനിമയിലെ ‘തങ്കച്ചിമിഴ് പോൽ’ എന്ന പാട്ടാണ് ആദ്യ തമിഴ് ഗാനം. വൈദേഹി കാത്തിരുന്താൾ എന്ന സിനിമയിലെ രാസാത്തി ഉന്നൈ കാണാതെ നെഞ്ചം എന്ന ഒറ്റ പാട്ടിലൂടെയാണ് ജയചന്ദ്രൻ തമിഴിലെ പ്രിയ ശബ്ദമായത്. പ്രമുഖ സംഗീതസംവിധായകൻ എ.ആർ. റഹ്മാന്റെ പ്രിയപ്പെട്ട ഗായകരിൽ ഒരാളായിരുന്നു ജയചന്ദ്രൻ. തമിഴ്‌നാട് സർക്കാറിന്റെ അവാർഡും നാലു തവണ ജയചന്ദ്രനെ തേടിയെത്തി. തമിഴ് സിനിമാസംഗീതത്തിന് നൽകിയ സംഭാവനയ്ക്ക് 1997-ൽ തമിഴ്‌നാട് സർക്കാറിന്റെ കലൈമാമണി അവാർഡ് നേടി.
2008- ൽ എ.ആർ. റഹ്മാൻ സംഗീതം നൽകിയ 'ADA ... എ വേ ഓഫ് ലൈഫ്'' എന്ന ചിത്രത്തിനായി അൽക യാഗ്നിക്കിനൊപ്പം പാടിയാണ് ജയചന്ദ്രൻ ഹിന്ദിയിലേക്ക് കാലെടുത്തുവച്ചത്.
അത്യന്തം തീവ്രമായ ഭാവദീപ്തിയാണ് ജയചന്ദ്രന്റെ ആലാപനശൈലിയെ വേറിട്ടുനിർത്തുന്നത്. പാട്ടിന്റെ സാഹിത്യഭംഗിയും ഭാവവും സാധ്യമായത്ര പൂർണതയോടെ ആ ശബ്ദത്തിൽ പ്രതിബിംബിച്ചുനിന്നിരുന്നു. പി. കുഞ്ഞിരാമൻ നായരുടെയും ചങ്ങമ്പുഴയുടെയും കവിതകളെ പ്രേമിച്ചിരുന്ന ഈ ഗായകൻ, പ്രണയത്തെ പാട്ടിലൂടെ എത്ര സുന്ദരമായി ആവിഷ്‌കരിക്കാമോ, അത്രയും സൗന്ദര്യത്തോടെ പാടിക്കേൾപ്പിച്ചു. ആലാപനത്തിലെ സ്വഭാവികതയാണ് ആ പാട്ടുകളുടെ ഒരു പ്രത്യേകത. അയത്‌നലളിതമായിരുന്നു ആ ശബ്ദം സൃഷ്ടിച്ച വൈകാരിക പ്രപഞ്ചം. പാട്ടുകളുടെ ഹൃദയത്തിലേക്കിറങ്ങിച്ചെന്ന ഈ ഗായകൻ, 'ഈ ലോകത്തിലെ ഏറ്റവും വലിയ സംഗീതാസ്വാദകൻ മാത്രമാണ് ഞാൻ' എന്നാണ് പറഞ്ഞിരുന്നത്.
അനുരാഗഗാനം പോലെ, നിൻമണിയറയിലെ..., മലയാള ഭാഷതൻ മാദകഭംഗി, ഏകാന്തപഥികൻ ഞാൻ, സന്ധ്യക്കെന്തിന് സിന്ദൂരം, നീലഗിരിയുടെ സഖികളെ, സ്വർണഗോപുര നർത്തകീ ശില്പം, കർപ്പൂരദീപത്തിൻ കാന്തിയിൽ, അഷ്ടപദിയിലെ നായികേ, തിരുവാഭരണം ചാർത്തി വിടർന്നു, കാറ്റുമൊഴുക്കും കിഴക്കോട്ട്, രാജീവനയനേ നീയുറങ്ങൂ, റംസാനിലെ ചന്ദ്രികയോ, നന്ദ്യാർവട്ട പൂ ചിരിച്ചു, ഹർഷബാഷ്പംചൂടി, ശരദിന്ദു മലർദീപനാളം, യദുകുല രതിദേവനെവിടെ, സന്ധ്യക്കെന്തിനു സിന്ദൂരം, നിൻമണിയറയിലെ നിർമലശയ്യയിലെ, ഉപാസന ഉപാസനാ, മല്ലികപ്പൂവിൻ മധുരഗന്ധം, മധുചന്ദ്രികയുടെ ചായത്തളികയിൽ, നുണക്കുഴിക്കവിളിൽ നഖചിത്രമെഴുതും, കരിമുകിൽകാട്ടിലെ, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, കേവലമർത്യഭാഷ, പ്രായം തമ്മിൽ മോഹം നൽകി, കല്ലായിക്കടവത്തെ, വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ, കേരനിരകളാടും ഒരു ഹരിത ചാരുതീരം, നീയൊരു പുഴയായ് തഴുകുമ്പോൾ, എന്തേ ഇന്നും വന്നീല, ആരാരും കാണാതെ ആരോമൽ തൈമുല്ല തുടങ്ങി മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത എത്രയോ പാട്ടുകൾ ആ കണ്ഠത്തിൽനിന്ന് വന്നു.
മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ലളിതഗാനങ്ങളും ജയചന്ദ്രന്റെ ശബ്ദത്തിലൂടെയാണ് പുറത്തുവന്നത്. ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലേ, ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ രാധേ, സ്മൃതിതൻ ചിറകിലേറി ഞാനെൻ തുടങ്ങിയ ലളിതഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
മുഹമ്മദ് റഫിയും പി. സുശീലയുമായിരുന്നു ജയചന്ദ്രന്റെ ഇഷ്ട ഗായകർ. തന്റെ പാട്ടിൽ ഭാവമുണ്ടെങ്കിൽ അത് അവരിൽനിന്ന് പഠിച്ചതാണ് എന്ന് അദ്ദേഹം പറയുമായിരുന്നു.
യേശുദാസിന്റെ താമസമെന്തേ വരുവാൻ, കമുകറ പുരുഷോത്തമന്റെ ഏകാന്തതയുടെ അപാരതീരം എന്നിവ ഇഷ്ട മലയാള ഗാനങ്ങൾ. താമസമെന്തേ എന്ന പാട്ടിന് അപ്പുറം മറ്റൊരു മലയാളഗാനമില്ലെന്ന് അദ്ദേഹം പറയും. ഈ പാട്ട് കേൾക്കാൻ മാത്രമായി ഇരിങ്ങാലക്കുട കോന്നി തിയേറ്ററിൽ 27 തവണയാണ് ജയചന്ദ്രൻ ഭാർഗവീനിലയം കാണാൻ പോയിട്ടുള്ളത്.
എം.ടി- ഹരിഹരൻ ടീമിന്റെ നഖക്ഷതങ്ങൾ, വി.കെ. പ്രകാശിന്റെ ട്രിവാൻഡ്രം ലോഡ്ജ്, കൃഷ്ണപ്പരുന്ത് എന്നീ സിനിമകളിലും ചില ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
സിനിമാഗാനങ്ങൾക്കുപുറമേ കഥകളി, മൃദംഗം, ചെണ്ട, പാഠകം, ചാക്യാർകൂത്ത് എന്നിവക്കൊപ്പം സഞ്ചരിച്ച ജയചന്ദ്രൻ മൃദംഗവായനയിൽ പ്രാവീണ്യം നേടി. പാലിയത്തെ കുടുംബക്ഷേത്രത്തിൽ ഉത്സവത്തിന് ഏഴു ദിവസവും ചെണ്ട കൊട്ടുമായിരുന്നു. ഹൈസ്‌കൂൾ കാലഘട്ടത്തിൽ, 1958-ൽ ഒരു സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിന്റെ സമാപനചടങ്ങിൽ, ശാസ്ത്രീയസംഗീതത്തിൽ ഒന്നാം സ്ഥാനം നേടിയ യേശുദാസിന്റെ പാട്ടിന് അകമ്പടിയായി, അതേ കലോത്സവത്തിൽ മൃദംഗത്തിന് ഒന്നാം സ്ഥാനം നേടിയ ജയചന്ദ്രൻ മൃദംഗം വായിക്കുന്ന ഫോട്ടോ പ്രശസ്തമാണ്.
കോളേജ് പഠനകാലത്ത് ജയചന്ദ്രൻ ക്രിക്കറ്റിലും ബാറ്റ്മിന്റനിലും ഒരു കൈ നോക്കിയിട്ടുണ്ട്. സുവോളജി ബിരുദധാരിയായ ജയചന്ദ്രൻ ചെന്നൈയിലെ പ്യാരി കമ്പനിയിൽ കെമിസ്റ്റായിരുന്നു. അവിടെനിന്നാണ് കുഞ്ഞാലിമരയ്ക്കാർ എന്ന സിനിമയിൽ പി. ഭാസ്‌കരനും ചിദംബരനാഥും ചേർന്ന് ഒരുക്കിയ പാട്ട് പാടാൻ അവസരം ലഭിച്ചത്.
കോവിഡ് കാലത്ത് ശാസ്ത്രീയസംഗീതത്തിലായിരുന്നു ജയചന്ദ്രന്റെ പരീക്ഷണങ്ങൾ. ജീവിതത്തിലൊരിക്കലും കർണാടക സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ജയചന്ദ്രൻ പ്രശസ്ത കൃതികൾ പാടി റെക്കോർഡ് ചെയ്തു.
1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പുണിത്തുറ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായാണ് പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന പി. ജയചന്ദ്രൻ ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. നാഷനൽ സ്‌കൂൾ, ക്രൈസ്റ്റ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നാഷനൽ സ്‌കൂൾ അധ്യാപകനായിരുന്ന കെ.വി. രാമനാഥനാണ് ജയചന്ദ്രനിലുള്ള ഗായകനെ കണ്ടെത്തിയത്.
READ | ജയചന്ദ്രന് ഏറ്റവും ഇഷ്ടമുള്ള സ്വന്തം പാട്ടുകൾ, യേശുദാസിന്റെ പാട്ടുകൾ ഏതാണ്?