സീതാറാം യെച്ചൂരിയെ കണ്ടുതുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ടായി. വിദ്യാർഥി നേതാവായിരുന്ന യെച്ചൂരിയെ സി.പി.എം നേതാവാകുന്ന ഘട്ടത്തിലാണ് കണ്ടുതുടങ്ങുന്നത്. പിന്നീട് അദ്ദേഹം പാർട്ടിയുടെ പ്രധാന സ്ഥാനങ്ങളിലേക്കുയരുന്നു, പാർലമെന്റിലേക്ക് എത്തുന്നു, സി.പി.എം ജനറൽ സെക്രട്ടറിയാകുന്നു. അത്തരത്തിൽ അദ്ദേഹത്തിന്റെ പല രൂപത്തിലും ഭാവത്തിലുമുള്ള ഘട്ടങ്ങൾ കണ്ടു.
സീതാറാമിന്റെ മരണം കനത്ത വിയോഗം തന്നെയാണ്. കാരണം, ഇന്ത്യയുടെ ചരിത്രത്തിൽ മതനിരപേക്ഷ കക്ഷികളെ ഇത്രത്തോളം പ്രചോദിപ്പിച്ച ഒരു നേതാവ് ഉണ്ടായിട്ടില്ല. മതനിരപേക്ഷതക്കുവേണ്ടി അചഞ്ചലമായ പോരാട്ടമാണ് അദ്ദേഹം നയിച്ചത്. സ്വന്തം പാർട്ടിയുടെ പ്രതലത്തിന്റെ അപ്പുറത്തേക്ക് പോകുന്ന ഒരു ‘ഓറ’ അദ്ദേഹത്തിനുണ്ടായിരുന്നു. 2005-ൽ അദ്ദേഹം പാർലമെന്റിൽ വരുമ്പോൾ, അന്ന് ഉരുണ്ടുകൂടി വരുന്ന ഹിന്ദുത്വയുടെ അപകടത്തെ അദ്ദേഹം മുന്നിൽ കണ്ടു. 2005 മുതലുള്ള അദ്ദേഹത്തിന്റെ പാർലമെന്ററി പ്രസംഗം ശ്രദ്ധിച്ചാലറിയാം, എന്തുകൊണ്ട് മതനിരപേക്ഷ കക്ഷികൾ ജാഗ്രത പാലിക്കണം, എന്തുകൊണ്ട് അവരോട് സന്ധിചെയ്യാൻ പാടില്ല തുടങ്ങിയ കാര്യങ്ങൾക്കായിരുന്നു ഊന്നൽ. സ്വതന്ത്ര ഇന്ത്യ അഭിമുഖീകരിക്കാൻ പോകുന്ന വലിയൊരു പ്രതിസന്ധിയെ കുറിച്ചുള്ള മുന്നറിയിപ്പുകളായിരുന്നു ആ പ്രസംഗങ്ങളിൽ. പ്രവാചകതുല്യമായ മുന്നറിയിപ്പുകളാണ് യഥാർത്ഥത്തിൽ അദ്ദേഹം നടത്തിയത്.
സീതാറാമിന്റെ മറ്റൊരു പ്രധാന പ്രത്യേകത, സാധാരണഗതിയിൽ കമ്മ്യൂണിസ്റ്റുകാരിൽ ആരോപിക്കപ്പെടുന്ന മസിലുപിടിത്തം പോലെയുള്ള കാര്യങ്ങൾ അദ്ദേഹത്തിൽ കാണാൻ കഴിയില്ല എന്നതാണ്. അദ്ദേഹത്തോളം ഊഷ്മളമായ ഒരു വ്യക്തിയില്ല. സംസാരിച്ചുകഴിഞ്ഞാൽ ആർക്കായാലും അദ്ദേഹത്തോട് ആകർഷണം തോന്നും.
സാധാരണഗതിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവിനെക്കുറിച്ചും അവർ പാലിക്കേണ്ട രീതികളെക്കുറിച്ചും ചില ധാരണകളുണ്ടാകും. എന്നാൽ അത്തരം വ്യവസ്ഥാപിത രീതികളെയൊക്കെ യെച്ചൂരി ഭേദിച്ചിരുന്നു. എനിക്കിപ്പോഴും ഓർമ്മയുണ്ട്, അദ്ദേഹത്തെ നേരിൽ കാണുമ്പോൾ നമ്മുടെ തോളിൽ കയ്യിട്ടാണ് അദ്ദേഹം സംസാരിക്കുക. അന്ന് ഞാൻ സിഗരറ്റ് വലിക്കുന്ന സമയമാണ്. എന്റെ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റെടുത്ത് അദ്ദേഹവും അന്ന് വലിച്ചിരുന്നു. 1988- ലെ കാര്യമാണത്. ഞങ്ങൾ ഷട്ടിൽ കളിക്കുമ്പോൾ, അദ്ദേഹവും വരും, വളരെ വാശിയോടെ കളിക്കും. അത്രത്തോളം ഊഷ്മളത ഞങ്ങൾക്കിടയിലുണ്ടായിരുന്നു.
അക്കാദമിക മേഖലയിലുള്ളവർ, പ്രൊഫഷണലുകൾ, കർഷകർ, വിദ്യാർഥികൾ, കോർപറേറ്റ് രംഗത്തുള്ളവർ തുടങ്ങി എല്ല മേഖലയിലുള്ളവരുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു.
അക്കാലത്ത് വിത്തൽഭായ് പട്ടേൽ ഹൗസിൽ ഞങ്ങളുടേത് അർധ കമ്യൂൺ പോലെയുള്ള ജീവിതമായിരുന്നു. ബാച്ചിലേഴ്‌സായ ഞങ്ങൾ നോൺ വെജ് ഭക്ഷണമുണ്ടാക്കുമ്പോൾ അത് കഴിക്കാനായി അദ്ദേഹവും വരും. ഏറെ അനൗപചാരികമായ സ്വഭാവത്തോടെ പെരുമാറുന്ന മനുഷ്യൻ കൂടിയായിരുന്നു അദ്ദേഹം. ഒരു സി.പി.എം നേതാവിന്റെ സ്‌പേസിൽനിന്ന് എത്രയോ മടങ്ങ് മുമ്പോട്ടുപോകാൻ യെച്ചൂരിക്കായി. ആ സ്‌പേസിനെ അദ്ദേഹത്തിന് അതിജീവിക്കാൻ കഴിഞ്ഞുവെന്നു പറയാം. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പല നേതാക്കന്മാർക്കും പറ്റാതിരുന്ന ഒരു കാര്യമായിരുന്നു അത്. അദ്ദേഹത്തിന്റെ മുൻതലമുറയിലെ ആളുകൾക്കുപോലും അത്രത്തോളം കഴിഞ്ഞിട്ടില്ല.
ഏതു വിഷയവും ഏതു ഭാഷയും തന്മയത്വത്തോടെ കൈകാര്യം ചെയ്യും. ഇന്ത്യയുടെ ചരിത്രം, സംസ്‌കാരം, രാഷ്ട്രീയം, സാമ്പത്തികം, വിദേശനയം തുടങ്ങിയ വിഷയങ്ങളെല്ലാം അദ്ദേഹം ഏറ്റവും മികച്ച രീതിയിലാണ് കൈകകാര്യം ചെയ്തിരുന്നത്. കുറേക്കാലം സി.പി.എമ്മിന്റെ വിദേശകാര്യ വിഷയങ്ങൾ നോക്കിയിരുന്നത് യെച്ചൂരിയാണ്. വളരെ പെട്ടെന്ന് സംഭാഷണങ്ങൾ പിക്കപ്പ് ചെയ്യാൻ കഴിയുന്നയാളാണ് അദ്ദേഹം. അക്കാദമിക മേഖലയിലുള്ളവർ, പ്രൊഫഷണലുകൾ, കർഷകർ, വിദ്യാർഥികൾ, കോർപറേറ്റ് രംഗത്തുള്ളവർ തുടങ്ങി എല്ല മേഖലയിലുള്ളവരുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. ഏത് തലത്തിൽ പ്രവർത്തിക്കുന്നവരോടും താദാത്മ്യം പ്രാപിച്ച് അവരുടെ വിഷയങ്ങൾ മനസിലാക്കാനും അവരുമായി സംവദിക്കാനും കഴിയുന്ന ഒരാളായിരുന്നു യെച്ചൂരി.
കോൺഗ്രസ് പ്രവർത്തകസമിതിയിലെ ചില അംഗങ്ങൾ പോലും എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്, ബി.ജെ.പിക്കെതിരെ പ്രതിരോധം ശക്തിപ്പെടുന്നതിൽ ആശയപരമായ അടിത്തറ നൽകുന്നതിൽ വലിയ പങ്കുവഹിച്ചയാളാണ് സീതാറം യെച്ചൂരിയെന്ന്.
പല കോൺഗ്രസ് നേതാക്കളും പകുതി പരിഭവത്തോടെയും പകുതി ആദരവോടെയും പറഞ്ഞ മറ്റൊരു കാര്യമുണ്ട്: രാഹുൽ ഗാന്ധിയെ ഒരു ഇടതുപക്ഷ ഓറിയന്റേഷനിലേക്ക് കൊണ്ടുപോകുന്നതിൽ യെച്ചൂരി വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്ന്. അതായത്, രാഹുലിനെ ഒരു പൂർണ രാഷ്ട്രീയജീവിയാക്കുന്നതിലും അദ്ദേഹത്തിൽ ആശയപരമായ ദൃഢത ഉണ്ടായിട്ടുണ്ടെങ്കിൽ, അതിലും യെച്ചൂരി പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് അവരൊക്കെ ‘പരിഭവ’പ്പെട്ടിരുന്നു.
അംബാനി- അദാനി വിരുദ്ധവും കോർപറേറ്റ് വിരുദ്ധവുമായ മുദ്രാവാക്യങ്ങൾ ഒരു കോൺഗ്രസ് നേതാവ് ഉയർത്തുക എന്നത് മുൻകാലങ്ങളിൽ നമ്മൾ കേട്ടിട്ടുള്ളതല്ല. തന്റെ തന്നെ സന്തതസഹചാരികളായ നേതാക്കന്മാർ ഇതൊക്കെ പറയാൻ മടിച്ചിരിക്കുമ്പോഴാണ് രാഹുൽ ഗാന്ധി ഇതൊക്കെ പറയുന്നതെന്നോർക്കണം.
ബി.ജെ.പി ഇതര സംവിധാനത്തിന് പൊതുമിനിമം പരിപാടിക്കപ്പുറത്തേക്ക് ഒരു കാഴ്ചപ്പാട് കൊടുത്തയാളാണ് സീതാറം യെച്ചൂരി. ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ 1996-ൽ നിലവിൽവന്ന ഐക്യമുന്നണിയുടെ പൊതുമിനിമം പരിപാടി രൂപീകരിക്കുന്നതിൽ വലിയ പങ്കുവഹിച്ചയാളാണ് അദ്ദേഹം. 2004-ലെ യു.പി.എ സർക്കാറിന് ഒരു കാഴ്ചപ്പാടുണ്ടാക്കുന്നതിലും മുന്നോട്ടുള്ള വഴിത്താര ഒരുക്കുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു. കേവലമായ അധികാര രാഷ്ട്രീയത്തിനപ്പുറത്ത്, ദാർശനികമായ അടിത്തറയുണ്ടാക്കുന്നതിൽ യെച്ചൂരി വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ആണവനയത്തിന്റെ കാര്യത്തിലാണ് യു.പി.എയും ഇടതുപക്ഷവും തമ്മിൽ ഭിന്നിപ്പുണ്ടാകുന്നത്. അന്ന് യെച്ചൂരി നടത്തിയ പ്രസംഗം ഇപ്പോൾ കേട്ടാലും സ്ഫടികം പോലെ തിളങ്ങും.
2005-ലാണ് അദ്ദേഹം രാജ്യസഭയിലെത്തുന്നത്. അന്ന് ലെഫ്റ്റ്- യു.പി.എ രൂപീകരണസമിതി അംഗമാണ്. പ്രകാശ് കാരാട്ടും അന്ന് അംഗമാണ്. എന്നാൽ കാരാട്ട്, പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് വരാത്തതുകൊണ്ട് സീതാറാം യെച്ചൂരിയുടെ വാക്കുകളാണ് അന്ന് രാജ്യം കേട്ടുകൊണ്ടിരുന്നത്. അന്ന് യെച്ചൂരി നടത്തിയിരുന്ന പ്രസംഗം കേൾക്കാൻ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും വരുമായിരുന്നു. ഇടതുപക്ഷത്തിന്റെ പോളിസി എന്താണെന്ന് അടിവരയിട്ട് യെച്ചൂരി അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ 12 വർഷത്തെ രാജ്യസഭാ കാലയളവിൽ യു.പി.എ സർക്കാറിനെ പിന്തുണക്കുന്ന ഘട്ടത്തിൽപോലും പ്രതിപക്ഷത്തിന്റെ ശബ്ദമായിട്ടുയരാൻ കഴിഞ്ഞിരുന്നു. ഉദാഹരണത്തിന്, കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും സാമ്പത്തികനയങ്ങളിൽ വലിയ വ്യത്യാസമില്ലാത്തതുകൊണ്ട്, സാമ്പത്തിക വിഷയങ്ങൾ വരുമ്പോൾ, യഥാർത്ഥത്തിൽ അതിനെ പ്രതിരോധിച്ചിരുന്നത് യെച്ചൂരിയായിരുന്നു. ഉദാരവൽക്കരണവും സ്വകാര്യവൽക്കരണവും പോലയുള്ള വിഷയങ്ങളിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങളിലെല്ലാം കൃത്യമായ നിലപാട് കാണാൻ കഴിയും.
ആണവനയത്തിന്റെ കാര്യത്തിലാണ് യു.പി.എയും ഇടതുപക്ഷവും തമ്മിൽ ഭിന്നിപ്പുണ്ടാകുന്നത്. അന്ന് യെച്ചൂരി നടത്തിയ പ്രസംഗം ഇപ്പോൾ കേട്ടാലും സ്ഫടികം പോലെ തിളങ്ങും. വൈദ്യുതി ഉല്പാദനത്തിന്റെ ചെലവ് ഗണ്യമായി വർദ്ധിക്കുമെന്നതടക്കമുള്ള കൃത്യമായ സ്റ്റാറ്റിസ്റ്റിക്സ് അതിലുണ്ടായിരുന്നു. മാത്രമല്ല, വിദേശനയം ഉണ്ടാക്കാൻ പോകുന്ന കോംപ്രമൈസ് ഒരിക്കലും തിരുത്തപ്പെടാൻ പോകുന്നതല്ല എന്നും അതിന് വലിയ വില കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യെച്ചൂരി അന്ന് പറഞ്ഞ ഓരോ വാക്കും ശരിയായി മാറി എന്ന് പിൽക്കാലം തെളിയിച്ചു. കൊട്ടിഘോഷിക്കപ്പെട്ട ആണവകരാറുമൂലം കാര്യമായ ഒരു ലാഭവും ആണവോർജ ഉൽപാദനത്തിൽ ഉണ്ടായില്ല. വിദേശനയം പലപ്പോഴും ഇന്ത്യയുടെ സ്വതന്ത്രവീക്ഷണത്തിന് തടസ്സമാവുകയും ചെയ്തു. പലസ്തീൻ അടക്കമുള്ള അന്താരാഷ്ട്ര വിഷയങ്ങളിൽ ഈയൊരു നിലപാടാണ് തടസ്സമായത്.
ബി.ജെ.പിക്കെതിരായ ഫോർമേഷനിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരുപാട് പരിക്ക് പറ്റിയെങ്കിൽ പോലും അതിനപ്പുറത്തേക്ക്, ഇന്ത്യയ്ക്ക് പരിക്കേൽക്കാതിരിക്കുക എന്നൊരു ദൗത്യമുണ്ടെന്ന് വിശ്വസിച്ചിരുന്ന ഒരാളാണ് സീതാറാം. മൂന്നര പതിറ്റാണ്ട് അദ്ദേഹത്തിൻെറ യാത്ര നേരിട്ട് കണ്ടയാളെന്ന നിലയ്ക്കു പറയാം, ഒരിക്കലും പരാജയത്തിൽ തകർന്ന ഭാവത്തിൽ അദ്ദേഹത്തെ കണ്ടിട്ടില്ല. ഒരു പരാജയത്തിനപ്പുറത്ത് മറ്റൊന്നുണ്ട് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
രാഹുലിനെ ഒരു പൂർണ രാഷ്ട്രീയജീവിയാക്കുന്നതിലും അദ്ദേഹത്തിൽ ആശയപരമായ ദൃഢത ഉണ്ടായിട്ടുണ്ടെങ്കിൽ, അതിലും യെച്ചൂരി പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ചില കോൺഗ്രസ് ‘പരിഭവ’പ്പെട്ടിരുന്നു.
ആർ.എസ്.എസിനെയും മറ്റ് ഹിന്ദുത്വ ശക്തികളെയും എക്കാലത്തും എതിർത്ത നേതാവായിരുന്നു സീതാറാം. ആർ.എസ്.എസിനെ പ്രതിരോധിക്കേണ്ടത് രാഷ്ട്രീയമായി മാത്രമല്ലെന്നും സാംസ്കാരികമായി കൂടിയാണെന്നും അദ്ദേഹം കൃത്യമായി മനസ്സിലാക്കി. ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തെ അദ്ദേഹം ഇഴകീറി കാണിക്കുന്നുണ്ട്. യഥാർത്ഥത്തിൽ സീതാറാമിന്റെ സംഭാവനയായി ഞാൻ കാണുന്നത് ഇതാണ്: ചരിത്രത്തെ മായ്ച്ചുകളയാനും പുതിയ ചരിത്രം നിർമ്മിക്കാനും ആർ.എസ്.എസും ബി.ജെ.പിയും ശ്രമിക്കുമ്പോൾ, അതിനെ എതിർത്ത്, നിങ്ങൾ ഉണ്ടാക്കുന്ന ചരിത്രമല്ല യഥാർത്ഥ ചരിത്രം എന്ന് പറഞ്ഞുകൊണ്ടേയിരിക്കുക.
ഗോൾവാക്കറുടെ വാക്കുകൾ, അവരുടെ രാഷ്ട്രീയം- ഇതെല്ലാം അക്കാദമികമായി തന്നെ ഗവേഷണം ചെയ്ത് യെച്ചൂരി പുറത്തേക്ക് കൊണ്ടുവന്നു. അതിലെന്താണുള്ളതെന്ന് മറ്റു രാഷ്ട്രീയക്കാർക്ക് പറഞ്ഞുകൊടുത്തു. അത്തരത്തിൽ ഒരു അക്കാദമീഷ്യൻെറ കടമ കൂടി അദ്ദേഹം നിർവഹിച്ചു.
പാർലമെന്റ് ജനാധിപത്യത്തിന്റെ അന്തസത്ത എന്താണെന്ന് സീതാറാം യെച്ചൂരി മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയെ ചെയറിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലുണ്ട്. ഈ രാജ്യത്തിനൊരു ഡിസന്റുണ്ട്. ആ വിയോജിപ്പ് രേഖപ്പെടുത്താനുള്ള അവകാശമാണ് ജനാധിപത്യം. ആ ഡിസന്റിന്റെ ഏറ്റവും ഔനിത്ത്യമുള്ള പ്രതലമാണ് പാർലമെന്റ്. ആ വിയോജിപ്പിനുള്ള അവകാശത്തെ സംരക്ഷിക്കാനുള്ള ദൗത്യം സഭാനാഥനുണ്ടെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തികൊണ്ടിരുന്നു. താൻ ചെയറിൽ നിന്നിറങ്ങുന്നതുവരെ വിയോജിക്കാനുള്ള അവകാശത്തെക്കുറിച്ച് യെച്ചൂരി പറഞ്ഞ വാക്കുകൾ തന്റെ മനസിലുണ്ടായിരുന്നെന്ന് പിന്നീട് ഹമീദ് അൻസാരി ഞങ്ങളോടൊക്കെ പറഞ്ഞിട്ടുണ്ട്. ഇന്നത്തെ പാർലമെന്റ് ജനാധിപത്യത്തിന്റെ അവസ്ഥ നോക്കുമ്പോൾ, വിയോജിക്കാനുള്ള അവകാശത്തെ സംരക്ഷിക്കാൻ സഭാനാഥന്മാർ തയാറാകാത്ത കാഴ്ചയാണ് കാണുന്നത്.
സീതാറാമിന്റെ പ്രവചനസ്വഭാവത്തിലുള്ള ഒരു പ്രസംഗമായിരുന്നു അന്നത്തേത് എന്ന് ഇന്നത്തെ പാർലമെന്റ് തെളിയിക്കുന്നു. സീതാറാം പാർലമെന്റിൽനിന്ന് വിരമിക്കുന്ന സമയത്ത് ഗുലാം നബി ആസാദ് പറഞ്ഞൊരു വാക്കുണ്ട്; ‘He is a Treasure’. അത് മനസ്സിൽ നിന്ന് വന്ന വാക്കുകളാണ്. കേവലം ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം നിധിയായിരുന്നില്ല അദ്ദേഹം. ബഹുസ്വരവും മതനിരപേക്ഷവും ഇന്ത്യ എന്ന രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടിയുള്ള ഒരു യഥാർത്ഥ നിധിയാണ് സീതാറാമെന്ന് തിരിച്ചറിയാം.