കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്നെ കെ.ജി. ജോർജ് മലയാളസിനിമയുടെ സാമ്പ്രദായിക കെട്ടുപാടുകളെ ക്യാമറ കൊണ്ട് പൊളിച്ച സംവിധായകനാണ്. മനുഷ്യ കാമനകളുടെ നഗ്നമായ ഉള്ളിലിരിപ്പുകളെ കാണിച്ചുതന്ന, കാൽപ്പനികതയാൽ കെട്ടുപിണഞ്ഞ ലോകത്തിലേക്ക് പോകാതെ ഉൾക്കടലും ചുഴിയും സ്വപ്നാടങ്ങളുമുള്ള മനസ്സിന്റെ പിടികിട്ടായ്കകളെ തികഞ്ഞ കയ്യടക്കത്തോടെ സിനിമയിൽ അവതരിപ്പിച്ച സംവിധായകൻ. കെ.ജി. ജോർജ് ചെയ്ത സർഗാത്മക പാപമെന്നോ കലാപമെന്നോ ഒക്കെ അതിനെ വിശേഷിപ്പിക്കാം. ഫീൽ ഗുഡ് എന്ന സങ്കൽപ്പത്തെ തകർക്കുന്ന അസ്വസ്ഥത സൃഷ്ടിക്കുന്ന കഥകളെ സിനിമയിലേക്ക് കൊണ്ടുവന്നവെന്നതാണ് ജോർജ് ചെയ്ത മനോഹരമായ സർഗാത്മകപാപം.
മനുഷ്യനെന്നത് സ്നേഹിക്കുകയും ചിരിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്ന അത്ര ലഘുവായൊരു സൗമ്യജീവിയല്ലെന്നും അത് വന്യകാമനകളുള്ള തീവ്രാഭിലാഷങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത, എത്രമേൽ വേണേൽ പക സൂക്ഷിക്കാൻ കഴിയുന്ന, തുണിയുടുത്ത ഒരു ഇരപിടിയൻ ജീവിയാണെന്നുമുള്ള സത്യം, ഇരകളടക്കമുള്ള സിനിമകളിലൂടെ ജോർജ് കാണിച്ചുതന്നു. അറിഞ്ഞുകൊണ്ട് പാപം ചെയ്യുകയും എന്നാൽ പിന്നീട് പാപബോധം പിടികൂടുകയും ചെയ്യുന്ന യഥാർത്ഥ മനുഷ്യാവസ്ഥയുടെ നിഗൂഢ മാനസികവ്യാപാരങ്ങളെ, നീതീകരണങ്ങളെ, സംഘർഷങ്ങളെ അതിന്റെ സെല്ലുലോയ്ഡ് ആഖ്യാനങ്ങളായി ഓരോ സിനിമയിലും ജോർജ് അവതരിപ്പിച്ചു. ഓരോരുത്തരുടേയും ഉള്ളിലെ പാപികളെ അവരവർക്ക് കണ്ണാടി പിടിച്ച് കാണിച്ചുകൊടുക്കുന്ന സിനിമാറ്റിക് ഇടപാടാണത്.
ബന്ധങ്ങളുടെ കെട്ടുറപ്പുകഥയിലും ഉപരിതല സ്നേഹഗന്ധങ്ങളിലും കാൽപനിക മനോഹാരിതകളിലും അഭിരമിച്ചിരുന്ന മലയാള സിനിമയിലെ കുടുംബവ്യവസ്ഥാഖ്യാനത്തിലേക്ക് പരിചിതമല്ലാത്ത റിയലിസത്തിന്റെ ഡൈനാമിറ്റ് പൊട്ടിച്ചെറിഞ്ഞാണ് കെ.ജി. ജോർജ് കടന്നുവന്നത് എന്നുകാണാം.
ഓരോ സിനിമയും വ്യത്യസ്തങ്ങളായ കഥകളായി, അതുവരെ കണ്ടിട്ടില്ലാത്ത പ്രദേശങ്ങളായി വിഷ്വലുകളായി നിറഞ്ഞു. മനുഷ്യന്റെ കോംപ്ലക്സിറ്റിയിലാണ് ജോർജ് ഊന്നാൻ ശ്രമിച്ചത്. അദ്ദേഹത്തിന്റെ സിനിമകളുടെ നിഗൂഢസൗന്ദര്യവും അതായിരുന്നു. ബന്ധങ്ങളിലെ സ്നേഹാഖ്യാനങ്ങളെ വകഞ്ഞുമാറ്റിയപ്പോൾ പകയും ആസക്തിയും നിറഞ്ഞ മനുഷ്യമനസ്സുകളായി മിക്ക കെ.ജി.ജോർജ് കഥാപാത്രങ്ങളും പ്രേക്ഷകന് മുന്നിൽ വെളിപ്പെട്ടു. മലയാളീ മദ്യവർഗ ഭവനങ്ങളിലെ കിടപ്പുമുറികളിലും ഊൺമേശകളിലേയും ജീവിതാവസ്ഥകളിൽ സ്നേഹവും പരിഭവവും മാത്രമല്ല ആ ഊണുമേശകളിൽ കൗര്യവും പകയും രതിവാഞ്ചനകളും അതിമോഹങ്ങളും സ്വാർത്ഥകളും കൂടി വിളമ്പാറുണ്ടെന്ന യാഥാർഥ്യമാണ് കെ.ജി. ജോർജിയൻ സിനിമകളുടെ സൈക്കോളജിക്കൽ നരേറ്റീവ്.
നാട്ടിൻപുറം നന്മകളാൽ സമൃദ്ധമാണെന്ന കാൽപനിക തോന്നലിനെ അടിമുടി ഡികൺസ്ട്രക്ട് ചെയ്യുന്നുണ്ട് കോലങ്ങൾ അടക്കമുള്ള ചിത്രങ്ങളിലൂടെ സംവിധായകൻ. സ്നേഹത്തിനൊപ്പം തന്നെ വിരിയുന്ന പകയും അസൂയയും ആസക്തിയും സ്വാർത്ഥതയുമുള്ള യഥാർത്ഥ മനുഷ്യന്റെ ഫിലിം നരേറ്റീവ് അനാട്ടമികളാണ് ഇരകളും സ്വപ്നാടനവും ആദാമിന്റെ വാരിയെല്ലും കോലങ്ങളും യവനികയും ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, മറ്റൊരാൾ അടക്കമുള്ള സിനിമകൾ. സ്വഭാവം കൊണ്ട് നഗ്നരായ മനുഷ്യരെ, പാപികളെ, അവരുടെ ആസക്തലോകങ്ങളെ, ഒരുപക്ഷേ കണ്ണാടിയുടെ മുന്നിലെന്ന പോലെയും പ്രേക്ഷകന് അദ്ദേഹം കാണിച്ചുതന്നു. സറ്റയർ അതിഗംഭീരമായി പഞ്ചവടിപ്പാലത്തിലവതരിപ്പിച്ചു. യവനിക പോലൊരു സിനിമയിലൂടെ മനോഹരമായി പ്രേമവും സംഗീതവും നാടകീയതയുമുള്ള ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറും മലയാളത്തിന് കാണിച്ചുതന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലൂടെ കടന്നുവന്നയാൾ സ്വാഭാവികമായും ലോകസിനിമയുടെ ആരാധകനാണ്, അതേസമയം സത്യജിത് റേയുടെ സിനിമകൾ തന്റെ ഏറെ സ്വാധീനിച്ചുവെന്നും അപരാജിതോ കണ്ട് കരഞ്ഞിട്ടുണ്ടെന്നും കെ.ജി. ജോർജ് പറഞ്ഞിട്ടുമുണ്ട്.
സ്ത്രീകളെ ഇത്രയും വ്യതിരിക്തതയോടെയും ശക്തമായും അവതരിപ്പിച്ചത് കെ.ജി. ജോർജിന് ശേഷം ഒരുപക്ഷേ പത്മരാജൻ മാത്രമായിരിക്കും എന്ന് തോന്നുന്നു, മലയാള സിനിമയിൽ. കെ.ജി.ജോർജിന്റെ പെണ്ണുങ്ങൾ അതുവരെ കണ്ട രൂപങ്ങളോ സ്വഭാവങ്ങളോ അല്ല പ്രകടിപ്പിച്ചതായി കാണാം. മധ്യതിരുവിതാംകൂറിലെ സമ്പന്ന- ഇടത്തരം കുടുംബങ്ങളും അവരുടെ വിശ്വാസ-നിരാസങ്ങളും വെട്ടിപ്പിടിക്കാനുള്ള വെമ്പലുകളുമെല്ലാം അവതരിപ്പിച്ച രീതിയുടെ വ്യത്യസ്ത കൊണ്ട് അന്നത്തെ മലയാളീ പ്രേക്ഷകന് പുതുമയുള്ളതായിരുന്നു. അക്കാലത്തെ പ്രേക്ഷകന് ഉൾക്കൊള്ളാനാവുമോ എന്ന് സംശയം തോന്നിപ്പോകുന്ന പ്രമേയാവതരണം നടത്തിയിട്ടും വലിയ ഹിറ്റുകളായി പല സിനിമകളും മാറി. പലതും പരീക്ഷണങ്ങളായി, ചിലത് പരാജയപ്പെട്ടു. പക്ഷേ മലയാളത്തിൽ ഇത്രമേൽ വ്യത്യസ്തമായ പ്രമേയങ്ങൾ അവതരിപ്പിച്ച മറ്റൊരു സംവിധായകനില്ല എന്ന് ഉറപ്പിച്ച് പറയാനാകും. അവതരണശൈലിയിലും പുതുമകൾ പരീക്ഷിച്ചു.
അതുകൊണ്ടായിരിക്കാം പിന്നീടുള്ള തലമുറകളിലെ പല സിനിമപ്രവർത്തകരുടേയും ഇഷ്ട സംവിധായകനും സിനിമകളിലും കേറി വരുന്ന ആദ്യ നാമം കെ.ജി. ജോർജാണ്. പിന്നീട് മാത്രമേ മറ്റ് സംവിധായകരിലേക്ക് അവരെത്തുകയുള്ളൂ. ഛായാഗ്രാഹകൻ വേണു, രാജീവ് രവി, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിക് അബു, അമൽ നീരദ് തുടങ്ങിയവരെല്ലാം അവരുടെ ഇഷ്ടപ്പെട്ട മലയാള സംവിധായകനെ ചൂണ്ടിക്കാണിക്കുന്നത് കെ.ജി. ജോർജിലാണെന്ന് അദ്ദേഹത്തിലെ പരീക്ഷണ പ്രിയനോടുണ്ടായ ഇഷ്ടം കൊണ്ടാകാം.
നായകനൊന്നുമല്ലെങ്കിലും മമ്മൂട്ടി ശ്രദ്ധിക്കപ്പെട്ട ആദ്യചിത്രം കെ.ജി. ജോർജ് സിനിമയാണ്, മേള. ഈ സിനിമയിലൂടെ വ്യത്യസ്തമായ കഥാപാത്രലോകമാണ് അദ്ദേഹം അവതരിപ്പിച്ചത്. മഹാനഗരം പോലൊരു പക്കാ കമേഴ്സ്യല് ഹിറ്റ് സിനിമയുടെ നിർമ്മാതാവായും കെ.ജി. ജോർജിനെ പിന്നീട് കാണുകയുണ്ടായി. മിക്ക സംവിധായകരും വീടിന് പുറത്തെ സംഘര്ഷങ്ങളെയും അതീജിവനത്തേയും കൂടുതലായി അവതരിപ്പിച്ചപ്പോൾ ജോർജിലെ സംവിധായകൻ മനുഷ്യന്റെ ഉള്ളിലേക്ക് മനശാസ്ത്രപരമായി ശ്രദ്ധ പതിപ്പിച്ചുവെന്നതാണ് സത്യം. മഹാനായ ആ കലാകാരന് വിട.