സഖാവ് സീതാറാം യെച്ചൂരി ഇന്ത്യയെന്ന ആശയത്തിൻ്റെയും മതനിരപേക്ഷ ജനാധിപത്യ ഘടനയുടെയും നിലനില്പിന് അശ്രാന്തം പ്രവർത്തിച്ച ധിഷണാശാലിയായ കമ്യൂണിസ്റ്റ് നേതാവായിരുന്നു. രാജ്യവും ജനാധിപത്യപ്രസ്ഥാനങ്ങളും അതീവ ഗുരുതരമായൊരു ചരിത്രസന്ധിയിലൂടെ കടന്നുപോകുന്ന സന്ദർഭത്തിലാണ് യെച്ചൂരിയുടെ വേർപാടുണ്ടായിരിക്കുന്നത്.
ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇടതുപക്ഷ പ്രസ്ഥാനവും നേരിടുന്ന പ്രതിസന്ധികളെ മറികടക്കാനും ഹിന്ദുത്വ രാഷ്ട്രീയവും കോർപ്പറേറ്റ് മൂലധനാധിപത്യവും ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനും യെച്ചൂരിയെ പോലെ പ്രതിഭാധനനും ജനകീയനുമായ ഒരു നേതാവിൻ്റെ അഭാവം പുരോഗമന ശക്തികൾക്കാകെ വലിയ വൈഷമ്യങ്ങളുണ്ടാക്കുന്നതാണ്.
സീതാറാം യെച്ചൂരി ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ സാർവ്വദേശീയമുഖം കൂടിയാണ്. 1970-കളിലെ പ്രക്ഷുബ്ധമായ രാഷ്ടീയ സാഹചര്യങ്ങളിൽ നിന്നാണ് വിദ്യാർത്ഥിയായ യെച്ചൂരി സി.പി.ഐ- എം നേതൃനിരയിലേക്ക് കടന്നുവരുന്നത്. അടിയന്തരാവസ്ഥക്കെതിരെ ജെ.എൻ.യുവിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെയും ജനാധിപത്യ മുന്നേറ്റങ്ങളുടെയും ചരിത്രഗതിയിലാണ് യെച്ചൂരി രാജ്യം ശ്രദ്ധിക്കുന്ന രാഷ്ട്രീയ നേതാവായി ഉയർന്നുവന്നത്. 1977- ൽ വിദ്യാർത്ഥിസമരം നയിച്ച്, ഇന്ദിരാഗാന്ധിയുടെ മുഖത്തുനോക്കി, അവരോട് സർവ്വകലാശാല ചാൻസലർ സ്ഥാനം രാജിവെക്കാനാവശ്യപ്പെട്ട വിപ്ലവധീരതയായിരുന്നു യെച്ചൂരി. പിൽക്കാലത്ത് സി പി ഐ- എമ്മിൻ്റെ സൈദ്ധാന്തിക രാഷ്ട്രീയ നേതൃത്വത്തിലേക്കെത്തിയ യെച്ചൂരി, ജ്യോതിബസുവിൻ്റെയും സുർജിതിൻ്റെയും ഇ എം എസിൻ്റെയും ഒന്നിച്ചുള്ള പ്രവർത്തനങ്ങളിലൂടെയാണ് ദേശീയ രാഷ്ട്രീയത്തിലെ സൂര്യശോഭയായി ഉയർന്നത്.
ലോകം ശ്രദ്ധിക്കുന്ന ഈ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്, സോവിയറ്റ് യൂണിയന്റെ തകർച്ചക്കുശേഷം ശീതയുദ്ധാനന്തര ലോകത്തിലെ അധിനിവേശ പ്രവണതകളെയും അതിനെതിരായി വളർന്നു വരുന്ന സാമ്രാജ്യത്വവിരുദ്ധ ദേശീയതകളെയും സോഷ്യലിസത്തിന്റെ ഭാവിയെയും സംബന്ധിച്ച് നിരന്തരം എഴുതുകയും സംസാരിക്കുകയും ചെയ്തു. സോവിയറ്റ് തകർച്ചക്കുശേഷമുള്ള നിരാശാജനകമായ സാഹചര്യങ്ങളെ, ശുഭാപ്തി വിശ്വാസത്തോടെ അതിജീവിക്കാനുള്ള സൈദ്ധാന്തിക രാഷ്ട്രീയാന്വേഷണങ്ങളാണ് യെച്ചൂരിയുടെ തലമുറ ഇ എം എസിൻ്റെയും സുർജിതിൻ്റെയുമൊക്കെ നേതൃത്വത്തിൽ നിർവഹിച്ചത്. സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും അടിസ്ഥാന നിലപാടുകളിൽ ഉറച്ചുനിന്ന് സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും തകർച്ചയുടെ കാരണങ്ങളെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായി വിശകലനം ചെയ്യുകയും സാർവദേശീയ തൊഴിലാളി - കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കൂട്ടായ്മയ്ക്ക് വേണ്ടി മുൻകൈ എടുക്കുകയും ചെയ്തു.
തൊണ്ണുറുകളോടെ സി പി ഐ- എം കേന്ദ്ര കമ്മിറ്റിയുടെ സാർവ ദേശീയ ബന്ധങ്ങളുടെ ചുമതല നിർവഹിച്ചിരുന്നത് സഖാവ് യെച്ചൂരിയായിരുന്നു. 2015-ൽ അദ്ദേഹത്തെ ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുത്ത വിശാഖപട്ടണം പാർട്ടി കോൺഗ്രസ്സുവരെ ആദ്ദേഹത്തിൽ തന്നെയായിരുന്നു ആ ഉത്തരവാദിത്വം നിക്ഷിപ്തമായിരുന്നത്. ഇപ്പോൾ പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ സാർവ്വദേശീയ ബന്ധങ്ങളുടെ ചുമതല എം.എ. ബേബിക്കാണ്.
1977- ൽ വിദ്യാർത്ഥിസമരം നയിച്ച്, ഇന്ദിരാഗാന്ധിയുടെ മുഖത്തുനോക്കി, അവരോട് സർവ്വകലാശാല ചാൻസലർ സ്ഥാനം രാജിവെക്കാനാവശ്യപ്പെട്ട വിപ്ലവധീരതയായിരുന്നു യെച്ചൂരി.
ശീതയുദ്ധാനന്തര ലോകത്തെ ശാക്തിക ബന്ധങ്ങളെയും ആഗോളവൽക്കരണം സൃഷ്ടിക്കുന്ന ദേശരാഷ്ട്രങ്ങളുടെ അപദേശീയ വൽക്കരണത്തെയും സാമ്പത്തിക ഉദാരവൽക്കരണവും സ്വകാര്യവൽക്കരണവും ജനജീവിതത്തിൽ സൃഷ്ടിക്കുന്ന ആഘാതങ്ങളെയും സംബന്ധിച്ച് അദ്ദേഹം നിരന്തരം എഴുതികൊണ്ടിരുന്നു. ദേശീയ രാഷ്ട്രീയത്തോടൊപ്പം സാർവ്വദേശീയ സംഭവഗതികളും തുടർച്ചയായി യെച്ചൂരി തൻ്റെ പത്രപംക്തികളിൽ എഴുതിക്കൊണ്ടിരുന്നു.
സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും പതനത്തിനുശേഷം സോഷ്യലിസത്തിന്റെ ഭാവിയെ സംബന്ധിച്ച്, ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അന്വേഷണങ്ങളിൽ നിർണ്ണായക സംഭാവന ചെയ്ത പാർട്ടിയായിരുന്നു സി. പി. ഐ- എം. അതിൽ ഇ. എം. എസ് ഉൾപ്പെടെയുള്ള മുതിർന്ന സൈദ്ധാന്തിക നേതാക്കൾക്കൊപ്പം പ്രധാന പങ്കു വഹിച്ചത് പ്രകാശ് കാരാട്ടും യെച്ചൂരിയുമായിരുന്നു. ഈ ഒരു അന്വേഷണങ്ങളുടെയും സൈദ്ധാന്തിക തിരിച്ചറിവുകളുടെയും അടിസ്ഥാനത്തിലാണ് സി പി ഐ- എമ്മിന്റെ മദ്രാസിൽ നടന്ന 14ാം പാർട്ടി കോൺഗ്രസ് പാർട്ടിയുടെ വിപ്ലവപരിപാടി ഭേദഗതി ചെയ്യാൻ തീരുമാനമെടുത്തത്. അതിനായി 2000- ൽ തിരുവനന്തപുരത്ത് ചേർന്ന പ്രത്യേക സമ്മേളനം കാലോചിതമാക്കിയ പാർട്ടിപരിപാടിയുടെ നിർമ്മിതിയിൽ പ്രധാന പങ്കാണ് യെച്ചൂരിയുൾപ്പെടെയുള്ള നേതാക്കൾ വഹിച്ചത്.
സോവിയറ്റ് മാതൃകയിലുള്ള സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ പതനത്തിലേക്ക് എത്തിച്ച രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിരവധി വിഷയങ്ങൾ വിശദീകരിച്ചുകൊണ്ട് പിൽക്കാലത്ത് യെച്ചൂരി നടത്തിയ പ്രസംഗങ്ങളും എഴുത്തുകളും സുപ്രധാനങ്ങളായ സൈദ്ധാന്തിക തിരിച്ചറിവുകളുടെ അടിവരയിടലായിരുന്നു. പാർട്ടിയും സർക്കാരും, ജനങ്ങളും പാർട്ടിയും തുടങ്ങിയവ തമ്മിലുള്ള ബന്ധങ്ങളുടെയും പ്രതിപ്രവർത്തനങ്ങളുടെയും ജനാധിപത്യരാഹിത്യം സോവിയറ്റ് യൂണിയന്റെ തിരിച്ചടികളുടെയും തകർച്ചയുടെയും കാരണങ്ങളിൽ പ്രധാനമായിരുന്നു. ജനാധിപത്യമില്ലാതെ സോഷ്യലിസ്റ്റ് നിർമ്മിതി മുന്നോട്ട് കൊണ്ടു പോകാനാവില്ലെന്ന ലെനിന്റെ പാഠങ്ങളുടെ നിരാകരണം സോവിയറ്റ് തകർച്ചയ്ക്ക് പ്രധാന കാരണമായിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യവും കമ്മ്യൂണിസ്റ്റിതര കക്ഷികളുടെ പ്രവർത്തന സ്വാതന്ത്ര്യമില്ലായ്മയും ഉൾപ്പെടെയുള്ള സ്വേച്ഛാധികാര പ്രവണതകൾ സ്റ്റാലിനിസ്റ്റ് അതിക്രമങ്ങളിലേക്ക് സോവിയറ്റ് യൂണിയനെ എത്തിച്ചു. ക്രൂഷ്ചേവിനെ തുടർന്ന് സോഷ്യലിസ്റ്റ് നിർമ്മാണത്തിൻ്റെ വർഗപരമായ വീക്ഷണങ്ങൾ കയ്യൊഴിഞ്ഞ് വർഗസഹകരണത്തിൻ്റെയും സാമ്രാജ്യത്വ സഹവർത്തിത്വത്തിൻ്റെയും നിയോ റി വിഷണലിസ്റ്റ് നിലപാടുകളിലേക്ക് സോവിയറ്റ് പാർട്ടിയും ഭരണകൂടവും വ്യതിചലിച്ചു.
സോവിയറ്റ് പ്രതിസന്ധിയുടെയും തകർച്ചയുടെയും കാരണങ്ങളെ സോഷ്യലിസ്റ്റ് നിർമ്മിതിയെയും സാമൂഹ്യ വികാസ പ്രക്രിയകളെയും സംബന്ധിച്ച ശരിയായ മാർക്സിസ്റ്റ് പാഠങ്ങളിൽ നിന്ന് വിശകലനം ചെയ്യാനാണ് യെച്ചൂരി ഉൾപ്പെടെയുള്ള സി പി ഐ- എം നേതാക്കൾ ശ്രദ്ധിച്ചത്. സോഷ്യലിസം മുതലാളിത്തത്തിൽ നിന്ന് കമ്മ്യൂണിസത്തിലേക്കുള്ള പരിവർത്തന കാലഘട്ടമാണെന്നും ഉൽപ്പാദന ശക്തികളെ വികസിപ്പിക്കാതെ സോഷ്യലിസ്റ്റ് രാജ്യങ്ങൾക്ക് മുതലാളിത്ത സമ്പദ്ഘടനയുമായി മത്സരിക്കാനും സോഷ്യലിസ്റ്റ് നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാനും കഴിയില്ലെന്നുമുള്ള മാർക്സിസ്റ്റ് പാഠങ്ങളെ സോവിയറ്റ് സോഷ്യലിസ്റ്റ് ബ്ലോക്ക് ഗൗരവമായി കണ്ടില്ല.
‘ഗോഥ പരിപാടിയുടെ വിമർശനം’ എന്ന കൃതിയിലൂടെ സോഷ്യലിസത്തെയും കമ്മ്യൂണിസത്തെയും സംബന്ധിച്ച ശരിയായ സമീപനങ്ങളിൽ നിന്നുള്ള സൈദ്ധാന്തിക ധാരണകളായിരുന്നു സി പി ഐ- എമ്മിൻ്റെ പുതുക്കിയ പാർട്ടിപരിപാടിക്ക് ആധാരമായിരുന്നത്.
ലോകമെമ്പാടുമുള്ള വിമോചന പോരാട്ടങ്ങളോടും സോഷ്യലിസത്തിനും കമ്യൂണിസത്തിനും വേണ്ടി നിലകൊള്ളുന്ന പാർട്ടികളോടും സഹകരണവും ഐക്യവുമുണ്ടാക്കി നവലിബറൽ ലോക ക്രമമുയർത്തുന്ന വെല്ലുവിളികളെ മറികടക്കാനും സാമ്രാജ്യത്വത്തെയും യുദ്ധങ്ങളെയും പ്രതിരോധിക്കാനുമുള്ള സാർവ്വദേശീയ മുൻകൈകൾ എടുക്കാൻ സി പി ഐ- എമ്മിനെ പ്രാപ്തമാക്കുന്നതിൽ പ്രധാന പങ്ക് യെച്ചൂരിക്കുണ്ട്.
സോവിയറ്റ് പ്രതിസന്ധിയുടെയും തകർച്ചയുടെയും കാരണങ്ങളെ സോഷ്യലിസ്റ്റ് നിർമ്മിതിയെയും സാമൂഹ്യ വികാസ പ്രക്രിയകളെയും സംബന്ധിച്ച ശരിയായ മാർക്സിസ്റ്റ് പാഠങ്ങളിൽ നിന്ന് വിശകലനം ചെയ്യാനാണ് യെച്ചൂരി ഉൾപ്പെടെയുള്ള സി പി ഐ- എം നേതാക്കൾ ശ്രദ്ധിച്ചത്.
ഇന്ത്യയിലെ ജനകീയ സമരങ്ങളെ ലോക സംഭവങ്ങളുടെ അടിസ്ഥാനത്തിലും അവയുടെ ബന്ധങ്ങളെയും മാറ്റങ്ങളെയും മുൻനിർത്തിയും വിശകലനം ചെയ്യാനുള്ള അസാമാന്യ പാടവം യെച്ചൂരിക്കുണ്ടായിരുന്നു. ആഫ്രിക്ക മുതൽ അമേരിക്ക വരെയും മധ്യപൂർവ, ഏഷ്യൻ രാജ്യങ്ങളിലെയും തൊഴിലാളി സമരങ്ങൾക്കും മർദ്ദിത ജനസമൂഹങ്ങളുടെ വിമോചനത്തിനും സ്വയംനിർണ്ണയനത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾക്കും ഒപ്പം സഞ്ചരിച്ച ഒരാളായിരുന്നു യെച്ചൂരി. ലോക ജനതയുടെ ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾക്കൊപ്പം സഞ്ചരിച്ച ധിഷണാശാലിയായ ഇന്ത്യൻ കമ്യൂണിസ്റ്റ്.
18ാം ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളെ കൂടി വിശകലനം ചെയത് സി പി ഐ- എം പുതിയ നയരൂപീകരണത്തിലേക്കുള്ള രാഷ്ട്രീയ സംഘടനാ പ്രക്രിയകളിലൂടെ കടന്നുപോകുന്ന സന്ദർത്തിലാണ് യെച്ചൂരി വിട്ടുപോയത്. ആ വിയോഗം ലോക തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിനും ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടി നിലകൊള്ളുന്നവർക്ക് തീരാനഷ്ടമാണ്.