2025 ഏപ്രിൽ 2 ന് മഹാപണ്ഡിതനും, ഗവേഷകനുമായ ടി.ബി. വേണുഗോപാലപ്പണിയ്ക്കർ, തന്നെ സ്നേഹിച്ചവരെയെല്ലാം അഗാധ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്, വിട പറഞ്ഞു. അദ്ദേഹത്തിന്റെ പൊതുപ്രകൃതം അറിയാവുന്ന ഒരാൾ ഒരു ചരമക്കുറിപ്പിന്റെ ഇത്തരമൊരു ആമുഖ വാക്യം എഴുതാൻ അല്പം ഒന്നു മടിയ്ക്കും. തന്നെക്കുറിച്ച് ഒരാൾ എഴുതുന്ന ഇത്തരമൊരു വാക്യത്തിലെ വിശേഷണ പദങ്ങളെ അത്രയേറെ നിർലേപത്വത്തോടെയും, നിർമ്മമതയോടെയും അല്പമൊരു നർമ്മത്തോടെയും നിരീക്ഷിച്ച് ആ മുഖത്തു വിടരുന്ന ചിരിയെ അയാൾ തീർച്ചയായും അപ്പോൾ മനസ്സിൽ കാണുന്നുണ്ടാകും. വേണുഗോപാലപ്പണിയ്ക്കർക്ക് ഒരല്പം സിനിസിസം ഉണ്ടായിരുന്നു എന്ന് എനിയ്ക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. നർമ്മത്തിന്റെ രൂപത്തിൽ പ്രകടമാകുന്ന ഒരു തരം സിനിസിസം. എന്നാൽ ആ ചിരിയെ മനസ്സിൽ കണ്ട് എനിയും നമുക്കത് പറയാതിരുന്നു കൂട. മരണാനന്തരം അദ്ദേഹത്തെ കുറിച്ച് കെ.എം. നരേന്ദ്രൻ എഴുതിയതുതന്നെ ശരി; ‘‘സമീപകാലത്ത് നമുക്കിടയിൽ നാം കണ്ട ഏറ്റവും നിശിതമായ ധിഷണ".
എ.ആർ. രാജരാജവർമ്മയുടെയും എൽ.വി. രാമസ്വാമി അയ്യരുടെയും ഗോദവർമ്മയുടെയും സി.എൽ. ആൻ്റണിയുടെയും ഡോ. കെ.എൻ. എഴുത്തച്ഛന്റെയും എൻ.വി. കൃഷ്ണവാരിയരുടെയും എം.പി. ശങ്കുണ്ണിനായരുടെയും നിരയിൽ നിൽക്കാൻ മാത്രം ധിഷണാശാലിയായ ഒരാൾ. "എന്റെ ഭാഷ ഞാൻ തന്നെയാണ്" എന്ന് എം.ടി. എഴുതിയ പ്രതിജ്ഞാവാക്യത്തിന്റെ അവസാനവാക്യം അന്വർത്ഥമാക്കിയ ധിഷണാശാലി. തന്റെ ചിന്തയും തന്റെ സംസ്കാരവും, തന്റെ ബോധാബോധവിവേകവും, തന്റെ ഞരമ്പിലെ ചോരയിൽ വാസനയായി ഊറുന്ന അഹന്തയും എല്ലാം തന്റെ ഭാഷ നല്കുന്ന പൈതൃകസാരമെന്ന് അഭിമാനിച്ച മനുഷ്യൻ.

ഭാഷ, മനുഷ്യവൃത്തിയുടെ സാകല്യവുമായി ബന്ധപ്പെട്ടതാണ് എന്ന് ജീവിതത്തിലുടനീളം വിശ്വസിച്ച് പ്രവർത്തിച്ച ഒരാൾ. വേണു സാറിനെ ഭാഷയുടെയും ഭാഷാശാസ്ത്രത്തിന്റെയും മേഖലയിൽ പരിമിതപ്പെടുത്താൻ പലരും മുതിരാറുണ്ട്. എന്നാൽ വൈജ്ഞാനികമേഖലയുടെ വിവിധ തലങ്ങളിൽ കൗതുകപൂർവം അലഞ്ഞ ഒരു ധിഷണയായിരുന്നു അത്. അങ്ങനെയുള്ള ഒരു ധിഷണയുടെ തിരോധാനം എന്തു വലിയ ശൂന്യതയാണ് സൃഷ്ടിയ്ക്കുന്നത് എന്ന് മലയാളം, ഇന്നത്തെ അവസ്ഥയിൽ, തിരിച്ചറിഞ്ഞ് ദുഃഖിയ്ക്കാൻ ഏറെ നാളുകൾ എടുത്തേയ്ക്കും. ഗൌരവമേറിയതെന്തും അസ്വീകാര്യം എന്നതാണ് വർത്തമാനകാലത്തിന്റെ സ്വഭാവം.
ഗവേഷണ വഴികളിൽ തടസ്സം സൃഷ്ടിയ്ക്കാതെ സ്വതന്ത്രമായി മുന്നോട്ടുപോകാൻ, എന്നാൽ ആവശ്യമുള്ളപ്പോഴൊക്കെ ഔചിത്യത്തോടെ ഇടപെടാൻ, അദ്ദേഹം ശ്രദ്ധിച്ചു.
ഒരുപക്ഷെ പലർക്കും അഭിമാനിയ്ക്കാൻ അവകാശമുള്ളതുപോലെ, അദ്ദേഹവുമായി അത്ര അടുത്ത സൗഹൃദബന്ധം അവസാന കാലം വരെ സൂക്ഷിക്കാൻ കഴിഞ്ഞ ഒരു വ്യക്തിയല്ല ഞാൻ. അതിനുള്ള അവസരം ഒരു പാട് ഉണ്ടായിട്ടുപോലും, ആ ജ്ഞാനതൃഷ്ണയുടെ മുൻപിൽ ബഹുമാനപുരസ്സരം മാറിനില്ക്കാനാണ് ഞാൻ ഏറെയും ശ്രമിച്ചത്. എന്നാൽ എന്റെ സമീപനശൈലികളെയും, ചിന്തകളെയും സവിശേഷമാം വിധം സ്വാധീനിയ്ക്കാൻ കഴിഞ്ഞ ഒരു വ്യക്തിയായിരുന്നു വേണുഗോപാലപ്പണിക്കർ എന്ന് ഞാൻ ഉറച്ചുവിശ്വസിയ്ക്കുന്നു.
എന്നെക്കാൾ രണ്ടു ബാച്ച് സീനിയറായിരുന്നു എം.എയ്ക്ക് പഠിയ്ക്കുന്ന കാലത്ത് അദ്ദേഹം. അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജിൽ, ഞാൻ തൃശൂരിൽ കേരളവർമ്മ കോളേജിലും. ബിരുദ പഠന കാലത്ത് അദ്ദേഹം പഠിച്ചത് ഭൗതികശാസ്ത്രവും ഞാൻ രസതന്ത്രവും. എം.എക്ക് പഠിക്കുന്ന കാലത്തുതന്നെ പ്രമുഖ ഭാഷാശാസ്ത്രജ്ഞനും വൈയാകരണനുമായ പ്രൊ. സി.എൽ. ആൻ്റണിയുടെ പ്രിയശിഷ്യൻ. ഭാഷാശാസ്ത്രത്തിലെ താൽപര്യം പിന്നെ അണ്ണാമലൈ സർവകലാശാലയിൽ ഭാഷാശാസ്ത്രത്തിലുള്ള രണ്ടാം ബിരുദാനന്തര ബിരുദത്തിൽ പ്രശംസനീയമാം വിധം കലാശിക്കുകയും ചെയ്തു. ഈ താല്പര്യം ഒരു തപസ്യയായി ജീവിതത്തിലുട നീളം കൊണ്ടു നടക്കുകയും ചെയ്തു അദ്ദേഹം. അതിന്റെ വിശദാംശങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നില്ല.

ഞാൻ അദ്ദേഹത്തിന്റെ കീഴിൽ ഒരു ഗവേഷണ വിദ്യാർത്ഥിയായിരുന്നു. വളരെ അലസമായും, അലംഭാവപൂർണമായും ഗവേഷണത്തെ കണ്ട ഒരു വിദ്യാർത്ഥി എന്നു പോലും വേണമെങ്കിൽ പറയാം. പണിയ്ക്കർക്ക് പ്രിയപ്പെട്ട ആൻ്റണി മാസ്റ്റരുടെ കൂടെയായിരുന്നു എന്റെ ഗവേഷണത്തുടക്കം. കൃഷ്ണഗാഥയിലെ ക്രിയാധാതുക്കളെ ക്കുറിച്ചുള്ള ഒരന്വേഷണത്തിലൂടെ കൃഷ്ണഗാഥയുടെ പ്രഹേളികാ സ്വഭാവത്തിന് ഒരു ഉത്തരം കണ്ടെത്താൻ കഴിയുമോ എന്ന ചിന്തയായിരുന്നു ആൻ്റണി മാസ്റ്റർ അന്ന് ചോദിച്ചത്. ആൻ്റണിമാഷടെ നിര്യാണത്തോടെ ആ ഗവേഷണം വഴിമുട്ടി. രജിസ്ട്രേഷൻ പോലും ആകാതെ. അങ്ങിനെ മുടങ്ങിയും, മുടന്തിയും പോയ ഗവേഷണം വേണുസാറിന് മുന്നിലെത്തി. അദ്ദേഹം എനിയ്ക്ക് നിർദ്ദേശിച്ച വിഷയം തൈത്തരീയ പ്രാതിശാഖ്യത്തെക്കുറിച്ചുള്ള ഒരു പഠനമായിരുന്നു. പക്ഷെ ഭാഷാശാസ്ത്രം അപ്പോഴേയ്ക്കും എനിയ്ക്ക് അന്യമായിത്തുടങ്ങിയിരുന്നു. ഞാൻ കണ്ടൈത്തിയ വിഷയത്തെക്കുറിച്ച് വേണു സാറിന് വലിയ മതിപ്പൊന്നും തോന്നിയിരിക്കാനിടയില്ല. എന്നാൽ ഒരു വിധത്തിലും ഗവേഷണ വഴികളിൽ തടസ്സം സൃഷ്ടിയ്ക്കാതെ സ്വതന്ത്രമായി മുന്നോട്ടുപോകാൻ, എന്നാൽ ആവശ്യമുള്ളപ്പോഴൊക്കെ ഔചിത്യത്തോടെ ഇടപെടാൻ, അദ്ദേഹം ശ്രദ്ധിച്ചു. ഞങ്ങളുടെ സുഹൃദ് മണ്ഡലത്തിലെ പ്രൊ. പി.എൻ. ഗണേശൻ പറയും പോലെ ഒരു സംശയത്തിന് നിശ്ചിതമായ ഒരു ഉത്തരം നല്കുക എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ രീതി, പകരം അത്തരം ഒരു ഉത്തരത്തിൽ എത്തിച്ചേരാൻ ഉപയുക്തമായ ഒരു രീതിശാസ്ത്രം, ചിലപ്പോൾ ഒന്നിലേറെ രീതിശാസ്ത്രങ്ങൾ നിർദ്ധാരണം ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. പ്രൊ. സി.എൽ. ആൻ്റണിയുടെ അദ്ധ്യാപന ശൈലിയെക്കുറിച്ച് പണിയ്ക്കർ ഇങ്ങനെ എഴുതിയിട്ടുണ്ട്.

‘‘അവസാന തീർപ്പുകളിൽ എത്തിയാലും ഇല്ലെങ്കിലും അന്വേഷണ തൃഷ്ണ കെടാതെ നിർത്തുക അത്യാവശ്യമാണ് എന്ന് ശിഷ്യരെ അദ്ദേഹം എന്നും ഓർമ്മിപ്പിച്ചു. ചിന്തയുടെ പിൻതാങ്ങോടെയുള്ള എല്ലാ വിധത്തിലുമുള്ള ചോദ്യം ചെയ്യലും സ്വാഗതാർഹമായി കരുതി. അത്തരം കുരുത്തക്കേടുകൾ ഒരിയ്ക്കലും നിരോധിച്ചിരുന്നില്ല. ക്ലാസുകൾ ചർച്ചാവേദിയായി’’. ഇതൊക്കെ വേണു സാറിനെക്കുറിച്ചും പറയാവുന്നതു തന്നെ. അങ്ങനെ വരുമ്പോൾ എത്തിച്ചേർന്ന ഉത്തരത്തിന്റെ ഉത്തരവാദിത്തം അന്വേഷകനു തന്നെ: ‘‘വഴി കാട്ടിയല്ല, ചെറുതുണമാത്രം’’ എന്ന വിനയമാണ് വേണു സാറിന്റെ മാർഗദർശനത്തിന്റെ മുഖമുദ്ര. അദ്ദേഹത്തിന്റെ ഭാഷാന്വേഷണം മലയാളത്തിൽ നിന്ന് തമിഴിലേയ്ക്കും അവിടെ നിന്ന് സംസകൃതത്തിലേയ്ക്കും പാലിയിലേയ്ക്കും വഴി നീണ്ടു പോയി. പലതരം പാരസ്പര്യങ്ങളെ നിർദ്ധാരണം ചെയ്തു. പാലിയോടുണ്ടായിരുന്ന സവിശേഷ അഭിനിവേശം ഒരു പക്ഷെ പലതരം വർത്തമാനകാല ഭാഷാ
മേധാവിത്വമോഹങ്ങൾക്കും മറുപടി നൽകാൻ പര്യാപ്തമാകുമായിരുന്നു. ചങ്ങമ്പുഴയുടെ യവനിക എന്ന ഖണ്ഡകാവ്യത്തിൽ ഒരിടത്ത് ‘‘വാക്ക്, വാക്ക്, അതേ വാക്കാണു സർവം’’ എന്നു പറയുന്നു. വാണി എന്ന് തന്റെ വീട്ടിനു പേരിട്ട വേണുസാറിന് ചേർന്നതാണ് ചങ്ങമ്പുഴയുടെ ആ പ്രസ്താവം ഭാഷയുടെ സൂക്ഷ്മതല രാഷ്ട്രീയവും അദ്ദേഹം കാണാതിരുന്നിട്ടില്ല. ചോംസ്കി യെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അന്വേഷണങ്ങൾ തന്നെ ഉദാഹരണം. അതെ, നമ്മുടെ കാലം കണ്ട നിശിതബുദ്ധിയോടെയുള്ള ജ്ഞാനാന്വേഷണം. അതിന്റെ പുരുഷരൂപമായിരുന്നുവേണു ഗോപാലപ്പണിക്കർ. ‘‘ശിഷ്യാദ് ഇച്ഛേത് പരാജയം’’ (ശിഷ്യനിൽനിന്ന് തോൽവി തേടിക്കൊള്ളുക) അദ്ദേഹം ചെയ്തു കാണിച്ചതും പ്രതീക്ഷിച്ചതും അതു മാത്രമായിരുന്നു എന്നതാണ് വേണുഗോപാലപ്പണിക്കരുടെ മഹത്വം.