പറയേണ്ട സമയത്ത് പറയേണ്ട രീതിയിൽ
പറയേണ്ടതെല്ലാം പറഞ്ഞുപോയ എം. കുഞ്ഞാമൻ

എം. കുഞ്ഞാമന്റെ ആശയങ്ങൾ പലതും ഉയരുന്നത് 'അഗോണിസ്റ്റിക്ക്' ചിന്താധാരകളെ പിൻപറ്റിയാണ്. വാഗ്വാദങ്ങളെ, മത്സരങ്ങളെ, പോരാട്ടങ്ങളെ മനുഷ്യവളർച്ചയ്ക്കും, നിലനിൽപ്പിനും ആവശ്യമായി കാണുന്ന  ചിന്താപരിസരം ഒരുപക്ഷെ മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നത് കുഞ്ഞാമനാകും. 

I am the connecting link between the old and the new. 
- Dr. M. Kunhaman. 

2021-ലാണ്, ലോകത്ത് പലയിടങ്ങളിൽ നടക്കുന്ന ആത്മഹത്യകളെക്കുറിച്ചുള്ള ഗവേഷണലേഖനങ്ങൾ 'Suicide' എന്ന പേരിൽ റോബർട്ട്. ഡബ്ല്യു. മോട്ട എഡിറ്റ് ചെയ്തു പുറത്തിറക്കുന്നത്. ഇന്ത്യൻ സമൂഹത്തിൽ വർധിച്ചുവരുന്ന കീഴാള ആത്മഹത്യകളെ കുറിച്ചുള്ള പഠനവും ഈ സമാഹാരത്തിലുണ്ട്. കീഴാള വിഭാഗത്തിലെ വിദ്യാർത്ഥികൾ, ഗവേഷകർ എന്നിങ്ങനെ നല്ലൊരു ശതമാനം യുവാക്കൾ ജാതി വിവേചനം മൂലം ആത്മഹത്യ ചെയ്യുന്നുവെന്നും, അത്തരം ആത്മഹത്യകളുടെ എണ്ണം അടുത്തിടെ വർധിക്കുകയാണെന്നും പഠനം കണ്ടെത്തുന്നു.

ആത്മഹത്യകൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല. അവക്ക് സാമൂഹിക - രാഷ്ട്രീയ തലങ്ങളുണ്ട്. ദർഖയിമിന്റെ ആത്മഹത്യകളെക്കുറിച്ചുള്ള ക്ലാസിക് പഠനത്തിൽ എല്ലാ ആത്മഹത്യകൾക്കും സാമൂഹിക കാരണമുണ്ടെന്ന് വാദിക്കുന്നു. എം. കുഞ്ഞാമന്റെ ആത്മഹത്യയും വ്യത്യസ്തമല്ല. അദ്ദേഹത്തിന്റെ  മരണവാർത്ത അറിഞ്ഞപ്പോൾ ആദ്യം മനസ്സിൽ  തെളിഞ്ഞത് അമേരിക്കയിലെ ബ്ലാക്ക് പാന്തർ പാർട്ടി നേതാവായ ഹ്യുയെ പി. ന്യൂട്ടന്റെ 'റവല്യൂഷനറി സൂയിസൈഡ്' എന്ന ആത്മകഥയാണ്. 1960 -70 കളിലെ അമേരിക്കൻ സമൂഹത്തിൽ ബ്ലാക്ക് യുവാക്കൾക്കിടയിൽ വർധിച്ചുവന്ന ആത്മഹത്യാനിരക്ക് ന്യൂട്ടനെ വല്ലാതെ അലട്ടിയിരുന്നു. ഹെർബർട്ട് ഹെൻഡിൻ എന്ന ഗവേഷകൻ അമേരിക്കൻ സിറ്റികൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ, 19- 35 പ്രായക്കാരായ ബ്ലാക്ക് യുവാക്കൾക്കിടയിൽ ആത്മഹത്യാനിരക്ക് വർധിക്കുന്നുവെന്ന് കണ്ടെത്തിയതായി ന്യൂട്ടൺ ആത്മകഥയിൽ ഉദ്ധരിക്കുന്നുണ്ട്.

ഹ്യുയെ പി. ന്യൂട്ടന്‍

'ആത്മഹത്യ' ഒരാളുടെ സാമൂഹിക സാഹചര്യം അയാളെ കൊണ്ടെത്തിക്കുന്ന നിസ്സഹായവസ്ഥയോടുള്ള അവസാന പ്രതികരണമാണ്. ന്യൂട്ടൺ അത്തരം ആത്മഹത്യകളെ പ്രതിലോമകരമായ ആത്മഹത്യകളായി ആത്മകഥയിൽ കണ്ടെത്തുന്നു. സ്വാഭിമാനം, അന്തസ്, സാമ്പത്തിക ഘടകങ്ങൾ സൃഷ്ടിക്കുന്ന അടിച്ചമർത്തൽ എന്നിങ്ങനെ ധാരാളം ഘടകങ്ങൾ ഒരു മനുഷ്യനെ പ്രതിലോമകരമായ ആത്മഹത്യയിലേക്ക് നയിക്കുന്നു. ഇത്തരം ആത്മഹത്യയിലേക്ക് മർദിതർ എങ്ങനെ എത്തിച്ചേരുന്നുവെന്ന് വിശദമാക്കുവാൻ ന്യൂട്ടൻ തെരഞ്ഞെടുക്കുന്നത് ഡോസ്റ്റോയെവ്സ്കിയുടെ 'കുറ്റവും ശിക്ഷയും'  എന്ന നോവലാണ്. ഭിക്ഷാടനവും ദാരിദ്ര്യവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് മെർമെഡലോവ് എന്ന കഥാപാത്രം പറയുന്നത് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു: ‘‘ദാരിദ്ര്യം അനുഭവിക്കുക എന്നത് കുലീനമായ ഒരു പ്രവർത്തിയാണ്, ആത്മാവിനെ തൊട്ടറിയുവാനുള്ള അവസരം ദാരിദ്ര്യത്തിൽ ലഭിക്കുന്നു. എന്നാൽ ഭിക്ഷാടനത്തിൽ ആ കുലീനതയില്ല. സമൂഹം ദരിദ്രനെ വടിയെടുത്ത് ആട്ടിപ്പായിക്കുമ്പോൾ, ഭിക്ഷാടകനെ ചൂലു കൊണ്ട് തൂത്തെറിയുന്നു".

സ്വാഭിമാനവും അന്തസുമില്ലാത്ത ജീവിതം നയിക്കുന്ന ഭിക്ഷാടകൻ ന്യൂട്ടന്റെ അഭിപ്രായത്തിൽ പ്രതിലോമകരമായ ആത്മഹത്യയിലേക്ക് കടക്കുകയാണ്. ജീവൻ വെടിയുന്നതിനേക്കാൾ മോശമായ അവസ്ഥയാണ് ന്യൂട്ടനെ സംബന്ധിച്ച് ആത്മാവിന്റെ മരണം. ദിനവും അനുഭവിക്കുന്ന വർഗ്ഗ - വർണ വിവേചനങ്ങൾ ചില മനുഷ്യരുടെ ആത്മാവിനെ കൊല്ലുന്നു, ജീവൻ വെടിയുന്ന മനുഷ്യരേക്കാൾ  ആത്മാവ് മരിച്ച മനുഷ്യരാണ് സമൂഹത്തിൽ കൂടുതൽ. ഇന്ത്യയിൽ ആത്മാവ് മരിച്ച എത്ര കീഴാളരുണ്ടാകും?. 

പട്ടിണിമരണങ്ങൾ നടന്ന വയനാട്ടിലേക്കുള്ള യാത്രാമധ്യേയാണ് കുഞ്ഞാമൻ കുറ്റവും ശിക്ഷയും  വായിക്കുന്നത്. ആ വായനയും സാഹചര്യവും തന്നിലുണ്ടാക്കിയ മാനസികവ്യഥയെ കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. (‘തിരുനെല്ലിയിലെ ആദിവാസികൂരയിൽ ഞാൻ ഡോസ്റ്റോയെവ്സ്കിയെ കണ്ടു’, ട്രൂകോപ്പി തിങ്ക്, 06 നവംബർ 2021).

അമേരിക്കയിൽ ന്യൂട്ടൺ കടന്നുപോകുന്ന അതേ മാനസികവ്യഥകളിലൂടെ കുഞ്ഞാമനും കടന്നു പോകുന്നു. 2019 നവംബറിൽ അദ്ദേഹം  ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ശ്രദ്ധിക്കുക: "എന്റെ രണ്ടു കുട്ടികൾ വാളയാറിൽ കൊല്ലപ്പെട്ടിരിക്കുന്നു. എന്റെ മകൾ ചെന്നൈ ഐ.ഐ.ടിയിൽ കൊല്ലപ്പെട്ടു. വേദനിക്കുന്ന അവരുടെ മാതാപിതാക്കളെപോലെ ഞാനും നിസ്സഹായനാണ്. എനിക്ക്‌ ചെയ്യാനാകുന്നത് ഇത്രമാത്രം; ഏതാനും നിമിഷം കരയുക. അൽപം കണ്ണീർ വീഴ്ത്തുക. ഞാൻ തോറ്റുപോയ ഒരാളാണ്, ക്രൂരമായ ഒരു സംവിധാനത്തോട് തോറ്റുപോയ ഒരാൾ".

സ്ഥല-കാലസീമകൾ  കടന്ന് ന്യൂട്ടനും കുഞ്ഞാമനും അനുഭവിക്കുന്നത് ഒരേ വേദനയാണ്. 

ആത്മഹത്യക്ക് പ്രേരകമാകുന്ന സാഹചര്യത്തിൽ  നിന്ന് വ്യവസ്ഥാപിത സംവിധാനത്തെ -  അധികാരത്തെ-  പൂർണമായും എതിർക്കുന്ന വ്യക്തിയായി പരിണമിക്കുകയും ആ കർമത്തിൽ ആത്മഹത്യാപരമായ പ്രതിബദ്ധത കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന 'റെവല്യൂഷനറി സൂയിസൈഡി'ലേക്ക് ന്യൂട്ടനെ പോലെ തന്നെ കുഞ്ഞാമനും തന്റെ യൗവനകാലങ്ങളിൽ  എത്തിച്ചേർന്നിരിക്കാം. ഭിക്ഷാടകനെന്ന വിളി കേട്ടിരുന്ന സാഹചര്യങ്ങളെ ഓർക്കുന്ന കുഞ്ഞാമൻ അധികാരത്തെ എതിർക്കുന്ന നിഷേധിയായി മാറുന്നതും ഇതേ സാഹചര്യത്തിൽ നിന്നാണ്. ക്രിയാത്മകമായ തത്ത്വചിന്ത അതിന്റെ വിനാശകരവും, സൃഷ്ടിപരവുമായ സാധ്യതകളോടു കൂടി  കീഴാള അനുഭവങ്ങളോടു ചേരുമ്പോൾ എത്തിച്ചേരുന്ന കീഴാള വിമോചന ശാസ്ത്രത്തിന്റെ സത്തയായാണ് 'റെവല്യൂഷനറി സൂയിസൈഡി’നെ ന്യൂട്ടൺ അവതരിപ്പിക്കുന്നത്. ജീവിതം വെച്ചുനീട്ടുന്ന അതിരുകളിൽ ഒതുങ്ങിനിൽക്കാതെ ചോദ്യം ചോദിക്കുകയും, വ്യവസ്ഥിതിക്ക് മെരുക്കാൻ കഴിയാത്തവിധം വളരുകയും ചെയ്യണമെന്ന ബോധ്യം കുഞ്ഞാമനും ന്യൂട്ടനും ജീവിതത്തിൽ ഒരു പോലെ നിലനിർത്തിപ്പോരുന്നു. 'ശക്തിയെ ശക്തി കൊണ്ട് നേരിടണം' എന്ന തിരിച്ചറിവുകളിലടക്കം സാമ്യതകൾ കണ്ടെത്തുവാൻ സാധിക്കുമെങ്കിലും,  സാമൂഹിക മാറ്റത്തെ രണ്ടുപേരും രണ്ടു രീതിയിലാണ് വിഭാവനം ചെയ്യുന്നത്. ന്യൂട്ടന് സാമൂഹിക മാറ്റം അനേകായിരങ്ങൾ ചേരുന്ന സാമൂഹിക മുന്നേറ്റത്തിന്റെ ഫലമായി സംഭവിക്കുന്ന വിപ്ലവമാണ്. കുഞ്ഞാമൻ വ്യക്തികളിലാണ് വിപ്ലവത്തിന്റെ വിത്തുകൾ  കണ്ടെത്തുന്നത്. വ്യക്തികൾ ശക്തരായി മാറുകയും, എന്നാൽ അധികാരികളായി മാറാതിരിക്കുകയും ചെയ്യുന്ന സാഹചര്യം കുഞ്ഞാമന്റെ വിമോചനശാസ്ത്രത്തിന്റെ സത്തയാണ്. ന്യൂട്ടൺ പൂർണമായും വിപ്ലവകാരിയായി ചിന്തിക്കുമ്പോൾ, മനുഷ്യരുടെ ഒത്തൊരുമയിൽ വിശ്വസിക്കുമ്പോൾ, കുഞ്ഞാമൻ കൂട്ടങ്ങളായി മാറുന്ന മനുഷ്യരെയും അവരുടെ ചെയ്തികളെയും സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ന്യൂട്ടൺ മുഴുവൻ സമയ വിപ്ലവകാരിയായി ചിന്തിക്കുമ്പോൾ, കുഞ്ഞാമൻ വിപ്ലവകാരിയായ അക്കാദമിക്കായാണ് ചിന്തിക്കുന്നത്. വൈകാരികതയ്ക്ക് കുഞ്ഞാമന്റെ വിപ്ലവത്തിൽ സ്ഥാനമില്ല. എന്നാൽ, അദ്ദേഹം തന്റെ കീഴാള അനുഭവങ്ങളെ പൂർണമായും ഗവേഷണത്തിൽ നിന്ന് മുറിച്ചുമാറ്റുന്നുമില്ല. കീഴാള സ്വത്വം നൽകിയ അനുഭവങ്ങളെ പ്രചോദനമായി ഉൾക്കൊള്ളുകയും, മാനവിക വിഷയങ്ങളിൽ താൻ നേടിയെടുത്ത അറിവിനെ ഉപയോഗപ്പെടുത്തുകയും അതുവഴി  സമൂഹത്തെ മാറ്റിമറിക്കുകയും ചെയ്യുക എന്നതാണ്  കുഞ്ഞാമന്റെ ആശയലോകത്തിന്റെ ലക്ഷ്യം. അനുഭവവും സാമൂഹിക ശാസ്ത്രത്തിലുള്ള  അറിവും ഇടകലർന്ന് തീർക്കുന്ന കുഞ്ഞാമന്റെ  ആശയലോകം സവിശേഷ പഠനമർഹിക്കുന്നു.

കുഞ്ഞാമന്റെ ആശയലോകവും ചിന്താരീതിയും  

കുഞ്ഞാമന്റെ ആശയങ്ങൾ പലതും ഉയരുന്നത് 'അഗോണിസ്റ്റിക്ക്' (Agonistic) ചിന്താധാരകളെ പിൻപറ്റിയാണ്. വാഗ്വാദങ്ങളെ, മത്സരങ്ങളെ, പോരാട്ടങ്ങളെ മനുഷ്യവളർച്ചയ്ക്കും, നിലനിൽപ്പിനും ആവശ്യമായി കാണുന്ന  ചിന്താപരിസരം ഒരുപക്ഷെ മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നത് കുഞ്ഞാമനാകും.  സമാധാനപൂർണമായ സാമൂഹിക ജീവിതത്തെയും ലിബറൽ സാമൂഹികഘടനയെയും സ്വപ്നം കാണുന്ന ചിന്തകരെ കുഞ്ഞാമൻ സൂചിപ്പിക്കാറുണ്ട്. പക്ഷെ, അവരുടെ ചില ആശയങ്ങൾ  മാത്രം ഉപയോഗിച്ച് തന്റേതായ ചിന്താരീതി വികസിപ്പിച്ചെടുക്കുകയാണ് അദ്ദേഹത്തിന്റെ പതിവുരീതി. ആശയങ്ങൾ തമ്മിലുള്ള കലഹം (The clash of ideas) ഈ രീതിയിൽ  വളരെ പ്രധാനമാണ്. ആശയങ്ങളെ (Ideas) പ്രത്യയശാസ്ത്രത്തിന്റെ (Ideology)  ഭാരത്തിൽനിന്ന് വിമോചിപ്പിക്കുകയും അവയെ സ്വതന്ത്രമായി ചർച്ചകളിൽ ഉപയോഗിക്കുകയും ചെയ്യുന്ന രീതി അദ്ദേഹം തുടങ്ങിവെക്കുന്ന  ചർച്ചകളുടെ പ്രത്യേകതയാണ്. "All the world's a stage, and all the men and women merely players", എന്ന ഷെയ്ക്സ്പിയർ വരികൾ ഉദ്ധരിച്ച് കുഞ്ഞാമൻ പറഞ്ഞിരുന്നത്, ‘എനിക്കെല്ലാ ഇടവും ഒരു ക്ലാസ് റൂമാണ്’ എന്നാണ്. ക്ലാസ് റൂമിൽ ഏതെങ്കിലുമൊരു പ്രത്യേക ആശയത്തോട് മമതയോ എതിർപ്പോ പുലർത്താറില്ല, ആശയങ്ങൾ പരസ്പരം കലഹിക്കും, ബലമില്ലാത്തവ ചർച്ചകളിൽ നിന്ന് പുറത്താവും, കഴമ്പുള്ളവ നിലനിൽക്കും. ഇനി കഴമ്പില്ലാതെ പുറന്തള്ളിയതോ, തെറ്റെന്ന് കരുതുന്നതോ ആയ ആശയത്തെക്കുറിച്ച് കുഞ്ഞാമൻ പറയുന്നത്, അവയും പ്രാധാന്യമുള്ളതാണെന്നാണ്. ‘A wrong idea is not a a bad idea’- ‘എതിരി'ൽ കുഞ്ഞാമന്റെ വാക്കുകൾ ഇങ്ങനെ: "വിദ്യാർത്ഥികൾ ഒരു മണ്ടൻ ആശയവുമായി എന്റെ അടുത്ത് വന്നാലും ഞാൻ അതിനെ പ്രോത്സാഹിപ്പിക്കും. ഇന്നത്തെ മണ്ടൻ ആശയം നാളെ വിമർശിക്കപ്പെടും, മറ്റന്നാൾ അംഗീകരിക്കപ്പെടും. മുഖ്യധാരാ ആശയങ്ങൾ പലപ്പോഴും ഇന്നത്തെ ആശയങ്ങളാണ്. എന്നാൽ പാർശ്വവല്കൃത അഭിപ്രായങ്ങൾ നാളത്തെ അഭിപ്രായങ്ങളാണ്".

എല്ലാ ആശയങ്ങൾക്കും തുല്യമായ മൂല്യം നൽകുന്ന കുഞ്ഞാമൻ ആശയങ്ങൾ രൂപം കൊള്ളുന്ന രാഷ്ട്രീയ - സാമൂഹിക പശ്ചാത്തലത്തെയും പ്രധാനമായി കാണുന്നു. ഒരു പ്രത്യേക 'ആശയം' എന്നതുകൊണ്ടുമാത്രം കുഞ്ഞാമനുമുന്നിൽ ഒരാശയത്തിന്  മുൻഗണന ലഭിക്കുന്നില്ല. മറിച്ച്, ആ ആശയം പാർശ്യവൽകൃതമായ അവസ്ഥയിൽ നിന്ന് മുഖ്യധാരയിലെത്തുന്നതുവരെയുള്ള 'പോരാട്ട’മാണ് കുഞ്ഞാമനിൽ ഒരാശയത്തോടുള്ള താൽപര്യം ജനിപ്പിക്കുന്നത്. വിമർശനങ്ങളും വിശകലനങ്ങളും കൂടുമ്പോൾ ആശയങ്ങളുടെ സാധ്യതയും ബലവും വർധിക്കുകയാണ്. "ഏതൊരു പ്രസ്ഥാനത്തെയും പ്രത്യയശാസ്ത്രത്തെയും വളർത്തുന്നത് വിമർശനവും വിശകലനവും, തളർത്തുന്നത് വിശ്വാസവുമാണ്" -  കുഞ്ഞാമന്റെ വാക്കുകൾ. സ്വതന്ത്രമായി ചിന്തിക്കുന്ന രീതി അരാജകത്വത്തിലേക്ക് നയിക്കില്ലേ എന്ന ചോദ്യമാണെങ്കിൽ, കുഞ്ഞാമന്റെ അഭിപ്രായത്തിൽ സ്വതന്ത്രചിന്തയ്ക്ക് അരാജകത്വം ആവശ്യമാണ്. സമാധാനപൂർണമായ അന്തരീഷം 'കയോട്ടിക്' (chaotic) ആകണം അഥവാ കലുഷിതമാകണം -  അസ്ഥിരമാകണം, എന്നാലേ, പുതിയ സാധ്യതകളിലേക്കും, ചിന്തകളിലേക്കും നാം വളരുകയുള്ളൂ. 

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ ഒരു പ്രഭാഷണത്തിൽ കുഞ്ഞാമൻ നിർദേശിക്കുന്നത് ശ്രദ്ധിക്കുക: ‘‘നമ്മളിൽ ഓരോരുത്തനിലും ഒരു ഭ്രാന്തനുണ്ട്, നമ്മളിൽ ഓരോരുത്തിയിലും ഒരു ഭ്രാന്തിയുണ്ട്. ആ ഭ്രാന്തനും ഭ്രാന്തിക്കും കുറച്ച് സമയം കൊടുത്തിരിക്കണം, സ്വാതന്ത്രമായി വിഹരിക്കുവാൻ. Developing creativity calls for that".
കീഴാള വിഭാഗത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികളോട് വിഷയങ്ങളെ വൈകാരികമായി സമീപിക്കരുതെന്നും കുഞ്ഞാമൻ ഉപദേശിക്കുന്നുണ്ട്. അംബേദ്‌കർ വൈകാരികമായ ലേഖനങ്ങൾ എഴുതിയില്ല, മറിച്ച് അക്കാദമിക്ക് മൂല്യമുള്ള പഠനങ്ങൾ നടത്തി. അംബേദ്‌കറിന്റെ പാത പിന്തുടരുന്നവർ വൈകാരികത ഉപേക്ഷിക്കണമെന്ന് സാരം.

കുഞ്ഞാമന് ഗവേഷണം ക്രിയാത്മകമായ ഒരു സാമൂഹിക പ്രവർത്തനമായിരുന്നു. ഗവേഷകർ കൂട്ടായ്‌മകൾ നിലനിർത്തുന്നതിൽ അദ്ദേഹം സന്തോഷിച്ചു. എന്നാൽ ഗവേഷണം ഒരിക്കലും കൂട്ടായ പ്രവർത്തനമല്ല. "തനിച്ചുള്ള, വളരെ പ്രയാസമേറിയ പ്രക്രിയയാണ് ഗവേഷണം". "Research is not a celebration", it's a painstaking job" എന്ന് കുഞ്ഞാമൻ  അഭിപ്രായപ്പെടുന്നു. ഗവേഷണങ്ങളെ അവയുടെ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ  മൂന്നായി അദ്ദേഹം തരം തിരിക്കുന്നു:
1. To maintain the status quo (വ്യവസ്ഥയെ അതേപടി നിലനിർത്തുന്നവ).
2. To reform (വ്യവസ്ഥിതിയിൽ പരിഷ്ക്കരണങ്ങൾ വരുത്തുന്നവ).
3. To change (വ്യവസ്ഥിതിയെ അട്ടിമറിക്കുന്നവ).

നാം ഗവേഷണം നടത്തുന്ന സ്ഥാപനത്തിൽ ഈ മൂന്നു തരത്തിലുള്ള ഗവേഷണങ്ങളും നടക്കും, മൂന്നാമത്തെ തരത്തിലുള്ളവ അവയിൽ ഏറ്റവും ഉന്നതമായതും. ഗവേഷക വിദ്യാർത്ഥികൾ ശ്രദ്ധയോടെ നടത്തുന്ന ഗവേഷണങ്ങളിൽ സാമൂഹിക മാറ്റത്തിനുള്ള ശക്തി ഒളിഞ്ഞിരിക്കുന്നുവെന്ന വിശ്വാസം കുഞ്ഞാമൻ നിലനിർത്തിയിരുന്നു. സാമൂഹിക ശാസ്ത്രവിഷയങ്ങളിൽ ശാസ്ത്രീയമായ വിശകലനം മാത്രമല്ല, ക്രിയാത്മകമായ പ്രവണതകളും നിലനിർത്തണമെന്നാണ് കുഞ്ഞാമന്റെ പക്ഷം. ഗവേഷകവിദ്യാർത്ഥി പഴയ ഉത്തരങ്ങൾ പോരാത്തവരും പുതിയ ചോദ്യങ്ങൾ കണ്ടെത്തുന്നവരും ആകണമെന്നും, അംബേദ്കറെ പോലൊരു നിഷേധിയാകണമെന്നും അദ്ദേഹം  ഉപദേശിക്കുന്നു. പക്ഷെ അപ്പോഴും അവരവരുടെ സ്വത്വം പകരുന്ന ഊർജ്ജത്തെ ഗവേഷണത്തിലേക്ക് തിരിച്ചുവിടുവാനുള്ള ശ്രമം തുടരണമെന്നും,  തീർച്ചകൾ നിലനിർത്തുന്ന മനസിനേക്കാൾ സംശയങ്ങൾ നിലനിർത്തിപ്പോരുന്ന മനസിനെ ഉണർത്തണമെന്നും കുഞ്ഞാമൻ അഭിപ്രായപ്പെടുന്നുണ്ട്.  മാനവിക വിഷയങ്ങളിലുള്ള ഗവേഷണം ഗവേഷണപ്രബന്ധങ്ങളിൽ മാത്രം ഒതുങ്ങാതെ അവയെ വ്യക്തിയുടെ സ്വാഭാവിക ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ആശയവും അ​ദ്ദേഹം അവതരിപ്പിക്കുന്നു. കീഴാളരിൽനിന്ന് മുഖ്യധാരയിലേക്ക് വളരുവാൻ കെൽപ്പുള്ള  എഴുത്തുകാരും, ചിന്തകരും, സാങ്കേതിക വിദഗ്ദ്ധരും, കലാകാരന്മാരും ആ പ്രക്രിയയിൽ  സൃഷ്ടിക്കപ്പെടണമെന്നും കുഞ്ഞാമൻ അഭിപ്രായപ്പെടുന്നു. ഇവിടെ പ്രധാനം സാമൂഹിക മുന്നേറ്റങ്ങളിൽ നിന്നുമുള്ള കുഞ്ഞാമന്റെ വ്യതിചലനമാണ്. 'ചിന്തിക്കുന്ന വ്യക്തികളാണ് സമൂഹത്തിൽ മാറ്റങ്ങൾ വരുത്തുക’ എന്ന ബോധ്യവും ‘വ്യക്തി ശക്തിയാർജ്ജിക്കുകയും, ആ ശക്തി ഉപയോഗിച്ച് സാമൂഹിക മാറ്റങ്ങളിൽ പങ്കാളിയാകുകയും ചെയ്യുക’ എന്ന ഉപദേശവും അദ്ദേഹത്തിന്റെ വാക്കുകളിൽ കണ്ടെത്താം. വ്യക്തികൾ ചിന്തിക്കും, രാഷ്ട്രീയ പാർട്ടികൾ ചിന്തിക്കില്ല എന്ന തീർച്ച ഒരുപക്ഷെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ കാഫ്ക്കയുടെ സ്വാധീനമാകാം. ആദം സ്മിത്ത്, ഹെഗൽ, മാർക്സ്, അമർത്യാസെൻ, ജോൺ റൗൾസ് എന്നിവരിൽ നിന്ന് സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട ആശയങ്ങളെ സ്വീകരിച്ച അദ്ദേഹത്തിൽ അധികാരത്തെ കുറിച്ചുള്ള ചിന്തകളിൽ മാക്യവെല്ലി, നീറ്റ്‌ഷെ, ഫൂക്കോ എന്നിവരുടെ സ്വാധീനവും കാണാം. ജീവിതത്തോടും സമൂഹത്തോടും നിഷേധം നിലനിർത്തുന്ന കുഞ്ഞാമൻ അധികാരം, അംഗീകാരങ്ങൾ, പദവികൾ എന്നിവയെ പൂർണമായും നിരാകരിക്കുകയും അവയെ എതിർക്കേണ്ടതുണ്ട് എന്ന ആശയം മുന്നോട്ട് വെക്കുകയും ചെയ്യുന്നു.

അംബേദ്‌കർ

അംബേദ്‌കർ ചിന്തയേക്കാൾ അംബേദ്കറുടെ പ്രവർത്തികളും ജീവിതത്തോടുള്ള മനോഭാവവുമാണ് കുഞ്ഞാമനെ കൂടുതൽ സ്വാധീനിക്കുന്നത്. ജീവിതത്തോട് റൊമാൻറ്റിക്കായ സമീപനം കാത്തുസൂക്ഷിക്കുന്ന കുഞ്ഞാമൻ, റൊമാന്റിക് എന്ന ആശയത്തെ 'വിജ്ഞാനത്തോടും പുസ്തകങ്ങളോടും സാമൂഹിക പ്രതിബദ്ധതയോടുള്ള ഒരിഷ്ടമായാണ് സൂചിപ്പിക്കുന്നത്. 'റൊമാന്റിക്' എന്ന ആശയത്തെ അദ്ദേഹം ഒരു വ്യക്തിയ്ക്കുള്ളിൽ  നിയന്ത്രിച്ച് നിർത്തുന്നുണ്ട്. സ്വകാര്യമായ ആശയങ്ങളോട്, പ്രിയപ്പെട്ട പുസ്തകങ്ങളോട് അങ്ങനെയങ്ങനെ.

ബറോഡയിൽ മഹാരാജാവിന്റെ അക്കൗണ്ടന്റ് ജനറൽ ഓഫിസിൽ പ്രൊബേഷണറായി ചേർന്ന അംബേദ്‌കർ തന്റെ ഏകാന്തജീവിതത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: " In the absence of the company of human beings I sought the company of books, and read and read. Absorbed in the reading, I forgot my lonely condition."

മനുഷ്യൻ ഒരു സാമൂഹികജീവിയായിരിക്കുമ്പോഴും ഏകാന്തജീവിതം നയിക്കുന്ന ജീനിയസുകളെ നാം മറക്കുന്നു. കുഞ്ഞാമൻ അങ്ങനെയുള്ള ജീനിയസുകളെ കീഴാളരിൽനിന്ന് പ്രതീക്ഷിച്ചിരുന്നു. എഴുത്തുകാരൻ സ്റ്റെഫാൻ സ്‌വെയ്‌ഗ്‌ ജിനിയസുകളുടെ ഈ ഏകാന്തവാസത്തെ The inwardly felt requirement of genius എന്നാണ്. വിളിച്ചിരുന്നത്. സമൂഹത്തിൽ നിന്ന് അവരെ വേർപെടുത്തുന്ന, ഒറ്റപ്പെടുത്തുന്ന ഘടകങ്ങൾ  അവരെ തങ്ങളുടെ ചിന്തകളെ വളർത്തുവാൻ സാധ്യതകളൊരുക്കുന്ന ഏകാന്താവസ്ഥയിലേക്കെത്തിക്കുന്നു. കുഞ്ഞാമൻ അത്തരമൊരു ജീനിയസായിരുന്നു. കുഞ്ഞാമൻ തന്റെ അവസാനത്തെ ലേഖനങ്ങളിലൊന്നിൽ അത്തരം ജീനിയസുകളെ ഇങ്ങനെ വിവരിക്കുന്നു: "ദേശകാല സീമകൾക്കതീതമായി ചിന്തിക്കുന്ന ഒരാൾക്കാണ് ചരിത്രത്തിൽ സ്ഥാനമുള്ളത്. മൗലികമായ ചില മൂല്യങ്ങളിൽ അധിഷ്ഠിതമായിട്ടാകും അങ്ങനെയുള്ള ചിന്ത ഉണ്ടാകുന്നത്. ആരെല്ലാമാണ് ഹ്യൂമനിസം, സെക്യുലറിസം, ശാസ്ത്രീയത, സാർവത്രികത എന്നീ നാലു കാര്യങ്ങളെ മൗലികമൂല്യങ്ങളായി കണ്ട് കാര്യങ്ങൾ വിശദീകരിക്കുന്നത്, അവരാണ് ചരിത്രത്തിൽ ഓർമിക്കപ്പെടുക" - കുഞ്ഞാമൻ അത്തരം ജീനിയസുകൾക്ക് കൈവരുന്ന 'Power'-നെ transcending power എന്ന് വിശേഷിപ്പിക്കുന്നു. അംബേദ്‌കർ അത്തരത്തിൽ 'transcending power' നേടിയ വ്യക്തിത്വമായി കുഞ്ഞാമൻ കണ്ടെത്തുന്നു. പൊതുവെ വ്യക്തികളെ ചരിത്രത്തിൽ പ്രധാനികളായി കണ്ടെത്തുന്ന ചിന്തകർ പതിയെ 'വ്യക്തി ആരാധന' എന്ന അപകടത്തിലേക്ക് പതിക്കാറുണ്ട്. എന്നാൽ കുഞ്ഞാമൻ ആ അപകടത്തോട് സദാ ജാഗ്രത പുലർത്തി. അംബേദ്‌കർ മുന്നോട്ട് വെക്കുന്ന 'ദാർശനിക സ്വഭാവത്തെയാണ്' നാം ഉൾക്കൊള്ളേണ്ടതെന്ന അഭിപ്രായവും ഒരു പ്രത്യയശാസ്ത്രത്തിന്റെ ഭാരം അംബേദ്കറിസത്തിനുമേൽ കയറ്റിവെക്കേണ്ടതില്ല എന്ന കുഞ്ഞാമന്റെ ബോധ്യവും വളരെ പ്രധാനമാണ്.

കുഞ്ഞാമന്റെ ആശയലോകത്തും ചർച്ചകളിലും  ആവർത്തിച്ചുവരുന്ന ചില ആശയരൂപങ്ങൾ വളരെ പ്രധാനമാണ്. അധികാരം, ശക്തി, ഭരണകൂടം, സ്വത്ത്, സമ്പത്ത്, ദാരിദ്ര്യം, നീതി, ന്യായം, എന്നിവയാണവ. രാഷ്ട്രീയത്തെ പ്രധാനമായും പാർലമെൻററി രാഷ്ട്രീയത്തെ പൂർണമായും ആശയങ്ങളിൽ നിന്നും ധാർമ്മികതയിൽ നിന്നും വേർപെടുത്തി കാണുന്നു എന്നതാണ് കുഞ്ഞാമന്റെ പ്രത്യേകത. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന രാഷ്ട്രീയപാർട്ടികൾ തമ്മിൽ ഒരു തരത്തിലുള്ള ആശയപരമായ വ്യത്യാസവും അദ്ദേഹം കാണുന്നില്ല. ജനാധിപത്യത്തിൽ അധികാരം നേടുക എന്നത് തന്ത്രങ്ങളുടെയും (Strategy) കൗശലത്തിന്റെയും, സമരസപ്പെടലുകളുടെയും ഇടമായാണ്‌ മനസിലാക്കുന്നത്. ജനങ്ങളെ സമ്മദിദായക ജീവികളായി (voting animals) മാത്രം കാണുന്ന രാഷ്ട്രീയത്തിൽ 'അധികാരം നേടുക' എന്നതു മാത്രമാണ് രാഷ്ട്രീയപാർട്ടികളെ സംബന്ധിച്ച് മുന്നിലുള്ള ലക്ഷ്യം. രാഷ്ട്രീയത്തെ, അധികാരത്തിനുവേണ്ടിയുള്ളതും ആശയപരമായ മൂല്യങ്ങൾക്ക് വിലകൽപ്പിക്കാത്തതുമായ മത്സരമായാണ് മനസിലാക്കുന്നത്. അല്ലെങ്കിൽ അധികാരം നേടിയെടുക്കുന്നതുവരെയുള്ള ഒരു ഉപകരണം മാത്രമാണ് ആശയങ്ങൾ. അധികാരം നേടുന്നതോടെ എല്ലാ സർക്കാരും ഒരേ നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. അത്തരമൊരു മത്സരത്തിൽ കീഴാളരും മറ്റു ന്യൂനപക്ഷങ്ങളും തരംതിരിക്കപ്പെട്ട സമ്മദിദായക ജീവികളാണ്. അധികാരം നേടിയാൽ അതിന്റെ ഒരു ഭാഗം ലഭ്യമാകുന്നതോടെ ഇലക്ഷനിൽ സമരസപെട്ട് ജയിച്ചുകയറിയ എല്ലാവരും സന്തുഷ്ടരാണ്. "അധികാരത്തിന്റെ ആരാധകരായി മനുഷ്യൻ മാറുന്നു" എന്ന് കുഞ്ഞാമൻ പറയുമ്പോൾ ആദർശങ്ങൾ പാലിക്കുന്ന മനുഷ്യരുടെ എണ്ണം നന്നേ കുറഞ്ഞുവെന്നും അധികാരത്തിന്റെ സ്വാധീനത്താൽ എല്ലാവരും മയങ്ങി നിൽക്കുകയാണെന്നുമുള്ള മുന്നറിയിപ്പായി കാണണം. അധികാരം പ്രയോഗിക്കുന്ന ഭരണകൂടം എന്നും ഫാഷിസ്റ്റ് ആണെന്ന കണ്ടെത്തലും  ഇതോടൊപ്പം ചേർത്തുനിർത്താം. "അധികാരത്തിന് എന്നും ഒരു കേന്ദ്രീകൃത സ്വഭാവമുണ്ട്, അതുകൊണ്ടുതന്നെ അധികാരത്തെ വികേന്ദ്രീകരിക്കുവാൻ കഴിയില്ല, വികേന്ദ്രീകരിക്കപ്പെട്ട അധികാരം കാലക്രമേണ കേന്ദ്രീകരിക്കപ്പെടും" എന്ന കുഞ്ഞാമന്റെ വാക്കുകളിൽ അധികാരത്തെ അതിന്റെ ഏറ്റവും പ്രാകൃതമായ അർത്ഥത്തിൽ നമുക്ക് വായിച്ചെടുക്കാനാകും. എന്നും ദുർബലർക്കെതിരെയാണ് അധികാരം പ്രയോഗിക്കപ്പെട്ടിട്ടുള്ളത്.

സാമൂഹിക ശാസ്ത്രജ്ഞൻ മൈക്കൽ മന്നിന്റെ 'Sources of Power' എന്ന ക്ലാസിക് പഠനങ്ങളിലേതിന് സമാനമായ രീതിയിലാണ് കുഞ്ഞാമൻ അധികാരത്തെ മനസിലാക്കുന്നത്. അവയെ സാമ്പത്തിക അധികാരമായും രാഷ്ട്രീയ അധികാരമായും പ്രത്യയശാസ്ത്ര അധികാരമായും (മതവും - വിശ്വാസങ്ങളും), സൈനിക അധികാരമായും തരംതിരിക്കുന്നുണ്ട്. ഈ തരം തിരിക്കൽ പല കാലങ്ങളിലൂടെയുള്ള ചരിത്രവുമായി ചേർത്തുനിർത്തിയാണ് കുഞ്ഞാമൻ അവതരിപ്പിക്കുന്നത്. എന്നാൽ കുഞ്ഞാമൻ അവിടെ അധികാരത്തെ ശക്തിയിൽ (Energy) നിന്ന് വേർതിരിച്ച് കാണുന്നു. 'അധികാരം വഴിമാറും ശക്തൻ വരുമ്പോൾ' എന്ന കുഞ്ഞാമന്റെ വാക്യങ്ങളിൽ അധികാരവും ശക്തിയും തമ്മിലുള്ള ബന്ധത്തെയും വ്യത്യാസത്തെയും മനസിലാക്കാം. അധികാരികൾക്ക് ശക്തരെ ആവശ്യമാണ്, തിരിച്ചല്ല. വ്യക്തികൾ നേടിയെടുക്കുന്ന ശക്തിയുപയോഗിച്ച് അധികാരവുമായി നെഗോഷിയേറ്റ് ചെയ്യാൻ സാധ്യമാകുന്ന തരത്തിലേക്ക് കീഴാളർ വളരണമെന്ന് അദ്ദേഹം കണ്ടെത്തുന്നു. ഭരണകൂടത്തെ വിവരിക്കുന്നതും അധികാരത്തിന്റെ അടിസ്ഥാനത്തിലാണ്. സമ്പന്നന്റെ സ്വത്തിനും ജീവനും മാത്രമാണ് ഭരണകൂടം സംരക്ഷണം നൽകുക. സ്വത്തിന്റെ അല്ലെങ്കിൽ ശക്തിയുടെ സമ്പാദനത്തിലൂടെ മാത്രമാണ് ഭരണകൂടത്തിനുമുന്നിൽ വ്യക്തികൾ സ്വതന്ത്രരാകുക, ഭരണകൂടം വാഗ്ദാനം ചെയ്യുന്ന സംരക്ഷണത്തിന് യോഗ്യരായി മാറുക. സമ്പത്ത് നിയന്ത്രിച്ചർ വിജ്ഞാനത്തെ നിയന്ത്രിക്കുകയും അതിലൂടെ അധികാരം നിയന്ത്രിക്കുകയും ചെയ്യുന്നു​എന്ന കുഞ്ഞാമന്റെ ആശയലോകത്ത് ഒരേസമയം അധികാരത്തോടുള്ള എതിർപ്പും വിമർശനവും നിലനിൽക്കുന്നു.
എന്നാൽ ശക്തിയോട് അതേ മനോഭാവമല്ല. വ്യക്തികൾക്ക് ശക്തി ആവശ്യമാണ്, പ്രധാനമായും കീഴാളർക്ക്, അവരുടെ നിലനിൽപ്പിനും വളർച്ചയ്ക്കും ശക്തി അത്യാവശ്യമാണ്. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിലുള്ള അതേ സ്വഭാവമാണ് കുഞ്ഞാമൻ അധികാര - ശക്തി ബന്ധങ്ങളിലും കാണുന്നത്. നയതന്ത്രഭാഷയിൽ 'deterrence' എന്ന മനോഭാവം ഇവിടെ പ്രധാനമാണ്. ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്ന കടന്നുകയറ്റങ്ങളെ ചെറുക്കുവാൻ കീഴാളർ ശക്തിയാർജ്ജിക്കേണ്ടതുണ്ട്. "ഒരാളെ അടിക്കുവാൻ പോകുമ്പോൾ നമ്മൾ അയാളുടെ ശക്തിയാണ് ആദ്യം അളക്കുന്നത്" എന്ന കുഞ്ഞാമന്റെ വാക്കുകൾ ശ്രദ്ധിക്കുക. "അധികാരത്തെ ശക്തി കൊണ്ട് നേരിടണ’’ എന്ന ആഹ്വാനവും ഇതേ സ്വഭാവം നിലനിർത്തുന്നതാണ്. ചിന്തിക്കുന്ന, സ്വന്തം ജീവിതത്തിനുമേൽ നിർണയാധികാരവും, പരമാധികാരവുമുള്ള മനുഷ്യരായി മാറുക എന്നതാണ് കുഞ്ഞാമനെ സംബന്ധിച്ച് അധഃസ്ഥിതവർഗത്തിന്റെയും, കീഴാളവർഗ്ഗത്തിന്റെയും വിമോചനത്തിലേക്കുള്ള വഴി.

Property is freedom എന്ന ഹെഗലിന്റെ വാക്യത്തിലേക്ക് If so no Property is unfreedom എന്ന് ചേർക്കുന്ന കുഞ്ഞാമൻ, സമ്പത്തിനെ അല്ലെങ്കിൽ സ്വത്തിനെ വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഭൗതികലോകവുമായി ബന്ധപ്പെടുത്തി ചിന്തിക്കുന്നതിൽ ശ്രദ്ധിക്കുന്നുണ്ട്. ചരിത്രത്തിന്റെ വളർച്ച ആശയത്തിന്റെ സാക്ഷാത്ക്കാരമായി കണ്ടിരുന്ന ഹെഗലിൽ ഭൗതികചിന്തയുടെ സാന്നിധ്യം വളരെ കുറവാണ്. എങ്കിലും ഹേഗലിലെ ഭൗതികവാദിയെയാണ് കുഞ്ഞാമന് താൽപര്യം. സ്വാതന്ത്ര്യം, സന്തോഷം, ദുഃഖം തുടങ്ങി സ്വകാര്യവും വ്യക്തിപരവുമായ അനുഭവങ്ങളെ വ്യക്തിയുടെ ഭൗതികസാഹചര്യവുമായി ബന്ധപ്പെട്ട് മനസ്സിലാക്കുന്നതിൽ അംബേദ്കറും കുഞ്ഞാമന് ഒരു സ്വാധീനമാണ്. ഉദാഹരണത്തിന്, 'ദി ബുദ്ധ ആൻഡ് ഹിസ് ധമ്മ' എന്ന പുസ്തകത്തിൽ അംബേദ്‌കർ ദുഃഖത്തെക്കുറിച്ച് കണ്ടെത്തുന്നത് ശ്രദ്ധിക്കുക: "dukkha is material and that it can be removed and must be removed". ബുദ്ധനെ പോലെ കഷ്ടപ്പാടുകളും ദുഃഖങ്ങളും (dukkha) അനുഭവിക്കുന്ന അംബേദ്‌കർ അവയെല്ലാം മനുഷ്യന്റെ ഭൗതികസാഹചര്യങ്ങളുമായി ബന്ധപ്പെടുത്തുന്നു. തത്ത്വചിന്തയെ പൂർണമായും ഭൗതികതയിലൂന്നി മനസിലാക്കുന്ന രീതി അംബേദ്‌കർ തുടങ്ങിവെച്ചപ്പോൾ കുഞ്ഞാമൻ അതേ ചിന്തയെ വിപുലപ്പെടുത്തി, അവയെ പൂർണമായും ഇന്ദ്രീയാർത്ഥസന്നികർഷവുമായി (Sensory Cognition) ചേർത്താണ് മനസിലാക്കുന്നത്. കീഴാള തത്വചിന്ത പൂർണമായും ഭൗതികതയിലും ശരീരത്തിലും ഊന്നിയാണ് ലോകത്തെ വിശകലനം ചെയ്യുന്നത്. പട്ടിണി, ദാരിദ്ര്യം എന്നീ കടുത്ത അനുഭവങ്ങൾ പോലെ തന്നെയാണ് വിജ്ഞാനദാരിദ്ര്യവും, ഡിജിറ്റൽ ദാരിദ്ര്യവും കുഞ്ഞാമന്റെ ചിന്തയിൽ. ഭക്ഷണവും വെള്ളവും വായുവും ആവശ്യമായിരുന്ന മനുഷ്യനിൽ നിന്ന് ഡിജിറ്റൽ ലോകത്തെ മനുഷ്യനിലേക്ക് വളരുമ്പോൾ കീഴാളർ മറ്റുള്ള മനുഷ്യരുടെയൊപ്പം എത്തുന്നില്ല എന്നത് കുഞ്ഞാമനെ അലട്ടുന്നുണ്ട്. ഹേഗലിനെ പൂർണമായും കുഞ്ഞാമൻ അംഗീകരിക്കുന്നില്ല. ഉദാഹരണത്തിന് ഭരണകൂടത്തെ മനസ്സിലാക്കുന്നതിൽ ഹേഗലിന്റെ ആശയങ്ങളെ പൂർണമായും ഒഴിവാക്കി, 'ഭരണകൂടം ഒരു മർദനോപാധിയാണ്' എന്ന ലെനിനിസ്റ്റ് ആശയമാണ് കുഞ്ഞാമനെ സ്വാധീനിച്ചത്. മാർക്സ് സാമ്പത്തിക കേന്ദ്രിതമായ ചരിത്ര - സാമൂഹിക വിശകലനം നടത്തുന്നതിൽ സഹായിക്കുമ്പോൾ, അംബേദ്‌കർ സാമൂഹികബന്ധങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള വിശകലനത്തിന് സഹായിക്കുന്നു എന്നാണ് കുഞ്ഞാമന്റെ അറിവ്. സാമ്പത്തിക ബന്ധങ്ങളാണ് സാമൂഹിക ബന്ധങ്ങൾ നിർണയിക്കുന്നത് എന്ന കണ്ടെത്തലിനെ തിരിച്ചിടുന്ന അംബേദ്‌കർ സാമൂഹിക ബന്ധങ്ങളാണ് സാമ്പത്തിക ബന്ധങ്ങൾ നിർണ്ണയിക്കുന്നത് എന്ന ഇന്ത്യൻ പശ്ചാത്തലത്തെ തുറന്നുകാട്ടുന്നു.

'ജാതി' കേന്ദ്രബിന്ദുവായി മാറുന്ന കുഞ്ഞാമന്റെ അംബേദ്കറിസ്റ്റ് വിശകലനത്തിൽ ജാതി:
1. സമ്പത്ത് നിയന്ത്രിക്കുന്ന അധികാരഘടന,
2. തൊഴിൽ വിഭജനം,
3. തൊഴിലിന്റെ സാമൂഹിക വിഭജനം,
4. സാമൂഹിക വേതനത്തിന്റെ വിതരണം,
5. സാമൂഹിക മിച്ചമൂല്യത്തിന്റെ കൈവശപ്പെടുത്തൽ എന്നീ പ്രക്രീയകളെ ബാധിക്കുന്നുണ്ട്. അംബേദ്കറിസ്റ്റ് വിശകലനം ഇവിടെ ഒരു പ്രതിവിജ്ഞാനശാസ്ത്രമാണ് (Counter epistemology) മുന്നോട്ടുവെക്കുന്നതെന്ന് കുഞ്ഞാമൻ അഭിപ്രായപ്പെടുന്നു. സമൂഹത്തെ പല വർഗ്ഗങ്ങളായി തിരിക്കുന്നതിൽ കുഞ്ഞാമൻ മാർക്സിസത്തിൽ നിന്നും അംബേദ്കറിസത്തിൽ നിന്നും ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. ഡിജിറ്റൽ ലോകത്ത് ഡിജിറ്റൽ വിഭവങ്ങൾ (digital resources) ലഭ്യമാകാത്ത കൂട്ടരെ 'Digital Poor' എന്ന് മനസിക്കുന്നതുപോലെ കുഞ്ഞാമൻ സമൂഹത്തെ 'പ്രോപ്പർട്ടീഡ് ക്ലാസ്' എന്നും 'അണ്ടർ ക്ലാസ്' എന്നും തരംതിരിക്കുന്നു. ഇത്തരം വർഗ്ഗീകരണത്തിൽ 'Precariat' (പ്രികേറിയേറ്റ്) എന്ന മൂന്നാം വർഗത്തിന്മേലാണ് കുഞ്ഞാമന്റെ ശ്രദ്ധ പതിയുന്നത്: യാതനകളിൽ ജീവിതം തള്ളി നീക്കുന്നവർ, ഭൂമിയില്ലാത്ത, കിടപ്പാടമില്ലാത്ത, ഭക്ഷണമില്ലാത്ത, വലിയൊരു വിഭാഗം" എന്ന് 'എതിരി'ൽ അദ്ദേഹം വിശദീകരിക്കുന്നു.

കാള്‍ മാര്‍ക്സ്

മുതലാളിത്തത്തെക്കുറിച്ച് മാർക്സ് പഠിക്കുമ്പോൾ തൊഴിലാളിവർഗ്ഗമാണ് അടിസ്ഥാനവർഗം. ജാതിവ്യവസ്ഥയെക്കുറിച്ച് പഠിക്കുമ്പോൾ അംബേദ്കറിന് കീഴാളരും മറ്റ് അധഃസ്ഥിത വർഗ്ഗവുമാണ് അടിസ്ഥാനവർഗ്ഗം. കുഞ്ഞാമനിലെത്തുമ്പോൾ അടിസ്ഥാന വർഗ്ഗം ''പ്രികേറിയേറ്റ്' എന്ന മൂന്നാം വർഗ്ഗമാണ് അടിസ്ഥാന വർഗ്ഗം. ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ദ്ധനായ ഗൈ സ്റ്റാൻഡിങ്ങിന്റെ കണ്ടെത്തലായിരുന്നു ആഗോളവൽക്കരണത്തിന്റെ കാലത്ത് വളർന്നുവരുന്ന ഈ മൂന്നാം വർഗ്ഗം.

കുഞ്ഞാമൻ മുന്നോട്ടുവെക്കുന്ന വർഗ്ഗബോധത്തിന് കീഴാളസ്വത്വം കൂടിയുണ്ട്. മാർക്സിന്റെ തൊഴിലാളിവർഗം തൊഴിലാളിവർഗ സർവാധിപത്യം സ്ഥാപിച്ചാണ് വിമോചനം നേടുന്നതെങ്കിൽ, അംബേദ്‌കറിന്റെ കാഴ്ചപ്പാടിലുള്ള വിപ്ലവം സാമൂഹിക മാറ്റങ്ങളിലൂടെ സംഭവിക്കുന്നതാണ്. ഇന്ത്യൻ ചരിത്രത്തിൽ കീഴാളമുന്നേറ്റം പല പടികളായി കുഞ്ഞാമൻ കണ്ടെത്തുന്നത് ശ്രദ്ധിക്കുക.
1. ഇന്ത്യൻ ഭരണഘടനയിലൂടെ കീഴാളൻ മനുഷ്യജീവിയായി.
2. കീഴാളരെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ ആവിർഭാവത്തോടെ, കീഴാളൻ രാഷ്ട്രീയ ജീവിയായി.
3. നവ ലിബറൽ സാമ്പത്തിക ക്രമത്തിന്റെ വരവോടെ കീഴാളൻ സാമ്പത്തിക ജീവിയായി.
ഇവിടെ ശ്രദ്ധിക്കേണ്ടത് വിപ്ലവത്തെ വിഭാവനം ചെയ്യുന്നതിലെ രീതിയാണ്. മാർക്സിനെ സംബന്ധിച്ച് തൊഴിലാളി വർഗം സർവാധിപത്യം സ്ഥാപിച്ചാണ് അസമത്വത്തെ ഇല്ലാതാക്കുന്നത്. അംബേദ്‌കർ പുരോഗമനപരമായ ഭരണഘടനയുടെ സാന്നിധ്യവും സാമൂഹിക വിപ്ലവങ്ങളുടെ സാന്നിധ്യവും ഒരുപോലെ സാമൂഹിക മാറ്റത്തിന്റെ സാധ്യതകളായി കണ്ടു. കുഞ്ഞാമൻ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ മനസിലാക്കുന്നത് മുതലാളിത്ത സമ്പദ്‍വ്യവസ്ഥയും ഫ്യൂഡൽ സാമൂഹിക വ്യവസ്ഥയും എന്ന നിലയിലാണ്. പിതൃസ്വത്തായി (Patrimonial) ലഭിക്കുന്ന സ്വത്ത് ഉപയോഗിച്ച് മുതലാളിമാരായവർ അല്ലാതെ മത്സരാധിഷ്ഠിതമായ മുതലാളിത്തത്തിലൂടെ പുതുതായി വന്ന മുതലാളിമാർ ഇന്ത്യയിൽ കുറവാണ്. ഇങ്ങനെ ചില ജാതികളിലും ചില കുടുംബങ്ങളിലും ആരാധനാലയങ്ങളിലുമായി കിടക്കുന്ന സ്വത്തുവകകൾ പുനർവിതരണം ചെയ്യണം എന്ന ബോധ്യത്തിലാണ് കുഞ്ഞാമൻ എത്തിച്ചേരുന്നത്. കുഞ്ഞാമൻ ഇവിടെ വിപ്ലവമായി  കണ്ടെത്തുന്നത് സമൂഹത്തിലെ കീഴാളർ  സാർവത്രിക സ്വത്തവകാശം  നേടിയെടുക്കുന്നതിലൂടെയാണ്, സ്വത്തവകാശം മൗലികാവകാശമായി മാറുന്നതിലൂടെയാണ്. സാമ്പത്തിക മൂലധനത്തിന്റെ വിതരണത്തിലൂടെ സാമൂഹിക മൂലധനത്തിന്റെ പ്രശ്‌നവും പരിഹരിക്കപ്പെടുമെന്ന് കുഞ്ഞാമൻ കണ്ടെത്തുന്നു. സാമൂഹിക മൂലധനം ഇവിടെ ബ്രാഹ്മണ്യവും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രത്യയശാസ്ത്രപരമായ കീഴ് വഴക്കങ്ങളുമാണ്. കുഞ്ഞാമൻ അത്തരം മൂല്യങ്ങളെ ഫ്യൂഡൽ മൂല്യങ്ങളായി അടയാളപ്പെടുത്തുന്നു. ബഹുമാനം, ആദരവ്, അച്ചടക്കം, ഭക്തി, അനുസരണം എന്നിവ അത്തരം മൂല്യങ്ങളിൽ ചിലതാണ്. ബ്രാഹ്മണ്യം അത്തരം പല മൂല്യങ്ങളെ ഗർഭത്തിൽ വഹിക്കുന്ന പ്രത്യയശാസ്ത്രസഞ്ചയവും. ബ്രാഹ്മണ്യത്തിന്റെ ഭക്തരായി മാറിയ ദലിതരെയും ആദിവാസികളെയും കുഞ്ഞാമൻ തന്റെ വിശകലനത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. ബ്രാഹ്മണ്യം - അധികാരം എന്നിവയുടെ ഭക്തർ കീഴാളവർഗ്ഗത്തിൽ നിന്ന് ഉയർന്നുവരുന്ന തമ്പ്രാൻ വർഗത്തിന്റെ ഭാഗമാണ്.  സാർവത്രികമായ ഒരു നീതി ലോകത്തില്ല എന്ന് കുഞ്ഞാമൻ പറയുന്നത് ഈ തമ്പുരാൻ വർഗ്ഗവുമായി ബന്ധപ്പെട്ടാണ്. നീതി ഈ തമ്പുരാൻ വർഗ്ഗത്തിനും അധികാര വർഗത്തിനും മാത്രമുള്ളതാണ്. സമ്പത്തും ശക്തിയും മാത്രമാണ് കുഞ്ഞാമനെ സംബന്ധിച്ച് വ്യക്തികൾക്ക് നീതി ഉറപ്പാക്കിത്തരുന്ന ഘടകം. സാർവത്രികമായ നീതി സാധ്യമാകണമെങ്കിൽ സാർവത്രികമായ സ്വത്തവകാശം, സാമ്പത്തിക മൂലധനത്തിന്റെ പുനർവിതരണം എന്നിവ പ്രാധാനമാണ്. അധികാരത്തിന്റെയും ശക്തിയുടെയും കണ്ണികളുമായി ചേർത്തുനിർത്തിയാണ് കുഞ്ഞാമൻ സമൂഹത്തെ വിശകലനം ചെയ്യുന്നതും വിമർശിക്കുന്നതും. അതുകൊണ്ടുതന്നെ  ജനാധിപത്യത്തിൽ വളരെ പവിത്രതയോടെ അവതരിപ്പിക്കുന്ന പല ആശയങ്ങളുടെയും ഭീകരവശമാണ് കുഞ്ഞാമൻ തുറന്നുകാട്ടുന്നതും.

കുഞ്ഞാമന്റെ ജീവിതദർശനങ്ങളും പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. കുട്ടിക്കാലത്ത് ഏറ്റവും അഭിമാനത്തോടെയും അധികാരത്തോടെയും പെരുമാറിയിരുന്ന കുട്ടികൃഷ്ണൻ എന്ന കള്ളനെ ആരാധിച്ച് അതുപോലൊരു കള്ളനാവാൻ ശ്രമിക്കുന്ന കുഞ്ഞാമൻ, അയാളിൽ നിന്ന് ലഭിക്കുന്ന ഉപദേശങ്ങൾ ഗൗരവത്തിൽ എടുക്കുന്നുണ്ട്.
1. പാവപ്പെട്ടവരുടെ കൈയിൽ നിന്ന് ഒന്നും മോഷ്ടിക്കരുത്.
2. മോഷ്ടിച്ചാൽ എന്തെങ്കിലും പാവപ്പെട്ടവന് കൊടുക്കണം.
പത്താം ക്ലാസ് പാസായതോടെ കള്ളനാകാനുള്ള ആവേശം പതിയെ ഏതു കൂട്ടത്തിൽ ചെന്നാലും ശ്രദ്ധിക്കപ്പെടണമെന്ന വാശിയിലെത്തുന്നു. "എന്നേക്കാൾ വലിയൊരു കഴുതയെ എവിടെയും കാണരുത്". കുഞ്ഞാമൻ സ്വയം കഴുതയായി വിശേഷിപ്പിക്കുന്ന പല അവസരങ്ങളും ‘എതിരി'ലും കാണാം. 'കഴുത' കുഞ്ഞാമന് ഒരു ബിംബമാണ്. പരാതികളേതുമില്ലാതെ ഭാരം ചുമക്കുന്ന കഴുത കഠിനാധ്വാനത്തിന്റെ ബിംബമാണ്. മനുഷ്യൻ ആ മൃഗത്തെ പലപ്പോഴും ഒരു മണ്ടൻ മൃഗമായാണ് കണക്കാക്കുക. മാക്യവെല്ലിയുടെ 'ദി ഗോൾഡൻ ആസ്' എന്ന കവിതാസമാഹാരത്തോട് ചേർന്നു നിൽക്കുന്നതാണ് കഴുതയുമായി ബന്ധപ്പെട്ട കുഞ്ഞാമന്റെ പരാമർശങ്ങൾ. മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധം അവർ രണ്ടു കൂട്ടർക്കും ഒരേ ആഗ്രഹങ്ങളൂം ലക്ഷ്യങ്ങളുമാണ്. മനുഷ്യൻ തന്റെ സഹജവാസന അടക്കിനിർത്തുന്നു, മൃഗങ്ങൾ അവ അടക്കിനിർത്താതെ സത്യസന്ധമായി പ്രകടമാക്കുന്നു. അതികഠിനമായ ക്ലേശങ്ങളിലൂടെ കടന്നുപോകുന്ന ജീവിതത്തിൽ 'കഴുത’യായി മാറുന്നത് ഒരു വിമോചനമാണ്. മറ്റേതൊരു മൃഗത്തെയും പോലെ അത് സഹജവാസനയിൽ പെരുമാറുന്നു.

അധികാരത്തെ ഭയക്കാതെ ചോദ്യം ചോദിക്കുക എന്ന സഹജവാസന കുഞ്ഞാമൻ വളർത്തുന്നത് സ്വയം ഒരു മൃഗവുമായി ചേർത്തുവെച്ചുകൊണ്ടാണ്. അധികാരത്തെയോ ബഹുമാനത്തെയോ ജാതി ശ്രേണിയെയോ കുറിച്ചൊന്നും ആ മൃഗത്തിന് ബോധമില്ല. ഗവേഷകനായിരുന്ന വേളയിൽ കെ.എൻ. രാജിനുനേരെ സാമ്പത്തിക ശാസ്ത്രത്തിന്റെ വരേണ്യവർഗ്ഗസ്വഭാവത്തെക്കുറിച്ച് ചൊടിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചശേഷം, ചോദ്യം ചോദിക്കുന്നതിലുള്ള സ്വാതന്ത്ര്യം ആസ്വദിക്കുന്ന കുഞ്ഞാമനെ 'എതിരി'ൽ കാണാം: "പറയേണ്ട കാര്യം, പറയേണ്ട സമയത്ത്, പറയേണ്ട രീതിയിൽ പറഞ്ഞുവോ എന്നുള്ളതാണ് ഞാൻ ആലോചിക്കാറ്"
‘‘അവഗണയിൽ നിന്ന് എനിക്ക് കിട്ടിയ ഒരാർജ്ജവമുണ്ടായിരുന്നു". 
സ്വാതന്ത്ര്യം മൃഗങ്ങളിൽ ഒരുൾപ്രേരണയാൽ നേടിയെടുക്കപ്പെടുന്നതാണ്, അവയെ മനുഷ്യർ മെരുക്കിയെടുക്കുകയും കൂട്ടിലടക്കുകയും ചെയ്യുന്നതുവരെവളരെ ആഴത്തിലുള്ള ഈ ബോധ്യം കുഞ്ഞാമൻ തിരിച്ചറിഞ്ഞിരുന്നു. അധികാരം പ്രയോഗിക്കുന്ന മനുഷ്യർക്കോ, മതമെന്ന പ്രത്യശാസ്ത്രത്തിനോഅവാർഡുകൾക്കോ അദ്ദേഹത്തെ മെരുക്കാനോ കൂട്ടിലടക്കാനോ സാധിച്ചില്ല. 

Comments