എം. എസ്‌. സ്വാമിനാഥന്‍

പ്രൊഫ. എം.എസ്. സ്വാമിനാഥൻ; മലയാളിസമൂഹം മുന്‍വിധികളില്ലാതെ അറിയാന്‍ ശ്രമിക്കേണ്ട ഒരാൾ

‘‘പ്രൊഫ. സ്വാമിനാഥന്റെ നിലപാടുകളെ, പ്രവര്‍ത്തന പദ്ധതികളെ ആര്‍ക്കും വിമര്‍ശിക്കാം. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുകയും ആവശ്യമുള്ളിടത്ത്‌ സ്വയം വിമര്‍ശനം നടത്തുകയും തിരുത്തി മുന്നോട്ടു പോവുകയും ചെയ്യുന്നതാണ്‌ പ്രൊഫസറുടെ രീതി. കേരളത്തിനുകൂടി അവകാശപ്പെട്ട അദ്ദേഹം എന്തായിരുന്നു, ആരായിരുന്നു എന്ന്‌ മലയാളി സമൂഹം ഇനിയും മുന്‍വിധികളില്ലാതെ അറിയാന്‍ ശ്രമിക്കേണ്ടതുണ്ടതുണ്ട്‌.’’- എം. എസ്‌. സ്വാമിനാഥന്‍ റിസര്‍ച്ച്‌ ഫൗണ്ടേഷനില്‍ സാമൂഹ്യ ശാസ്‌ത്രജ്ഞയായിരുന്ന സി.എസ്. ചന്ദ്രിക എഴുതുന്നു.

ന്ത്യയുടെ മാത്രമല്ല ലോകത്തിന്റെയാകെയും വിശപ്പിനെപ്പറ്റി, ഭക്ഷ്യസുരക്ഷയെപ്പറ്റി ചിന്തിക്കുകയും കാര്‍ഷികരംഗത്ത്‌ വിപ്ലവകരമായ പരിഹാരത്തിനായി നിതാന്തപരിശ്രമം നടത്തുകയും അതില്‍ വിജയഗാഥകള്‍ തീര്‍ക്കുകയും ചെയ്‌ത പ്രതിഭയാണ്‌ പ്രൊഫ. എം. എസ്‌. സ്വാമിനാഥന്‍. തീര്‍ത്തും അര്‍ത്ഥപൂര്‍ണ്ണമായ ഒരു നീണ്ട ജീവിതകാലം തീര്‍ന്ന്‌ സ്വാമിനാഥന്‍ എന്ന ലോകത്തിന്റെ കാര്‍ഷികശാസ്‌ത്രജ്ഞന്‍, സസ്യജനിതക ശാസ്‌ത്രജ്ഞന്‍, അഗ്രോണമിസ്റ്റ്‌ ഇന്ന്‌ യാത്രയായിരിക്കുന്നു. അദ്ദേഹത്തിന്റേതായ വലിയ ചരിത്രം, അമൂല്യമായ സമഗ്ര സംഭാവനകളുടെ ചരിത്രം, ഇനിയും നമ്മള്‍ കൂടുതല്‍ പഠിക്കാനിരിക്കുന്നതേയുള്ളു.

2011- ലാണ്‌ ഞാന്‍ എം. എസ്‌. സ്വാമിനാഥന്‍ റിസര്‍ച്ച്‌ ഫൗണ്ടേഷനില്‍ സാമൂഹ്യ ശാസ്‌ത്രജ്ഞയായി ചേര്‍ന്നത്‌. സത്യത്തില്‍, എംപ്ലോയ്‌മെന്റ്‌ന്യൂസില്‍ വന്ന ആ തൊഴിലവസരം കണ്ട്‌ ജോലിക്ക്‌ അപേക്ഷിക്കുമ്പോള്‍ ആശങ്കയുണ്ടായിരുന്നു. അവിടെ ജോലിക്ക്‌ അപേക്ഷിക്കണോ, ജോലി കിട്ടിയാല്‍ ജോയിന്‍ ചെയ്യണോ തുടങ്ങിയ കാര്യങ്ങള്‍ അടുത്ത സുഹൃത്തുക്കളോട്‌ ചോദിച്ചത്‌ ആ ആശങ്കയുടെ തീവ്രത കൊണ്ടായിരുന്നു. കാരണം, കേരളത്തില്‍ ജനിച്ച്‌ ഇവിടെത്തന്നെ പഠിച്ചുവളര്‍ന്ന എന്നില്‍ ഈ സമൂഹത്തിന്റെ രാഷ്‌ട്രീയ, ബൗദ്ധിക മണ്‌ഡലത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ സ്വാധീനമുണ്ടാവുക സ്വാഭാവികമാണ്‌. ഇടതുപക്ഷ രാഷ്‌ട്രീയചിന്തകള്‍ എന്നില്‍ ശക്തമായിത്തീര്‍ന്ന കോളേജ്‌ പഠനകാലം മുതല്‍ പലയിടത്തും നടക്കുന്ന ചര്‍ച്ചകളില്‍ എം. എസ്‌. സ്വാമിനാഥന്‍ എന്ന പേര്‌ കേട്ടിട്ടുള്ളത്‌ ഇന്ത്യയുടെ ഹരിതവിപ്ലവത്തിന്‌ നേതൃത്വം കൊടുത്ത, ഭക്ഷ്യക്ഷാമത്തിന്‌ അറുതി വരുത്തിയ മഹാനായ ശാസ്‌ത്രജ്ഞന്‍ എന്ന ആദരവോടെ എന്നതിനേക്കാള്‍ ഇന്ത്യയുടെ പാരമ്പര്യ കാര്‍ഷിക വ്യവസ്ഥയെ തകര്‍ത്ത, സാമ്രാജ്യത്വത്തിന്റെ അജണ്ട നടപ്പാക്കിയ കാര്‍ഷിക ശാസ്‌ത്രജ്ഞന്‍ എന്ന ആക്ഷേപത്തോടെയായിരുന്നു. ആ ആക്രോശപക്ഷം അന്നുണ്ടാക്കിയ പ്രചാരണത്തിന്റെ സ്വാധീനം വളരെ വലുതായിരുന്നു. ഇപ്പോഴും എണ്ണത്തില്‍ തീരെ കുറവെങ്കിലും ആ ഭര്‍ത്സനങ്ങള്‍ തുടരുന്നുണ്ട്‌. എം. എസ്‌. സ്വാമിനാഥന്‍ റിസര്‍ച്ച്‌ ഫൗണ്ടേഷനില്‍ ജോലിക്ക്‌ അപേക്ഷിച്ചപ്പോഴും ജോലി കിട്ടിയപ്പോഴും എന്റെ മനസ്സ്‌ സദാ പ്രക്ഷുബ്‌ധമായിരുന്നത്‌ അതുകൊണ്ടായിരുന്നു.

photo: M.S Swaminathan Reserch Foundation

മറ്റുള്ളവരുടെ മുന്‍വിധികളുടെ, വിധിക്കലുകളുടെ, അപവാദ പ്രചാരണങ്ങളുടെ, നിരന്തര ആക്രമണങ്ങളുടെ മുന്നില്‍ അക്ഷോഭ്യനായി, സൗമ്യനായി പുഞ്ചിരിച്ചുകൊണ്ടുനില്‍ക്കുന്ന പ്രൊഫ. സ്വാമിനാഥനില്‍നിന്ന്‌ പിന്നീട്‌ ഞാന്‍ കണ്ടു പഠിച്ച പാഠം വളരെ വലുതാണ്‌. അക്രമാസക്തമായ പ്രചാരണങ്ങളെ അതിജീവിക്കാനും സ്വന്തം നിശ്ചയങ്ങളില്‍ നന്മക്കുവേണ്ടിയെന്ന്‌ തീര്‍ച്ചയുള്ള വഴിയിലൂടെ മുന്നോട്ടു പോകാനും പ്രാപ്‌തമാക്കുന്ന വലിയ പാഠമാണത്‌.
എം.എസ്‌. സ്വാമിനാഥന്‍ റിസര്‍ച്ച്‌ ഫൗണ്ടേഷനില്‍ ജോലി ചെയ്‌ത കാലമത്രയും നേരില്‍ കണ്ടറിഞ്ഞിട്ടുള്ള പ്രൊഫസറെക്കുറിച്ചു (ഞങ്ങളെല്ലാവരും അങ്ങനെയാണ്‌ വിളിക്കുക) മാത്രം പറയാന്‍ ഞാനാഗ്രഹിക്കുന്നു.

കാര്‍ഷിക രംഗത്ത്‌ നടപ്പാകണമെന്ന്‌ ആഗ്രഹിക്കുന്ന സുസ്ഥിരമായ വികസനത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്‌ചകളില്‍, ജ്ഞാനത്തിന്റെ വെളിച്ചം വാക്കുകളിലൂടെ അനുഭവിപ്പിക്കുന്ന, പുതിയ സ്വപ്‌നാത്മക ആശയങ്ങള്‍ മുന്നോട്ടുവെയ്‌ക്കുകയും അതിന്റെ പരീക്ഷണങ്ങള്‍ക്കും (ലാബ്‌ ടു ലാന്‍ഡ്‌) വിജയത്തിനും കര്‍ഷകരും ശാസ്‌ത്രജ്ഞരുമടങ്ങുന്ന കുറേയധികം മനുഷ്യരെ സജ്ജരാക്കി ഉത്സാഹിപ്പിക്കുന്ന, സഹജീവി സ്നേഹവും അതിരറ്റ കരുതലും സാമൂഹ്യ പ്രതിബദ്ധതയുമെല്ലാം ഒരുമിച്ച്‌ കാണാനാവുന്ന സമഗ്രമായ പ്രതിഭാസവിശേഷതകളുള്ള അപൂര്‍വ ജന്മമാണ്‌ പ്രൊഫ. സ്വാമിനാഥന്‍ എന്നു ഞാന്‍ കരുതുന്നു. അദ്ദേഹത്തിന്റെ നിലപാടുകളെ, പ്രവര്‍ത്തന പദ്ധതികളെ ആര്‍ക്കും വിമര്‍ശിക്കാം. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുകയും ആവശ്യമുള്ളിടത്ത്‌ സ്വയം വിമര്‍ശനം നടത്തുകയും തിരുത്തി മുന്നോട്ടു പോവുകയും ചെയ്യുന്നതാണ്‌ പ്രൊഫസറുടെ രീതി.

അത്യുത്‌പാദനശേഷിയുള്ള ഗോതമ്പിന്റേയും നെല്ലിന്റേയും ഉരുളക്കിഴങ്ങിന്റേയും പുതിയ കൃഷിയിലൂടെ ഹരിതവിപ്ലവത്തിന്റെ ദേശീയ- പ്രാദേശിക പ്രായോഗിക നടത്തിപ്പുകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഉദ്യോഗസ്ഥരും വന്‍കിട കര്‍ഷകരടക്കമുള്ളവരും വരുത്തിയ പിഴവുകള്‍ക്കും മണ്ണിനും ജലത്തിനും പാരമ്പര്യവിത്തിനങ്ങള്‍ക്കും സംഭവിച്ച നഷ്‌ടങ്ങള്‍ക്കും പരിഹാരമായി പ്രൊഫസര്‍ മുന്നോട്ടു വെക്കുന്ന എവര്‍ ഗ്രീന്‍ റവല്യൂഷൻ, നിത്യഹരിത വിപ്ലവ പ്രവര്‍ത്തനങ്ങള്‍ എന്നിവ സുസ്ഥിര വികസനപ്രയോഗങ്ങളുടെ ഭാഗമാണ്‌.

വയനാട്ടിലെ നുട്രി ഗാർഡൻ പ്രോഗ്രാമിന്റെ ഉദ്ഘാടനത്തിൽ നിന്ന്

25 വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ പ്രൊസഫര്‍ വയനാട്ടില്‍ സ്ഥാപിച്ച കാര്‍ഷിക ജൈവവൈവിദ്ധ്യ കേന്ദ്രത്തിലായിരുന്നു 2011-ല്‍ എന്റെ നിയമനം. അവിടെ എന്നെ ഏല്‍പ്പിച്ചത്‌, സുസ്ഥിര ആദിവാസി വികസനം - ഉപജീവനമാര്‍ഗ്ഗ വികസനം, ഭക്ഷ്യ, പോഷകാഹാര സുരക്ഷ എന്ന പ്രോഗ്രാമിന്റെ നേതൃത്വചുമതലയായിരുന്നു. മറ്റു രണ്ട്‌ പ്രോഗ്രാമുകളിലടക്കം സ്‌ത്രീവികസന പദ്ധതികള്‍ ഉള്‍പ്പെടുത്തുക എന്നതും നിര്‍ബ്ബന്ധിതമായിരുന്നു. സെന്ററിന്റെ ഡയറക്‌ടറായിരുന്ന ഡോ. എന്‍. അനില്‍കുമാര്‍ എന്നോട്‌ എപ്പോഴും പറയാറുണ്ടായിരുന്ന കാര്യം, പ്രൊഫസറുടെ ഏറ്റവും വലിയ സ്വപ്‌നമാണ്‌ വയനാട്ടിലെ പണിയ ആദിവാസി കുടുംബങ്ങളുടെ ഉപജീവനമാര്‍ഗ്ഗ വികസനം എന്നാണ്‌. എന്നാല്‍ പ്രവര്‍ത്തിച്ച്‌ വിജയമാതൃകയുണ്ടാക്കാന്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ആദിവാസി വിഭാഗ മേഖലയുമാണത്‌. ആ ഉത്തരവാദിത്വമാണ്‌ എന്നെ ഏൽപ്പിച്ചത്. പ്രൊഫസര്‍ വയനാട്ടിലേക്ക്‌ വന്നപ്പോഴും, ചെന്നൈയില്‍ പോയ സമയത്ത്‌ സംസാരിച്ചപ്പോഴും, ഞാന്‍ പ്രൊഫസറില്‍ നിന്ന്‌ എപ്പോഴും കേട്ടുകൊണ്ടിരുന്നതും പഠിച്ചതും 'അദൃശ്യമായ വിശപ്പിനെ' (Hidden hunger) കുറിച്ചായിരുന്നു. അതിനെ നേരിടാനുള്ള പദ്ധതികളെക്കുറിച്ചായിരുന്നു. ഭക്ഷ്യ പോഷകാഹാര സുരക്ഷയ്‌ക്കുവേണ്ടിയുളള പ്രൊഫസറുടെ 'ഫാമിംഗ്‌ സിസ്‌ററം ഫോര്‍ നുട്രിഷന്‍' എന്ന പുതിയ ആശയത്തിന്റെ സമഗ്രത ഇനിയും നമ്മുടെ സര്‍ക്കാരുകള്‍ മനസ്സിലാക്കേണ്ടതുണ്ട്‌. സൂക്ഷ്‌മ പോഷക സമ്പന്നമായ നാടന്‍ പച്ചക്കറി, ഫലവര്‍ഗ്ഗ വിത്തിനങ്ങളുടെ സംരക്ഷണത്തിനായുള്ള 'ജനറ്റിക്‌ ഗാര്‍ഡന്‍' എന്ന ആശയം പ്രാദേശിക സര്‍ക്കാരുകള്‍ക്കു കീഴില്‍ എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കാന്‍ പ്രയാസമുള്ള കാര്യമേയല്ല. ഈ ആശയത്തിന്റെ അടിസ്ഥാനത്തില്‍ വയനാട്ടിലെ ആദിവാസി കര്‍ഷകരുടെ നേതൃത്വത്തിലും അവരുടെ കൂട്ടായ ഉടമസ്ഥതയിലും നടപ്പിലാക്കിയ കിഴങ്ങുവര്‍ഗ്ഗങ്ങളുടേയും പയറുവര്‍ഗ്ഗങ്ങളുടേയും പച്ചക്കറി - ഇലവര്‍ഗ്ഗങ്ങളുടേയും മാതൃകാ ജനിതക ശേഖരിണികളെ മാതൃകയാക്കാവുന്നതാണ്‌.

കര്‍ഷകരുടെ വിത്തിനങ്ങള്‍ സംരക്ഷിക്കുന്നതിനും അതിന്‍മേല്‍ കര്‍ഷകരുടെ അവകാശം ഉറപ്പിക്കുന്നതിനും വേണ്ടിയുള്ള നിയമം, അതില്‍ കര്‍ഷരായ സ്‌ത്രീകളുടെ സംഭാവനകളെ അംഗീകരിക്കുന്നതിനും ദൃശ്യമാക്കുന്നതിനുമുള്ള ഊന്നല്‍ തുടങ്ങി ഇന്ത്യയിലെ കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള പ്രൊഫ. സ്വാമിനാഥന്റെ ഈടുറ്റ സംഭാവനകളെത്രയാണ്‌. ഈ ചെറിയ കുറിപ്പില്‍ എല്ലാം വിശദീകരിച്ചെഴുതാനാകില്ല എന്ന വിഷമം എന്റെ ഉള്ളിലുണ്ട്‌.

photo: M.S Swaminathan Reserch Foundation

കേരളത്തിനുകൂടി അവകാശപ്പെട്ട അദ്ദേഹം എന്തായിരുന്നു, ആരായിരുന്നു എന്ന്‌ മലയാളി സമൂഹം ഇനിയും മുന്‍വിധികളില്ലാതെ അറിയാന്‍ ശ്രമിക്കേണ്ടതുണ്ടതുണ്ട്‌. പ്രൊഫസര്‍ സ്വാമിനാഥന്റെ മുന്നിലുണ്ടായിരുന്നത്‌ എപ്പോഴും ആഗോളതലത്തിലും പ്രാദേശികതലത്തിലുമുള്ള കര്‍ഷകരായ, ദരിദ്രരായ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള കാര്‍ഷിക വികസനവും ഉപജീവനമാര്‍ഗ്ഗ, ഭക്ഷ്യ പോഷകാഹാര സുരക്ഷയും സംബന്ധിച്ച ചോദ്യങ്ങളായിരുന്നു.
ഭക്ഷ്യ പോഷകാഹാരസുരക്ഷയുടെ വിവിധ മാനങ്ങളെപ്പറ്റി സ്വാമിനാഥന്‍ ഗവേഷണ നിലയം സംഘടിപ്പിച്ച ഒരു ദേശീയ ശിൽപശാലയില്‍, ആദിവാസി ഭക്ഷ്യ പോഷകാഹാര സുരക്ഷക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ അനുഭവപാഠങ്ങള്‍ സംബന്ധിച്ച പേപ്പര്‍ അവതരിപ്പിച്ചതിനുശേഷം, പ്രഫസര്‍ എന്നെ ചേര്‍ത്തുപിടിച്ച്‌ അഭിനന്ദിച്ച വാക്കുകള്‍ എനിക്കു നല്‍കിയ സന്തോഷം എന്നെന്നും എന്നില്‍ പ്രകാശിച്ചു നില്‍ക്കും. ആദിവാസി, കാര്‍ഷിക സുസ്ഥിര വികസനത്തിന്റെ പുതിയ പാഠങ്ങള്‍ പഠിപ്പിച്ച ഗുരുതുല്യനായ പ്രിയപ്പെട്ട പ്രൊഫസര്‍ക്ക്‌ വിട, അന്ത്യപ്രണാമം.


സി.എസ്. ചന്ദ്രിക

കഥാകൃത്ത്, നോവലിസ്റ്റ്, സ്ത്രീപക്ഷ പ്രവർത്തക. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ കമ്യൂണിറ്റി അഗ്രോ ഡൈവേർസിറ്റി കേന്ദ്രത്തിൽ സീനിയർ സയന്റിസ്റ്റ്. പിറ, എന്റെ പച്ചക്കരിമ്പേ ക്ലെപ്റ്റോമാനിയ, ഭൂമിയുടെ പതാക, ലേഡീസ് കമ്പാർട്ട്മെന്റ്, റോസ, പ്രണയകാമസൂത്രം - ആയിരം ഉമ്മകൾ, ആർത്തവമുള്ള സ്ത്രീകൾ, മലയാള ഫെമിനിസം, കേരളത്തിന്റെ സ്ത്രീചരിത്രങ്ങൾ : സ്ത്രീമുന്നേറ്റങ്ങൾ, കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രം, കെ. സരസ്വതിയമ്മ എന്നിവ പ്രധാന കൃതികൾ.

Comments