കലാകാരരെക്കുറിച്ച് പറയുമ്പോൾ ഇംഗ്ലീഷിൽ വിശേഷിപ്പിക്കുന്ന ഒരു വാക്കാണ് 'influential'. കാലങ്ങൾക്കപ്പുറത്തേക്ക് തലമുറകളെ വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകളും ചെയ്ത മാസ്റ്റേഴ്സിനെയാണ് ഇങ്ങനെ പറയുക. ഫോട്ടോഗ്രാഫിൽ ഈ വിശേഷണത്തിന് സർവ്വഥാ യോഗ്യനായിരുന്നു രഘു റായ്.
ആറ് പതിറ്റാണ്ട് നീണ്ട ആ കലാപ്രവർത്തനത്തിന് പൂർണ്ണവിരാമം വീഴുമ്പോഴും ആ സ്വാധീനം തുടരുന്നു.
ഞങ്ങളുടെ തലമുറയെ സ്വാധീനിച്ച രണ്ടു റായ് മാരായിരുന്നു സത്യജിത്ത്റായിയും രഘു റായ് യും. ഒരാൾ സിനിമയിൽ, മറ്റൊരാൾ ഫോട്ടോഗ്രാഫിയിൽ എന്ന അന്തരം മാത്രം. ഇവരുടെ സർഗ്ഗാത്മക ജീവിതത്തിലും ധാരാളം സമാനതകൾ കാണാം. രണ്ടുപേരും സ്വാതന്ത്രാനന്തര ഇന്ത്യക്കുനേരെ ക്യാമറ തിരിച്ചവരാണ്. തുടക്കം മുതൽ ലോകത്തിന്റെ അംഗീകാരം പിടിച്ചു പറ്റിയവർ. തങ്ങളുടെ മാധ്യമത്തിൽ സ്വന്തമായ ശൈലിയും സവിശേഷമായ ഉള്ളടക്കവും കണ്ടെത്തിയവർ. ജീവിതത്തിന്റെ അവസാനനാളുകൾവരെ ക്രിയേറ്റീവ് ആയിരുന്നവർ. കലാകാരൻ എന്ന നിലയിൽ മാത്രമല്ല അതിനു പുറത്തും ആദരണീയമായ വ്യക്തിത്വം കാത്തുസൂക്ഷിച്ചവർ. ജീവിതത്തിലുടനീളം പരസ്പരം മമത കാത്തുസൂക്ഷിച്ച കലാകാരൻമാരാണ് രഘു റായിയും സത്യജിത്ത് റായും.
അച്ചടിമാധ്യമത്തിലെ പല പ്രവണതകളും ഫോട്ടോ ജേണലിസത്തിൽനിന്നുള്ള വിടവാങ്ങലിന് പ്രേരകമായതായി റായ് പറയുന്നു. അദ്ദേഹം അതിൽ പ്രധാനപ്പെട്ടതായി കരുതിയത്, കലാപരമായ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമായിരുന്നു.
തൊണ്ണൂറുകളിലാണ് ഞാൻ ഫോട്ടോജേണലിസത്തിലേക്കു വരുന്നത്. റായിയെ സംബന്ധിച്ച് തൊണ്ണൂറുകൾ അദ്ദേഹത്തിന്റെ ക്രിയാത്മക ജീവിതത്തിന്റെ മറ്റൊരു ഘട്ടമായിരുന്നു. 1965- ൽ സ്റ്റേറ്റ്സ്മാനിൽ ഫോട്ടോ ജേർണലിസ്റ്റ് ആയിത്തുടങ്ങിയ സുദീർഘയാത്രക്ക് റായ് 91- ൽ അവസാനം കുറിക്കുകയായിരുന്നു. അന്ന് അദ്ദേഹം ഇന്ത്യാ ടുഡേയുടെ ഫോട്ടോ എഡിറ്റർ ആയിരുന്നു. വാർത്താ റിപ്പോർട്ടിംഗിന്റെ വർദ്ധിച്ചുവരുന്ന പരിമിതികളിൽ റായ് അതൃപ്തി അനുഭവിക്കുന്ന കാലം. ആഴമേറിയതും ദീർഘകാലം ആവശ്യപ്പെടുന്നതമായ ഫോട്ടോഗ്രാഫിക് പ്രോജക്ടുകൾ പിന്തുടരാൻ അദ്ദേഹം ആഗ്രഹിച്ചു.
"ഇന്ത്യ ടുഡേ, അന്ന് ഫോട്ടോ എഡിറ്റർ എന്നനിലയിൽ നൽകിയ
സൗകര്യങ്ങളിൽ എനിക്ക് തൃപ്തിപ്പെടാമായിരുന്നു. ശീതീകരിച്ച മുറിയും പരിചാരകരും കാറും. രാജിതീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ഇന്ത്യ ടുഡേ എഡിറ്റർ അരുൺ പുരി എന്നെ ഏറെ നിർബന്ധിച്ചു. സ്നേഹപൂർവ്വം ഞാൻ ആ ക്ഷണം നിരസിക്കുകയായിരുന്നു. സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച് ഞാൻ തെരുവിലേക്കിറങ്ങി’’- ഫ്രീലാന്റ്സ് ഫോട്ടോഗ്രാഫായിലേക്ക് തിരിഞ്ഞതിന്റെ കഥ റായ് ഓർക്കുന്നു (സ്ട്രീറ്റ് ഫോട്ടോഗ്രാഫർ എന്നായിരുന്നല്ലോ റായ് സ്വയം വിശേഷിപ്പിച്ചത്).
ഫോട്ടോഗ്രാഫിയിലെ decisive moment- ന് സമാനമായ ഒരു തീരുമാനം റായ് തന്റെ ജീവിതത്തിലെടുക്കുകയായിരുന്നു. അച്ചടിമാധ്യമത്തിലെ പല പ്രവണതകളും ഫോട്ടോ ജേണലിസത്തിൽനിന്നുള്ള വിടവാങ്ങലിന് പ്രേരകമായതായി റായ് പറയുന്നു. അദ്ദേഹം അതിൽ പ്രധാനപ്പെട്ടതായി കരുതിയത്, കലാപരമായ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമായിരുന്നു. അച്ചടിമാധ്യമത്തിന്റെ ‘വേഗതയേറിയ’ സ്വഭാവം, കഥകൾ ആഴത്തിൽ പര്യവേക്ഷണം ചെയ്യാനുള്ള തന്റെ കഴിവിനെ പരിമിതപ്പെടുത്തുന്നുവെന്ന് റായിക്ക് തോന്നി.

അദ്ദേഹം പറയുമായിരുന്നു;
‘For me, written words are like brickwork. There are too many bricks, there should be windows... every house must have a window’.
വാക്കുകൾ ഇഷ്ടികപ്പണികളാണ് എന്ന തത്ത്വശാസ്ത്രം. എഴുതിയ വാക്കുകളെ വെറും "ഇഷ്ടികപ്പണി’’ ആയിട്ടാണ് താൻ കാണുന്നതെന്നും ഫോട്ടോഗ്രാഫുകൾ "വലിയ, ശക്തമായ ജാലകങ്ങൾ" ആയി പ്രവർത്തിക്കണമെന്ന് വിശ്വസിക്കുന്നതായും റായ് പറയാറുണ്ടായിരുന്നു. ഒരു പേജ് ചെയ്യുമ്പോൾ വാചകത്തിനുചുറ്റുമുള്ള ഇടം നിറയ്ക്കാൻ വേണ്ടി മാത്രം ഫോട്ടോകൾ ഉപയോഗിക്കുന്ന പ്രവണതയെ റായ് വെറുത്തു.
മാഗസിൻ ജേണലിസത്തിൽ നിന്ന് റായ് വിട്ടുനിൽക്കാനുള്ള മറ്റൊരു കാരണം, ചരിത്രം രേഖപ്പെടുത്താനുള്ള തന്റെ ആഗ്രഹമാണ്.
മാഗസിൻ ജേണലിസത്തിൽ നിന്ന് റായ് വിട്ടുനിൽക്കാനുള്ള മറ്റൊരു കാരണം, ചരിത്രം രേഖപ്പെടുത്താനുള്ള തന്റെ ആഗ്രഹമാണ്. ദൈനംദിന വാർത്താസംഭവങ്ങൾ മാത്രം ഉൾക്കൊള്ളുന്നതിനുപകരം, ഭോപ്പാൽ വാതകദുരന്തം പോലുള്ള സംഭവങ്ങളിലും ടിബറ്റ് പോലെ വിപുലവും സമഗ്രവുമായ ദൃശ്യശേഖരങ്ങൾ സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. 1991-ൽ ഇന്ത്യാ ടുഡേയിൽ നിന്ന് ഫോട്ടോ എഡിറ്റർ സ്ഥാനം ഉപേക്ഷിച്ചശേഷം ഫോട്ടോഎഡിറ്ററുടെ ദൈനംദിന മാനേജീരിയൽ റോളിൽനിന്ന് മാറി റായ് സ്വതന്ത്ര ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചുതുടങ്ങി.

ഫോട്ടോ ജേണലിസ്റ്റ് എന്ന നിലയിൽ, 1965 മുതൽ1990 വരെയുള്ള കാൽ നൂറ്റാണ്ടിൽ ഇന്ത്യയിലെ ഫോട്ടോ ജേണലിസത്തിനും വിഷ്വൽ ഹിസ്റ്ററിയ്ക്കും റായ് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദുർ ശാസ്ത്രിയുടെ മരണം, ഇന്ദിരായുഗത്തിന്റെ തുടക്കവും ഒടുക്കവും, ബംഗ്ലാദേശ് യുദ്ധവും അഭയാർത്ഥിപ്രവാഹവും, അടിയന്തരാവസ്ഥ, ജെ.പിയുടെ നേതൃത്തിലുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ കടലിരമ്പം, സിഖ് കലാപം, ഭോപ്പാൽ ദുരന്തം, ഇന്ദിരാഗാന്ധിയുടെ വധം, രാജീവ് ഗാന്ധി എന്ന താരോദയവും ദാരുണ അന്ത്യവും... ആധുനിക ഇന്ത്യയുടെ ഏറ്റവും പ്രക്ഷുബ്ധമായ ഒരു കാലമായിരുന്നു ആ ക്യാമറയിലൂടെ കടന്നുപോയത്.
രഘു റായ് എടുത്തിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിച്ച ചിത്രം ബാബറി മസ്ജിദ് തകർക്കപ്പെടുന്നതിന്റെതാണ്. സ്വാതന്ത്രാനന്തര ഇന്ത്യയിലെ പ്രധാന സംഭവങ്ങൾക്ക് സാക്ഷിയാണ് രഘുറായിയുടെ ക്യാമറ. ലോകം റായിയെ അറിയുന്നത് ഇന്ത്യൻ ഫോട്ടോഗ്രാഫർ എന്ന നിലയിലാണ്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വേദനാനിർഭരമായ ഒരേടായിരുന്നു ബാബറി മസ്ജിദിന്റെ തകർക്കൽ. അത് രഘുറായിയുടെ ക്യാമറയിൽ പതിഞ്ഞില്ല എന്നത് റായിയുടെ മാത്രം നഷ്ടമല്ല, മതേതര ഇന്ത്യയുടെ കൂടി നഷ്ടമാണ്.

മസ്ജിദ് തകർക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കുമുമ്പ് റായ് അവിടെയുണ്ടായിരുന്നു. അദ്ദേഹം എടുത്ത ഒരു ചിത്രം അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. രഘു റായിയുടെ മകൻ നിതിൻ റായിയാണ് ടൈം മാഗസിനുവേണ്ടി ആ ദുരന്തനിമിഷത്തെ ക്യാമറയിലേക്ക് പകർത്തിയത് (21 ഡിസംബർ 1992-ലെ ടൈം മാഗസിൻ കവർ ചിത്രം നിതിൻ റായിയുടെതായിരുന്നു.)
ചരിത്രസംഭവങ്ങൾ മാത്രമായിരുന്നില്ല, ചരിത്രം തീർത്ത മനുഷ്യരും ചരിത്രത്തിന്റെ ഓരങ്ങളിലെ മനുഷ്യരും ചേതനവും അചേതനവുമായ പ്രകൃതിയും റായിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ അദ്ദേഹത്തിന് ചിത്രങ്ങളിലൂടെ 'ദർശനം' നൽകി. Picturing Time, The greatest photographs of Raghu Rai എന്ന, 2015- ൽ പ്രസിദ്ധീകരിച്ച പുസ്തകം റായ് സമർപ്പിക്കുന്നത് നിമിഷങ്ങളെ അവരുടെ ദർശനമായി നൽകി അനുഗ്രഹിച്ച സാധാരണക്കാരായ മനുഷ്യർക്കാണ്. ‘I meet my god through camera' എന്നതായിരുന്നു റായിയുടെ മതം.

തൊണ്ണൂറുകളിൽ ഒരു ഫോട്ടോ ജേണലിസ്റ്റായി കരിയർ തുടങ്ങുന്നതിന് മുമ്പുതന്നെ രഘു റായിയുടെ ചിത്രങ്ങൾ എന്നെ ആകർഷിച്ചിരുന്നു. റായ് എന്ന ഫോട്ടോഗ്രാഫറുടെ വളർച്ചയുടെ ചരിത്രം അച്ചടി മാധ്യമത്തിന്റെ വളർച്ചയുടെയും തളർച്ചയുടെയും കൂടി ചരിത്രമാണ്. ടി.വി, കമ്പ്യൂട്ടർ തുടങ്ങി മറ്റു വിഷ്വൽ മീഡിയകളൊന്നുമില്ലാത്ത കാലത്താണ് റായിയുടെ ചിത്രങ്ങൾ പ്രശസ്തമാകുന്നത്. നാഷണൽ ജ്യോഗ്രഫിക്, ഇല്ലസ്ടേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെയായിരുന്നു ഇന്ത്യൻ മദ്ധ്യവർഗ്ഗം ഇന്ത്യയിലെയും ലോകത്തിലെയും സംഭവവികാസങ്ങൾ അറിഞ്ഞിരുന്നത് (ചിത്രങ്ങളിലൂടെ). അതിലെ ഭാവനാശാലികളായ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ കാണുമ്പോഴുണ്ടായ ആവേശം ഇന്നും മറക്കാൻ പറ്റില്ല. രഘുറായ് ഇന്ത്യ ടുഡേയിൽ ചെയ്ത ഗ്രേറ്റ് മാസ്റ്റേഴ്സ് സീരീസിലെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങൾ ഉദാഹരണം. ധ്യാനാത്മകമായ ചിത്രങ്ങൾ എന്നുവേണം അവയെ വിശേഷിപ്പിക്കാൻ. ഒരേസമയം ഫോട്ടോഗ്രാഫിയുടെ ശക്തിയും സൗന്ദര്യവും വെളിപ്പെടുത്തുന്നവ. വിഷയങ്ങൾ കണ്ടെത്തുന്നതിലും ചിത്രങ്ങൾ കൊണ്ട് കഥ പറയാൻ അദ്ദേഹം പുലർത്തിയ ഏകഗ്രതയും സൂക്ഷ്മതയും എടുത്തുപറയേണ്ടതായിരുന്നു.

1993- ൽ മാതൃഭൂമിയിൽ ന്യൂസ് ഫോട്ടോഗ്രാഫറായി ഞാൻ ജോലിയിൽ ചേർന്നു. രണ്ടായിരത്തിന്റെ തുടക്കത്തിൽ രഘു റായിയെ നേരിൽ കാണാനും അദ്ദേഹം ചിത്രങ്ങൾ പകർത്തുനന്നത് കാണാനും അവസരമുണ്ടായി. മാതൃഭൂമിയുടെ ആതിഥ്യത്തിൽ റായ് ചെയ്ത മൂന്നു നാൾ നീണ്ടപഠനശിബിരത്തിലും ഞാൻ പങ്കാളിയായി. ഓരോ ഘട്ടത്തിലും രഘു റായിൽ ഞാൻ കണ്ട സവിശേഷത, അദ്ദേഹത്തിന്റെ അപാരമായ എനർജിയായിരുന്നു. അടങ്ങാത്ത കൗതുകവും അന്വേഷണത്വരയുമായിരുന്നു. ക്യാമറ കയ്യിലില്ലാത്ത രഘു റായിയെ കാണുക അസാധ്യം. ജന്മനാ ആരും കലാകാരനായി ജനിക്കുന്നില്ല എന്നാണ് റായിയുടെ മതം. ഫോട്ടോഗ്രാഫി റായ്ക്ക് ഒരു ദൗത്യമായിരുന്നു.

നന്ദി രഘു റായ്;
താങ്കൾ നൽകിയ ആനന്ദാനുഭൂതികൾക്ക്.
നമ്മുടെ തലമുറയെ പ്രചോദിപ്പിച്ചതിന്.
വരുംതലമുറക്ക് വെളിച്ചമായി മാറുന്നതിന്.
ഉയർന്നുപറക്കാൻ ദൂരങ്ങൾ പരിധിയല്ലെന്ന് പറഞ്ഞുതന്നതിന്…

