എൺപതുകളുടെ പകുതി മുതൽ തൊണ്ണൂറുകളുടെ അവസാനം വരെ നീളുന്ന എന്റെ തലമുറയുടെ കോളേജ് കാലത്ത്, ദലിത് ബുദ്ധിജീവിനിരയിൽ ഉയർന്നുകേട്ട പ്രധാന പേരുകളിലൊന്ന് കെ.കെ. കൊച്ചിന്റേതായിരുന്നു, ടി.എച്ച്.പി. ചെന്താരശ്ശേരിക്കെല്ലാം ശേഷം. കെ.കെ.എസ്. ദാസ്, ഡോ.കെ.കെ. മന്മഥൻ അങ്ങനെ ചുരുക്കം ചില പേരുകളും അക്കാലത്ത് ഉയർന്നുകേട്ടിരുന്നു. ഇവരെല്ലാം സോഷ്യോ- പൊളിറ്റിക്കലായ ദലിത് അംബേദ്കറൈറ്റ് ചിന്ത ഏറിയും കുറഞ്ഞും മുമ്പോട്ട് വെച്ചവരാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഇവരുടെ രാഷ്ട്രീയ വീഷണത്തിൽ പിൽക്കാലത്ത് സംഭവിക്കുന്നുണ്ട് എങ്കിലും തൊണ്ണൂറുകളിൽ, ഞങ്ങളുടെയൊക്കെ കോളേജ് കാലത്ത്, ഇവർ കൃത്യമായി തന്നെ അംബേദ്കറൈറ്റ് രാഷ്ട്രീയം മുന്നോട്ടുവച്ചിരുന്നു, അത് ഞങ്ങളെ ഏറെ സ്വാധീനിച്ചിരുന്നു.
കേവലമൊരു വ്യക്തി എന്നതിനപ്പുറം സോഷ്യോ പൊളിറ്റിക്കലായ മനുഷ്യനെന്ന നിലയിലാണ് ‘ദലിതനി’ൽ കൊച്ച് തന്റെ ജീവിതകഥ പറയുന്നത്.
തീവ്ര ഇടതുപക്ഷചേരിയിലും അതുമായി ബന്ധപ്പെട്ട ചിന്തകളിലും വ്യാപരിച്ചിരുന്ന കെ.കെ. കൊച്ച് ഉൾപ്പെടുന്ന ഒരു നിരയുടെ മുൻകൈയിൽ, തൊണ്ണൂറുകൾക്കുശേഷം രണ്ടായിരത്തോട് അടുക്കുന്ന ഘട്ടത്തിൽ കൃത്യമായൊരു ദലിത് വ്യവഹാരം- മുഖ്യാധാരാ വ്യവഹാരത്തെ നേരിടാൻ പാകത്തിൽ, അല്ലെങ്കിൽ അതിനെ വിമർശിക്കുന്ന വിധത്തിൽ- സംസ്‌കാരികമായും രാഷ്ട്രീയമായും സാഹിത്യപരവുമൊക്കെയായി കേരളത്തിൽ രൂപം കൊള്ളുന്നുണ്ട്. അദ്ദേഹത്തിനുശേഷം സഹോദരനായ കെ.കെ. ബാബുരാജ്, സണ്ണി. എം കപിക്കാട് തുടങ്ങിയവരെപ്പോലുള്ള ചിന്തകരൊക്കെ, ഇദ്ദേഹത്താൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിലൊരു മൗലിക ചിന്തകനെന്ന നിലയ്ക്കാണ് കെ.കെ. കൊച്ചിനെ തോന്നിയിട്ടുള്ളത്.
കേരളത്തിന്റെ
വേറിട്ടൊരു ചിന്താപദ്ധതിയായിരുന്നു
കെ.കെ. കൊച്ച്

കലാപവും സംസ്‌കാരവും എന്ന അദ്ദേഹത്തിന്റെ ആദ്യ കാല പുസ്തകത്തിൽ ഇത്തരം എലമെന്റുകൾ കാണാം. അതിനുശേഷം ഒരുപാട് പുസ്തകങ്ങളിലൂടെ അദ്ദേഹം കേരളത്തിന്റെ ദലിത് വ്യവഹാരത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നതായി കാണാം. ദലിത് പാഠം, ഇടതുപക്ഷമില്ലാത്ത കാലം, കേരള ചരിത്രവും സമൂഹ രൂപീകരണവും, ദേശീയതയ്ക്ക് ഒരു ചരിത്രപാഠം, ബുദ്ധനിലേക്കുള്ള ദൂരം തുടങ്ങി നിരവധി പുസ്തകങ്ങൾ അദ്ദേഹമെഴുതി.
കേരളത്തിലെ മിക്കവാറും ദലിത് ഇടപെടലുകളുടെ ഏറ്റവും വലിയ കുറവ്, സമഗ്രവും ലക്ഷണയുക്തവുമായ ആത്മകഥ ഇല്ലായിരുന്നു എന്നതാണ്. ഒരുപാട് ഓർമക്കുറിപ്പുകളും ആത്മകഥാസ്വഭാവമുള്ള, സി.കെ. ജാനുവിന്റേതടക്കമുള്ള പുസ്തകങ്ങളും വന്നിട്ടുണ്ടെങ്കിലും, വളരെ സമഗ്രമായ പുസ്തകം ആദ്യമായി എഴുതുന്നത് കൊച്ചാണ്, ദലിതൻ എന്ന തന്റെ ആത്മകഥയിലൂടെ. തന്റെ വ്യക്തിരൂപീകരണത്തിനപ്പുറം, ഒരു സമൂഹത്തിന്റെ മാറ്റത്തെ ചിത്രീകരിക്കുന്ന തരത്തിൽ, അതിന്റെ പരിണാമങ്ങളെ പല ഘട്ടങ്ങളിലൂടെ ചിത്രീകരിക്കുന്ന വർക്കായിരുന്നു ദലിതൻ. കേവലമൊരു വ്യക്തി എന്നതിനപ്പുറം സോഷ്യോ പൊളിറ്റിക്കലായ മനുഷ്യനെന്ന നിലയിലാണ് ‘ദലിതനി’ൽ കൊച്ച് തന്റെ ജീവിതകഥ പറയുന്നത്.

അദ്ദേഹത്തിനുശേഷം വന്ന തലമുറയിൽപ്പെട്ട എഴുത്തുകാരൻ എന്ന നിലക്ക് എന്നെ വളരെയധികം സ്വാധീനിച്ചിട്ടുള്ള വ്യക്തിത്വമായിരുന്നു കൊച്ചിന്റേത്. അദ്ദേഹത്തെ സർഗാത്മക ബുദ്ധിജീവി എന്ന നിലയ്ക്കുകൂടി എനിക്ക് തോന്നിയിട്ടുണ്ട്. രാഷ്ട്രീയത്തിനും ചരിത്രത്തിനും അപ്പുറത്തേക്ക്, സാഹിത്യത്തിലായിരുന്നു അദ്ദേഹം കൈവെച്ചിരുന്നതെങ്കിൽ ഗംഭീരമാകുമായിരുന്നു. നിലവിലെ അദ്ദേഹത്തിന്റെ വർക്കുകളെ കുറച്ചുകാണുകയല്ല, പക്ഷെ ഫിക്ഷനോട് കുറച്ചുകൂടി താൽപര്യമുള്ള എന്നെപ്പോലൊരാൾക്ക് അദ്ദേഹത്തെ മറ്റൊരു രീതിയിൽ കാണാൻ ആഗ്രഹമുണ്ട്. നോവലും കഥയും കവിതയുമൊക്കെ എഴുതിയിരുന്നെങ്കിൽ അദ്ദേഹം വേറൊരു തലത്തിലേക്ക് ഉയരുമായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. നമ്മൾ എന്തുചെയ്താലും അത് സർഗാത്മകമായിരിക്കണമെന്ന് അദ്ദേഹം ആവർത്തിച്ചുപറയുന്നത് പലതവണ കേട്ടിട്ടുണ്ട്. അതൊരു പ്രത്യേക നിരീക്ഷണമായിട്ടാണ് ഞാൻ കാണുന്നത്.
ഒരു ഇടതുപക്ഷ ഭാവനക്കകത്ത് നിന്നാണ് അദ്ദേഹത്തിന്റെ തുടക്കമെങ്കിലും, ജനാധിപത്യപരമായി ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുന്നുവെങ്കിലും അദ്ദേഹം ഒരിക്കലും വർഗവിശകലനത്തിന്റെ മാത്രം വക്താവായി തോന്നിയിട്ടില്ല
ഒരു ഇടതുപക്ഷ ഭാവനക്കകത്ത് നിന്നാണ് അദ്ദേഹത്തിന്റെ തുടക്കമെങ്കിലും, ജനാധിപത്യപരമായി ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുന്നുവെങ്കിലും അദ്ദേഹം ഒരിക്കലും വർഗവിശകലനത്തിന്റെ മാത്രം വക്താവായി തോന്നിയിട്ടില്ല. മറിച്ച്, ഇടത് ആശയങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളുന്ന, അതിന്റെ പരിമിതകളെ മനസിലാക്കി അംബേദ്ക്കറൈറ്റ് ചിന്തകളെ സ്വാംശീകരിക്കുകയും, അതിലൂടെ കാലാനുസൃതമായി കേരളത്തിന്റെ സാമാന്യമായ പല ഭാവനകളെയും അട്ടിമറിക്കാൻ പര്യാപ്തവുമായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകൾ. ഇതെല്ലാം ചേർത്തുവെച്ച് കേരളീയമായ ഒരു രാഷ്ട്രീയ- സാംസ്‌കാരിക ബദൽ സാഹിത്യത്തിലും കലയിലും സംസ്‌കാരികരംഗത്തും സംഭാവന ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇതിനൊക്കെ അദ്ദേഹത്തെ ഏറ്റവും കൂടുതൽ സഹായിച്ചത് അംബേദ്ക്കറൈറ്റ് ചിന്തകളാണ്.

തൊണ്ണൂറുകളുടെ രണ്ടാംപകുതിയിലാണ് അംബേദ്കറേറ്റ് രാഷ്ട്രീയം അദ്ദേഹത്തെ കാര്യമായി സ്വാധീനിച്ചുതുടങ്ങിയതെന്ന് തോന്നുന്നു. സരസ്വതീവിജയത്തെ കുറിച്ച് അദ്ദേഹത്തിന് വ്യത്യസ്തമായ പാഠമൊക്കെ നിർമ്മിക്കാൻ കഴിയുന്നത് ഇക്കാലത്താണ്. പല സർവ്വകലാശാലകളിലും ഇപ്പോഴത് പഠിക്കാനുണ്ട്.അംബേദ്ക്കറൈറ്റ് ചിന്തയുടെ ഊർജ്ജത്തിലാണ് സ്വത്വാധിഷ്ഠിതമായ സൂക്ഷ്മരാഷ്ട്രീയത്തെയും ജാതി അടിസ്ഥാനമാക്കിയുള്ള സാമൂഹ്യഘടനയേയും വ്യക്തമായി അദ്ദേഹം മനസിലാക്കുന്നത്. അദ്ദേഹം മാത്രമല്ല, ആ കാലഘട്ടത്തിൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒട്ടനവധിയാളുകൾ ഈ രീതിയിൽ മാറിവന്നിരുന്നു. അത് കുറേക്കൂടി സാമൂഹ്യനീതിക്കും ജനാധിപത്യത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള മെത്തഡോളജി അവർ ഉൾക്കൊണ്ടതിന്റെ ഭാഗമായാണെന്ന് തോന്നുന്നു. അതിനുശേഷംവന്ന ഞങ്ങളെ പോലെയുള്ള തലമുറക്ക് അത് ഒരുപാട് പ്രയോജനമുണ്ടാക്കി, കുറച്ചുകൂടി തെളിച്ചവും വെളിച്ചവുമുണ്ടാകാൻ സഹായകമാകുകയും ചെയ്തു.
കെ.കെ. കൊച്ച് എഴുതിയ ട്രൂകോപ്പി ലേഖനങ്ങള്‍ വായിക്കാം