കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹിക- ബൗദ്ധിക മേഖലകളെ മൗലിക ചിന്തയാൽ സദാ നവീകരിച്ചുകൊണ്ടിരുന്ന ധിഷണാശാലി എന്ന നിലയ്ക്കായിരിക്കും കെ.കെ. കൊച്ച് ഓർമിക്കപ്പെടുക. കേരളീയ സാമൂഹിക- ചരിത്ര രൂപവത്കരണങ്ങളെ ദലിത് പക്ഷത്തുനിന്ന് യുക്തിഭദ്രമായി വിശദീകരിച്ച ചിന്താപദ്ധതി കൊച്ച് രൂപപ്പെടുത്തിയെടുത്തു. ഈയൊരു വിശകലനരീതിയുടെ എക്കാലത്തെയും മികച്ച ടെക്സ്റ്റുകളായിരുന്നു ‘കേരള ചരിത്രവും സമൂഹ രൂപീകരണവും’, ‘ദലിതൻ’ എന്നീ പുസ്തകങ്ങൾ. ഒരു വ്യക്തിയുടെ ആത്മകഥയിൽനിന്ന് ‘ദലിതൻ’ ഈയൊരു ചിന്താപദ്ധതിയുടെ ചരിത്രപാഠം കൂടിയായി വികസിക്കുന്നു.
ഇത്തരമൊരു ബൗദ്ധികജീവിതത്തിനൊപ്പം, ദലിത്പക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയും കേരളത്തിലെ അതിന്റെ വികാസപരിണാമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ആക്റ്റിവിസവും കൊച്ചിന്റെ ജീവിതത്തിൽ അലിഞ്ഞുചേർന്നിരുന്നു. അംബേദ്ക്കറൈറ്റ് ചിന്തയ്ക്ക് പ്രസക്തിയേറുന്ന സമകാലത്ത്, ഇടതുപക്ഷത്തുനിന്നുതന്നെ, അതിന്റെ പുതുകാല സാധ്യതകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ തീവ്ര ഇടതുപക്ഷത്തായിരിക്കുമ്പോഴും പിന്നീട് ഇടതുപക്ഷത്തോട് അനുഭാവം പുലർത്തുമ്പോഴും ദലിത്പക്ഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള വിമർശനങ്ങൾ അദ്ദേഹം ഉന്നയിച്ചുകൊണ്ടിരുന്നു. മുഖ്യധാരയുടെ രക്ഷാകർതൃത്വത്തിനെതിരായ കലഹം മാത്രമല്ല, അതിനെ അസ്വസ്ഥമാക്കുന്ന ചോദ്യങ്ങൾ അത്യന്തം ജനാധിപത്യപരമായി അദ്ദേഹം നിരന്തരം ഉന്നയിച്ചുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ അവയെ അവഗണിക്കാനും കഴിയുമായിരുന്നില്ല.

1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം. അടിയന്തരാവസ്ഥക്കാലത്ത് ആറുമാസം ഒളിവിൽ കഴിഞ്ഞു. കമ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയൻ, മനുഷ്യാവകാശ സമിതി എന്നിവയ്ക്ക് നേതൃത്വം നൽകി. 1986-ൽ സീഡിയൻ സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗവും സീഡിയൻ വാരിക പത്രാധിപരുമായിരുന്നു.
1971-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ സാഹിത്യമത്സരത്തിൽ നാടകരചനയ്ക്ക് രണ്ടാം സ്ഥാനം നേടി. എറണാകുളം മഹാരാജാസ് കോളേജില്‍ ഉപരിപഠനത്തിന് ചേര്‍ന്നെങ്കിലും, രാഷ്ട്രീയ പ്രവര്‍ത്തനം മൂലം പഠനം പൂര്‍ത്തിയാക്കാനായില്ല. 1977-ൽ കെ.എസ്.ആർ.ടി.സിയിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച് 2001-ൽ സീനിയർ അസിസ്റ്റന്റായാണ് വിരമിച്ചത്.
Read: ദലിതർ അദൃശ്യരാക്കപ്പെട്ട ചരിത്രം
സമഗ്ര സംഭാവനയ്ക്ക് 2021-ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. 'ദലിതൻ' എന്ന ആത്മകഥ ഏറെ ചർച്ച ചെയ്യപ്പെട്ടു. അംബേദ്കർ: ജീവിതവും ദൗത്യവും (എഡിറ്റർ), ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, വായനയുടെ ദലിത് പാഠം, കലാപവും സംസ്‌കാരവും, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ. സാഹിത്യത്തിലും കെ.കെ. കൊച്ചിന്റെ സംഭാവനകള്‍ വേറിട്ടതും മൗലികവുമായിരുന്നു. അവസാന കാലം വരെ, ഫേസ്ബുക്കിലൂടെയും മറ്റും അദ്ദേഹം സജീവമായി തന്റെ ചിന്താലോകത്ത് തുടർന്നു.
കേരളത്തിന്റെ സമ്പദ്ഘടന പരിവർത്തനവിധേയമാവുകയാണെന്നും, അതിന്നടിസ്ഥാനമായിരിക്കുന്നത് വ്യാവസായിക മൂലധനമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഈ മൂലധനപങ്കാളിത്തത്തിലൂടെ തൊഴിലിനുവേണ്ടിയല്ല; മറിച്ച് സ്വത്തുടമസ്ഥതയ്ക്കുവേണ്ടിയാണ് ദലിത് ബുദ്ധിജീവികളും സംഘടനകളും വാദിക്കണമെന്ന വാദവും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു.
കേരളത്തിന്റെ സാമൂഹിക- സാമ്പത്തിക- സാമുദായിക പരിവർത്തനങ്ങളെക്കുറിച്ചുള്ള കൊച്ചിന്റെ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു. കേരളത്തിന്റെ സമ്പദ്ഘടന പരിവർത്തനവിധേയമാവുകയാണെന്നും, അതിന്നടിസ്ഥാനമായിരിക്കുന്നത് വ്യാവസായിക മൂലധനമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഈ മൂലധനപങ്കാളിത്തത്തിലൂടെ തൊഴിലിനുവേണ്ടിയല്ല; മറിച്ച് സ്വത്തുടമസ്ഥതയ്ക്കുവേണ്ടിയാണ് ദലിത് ബുദ്ധിജീവികളും സംഘടനകളും വാദിക്കണമെന്ന വാദവും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു.
2021 മാർച്ച് 20, 21 തീയതികളിൽ തൃശൂരിൽ വെച്ച് ഭീംയാന കളക്ടീവും നീലം കൾച്ചറൽസെന്ററും സംഘടിപ്പിച്ച Redefining Kerala Model എന്ന സംവാദ സദസിൽ കേരളത്തിന്റെ സാമ്പത്തിക വികസനത്തിന്റെ മൂന്നുഘട്ടങ്ങൾ കെ.കെ. കൊച്ച് ചൂട്ടിക്കാട്ടി: ‘‘ഭൂപരിഷ്‌കരണം, ഗൾഫ് പണത്തിന്റെ സ്വാധീനം, ഒരു വൈജ്ഞാനിക സമ്പദ്ഘടനയുടെ ആവിർഭാവം എന്നിവയായിരുന്നു അവ. ഈ മൂന്നുഘട്ടങ്ങളും കേവലം സാമ്പത്തികമാറ്റങ്ങളെന്ന നിലയിലല്ല, മറിച്ച് സാമ്പത്തിക- സാമൂഹിക- സാമുദായിക പരിവർത്തനങ്ങളെന്ന നിലയിലാണ് രൂപംകൊണ്ടത്’’.

‘‘1950-കളിൽ ഭൂപരിഷ്‌കരണം അനിവാര്യമായിത്തീർന്നത്, നവോത്ഥാനത്തിന്റെ സംഭാവനകളിലൊന്നായ പാരമ്പര്യ തൊഴിലുകളുടെ നിഷേധത്തിലൂടെയായിരുന്നു. നാളിതുവരെ, തൊഴിലുകൾ വിവിധ സമുദായങ്ങളിൽ നിലനിന്നത് കുലത്തൊഴിലുകളായാണ്. ഇത്തരം കുലത്തൊഴിലുകൾ ഉപേക്ഷിച്ച് പരിഷ്‌കൃതമായ തൊഴിലുകൾ സ്വീകരിക്കണമെന്നത് ഒട്ടെല്ലാ സമുദായങ്ങളും തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 1942-ൽ ഇ.എം.എസ്. നടത്തിയ ഓങ്ങല്ലൂർ പ്രസംഗത്തിൽ നമ്പൂതിരിമാർ ജന്മിത്തം ഉപേക്ഷിച്ച് വൻകിട കൃഷിയും വ്യവസായവും ആരംഭിക്കണമെന്നാവശ്യപ്പെട്ടത്. എസ്.എൻ.ഡി.പി. യോഗത്തിന്റെ പരിപാടിയിൽ, ഈഴവർ കൃഷി, വ്യവസായം, വിദ്യാഭ്യാസം എന്നിവയിലൂടെ വികസിക്കണമെന്നാണാവശ്യപ്പെട്ടത്. പൊയ്കയിൽ അപ്പച്ചൻ, ദലിതരുടെ ജാതിത്തൊഴിലുകളെ കുടിൽ വ്യവസായങ്ങളാക്കണമെന്നാണ് വാദിച്ചത്. ചുരുക്കത്തിൽ വിവിധ സമുദായങ്ങളുടെ തൊഴിൽ പരിഷ്‌കരണം എന്നയാവശ്യത്തിലൂടെ സമൂഹമൊട്ടാകെ ജാതിബദ്ധമായ തൊഴിൽബന്ധങ്ങളെ മറികടക്കാനാണ് ശ്രമിച്ചത്’’.
Read: ഗാന്ധി മുതൽ പെരിയാർ വരെ:
വൈക്കം സത്യഗ്രഹത്തിലെ നുണയും നേരും
ഭൂപരിഷ്കരണത്തിന്റെ മറ്റൊരു പ്രത്യാഘാതത്തെ അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: ‘‘ഭൂവുടമസഥതയെ സാർവത്രികമാക്കുകയായിരുന്നില്ല; മറിച്ച് സാമ്പ്രദായിക ഭൂവ്യവസ്ഥയെ ജാതികൾക്കും സമുദായങ്ങൾക്കും അനുകൂലമായി പരിഷ്‌കരിക്കുകയായിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് തലമുറകളായി നിലനിന്ന പാട്ടക്കാർ, വാരക്കാർ എന്നിവർക്ക് ഭൂവുടമസ്ഥത ലഭ്യമാക്കിയത്. ഈ ശ്രേണിയിൽ ഉൾപ്പെടാതിരുന്നതിനാലാണ് ദലിതർക്ക് ഭൂവുടമസ്ഥത നിഷേധിക്കപ്പെട്ട് കുടികിടപ്പവകാശമായി 10, 5, 3 സെന്റുകളും വാസസ്ഥാനം മാത്രമായി കോളനികളും നൽകിയത്. ഫലമോ, നാളതുവരെ അടിമകളായിരുന്ന ദലിതർ കർഷകത്തൊഴിലാളികളായി മാറുകയായിരുന്നു. ഈയവസ്ഥയെ മറികടക്കാനുതകുന്ന ഭൂവുടമസ്ഥത മുന്നോട്ടുവെക്കാൻ പാർട്ടിക്കോ അതിനുവേണ്ടി വാദിക്കാൻ പാർട്ടിയിലെ ദലിത് നേതൃത്വത്തിനോ കഴിഞ്ഞില്ല’’.
മാർക്‌സിനും ഏംഗൽസിനും പരിസ്ഥിതിയെ സംബന്ധിച്ച ചില സാമാന്യാനുഭവങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിഞ്ഞെങ്കിലും; ആയതിനെ സോഷ്യലിസ്റ്റ് സമ്പദ്ഘടനയുടെ നിർമിതിയിൽ ഉൾക്കൊള്ളിക്കാനും വികസിപ്പിക്കാനും കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കഴിഞ്ഞില്ല എന്ന വിമർശനവും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു
വിവാദമായ കെ- റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട നടന്ന ചർച്ചകളിൽ കെ.കെ. കൊച്ച് തീർത്തും വ്യത്യസ്തമായ കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്: ‘‘കെ റെയിൽ പദ്ധതി വ്യാവസായിക മൂലധനോത്പന്നമെന്ന നിലയിൽ; ആസൂത്രണം, ശാസ്ത്ര- സാങ്കേതിക ജ്ഞാനം, വിദേശിയും സ്വദേശിയുമായ മൂലധനം, വിദഗ്ധ- അവിദഗ്ധ തൊഴിലുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ്’’ എന്ന് അദ്ദേഹം പറഞ്ഞു: ‘‘കെ റെയിൽ പദ്ധതിക്ക് സ്വരൂപിക്കുന്ന ധനം വിനിയോഗിക്കപ്പെടുന്നത്, സമ്പത്തിന്റെ വിതരണം (കോൺട്രാക്റ്റുകൾ മുതലായവ), വിപണിയിലേയ്ക്കുള്ള ഒഴുക്ക്, വിദഗ്ധ- അവിദഗ്ധ തൊഴിലുകളുടെ വിന്യാസം എന്നിവയിലൂടെയാണ്. വിവിധ മേഖലകളിലുള്ള ഈ മൂലധനത്തിലെ പങ്കാളിത്തം ദലിതരും ആദിവാസികളും സ്ത്രീകളുമടങ്ങുന്ന പാർശ്വവത്കൃതർക്ക് നിർണയിക്കാൻ കഴിയണം. ഇപ്രകാരമുള്ള അവകാശങ്ങളെ സാമൂഹ്യവത്കരിക്കാനും സർക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാനും വികസന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ജനാധിപത്യ പ്രസ്ഥാനത്തിന് കഴിയണം. ഇതിന് വിസമ്മതിക്കുകയാണെങ്കിൽ ഈ പറഞ്ഞ സാമൂഹ്യവിഭാഗങ്ങൾക്ക് വിശാലമായൊരു ജനാധിപത്യപ്രസ്ഥാനം കെട്ടിപ്പടുക്കാൻ കഴിയണം’’- ട്രൂകോപ്പി വെബ്സീനിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

മാർക്‌സിനും ഏംഗൽസിനും പരിസ്ഥിതിയെ സംബന്ധിച്ച ചില സാമാന്യാനുഭവങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിഞ്ഞെങ്കിലും; ആയതിനെ സോഷ്യലിസ്റ്റ് സമ്പദ്ഘടനയുടെ നിർമിതിയിൽ ഉൾക്കൊള്ളിക്കാനും വികസിപ്പിക്കാനും കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കഴിഞ്ഞില്ല എന്ന വിമർശനവും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു: ‘‘ഇത്തരമൊരു സാഹചര്യത്തിൽ സി.പി.എമ്മിനെപ്പോലുള്ള പ്രസ്ഥാനങ്ങളുടെ സാരോപദേശങ്ങളല്ല, രാഷ്ട്രങ്ങൾ അംഗീകരിച്ച വികസനത്തിന്റെ ഭാഗമായുള്ള പരിസ്ഥിതിനയങ്ങളും രാഷ്ട്രങ്ങൾ തമ്മിലുള്ള ഉടമ്പടികളുമാണ് ശക്തിപ്പെടുത്തേണ്ടത്’’.
Read: എന്തുകൊണ്ട് ഞാൻ കോൺഗ്രസിനെ എതിർക്കുന്നു?
ഇടതുപക്ഷത്തോട് അനുഭാവം പുലർത്തുമ്പോഴും വിമർശനാത്മക നിലപാട് അദ്ദേഹം തുറന്നുപ്രകടിപ്പിച്ചിരുന്നു: ‘‘ഭരണത്തിലെത്തുന്ന മുന്നണിക്ക് രാഷ്ട്രീയ നിലപാടുകൾ പുനർനിർവചിക്കാൻ കഴിഞ്ഞില്ലെങ്കിൽ, അനിവാര്യമായ തകർച്ചയായിരിക്കും അഭിമുഖീകരിക്കേണ്ടി വരുന്നത്. ഇതിനാധാരമായി ചൂണ്ടിക്കാട്ടാനുള്ളത്, പരിഷ്‌കൃതമായ തൊഴിലുകളും തുല്യതയും സ്വത്തവകാശവും ഉറപ്പുവരുത്തുന്ന രാഷ്ട്രീയത്തിനു വേണ്ടി നടത്തുന്ന സംവാദങ്ങളും വിവാദങ്ങളുമാണ്’’- 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രൂകോപ്പി തിങ്കിൽ എഴുതിയ ‘രാഷ്ട്രീയ അസ്ഥിരതയും തുടർഭരണവും’ എന്ന ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തിൽ, സാമ്പത്തിക വികസനം, സാമൂഹിക പ്രാതിനിധ്യം, വികസനത്തിലെ പങ്കാളിത്തം, മൂലധനത്തിന്റെ വിനിയോഗം തുടങ്ങിയ വിഷയങ്ങളിൽ പാർശ്വവൽകൃതരുടെ പക്ഷത്തുനിന്നുള്ള ആലോചനകളാണ് ഏറ്റവും പുതിയ കാലത്തും അദ്ദേഹം മുന്നോട്ടുവച്ചത്. ഇത്, കേരളത്തിലെ ദലിത് രാഷ്ട്രീയ ഇടപെടലുകളുടെ ദിശ നിർണയിക്കാൻ തക്ക ശക്തമായിരുന്നുവെന്നുമാത്രല്ല, ദലിത് ചിന്തയുടെ ഏറ്റവും പുതിയ തലമുറയുടെ വരെ വലിയ സ്വാധീനശക്തികളിൽ ഒരാളാകാനും കെ.കെ. കൊച്ചിന് കഴിഞ്ഞു.