വർഷങ്ങൾക്കു മുൻപാണ്, അള്ളാ രാഖയുടെ തബലയും പല്ലാവൂർ അപ്പു മാരാരുടെ ഇടയ്ക്കയും മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ ചെണ്ടയുമായി ജുഗൽബന്ദി നടന്നു. മട്ടന്നൂരാണ് ചെറുപ്പം. തബലയെ പിന്തുടരാൻ ഇടയ്ക്കയ്ക്കും ചെണ്ടയ്ക്കും ഒട്ടും വിഷമമുണ്ടായില്ല.
അള്ളാ രാഖയുടെ മകൻ സാക്കിർ ഹുസൈൻ പിന്നീടൊരിക്കൽ, മുംബൈയിൽ കേളി എന്ന സംസ്കാരിക സംഘടന പല്ലാവൂർ അപ്പു മാരാരുടെ തായമ്പക ഒരുക്കിയ വേളയിൽ, അത് മുമ്പിലിരുന്നു കേൾക്കുന്നു. തായമ്പക കഴിഞ്ഞതും അത്ഭുതാദരവിസ്മയങ്ങളോടെ സാക്കിർ ഹുസൈൻ വേദിയിലെത്തി പല്ലാവൂരിനെ വന്ദിക്കുന്നു, ആശ്ശേഷിക്കുന്നു. കേളി രാമചന്ദ്രൻ ഇതിന് സാക്ഷിയാണ്.
സാക്കിർ ഹുസൈന്റെ വരവ് തായമ്പക കൊട്ടിക്കൊണ്ടിരിക്കുന്ന പല്ലാവൂരിന് ഊർജമായി. അന്ന് സങ്കീർണവും ലാവണ്യത്മകവുമായ വഴികളിലൂടെ പല്ലാവൂർ സഞ്ചരിച്ചു. വൈവിധ്യാത്മകമായ സ്വച്ഛസഞ്ചാരങ്ങൾ ഇഷ്ടപ്പെടുന്ന സാക്കിർ ഹുസൈൻ തായമ്പകയ്ക്കു മുന്നിൽ താളം പിടിച്ചിരിക്കുകയാണ്. തകിൽ, മൃദംഗം അടക്കമുള്ള വാദ്യങ്ങളുടെ ചൊല്ലുകൾ ചെണ്ടയിൽ ആവിഷ്കരിക്കുന്നതിൽ കൃതഹസ്തനായിരുന്ന പല്ലാവൂരിനാകട്ടെ സഹൃദയനും പ്രതിഭാശാലിയുമായ ഒരു കാണി മുന്നിലിരിക്കുമ്പോൾ ജതികൾ വായിക്കാൻ ഉത്സാഹം. ഈ അരങ്ങിനെക്കുറിച്ച് പല്ലാവൂർ ഒരു സ്വകാര്യ വർത്തമാനത്തിൽ പറയുകയുണ്ടായി. ആ തബല പല്ലാവൂർ കേട്ടിട്ടുണ്ട്. കണക്കുകളിലും വ്യത്യസ്ത ആവിഷ്കാരങ്ങളിലും സാക്കിർ ഹുസൈനുള്ള ആധിപത്യവും പുതുമ തേടലുമാണ് പല്ലാവൂരിന്റെ പഥ്യത്തിനു കാരണം.
‘‘അയാൾ വന്നപ്പോ എനിക്ക് ഉത്സാഹം കൂടി. അയാളുടെ അച്ഛന്റെ കൂടെ ഞാൻ വായ്ച്ച്ട്ട്ണ്ട്. കറക്റ്റ് കറക്റ്റായി താളം പിടിക്കും. നമ്മടെ വാദ്യങ്ങളോട് ബഹുമാനാണ്ന്ന് കെട്ടിരിക്കണത്, കണ്ടാലറിയാം. തായമ്പക കഴിഞ്ഞതും നേരിട്ട് വന്ന് നന്നായി പറഞ്ഞു. നമ്മടെ പോലെയല്ല, മറ്റുള്ളോരടെ കലയെ കണ്ടൂന്ന് നടിയ്ക്കാനും നന്ന് എന്ന് പറയാനും അവർക്ക് മടിയില്ല. അവരൊക്കെ സദസ്സില് ഇരിക്കുമ്പോ നമ്മളറിയാതെ എണ്ണങ്ങള് വരും, നമ്മള് കൊട്ത്തത് അവരങ്ങനെ വാങ്ങണത് കാണുമ്പോ. മഹാനാണ് ആള്’’- ഇതായിരുന്നു സാക്കിർ ഹുസൈൻ കാഴ്ചക്കാരനും കേൾവിക്കാരനുമായ അരങ്ങിനെ കുറിച്ചുള്ള അപ്പു മാരാരുടെ വിലയിരുത്തൽ.
ചെണ്ടയോട്, അതിലെ വിസ്തൃതവും അനന്തവൈചിത്ര്യമാർന്നതുമായ കൊട്ടുകണക്കുകളുള്ള തായമ്പകയോട്, സാക്കിർ ഹുസൈനുള്ള ആദരവായിരുന്നു ഈ പല്ലാവൂർ വന്ദനം. സാക്കിർ ഹുസൈൻ തബലയിൽ പ്രയോഗിക്കുന്ന, തികച്ചും ആത്മനിഷ്ഠമായ ചില പൊടിക്കൈകൾ അപ്പു മാരാർ ചെണ്ടയിലും പ്രയോഗിക്കാറുണ്ട്. ഇടയ്ക്കയിലും അത് പതിവുണ്ട്. ഇവരുടെ ആവിഷ്‌കാര പദ്ധതികളിൽ അവരറിയാത്ത ഏതോ സാദൃശ്യമുണ്ട്. പല്ലാവൂരിന്റെ ഇടയ്ക്ക സാക്കിർ ഹുസൈൻ തോളിലിട്ടു കൊട്ടിയാൽ, ഉസ്താദിന്റെ തബല അപ്പു മാരാർ വായിച്ചാൽ, ഒരേ അനുഭവമായിരിക്കും.
ചെണ്ടയിലും ഇടയ്ക്കയിലും ആധുനികത കൊണ്ടുവന്നത് പല്ലാവൂരാണ്. സാക്കിർ ഹുസൈന്റെ തബലയിലെ വാദനസൂക്ഷ്മസുഷമകളെ ഓർമിപ്പിക്കുന്നു, സ്വരസ്ഥാനാധിഷ്ഠിതമായി ചെണ്ടയിൽ പല്ലാവൂർ തീർക്കുന്ന മനോധർമ പ്രകാശനങ്ങൾ. അത് സാക്കിർ ഹുസൈന് ബോധിച്ചു. കലാകാരർ പരസ്പരം കലാപകാരികളാവുകയല്ല വേണ്ടത്, കലാത്മകമായി വിനിമയം ചെയ്ത് ബന്ധുക്കളാവുകയാണ് വേണ്ടത് എന്നതിന്റെ ദൃശ്യാലേഖനം കൂടിയായിരുന്നു ഈ സമാഗമം.
പൊതുവെ, അപരരെ വിലമതിയ്ക്കാൻ പിശുക്കു കാണിച്ചിരുന്ന അപ്പു മാരാർക്ക് സാക്കിർ ഹുസൈനെ ബോധിച്ചു. ഉപാധികളില്ലാത്ത കർക്കശത തന്റെ കലാസൗന്ദര്യദർശനങ്ങളിൽ പുലർത്തിപ്പോരുന്ന പല്ലാവൂർ ഒരുപക്ഷെ, ആ അരങ്ങിൽ സാക്കിർ ഹുസൈൻ എന്ന തബല വാദകനുവേണ്ടി മാത്രമായിരുന്നിരിക്കണം തന്റെ തായമ്പകയെ ഇത്രമേൽ വിപുലപ്പെടുത്തിയത്.
രണ്ടു വാദ്യങ്ങളിൽ രണ്ടു പ്രകാരത്തിലാണ് കൊട്ടുന്നതെങ്കിലും പ്രതിഭാസമ്പന്നത കൊണ്ട് അവർവേദിയും സദസ്സും തമ്മിലുള്ള അകലത്തിലായിരുന്നില്ല. തായമ്പക കലാശിച്ചതും അകലം കുറഞ്ഞ് അവർ ഒന്നാവുകയായിരുന്നു. ഉജ്ജ്വലമുഹൂർത്തങ്ങൾക്കുപോലും മനസ്സിൽ ഇടം നൽകാത്ത അപ്പു മാരാരുടെ ജീവിതത്തിലെ മുന്തിയ സന്ദർഭമായി സാക്കിർ ഹുസൈന്റെ വന്ദനം ഇടം പിടിച്ചത് കേരളീയ വാദ്യചരിത്രത്തിലെയും ഇരുവരുടെ ജീവിതത്തിലെയും ധന്യനേരങ്ങളാകുന്നു. കേരളീയതയോട് സാക്കിർ ഹുസൈൻ പുലർത്തിയ കൂറിന്റെ സത്യസാക്ഷ്യം കൂടിയാവുന്നു കേരളത്തിന് പുറത്തുനടന്ന ഈ സമാഗമം. തലയെടുപ്പുള്ള ഒരു കലാകാരന്റെ ജീവീതസ്മരണകളിൽ തന്നോളം പോന്ന മറ്റൊരാൾ ഇടം പിടിക്കുക കൂടിയാണ്. സാക്കിർ ഹുസൈന്റെ ജീവിതത്തിൽ ഇടം പിടിയ്‌ക്കേണ്ട കലാവിനിമയവേള കൂടിയാകുന്നു ശബ്ദശക്തിയുള്ള വാദ്യത്തോടുള്ള- ചെണ്ടയോടുള്ള- ഈ കൂറിന്റെ സാദരപ്രണാമവേള.